Wednesday, October 24, 2012

ക്രയോജനിക്‌ ടെക്നോളജി:അമേരിക്കന്‍ അട്ടിമറിക്ക്‌ പിന്നിലെ അധിനിവേശ താത്പര്യങ്ങള്‍

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണക്കുതിപ്പിന്റെ കുതികാല്‍ വെട്ടാന്‍ അമേരിക്ക എന്തിന്‌ തയ്യാറായി എന്നറിയണമെങ്കില്‍ ഭൂസ്ഥിരഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ എത്തിക്കുന്നതിലെ വ്യാപാര-വാണിജ്യ ഘടകങ്ങള്‍ അറിഞ്ഞിരിക്കണം.ഇന്ത്യ ക്രയോജനിക്‌ ടെക്നോളജിയിലൂടെ ജിഎസ്‌എല്‍വി റോക്കറ്റുകള്‍ വികസിപ്പിച്ചെടുത്താല്‍ അമേരിക്കയടക്കമുള്ള റോക്ക്റ്റ്‌ വിക്ഷേപണ പഞ്ചശക്തികള്‍ക്കുണ്ടകാവുന്ന വരുമാന നഷ്ടവും അറിയണം.ഇന്ത്യയുടെ ജിഎസ്‌എല്‍വി പ്രോജക്ട്‌ വിജയിച്ചാല്‍ റോക്കറ്റ്‌ വിക്ഷേപണ രംഗത്ത്‌ അമേരിക്കയ്ക്കും ഫ്രാന്‍സിനും വാണിജ്യപരമായ വന്‍ തിരിച്ചടി നേരിടും.ഇന്ത്യയുടേയും റഷ്യയുടേയും ഈ വാണിജ്യ ബന്ധം അമേരിക്കയുടെ കണ്ട്രോള്‍ തെറ്റിച്ചില്ലെങ്കില്‍ അത്ഭുതപ്പെട്ടാല്‍ മതിയല്ലോ. പിന്നെ അവര്‍ അതിനായുള്ള അടിവലി തുടങ്ങി.ക്രയോജനിക്‌ സാങ്കേതിക വിദ്യ കൈമാറാന്‍ ഇന്ത്യയുമായുണ്ടാക്കിയ കറാര്‍ റദ്ദാക്കാന്‍ റഷ്യക്കു മേല്‍ അമേരിക്കയുടെ സമ്മര്‍ദ്ദം രൂക്ഷമായി.അമേരിക്കന്‍ ഭീഷണിക്ക്‌ വഴങ്ങി ഗത്യന്തരമില്ലാതെ ഇന്ത്യയുമായുണ്ടാക്കിയ കരാര്‍ റദ്ദാക്കേണ്ടി വന്നെങ്കിലും വിദേശനാണ്യ പ്രതിസന്ധി രൂക്ഷമായ റഷ്യക്ക്‌ ഈ സാങ്കേതിക വിദ്യ ഇന്ത്യക്ക്‌ കൈമാറി കോടികള്‍ നേടേണ്ടത്‌ നിലനില്‍പ്പിന്റെ പ്രശ്നമായിരുന്നു.അതു കൊണ്ട്‌ അമേരിക്കയുടെ കണ്ണുവട്ടിച്ച്‌ സാങ്കേതിക വിദ്യ കൈമാറാന്‍ അവര്‍ ഒരു പദ്ധതിയിട്ടു.അതു കൂടിയായപ്പോള്‍ യാങ്കി അധിനിവേശത്തിന്റെ കഴുകന്‍ കണ്ണുകള്‍ ഇന്ത്യക്കു നേരേയും തിരിഞ്ഞു.ആ പകയില്‍ നിന്ന്‌ ഐഎസ്‌ആര്‍ഒ ചാരക്കഥയുടെ തിരക്കഥ രചിക്കപ്പെട്ടു
ആതിരേ,റോക്കറ്റ്‌ വിക്ഷേപണ മേഖലയിലെ പഞ്ചശക്തികളായ അമേരിക്ക,ഫ്രാന്‍സ്‌,റഷ്യ,ചൈന,ജപ്പാന്‍ എന്നിവയെ വെല്ലുവിളിച്ച്‌ ദ്രവഇന്ധന സാങ്കേതിയക വിദ്യയിലൂടെ (ക്രയോജനിക്‌ ടെക്നോളജി )ശൂന്യാകാശത്ത്‌ 36000 കിലോമീറ്റര്‍ ഉയരത്തില്‍,ഭൂസ്ഥിര ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങള്‍ എത്തിക്കുന്നതില്‍ ഇന്ത്യ വിജയിച്ചാല്‍ ഈ രംഗത്തെ അമേരിക്കയുടെ സാങ്കേതിക-വാണിജ്യ കുത്ത തകരുമെന്ന ആശങ്കയില്‍ നിന്നാണ്‌ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണക്കുതിപ്പ്‌ അട്ടിമറിക്കാന്‍ ' അങ്കിള്‍ സാം' അവസരം കത്തിരിക്കുകയായിരുന്നു. " വായുവി,ലമേരിക്കന്‍ മജ്ജയിലുടനീളം വ്യാപകമായിക്കാണ്മൂ സാമ്രജ്യത്വ,പണക്കൊതി " എന്ന്‌ പാബ്ലോ നെരൂദ ചൂണ്ടിക്കാട്ടിയ സാമ്രാജ്യത്വ അധിനിവേശത്തിന്റെ ഈ മുഖം കാണാന്‍ മലയാളമാധ്യമ പ്രവര്‍ത്തകര്‍ തയ്യാറാകാതെ പോലീസിലേയും അതിലുപരി ഇന്റലിജന്‍സ്‌ ബ്യൂറോയിലേയും അമേരിക്കന്‍ അഞ്ചാംപത്തികള്‍ സൃഷ്ടിച്ചെടുത്ത കല്‍പിതകഥയക്ക്‌ രതിമേളനത്തിന്റെ മസാല ചേര്‍ക്കാനായിരുന്നു മത്സരിച്ചത്‌.അമേരിക്കക്കൊപ്പം നിന്ന്‌ ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞന്മാരേയും ബഹിരാകാശ ഗവേഷണ ഗവേഷണത്തേയും തകര്‍ക്കുന്നതായിരുന്നു 18 വര്‍ഷം മുന്‍പത്തെ ചാരക്കേസ്‌ സംബന്ധിച്ച മലയാളത്തിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തനം.അന്ന്‌ മാലിയിലൊക്കെ പോയി ഇക്കിളിക്കഥകള്‍ എഴുതിപ്പിടിപ്പിച്ചതില്‍ ഇന്നവര്‍ക്ക്‌ കുറ്റബോധം തോന്നുന്നുണ്ടാവണം. ആതിരേ,ആ പൈങ്കിളി പത്രപ്രവര്‍ത്തന ജാനസില്‍ പെടാതെ ഒറ്റപ്പെട്ടുനിന്നിരുന്ന ജെ.രാജശേഖരന്‍ നായര്‍ നടത്തിയ ദീര്‍ഘവും സമഗ്രവും ധീരവുമായ അന്വേഷണമാണ്‌ ഐഎസ്‌ആര്‍ഒ ചാരക്കഥയുടെ പിന്നാമ്പുറ രഹസ്യ അജണ്ടകള്‍ പുറത്തു കൊണ്ടുവന്നത്‌;യഥാര്‍ത്ഥ വില്ലനെ ചൂണ്ടിക്കാണിച്ചു തന്നത്‌'സ്പൈസ്‌ ഫ്രം സ്പേസ്‌: തെ ഐഎസ്‌ആര്‍ഒ ഫ്രേം അപ്പ്‌ ' എന്ന പുസ്തകത്തിലാണ്‌ സ്തോഭജനകവും ക്ഷോഭജനകവുമായ ആ വാസ്തവങ്ങളുള്ളത്‌. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണക്കുതിപ്പിന്റെ കുതികാല്‍ വെട്ടാന്‍ അമേരിക്ക എന്തിന്‌ തയ്യാറായി എന്നറിയണമെങ്കില്‍, ആതിരേ, ഭൂസ്ഥിരഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ എത്തിക്കുന്നതിലെ വ്യാപാര-വാണിജ്യ ഘടകങ്ങള്‍ അറിഞ്ഞിരിക്കണം.ഇന്ത്യ ക്രയോജനിക്‌ ടെക്നോളജിയിലൂടെ ജിഎസ്‌എല്‍വി റോക്കറ്റുകള്‍ വികസിപ്പിച്ചെടുത്താല്‍ അമേരിക്കയടക്കമുള്ള റോക്ക്റ്റ്‌ വിക്ഷേപണ പഞ്ചശക്തികള്‍ക്കുണ്ടകാവുന്ന വരുമാന നഷ്ടവും അറിയണം. ഉപഗ്രഹങ്ങളെ ഭൂസ്ഥിര ഭ്രമണപഥത്തിലെത്തിക്കാന്‍ അമേരിക്ക മൂന്ന്‌ റോക്കറ്റാണ്‌ വികസിപ്പിച്ചെടുത്തിട്ടുള്ളത്‌.' ടൈറ്റാന്‍-4 ;,' ഡെല്‍റ്റ ;.' അറ്റ്ലസ്‌ '.ഫ്രാന്‍സിന്റെ റോക്കറ്റാണ്‌ 'അരിയാന്‍'.റഷ്യയുടേത്‌ 'പ്രോട്ടോണ്‍ '.ചൈനയുടെ റോക്കറ്റ്‌ ' ലോങ്ങ്‌ മാര്‍ച്ച്‌-3' ,ജപ്പാന്റേത്‌ 'എച്ച്‌-2 ' ഈ റോക്കറ്റുകള്‍ ഉപയോഗിച്ച്‌ ഉപഗ്രഹങ്ങള്‍ ഭൂസ്ഥിരഭ്രമണ പഥത്തിലെത്തിക്കാന്‍ വേണ്ട ചെലവ്‌ ഇനി പറയുന്നു:ടൈറ്റാന്‍-4 ഉപയോഗിച്ചാല്‍ 43000 ഡോളര്‍, ഡെല്‍റ്റക്ക്‌ 31000 ഡോളര്‍,അറ്റ്ലസ്‌ 35000 ഡോളര്‍.ഫ്രാന്‍സിന്റെ 'അരിയാന്‍'റോക്കറ്റാകുമ്പോള്‍ അത്‌ 28000 ഡോളര്‍.റഷ്യയുടെ പ്രോട്ടോണ്‍ ' 22000 ഡോളര്‍.ജപ്പാന്റെ ' എച്ച്‌-2 '33000 ഡോളരും ചൈനയുടെ ലോങ്ങ്‌ മാര്‍ച്ച്‌-3'ന്‌ 20000 ഡോളര്‍.ഇന്ത്യയുടെ ജിഎസ്‌എല്‍വിയാണ്‌ ഉപയോഗിക്കുന്നതെങ്കില്‍ അത്‌ കേവലം 18000 ഡോളര്‍ മാത്രം ( 1994 ലെ കണക്കാണിത്‌ ).അതായത്‌ ഇന്ത്യയുടെ ജിഎസ്‌എല്‍വി പ്രോജക്ട്‌ വിജയിച്ചാല്‍ റോക്കറ്റ്‌ വിക്ഷേപണ രംഗത്ത്‌ അമേരിക്കയ്ക്കും ഫ്രാന്‍സിനും വാണിജ്യപരമായ വന്‍ തിരിച്ചടി നേരിടും. ക്രയോജനിക്‌ റോക്ക്റ്റ്‌ നിര്‍മ്മാണ-വിക്ഷേപണ വിഷയത്തില്‍ ഇന്ത്യ അമേരിക്കയുമായും ഫ്രാന്‍സുമായും സാങ്കേതികവിദ്യ കൈമാറ്റത്തെക്കുറിച്ച്‌ കൂലങ്കക്ഷമായ ചര്‍ച്ചകളാണ്‌ നടത്തിയത്‌.1990കളുടെ മധ്യത്തിലാണ്‌ ഈ ചര്‍ച്ചകള്‍ നടന്നത്‌.ക്രയോജനിക്‌ റോക്കറ്റ്‌ സാങ്കേതിക വിദ്യ ഇന്ത്യക്ക്‌ കൈമാറുന്നതിന്‌ അമേരിക്കയിലെ 'ജനറല്‍ ഡൈനാമിക്സ്‌ ' എന്ന സ്ഥാപനം ആവശ്യപ്പെട്ടത്‌ 950 കോടി ഡോളറാണ്‌.ഫ്രഞ്ച്‌ കമ്പനി ആവശ്യപ്പെട്ടത്‌ 650 കോടി ഡോളറും.ഈ ഘട്ടത്തില്‍ വ്യക്തമായ ഒരു തീരുമാനമെടുക്കാനാവാതെ ഇന്ത്യ കുഴങ്ങി.കുറഞ്ഞ മുടക്കുള്ള ഫ്രാന്‍സിന്റെ സാങ്കേതിക വിദ്യ വാങ്ങണോ,അതോ കൂടുതല്‍ മുടക്കുള്ള അമേരിക്കന്‍ സാങ്കേതിക വിദ്യ വാങ്ങി പുതിയൊരു വാണിജ്യബന്ധം സ്ഥാപിക്കണമോ എന്നതായിരുന്നു തീരുമാനിക്കേണ്ടിയിരുന്നത്‌. ഭാഗ്യം,അവസാനവട്ട ചര്‍ച്ച തുടങ്ങും മുന്‍പ്‌ വളരെ ചീപ്‌ റേറ്റുമായി റഷ്യ മുന്നോട്ടുവന്നു.റഷ്യയിലെ ഗ്ലാവ്കോസ്മോസ്‌ കമ്പനിയാണ്‌ പ്രലോഭിപ്പിക്കുന്ന വാഗ്ദാനവുമായെത്തിയത്‌. 235 കോടി ഡോളറാണ്‌ അവര്‍ ആവശ്യപ്പെട്ടത്‌.പിന്നെ മറ്റൊന്നും ചിന്തിക്കാതെ ഇന്ത്യ ആ വാഗ്ദാനം സ്വീകരിച്ചു.1992 ജനുവരിയില്‍ ഐഎസ്‌ആര്‍ഒയും ഗ്ലാവ്കോസ്മോസും കരാറില്‍ ഒപ്പുവച്ചു.1996ല്‍ ഇന്ത്യയുടെ ജിഎസ്‌എല്‍വി പ്രോജക്ട്‌ വിജയകരമാകുമെന്നായിരുന്നു ധാരണ. ആതിരേ,ഗൊര്‍ബച്ചേവിന്റെ 'ഗ്ലാസ്നസ്റ്റും"പെരിസ്ട്രോയിക്കയും' തരിപ്പണമാക്കിയ സോവ്യറ്റ്‌ യൂണിയനിലെ റഷ്യയടക്കമുള്ള രാഷ്ടങ്ങള്‍ വിദേശനാണയത്തിനായി വെമ്പുന്ന കാലം.അതിജീവനം മാത്രം ലക്ഷ്യമായിരുന്ന റഷ്യ ക്രയോജനിക്‌ ടെക്നോളജി കൈമാറുമ്പോള്‍ കിട്ടാവുന്ന ഉയര്‍ന്ന തുകയെക്കുറിച്ച്‌ ചിന്തിച്ചതേയില്ല.ഇന്ത്യയുടേയും റഷ്യയുടേയും ഈ വാണിജ്യ ബന്ധം അമേരിക്കയുടെ കണ്ട്രോള്‍ തെറ്റിച്ചില്ലെങ്കില്‍ അത്ഭുതപ്പെട്ടാല്‍ മതിയല്ലോ. പിന്നെ അവര്‍ അതിനായുള്ള അടിവലി തുടങ്ങി.ക്രയോജനിക്‌ സാങ്കേതിക വിദ്യ കൈമാറാന്‍ ഇന്ത്യയുമായുണ്ടാക്കിയ കരാര്‍ റദ്ദാക്കാന്‍ റഷ്യക്കു മേല്‍ അമേരിക്കയുടെ സമ്മര്‍ദ്ദം രൂക്ഷമായി.റഷ്യ വഴങ്ങുന്നില്ലെന്ന്‌ കണ്ടപ്പോള്‍ ഒരു പെരുംകള്ളത്തിന്റെ മറവില്‍ ഭീഷണി ശക്തമാക്കി.അമേരിക്കയും റഷ്യയും തമ്മിലുണ്ടാക്കിയ എംറ്റിസിആര്‍ ഉടമ്പടി (MTCR- Missile Technology Control Regime))യുടെ ലംഘനമാണ്‌ നടന്നിരിക്കുന്നതെന്ന്‌ ചൂണ്ടിക്കാട്ടി റഷ്യക്കു മേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി.അതില്‍ റഷ്യ വിരണ്ടു പോയി.കരാര്‍ റദ്ദാക്കപ്പെട്ടു. മിസൈല്‍ സാങ്കേതിക വിദ്യ കൈമാറുന്ന വിഷയത്തില്‍ മാത്രമാണ്‌ എംറ്റിസിആര്‍ ഉടമ്പടി പ്രസക്തമാകുന്നത്‌.ഇവിടെ റോക്കറ്റ്‌ വിക്ഷേപണസാങ്കേതിക വിദ്യയാണ്‌ കൈമാറുന്നത്‌.എന്നിട്ടും അങ്കിള്‍ സാമിന്റെ മുഷ്ക്കിന്‌ കുറവുണ്ടായില്ല അമേരിക്കന്‍ ഭീഷണിക്ക്‌ വഴങ്ങി ഗത്യന്തരമില്ലാതെ ഇന്ത്യയുമായുണ്ടാക്കിയ കരാര്‍ റദ്ദാക്കേണ്ടി വന്നെങ്കിലും വിദേശനാണ്യ പ്രതിസന്ധി രൂക്ഷമായ റഷ്യക്ക്‌ ഈ സാങ്കേതിക വിദ്യ ഇന്ത്യക്ക്‌ കൈമാറി കോടികള്‍ നേടേണ്ടത്‌ നിലനില്‍പ്പിന്റെ പ്രശ്നമായിരുന്നു.അതു കൊണ്ട്‌ അമേരിക്കയുടെ കണ്ണുവട്ടിച്ച്‌ സാങ്കേതിക വിദ്യ കൈമാറാന്‍ അവര്‍ ഒരു പദ്ധതിയിട്ടു.അതു കൂടിയായപ്പോള്‍ യാങ്കി അധിനിവേശത്തിന്റെ കഴുകന്‍ കണ്ണുകള്‍ ഇന്ത്യക്കു നേരേയും തിരിഞ്ഞു.ആ പകയില്‍ നിന്ന്‌, ആതിരേ, ഐഎസ്‌ആര്‍ഒ ചാരക്കഥയുടെ തിരക്കഥ രചിക്കപ്പെട്ടു നാളെ :റഷ്യയുടെ ബദല്‍ പദ്ധതിയും അമേരിക്കയുടെ അട്ടിമറിയും

No comments: