Wednesday, July 4, 2012

നാടന്‍ മീന്‍ രുചികളും കവര്‍ന്നെടുക്കപ്പെടുമ്പോള്‍

കരിമീന്‍, കണമ്പ്‌, തിരുത, വറ്റ, കട്ല, ചെമ്പല്ലി, പുഴനാരന്‍, ചെമ്മീന്‍ തുടങ്ങിയവയായിരുന്നു കായലില്‍ നിന്നും ലഭിച്ചിരുന്ന നാടന്‍ മീനുകള്‍. വാള, മഞ്ഞക്കൂരി, ഏട്ട, കറൂപ്പ്‌, കാരി, വരാല്‍, കുറുവ, പള്ളത്തി, കോലുവ, ആരോന്‍, ചെമ്മീന്‍ തുടങ്ങിയവയായിരുന്നു പുഴകളിലും തോടുകളിലും നിന്ന്‌ ലഭിച്ചിരുന്ന നാടന്‍ പുഴ മീനുകള്‍. മലയാളിയുടെ രുചിഭേദങ്ങളില്‍ ഈ നാടന്‍ മത്സ്യങ്ങള്‍ മാത്രം സ്വാദിന്റ സമ്പുഷ്ടതയായി സാന്നിദ്ധ്യമറിയിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഒരു നേരമെങ്കിലും ഈ മീനുകളില്‍ ഒന്നിന്റെ കറി കൂട്ടാതെ മലയാളി ഭക്ഷണം കഴിച്ചിരുന്നുമില്ല. കാലചക്രത്തിരിവില്‍ മലയാളിക്ക്‌ നഷ്ടപ്പെട്ട അനേകം നന്മകളില്‍ ഈ നാടന്‍ മീന്‍രുചികളും ഇപ്പോള്‍ ഉള്‍പ്പെടുന്നു. വയല്‍ നികത്തിയും തണ്ണീര്‍ തടങ്ങള്‍ തൂര്‍ത്തും ജലാശയങ്ങളിലെ നീരൊഴുക്കുകള്‍ തടസ്സപ്പെടുത്തിയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ അര്‍മാദം വര്‍ദ്ധിച്ചപ്പോള്‍ കായലും പുഴയും അവയുടെ നന്മയായിരുന്ന മീനുകളും, ഓര്‍മ്മയായി തീരുകയാണ്‌ മലയാളികള്‍ക്ക്‌.
ആതിരേ,മഴക്കാലത്തുടക്കത്തില്‍ ആറ്റു തീരങ്ങളും പുഴയോരങ്ങളും ആരവങ്ങള്‍ കൊണ്ട്‌ നിറയും. പുതുവെള്ളത്തില്‍ നീന്തിത്തുടിച്ചെത്തുന്ന ഊത്തപിടിക്കുന്നവരുടെ ആരവമാണത്‌. മഴക്കാലകേരളത്തിന്റെ സവിശേഷതയാണത്‌. എന്നാല്‍, ഈ വര്‍ഷം വയനാട്‌ ജില്ലയൊഴിച്ച്‌ മറ്റൊരിടത്തുനിന്നും ഈ ആരവമുയര്‍ന്നില്ല; കാരണം, മറ്റൊരു ജില്ലയിലും ഇത്തവണ ഊത്തകള്‍ എത്തിയില്ല. പ്രകൃതിയില്‍ മനുഷ്യന്‍ ഏല്‍പ്പിച്ച ആഘാതങ്ങളുടെ തിരിച്ചടിയായി ഊത്തകളും അപ്രത്യക്ഷമായിരിക്കുന്നു. ഇതിനൊപ്പം കൂട്ടി വായിക്കേണ്ടതാണ്‌ അന്യമായിക്കൊണ്ടിരിക്കുന്ന നാടന്‍ മീനുകളും ഊണ്‌ മേശകളില്‍ അവ സമൃദ്ധമാക്കിയിരുന്ന രുചികളും. അതിരേ,കരിമീന്‍, കണമ്പ്‌, തിരുത, വറ്റ, കട്ല, ചെമ്പല്ലി, പുഴനാരന്‍, ചെമ്മീന്‍ തുടങ്ങിയവയായിരുന്നു കായലില്‍ നിന്നും ലഭിച്ചിരുന്ന നാടന്‍ മീനുകള്‍. വാള, മഞ്ഞക്കൂരി, ഏട്ട, കറൂപ്പ്‌, കാരി, വരാല്‍, കുറുവ, പള്ളത്തി, കോലുവ, ആരോന്‍, ചെമ്മീന്‍ തുടങ്ങിയവയായിരുന്നു പുഴകളിലും തോടുകളിലും നിന്ന്‌ ലഭിച്ചിരുന്ന നാടന്‍ പുഴ മീനുകള്‍. മലയാളിയുടെ രുചിഭേദങ്ങളില്‍ ഈ നാടന്‍ മത്സ്യങ്ങള്‍ മാത്രം സ്വാദിന്റ സമ്പുഷ്ടതയായി സാന്നിദ്ധ്യമറിയിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഒരു നേരമെങ്കിലും ഈ മീനുകളില്‍ ഒന്നിന്റെ കറി കൂട്ടാതെ മലയാളി ഭക്ഷണം കഴിച്ചിരുന്നുമില്ല. കാലചക്രത്തിരിവില്‍ മലയാളിക്ക്‌ നഷ്ടപ്പെട്ട അനേകം നന്മകളില്‍ ഈ നാടന്‍ മീന്‍രുചികളും ഇപ്പോള്‍ ഉള്‍പ്പെടുന്നു. അനിയന്ത്രിതവും അശാസ്ത്രീയവും ആസുരവുമായ ലാഭക്കൊതിയോടെ പുഴകളില്‍ നിന്ന്‌ മണല്‍വാരി വിറ്റ്‌ പോക്കറ്റ്‌ നിറച്ചതിന്റെ തിരിച്ചടിയായി കേരളത്തിലെ കായലുകളും പുഴകളും നദികളും ശോഷിക്കുന്നതിനൊപ്പം ഈ നാടന്‍ മീനുകളും അന്യം നിന്നുകൊണ്ടിരിക്കുകയാണ്‌. വയല്‍ നികത്തിയും തണ്ണീര്‍ തടങ്ങള്‍ തൂര്‍ത്തും ജലാശയങ്ങളിലെ നീരൊഴുക്കുകള്‍ തടസ്സപ്പെടുത്തിയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ അര്‍മാദം വര്‍ദ്ധിച്ചപ്പോള്‍ കായലും പുഴയും അവയുടെ നന്മയായിരുന്ന മീനുകളും, ആതിരേ ഓര്‍മ്മയായി തീരുകയാണ്‌ മലയാളികള്‍ക്ക്‌. സംസ്ഥാനത്ത്‌ പ്രതിവര്‍ഷം 75000-100000 ടണ്‍ വരെയായിരുന്നു നാടന്‍ മീനുകളുടെ ഉല്‍പ്പാദനം. എറണാകുളം ജില്ലയില്‍ മാത്രം പ്രതിമാസം 1000 ടണ്‍ നാടന്‍ മീന്‍ ലഭിച്ചിരുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തെ നദീഖനനം മൂലം എറണാകുളം ജില്ലയില്‍ മാത്രം ഉള്‍നാടന്‍ മത്സ്യസമ്പത്ത്‌ 40 ശതമാനമാണ്‌ കുറഞ്ഞിരിക്കുന്നത്‌. ഇപ്പോള്‍ കൊച്ചി കായലിലും വേമ്പനാട്ട്‌ കായലിലും നിന്നും ചെമ്മീന്‍ കെട്ടുകളില്‍ നിന്നും പൊക്കാളി കെട്ടുകളില്‍ നിന്നും ഒരു മാസം കഷ്ടിച്ച്‌ 200 ടണ്‍ നാടന്‍ മത്സ്യമാണ്‌ ലഭിക്കുന്നത്‌. ആതിരേ,മണല്‍വാരി മണിമാളികകളും ബഹുനില മന്ദിരങ്ങളും ഷോപ്പിംഗ്‌ കോംപ്ലക്സുകളും നിര്‍മ്മിച്ച്‌ അഹങ്കരിക്കുന്നതിന്‌ ആനുപാതികമായി കായലിന്റെയും നദിയുടെയും പുഴയുടെയും അടിത്തട്ട്‌ ചെളികൊണ്ട്‌ നിറയുകയാണ്‌. അടിത്തട്ടിലെ മണലിലാണ്‌ നാടന്‍ മീനുകള്‍ മുട്ടയിട്ട്‌ പെരുകുക. ചെളിയില്‍ ഇടുന്ന മുട്ടകളില്‍ 90 ശതമാനവും നശിച്ചുപോകുന്നതുകൊണ്ടാണ്‌ ഉള്‍നാടന്‍ മത്സ്യസമ്പത്തില്‍ ഇത്രയധികം ഇടിവ്‌ സംഭവിച്ചിട്ടുള്ളത്‌. വാള ഒരു മണ്‍സൂണ്‍ കാലത്ത്‌ പതിനായിരത്തിലേറെ മുട്ടയാണ്‌ ജലാശയങ്ങളില്‍ നിക്ഷേപിക്കുക. മറ്റു മത്സ്യങ്ങള്‍ അയ്യായിരത്തില്‍ കുറയാത്തതും. ഇപ്പോള്‍ വാളയുടെയും മറ്റു മത്സ്യങ്ങളുടെയും എണ്ണത്തിലുണ്ടായ ഗണ്യമായ കുറവ്‌ അവയുടെ പുതുതലമുറയുടെ എണ്ണത്തിലും ആനുപാതികമായ കുറവ്‌ വരുത്തിയിരിക്കുകയാണ്‌. കായലും നദികളും കഴിഞ്ഞാല്‍ തോടുകളും ചാലുകളും പാടശേഖരങ്ങളുമായിരുന്നു ഉള്‍നാടന്‍ മത്സ്യസമ്പത്തിന്റെ നഴ്സറി. എന്നാല്‍, വ്യാപകമായി നിലം നികത്തിയതോടെ ഇടതോടുകളും പുഴകളും പായലും പുല്ലും പിടിച്ച്‌ ഒഴുക്കു നിലച്ച്‌ നശിച്ച അവസ്ഥയിലാണ്‌. നീര്‍ത്തടങ്ങളുടെയും നീര്‍ച്ചാലുകളുടെയും വിസ്തൃതി കുറഞ്ഞു. നെല്‍പ്പാടങ്ങള്‍ അപ്രത്യക്ഷമായതോടെ അവയ്ക്ക്‌ ഓരം ചേര്‍ന്ന്‌ ഒഴുകിയിരുന്ന ചെറുചാലുകളും ഇല്ലാതായി. പലയിടത്തും ഈ ചാലുകള്‍ നികത്തിയാണ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌. തോടുകളും നദികളും ഭൂമാഫിയയുടെ കൈയ്യേറ്റത്തിനിരയായി ശോഷിച്ചുശോഷിച്ചില്ലാതെയായി. വെള്ളത്തില്‍ ചെളിയും മാലിന്യങ്ങളും നിറഞ്ഞ്‌ മീനുകള്‍ക്ക്‌ ജീവിക്കാന്‍ പോലും പറ്റാത്ത സാഹചര്യമായി. ഇന്ന്‌ നഗരവല്‍കൃത ജീവിതത്തിന്റെ അനിവാര്യതയായ ഗൃഹമാലിന്യങ്ങളും ഹോട്ടല്‍ മാലിന്യങ്ങളും സെപ്റ്റിക്‌ ടാങ്ക്‌ മാലിന്യങ്ങളും അറവ്‌ അവശിഷ്ടങ്ങളും കൊണ്ടു തള്ളുന്നത്‌ ഈ ചാലുകളിലും നദികളിലുമാണ്‌. ആ രീതിയിലും മലിനീകരിക്കപ്പെട്ടു കഴിഞ്ഞു പുഴജലവും നദീജലവും. ഓക്സിജന്റെ അളവ്‌ ക്രമാതീതമായി കുറയുകയും വിഷവായുക്കള്‍ ജലത്തില്‍ കലരുകയും ചെയ്തതോടെ ആതിരേ, ഉള്‍നാടന്‍ മത്സ്യസമ്പത്തിലെ അംഗങ്ങള്‍ ഒന്നൊന്നായി നശിച്ചുകൊണ്ടിരിക്കുന്നു; അവശേഷിക്കുന്നവ അന്യം നില്‍പ്പിന്റെ ഭീഷണി നേരിടുന്നു. വ്യവസായങ്ങളുടെ വളര്‍ച്ചയും വികാസവും നാടിന്റെ പുരോഗതിയുടെ ആണിക്കല്ലും സൂചികയും ആകുമ്പോള്‍ തന്നെ അവ സൃഷ്ടിക്കുന്ന മലിനീകരണം മനുഷ്യര്‍ം മൃഗങ്ങളേയും മാത്രമല്ല നദിയിലെ ഈ ചെറു മീനുകളെപ്പോലും ശ്വാസം മുട്ടിച്ച്‌ കൊല്ലുകയാണ്‌. നിയന്ത്രണമില്ലാതെ വ്യവസായ ശാലകളില്‍ നിന്നുള്ള രാസപദാര്‍ത്ഥങ്ങളും മറ്റ്‌ മാലിന്യങ്ങളും ഇന്ന്‌ നദികളിലാണ്‌ തള്ളുന്നത്‌. ഇത്തരം മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാനും റീസൈക്കിള്‍ ചെയ്യാനും നിരവധി ശാസ്ത്രീയ മാര്‍ഗ്ഗങ്ങളുണ്ട്‌. നദീജല സംരക്ഷണത്തിനായി പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്‌ നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്‌. എന്നാല്‍, അക്രമോത്സുകമായ ലാഭക്കൊതിയില്‍ ഇതെല്ലാം അവഗണിച്ച്‌ മാലിന്യങ്ങള്‍ നദിയിലും തോട്ടിലും കായലിലും തള്ളി ഞെളിയുന്ന സാമൂഹിക വിരുദ്ധതയുടെ ബലി മൃഗങ്ങളാണ്‌ ഈ കുഞ്ഞുമത്സ്യങ്ങള്‍. പെരിയാറിലെ ജലത്തിന്റെ നിറവ്യത്യാസവും രാസമാലിന്യങ്ങള്‍ കലര്‍ന്ന്‌ ഓക്സിജന്‍ കുറയുന്നതുമെല്ലാം വാര്‍ത്തയും ചിത്രങ്ങളും മാത്രമാണ്‌ നമുക്ക്‌. മലിനീകരിക്കപ്പെട്ട ഈ ജലത്തില്‍ ചത്തുപൊന്തുന്ന മീനുകളും കേവല കാഴ്ചകളായി പരിണമിച്ചു കഴിഞ്ഞു. പ്രകൃതിയെ നശിപ്പിച്ചും പ്രകൃതി വിഭവങ്ങള്‍ അന്യായമായി ചൂഷണം ചെയ്തും സ്വാര്‍ത്ഥതയുടെ കരാള രൂപങ്ങളായി മനുഷ്യന്‍ മാറുമ്പോള്‍ അവന്റെ ലാഭപ്പെരുക്ക പരിപാടികള്‍ അവനും അയല്‍വാസിക്കും മൃഗജാലങ്ങള്‍ക്കും സസ്യജാലങ്ങള്‍ക്കും പാപവും ശാപവുമായി പതിച്ചുകൊണ്ടിരിക്കുന്നതിന്റെ പരിണതികൂടിയാണ്‌ ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യസമ്പത്തിന്റെ അപായകരമായ ഈ കുറവ്‌. ഉള്‍നാടന്‍ മത്സ്യസമ്പത്ത്‌ ഉപജീവന മാര്‍ഗ്ഗമാക്കിയ രണ്ടായിരത്തിലധികം കുടുംബങ്ങള്‍ എറണാകുളം ജില്ലയില്‍ മാത്രമുണ്ട്‌. മുന്‍കാലങ്ങളില്‍ പ്രതിദിനം രണ്ടായിരം രൂപ വരെ മീന്‍ വിറ്റ്‌ സമ്പാദിച്ചിരുന്ന ഇവര്‍ക്ക്‌ ഇന്ന്‌ ദിവസേന 50 രൂപ പോലും ലഭിക്കുന്നില്ല. ക്രൂരതമുറ്റിയ ലാഭക്കൊതിയോടെ ജലാശയങ്ങളെ ചൂഷണം ചെയ്യുമ്പോള്‍ ഇങ്ങനെ സമൂഹത്തിലെ അടിത്തട്ടിലെ ഒരു വിഭാഗം മാത്രമല്ല, കായലിലേയും നദിയിലേയും പുഴയിലേയും ചെറുചാലിലെയും വയലിലെയും ചെറു മത്സ്യങ്ങളും വരെയാണ്‌ എന്നേയ്ക്കുമായി നശിപ്പിക്കപ്പെടുന്നത്‌. ലാഭക്കൊതി മൂക്കുമ്പോള്‍ നഷ്ടപ്പെടുന്ന പ്രകൃതിയുടെ നന്മകളില്‍, ആതിരേ, ഇന്ന്‌ നിറയുന്നത്‌ നാടന്‍ പുഴ മീനിന്റെ കൊതിയൂറുന്ന രുചികളാണല്ലോ....

No comments: