Sunday, October 28, 2012

ഇന്റലിജന്‍സ്‌ ബ്യൂറോ അമേരിക്കയ്ക്ക്‌ വേണ്ടി നടത്തിയത്‌ നഗ്നമായ ചാരപ്രവര്‍ത്തനം

ഇന്റലിജന്‍സ്‌ ബ്യൂറോ ദേശീയ തലവന്‍ എം.കെ.ധര്‍ തിരുവനന്തപുരത്ത്‌ പറന്നിറങ്ങി.ഐഎസ്‌ആര്‍ഒ ചാരക്കേസിന്റെ അന്വേഷണം നേരിട്ടേറ്റെടുത്തു.അമേരിക്കയുടെ സമയമങ്ങനെ സുഗമമായി ആഗതമായി.ഐഎസ്‌ആറോയിലും ഐബിയിലും അമേരിക്കന്‍ ചാരസംഘടന പോറ്റിപ്പുലര്‍ത്തിയിരുന്നവര്‍ പുതിയ പേരുകള്‍ ധറിന്‌ നല്‍കി.ഇല്ലാക്കഥകളാല്‍ ഇന്റലിജന്‍സ്‌ ബ്യൂറോ തലവന്റെ കണ്ണുമഞ്ഞളിപ്പിച്ചു.അമേരിക്കയുടെ ഹിഡന്‍ അജണ്ട തിരിച്ചറിയാനാകാതിരുന്ന ധര്‍ തന്റെ ഐബി ചീഫ്‌ പദവി രണ്ട്‌ വര്‍ഷത്തേയ്ക്ക്‌ കൂടി നീട്ടിയെടുക്കാന്‍ കഴിയുമെന്ന്‌ തിരിച്ചറിഞ്ഞ്‌ അന്വേഷണവും ആരംഭിച്ചു. കാമമോഹിതനായ പോലീസ്‌ ഇന്‍സ്പെക്ടര്‍,ലോക്കല്‍ പോലീസിനെ 'ഇരുത്താന്‍' ആഗ്രഹിച്ച കേരളത്തിലെ ഐബി ഘടകം,ശശികുമാരന്‌ പണികൊടുക്കാന്‍ ആഗ്രഹിച്ച ഐഎഎസ്‌ ഓഫീസര്‍,തന്റെ പദവിയില്‍ രണ്ടു വര്‍ഷം കൂടി തുടരാന്‍ കൊതിച്ച ധര്‍-ദൂഷിത വൃത്തമല്ല,ദൂഷിത ചതുഷ്കോണം തന്നെ തീര്‍ക്കപ്പെട്ടു.
ആതിരേ,വിശ്വകുപ്രസിദ്ധി നേടിയ ഐഎസ്‌ആര്‍ഒ ചാരക്കഥയുടെ ഉള്‍പ്പിരിവുകളിലേയ്ക്ക്‌ കടക്കുമ്പോള്‍ കാഴ്ചപ്പുറങ്ങളില്‍ പ്രാഥമികമായി നിറയുന്നത്‌ ബാലിശമായ ഈഗോകളും നൈമഷിക ലൈംഗീക തൃഷ്ണകളും നിന്ദ്യമായ അധികാരവാഞ്ചകളും നീതികരണമില്ലാത്ത വ്യക്തിവിദ്വേഷങ്ങളുമൊക്കെയാണ്‌. എന്നാല്‍ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണക്കുതിപ്പിനെ ഛിന്നഭിന്നമാക്കാന്‍ കാത്തിരുന്ന അമേരിക്കയ്ക്ക്‌ തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ നടത്തിയെടുക്കാന്‍ ഇവയെല്ലാം പശ്ചാത്തലമൊരുക്കി എന്നിടത്താണ്‌ വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിക്കുന്നത്‌. സ്മാര്‍ട്ട്‌ വിജയന്റെ കാമക്കലികലര്‍ന്ന പ്രതികാരനടപടികളുടെ വഴിത്താരയിലൊരിടത്ത്‌ ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞന്‍ ശശികുമാരന്റെ ഫോണ്‍ നമ്പര്‍ തെളിഞ്ഞു വന്നപ്പോഴാണ്‌ ചാരക്കഥയുടെ ബീജാവാപം നടന്നത്‌.ദേശാഭിമാനിയും തനിനിറവും മാത്രമാണ്‌ ആ വാര്‍ത്ത സ്കൂപ്‌ ആയി കൊടുത്തത്‌.അത്തരം പത്രങ്ങളില്‍ വരാനുള്ള പ്രാധാന്യം മാത്രമേ യഥാര്‍ത്ഥത്തില്‍ സംഭവങ്ങള്‍ക്കുണ്ടായിരുന്നുള്ളു. എന്നാല്‍ ശശികുമാരനുമായി നിരന്തരം കൊമ്പു കോര്‍ത്തിരുന്ന ഐഎസ്‌ആര്‍ഒ ബാംഗ്ലൂര്‍ യൂണിറ്റിലെ ഒരു ഐഎഎസ്‌ ഓഫീസറുടെ ചെവിയില്‍ ഈ വാര്‍ത്ത എത്തിയതോടെയാണ്‌ പ്രശ്നത്തിന്‌ ആദ്യത്തെ വക്രീകരണം ഉണ്ടാകുന്നത്‌. ആതിരേ,ഇന്ത്യയുടെ ജിഎസ്‌എല്‍വി പ്രോജക്ട്‌ സാക്ഷാത്ക്കരിക്കുമ്പോള്‍ റോക്കറ്റ്‌ നിര്‍മാണത്തിന്റെ ഫാബ്രിക്കേഷന്‍ ജോലികളുടെ കരാര്‍ ലഭിക്കാന്‍ എല്‍&ടി,ഗോദറേജ്‌,എംടിഎആര്‍,ഡബ്ല്യൂഐഎല്‍,എച്ച്‌എഎല്‍,കെല്‍ടെക്‌ എന്നി ആറ്‌ കമ്പനികളാണ്‌ ചരട്‌ വലിച്ചിരുന്നത്‌.ഇതില്‍ ആരെ ഉത്തരവാദിത്തം ഏല്‍പ്പിക്കണമെന്ന്‌ നിര്‍ണയിക്കാന്‍ ശശികുമാരനും നേരത്തെ സൂചിപ്പിച്ച ഐഎഎസ്‌ ഓഫീസറും അടക്കമുള്ള 15 അംഗകമ്മിറ്റി രൂപീകരിച്ചിരുന്നു.മാസങ്ങളായി കൂടിയാലോചിച്ചിട്ടും രണ്ട്‌ കമ്പനികളെ ഷോര്‍ട്ട്‌ ലിസ്റ്റ്‌ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.അതിന്‌ സവിശേഷമായ കാരണവുമുണ്ടായിരുന്നു. കമ്മിറ്റിയിലെ ഒരു വിഭാഗത്തിന്‌ , ആതിരേ,എംടിഎആര്‍(Machine Tools Aid Reconditioning)ആയിരുന്നു പഥ്യം.രവീന്ദ്ര റെഢിയായിരുന്നു ഉടമ.ഇയാള്‍ പക്ഷെ ബഹിരാകാശ ഉപകരണങ്ങളും സേവനങ്ങളും ഉപദേശവും നല്‍കാന്‍ രൂപീകരിച്ച്‌ ആന്റ്രിക്സ്‌ കോര്‍പ്പറേഷന്റെ ഡയറക്ടര്‍മാരില്‍ ഒരാളുമായിരുന്നു.കോണ്‍ട്രാക്ടറായും ഡയറക്ടറായും ഇരട്ട വേഷമുള്ള രവീന്ദ്ര റഢിയെ ഫാബ്രിക്കേഷന്‍ പണികള്‍ ഏല്‍പ്പിക്കുന്നതില്‍ ശശികുമാരന്‍ വിമുഖതകാട്ടി.ഇക്കാര്യം ശശികുമാരന്‍ രേഖാമുലം കമ്മിറ്റിയെ അറിയിക്കുകയും ചെയ്തു. ചാരക്കേസ്‌ പത്രവാര്‍ത്തയാകുന്നതിന്റെ 10 ദിവസം മുന്‍പ്‌ നടന്ന മീറ്റിംഗില്‍ രവീന്ദ്ര റഢിയുടേ പേരില്‍ ശശികുമാരനും ഈ ഐഎഎസ്‌ ഓഫീസറും തമ്മില്‍ കൊമ്പു കോര്‍ക്കുകയുണ്ടായി.അന്ന്‌ ഐഎഎസ്‌ ഓഫീസര്‍ക്ക്‌ ശശികുമാരന്റെ മുന്നില്‍ മുട്ടു മടക്കേണ്ടി വന്നു.പ്രതികാരദാഹിയായി അയാള്‍ കാത്തിരിക്കുമ്പോഴാണ്‌ മറിയം റഷീദ എന്ന ചാരവനിതയുമായി ശശികുമാരനെ ബന്ധിപ്പിച്ചു കൊണ്ട്‌ വാര്‍ത്ത വന്നത്‌.രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല്‍ ആയപ്പോള്‍ ഐഎഎസ്‌ ഓഫീസര്‍ക്ക്‌ സന്തോഷമടക്കാനായില്ല.അയാള്‍ 1994 നവംബര്‍മൂന്ന്‌, നാല്‌ തിയതികളില്‍ തിരുവനന്തപുരത്ത്‌ താമസിച്ച്‌ കേരളത്തിലെ ഇന്റലിജന്‍സ്‌ ബ്യൂറോ ഉദ്യോഗസ്ഥരെ കണ്ട്‌ വിശദമായി ചര്‍ച്ച നടത്തി ഒരു റിപ്പോര്‍ട്ടുമായി ബാംഗ്ലൂരിലേയ്ക്ക്‌ മടങ്ങി. അതേസമയം മറിയം റഷീദ എന്ന ചാരവനിതയുടെ തിരുവനന്തപുരത്തെ താമസവും ശശികുമാരനുമായുള്ള ബന്ധവുമൊക്കെ തങ്ങള്‍ക്ക്‌ കണ്ടെത്താന്‍ കഴിയാതെ പോയതില്‍ അതീവ ഹതാശരായിരുന്നു ഐബിയുടെ കേരളാ ഘടകം.അതു കൊണ്ട്‌ തന്നെ ലോക്കല്‍ പോലീസ്‌ കണ്ടെത്തിയ ചാരപ്രവര്‍ത്തനം അവര്‍ ഏറ്റെടുക്കുകയും തങ്ങളുടെ മിടുക്കുകാട്ടാന്‍ നിയമവിരുദ്ധമായ മാര്‍ഗ്ഗങ്ങളിലൂടെ ചരിക്കുകയും ചെയ്തു.ഇവരുമായാണ്‌ ഐഎഎസ്‌ ഓഫീസര്‍ ചര്‍ച്ച ചെയ്ത്‌ റിപ്പോര്‍ട്ട്‌ ശേഖരിച്ചതെന്നോര്‍ക്കുക. ഈ സമയത്തു തന്നെയാണ്‌, ആതിരേ, അന്നത്തെ ഇന്റലിജന്‍സ്‌ ബ്യൂറോ ദേശീയ തലവന്‍ എം.കെ.ധര്‍, തന്റെ ഔദ്യോഗിക കാലാവധി നീട്ടിയെടുക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്നത്‌.അതിനായി നടത്തിയ രണ്ട്‌ ശക്തമായ ശ്രമങ്ങള്‍ ചീറ്റിപ്പോയതിനെ തുടര്‍ന്ന്‌ അദ്ദേഹവും നിരാശതയിലാഴന്നിരിക്കുകയായിരുന്നു.തിരുവനന്തപുരത്ത്‌ നടക്കുന്ന സംഭവങ്ങള്‍ അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥര്‍ സവിസ്തരം അറിയിക്കുന്നുണ്ടായിരുന്നു. ബാംഗ്ലൂരില്‍ തിരികയെത്തിയ ഐഎഎസ്‌ ഓഫീസര്‍ നീട്ടിപ്പിടിച്ച്‌ ഒരു റിപ്പോര്‍ട്ട്‌ തയ്യാറാക്കി ഇന്റലിജന്‍സ്‌ ബ്യൂറോ തലവന്‍ ധറിന്‌ അയച്ചു കൊടുത്തു.ശശികുമാരനോട്‌ പ്രതികാരം ചെയ്യാനാണ്‌ അയാള്‍ ആഗ്രഹിച്ചത്‌.അതു കൊണ്ട്‌ ഇന്ത്യയുടെ മിസെയില്‍ രഹസ്യങ്ങളാണ്‌ ശശികുമാരനും സംഘവും പാകിസ്ഥാനിലേയ്ക്ക്‌ കടത്താന്‍ ശ്രമിക്കുന്നതെന്ന്‌ ആ ഐഎഎസ്‌ ഓഫീസര്‍ ' ആധികാരികമായി 'എഴുതിയറിയിച്ചു.തന്റെ പദവിയില്‍ തുടരാന്‍ ഇതുതന്നെ പറ്റിയ സന്ദര്‍ഭമെന്ന്‌ ധറിന്റെ മനസ്സില്‍ 'ലഡ്ഡു പൊട്ടി'! ധര്‍ തിരുവനന്തപുരത്ത്‌ പറന്നിറങ്ങി.ഐഎസ്‌ആര്‍ഒ ചാരക്കേസിന്റെ അന്വേഷണം നേരിട്ടേറ്റെടുത്തു.അമേരിക്കയുടെ സമയമങ്ങനെ സുഗമമായി ആഗതമായി.ഐഎസ്‌ആറോയിലും ഐബിയിലും അമേരിക്കന്‍ ചാരസംഘടന പോറ്റിപ്പുലര്‍ത്തിയിരുന്നവര്‍ പുതിയ പേരുകള്‍ ധറിന്‌ നല്‍കി.ഇല്ലാക്കഥകളാല്‍ ഇന്റലിജന്‍സ്‌ ബ്യൂറോ തലവന്റെ കണ്ണുമഞ്ഞളിപ്പിച്ചു.അമേരിക്കയുടെ ഹിഡന്‍ അജണ്ട തിരിച്ചറിയാനാകാതിരുന്ന ധര്‍ തന്റെ ഐബി ചീഫ്‌ പദവി രണ്ട്‌ വര്‍ഷത്തേയ്ക്ക്‌ കൂടി നീട്ടിയെടുക്കാന്‍ കഴിയുമെന്ന്‌ തിരിച്ചറിഞ്ഞ്‌ അന്വേഷണവും ആരംഭിച്ചു. കാമമോഹിതനായ പോലീസ്‌ ഇന്‍സ്പെക്ടര്‍,ലോക്കല്‍ പോലീസിനെ 'ഇരുത്താന്‍' ആഗ്രഹിച്ച കേരളത്തിലെ ഐബി ഘടകം,ശശികുമാരന്‌ പണികൊടുക്കാന്‍ ആഗ്രഹിച്ച ഐഎഎസ്‌ ഓഫീസര്‍,തന്റെ പദവിയില്‍ രണ്ടു വര്‍ഷം കൂടി തുടരാന്‍ കൊതിച്ച ധര്‍-ദൂഷിത വൃത്തമല്ല,ദൂഷിത ചതുഷ്കോണം തന്നെ തീര്‍ക്കപ്പെട്ടു. ഗ്ലാവ്കോസ്മോസില്‍ നിന്ന്‌ ഇന്ത്യ സ്വീകരിക്കുന്നത്‌ മിസെയില്‍ ടെക്നോളജിയല്ല,റോക്കറ്റ്‌ ടെക്നോളജിയാണെന്ന്‌ ഇവര്‍ വിസ്മരിച്ചു.ചിത്രങ്ങളും വിവരണങ്ങളും കൊണ്ട്‌ മാത്രം റോക്കറ്റ്‌ സംയോജനവും വിക്ഷേപണവും സാദ്ധ്യമല്ലെന്ന അടിസ്ഥാന വിവരം ഇവര്‍ ഗൗരവത്തിലെടുത്തില്ല.ഇന്ധനം നിറയ്ക്കാന്‍ 48 മണിക്കൂര്‍ വേണ്ടി വരുന്ന ഒരു യുദ്ധോപകരണം,യുദ്ധരംഗത്ത്‌ അനുചിതവും അസംബന്ധവുമാണെന്ന പ്രായോഗിക ജ്ഞാനം ഇവര്‍ക്കില്ലാതെ പോയി.ചാരക്കഥയുടെ അന്വേഷണത്തിനങ്ങനെ കൊഴുപ്പുകൂടി. ഇതിനിടയില്‍ സ്മാര്‍ട്ട്‌ വിജയന്‍ മറിയം റഷീദയെ ഐബിക്ക്‌ കൈമാറി.ഐബിയുടെ നിര്‍ദേശപ്രകാരം കേരള പോലീസ്‌ ബാംഗ്ലൂരില്‍ നിന്ന്‌ മറിയം റഷീദയുടെ സുഹൃത്തായ ഫൗസിയയെ ബലമായി തിരുവനന്തപുരത്ത്‌ കൊണ്ടു വന്നു.ഐബിയുടെ നിര്‍ദേശപ്രകാരം വഞ്ചിയൂര്‍ പോലീസ്‌ 246/94 എന്ന നമ്പറില്‍ എഫ്‌ഐആര്‍ തയ്യറാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.ഫൗസിയ ഒന്നാം പ്രതി.മറിയം റഷീദ രണ്ടാം പ്രതി.1923ലെ ഒഫിഷ്യല്‍ സീക്രട്ട്‌ ആക്ടിന്റെ മൂന്നും നാലും വകുപ്പുകളും ഐപിസി 34-ാ‍ം സെക്ഷനും അനുസരിച്ചാണ്‌ കുറ്റപത്രം തയ്യാറാക്കിയത്‌.ചാരക്കേസ്‌ അന്വേഷണത്തിന്‍ീ‍ ഔദ്യോഗിക തുടക്കം .പമ്പരവിഡ്ഡിത്തം നിറഞ്ഞ ഈ പ്രഥമവിവര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്‌, ആതിരേ, പിന്നീട്‌ കോടതി ഐഎസ്‌ആര്‍ഒ ചാരക്കേസ്‌ കെട്ടുകഥയാണെന്ന്‌ വിധിയെഴുതിയതും നാളെ:വിവരക്കേടും വിഢിത്തവും ഇന്റലിജന്‍സായപ്പോള്‍:

No comments: