Tuesday, September 18, 2012

നെല്‍വയലുകള്‍ മതിയോ, നെല്‍കൃഷി വേണ്ടേ...?

ഒരു നെല്‍ കര്‍ഷകന്റെ ഭാഗത്തുനിന്ന്‌ ചിന്തിക്കുമ്പോള്‍ വയലുകളും നീര്‍ത്തടങ്ങളും സംരക്ഷിച്ചാല്‍ മാത്രം മതിയോ നെല്‍കൃഷി സംരക്ഷിക്കേണ്ടതില്ലേ എന്ന ചോദ്യമാണ്‌ പ്രസക്തം. ഇന്ന്‌ മലയാളിക്ക്‌ ഒരു ഉരുള ചോറുണ്ണണമെങ്കില്‍ തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും അരി വരേണ്ട ഗതികേടാണ്‌. അവിടങ്ങളില്‍ നെല്‍കൃഷി ലാഭകരമായി നടത്താമെങ്കില്‍ എന്തുകൊണ്ട്‌ കേരളത്തില്‍ അതിന്‌ ഉപയുക്തമായ സാഹചര്യം സൃഷ്ടിക്കപ്പെടുന്നില്ല എന്നതാണ്‌ അടുത്ത ചോദ്യം. നെല്‍കര്‍ഷകനെ സംരക്ഷിച്ച്‌ നെല്‍കൃഷി വ്യാപകമാക്കിയാല്‍ അത്‌ വികസനമാകില്ല എന്നുണ്ടോ? ഇക്കാര്യത്തില്‍ ഭരണപ്രതിപക്ഷ കക്ഷികള്‍ക്കും പുതിയ ഉല്‍പ്പന്നമായ ഹരിതരാഷ്ട്രീയക്കാര്‍ക്കും വികസനത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ഐഎഎസ്‌ ഏമാന്മാര്‍ക്കും സ്വീകാര്യമായ മറുപടിയില്ല. ആ സാഹചര്യത്തില്‍ നെല്‍വയലുകള്‍ വില്‍ക്കാന്‍ തയ്യാറാകുന്ന കര്‍ഷകരെ എങ്ങനെ കുറ്റപ്പെടുത്താന്‍ കഴിയും ? പരിസ്ഥിതി സംരക്ഷണത്തിന്റെ സുവിശേഷങ്ങള്‍ ഘോഷിച്ചാല്‍ പോര നെല്‍കൃഷി വ്യാപകമാക്കാനും നെല്‍കര്‍ഷകരെ സംരക്ഷിക്കാനും രാഷ്ട്രീയ ഭരണ സംവിധാനങ്ങള്‍ ഇച്ഛാശക്തി പ്രദര്‍ശിപ്പിക്കണം,പദ്ധതികള്‍ നടപ്പിലാക്കണം.അപ്പോള്‍ നെല്‍വയലുകളും നീര്‍ത്തടങ്ങളും കര്‍ഷകര്‍ തന്നെ സംരക്ഷിച്ചു കൊള്ളും. പക്ഷേ ആ വിവേകമാണ്‌ നമുക്കില്ലാത്തത്‌;നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക്‌ അന്യമായത്‌...
ആതിരേ,കേന്ദ്ര പ്ലാനിങ്ങ്‌ കമ്മീഷന്‍ ഉപാധ്യക്ഷനും മൂലധന ചൂഷകരുടെ ദല്ലാളുമായ മൊണ്ടേക്ക്‌ സിങ്ങ്‌ അഹ്ലുവാലിയയുടെ വാക്കുകളില്‍ തുടങ്ങാം: "കേരളത്തില്‍ പരമ്പരാഗത നെല്‍വയലുകള്‍ ആവശ്യമില്ല." എമേര്‍ജിങ്ങ്‌ കേരള എന്ന ഭൂലോക ഉഡായിപ്പ്‌ സംരംഭകപദ്ധതിക്ക്‌ വേണ്ടി വാദിച്ചപ്പോഴാണ്‌ അഹ്ലുവാലിയയുടെ ഉള്ളിലിരിപ്പ്‌ പുറത്തു വന്നത്‌. നെല്‍വയലുകളും നീര്‍ത്തടങ്ങളും നികത്തി ,വിനാശകരമായ വികസനം കൊണ്ടുവരാനുള്ള കുതന്ത്രമാണ്‌ എമേര്‍ജിങ്‌ കേരള എന്ന ആരോപണത്തിന്റെ മുനയൊടിക്കാന്‍ വേണ്ടിയായിരുന്നു അഹ്ലുവാലിയ ഇത്തരം ഒരു നിരീക്ഷണം നടത്തിയത്‌. നെല്‍വയലുകള്‍ കൃഷി ചെയ്യാതെ തരിശിട്ടിരിക്കുന്നത്‌ അഹ്ലുവാലിയയുടെയും എമേര്‍ജിങ്‌ കേരള ചാമ്പ്യന്‍മാരുടെയും അവകാശവാദത്തിന്‌ പരപ്പേറിയ സ്വീകാര്യത നല്‍കുന്നുണ്ടെന്നത്‌ വാസ്തവമാണ്‌.നെല്‍വയലുകളും നീര്‍ത്തടങ്ങളും നദീതീരങ്ങളും ദ്വീപുകളും കണ്ടല്‍ക്കാടുകളും സംരക്ഷിക്കേണ്ടത്‌ ഇന്നിന്റെ പാരിസ്ഥിതിക ആവശ്യം മാത്രമല്ല, വരുംതലമുറയുടെ നിലനില്‍പ്പിന്റെ അനിവാര്യതയാണ്‌. അതുകൊണ്ട്‌ എന്തിന്റെ പേരിലായാലും ഇവ കൈയ്യേറി നശിപ്പിക്കുന്നത്‌ അനുവദിക്കാന്‍ കഴിയുകയില്ല. പരിസ്ഥിതി പ്രവര്‍ത്തകരുടെയും മാനവ സ്നേഹികളുടെയും ഈ വികാരം പങ്കുവച്ചുകൊണ്ട്‌ കര്‍ഷകന്റെ ഭൂമികയില്‍ നിന്നുവേണം, ആതിരേ, ഇനി പറയുന്ന കാര്യങ്ങള്‍ വിലയിരുത്തേണ്ടത്‌. കര്‍ഷക സംസ്ഥാനമാണ്‌ കേരളം. കൃഷി എന്നാല്‍ നെല്‍കൃഷി എന്നൊരു കാലഘട്ടം കേരളത്തില്‍ ഉണ്ടായിരുന്നു. നെല്‍കൃഷി നഷ്ടത്തിലായതോടെയാണ്‌ മറ്റ്‌ നാണ്യവിളകളിലേക്ക്‌ കര്‍ഷകന്റെ ശ്രദ്ധ തിരിഞ്ഞത്‌. കുട്ടനാടും പാലക്കാടും ആണ്‌ കേരളത്തിന്റെ നെല്ലറകളെന്ന്‌ വിശേഷിപ്പിക്കുന്നതെങ്കിലും ഇടുക്കിയും വയനാടും അടക്കമുള്ള ഹൈറേഞ്ച്‌ മേഖലകളില്‍ പോലും നെല്‍കൃഷി വ്യാപകവും ലാഭകരവുമായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. പാലക്കാടും കുട്ടനാടും ഇരുപ്പൂ കൃഷിയായിരുന്നു. ഒരുവര്‍ഷം രണ്ടുതവണ കൃഷി. മറ്റിടങ്ങളില്‍ വര്‍ഷത്തില്‍ ഒരു പ്രാവശ്യവും. നെല്‍കൃഷിയുടെ ഭാഗമായി വയല്‍ ഒരുക്കുന്നതും വിതയ്ക്കുന്നതും കളപറിക്കുന്നതും വളം ഇടുന്നതും കേരളീയന്റെ ജീവിതചര്യയുടെ അനുപേക്ഷണീയമായ ഘടകവും ആഘോഷവുമായിരുന്ന കാലമുണ്ടായിരുന്നു. അന്ന്‌ ധനാഢ്യരുടെ മാത്രമല്ല സാധാരണക്കാരുടെ വീടുകളിലും പത്തായം ഉണ്ടായിരുന്നു. കൊയ്ത നെല്ല്‌ പത്തായത്തില്‍ സൂക്ഷിച്ച്‌ പിന്നീട്‌ പുഴുങ്ങി കുത്തി അരിയാക്കി ഉപയോഗിച്ചിരുന്ന നാളുകള്‍ ഇന്ന്‌ ഓര്‍മ്മയിലാണെങ്കിലും അതായിരുന്നു നെല്‍കൃഷിയുടെ സവിശേഷത. വര്‍ഷകാലത്ത്‌ ഒരു കോപ്പ കഞ്ഞിവെള്ളം കുടിക്കാനുള്ള വക ഇത്തരത്തില്‍ സ്വരൂപിച്ച്‌ വയ്ക്കുകയും ചെയ്തിരുന്നു. ആതിരേ,വന്‍കിട കര്‍ഷകരെക്കാള്‍ അരയേക്കറും ഒരേക്കറും രണ്ടേക്കറും വയല്‍ സ്വന്തമായി ഉണ്ടായിരുന്നവരായിരുന്നു ഭൂരിപക്ഷം നെല്‍കര്‍ഷകരും. നെല്‍കൃഷി സജീവമായിരുന്ന കാലത്തും സാധാരണ കര്‍ഷകന്‌ കടവും ദുരിതവും മാത്രമായിരുന്നു. പത്തായത്തില്‍ ശേഖരിക്കാന്‍ കഴിഞ്ഞിരുന്നത്‌. കൃഷി നാശവും വിളവു കുറവും അന്നും നെല്‍കര്‍ഷകനെ വിയര്‍പ്പിച്ച വിഷമിപ്പിച്ച പ്രകൃതി ദുരന്തങ്ങളായിരുന്നു. എന്നാല്‍, അതിനെയെല്ലാം തരണം ചെയ്ത്‌ പിടിച്ചു നില്‍ക്കാന്‍ കഴിയുന്ന ഒരു കാര്‍ഷീകസാഹചര്യം കേരളത്തില്‍ ഉണ്ടായിരുന്നു. പില്‍ക്കാലത്ത്‌ പ്രകൃതിയുടെ വികൃതികള്‍ക്കൊപ്പം തൊഴില്‍ പ്രശ്നവും രാസവള വിലവര്‍ദ്ധനയും നെല്‍കൃഷി ചെയ്യാന്‍ ആളെ കിട്ടാത്ത അവസ്ഥയും വെട്ടുക്കിളികളെ പോലെ ഒന്നിച്ചെത്തിയപ്പോള്‍ നെല്‍കൃഷി വന്‍ നഷ്ടമാകുകയും ചെറുകിട കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുകയും നെല്‍വയലുകള്‍ തരിശിടാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. വിദ്യാഭ്യാസത്തിലൂടെ ലഭിച്ച തൊഴില്‍പരമായ പുതുസാധ്യതകള്‍ മുതലെടുത്ത്‌ കേരളത്തിലെ യുവാക്കള്‍ പ്രവാസികളാകുകയും അവരില്‍ നിന്നുള്ള സാമ്പത്തിക സഹായം നെല്‍കൃഷി ഉള്‍പ്പെടെയുള്ള കൃഷിയിലേര്‍പ്പെടാതെ ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്തപ്പോഴാണ്‌ കേരളത്തില്‍ നെല്‍വയലുകള്‍ വ്യാപകമായ തോതില്‍ തരിശിടാന്‍ തുടങ്ങിയത്‌. നെല്‍കൃഷി സജീവമായിരുന്ന കാലത്ത്‌ ഒരു സെന്റ്‌ വയലിന്‌ 100-150 രൂപയായിരുന്നു വില എന്നാല്‍,ആതിരേ, പ്രവാസി മലയാളികളുടെ പണത്തിന്റെ വരവ്‌ വര്‍ദ്ധിക്കുകയും റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്‌ തഴച്ചു വളരുകയും ചെയ്തപ്പോള്‍ സെന്റിന്‌ 10,000ത്തിലധികം രൂപ ലഭിക്കുന്ന അവസ്ഥ സംജാതമായി. അപ്പോഴാണ്‌ നെല്‍വയലുകള്‍ വിറ്റ്‌ ആ പണം കൂടി സ്വര്‍ണ്ണമായും ബാങ്ക്‌ അക്കൗണ്ടുകളായും സൂക്ഷിക്കാനുള്ള പ്രവണത മലയാളിയില്‍ ശക്തമായത്‌. ഈ താല്‍പ്പര്യം മുതലെടുത്തുകൊണ്ടാണ്‌ ഭൂമാഫിയയും റിയല്‍ എസ്റ്റേറ്റ്‌ മാഫിയയുമൊക്കെ വന്‍തോതില്‍ നെല്‍വയലുകള്‍ വാങ്ങിക്കൂട്ടി നികത്തി ബഹുനില കോണ്‍ക്രീറ്റ്‌ മന്ദിരങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്‌. നെല്‍വയലുകളും നീര്‍ത്തടങ്ങളും അനുബന്ധ ചെറുതോടുകളും നികത്തിയതോടെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ രൂക്ഷമായി. ഇന്ന്‌ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ അസഹ്യമായ കൊതുക്‌ ഭീഷണിയുടെ അടിസ്ഥാന ഘടകം നെല്‍വയല്‍ നികത്തലും നീര്‍ത്തട നികത്തലുമാണ്‌. മുഞ്ഞ ഉള്‍പ്പെടെ നെല്ലിനെ ബാധിക്കുന്ന കീടങ്ങളുടെ വളര്‍ച്ചയ്ക്കും വ്യാപനത്തിനും ഈ പുതിയ നിര്‍മ്മാണ സംസ്കാരം വളം വയ്ച്ചു. പാരിസ്ഥിതിക പ്രശ്നം രൂക്ഷമായ കുടിവെള്ള ദൗര്‍ലഭ്യത്തില്‍ എത്തിനില്‍ക്കുകയാണിപ്പോള്‍. ഇത്തരത്തിലുള്ള ബഹുമുഖ പാരിസ്ഥിതിക ആഘാതങ്ങളും പ്രശ്നങ്ങളും ഇനി രൂക്ഷമാകരുത്‌ എന്ന വീണ്ടുവിചാരത്തില്‍ നിന്നാണ്‌ നെല്‍വയലുകളെയും നീര്‍ത്തടങ്ങളെയും ചെറുതോടുകളെയും താമരക്കുളങ്ങളെയും ഇല്ലിക്കാടുകളെയും കുഞ്ഞാറ്റക്കുരുവികളെയും ചിത്രശലഭങ്ങളെയും സംരക്ഷിക്കണമെന്ന പാരിസ്ഥിതിക ബോധം സാധാരണക്കാരില്‍ പോലും വ്യാപകമായത്‌; നെല്‍വയല്‍ നികത്തലിനെതിരെയുള്ള പ്രതിഷേധവും പ്രതിരോധവും ശക്തമായത്‌. നെല്‍വയല്‍ നികത്തലിനെതിരെ നിയമനിര്‍മ്മാണം നടത്താന്‍ സംസ്ഥാന നിയമസഭയെ നിര്‍ബന്ധിച്ചതും രൂക്ഷമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ തന്നെ. ഖേദകരമെന്ന്‌ പറയട്ടെ ആ നിയമം ലംഘിച്ചുകൊണ്ട്‌ ഭരണകൂടത്തിന്റെയും നിയമസംരക്ഷണ സംവിധാനങ്ങളുടെയും പരോക്ഷ പിന്തുണയോടെയാണ്‌ ഇന്ന്‌ ഭൂമാഫിയ നെല്‍വയല്‍ നികത്തല്‍ വ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്നത്‌. അതിന്‌ ഔദ്യോഗികമായ ഭാഷ്യം നല്‍കുന്നതാണ്‌ എമേര്‍ജിങ്‌ കേരള എന്ന ഉഡായിപ്പ്‌. ഇതെല്ലാം പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട അനിവാര്യ ഘടകങ്ങള്‍ തന്നെയാണ്‌ ആതിരേ. എന്നാല്‍, ഒരു നെല്‍ കര്‍ഷകന്റെ ഭാഗത്തുനിന്ന്‌ ചിന്തിക്കുമ്പോള്‍ വയലുകളും നീര്‍ത്തടങ്ങളും സംരക്ഷിച്ചാല്‍ മാത്രം മതിയോ നെല്‍കൃഷി സംരക്ഷിക്കേണ്ടതില്ലേ എന്ന ചോദ്യമാണ്‌ പ്രസക്തം. ഇന്ന്‌ മലയാളിക്ക്‌ ഒരു ഉരുള ചോറുണ്ണണമെങ്കില്‍ തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും അരി വരേണ്ട ഗതികേടാണ്‌. അവിടങ്ങളില്‍ നെല്‍കൃഷി ലാഭകരമായി നടത്താമെങ്കില്‍ എന്തുകൊണ്ട്‌ കേരളത്തില്‍ അതിന്‌ ഉപയുക്തമായ സാഹചര്യം സൃഷ്ടിക്കപ്പെടുന്നില്ല എന്നതാണ്‌ അടുത്ത ചോദ്യം. നെല്‍കര്‍ഷകനെ സംരക്ഷിച്ച്‌ നെല്‍കൃഷി വ്യാപകമാക്കിയാല്‍ അത്‌ വികസനമാകില്ല എന്നുണ്ടോ? ഇക്കാര്യത്തില്‍ ഭരണപ്രതിപക്ഷ കക്ഷികള്‍ക്കും പുതിയ ഉല്‍പ്പന്നമായ ഹരിതരാഷ്ട്രീയക്കാര്‍ക്കും വികസനത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ഐഎഎസ്‌ ഏമാന്മാര്‍ക്കും സ്വീകാര്യമായ മറുപടിയില്ല. ആ സാഹചര്യത്തില്‍ നെല്‍വയലുകള്‍ വില്‍ക്കാന്‍ തയ്യാറാകുന്ന കര്‍ഷകരെ എങ്ങനെ കുറ്റപ്പെടുത്താന്‍ കഴിയും ? പരിസ്ഥിതി സംരക്ഷണത്തിന്റെ സുവിശേഷങ്ങള്‍ ഘോഷിച്ചാല്‍ പോര നെല്‍കൃഷി വ്യാപകമാക്കാനും നെല്‍കര്‍ഷകരെ സംരക്ഷിക്കാനും രാഷ്ട്രീയ ഭരണ സംവിധാനങ്ങള്‍ ഇച്ഛാശക്തി പ്രദര്‍ശിപ്പിക്കണം,പദ്ധതികള്‍ നടപ്പിലാക്കണം.അപ്പോള്‍ നെല്‍വയലുകളും നീര്‍ത്തടങ്ങളും കര്‍ഷകര്‍ തന്നെ സംരക്ഷിച്ചു കൊള്ളും. പക്ഷേ ആ വിവേകമാണ്‌ നമുക്കില്ലാത്തത്‌;നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക്‌ അന്യമായത്‌...

No comments: