Saturday, August 29, 2009

വിതുര പെണ്‍കുട്ടിയുടെ വിലാപം ന്യായാസനങ്ങള്‍ കേള്‍ക്കുമോ


"ഇനിയെനിക്കു വയ്യ..... കേസുകൊടുത്തത്‌ ഞാനല്ലല്ലോ.... എനിക്കൊരു നഷ്ടവും ആരും തരേണ്ട... ആരെയും ശിക്ഷിക്കാന്‍ എനിക്ക്‌ മോഹമില്ല.... അവരൊക്കെ സുഖമായിരിക്കട്ടെ.... എന്നെ ഇനിയും വിളിക്കല്ലെ.... കൂട്ടില്‍ കയറ്റി നിര്‍ത്തി തൊലിപൊള്ളിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കല്ലെ.... ഒരു തെളിവും നല്‍കാനില്ല.... മതിയായി.... ഇനി ഞാന്‍ കോടതിയിലേയ്ക്ക്‌ വരില്ല.... ഇനി കേസിന്‌ നിര്‍ബന്ധിച്ചാല്‍ ഞാന്‍ ചത്തുകളയും.... മതി മാനം കെട്ടത്‌...."
പതിമൂന്ന്‌ വര്‍ഷമായി നീളുന്ന ഒരു സ്ത്രീപീഡന കോടതി കേസിലെ സാക്ഷിയാകാന്‍ വിധിക്കപ്പെട്ട ഇരയുടെ രോദനമാണിത്‌.ആതിരേ. സംഭവം നടക്കുമ്പോള്‍ പതിനാറ്‌വയസ്സുള്ള പെണ്‍കുട്ടിയായിരുന്നു അവള്‍ ഇന്ന്‌ മുതിര്‍ന്ന യുവതിയാണ്‌. നിരക്ഷരയും ദരിദ്രയുമായ ഈ യുവതി ഇന്ന്‌ സമൂഹത്തെയും കോടതിയെയും അഭിഭാഷകരെയും ഭയക്കുന്നു, വെറുക്കുന്നു, ഒളിവില്‍ താമസിക്കുന്നു.രക്ഷയ്ക്കും മോചനത്തിനും സ്വന്തം മാര്‍ഗം തേടാന്‍ നിര്‍ബന്ധിതയായിരിക്കുന്നു
ആ പെണ്‍കുട്ടിയേയും യുവതിയേയും മലയാളികള്‍ക്കറിയാം ആതിരേ-വിതുര പെണ്വാണിഭക്കേസിലെ ഇരയായ നിസ്സഹായ..!
ദാരിദ്ര്യം സഹിക്കാനാവാതെയാണ്‌ 13 വര്‍ഷം മുമ്പ്‌ ആ പതിനാറുകാരി ബന്ധുവായ ഒരു സ്ത്രീയുടെ തൊഴില്‍ വാഗ്ദാനത്തില്‍ വിശ്വസിച്ച്‌ വീടു വിട്ടിറങ്ങിയത്‌. പക്ഷെ, എത്തിയത്‌ പെണ്‍വാണിഭക്കാരുടെ കോട്ടയിലും. അവിടെ ആ കൗമാരക്കാരി അടച്ചിടപ്പെടുകയായിരുന്നു. ആരോഗ്യവും അഴകുമുള്ള ആ പെണ്‍കുട്ടി വിലപ്പെട്ട വരുമാനമാര്‍ഗമാണെന്ന്‌ തിരിച്ചറിഞ്ഞവര്‍ നഗരത്തിലെ വമ്പന്മാരെ വിവരമറിയിച്ചു. അതോടെ എത്ര കരഞ്ഞാലും അപേക്ഷിച്ചാലും നിലവിളിച്ചാലും ഫലമില്ലാത്ത നരകത്തില്‍ അകപ്പെടുകയായിരുന്നു.
അവള്‍ പറയുന്നു: "ഞാന്‍ ചീത്തയല്ല.... ചീത്തയാവാന്‍ പോയതല്ല.... വീട്ടിലെ പട്ടിണികൊണ്ട്‌ ജോലി കിട്ടുമെന്ന്‌ വിചാരിച്ച്‌ പോയതാണ്‌..... ഞാന്‍ ഒന്നുമറിഞ്ഞതല്ല.... ഞാന്‍ ചീത്തയല്ല...."
സെന്‍കുമാര്‍ എന്ന ഹൃദയാലുവും സമര്‍ത്ഥനും സൂക്ഷമദൃക്കുമായ പോലീസ്‌ ഓഫീസറുടെ ഇടപെടല്‍ മൂലം ഒരു റെയ്ഡിലൂടെയാണ്‌ ഏറെ കോളിളക്കം സൃഷ്ടിച്ച വിതുര പെണ്‍വാണിഭകേസിലെ ഇരയായ പെണ്‍കുട്ടിയെ സമൂഹത്തിലെ ഉന്നതന്മാരടങ്ങുന്ന കാമപിശാചുക്കളുടെ കയ്യില്‍ നിന്ന്‌ രക്ഷപ്പെടുത്തിയത്‌. എന്നാല്‍, അന്നുമുതല്‍ കോടതിയില്‍ ,വര്‍ഷങ്ങള്‍ നീണ്ട പീഡനത്തിന്‌ ഇരയായിക്കൊണ്ടിരിക്കുകയാണ്‌ ഈ ദാരുണജീവിതം.
കേസ്‌ കോടതിയില്‍ എത്തിയപ്പോള്‍ ന്യായാസനങ്ങളില്‍ ഒന്നിലെ വിധികര്‍ത്താവ്‌ ചോദിച്ചത്‌ "നിനക്ക്‌ രക്ഷപ്പെട്ടുകൂടായിരുന്നോ എന്നായിരുന്നു," ആതിരേ! എന്നാല്‍, അടച്ചിട്ട മുറിയുടെ വാതില്‍ക്കല്‍ ആ ദുഷ്ടന്മാര്‍ എന്നും കാവലുണ്ടായിരുന്നു. അപ്പോഴും ആ പെണ്‍കുട്ടി കരഞ്ഞു ബഹളമുണ്ടാക്കുമായിരുന്നു. മുഖമടച്ചാണ്‌ അപ്പോള്‍ അടി കിട്ടിയിരുന്നത്‌. വയറ്റത്താണ്‌ ക്രൂരന്മാര്‍ തൊഴിച്ചിരുന്നത്‌. കഴുത്തില്‍ പിടിച്ചുമുറുക്കി കണ്ണുതള്ളിക്കുമായിരുന്നു. "മിണ്ടാതവിടെ കിടന്നില്ലെങ്കില്‍" വെട്ടിനുറുക്കുമെന്ന്‌ പേടിപ്പിക്കുമായിരുന്നു. ഒരുപാട്‌ നോവിക്കുമായിരുന്നു; ഒരുപാടൊരുപാട്‌. ആ ദിനങ്ങളെ കുറിച്ച്‌ അവള്‍ പറയുന്നതിങ്ങനെ : "എങ്കിലും ഞാന്‍ നിലവിളിക്കും. വരുന്നവരോടെല്ലാം അപേക്ഷിക്കും. എന്നെ ഒന്നും ചെയ്യരുതേയെന്ന്‌.... അപ്പോള്‍ അവര്‍ ഗുളിക തരാന്‍ തുടങ്ങി.... മൂന്ന്നാല്‌ ഗുളിക പൊടിച്ച്‌ വായിലിട്ട്‌ കുത്തിപ്പിടിച്ച്‌ വിഴുങ്ങിപ്പിക്കും. കുറച്ച്‌ കഴിയുമ്പോള്‍ ചത്തപോലെ ഞാനങ്ങുകിടക്കും.... എന്തുവേണേല്‍ ചെയ്യട്ടെ.... നാവ്‌ പൊക്കാന്‍ പോലുമാവാതെ ഞാന്‍ എല്ലാം സഹിക്കുമായിരുന്നു." പിന്നെ പിന്നെ അവള്‍ മിണ്ടാതായി. നിര്‍വികാരയായി; ശിലപോലെ മരവിച്ച മനസ്സുള്ളവളായി...
നിര്‍ബന്ധിത ലൈംഗിക പീഡനത്തിനിരയാകുന്ന പലരും ഇങ്ങനെ മൂകരും നിശബ്ദരുമായി തീരുമെന്ന്‌ മനഃശാസ്ത്രം പറയുന്നു. അതായിരുന്നു ആ പെണ്‍കുട്ടിയുടെ അവസ്ഥ. പക്ഷെ, അത്‌ തിരിച്ചറിയാനുള്ള വിവേകവും മനുഷ്യത്വം കോടതിക്കില്ലാതെ പോയി, ആതിരേ.
ഒരിക്കല്‍ പരിചിതമായ ഒരു മുഖം കണ്ട്‌ അവള്‍ അലറിവിളിച്ച്‌ കാല്‍ക്കല്‍ വീണു. "എന്നെ രക്ഷിക്കണെ സാറെ.... എന്റെ വാപ്പയുടെ അടുക്കല്‍ വിടണെ.... ഞാന്‍ ചീത്തയല്ല സാറെ..... എന്നെ രക്ഷിക്കണേ..." ആ കാമാന്ധനും അവളുടെ നിലവിളി കേട്ടില്ല. ആരും രക്ഷിച്ചില്ല. അടച്ചിട്ട മുറിക്കുള്ളില്‍ മേശയ്ക്കുചുറ്റും അവള്‍ ഓടിപ്പാഞ്ഞതും കുപ്പികളും ഗ്ലാസുകളുമെല്ലാം വീണുപൊട്ടിയതും അവയില്‍ കാല്‍ തെന്നിവീണ്‌ ഇഴഞ്ഞ്‌ കട്ടിലിനടിയിലേയ്ക്ക്‌ കയറിയ അവളെ കാലില്‍ പിടിച്ച്‌ വലിച്ച്‌ വെളിയിലേയ്ക്കിട്ടതും. പിന്നെ നിഷ്കരുണം മാറിമാറി ഉപയോഗിച്ചതും വിവരിക്കുന്നത്‌ കേട്ടാല്‍ മനസ്സ്‌ പൊള്ളിപ്പോകും.
ഈ മൊഴിയെല്ലാം കേട്ടിട്ടും ന്യായാധിപന്‍ വിധിച്ചു : "അവളുടെ സ്വഭാവം ചീത്തയാണ്‌!" ഈ പരാമര്‍ശത്തിനെതിരെ സുഗതകുമാരിയുടെ നേതൃത്വത്തിലുള്ള അന്നത്തെ സംസ്ഥാന വനിതാ കമ്മീഷന്‍ സുപ്രീം കോടതി വരെ പോരാടിയതും വിക്ടിമിന്റെ സ്വഭാവത്തെ പറ്റി വിമര്‍ശിക്കരുതെന്ന പരമോന്നത ന്യായാസനത്തിന്റെ ശാസന ഏറ്റുവാങ്ങിയതും ആ യുവതി ഇന്ന്‌ നന്ദിയോടെ ഓര്‍ക്കുന്നു.
കോടതികള്‍ക്ക്‌ ഒരു സാധു പെണ്‍കുട്ടിയെ പിഴച്ചവളെന്ന്‌ വിളിക്കാന്‍ എത്ര എളുപ്പം കഴിയുന്നു. ആതിരേ.!!.
ആറുമാസത്തോളം പെണ്‍വാണിഭ സംഘത്തിന്റെ കൈയില്‍നിന്ന്‌ ശാരീരികവും മാനസീകവുമായ എല്ലാ ക്രൂരതകളും വൈകൃതങ്ങളും അനുഭവിച്ച ശേഷമാണ്‌ ആ പെണ്‍കുട്ടി മോചിപ്പിക്കപ്പെട്ടത്‌. ജഗതി ശ്രീകുമാറടക്കം സമൂഹത്തിലെ ഉന്നതന്മാരായിരുന്നു ദയയില്ലാതെ പല നാളുകളില്‍ പകലുകളില്‍ രാവുകളില്‍ ഈ പാവം ശരീരം കടിച്ചുകുടഞ്ഞത്‌.
സെന്‍കുമാറിന്റെ സാമൂഹിക ബോധവും തൊഴിലിനോടുള്ള ഉത്തരവാദിത്തവും അര്‍പ്പണവും മൂലം ഉന്നതന്മാരായ വ്യക്തികളെയെല്ലാം പ്രതിചേര്‍ത്ത്‌ കേസ്‌ ചാര്‍ജ്ജുചെയ്യാനും വിചാരണ ആരംഭിക്കാനും കഴിഞ്ഞു. 40ല്‍ അധികം പേരാണ്‌ പ്രതിസ്ഥാനത്തുള്ളത്‌. നൂറില്‍ അധികം പേരുടെ പീഡനത്തിനിരയായെങ്കിലും അവര്‍ക്കെതിരെ തെളിവു നല്‍കാന്‍ കഴിയാതിരുന്നതുകൊണ്ട്‌ പ്രതികള്‍ 40 പേരായി ചുരുങ്ങിയെന്നുമാത്രം.
കേസിന്റെ വിചാരണവേളകളില്‍ കൂട്ടില്‍ കയറ്റി നിര്‍ത്തി പ്രതിഭാഗം വക്കീല്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ എല്ലാം ലംഘിക്കുന്ന ഭാഷയില്‍ ചോദ്യങ്ങള്‍ ചോദിച്ച്‌ കഴിഞ്ഞ പതിമൂന്ന്‌ വര്‍ഷമായി ഈ യുവതിയെ വീണ്ടും വീണ്ടും പീഡിപ്പിച്ചുകൊണ്ടിരിക്കുകയായാണ്‌. പ്രതികളെന്ന്‌ പറയുന്നവര്‍ അവളെ ലൈംഗികമായി പീഡിപ്പിച്ചു എന്നതിന്റെ തെളിവുകളാണ്‌ ഒരു ഉളുപ്പുമില്ലാതെ പ്രതിഭാഗം ആവശ്യപ്പെടുന്നത്‌. മര്‍ദിച്ച്‌ തളര്‍ത്തിയും മയക്കുമരുന്ന്‌ നല്‍കി ഉറക്കിയും കാഴ്ചവെയ്ക്കപ്പെടുന്ന ഒരു പെണ്‍കുട്ടി എങ്ങനെ തെളിവുകള്‍ ഹാജരാക്കണമെന്നാണ്‌ ബഹുമാനപ്പെട്ട(?) കോടതി ആവശ്യപ്പെടുന്നത്‌.
താത്രിക്കുട്ടിയെ പോലെ മറുകും നിറവും തിരിച്ചറിയാന്‍ മറ്റ്‌ തെളിവുകളും നല്‍കാന്‍ സുബോധത്തോടെ കാമകിങ്കരന്മാരെ കിടപ്പറയില്‍ സ്വീകരിക്കുകയായിരുന്നില്ലല്ലോ ഈ പെണ്‍കുട്ടി. അപ്പോള്‍ ബോധമില്ലാത്ത അവസ്ഥയില്‍ പോലും തന്റെ ശരീരം കടിച്ചു കുടഞ്ഞ സമൂഹത്തിലെ ഉന്നതന്മാര്‍ക്കെതിരെ എന്ത്‌ തെളിവാണ്‌ ഈ നിസ്സഹായയ്ക്ക്‌ ഹാജരാക്കാന്‍ കഴിയുക, ആതിരേ..?.
ഒന്നിനും സാധിക്കില്ലെന്ന്‌ കോടതികള്‍ക്കറിയാം. എന്നിട്ടും പ്രതിഭാഗത്തിന്റെ തൊലിയുരിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ മുമ്പില്‍ കണ്ണീരൊഴുക്കി നില്‍ക്കാനും വിതുമ്പലടക്കാനാവാതെ പൊട്ടിക്കരയാനും ആ യുവതിയെ നിര്‍ബന്ധിക്കുന്ന ന്യായാസനത്തിന്റെ മനസ്സിലുള്ളത്‌ നീതിബോധമോ കാമാതുരതയോ?രണ്ടാമത്‌ പരഞ്ഞതാണൂള്ളതെങ്കില്‍ അത്‌ എത്രമാത്രം ഗര്‍ഹനീയത നിറഞ്ഞതാണ്‌. തെളിവുകളാണ്‌ പ്രധാനം എന്ന ക്രിമിനല്‍ ജൂറിസ്പ്രൂഡന്‍സിന്റെ തത്വങ്ങള്‍ കൊണ്ട്‌ നിരന്തരം പരിഹസിക്കപ്പെടുകയായിരുന്നു ഈ യുവതി.സമ്പന്നരും മാന്യന്മാരെന്ന്‌ അഭിമാനിക്കുകയും ചെയ്യുന്ന പ്രതികള്‍ക്ക്‌ അനുകൂലമാക്കുന്ന തെളിവ്‌ ഹാജരക്കലുകള്‍..!നശിച്ച നീതിബോധം....!!ഈ ന്യായാസന മര്യദ കൊണ്ട്പരിഹരിക്കാവുന്നതോ അളക്കാവുന്നതോ ആണോ ഈ പെണ്‍കുട്ടി ആറുമാസക്കാലം വാണിഭക്കാരുടെ കയ്യില്‍ നിന്ന്‌ ഏറ്റപീഡനവും കഴിഞ്ഞ 13 വര്‍ഷമായി കോടതികളില്‍ നിന്ന്‌ ഏല്‍ക്കുന്ന അപമാനവും.
ഇപ്പോഴും ഭയചകിതയായാണ്‌ ആ യുവതി ജീവിക്കുന്നത്‌ ആതിരേ. ഏത്‌ നിമിഷം വേണമെങ്കിലും താന്‍ കൊല്ലപ്പെടാമെന്ന ഭയാശങ്കയാണ്‌ അവളെ ഭരിക്കുന്നത.്‌ തന്നെ പീഡകരുടെ കയ്യിലെത്തിച്ച സ്ത്രീയുടെ ദുരൂഹമരണം ഈ ഭയാശങ്കകളുടെ ആഘാതം ഇരട്ടിപ്പിക്കുന്നുണ്ട്‌. എന്നിട്ടും ഇതൊന്നും തിരിച്ചറിയാന്‍ ന്യായാസനങ്ങള്‍ക്കൊ അഭിഭാഷകര്‍ക്കോ മനസ്സില്ല.
"മടുത്തു ഇനി ഞാന്‍ കോടതിയിലേയ്ക്കില്ല.... സാക്ഷിയായി വിളിച്ചാല്‍ പോലും പോകില്ല.... അറസ്റ്റ്‌ ചെയ്യുന്നെങ്കില്‍ അറസ്റ്റ്‌ ചെയ്യട്ടെ.... എനിക്ക്‌ പേടിയില്ല... ഇനി കോടതിയില്‍ ആര്‍ക്കെതിരെയും ഒന്നും പറയാന്‍ തയ്യാറുമല്ല...." തകര്‍ന്നതെങ്കിലും ആത്മവിശ്വസം തുടിക്കുന്ന വാക്കുകളോടെ ആ യുവതി ഇങ്ങനെ പറയുമ്പോള്‍ ദരിദ്രയും നിരക്ഷരയും നിസ്സഹായയുമായ ഒരു പെണ്ണിന്റെ മൗലീകാവകാശമാണ്‌ അവള്‍ ഉയര്‍ത്തിക്കാട്ടുന്നത്‌. നീതി ലഭിക്കില്ലെന്ന്‌ ഉറപ്പായ സ്ഥിതിക്ക്‌ മൗനം പാലിക്കാനും മിണ്ടാതിരിക്കുവാനുമുള്ള മൗലീകാവകാശം.
ആതിരേ,ഇതെങ്കിലും അംഗീകരിക്കാനുള്ള മനുഷ്യത്വം ന്യായാസനങ്ങള്‍ക്കുണ്ടാവുമോ...?

No comments: