Monday, October 15, 2012
മറിയം റഷീദയെ ചാരവനിതയാക്കിയത് ഇന്‍സ്പെക്ടര്‍ വിജയന്റെ രതിഭ്രാന്തും ദേശാഭിമാനിയുടെ രാഷ്ട്രീയ ഭ്രാന്തും
ഇന്ത്യയുടെ മിസെയില്‍ നിര്‍മാണ രഹസ്യങ്ങള്‍ പാക്കിസ്ഥാന് കൈമാറി എന്നതാണ് ചാരക്കേസിന്റെ അടിസ്ഥാനം. ഇതിന് നമ്പിനാരായണന്‍, ശശികുമാര്‍ തുടങ്ങിയ മലയാളി ശാസ്ത്രജ്ഞന്മാരും ഇന്ത്യയുമായി ബഹിരാകാശ ഗവേഷണ വിഷയത്തില്‍ സഹകരണം പുലര്‍ത്തിയിരുന്ന റഷ്യയിലെ ഗ്ലാവ്കോസ്മോസിന്റെ ഇന്ത്യയിലെ പ്രതിനിധി അലക്സി വി.വാസിന്‍, ബാംഗ്ലൂരിലെ വ്യവസായി ചന്ദ്രശേഖരന്‍ തുടങ്ങിയവരും ചേര്‍ന്ന് മറിയം റഷീദ, ഫൗസിയ എന്നീ മാലി ദ്വീപില്‍ നിന്നുള്ള വനിതകളിലൂടെ ബഹിരാകാശ ഗവേഷണ രഹസ്യങ്ങള്‍ രാജ്യത്തുനിന്ന് പുറത്തു കടത്തി എന്നതായിരുന്നു ലോക്കല്‍ പോലീസും ഇന്റലിജന്‍സ് ബ്യൂറോയും റോയും മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. അതീവ സുന്ദരിയും മദാലസയും വിവാഹമുക്തയുമായ ഒരു സ്ത്രീയോടൊത്ത് ശയിക്കാനുള്ള വികടനായ ഒരു പോലീസ് ഓഫീസറുടെ ആഗ്രഹം സാധിക്കാതെ പോയതിന്റെ പ്രതികാര നടപടികളാണ്, ആവര്‍ത്തിക്കുന്നു ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തെപ്പോലും പിന്നോട്ടടിച്ച ചാരക്കേസിന് പിന്നിലെ യഥാര്‍ത്ഥ സംഭവം.
ആതിരേ,തിരുവനന്തപുരം പോലീസ് കമ്മീഷണര്‍ ഓഫീസില്‍ ഫോറിനേഴ്സ് സെക്ഷന്റെ ചാര്‍ജുണ്ടായിരുന്ന ഇന്‍സ്പെക്ടര്‍ വിജയന്റെ നടക്കാതെ പോയ അവിഹിത ബന്ധമോഹത്തില്‍ നിന്നാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തെപ്പോലും അട്ടിമറിച്ച ചാരക്കേസിന്റെ തുടക്കം എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.
സ്മാര്‍ട്ട് വിജയന്‍ എന്നറിയപ്പെടുന്ന ഈ ഇന്‍സ്പെക്ടറും ദേശാഭിമാനി പത്രവും ചേര്‍ന്ന് ഒരുക്കിയ കള്ളക്കഥയില്‍ നിന്നാണ് പിന്നീട് മലയാള മാധ്യമ ചരിത്രത്തിലെ ഏറ്റവും അശ്ലീല ഭരിതമായ പരമ്പരകള്‍ ചമയ്ക്കാന്‍ പത്രങ്ങള്‍ തയ്യാറായതും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തെ വലിയൊരു അളവില്‍ പിന്നോട്ടടിച്ചത്.
ലോക്കല്‍ പോലീസും ഇന്റലിജന്‍സ് ബ്യൂറോയും റോയും കെട്ടിച്ചമച്ച കള്ളക്കഥകള്‍ അപ്പാടെ വിഴുങ്ങി അവയ്ക്ക് രതിമേളനത്തിന്റെ മേമ്പൊടി ചാര്‍ത്തി മലയാളത്തിലെ പത്രങ്ങളെല്ലാം ആഘോഷിച്ചപ്പോള്‍ സത്യം എവിടെയെല്ലാമോ അലയുകയായിരുന്നു, ആതിരേ.
18 വര്‍ഷത്തിനുശേഷം വീണ്ടും ചാരക്കേസ് രാഷ്ട്രീയ ചര്‍ച്ചകളില്‍ വിവാദമായി സജീവമാകുമ്പോള്‍ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ബോധപൂര്‍വ്വം തമസ്കരിച്ച സത്യാന്വേഷണമാണ് ഈ പരമ്പരയിലൂടെ നടത്തുന്നത്.
ആതിരേ,നീചവും നികൃഷ്ടവുമായ താല്‍പര്യങ്ങളുള്ള പോലീസും അധികാരമോഹങ്ങളുള്ള രാഷ്ട്രീയ മാധ്യമങ്ങളും സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കാന്‍ ഏതറ്റം വരെ പോകാനുള്ള ധാര്‍മ്മിക ഉളുപ്പില്ലായ്മ പാരമ്പര്യമായി കരുതുന്ന മുഖ്യധാരാ മാധ്യമങ്ങളും ചേര്‍ന്നാല്‍ ഏതു പൗരനെതിരെയും ഇത്തരം കള്ളക്കഥകള്‍ ചമച്ച് അവന്റെ ജീവിക്കാനുള്ള അവകാശം ഹനിക്കാമെന്നുള്ളതിന്റെ ദൃഷ്ടാന്തം കൂടിയാണ് 1994-ല്‍ ലോകശ്രദ്ധ ആകര്‍ഷിച്ച കുപ്രസിദ്ധ ചാരക്കേസ്.
ഇന്ത്യയുടെ മിസെയില്‍ നിര്‍മാണ രഹസ്യങ്ങള്‍ പാക്കിസ്ഥാന് കൈമാറി എന്നതാണ് ചാരക്കേസിന്റെ അടിസ്ഥാനം. ഇതിന് നമ്പിനാരായണന്‍, ശശികുമാര്‍ തുടങ്ങിയ മലയാളി ശാസ്ത്രജ്ഞന്മാരും ഇന്ത്യയുമായി ബഹിരാകാശ ഗവേഷണ വിഷയത്തില്‍ സഹകരണം പുലര്‍ത്തിയിരുന്ന റഷ്യയിലെ ഗ്ലാവ്കോസ്മോസിന്റെ ഇന്ത്യയിലെ പ്രതിനിധി അലക്സി വി.വാസിന്‍, ബാംഗ്ലൂരിലെ വ്യവസായി ചന്ദ്രശേഖരന്‍ തുടങ്ങിയവരും ചേര്‍ന്ന് മറിയം റഷീദ, ഫൗസിയ എന്നീ മാലി ദ്വീപില്‍ നിന്നുള്ള വനിതകളിലൂടെ ബഹിരാകാശ ഗവേഷണ രഹസ്യങ്ങള്‍ രാജ്യത്തുനിന്ന് പുറത്തു കടത്തി എന്നതായിരുന്നു ലോക്കല്‍ പോലീസും ഇന്റലിജന്‍സ് ബ്യൂറോയും റോയും മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. അതീവ സുന്ദരിയും മദാലസയും വിവാഹമുക്തയുമായ ഒരു സ്ത്രീയോടൊത്ത് ശയിക്കാനുള്ള വികടനായ ഒരു പോലീസ് ഓഫീസറുടെ ആഗ്രഹം സാധിക്കാതെ പോയതിന്റെ പ്രതികാര നടപടികളാണ്, ആവര്‍ത്തിക്കുന്നു ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തെപ്പോലും പിന്നോട്ടടിച്ച ചാരക്കേസിന് പിന്നിലെ യഥാര്‍ത്ഥ സംഭവം.
1994 ഒക്ടോബര്‍ 8. പാസ്പോര്‍ട്ട് നമ്പര്‍ എ-080493-ന്റെ ഉടമയും മാലി ദ്വീപ് സ്വദേശിയുമായ മറിയം റഷീദ എന്ന യുവതി ഇന്‍സ്പെക്ടര്‍ എസ്.വിജയനെ അന്ന് പകല്‍ 11.30-ന് ഓഫീസില്‍ ചെന്ന് കണ്ടു. ആ ഒക്ടോബര്‍ 17-ന് അവസാനിക്കുന്ന, ഇന്ത്യയില്‍ താമസിക്കാനുള്ള അനുവാദം നീട്ടി തരണം എന്നതായിരുന്നു മറിയം റഷീദയുടെ അപേക്ഷ.
ഫോര്‍നേഴ്സ് ഓര്‍ഡര്‍ 1948 റൂള്‍ ഏഴ് അനുസരിച്ച് ഇന്ത്യയിലെത്തുന്ന എല്ലാ വിദേശ പൗരന്മാരും അനുവദിക്കപ്പെട്ട സമയം കഴിഞ്ഞും ഇവിടെ താമസിക്കണമെങ്കില്‍ അതിന് പ്രത്യേക അനുമതി വാങ്ങിയിരിക്കണം എന്നതുകൊണ്ടാണ് മറിയം റഷീദ വിജയനെ കാണാന്‍ എത്തിയത്.
ഒക്ടോബര്‍ 17ന് തന്നെ മടങ്ങിപ്പോകാന്‍ രണ്ട് എയര്‍ ടിക്കറ്റുകള്‍ മറിയം റഷീദയുടെ കൈവശം ഉണ്ടായിരുന്നു. ഒന്ന് ഇന്ത്യന്‍ എയര്‍ലെന്‍സിന്റെയും മറ്റൊന്ന് എയര്‍ലങ്കയുടെയും. എന്നാല്‍, പ്ലേഗ് ബാധയെത്തുടര്‍ന്ന് മാലി ദ്വീപിലേക്കുള്ള എല്ലാ വിമാനസര്‍വ്വീസുകളും റദ്ദാക്കിയതുകൊണ്ട് എന്ന് നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ കഴിയും എന്ന് നിശ്ചയമില്ലാതിരുന്നതുകൊണ്ടാണ് അധികം ദിവസം ഇവിടെ താമസിക്കാനുള്ള അനുമതി തേടി മറിയം റഷീദ ഇന്‍സ്പെക്ടര്‍ വിജയനെ കണ്ടത്.
1-3-1990-ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഒരു സര്‍ക്കുലര്‍ പ്രകാരം മാലി ദ്വീപില്‍ നിന്ന് ഇന്ത്യയില്‍ എത്തുന്നവര്‍ക്ക് വീസയുടെ ആവശ്യം ഇല്ലായിരുന്നു. എന്നാല്‍, ഒരു കണ്ടീഷന്‍ ഉണ്ട്. അവരുടെ താമസം 90 ദിവസത്തില്‍ അധികമാകാന്‍ പാടില്ല. അവരുടെ വരവ് ആദ്യത്തേതുമായിരിക്കണം.
എന്നാല്‍, മറിയം റഷീദയുടെ മൂന്നാം കേരള സന്ദര്‍ശനമായിരുന്നു അപ്പോള്‍. നേരത്തെ 1994 ജൂണ്‍ രണ്ടിന് ഇവിടെ എത്തുകയും ഏഴു ദിവസത്തിനുശേഷം മടങ്ങിപ്പോകുകയും ചെയ്തിരുന്നു. പിന്നീട് ജൂണ്‍ 20-ന് കേരളത്തിലെത്തി 13 ദിവസത്തിനുശേഷം മടങ്ങിപ്പോയി. ഓഗസ്റ്റ് എട്ടിന് കേരളത്തില്‍ എത്തിയിട്ട് മടങ്ങിപ്പോയിട്ടില്ല. ഒക്ടോബര്‍ 17-ാം തീയതി 90 ദിവസം തികയും ചെയ്യും. അതുകൊണ്ടാണ് മറിയം റഷീദ തന്റെ യാത്രാ രേഖകളുമായി വിജയനെ കാണാന്‍ ഓഫീസില്‍ എത്തിയത്.
മദാലസ സുന്ദരിയായ മറിയം റഷീദയുടെ ആദ്യ ദര്‍ശനം തന്നെ വിജയന്റെ സിരകളെ ത്രസിപ്പിച്ചു. പിന്നെ റഷീദയെ വളയ്ക്കാനുള്ള തന്ത്രങ്ങളാണ് ആ മനസ്സില്‍ സജീവമായത്. അതുകൊണ്ട് രേഖകള്‍ പരിശോധിക്കേണ്ടതുകൊണ്ട് രണ്ടുദിവസം കഴിഞ്ഞ വരൂ എന്ന് പറഞ്ഞ് വിജയന്‍ റഷീദയെ മടക്കി അയച്ചു.
പിന്നീട് മൂന്നു തവണ വിജയനെക്കാണാന്‍ മറിയം റഷീദ കമ്മീഷണര്‍ ഓഫീസില്‍ എത്തിയെങ്കിലും കാണാന്‍ സാധിച്ചില്ല. അന്ന് മറിയം റഷീദയും ഫൗസിയയും തിരുവനന്തപുരത്ത് സമ്രാട്ട് ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്.
ഒക്ടോബര്‍ 12 റൂം നമ്പര്‍ 205 സമ്രാട്ട് ഹോട്ടല്‍
മറിയം റഷീദയെ തേടി വിജയന്‍ അവര്‍ താമസിച്ചിരുന്ന 205-ാം നമ്പര്‍ മുറിയിലെത്തി. അപ്പോള്‍ അവിടെയുണ്ടായിരുന്ന ഫൗസിയയെ പുറത്തു നിര്‍ത്തി മറിയം റഷീദയുമായി വിജയന്‍ സംസാരം ആരംഭിച്ചു. പേടിക്കേണ്ട. യാത്രാ രേഖകളൊക്കെ ഞാന്‍ ശരിയാക്കി തരാം. ചില സാങ്കേതിക കാരണങ്ങള്‍ ഉള്ളതുകൊണ്ട് അല്‍പ്പം താമസിക്കും അത്രയേയുള്ളൂ എന്ന് അനുനയത്തില്‍ അറിയിച്ചശേഷം വിജയന്‍ ചൂണ്ട പുറത്തെടുത്തു. റഷീദയെ അനുഭവിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിജയന്‍ എത്തിയിരുന്നത്. അതിനായി റഷീദയുടെ കുടുംബകാര്യങ്ങളിലേക്ക് സംഭാഷണം നീട്ടി. വിവാഹമുക്തയാണെന്ന് അറിഞ്ഞതോടെ തന്റെ അവസരം എത്തി എന്ന് തോന്നിയ വിജയന്‍ റഷീദയെ സമീപിക്കുകയും തോളത്ത് കൈവച്ച് സംസാരിക്കുകയും പിന്നീട് കൈ താഴോട്ട് ഇറങ്ങുകയും ചെയ്തപ്പോള്‍ റഷീദയുടെ ഭാവം മാറി. കൈ നിവര്‍ത്തി വിജയന്റെ മുഖത്ത് അടിക്കുകയും ബാസ്റ്റാഡ് യു ഗറ്റ് ഔട്ട് എന്ന് ആക്രോശിക്കുകയും ചെയ്തു.
വെടികൊണ്ട പുലിയെപ്പോലെ മുറി തുറന്ന് പുറത്തേക്കോടുന്ന വിജയനെയും കോപം കൊണ്ട് ജ്വലിച്ചു നില്‍ക്കുന്ന മറിയം റഷീദയെയുമാണ് ഫൗസിയ കണ്ടത്. പോകുന്ന വഴിക്ക് നിന്നെ കാണിച്ചു തരാം... ച്ചീ.... എന്ന് വിജയന്‍ പുലമ്പുന്നുണ്ടായിരുന്നു. വിജയനുപിന്നാലെ വാതില്‍ക്കലെത്തിയ മറിയം റഷീദ വിളിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു. "നിന്നെ കാണിച്ചു തരാമെടാ. ഐജി എന്റെ സുഹൃത്താണ് ഞാന്‍ ഇക്കാര്യം അദ്ദേഹത്തോട് റിപ്പോര്‍ട്ട് ചെയ്യും." നിന്ദിതനും നാണം കെട്ടവനുമായി അടങ്ങാത്ത കാമപ്പകയോടെയാണ് വിജയന്‍ സമ്രാട്ട് ഹോട്ടലിലെ 205-ാം നമ്പര്‍ മുറി വിട്ട് പോയത്.
ഓഫീസില്‍ എത്തിയ വിജയന്‍ ഹോട്ടല്‍ റിസപ്ഷന്റെ സഹായത്തോടെ മറിയം റഷീദയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോള്‍ മൂന്ന് നമ്പറുകളില്‍ അവര്‍ നിരന്തരം വിളിച്ചതായി തിരിച്ചറിഞ്ഞു. രണ്ടെണ്ണം തിരുവനന്തപുരത്തും ഒരെണ്ണം ബാംഗ്ലൂരുമായിരുന്നു. ബാംഗ്ലൂരിലെ നമ്പര്‍ തല്‍ക്കാലം വിസ്മരിച്ച് തിരുവനന്തപുരത്തെ നമ്പറിന് പിന്നാലെയായി വിജയന്റെ വികലമായ വികടമായ അന്വേഷണം. ഈ നമ്പര്‍ തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രവുമായി ബന്ധപ്പെട്ട ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററിലെ ക്രയോജനിക് പ്രോജക്ടിന്റെ ഡപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ ഡി.ശശികുമാരന്റേതായിരുന്നു. ശശികുമാറുമായി ബന്ധപ്പെട്ട് നമ്പര്‍ ഉറപ്പുവരുത്തിയശേഷമായിരുന്നു ഇന്ത്യയെ പിടിച്ചുലച്ച ചാരക്കഥയുടെ നിര്‍മ്മിതി.
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ മാലി ദ്വീപുകാരായ രണ്ട് മദാലസകള്‍ തിരുവനന്തപുരത്ത് ഹോട്ടലില്‍ തങ്ങുന്നുണ്ടെന്നും ക്രയോജനിക് പ്രോജക്ട് ഡപ്യൂട്ടി ഡയറക്ടര്‍ അടക്കമുള്ളവരുമായി ഇവര്‍ നിരന്തരം ബന്ധപ്പെടുന്നു എന്നുമുള്ള കഥ അങ്ങനെയാണ് മെനയപ്പെട്ടത്.
ഇതിനു മുന്‍പ് ദേശാഭിമാനിയും ഇന്ത്യന്‍ കമ്യൂണിക്കേറ്ററും രണ്ട് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. വ്യാജ രേഖകളുടെ അടിസ്ഥാനത്തില്‍ വിദേശികള്‍ തലസ്ഥാന നഗരിയില്‍ തങ്ങുന്നുണ്ടെന്നും ഇവര്‍ക്ക് എയര്‍പോര്‍ട്ട് അധികൃതരുടെയും ചില അഭിഭാഷകരുടെയും സഹായം ഉണ്ടെന്നുമായിരുന്നു റിപ്പോര്‍ട്ട്. അതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ വി.ആര്‍.രാജീവന്‍ ഒരു സര്‍ക്കുലര്‍ ഇറക്കി. തിരുവനന്തപുരത്ത് ഹോട്ടലുകളിലും മറ്റും തങ്ങുന്ന വിദേശികളെക്കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു സര്‍ക്കുലറുകളുടെ ചുരുക്കം. അതിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 15-ന് മറിയം റഷീദയുമായി വീണ്ടും വിജയന്‍ കണ്ടു മുട്ടുകയും ചില വിവരങ്ങള്‍ അവരോട് ചോദിച്ചറിയുകയും ചെയ്തു.
അതും തന്റെ കഥയ്ക്ക് പൊടിപ്പും തൊങ്ങലും വയ്ക്കാന്‍ വിജയന് സഹായകമായി.
മദാലസ മേനിയുമായി പുരുഷ ഹൃദയങ്ങളെ ഇളക്കി നടന്നിരുന്ന മറിയം റഷീദ ഉള്ളതില്‍ അല്‍പ്പം പുറത്തു കാണിക്കുന്ന സ്വഭാവക്കാരി കൂടിയായിരുന്നു. 1988 മുതല്‍ 94-ലെ തുടക്കം വരെ മാലിദ്വീപ് പട്ടാളത്തില്‍ പഴ്സണല്‍ റെക്കോര്‍ഡ് സെക്ഷനില്‍ ക്ലര്‍ക്കായി മറിയം റഷീദ ജോലി ചെയ്തിരുന്നു. എന്നാല്‍, താന്‍ മാലിദ്വീപ് പട്ടാളത്തിലെ ഉദ്യോഗസ്ഥയായിരുന്നു എന്നാണ് വിജയനോട് റഷീദ പറഞ്ഞത്. ഇനിയും വിജയനില്‍ നിന്ന് വികടമായ ശാരീരിക സമീപനം ഉണ്ടാകാതിരിക്കാനാണ് മാലി ദ്വീപിലെ പട്ടാളക്കാരിയാണ് താനെന്ന് മറിയം അറിയിച്ചത്. ഇതുകൂടി കേട്ടതോടെ വിജയന് തന്റെ കഥ പൂര്‍ത്തിയാക്കാന്‍ എളുപ്പമായി.
മാലി ദ്വീപിലെ സൈന്യത്തിലെ രണ്ട് വനിത ജീവനക്കാര്‍ തിരുവനന്തപുരത്ത് താമസിച്ച് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രഹസ്യങ്ങള്‍ ചോര്‍ത്തുന്നു എന്നും ഇവരുമായി ക്രയോജനിക് പ്രോജക്ടിലെ ശാസ്ത്രജ്ഞന്മാര്‍ക്ക് അവിഹിത ബന്ധമുണ്ടെന്നും രഹസ്യം ചോര്‍ത്തി നല്‍കുന്നതിന് കോടിക്കണക്കിന് അമേരിക്കന്‍ ഡോളര്‍ ഈ സ്ത്രീകളിലൂടെ ശാസ്ത്രജ്ഞന്മാര്‍ക്ക് പ്രതിഫലമായി നല്‍കിയിട്ടുണ്ടെന്നും ഒരു കഥ വിജയന്‍ മെനഞ്ഞെടുത്തു.
ഇന്ത്യന്‍ കമ്യൂണിക്കേറ്റര്‍ എന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണത്തില്‍ വാര്‍ത്ത വരുത്താനായിരുന്നു വിജയന് താല്‍പര്യം. എന്നാല്‍, അന്ന് അതിന്റെ ലേഖകനെ കണ്ടെത്താന്‍ കഴിയാതിരുന്നതുകൊണ്ട് തനിനിറം പത്രത്തിന്റെ ലേഖകനായ സുഹൃത്തിന് ഈ വാര്‍ത്ത വിളിച്ചു പറഞ്ഞു കൊടുത്തു. അന്നത്തെ സായാഹ്ന പത്രത്തില്‍ തനിനിറവും പിറ്റേന്ന് ദേശാഭിമാനിയും ഈ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതോടെയാണ് ,ആതിരേ,മലയാള പത്രപ്രവര്‍ത്തന ചരിത്രത്തില്‍ അശ്ലീല സ്ഫോടനം സൃഷ്ടിക്കുകയും ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന് പാരയാകുകയും ചെയ്ത ചാരക്കേസിന്റെ തുടക്കം.
നാളെ: ഒരു പത്രാധിപരുടെ അഹന്തയില്‍ കഥകള്‍ക്ക് ചിറക് മുളച്ചപ്പോള്‍.
Subscribe to:
Post Comments (Atom)
No comments:
Post a Comment