Thursday, July 12, 2012

പി.സി.ജോര്‍ജും ഗണേഷ്കുമാറും കത്തുന്ന ഈ സത്യം കാണാത്തതെന്ത്‌ ?

ആവശ്യത്തിന്‌ ഭക്ഷണമോ വസ്ത്രമോ നല്‍കാതെയുള്ള കൊടിയ ചൂഷണത്തിന്റെ ഇരകളാണ്‌ തോട്ടം മേഖലയിലെ പട്ടിണി ലയങ്ങളിലെ ഈ പരിതാപ ജന്മങ്ങള്‍. ജനിച്ചുപോയതുകൊണ്ടും ജനിച്ച ഉടന്‍ മരിക്കാതിരുന്നതുകൊണ്ടും പെണ്ണായി പിറന്നതുകൊണ്ടും പിഞ്ചുപ്രായത്തിലെ നിരന്തര ചൂഷണത്തിന്‌ വിധേയമാക്കപ്പെടുന്ന ഈ സ്ത്രൈണതകളും പി.സി.ജോര്‍ജും ഗണേഷ്കുമാറും ഉമ്മന്‍ ചാണ്ടിയുമൊക്കെ ഉള്‍പ്പെടുന്ന ജനാധിപത്യ വ്യവസ്ഥയിലെ പൗരഗണത്തില്‍പ്പെടുന്നവരാണ്‌.ഇവരുടെ ഇല്ലായ്മയില്‍ നിന്നും വല്ലായമയില്‍ നിന്നുമൂറ്റിയെടുക്കുന്ന നികുതിപ്പണം കൂടിയടങ്ങുന്നതാണ്‌ ചീഫ്‌ വിപ്പിന്റേയും വനം മന്ത്രിയുടേയും മുഖ്യമന്ത്രിയുടേയുമൊക്കെ ശമ്പളം.അതാരും മറക്കണ്ട. മൂന്നുനേരം ഭക്ഷണം കഴിക്കാനുള്ള വക പോലും നല്‍കാതെ തോട്ടമുടമകളും മുതലാളി വര്‍ഗ്ഗവും തൊഴിലാളികളെ പീഡിപ്പിച്ചും ചൂഷണം ചെയ്തും സ്വത്ത്‌ സ്വരുക്കൂട്ടുന്നതിന്റെ കണ്ണീരുറയുന്ന ബാക്കി പത്രങ്ങളാണ്‌ ,സംസ്ഥാനാന്തര രതിവിപണിയില്‍ വിലപേശിവില്‍ക്കപ്പെടുന്ന,തോട്ടമ്മേഖലയില്‍ നിന്നുള്ള നിസ്സഹായ ബാല്യ-കൗമാരങ്ങള്‍. ശരീരം മാത്രമായി അവരെ കണ്ട്‌ ലൈംഗിക ദാഹം ശമിപ്പിക്കാനാണ്‌ രാഷ്ട്രീയക്കാരടക്കമുള്ള സമൂഹത്തിലെ ഉന്നത വിഭാഗത്തിന്‌ താല്‍പര്യം
ആതിരേ,തോട്ടംതൊഴിലാളികളുടെ ദയനീയത വിവരിച്ച്‌ തോട്ടം മാഫിയയെ സംരക്ഷിക്കാന്‍ നിയമസഭയ്ക്ക്‌ അകത്തും പുറത്തും ചക്കളത്തിപ്പോരാട്ടം നടത്തുന്ന ഗവണ്‍മെന്റ്‌ ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജും വനംമന്ത്രി കെ.ബി.ഗണേഷ്‌ കുമാറും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ കാണാതെ പോകുന്ന അല്ലെങ്കില്‍ കാണാന്‍ കൂട്ടാക്കാത്ത പൊള്ളിക്കുന്ന സത്യമായി പീരുമേട്ടിലെ ലാന്‍ഡ്രം സ്വദേശി ചന്ദ്രന്റെ മകള്‍ സത്യ നില്‍ക്കുന്നു. തൃച്ചിയിലെ എംഎല്‍എയുടെ വീട്ടിലേക്ക്‌ ജോലിക്കെന്ന്‌ പറഞ്ഞു കൊണ്ടുപോയ സത്യ, ദുരൂഹ സാഹചര്യത്തില്‍ ഒരാഴ്ച മുന്‍പ്‌ മരണമടഞ്ഞു. തൃച്ചിയിലെ എംഎല്‍എ ആരാണെന്നോ കൃത്യസ്ഥലം എവിടെയാണെന്നോ സത്യയുടെ മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ അറിയില്ല. മൂവായിരം രൂപ ശമ്പളത്തിന്‌ ജോലിക്ക്‌ കൊണ്ടുപോയ സത്യയെ പോസ്റ്റ്മോര്‍ട്ടത്തിനായി വെട്ടിമുറിച്ച്‌ തുന്നിക്കൂട്ടി വെള്ളത്തുണിയില്‍ പൊതിഞ്ഞാണ്‌ പിന്നീട്‌ വീട്ടില്‍ എത്തിച്ചത്‌. തോട്ടം മേഖലയില്‍ പൊതുസമൂഹം അറിയാതെ നടക്കുന്ന ലൈംഗിക മുതലെടുപ്പിന്റെയും പെണ്‍വാണിഭ റാക്കറ്റ്‌ പ്രവര്‍ത്തനത്തിന്റെയും ഒടുവിലത്തെ ഇരയാണ്‌, ആതിരേ, സത്യ. പിഞ്ചു കുട്ടികള്‍ പോലും പീഡിപ്പിക്കപ്പെടുന്ന തോട്ടം മേഖലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അന്യസംസ്ഥാന സെക്സ്‌ റാക്കറ്റുകള്‍ക്ക്‌ മാതാപിതാക്കള്‍ തന്നെ കൈമാറുന്ന ദാരുണമായ അവസ്ഥയാണുള്ളത്‌. സത്യയെയും മാതാപിതാക്കള്‍ അയ്യായിരം രൂപയ്ക്ക്‌ വിക്കുകയായിരുന്നു എന്നാണ്‌ ഇപ്പോള്‍ കേള്‍ക്കുന്നത്‌. തോട്ടം മേഖലയിലെ തൊഴിലാളികളെ ഗ്രസിച്ചിട്ടുള്ള തൊഴിലില്ലായ്മയും അതിന്റെ ഉപോദ്പന്നമായ ദാരിദ്ര്യവുമാണ്‌ സത്യയെപ്പോലെയുള്ള ദരിദ്ര ജീവിതങ്ങളെ സൃഷ്ടിക്കുന്നതെന്ന്‌ തിരിച്ചറിയാനോ, ഇവരുടെ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്താനോ മുഖ്യധാരാരാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ മനസ്സില്ല. പാര്‍ട്ടികളുടെ പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളെല്ലാം ഈ റാക്കറ്റില്‍ നിന്ന്‌ പടി പറ്റുന്നവരും തോട്ടം മേഖലയിലെ ബാല്യ കൗമാരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന അധോലോക സംവിധാനത്തിന്റെ അഞ്ചാം പത്തികളുമാണ്‌! ആതിരേ, പട്ടിണി കൊടികുത്തി വാഴുന്ന തോട്ടം ലയങ്ങളില്‍ പിറന്നു വീഴുന്ന പെണ്‍കുഞ്ഞുങ്ങള്‍ക്ക്‌, ഇങ്ങനെ പിഞ്ചുപ്രായത്തില്‍ തന്നെ പീഡനങ്ങള്‍ക്ക്‌ വിധേയരായി ഊരും പേരും അറിയാത്ത നാട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടാനാണ്‌ നിയോഗം. വീട്ടിലെ പട്ടിണി മാറ്റാനെന്നോണം വീട്ടുജോലിക്കെന്നു പറഞ്ഞ്‌ ഏജന്റുമാര്‍ ലയങ്ങളില്‍ നിന്ന്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുഞ്ഞുങ്ങളെ കൊണ്ടു ചെന്നെത്തിക്കുന്നത്‌ സംസ്ഥാനാന്തര സെക്സ്‌ റാക്കറ്റിന്റെ വലയിലേയ്ക്കാണ്‌. ഉന്നത രാഷ്ട്രീയ-പോലീസ്‌ നേതാക്കളുടെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ അധോലോക മാഫിയയുടെ കൈയ്യില്‍ നിന്ന്‌ പട്ടിണി ലയങ്ങളിലെ പെണ്‍കുട്ടികള്‍ക്ക്‌ മോചനമില്ലെന്ന്‌ സത്യ തന്റെ ജീവിതം കൊണ്ട്‌ അടിവരയിടുന്നു. തോട്ടം മേഖലയിലെ പ്രതിസന്ധിയും ദാരിദ്ര്യവും മുതലാക്കാന്‍ രതിവിപണിയിലെ ദല്ലാള്‍മാരുടെ നീരാളി കൈകള്‍ നീളുമ്പോള്‍,ആതിരേ, അവരുടെ പ്രലോഭനത്തില്‍ വീഴാതിരിക്കാന്‍ മാതാപിതാക്കള്‍ക്ക്‌ ആകുന്നില്ല.വിശപ്പിന്‌ മുന്നില്‍ ഈശ്വരന്‍ പോലും ഭക്ഷണമായി അവതാരമെടുക്കാത്തിടത്ത്‌ ഈ നിസ്സഹായരുടെ ധാര്‍മീകമൂല്യങ്ങള്‍ ബാഷ്പീകരിക്കപ്പെടുന്നെങ്കില്‍ എങ്ങനെയാണ്‌ നമുക്കവരെ കുറ്റപ്പെടുത്താന്‍ കഴിയുക..? സത്യയെ മാതാപിതാക്കള്‍ അയ്യായിരം രൂപയ്ക്ക്‌ വിറ്റതുകൂടാതെ മറ്റു സഹോദരിമാരേയും തമിഴ്‌നാടിന്റെ പല ഭാഗത്തും വീട്ടുവേലയ്ക്കായി അയച്ചിട്ടുണ്ടത്രേ!. അവരുടെ നോവും നീറ്റലും അവര്‍ക്ക്‌ മാത്രമറിയാം. കൊല്ലപ്പെട്ടിട്ടില്ലാത്തതുകൊണ്ട്‌ അവരെക്കുറിച്ച്‌ ആരും തിരക്കുന്നില്ല. അവരുടെ നൊമ്പരങ്ങളാര്‍ക്കും അറിയേണ്ടതുമില്ല. സത്യയുടെ സഹോദരി നിത്യയെ പണക്കൊതിമൂത്ത ഇടനിലക്കാര്‍ കെണിയിലാക്കിയത്‌ ഒരു വിവാഹത്തിലൂടെയാണ്‌. പിതാവ്‌ ചന്ദ്രന്‌ അരലക്ഷം രൂപ നല്‍കിയാണ്‌ മൂത്ത മകള്‍ നിത്യയെ തമിഴ്‌നാട്ടിലെ ഇറോഡ്‌ പുതുക്കുളം സ്വദേശി വൃദ്ധന്‌ വിവാഹം ചെയ്തു കൊടുത്തത്‌. കല്യാണം കഴിഞ്ഞാല്‍ മകളുടെ കാര്യം തിരക്കരുതെന്നും കാണാന്‍ ശ്രമിക്കരുതെന്നുമുള്ള നിബന്ധനയോടെയാണ്‌ അരലക്ഷം കൈമാറിയത്‌. അതുകൊണ്ട്‌ നിത്യയുടെ അവസ്ഥ എന്താണെന്ന്‌ ചന്ദ്രനോ ബന്ധുക്കള്‍ക്കോ അറിയില്ല. ഏത്‌ സെക്സ്‌ റാക്കറ്റിന്റെ വില്‍പ്പന ചരക്കാണിന്ന്‌ നിത്യയെന്നൂഹിക്കാന്‍ പോലും ആകാത്തവിധം വ്യാപകവും നിഗൂഢവുമാണ്‌ ഇത്തരം റാക്കറ്റുകളുടെ പ്രവര്‍ത്തനം. തോട്ടം മേഖലയിലെ പട്ടിണിയും പരിവട്ടവും മുതലെടുത്ത്‌ . കഴിഞ്ഞ ആറുമാസത്തിനിടയില്‍ പീരുമേട്ടില്‍ നിന്നു മാത്രം 12ലേറെ പെണ്‍കുട്ടികളെയാണ്‌ ഇടനിലക്കാര്‍ വലയിലാക്കിയത്‌. പ്രതിമാസം 10000 രൂപ വരെ ശമ്പളവും ഭക്ഷണം- താമസസൗകര്യവും വാഗ്ദാനം ചെയ്ത്‌ മാതാപിതാക്കളെയും പ്രലോഭിപ്പിച്ചാണ്‌ ഇടനിലച്ചെകുത്താന്മാര്‍ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നത്‌. ആതിരെ,തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാക്കളുടെയും തോട്ടമുടമകളായ കോടീശ്വരന്മാരുടെയും വീടുകളിലേക്കാണ്‌ ഈ സാധു കുട്ടികളെ റിക്രൂട്ട്‌ ചെയ്യുന്നത്‌. ഒരു കുട്ടിയെ എത്തിക്കുന്ന ഇടനിലക്കാരന്‌ പ്രതിഫലം, വിശ്വസിക്കുക, 50000 രൂപയാണ്‌. ഇതില്‍ നിന്ന്‌ എന്താണ്‌ വായിച്ചെടുക്കാന്‍ സാധിക്കുക? വീട്ടുവേലയ്ക്കായി ഒരു പെണ്‍കുട്ടിയെ ഏര്‍പ്പാടാക്കുന്നതിന്‌ ഇത്രയും കമ്മീഷന്‍ നല്‍കേണ്ടതുണ്ടോ? ഇല്ല. അപ്പോള്‍ പിന്നെ പട്ടിണി ലയങ്ങളില്‍ നിന്നുള്ള പിഞ്ചു പെണ്‍കുട്ടികള്‍ എത്തപ്പെടുന്നത്‌ എവിടെയാണെന്ന്‌ ഊഹിക്കാന്‍ ഏറെയൊന്നും ബുദ്ധിമുട്ടേണ്ടതില്ല. പാമ്പനാര്‍, ഏലപ്പാറ, വണ്ടിപ്പെരിയര്‍ മേഖലകളില്‍ നിന്ന്‌ ഇങ്ങനെ നിരവധി പെണ്‍കുട്ടികളാണ്‌ അന്തര്‍സംസ്ഥാന സെക്സ്‌ റാക്കറ്റിന്റെ വലയില്‍പ്പെട്ടിട്ടുള്ളത്‌. ഏജന്റുമാര്‍ 5000 രൂപ നല്‍കിയാണ്‌ പെണ്‍കുട്ടികളെ മാതാപിതാക്കളില്‍ നിന്ന്‌ 'വാങ്ങുന്നത്‌'. തുടര്‍ വിദ്യാഭ്യാസം വരെ വാഗ്ദാനം ചെയ്ത്‌ ചതിയില്‍പ്പെടുത്തിയാണ്‌ ചിലര്‍ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നത്‌. വീട്ടുജോലിക്കൊപ്പം മറ്റു പല ജോലികളും ഇവരെക്കൊണ്ട്‌ ചെയ്യിച്ച ശേഷമാണ്‌ ലൈംഗികമായും മുതലെടുക്കുന്നത്‌. ആവശ്യത്തിന്‌ ഭക്ഷണമോ വസ്ത്രമോ നല്‍കാതെയുള്ള കൊടിയ ചൂഷണത്തിന്റെ ഇരകളാണ്‌ തോട്ടം മേഖലയിലെ പട്ടിണി ലയങ്ങളിലെ ഈ പരിതാപ ജന്മങ്ങള്‍. ജനിച്ചുപോയതുകൊണ്ടും ജനിച്ച ഉടന്‍ മരിക്കാതിരുന്നതുകൊണ്ടും പെണ്ണായി പിറന്നതുകൊണ്ടും പിഞ്ചുപ്രായത്തിലെ നിരന്തര ചൂഷണത്തിന്‌ വിധേയമാക്കപ്പെടുന്ന ഈ സ്ത്രൈണതകളും പി.സി.ജോര്‍ജും ഗണേഷ്കുമാറും ഉമ്മന്‍ ചാണ്ടിയുമൊക്കെ ഉള്‍പ്പെടുന്ന ജനാധിപത്യ വ്യവസ്ഥയിലെ പൗരഗണത്തില്‍പ്പെടുന്നവരാണ്‌.ഇവരുടെ ഇല്ലായ്മയില്‍ നിന്നും വല്ലായമയില്‍ നിന്നുമൂറ്റിയെടുക്കുന്ന നികുതിപ്പണം കൂടിയടങ്ങുന്നതാണ്‌ ചീഫ്‌ വിപ്പിന്റേയും വനം മന്ത്രിയുടേയും മുഖ്യമന്ത്രിയുടേയുമൊക്കെ ശമ്പളം.അതാരും മറക്കണ്ട. മൂന്നുനേരം ഭക്ഷണം കഴിക്കാനുള്ള വക പോലും നല്‍കാതെ തോട്ടമുടമകളും മുതലാളി വര്‍ഗ്ഗവും തൊഴിലാളികളെ പീഡിപ്പിച്ചും ചൂഷണം ചെയ്തും സ്വത്ത്‌ സ്വരുക്കൂട്ടുന്നതിന്റെ കണ്ണീരുറയുന്ന ബാക്കി പത്രങ്ങളാണ്‌ ,സംസ്ഥാനാന്തര രതിവിപണിയില്‍ വിലപേശിവില്‍ക്കപ്പെടുന്ന,തോട്ടമ്മേഖലയില്‍ നിന്നുള്ള നിസ്സഹായ ബാല്യ-കൗമാരങ്ങള്‍. ശരീരം മാത്രമായി അവരെ കണ്ട്‌ ലൈംഗിക ദാഹം ശമിപ്പിക്കാനാണ്‌ രാഷ്ട്രീയക്കാരടക്കമുള്ള സമൂഹത്തിലെ ഉന്നത വിഭാഗത്തിന്‌ താല്‍പര്യം . ഇത്തരം കൊടിയ ചൂഷണങ്ങള്‍ക്ക്‌ നേരെ കണ്ണടച്ചിട്ടാണ്‌ തോട്ടം മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങളെക്കുറിച്ച്‌ നിയമസഭയില്‍ ചര്‍ച്ച ചെയ്യുന്നതും വന്‍ തോട്ടമുടമകള്‍ക്ക്‌ വനഭൂമി പങ്കിട്ട്‌ നല്‍കാന്‍ തോട്ടം തൊഴിലാളികളുടെ നിസ്സഹായത മറയാക്കുന്നതും. ഈ ഭരണകൂട മാഫിയയും ഇത്തരം പെണ്‍കുഞ്ഞുങ്ങളെ കടിച്ചു കുടയാറുണ്ട്‌. അങ്ങനെ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളെ സംസ്കരിക്കാന്‍ ആറടി മണ്ണുപോലും സ്വന്തമായില്ലാത്ത തോട്ടം തൊഴിലാളികളുടെ വര്‍ത്തമാനകാല ദാരുണതയുടെ പൊള്ളിക്കുന്ന സാക്ഷ്യമായി സത്യ മരിച്ച്‌ മരവിച്ച്‌ കിടക്കുന്നത്‌ കാണാന്‍,ആതിരേ എത്രപേര്‍ക്ക്‌ കണ്ണുണ്ട്‌..!? കണ്ണേ മടങ്ങരുത്‌......

No comments: