Tuesday, December 25, 2007

നിറഞ്ഞെങ്കിലീ നിശ്വാസങ്ങള്‍ മനസ്സില്‍...


"ഒരു കൊച്ചു പൂവിന്റെ നിശ്വാസങ്ങള്‍ ഒരു മനുഷ്യന്റെ സുഖ-ദുഃഖങ്ങളേയും ചിലപ്പോള്‍ ആ മനുഷ്യനെത്തന്നേയും അതിജീവിക്കും "

-ഇവാന്‍ തുര്‍ഗനേവ്‌

ഈ പുതുവര്‍ഷത്തില്‍ എല്ലാമണ്ണിലും മനസ്സിലും ഏതെങ്കിലുമൊരു കൊച്ചുപൂവിന്റെ നിശ്വാസം നിറഞ്ഞെങ്കിലെന്ന്‌ നമുക്ക്‌ ആത്മാര്‍ത്ഥമായി ആശിക്കാം അല്ലേ ആതിരേ....

......
.......
ഇനിയൊരു

'പഥേര്‍ പാഞ്ജലി '



'നിത്യജീവിത ദുഷ്ക്കരപ്പദപ്രശ്ന'ക്കള്ളികള്‍ നിറഞ്ഞ
കലണ്ടര്‍ത്താളുകള്‍ പന്ത്രണ്ടും മുഖം പൂഴ്ത്തുന്നു
നിര്‍ലജ്ജം ചുവരിന്‍ നെഞ്ചിലേയ്ക്ക്‌...

.................
(വിടകൊള്ളുന്നത്‌ കരുണയറ്റൊരാണ്ട്‌ ,
വരവാകുന്നത്‌ കഠിനദുരിതവര്‍ഷം...)

...............
കാമനകള്‍ക്കാരണ്യകാണ്ഡവും
നിനവുകള്‍ക്കജ്ഞാതവാസവും
വിധിച്ചു,ന്മത്ത,മത്ഥരാതന്ത്രങ്ങള്‍
കാലമുരുക്കഴിക്കുമ്പോ,ളോര്‍മ്മയില്‍-
പ്പൊലിയുന്നു,കള്ളി-കറുപ്പു,ചെമപ്പക്ഷരങ്ങളും
രാശി,യുദയാസ്തമയ,നിസ്ക്കര സമയങ്ങളും
വിശേഷദിനക്കുറിപ്പുകളുമില്ലാത്തൊ-
രതിജീവനക്കലണ്ടര്‍....;

പങ്കുവയ്ച്ചിട്ടും പാതി ബാക്കിയാവുന്ന
ഭയ-സംത്രാസങ്ങള്‍ തലക്കുറിയാകുന്ന,
പകര്‍ത്തി,പ്പറയാതിരുന്ന ദിനവൃത്താന്തക്കുറിപ്പുകള്‍....


-പ്രണയം പകുത്തുനല്‍കാനാവാതുഴറി-
ക്കിതച്ചു,വന്ധ്യമായ്ത്തീര്‍ന്ന ദിനരാത്രങ്ങള്‍.....
-സ്നേഹം വഴിമാറിയൊഴുകി,യൂഷരമായ്‌-
ത്തുടരുന്ന മനഃഭൂമികള്‍....
-കരുണ തളിര്‍,ത്തുടന്‍കരിഞ്ഞുണങ്ങിയ
കണ്ണെത്താ സ്വാര്‍ത്ഥതപ്പൊന്തകള്‍...
-വെറുപ്പിന്നാന്ധ്യം തെഴുത്തുകൊഴുത്ത
വിചാരണശൈലങ്ങള്‍...
-വിശപ്പാളി,ക്കുടല്‍കരിഞ്ഞുണങ്ങിയ
വിഭ്രാത്മക കൂടിക്കാഴ്ച്ചകള്‍...
-തൊട്ടടുത്തുണ്ടായിട്ടും തിരിച്ചറിയാനാവാ-
തൊടുങ്ങിയ ആഗ്രഹനിലവിളികള്‍...
-ഹ്രസ്വനിദ്രയെ ഞെരിച്ചു,ഞെട്ടിച്ചുണര്‍ത്തിയ
ബീഭല്‍സ സ്വപ്നക്കാഴ്ച്ചകള്‍...


-കഠിനമീ,ക്കൊടിയ,ക്കരിമ്പാറ-
ക്കെട്ടുകള്‍ക്കിടയില്‍ നിന്നും
കൃപാര്‍ദ്രം ,കന്മദസൗമ്യം കിനിഞ്ഞിറങ്ങിയ
നീയാം നിറകണ്‍ചിരി,
സാന്ത്വന,പ്പുണ്യ, പ്രചോദനം....


നീയെന്നും പുതുവര്‍ഷം ,നിറഹര്‍ഷം ;
ഞാനേകന്‍ ,കരിപൂശിയ വാവ്‌...!

.............
നീയെനിക്കെന്നുമെന്റെ ,യാര്‍ദ്ര...!
ധൂമകേതുക്കള്‍ പുളയ്ക്കുമെന്‍
ജീവിതാംബരത്തെ,ത്തുടുപ്പി-
ച്ചുന്മത്തമാക്കിയോ,രാതിര,ത്താരകം....
നിനക്കാകട്ടെ
ശാന്തി
സൗഖ്യം
കരയാക്കരളും....


('പതേര്‍ പാഞ്ചാലി' എന്നുവിളിച്ചും വിശേഷിപ്പിച്ചും വിശ്രുതമായൊരു ബംഗാളി നോവലിനേയും നോവലിസ്റ്റിനേയും ഫിലിം മേക്കറേയും അധിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്‌ സാക്ഷരരെന്ന്‌ അഹംഭാവം കാട്ടുന്ന ഇന്ത്യന്‍ സാഹിത്യസത്വങ്ങള്‍..! മനസ്സില്‍ 'പാഞ്ചാലിത്തം'കൊണ്ടുനടക്കുന്നവരില്‍ നിന്ന്‌ ഇതിലും ലഘുവായതെന്താണ്‌ പ്രദര്‍ശിപ്പിക്കപ്പെടുക..? അല്ലേ..! കഷ്ടം !!.'പഥേര്‍ പാഞ്ജലി 'യെന്നാല്‍ 'പാതയിലെ പാട്ട്‌ 'എന്നര്‍ത്ഥം )

No comments: