Monday, October 1, 2012
ഈ ഒക്ടോബര്‍ രണ്ടിന് ഗാന്ധിജിയുടെ പ്രസക്തി എന്താണ്
സത്യഗ്രഹം എന്നാല്‍, സത്യത്തെ മുറുകെ പിടിച്ചുകൊണ്ടുള്ള പോരാട്ടമായിരുന്നു ഗാന്ധിജിക്കെങ്കില്‍ ഇന്നത്തെ ഗാന്ധിയന്മാര്‍ക്ക് സത്യം ത്യജിച്ചുകൊണ്ടുള്ള അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് മറയിടാനുള്ള ഖദര്‍ തുണിക്കഷണമാണത്. ഗാന്ധിയുടെ ധര്‍മ്മ സമര പ്രസ്ഥാനത്തെയാണ് ആധുനിക ഇന്ത്യയിലെ വ്യാജ ഗാന്ധിമാരും ഗാന്ധിയന്മാരും വ്യഭിചരിച്ച് പോക്കറ്റ് വീര്‍പ്പിക്കാനുള്ള കുറുക്കു വഴിയാക്കി മാറ്റിയത്. ആ വ്യാജഗാന്ധിമാര്‍ കരിമ്പൂച്ചകളുടെ സംരക്ഷണത്തില്‍ ശീതികരിച്ച പഞ്ചനക്ഷത്ര മാളികകളില്‍, ജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിച്ച് ഇന്ത്യയെയും ഇന്ത്യക്കാരനെയും വീണ്ടും പാശ്ചാത്യ ശക്തികള്‍ക്ക് അടിമകളാക്കാന്‍ ശ്രമിക്കുമ്പോള്‍ ഗാന്ധിജിയും ഇന്ത്യയുടെ മോചനത്തിന് ആ മനുഷ്യന്‍ സഹിച്ച ത്യാഗങ്ങളും ഓര്‍മ്മകളില്‍ കൈപ്പുനീരായി കിനിഞ്ഞിറങ്ങുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഈ കാലത്തിന് യോജിക്കാത്ത ഇന്ത്യക്കാരനാണ് എന്നാണ് നിങ്ങളുടെ തലക്കുറി.
"ഈ ഭൂമുഖത്ത് ഇതുപോലൊരു മനുഷ്യന്‍ രക്തമാംസാദികളോടെ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കാന്‍ വരും തലമുറ തയ്യാറായില്ലെന്നുവരും." രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെക്കുറിച്ച് വിശ്രുത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ നടത്തിയ ഈ നിരീക്ഷണം അക്ഷരം പ്രതി സാര്‍ത്ഥമാകുന്ന വര്‍ത്തമാനകാലത്തില്‍ ,ആതിരേ,ഒരിക്കല്‍ കൂടി ഒക്ടോബര്‍ രണ്ട്-ഗാന്ധി ജയന്തിയും രാജ്യാന്തര അഹിംസാ ദിനവും കടന്നു വരികയാണ്.
ഇന്നും, വിവേകത്തോടെ വിലയിരുത്തുന്നവര്‍ക്കെല്ലാം അത്ഭുത പ്രതിഭാസവും മഹത്വമേറെ നിറഞ്ഞ ജീവിത ഗാഥയുമാണ് മഹാത്മാഗാന്ധി. സത്യഗ്രഹം, നിസ്സഹകരണം, ആത്മത്യാഗം എന്നീ മൂന്ന് ആയുധങ്ങളോടെ ഭാരതീയരെ, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെ അണിനിരത്തി സ്വാതന്ത്ര്യം നേടിയെടുത്ത കറതീര്‍ന്ന ദേശസ്നേഹവും കളങ്കമറ്റ പൗരാവകാശ പ്രതിബദ്ധതയുമായിരുന്നു മഹാത്മാജി. അതുകൊണ്ടാണ് "ഗാന്ധിജി വെറുമൊരു മനുഷ്യനല്ല, ഒരു പ്രതിഭാസമാണ്. നന്മ ഇത്രയേറെ ഉണ്ടാകുന്നത് അപകടകരമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു എന്ന് ലോകാരാധ്യനായ നാടകകൃത്ത് ബര്‍ണാഡ് ഷാ മഹാത്മാഗാന്ധിയെ വിലയിരുത്തിയത്.
ആതിരേ,അര്‍ദ്ധനഗ്ന ഫക്കീര്‍ എന്നും കുഞ്ഞുകുരുവി എന്നുമൊക്കെ അല്‍പ്പം ബഹുമാനവും അതിലേറെ അവഹേളനവും തിരുകി അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ വിശേഷിപ്പിച്ച സാധാരണ മനുഷ്യന്‍ അസാധാരണമായ മനഃശക്തിയും അനന്യമായ നേതൃപാടവവും കൊണ്ട് 60 കോടി ജനങ്ങളെ നയിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ മുട്ടു കുത്തിച്ച ഗാന്ധിജി വര്‍ത്തമാനകാല ഇന്ത്യയില്‍ കേവലാര്‍ത്ഥത്തില്‍ തന്നെ ബിംബമാക്കപ്പെട്ടിരിക്കുകയാണ്.
ഏതെല്ലാം സാമൂഹിക-ഭരണ ഭീകരതകള്‍ക്കെതിരായാണോ ഗാന്ധിജി ഭാരതീയരെ നയിച്ചത്, ഏതെല്ലാം സാമുദായിക-ജാതീയ തിന്മകള്‍ക്ക് എതിരായാണോ ഗാന്ധിജി ഭാരതത്തിലെ ദുര്‍ബല-മര്‍ദ്ദിത വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ട് വന്നത് ആ ശാപങ്ങള്‍ എല്ലാം വര്‍ദ്ധിത വീര്യത്തോടെ ഇന്ത്യന്‍ ഭരണരംഗത്തും സാമൂഹിക രംഗത്തും മതസാമുദായിക രംഗത്തും പൈശാചികമായി പിടിമുറുക്കിയലറുന്ന അസ്വസ്ഥതാ ജനകമായ വര്‍ത്തമാനകാലത്ത് ഗാന്ധിജിയുടെ പ്രസക്തി ഏറുന്നു എന്ന് പറയുന്നത് രാഷ്ട്രീയക്കാരന്റെ കണ്ഠക്ഷോഭമല്ല, ആതിരേ. മറിച്ച് നീതിക്കും ന്യായത്തിനും നന്മയ്ക്കും ധര്‍മ്മത്തിനും വേണ്ടി കൊതിക്കുന്ന ഓരോ ഭാരതീയന്റെയും പ്രാര്‍ത്ഥനയാണ്. ഗാന്ധിജിയുടെ നാമം ധരിച്ച് ഇന്ത്യയെയും അതിന്റെ ഈടുവയ്പ്പുകളെയും സ്വയം ശീര്‍ഷത്വത്തെയും പാശ്ചാത്യ മൂലധന ശക്തികള്‍ക്കും സൈനിക ശക്തികള്‍ക്കും അടിയറ വയ്ക്കാന്‍ അടിവലി നടത്തുന്ന നെഹൃപരമ്പരയുടെ ഭരണത്തില്‍ അവകാശങ്ങളെല്ലാം കവര്‍ന്നെടുക്കപ്പെട്ട് കേവല മനുഷ്യനായി ജീവിക്കാനുള്ള സാഹചര്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ട് ആഗോളീകരണ കാലത്തെ സമ്പദ്ശക്തികളുടെ അടിമകളായി ഇന്ത്യക്കാരന്‍ നരകിക്കുമ്പോള്‍ ഗാന്ധിജിയെപ്പോലെയുള്ള ഒരു നേതൃത്വത്തിനുവേണ്ടി പ്രാര്‍ത്ഥനകള്‍ ഉയരുന്നത് സ്വാഭാവികം.
അറിയാമായിരിക്കാം; ജീവിക്കാന്‍ ഏറെ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടാണ് 'ബിലാത്തി'യില്‍ പോയി ബാരിസ്റ്റര്‍ അറ്റ് ലോ എന്ന ബിരുദം നേടാന്‍ മോഹന്‍ദാസ് കരം ചന്ദ് ഗാന്ധിക്ക് കഴിഞ്ഞത്. നിയമബിരുദം നേടി നാട്ടില്‍ തിരിച്ചെത്തി ബ്രിട്ടീഷുകാര്‍ക്കുവേണ്ടി നിയമങ്ങള്‍ വ്യാഖ്യാനിച്ച് പതിനായിരങ്ങള്‍ മകന്‍ സമ്പാദിക്കും എന്നായിരുന്നു മോഹന്‍ദാസ് കരം ചന്ദ് ഗാന്ധിയുടെ പിതാവ് സ്വപ്നം കണ്ടത്. പക്ഷേ, മോഹന്‍ദാസില്‍ കാലം ഏല്‍പ്പിച്ച ദൗത്യം മറ്റൊന്നായിരുന്നു. സ്വന്തം കുടുംബത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനമല്ല മറിച്ച്, ഇന്ത്യയിലെ കോടാനുകോടി ജനങ്ങളുടെ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക-സാമുദായിക സ്വാതന്ത്ര്യവും ഉയര്‍ച്ചയും പ്രയോഗത്തില്‍ കൊണ്ടുവരാനുള്ള മാര്‍ഗ്ഗവും ലക്ഷ്യവും ആയിരുന്നു ഗാന്ധിജി.
ആതിരേ,അതിനായി അദ്ദേഹം അവലംബിച്ച സമര മാര്‍ഗ്ഗങ്ങളാണ് ഇന്നും വേറിട്ടു നില്‍ക്കുന്നത്; ഇന്നും അപഹസിക്കപ്പെടുന്നതും. സത്യഗ്രഹം എന്നാല്‍, സത്യത്തെ മുറുകെ പിടിച്ചുകൊണ്ടുള്ള പോരാട്ടമായിരുന്നു ഗാന്ധിജിക്കെങ്കില്‍ ഇന്നത്തെ ഗാന്ധിയന്മാര്‍ക്ക് സത്യം ത്യജിച്ചുകൊണ്ടുള്ള അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് മറയിടാനുള്ള ഖദര്‍ തുണിക്കഷണമാണത്. ഗാന്ധിയുടെ ധര്‍മ്മ സമര പ്രസ്ഥാനത്തെയാണ് ആധുനിക ഇന്ത്യയിലെ വ്യാജ ഗാന്ധിമാരും ഗാന്ധിയന്മാരും വ്യഭിചരിച്ച് പോക്കറ്റ് വീര്‍പ്പിക്കാനുള്ള കുറുക്കു വഴിയാക്കി മാറ്റിയത്. ആ വ്യാജഗാന്ധിമാര്‍ കരിമ്പൂച്ചകളുടെ സംരക്ഷണത്തില്‍ ശീതികരിച്ച പഞ്ചനക്ഷത്ര മാളികകളില്‍, ജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിച്ച് ഇന്ത്യയെയും ഇന്ത്യക്കാരനെയും വീണ്ടും പാശ്ചാത്യ ശക്തികള്‍ക്ക് അടിമകളാക്കാന്‍ ശ്രമിക്കുമ്പോള്‍ ഗാന്ധിജിയും ഇന്ത്യയുടെ മോചനത്തിന് ആ മനുഷ്യന്‍ സഹിച്ച ത്യാഗങ്ങളും ഓര്‍മ്മകളില്‍ കൈപ്പുനീരായി കിനിഞ്ഞിറങ്ങുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഈ കാലത്തിന് യോജിക്കാത്ത ഇന്ത്യക്കാരനാണ് എന്നാണ് നിങ്ങളുടെ തലക്കുറി.
ശ്രദ്ധിക്കണം. ദ്രോഹം ചെയ്യുന്നവനോട് നന്മ ചെയ്താല്‍ അവന്‍ തിന്മയെപ്പറ്റി ബോധവാനാകും അതാണ് ഉന്നതമായ പ്രവര്‍ത്തി എന്നര്‍ത്ഥം വരുന്ന ഒരു ഗുജറാത്തി കവിതയില്‍ നിന്നും പിന്നീട് യേശുദേവന്റെ ഉപദേശങ്ങളില്‍ നിന്നുമാണ്, ആതിരേ, സത്യഗ്രഹം എന്ന ധര്‍മ്മ സമര പ്രസ്ഥാനം ഗാന്ധിജിയില്‍ ഉരുവം കൊണ്ടത്. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ സ്വാതന്ത്ര്യപ്പോരാട്ടത്തിന് നാമകരണം ചെയ്യാന്‍ പുതിയൊരു സംഞ്ജ കണ്ടെത്താന്‍ ഗാന്ധിജി തീരുമാനിച്ചു. എത്ര ശ്രമിച്ചിട്ടും അതിന് കഴിയാതെ വന്നപ്പോള്‍ ഗാന്ധിജിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ഇന്ത്യന്‍ ഒപ്പീനിയന്‍ എന്ന പത്രത്തില്‍ നല്ല പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് സമ്മാനം നല്‍കുമെന്ന് ഗാന്ധിജി പ്രഖ്യാപിച്ചു. അങ്ങനെ 'സദാ ഗ്രഹ' (സത്-സത്യം; ആഗ്രഹ-ഉറച്ചു നില്‍ക്കല്‍) എന്ന വാക്കിന് മഗന്‍ലാല്‍ ഗാന്ധി രൂപം നല്‍കി. ആ വാക്കില്‍ നിന്നാണ് സത്യഗ്രഹത്തിന്റെ നിഷ്പത്തി.
1906 സെപ്തംബര്‍ 11-നാണ് ഗാന്ധിജിയുടെ ആദ്യത്തെ സത്യഗ്രഹ സമരം ദക്ഷിണാഫ്രിക്കയില്‍ നടന്നത്. കഠിനമായ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിട്ടും തോറ്റുകൊടുക്കാന്‍ തയ്യാറാകാതെ അദ്ദേഹം സത്യഗ്രഹ സമരം തുടര്‍ന്നും നയിച്ചു. അന്തിമ വിജയം ഗാന്ധിജിക്കായിരുന്നു. പരാജയം സംഭവിച്ച അന്നത്തെ ഭരണാധികാരികള്‍ പറഞ്ഞത് ഇങ്ങനെയാണ്: "ഇതിനെക്കാള്‍ മൂര്‍ച്ചയുള്ള ഒരായുധവും ലോകം ഇന്നേവരെ കണ്ടുപിടിച്ചിട്ടില്ല. മിസ്റ്റര്‍ ഗാന്ധിയെക്കാള്‍ ധീരനായ ഒരു യുദ്ധസാരഥിയേയും ഞങ്ങള്‍ കണ്ടിട്ടില്ല." ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ ഹിംസയ്ക്കുമേല്‍ അഹിംസയുടെ വിജയത്തിലൂടെ ലോകത്തിന് പുതിയൊരു ധര്‍മ്മ സമരരീതി പരിചയപ്പെടുത്തിയ ഗാന്ധിജിയുടെ നാട്ടിലാണ് ആവര്‍ത്തിക്കട്ടെ വ്യാജ ഗാന്ധിമാര്‍ ഹിംസാത്മകമായ സാമ്പത്തിക നയങ്ങളും വഞ്ചന നിറഞ്ഞ ഭരണനടപടികളും കൊണ്ട് ഗാന്ധിജി മോചിതരാക്കിയ ഇന്ത്യക്കാരുടെ പിന്‍മുറക്കാരെ പാശ്ചാത്യ സാമ്പത്തിക ശക്തികള്‍ക്ക് അടിയറ വയ്ക്കാന്‍ വിടുപണി ചെയ്യുന്നത്.
ആതിരേ,ഇത്തരം ഒരു ദുരവസ്ഥയിലേക്ക് തന്റെ രാഷ്ട്രം നിപതിക്കുമെന്ന് ഭ്രമാത്മകമായ ചിന്തയിലെങ്കിലും ഗാന്ധിജിക്ക് തോന്നലുണ്ടായിരുന്നുവെങ്കില്‍, എനിക്കുറപ്പുണ്ട് അദ്ദേഹം ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിയെടുക്കില്ലായിരുന്നു . ഈ ഗാന്ധി ജയന്തി ദിനത്തിലും രാജ്യാന്തര അഹിംസാദിനത്തിലും പ്രസക്തമാകുന്ന വാസ്തവം അതാണ്; അതു മാത്രമാണ്. മരണാനന്തര ജീവിതം യാഥാര്‍ത്ഥ്യമാണെങ്കില്‍ ആതിരേ, ഗാന്ധിജി ആത്മനിന്ദകൊണ്ട് ഇപ്പോള്‍ ഉരുകുകയായിരിക്കും; വ്യാജ ഗാന്ധി-ഗാന്ധിയന്മാരെ മനസ്സുരുകി ശപിക്കുകയുമായിരിക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment