Monday, December 3, 2007

മെട്രാസുരം

( പ്രഥമ ഖണ്ഡം )


ഡിസംബര്‍ രണ്ടിന്റെ

രാപ്പാതി കഴിഞ്ഞിട്ടേറെ നേരമായി;

ആതിരേ,ഇനിയും ഞാനുറങ്ങിയിട്ടില്ല.

തീര്‍ച്ച, കുട്ടിയിപ്പോള്‍ രണ്ടുറക്കമെങ്കിലും കഴിഞ്ഞിട്ടുണ്ടാകും,ല്ലേ ?

സംഘര്‍ഷം അകന്ന മനസ്സ്‌-

സ്വച്ഛവും സുന്ദരവുമായ സുഷുപ്തി-

കാതരമാക്കാന്‍ കുങ്കുമപ്പൂക്കള്‍ വിരിഞ്ഞുലയുന്ന തങ്കക്കിനാക്കള്‍-

ആതിരേ, അതെല്ലാവര്‍ക്കും വിധിച്ചിട്ടില്ലെല്ലോ...!

പുലരാന്‍ ഇനി ഒന്നോ രണ്ടോ മണിക്കൂറുകള്‍ മാത്രം....

പക്ഷേ കുട്ടി, ആഗാമിയാകുന്ന പകലിന്‌ മീതൈല്‍ ഐസൊസൈനേറ്റിന്റെ രൂക്ഷ ഗന്ധം...

ഭോപ്പല്‍ ദുരന്തത്തിന്റെ മൃത്യുശൈത്യം.....

ഓര്‍മയുണ്ടാകണം-

ഇരുപത്തിമൂന്ന്‌ വര്‍ഷം മുന്‍പ്‌,

1984 ഡിസംബര്‍ മൂന്നിന്റെ പുലരിത്തണുപ്പിലേയ്ക്ക്‌,

യൂണിയന്‍ കാര്‍ബൈഡ്‌ ഫാക്ടറിയില്‍ നിന്നും പതഞ്ഞുപരന്ന ലാഭക്കൊതിയുടെ വിഷധൂമം....

ഭാസുരമായിരിക്കില്ലെന്നറിഞ്ഞിട്ടും ഒരു ഭാവി സ്വപ്നം കണ്ടുറങ്ങിയ ദരിദ്രസമൂഹത്തിനുമേല്‍ മരണതാണ്ഡവമാടിയ വികല വ്യവസായവികസനത്തിന്റേയും മൂലധനാധിനിവേശത്തിന്റേയും മാരണഭൂതം...

15,000 പേര്‍ മരിച്ചെന്നും, 3,000,00 പേര്‍ ദുരന്തത്തിന്റെ യാതനകള്‍ അനുഭവിച്ചെന്നും 'ഒഫിഷ്യല്‍ റിപ്പോര്‍ട്ട്‌ '...!

സത്യം അതൊന്നുമായിരുന്നില്ല, ആതിരേ..

33,000-ത്തിലധികം ഭാഗ്യഹീനര്‍ ആ പ്രഭാതത്തിലും തുടര്‍ന്നുള്ള ദിവസങ്ങളിലും ശ്വാസം മുട്ടി മരിച്ചു...!!

മൂന്നിന്റെ ഇരട്ടിയിലധികം ലക്ഷം ഭോപ്പാല്‍ നിവാസികള്‍ , കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങളാല്‍ അവരുടെ അന്ത്യശ്വാസം വരെ പീഡിപ്പിക്കപ്പെട്ടു....!!!ആതിരേ, ഒരു ' ശിശുപ്പിറവി ' യുടെ വിശുദ്ധി ലോകമെമ്പാടും കൊണ്ടാടുന്ന ഡിസംബറില്‍, അന്ന്‌ ഭോപ്പാലില്‍ ഗര്‍ഭസ്ഥശിശുക്കള്‍ പോലും വികലാംഗരാക്കപ്പെട്ടു, ....!!!!

ഇന്നും ശാരീരിക വൈകല്യങ്ങളോടെ പിറക്കുന്നുണ്ട്‌, നിരപരാധികളും നിസ്സഹായരുമായ ശിശുക്കളവിടെ... ( ഓരോ ശിശുരോദനത്തിലും കേള്‍ക്കുന്നില്ലേ ആതിരേ , ഒരുകോടി ഈശ്വര വിലാപം ? )

അന്ന്‌ മലീമസമാക്കപ്പെട്ട ജലസ്രോതസ്സുകള്‍ ആയിരക്കണക്കിന്‌ സാധുക്കള്‍ക്ക്‌ മരണക്കെണി ഒരുക്കി.ആ ജലസ്രോതസ്സുകള്‍ ഇനിയും വിഷമുക്തമാക്കപ്പെട്ടിട്ടില്ല....!!!!!

1989-ല്‍ 45 കോടി രൂപ , ദുരിതബാധിതര്‍ക്ക്‌, നല്‍കി യൂണിയന്‍ കാര്‍ബൈഡ്‌ കമ്പനി ' മൂടും തട്ടിപ്പോയി '.

അവരെ രക്ഷപെടുത്താന്‍ ദേശീയ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കന്മാരും ' അഹമഹമിഹയ ' മല്‍സരിക്കുകയും ചെയ്തു....

ഈ ദുഷ്ടക്കൂട്ടങ്ങളുടെ പിന്തുണയോടെ രാഷ്ട്രാന്തര മൂലധനച്ചെകുത്തന്മാര്‍

വികസ്വര രാഷ്ട്രങ്ങള്‍ക്കുള്ളിലും വ്യക്തി ബന്ധങ്ങളിലും വര്‍ഗ്ഗബോധങ്ങളിലും സിംഗൂരും നന്ദിഗ്രാമും സ്പെഷല്‍ ഇക്കണോമിക്‌ സോണുകളും ചിന്നക്കനാലുകളും സ്മാര്‍ട്ട്‌ സിറ്റികളും സൃഷ്ടിക്കുമ്പോള്‍-നിസ്വന്റേയും നിസ്സഹായന്റേയും ദുര്‍ബലന്റേയും പ്രാന്തവത്ക്കരിക്കപ്പെടുന്നവന്റേയും കുടിയിറക്കപ്പെടുന്നവന്റേയും ജീവിതാവസ്ഥകളിലേക്ക്‌ മിഴിതുറക്കാതെ ,

നിനക്കെങ്ങനെ സുഖമായുറങ്ങാന്‍ കഴിയുന്നു,ആതിരേ...?

No comments: