Friday, October 5, 2012
തോപ്പില്‍ രാമചന്ദ്രന്‍ പിള്ള:പെരുവിരല്‍ ഛേദിച്ചു വാങ്ങാതിരുന്ന ഗുരുപ്രസാദം
പ്രസ്ഥാനത്തിന്റെ പിളര്‍പ്പും വ്യതിയാനങ്ങളും അത്രയ്ക്കാണ് ആ മനസ്സിനെയുലച്ചത്.വിപ്ലവസ്വപ്നം പൊലിഞ്ഞ് ഹതാശയരായ ഒരു തലമുറയിലെ ശപ്താവശേഷിപ്പായിരുന്നു സാര്‍ അന്ന്.അതു കൊണ്ടാവാം തൃഷ്ണകളുടെ സഖിത്വമായി ആ ജന്മം മാറിയതെന്ന് ഞാന്‍ വിശ്വസിക്കുന്നു, ആതിരേ.പകരം വയ്ക്കാനൊന്നുമില്ലാത്ത ഒരു വിശ്വാസനഷ്ടത്തിന്റെ നീറ്റല്‍ അനുഭവിച്ചു തന്നെ അറിയേണ്ടതാണ്. .പത്രപ്രവര്‍ത്തന രംഗത്തും ചലചിത്രമേഖലയിലും ലഹരിയുടെ നുരകളിലും വേഴമ്പലിനെപ്പോലെയലഞ്ഞതും മറ്റൊന്നും കൊണ്ടല്ല.വ്യവസ്ഥാപിതമായ പല മൂല്യസങ്കല്‍പ്പങ്ങളേയും തൃണവല്‍ഗണിച്ചതും അതുമൂലമുള്ള ഹൃദയവ്യഥകളില്‍,നിരാസങ്ങളില്‍,സ്തോഭങ്ങളില്‍,തിരസ്കാരങ്ങളില്‍ സ്വയമുരുക്കിയതും ഒരു കാലം.ജീവിതത്തിന്റെ സന്ദിഗ്ദ്ധതകളില്‍,പരാജയങ്ങളില്‍,നിസാരവത്ക്കരണങ്ങളില്‍,പുറംതള്ളലുകളില്‍,കൃതഘ്നതകളില്‍,നിസ്വാവസ്ഥകളിലൊക്കെ അവയ്ക്ക് മുഖാമുഖം നിന്ന് ആത്മനിന്ദയനുഭവിച്ചത് മറ്റൊരു കാലം.
ആതിരേ,പത്രപ്രവര്‍ത്തന മേഖലയില്‍ ഏകലവ്യനായിത്തുടങ്ങിയ എന്നില്‍ ഗുരുപ്രസാദം ചൊരിഞ്ഞെന്റെ അക്ഷരങ്ങള്‍ക്ക് മൂര്‍ച്ചയേകിയ , നിലപാടുകള്‍ക്ക് നട്ടെല്ലുറപ്പ് നല്‍കിയ ഗുരുവര്യന്മാരുണ്ട്.പെരുവിരല്‍ ഛേദിച്ചു വാങ്ങാത്ത ദ്രോണാചാര്യന്മാര്‍.മാത്യൂ കദളിക്കാട്,തോപ്പില്‍ രാമചന്ദ്രന്‍ പിള്ള ,വി.കെ.ബി.നായര്‍,ജോയ് തിരുമൂലപുരം,കെ.എം.റോയ്,ഡോ.സെബാസ്റ്റ്യന്‍ പോള്‍.എന്റെമാത്രം ഗുരുകൃപകള്‍. ചൊവ്വാഴ്ച (4-10-2012) തോപ്പില്‍ രാമചന്ദ്രന്‍ പിള്ള സാര്‍ നോവിറ്റിക്കുന്ന ഓര്‍മ്മയായി, ആതിരേ!
വിപ്ലവാവേശവും കവിതയും തിളയ്ക്കുന്ന അക്ഷരങ്ങളിലൂടെയാണ്,ആതിരേ, സാറിനെ പരിചയപ്പെടുന്നത്.ആദ്യം പരിചിതമായത് സാറിലെ പത്രപ്രവര്‍ത്തകനെയാണ്.അടിയന്തിരാവസ്ഥക്കാലത്ത് കോട്ടയം സിഎംഎസ് കോളേജില്‍ ബിരുദവിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍.രാജന്റെ ദുരന്തം നിരോധിത ലഘുലേഖകളില്‍ നിന്നറിഞ്ഞ് ക്ഷോഭവും പകയും മനസ്സില്‍ ലാവയായെരിഞ്ഞ നാളുകള്‍.അടിച്ചേല്‍പ്പിച്ച അച്ചടക്കത്തിന്റെ ഉള്‍പ്പിരിവുകളില്‍ അതു തിളച്ചുമറിഞ്ഞൊടുങ്ങാതെ കിടന്നു;ഇന്നും കിടക്കുന്നു.രാജന്‍ പറഞ്ഞ കഥയെന്ന സിനിമകണ്ട് വിക്കേരിയസ് സാറ്റിസ്ഫാക്ഷനിലൂടെ രാജന്റെ കൊലയാളികളോട് പ്രതികാരം തീര്‍ക്കാന്‍ മാത്രമേ അന്നു കഴിഞ്ഞിരുന്നുള്ളൂ,ആതിരേ...
പിന്നാലെയാണ് രാജനെ പഞ്ചസാരയും പെട്രോളും ചേര്‍ത്ത് കത്തിച്ച് ചാരമാക്കി പുഴയിലൊഴുക്കുകയായിരുന്നു എന്ന ഞെട്ടിക്കുന്ന സത്യം തോപ്പില്‍ സാറില്‍ നിന്നറിഞ്ഞത്.'രാജന്‍:എന്തെന്തു മോഹങ്ങളായിരുന്നു;എത്രകിനാവുകളായിരുന്നു','മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച നാടകീയ തിരോധാനം' എന്നീ ശീര്‍ഷകങ്ങളിലെത്തിയ റിപ്പോര്‍ട്ടുകള്‍ അന്ന് എന്തൊരാവേശത്തോടെയായിരുന്നു സഹപാഠികളായിരുന്ന രാമദാസും,ഫിലിപ്പും ബേബിയും മാത്യൂ ജോസഫുംചന്ദ്രനും ഞാനുമൊക്കെ വായിച്ചത്.ഒരു തോക്ക് കിട്ടിയിരുന്നെങ്കില്‍ ജയറാം പടിക്കലിനേയും ലക്ഷ്മണയേയും പുലിക്കോടന്‍ നാരായണനേയും മധുസൂദനനേയും ഒറ്റവെടിക്ക് വകവരുത്താന്‍ കൊതിച്ച, അതിനായി ഒരുപാടൊരുപാട് ആശിക്കുകയും പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്ത അസ്വസ്ഥതാഭരിതമായ,സംത്രാസദിവസങ്ങള്‍..
രാജനിലൂടെയാണ് തോപ്പില്‍ രാമചന്ദ്രന്‍ പിള്ളയെന്ന പത്രപ്രവര്‍ത്തകനേയും പിന്നീട് നോവലിസ്റ്റിനേയും പരിചയപ്പെടുന്നത്.ഏകലവ്യനേപ്പോലെ അകലേ നിന്നുകൊണ്ടുള്ള ആരാധന.അക്ഷരങ്ങളിലൂടെയുള്ള ഉപാസന.അങ്ങനെ 'സര്‍പ്പങ്ങള്‍ മയങ്ങുന്ന താഴവര' 'ശംഖ്‌വീണുടയുന്നു' 'കാദംബരി"വേണാട്ട് സിംഹം"ചരിത്രപൗര്‍ണമി'എന്നീ നോവലുകള്‍ അവയുടെ പ്രമേയപരമായ പ്രത്യേകതകളാലല്ല അനുവാചകഹൃദയങ്ങളെ കൊരുത്തുവലിച്ചത്,മറിച്ച് അവതരണത്തിലെ കവിതയായിരുന്നു വേറിട്ടതും സവിശേഷവുമായതും .തൃഷ്ണകളുടെ വര്‍ണനങ്ങളിലെ പദങ്ങളുടെ മേളപ്പെരുക്കം മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയെയാണ് , ആതിരേ അനുസ്മരിപ്പിച്ചത്.
"ദേവൂ" അയാള്‍ മന്ത്രിച്ചു
"ന്തോ" അവളാ മാറിലേയ്ക്കുതിര്‍ന്നു .,
തോപ്പില്‍ രാമചന്ദ്രന്‍ പിള്ള സാറിന്റെ പ്രണയ -രതി വര്‍ണനകള്‍ ഓര്‍മ്മകളിലിന്നും പുതുമഞ്ഞിന്‍ കുളുര്‍ത്തൂവലാണ്...
കവിത തന്നെയായിരുന്നു സാറിന്റെ ഗദ്യം.ചിന്തകളിലേയ്ക്ക് ,ബോധത്തിലേയ്ക്ക്,അനുഭൂതികളിലേയ്ക്ക് പീയൂഷമായിറ്റുന്ന പദാവലികളും പ്രയോഗങ്ങളും.സ്തംഭിച്ചിരുന്നു പോയിട്ടുണ്ട് ആ അക്ഷരസംഘാതങ്ങള്‍ക്ക് മുന്നില്‍ ഒത്തിരിയൊത്തിരി വട്ടം."അഗ്നിവര്‍ണപ്പട്ടുസാരി" " ഉഷഃശുക്രതാരമുണരും മുന്‍പേ" തുടങ്ങിയുള്ള പ്രയോഗങ്ങള്‍ എത്രയോ വട്ടം കടംകൊണ്ടുപയോഗിച്ചിട്ടുണ്ട്.
അക്ഷരങ്ങളുടെ ഈ തലത്തില്‍ വച്ചാണ് ആതിരേ, സാറിലെ കമ്മ്യൂണിസ്റ്റിന്‍ പരിചയപ്പെടുന്നത്.കൊല്ലം എസ്‌എന്‍ ,എസ്ഡി, യൂണിവേഴ്സിറ്റി കോളേജുകളില്‍ പഠനം പൂര്‍ത്തിയാക്കി കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനയിലൂടെ സജീവ രാഷ്ട്രിയത്തിന്റെ ഭാഗമായതും,എസ്ഡി കോളേജ് യൂണിയന്‍ ചെയര്‍മാനായതും 1957ല്‍ കേരള യൂണിവേഴ്സിറ്റിയുടെ പ്രതിനിധി സംഘത്തിലംഗമായി അഖിലേന്ത്യാ പര്യടനം നടത്തിയതും പിന്നീട് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കായംകുളം താലൂക്ക് സെക്രട്ടറിയായതും നിരവധി തവണ ജയില്‍വാസമനുഭവിച്ചതുമെല്ലാം സാറന്ന് പങ്കുവച്ചത് നിസംഗനായി,നിര്‍മമനായാണ്.പ്രസ്ഥാനത്തിന്റെ പിളര്‍പ്പും വ്യതിയാനങ്ങളും അത്രയ്ക്കാണ് ആതിരേ ആ മനസ്സിനെയുലച്ചത്.വിപ്ലവസ്വപ്നം പൊലിഞ്ഞ് ഹതാശയരായ ഒരു തലമുറയിലെ ശപ്താവശേഷിപ്പായിരുന്നു സാര്‍ അന്ന്.
അതു കൊണ്ടാവാം തൃഷ്ണകളുടെ സഖിത്വമായി ആ ജന്മം മാറിയതെന്ന് ഞാന്‍ വിശ്വസിക്കുന്നു, ആതിരേ.പകരം വയ്ക്കാനൊന്നുമില്ലാത്ത ഒരു വിശ്വാസനഷ്ടത്തിന്റെ നീറ്റല്‍ അനുഭവിച്ചു തന്നെ അറിയേണ്ടതാണ്. .പത്രപ്രവര്‍ത്തന രംഗത്തും ചലചിത്രമേഖലയിലും ലഹരിയുടെ നുരകളിലും വേഴമ്പലിനെപ്പോലെയലഞ്ഞതും മറ്റൊന്നും കൊണ്ടല്ല.വ്യവസ്ഥാപിതമായ പല മൂല്യസങ്കല്‍പ്പങ്ങളേയും തൃണവല്‍ഗണിച്ചതും അതുമൂലമുള്ള ഹൃദയവ്യഥകളില്‍,നിരാസങ്ങളില്‍,സ്തോഭങ്ങളില്‍,തിരസ്കാരങ്ങളില്‍ സ്വയമുരുക്കിയതും ഒരു കാലം.ജീവിതത്തിന്റെ സന്ദിഗ്ദ്ധതകളില്‍,പരാജയങ്ങളില്‍,നിസാരവത്ക്കരണങ്ങളില്‍,പുറംതള്ളലുകളില്‍,കൃതഘ്നതകളില്‍,നിസ്വാവസ്ഥകളിലൊക്കെ അവയ്ക്ക് മുഖാമുഖം നിന്ന് ആത്മനിന്ദയനുഭവിച്ചത് മറ്റൊരു കാലം.
പിന്നെ എല്ലാ പ്രലോഭങ്ങങ്ങളെയുമൊതുക്കി മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ സ്വയം തടവുകാരനാക്കി കഴിഞ്ഞനാളുകള്‍.മുന്‍പ് 'അണിയാത്തവളകള്‍'എന്ന സിനിമയ്ക്ക് തിരക്കഥ രചിക്കുകയും 'രാധയെന്ന പേണ്‍കുട്ടി'എന്ന ബാലചന്ദ്രമേനോന്‍ ചിത്രത്തില്‍ വില്ലന്‍ വേഷമണിയുകയും ചെയ്ത കമ്മ്യൂണിസ്റ്റായിരുന്ന തോപ്പില്‍ രാമചന്ദ്രന്‍ പിള്ള സാര്‍ 'നിന്റെ രാജ്യം വരേണമേ' എന്ന ഡോക്യുമെന്ററി തിരക്കഥയെഴുതി സംവിധാനം ചെയ്ത് മനസ്താപത്തിന്റെ പ്രായശ്ചിത്തത്തിന്റെ പര്യായവുമായി.
പിന്നീടുള്ള ഇടവേളകളിലെ കണ്ടുമുട്ടലുകളില്‍ പ്രായത്തിന്റെ അവശതകള്‍ തീണ്ടാത്ത പ്രസരിപ്പായിരുന്നു , ആതിരേ,എനിക്ക് രാമചന്ദ്രന്‍ പിള്ള സാര്‍. വാക്കുകളില്‍ ഭാവങ്ങളില്‍ യുവത്വത്തിന്റെ 'ചുറ്റിക്കളികള്‍' അപ്പോഴുമവാഹിക്കുമായിരുന്നു .നാല് വര്‍ഷം മുന്‍പ്, ഞാന്‍ ചീഫ് എഡിറ്ററായിരുന്ന 'വാസ്തവം'പത്രത്തിന്റെ പ്രസിദ്ധീകരണത്തിന്റെ നൂറാം ദിവസം ആശിര്‍വദിക്കാനെത്തിയത് രാമചന്ദ്രന്‍ പിള്ള സാറായിരുന്നു.അക്കാര്യം ആവശ്യപ്പെട്ടപ്പോള്‍ ഒരു നിമിഷം ആലോചിക്കാതെ വരാമെന്ന് സമ്മതിക്കുകയായിരുന്നു.അന്ന് മകനും എന്റെ സുഹൃത്തും ചന്ദ്രികയുടെ സബ് എഡിറ്ററുമായ ജയറാം തോപ്പിലിന്റെ കര്‍ശന നിയന്ത്രണത്തിന്‍ കീഴില്‍ വിശ്രമ ജീവിതത്തിലായിരുന്നു സാര്‍.ജയറാമിനെ അറിയിക്കാതെയാണ് അന്നു പുറത്തിറങ്ങിയത്."ഒളിച്ചെത്തിയതാണ്.പെട്ടെന്നു പോണം" എന്നുപറഞ്ഞാണ് ഞങ്ങളെ അനുഗ്രഹിച്ചത്
നിയോഗമാകണം,മലയാളം വിക്കിപീഡിയയില്‍ രാമചന്ദ്രന്‍ സാറിന്റെ ഇമേജ് തിരഞ്ഞപ്പോള്‍: ലഭിച്ചത് അന്നത്തെ ചടങ്ങിന്റെ ഫോട്ടോയും റിപ്പോര്‍ട്ടുമാണ്.ആ ഫോട്ടോയും റിപ്പോര്‍ട്ടും ഇതിനൊപ്പം.
ഇല്ല ഇനി സാറില്ല.നഷ്ടമാണ് സംഭവിച്ചത്.നോവുന്നുണ്ട്.പക്ഷെ കരയില്ല.ആതിരേ,ഒരു മരണവും കരയാനുള്ളതല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.ദൗത്യം തീര്‍ന്നാല്‍ ജീവിതത്തില്‍ നിന്ന് നിഷ്ക്രമിക്കണം.അതില്‍ അനുരഞ്ജനമില്ല.പുഷ്കലമാണ് സാറിനെക്കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍.ആ സന്തുഷ്ടിയില്‍ ഞാന്‍ നമ്രശിരസ്കനാകുന്നു.പിതൃവിയോഗത്തില്‍ ദുഃഖിക്കുന്ന പ്രിയ ചങ്ങാതി ജയറാം തോപ്പിലിനെ മനസ്സുകൊണ്ടാശ്ലേഷിക്കുന്നു.സര്‍ഥകമായിരുന്ന ഒരു ജീവിതം കവര്‍ന്നെടുത്ത് മരണവും ധന്യമായിരിക്കുന്നു,ആതിരേ..
സത്യത്തിനും നീതിക്കും വേണ്ടി പീഡാനുഭവങ്ങള്‍ സഹിക്കാന്‍ പത്രപ്രവര്‍ത്തകര്‍ തയ്യാറാവണം:തോപ്പില്‍ രാമചന്ദ്രപിള്ള
കൊച്ചി: സത്യത്തിനും നീതിക്കും വേണ്ടി പീഡാനുഭവങ്ങള്‍ സഹിക്കാന്‍ പത്രപ്രവര്‍ത്തകര്‍ തയ്യാറാവണമെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകനും കേരളശബ്ദം മുന്‍ പത്രാധിപരുമായ തോപ്പില്‍ രാമചന്ദ്രപിള്ള. 'വാസ്തവം' ദിനപത്രത്തിന്റെ നൂറാംദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനുദിനം മാറിവരുന്ന ലോകത്ത് വായനക്കാരുടെ മാറുന്ന അഭിരുചികള്‍ക്കനുസരിച്ച് പത്രപ്രവര്‍ത്തനത്തിലും മാറ്റമുണ്ടാകണം. ഇപ്പോള്‍ പൊതുവെ കണ്ടുവരുന്ന പ്രവണതകള്‍ ആശാവഹമല്ല. അധികാര സ്ഥാനങ്ങളെ പ്രീണിപ്പിക്കാനും സമ്പന്നവര്‍ഗത്തിന്റെ വൃത്തികേടുകള്‍ക്ക് കൂട്ടുനില്‍ക്കാനും പത്രപ്രവര്‍ത്തകര്‍ മുന്നോട്ടുവരുന്നത് നാടിനെ പിന്നോട്ടുനയിക്കും അദ്ദേഹം പറഞ്ഞു.
'ഭയകൗടില്യ ലോഭങ്ങള്‍ വളര്‍ക്കില്ലൊരു നാടിനെ' എന്ന് സ്വദേശാഭിമാനി മുഖപ്രസംഗമെഴുതിയ ചരിത്രം നാം ഓര്‍ക്കണം. ഈശ്വരന്‍ തെറ്റു ചെയ്താലും ഞാനത് റിപ്പോര്‍ട്ട് ചെയ്യും എന്ന സ്വദേശാഭിമാനിവചനം പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന പാഠമാകണമെന്നും തോപ്പില്‍ രാമചന്ദ്രന്‍പിള്ള പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment