Thursday, November 12, 2009

സോണിയയും മമതയും മായാവതിയും ചിരിക്കുമ്പോള്‍

രാജ്യത്താകെ 31 നിയമസഭാ സീറ്റിലേക്കും ഒരു ലോകസഭാ സീറ്റിലേക്കും നടന്ന തെരഞ്ഞെടുപ്പ്‌ ഫലം പുറത്ത്‌ വന്നപ്പോള്‍ ആതിരേ, ഇന്ത്യ കേട്ടത്‌ മൂന്ന്‌ വനിതകളുടെ ചിരിയാണ്‌ - കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയയും തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ മമതാ ബാനര്‍ജിയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ മായാവതിയുമാണ്‌ ഇന്ത്യയിലെ രാഷ്ട്രീയ പുരുഷ ശിങ്കങ്ങളെ നാണം കെടുത്തുന്ന ചിരി ചിരിച്ചത്‌.
ഈ മൂന്ന്‌ വനിതാ നേതാക്കളും നേതൃത്വം നല്‍കുന്ന പാര്‍ട്ടികളെ വോട്ടര്‍മാര്‍ തോളിലേറ്റിയപ്പോള്‍ ഇവരുടെ നയങ്ങള്‍ക്കെതിരെ ഘോരഘോരം പ്രസംഗിക്കുകയും തങ്ങളില്ലെങ്കില്‍ ഇന്ത്യയില്‍ രാഷ്ട്രീയമില്ലെന്ന്‌ സ്വയം വിശ്വസിക്കുകയും ചെയ്യുന്ന പുരുഷ നേതാക്കന്മാരെയും അവരുടെ നയങ്ങളെയും ജനം പുച്ഛിച്ചു തള്ളി എന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌ ഫലം വ്യക്തമാക്കുന്നത്‌.
ഉപ തെരഞ്ഞെടുപ്പ്‌ നടന്ന 31 നിയമസഭാ മണ്ഡലങ്ങളില്‍ 10ഉം ഏക ലോകസഭാ സീറ്റിലും വിജയിക്കുക വഴി കരുത്തില്‍ നിന്ന്‌ കരുത്തിലേക്ക്‌ കുതിക്കുകയാണ്‌ കോണ്‍ഗ്രസ്‌. സഖ്യകക്ഷിയായ തൃണമൂലിന്‌ പശ്ചിമ ബംഗാളില്‍ ലഭിച്ച അഭൂതപൂര്‍വമായ വിജയം കോണ്‍ഗ്രസിന്‌ പുതിയ ലക്ഷ്യങ്ങളും വച്ചുനീട്ടുന്നുണ്ട്‌. ഏഴ്‌ സീറ്റാണ്‌ മമതാ ബാനര്‍ജിയുടെ പാര്‍ട്ടി ബുദ്ധദേവിന്റെ മാര്‍ക്സിസ്റ്റ്‌ കോട്ടയില്‍ നിന്ന്‌ അക്ഷരാര്‍ത്ഥത്തില്‍ തന്നെ കവര്‍ന്നെടുത്തത്‌.
കേരളത്തില്‍ മൂന്നില്‍ മൂന്നും അസമിലെ രണ്ടില്‍ രണ്ടും ചത്തീസ്ഖഡിലെ ഏകസീറ്റും തൂത്ത്‌ വാരാനായത്‌ കോണ്‍ഗ്രസിന്റെ അപൂര്‍വനേട്ടം തന്നെയാണ്‌. ഉത്തര്‍പ്രദേശില്‍ മുലായം സിംഗിന്റെ കുടുംബ സ്വത്ത്‌ പോലെ കരുതിയിരുന്ന ഉറച്ച സിറ്റിംഗ്‌ സീറ്റ്‌, ഫിറോസാബാദ്‌ പിടിച്ചടക്കിയതിന്‌ പുറമെ ബിജെപി ശക്തി കേന്ദ്രമായിരുന്ന ലക്നൗ വെസ്റ്റ്‌ നിയസമഭ മണ്ഡലത്തില്‍ കൂടി വിജയിച്ചുകൊണ്ട്‌ കോണ്‍ഗ്രസ്‌ അതിന്റെ കരുത്തുകാട്ടി. യുപിയില്‍ ശേഷിച്ച എട്ട്‌ സീറ്റില്‍ കൊടിപാറിച്ചുകൊണ്ട്‌ മായാവതിയും തന്റെ സ്ഥാനം സുരക്ഷിതമാക്കി. ഇവിടെ തോറ്റ്‌ തുന്നം പാടിയത്‌ മുലായത്തിന്റെ സമാജ്‌വാദി പാര്‍ട്ടിയാണ്‌. സ്വതന്ത്രന്മാര്‍ക്ക്‌ പോലും രണ്ടുസീറ്റ്‌ നേടാനായിടത്താണ്‌ ഫിറോസാബാദില്‍ പോലും വിജയിക്കാനാകാതെ മുലായം സിംഗ്‌ വിയര്‍ത്തത്‌. മുലായം സിംഗിന്റെ മരുമകള്‍ ഡിംബിളിനെ 85343 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ കോണ്‍ഗ്രസിലെ രാജ്ബാബ്ബര്‍ തറ പറ്റിച്ചത്‌.
മുലയാം സിംഗിനേക്കാള്‍, ആതിരേ പ്രഹരമേറ്റത്‌ കാരാട്ടിനും ബുദ്ധദേവിനും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കുമാണ്‌. രാജ്യമാകെ ഉറ്റുനോക്കിയ ഉപതെരഞ്ഞെടുപ്പാണ്‌ ബംഗാളിലെ പത്ത്‌ സീറ്റില്‍ നടന്നത്‌. ഇതില്‍ എട്ടെണ്ണവും കരസ്ഥമാക്കി കോണ്‍ഗ്രസ്‌ - തൃണമൂല്‍ കോണ്‍ഗ്രസ്‌ സഖ്യം പശ്ചിമബംഗാളില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കെതിരെ വന്‍ വെല്ലുവിളിയാണ്‌ ഉയര്‍ത്തിയിരിക്കുന്നത്‌. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച ആറിടത്തും സിപിഎം തോറ്റ്‌ തുന്നംപാടി എന്നതാണ്‌ ഏറ്റവും ദയനീയമായ വാസ്തവം. മാത്രമല്ല 1977 മുതല്‍ സിപിഎം നേതാവ്‌ സുഭാഷ്‌ ചക്രവര്‍ത്തി ജയിച്ച കൊല്‍ക്കത്തയിലെ ബല്‍ഗാച്ചിയ ഈസ്റ്റില്‍ അദ്ദേഹത്തിന്റെ ഭാര്യ റോമല 13,000 വോട്ടുകളുടെ വ്യത്യാസത്തിലാണ്‌ തോറ്റമ്പിയത്‌.
കേരളത്തിലെന്നപോലെ പശ്ചിമബംഗാളിലും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ അടിത്തറ ഇളകി എന്നാണ്‌ ഈ റിസല്‍റ്റുകള്‍ വ്യക്തമാക്കുന്നത്‌. ഈ രണ്ട്‌ സംസ്ഥാനങ്ങളിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഡ്രസ്സ്‌ റിഹേഴ്സലായി ഈ ഉപതെരഞ്ഞെടുപ്പുകളെ വിശേഷിപ്പിക്കാന്‍ കഴിയും. ലോകസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക്‌ പിന്നാലെയാണ്‌ മാര്‍ക്സിസ്റ്റ്പാര്‍ട്ടി ഭരണത്തിലിരിക്കുന്ന കേരളത്തിലും പശ്ചിമബംഗാളിലും പാര്‍ട്ടിക്ക്‌ ഈ പ്രഹരമേറ്റത്‌.. ഇത്‌ രണ്ട്‌ സംസ്ഥാനങ്ങളിലും പാര്‍ട്ടിയെ വല്ലാത്ത പ്രതിസന്ധിയിലെത്തിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.
ആതിരേ, ഗ്രൂപ്പിസവും നയവ്യതിയാനവും മൂലം ജനങ്ങളില്‍ നിന്നും പാര്‍ട്ടി അണികളില്‍ നിന്നും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതൃത്വം അകന്നുകൊണ്ടിരിക്കുകയാണെന്ന്‌ തെളിയിക്കുന്നതാണ്‌ ലോകസഭാ തെരഞ്ഞെടുപ്പ്‌ മുതലുള്ള വോട്ടെടുപ്പുകള്‍. വരട്ടുതത്വവാദവുമായി സോഷ്യല്‍ ഡെമോക്രാറ്റുകള്‍ പാര്‍ട്ടിയില്‍ പിടി മുറുക്കിയതിന്റെ അനിവാര്യമായ തിരിച്ചടിയാണ്‌ ഈ രണ്ട്‌ സംസ്ഥാനങ്ങളിലും പാര്‍ട്ടി അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്‌. പ്രകാശ്‌ കാരാട്ട്‌ എന്ന ദേശീയ നേതാവിന്റെ ഇമേജ്‌ ഓരോ തെരഞ്ഞെടുപ്പ്‌ കഴിയുംതോറും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്‌. പാര്‍ട്ടിയിലെ സമ്പന്ന വിഭാഗത്തെയും ആഢംബര പ്രിയരേയും അനുകൂലിച്ച്‌ പാര്‍ട്ടിക്കുവേണ്ടി എല്ലാം ത്യജിച്ച സഖാക്കളെയും അണികളെയും തള്ളിപ്പറഞ്ഞ്‌ വര്‍ഗ വഞ്ചനയുടെയും ജനവഞ്ചനയുടെയും മാനിഫെസ്റ്റോ രചിക്കുന്ന കാരാട്ടടക്കമുള്ള ദേശീയ നേതൃത്വത്തിനും കേരളത്തിലേയും ബംഗാളിലേയും സംസ്ഥാന നേതൃത്വങ്ങള്‍ക്കുമുള്ള ചുട്ട മറുപടിയാണ്‌ ഈ ഉപതെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍. പാര്‍ട്ടിയുടെ കേഡര്‍ വോട്ടുകള്‍ പോലും ലഭിക്കാത്ത ദയനീയ അവസ്ഥയിലേക്കാണ്‌ ഇപ്പോഴത്തെ നേതൃത്വങ്ങള്‍ പാര്‍ട്ടിയെ നയിച്ചുകൊണ്ടിരിക്കുന്നത്‌. വ്യവസായവത്കരണമെന്ന ഒരു സംഞ്ജയുടെ മറവില്‍ മൂലധന ചൂഷകര്‍ക്കും മൂലധന സമാഹര്‍ത്താക്കള്‍ക്കും ചുവന്ന പരവതാനി വിരിച്ച്‌ കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും അടിസ്ഥാന വര്‍ഗങ്ങളെയും അവരുടെ പണിയിടങ്ങളില്‍ നിന്നും കുടികിടപ്പ്‌ ഭൂമിയില്‍ന നിന്നും നിര്‍ദാക്ഷണ്യം ആട്ടിയിറക്കുന്ന വഞ്ചനക്കുള്ള ജനപക്ഷ മറുപടികളാണ്‌ ലോകസഭാ തെരഞ്ഞെടുപ്പ്‌ മുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുന്നത്‌. നയവഞ്ചകരെ വെച്ചുപൊറുപ്പിക്കുകയില്ല എന്ന സമ്മതിദായകരുടെ ദൃഢപ്രതിജ്ഞകളാണ്‌ വോട്ടുകളായി മറുവിഭാഗത്തിന്‌ പിന്തുണയേകുന്നത്‌. ഇതാകട്ടെ കോണ്‍ഗ്രസിന്റെയോ തൃണമൂല്‍ കോണ്‍ഗ്രസിന്റേയോ ബിഎസ്പിയുടേയോ നയങ്ങള്‍ ജനഹിതമനുസരിച്ചുള്ളതായതുകൊണ്ടല്ല, മറിച്ച്‌ മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ നവലിബറല്‍ നേതൃത്വം പുലര്‍ത്തുന്ന വര്‍ഗ വിരുദ്ധ നിലപാടുകള്‍ക്കും നയങ്ങള്‍ക്കുമുള്ള മൂര്‍ച്ചയേറിയ മറുപടികളാണ്‌.
ലോകസഭാ തെരഞ്ഞെടുപ്പില്‍ ആതിരേ, ആണവ കരാര്‍ ഉയര്‍ത്തിക്കാട്ടിയാണ്‌ ഇടതുപക്ഷവും പ്രതിപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസിനും അതിന്റെ ഉദാരവത്കരണ വികസന നയങ്ങള്‍ക്കുമെതിരെ ജനങ്ങളെ പ്രബുദ്ധരാക്കാന്‍ ശ്രമിച്ചത്‌. എന്നാല്‍, തൊഴിലുറപ്പ്‌ പദ്ധതികള്‍ പോലുള്ള ജനകീയ പരിപാടികളിലൂടെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെയും മറ്റ്‌ ഇടതുപക്ഷ പാര്‍ട്ടികളുടെയും ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെയും എതിര്‍ പ്രചാരണത്തിന്‌ തടയിടാന്‍ മന്‍മോഹനും സോണിയക്കും കഴിഞ്ഞു. വരാനിരിക്കുന്ന വന്‍ വിപത്തിന്റെ ആശങ്കയേക്കാള്‍ വിശപ്പുയര്‍ത്തുന്ന സമസ്യകള്‍ക്ക്‌ പരിഹാരം കണ്ടെത്തുന്നുതിലായിരുന്നു ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ താല്‍പ്പര്യം. ഈ ഹിതം മനസ്സിലാക്കി രാഷ്ട്രീയ നേട്ടത്തിനായാണെങ്കിലും ചില നടപടികള്‍ കോണ്‍ഗ്രസ്‌ നേതൃത്വം കൈക്കൊണ്ടപ്പോള്‍ ഇന്ത്യയിലെ ജനങ്ങള്‍ ആ കൈപ്പത്തിയില്‍ തങ്ങളുടെ താങ്ങ്‌ കണ്ടെത്തിയെങ്കില്‍ അവരെ കുറ്റം പറയാന്‍ കഴിയുകയില്ല. അധര വ്യായാമം കൊണ്ടും വിപ്ലവ പ്രസംഗങ്ങള്‍ കൊണ്ടും ഇനി തങ്ങളെ വഞ്ചിക്കാന്‍ കാരാട്ടിനോ യെച്ചൂരിക്കോ ബുദ്ധദേവിനോ പിണറായിക്കോ കഴിയുകയില്ല എന്ന്‌ അസന്ദിഗ്ധമായി ജനങ്ങള്‍ അവരുടെ മനസ്സ്‌ വെളിപ്പെടുത്തിയതായിരുന്നു ലോകസഭാ തെരഞ്ഞെടുപ്പില്‍ കണ്ടത്‌.
ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പില്‍ ആസിയാന്‍ കരാറാണ്‌ ഇടതുപ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെതിരെ ഉയര്‍ത്തിക്കാട്ടിയത്‌. കര്‍ഷക താല്‍പര്യങ്ങള്‍ ബലികഴിച്ച്‌ വിദേശ രാഷ്ട്രങ്ങളുടെ വ്യാപാര താല്‍പര്യങ്ങള്‍ക്കാണ്‌ മന്‍മോഹനും സോണിയയും ചൂട്ടുപിടിക്കുന്നതെന്ന പ്രചാരണം എങ്ങും ഏശിയില്ല എന്നതിന്റെ തെളിവാണ്‌ കേരളത്തിലെയും ബംഗാളിലെയും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ അതി ദയനീയമായ പാരാജയം.
യുപിയില്‍ എട്ട്‌ സീറ്റുകള്‍ നേടിയ മായാവതിയുടെ ഭരണം അഴിമതി നിറഞ്ഞതും ജനഹിതം മാനിക്കാത്തതുമാണെന്ന്‌ പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും തെളിവ്‌ നിരത്തി ചൂണ്ടിക്കാട്ടിയിട്ടും ജനങ്ങള്‍ അവര്‍ക്ക്‌ വോട്ട്‌ ചെയ്തെങ്കില്‍ ആതിരേ, അതിനര്‍ത്ഥം അവരേക്കാള്‍ ഭീകരന്മാരും ചതിയന്മാരും വഞ്ചകനുമാണ്‌ പ്രതിപക്ഷ പാര്‍ട്ടികളിലുള്ളവര്‍ എന്നാണര്‍ത്ഥം.
കോണ്‍ഗ്രസിനെതിരെ ഫലപ്രദമായ ഒരു പ്രതിപക്ഷമാകാന്‍ ഇടതുപക്ഷത്തിനോ ബിജെപിക്കോ സമീപ ഭാവിലൊന്നും കഴിയുകയില്ല എന്നും ഈ തെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ വ്യക്തമാക്കുന്നു. ലോകസഭാ തെരഞ്ഞെടുപ്പിന്‌ പിന്നാലെ ഉപതെരഞ്ഞെടുപ്പുകളിലും ജയിക്കുക വഴി കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം കൂടിയിട്ടുണ്ട്‌. ഇത്‌ യുപിഎ സര്‍ക്കാരിന്റെ ഉദാര വത്കരണ വികസന നയങ്ങളുടെ ഗതിവേഗം കൂട്ടുമെന്ന കാര്യത്തില്‍ സംശയമില്ല. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയിലെ സാധാരണക്കാരന്റെ സ്വപ്നങ്ങളും ഭാവി പ്രതീക്ഷകളുമായിരിക്കും വിദേശ മൂലധന ശക്തികള്‍ക്ക്‌ അടിയറവെയ്ക്കപ്പെടുക. ഇതിനെതിരെ ജാഗ്രത പുലര്‍ത്താനും ജനങ്ങളെ അണിനിരത്താനും ബാധ്യതയുള്ള ഇടതുപക്ഷ - പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക്‌ അവരുടെ അണികളില്‍ നിന്നുപോലും പൂര്‍ണമായ പിന്തുണ ലഭിക്കാതിരിക്കുമ്പോള്‍ സോണിയയ്ക്കും മമതയ്ക്കും മായാവതിക്കും പൊട്ടിപ്പെട്ടി ചിരിക്കാന്‍ കഴിയും. പക്ഷെ, അതിന്റെ തിരിച്ചടികള്‍ വളരെ ക്രൂരവും വളരെ സാവധാനം ഇന്ത്യയിലെ സാധാരണാക്കാരെ വിഴുങ്ങുന്നുമായിരിക്കും അങ്ങനെ സംഭവിച്ചാല്‍ ആതിരേ, അതിന്റെ പൂര്‍ണ ഉത്തവാദതിത്തം ഇടതുപക്ഷ-പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക്‌ മാത്രമായിരിക്കും.

No comments: