Thursday, November 5, 2009

മടിയില്‍ ഘനമുള്ളവരുടെ വേവലാതികള്‍

എന്തിനാണ്‌ ആതിരേ മുഖ്യമന്ത്രി അച്യുതാനന്ദനും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഇത്ര ബേജാറാകുന്നത്‌...?
കണ്ണൂരിലെ തെരഞ്ഞെടുപ്പിന്റെ അക്രമരഹിതമായ നടപടിക്രമങ്ങള്‍ക്ക്‌ കേന്ദ്രസേനയെ ഇറക്കിയതാണ്‌ ഇവരെ അസ്വസ്ഥരാക്കുന്നതെന്ന്‌ പ്രതികരണങ്ങളില്‍ നിന്ന്‌ വായിച്ചെടുക്കാം.
'മടിയില്‍ ഘനമില്ലാത്തവര്‍ക്ക്‌ വഴിയില്‍ ആരെയും പേടിക്കേണ്ട' എന്ന്‌ ലാവലിന്‍ അഴിമതികേസ്‌ ഉയര്‍ന്നു വന്നപ്പോള്‍ പലവട്ടം ആവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ്‌ പിണറായി വിജയന്‍. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ 64 ബൂത്തുകളില്‍ കേന്ദ്രസേനയെ വിന്യസിച്ചതുമാണ്‌. എന്നിട്ടും കണ്ണൂരിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്‌ കേന്ദ്രസേനയെ വിന്യസിക്കുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ പിണറായി മുതല്‍ അച്യുതാനന്ദന്‍ വരെയുള്ളവര്‍ക്ക്‌ ഹാലിളകിയിരിക്കുകയാണ്‌.
ഇതുകാണുമ്പോള്‍, ജനങ്ങള്‍ ചോദിക്കുന്നത്‌ ഇവരുടെ മടിയില്‍ ഘനമുള്ളതുകൊണ്ടല്ലേ ഈ വെപ്രാളങ്ങളെന്നാണ്‌.
മുഖ്യമന്ത്രി അച്യുതാനന്ദന്റെ ഭാഗത്ത്‌ നിന്നാണ്‌ , ആതിരേ കേന്ദ്ര സേന വിന്യാസത്തിനെതിരെ ഏറ്റവും വിലകുറഞ്ഞ ഒരു പ്രതികരണമുണ്ടായത്‌. പട്ടാളം വന്നാല്‍ ബാരക്കില്‍ ഇരിക്കുകയേ ഉള്ളു എന്നായിരുന്നു അച്യുതാനന്ദന്റെ പ്രതികരണം. പട്ടാളം വരട്ടെ കുറേ നാളായി കാണാത്തവരെ ജനങ്ങള്‍ക്ക്‌ കാണാമല്ലോ എന്ന്‌ പിണറായിയും ക്രമസമാധാന പാലനം സംസ്ഥാന വിഷയമാണ്‌ എന്ന്‌ കോടിയേരിയും കൂടെ പറയുന്നതും കേരളം കേട്ടു.
അണികളെ ഉത്തേജിപ്പിക്കാന്‍ ഈ പ്രതികരണങ്ങള്‍ക്ക്‌ കഴിയുമെങ്കിലും ഇവ വിവരക്കേടിന്റെ ഏറ്റവും വികൃതമായ പ്രദര്‍ശനമായിട്ടാണ്‌ വിവേകമുള്ളവര്‍ വിലയിരുത്തുക.
ആതിരേ, ഏതെങ്കിലും സംസ്ഥാനത്ത്‌, മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച്‌ കഴിഞ്ഞാല്‍ ക്രമസമാധാനം ഉള്‍പ്പെടെ ഉള്ള തെരഞ്ഞെടുപ്പ്‌ പ്രക്രിയയുടെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ്‌ കമ്മീഷനാണ്‌. കമ്മീഷന്റെ കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ സഹായിക്കുക എന്നതാണ്‌ സംസ്ഥാന സര്‍ക്കാരിന്റെയും സ്വയംഭരണ സ്ഥാപനങ്ങളുടെയും ചുമതല. ഈ അടിസ്ഥാന വിവരം അറിയാതെ അല്ല വി.എസ്‌ ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്രസേനയ്ക്ക്‌ നേരെ കുരച്ച്‌ ചാടിയത്‌. മറിച്ച്‌ വരാനിരിക്കുന്ന ഭീകരമായ തോല്‍വിയെക്കുറിച്ചുള്ള ആശങ്ക അവനവനില്‍ നിന്ന്‌ അകറ്റാനും അണികളില്‍ നിന്ന്‌ മാറ്റാനും വേണ്ടിയുള്ള വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രങ്ങളായിരുന്നു അവ.
എന്നാല്‍, ഒരു മുഖ്യമന്ത്രിയില്‍ നിന്ന്‌ ഇങ്ങനെയൊരു പ്രതികരണം ഉണ്ടാകാമോ എന്നതാണ്‌ ആദ്യത്തെ ചോദ്യം. ഭരണഘടനാ പരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്ന സ്ഥാനങ്ങളാണ്‌ മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പ്‌ കമ്മീഷനും. ഈ രണ്ട്‌ വ്യത്യസ്ത സ്വതന്ത്ര സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ജനാധിപത്യ ഭരണക്രമത്തിന്റെ അടിസ്ഥാന പ്രക്രിയകള്‍ സുഗമമായി നിര്‍വഹിക്കാന്‍ കഴിയൂ. ഇതറിഞ്ഞിട്ടും ഭരണഘടനാ വിരുദ്ധമായ പ്രഖ്യാപനങ്ങള്‍ നടത്തുക വഴി വി.എസ്‌ അച്യുതാനന്ദന്‍ സ്വയം തരം താഴുകയായിരുന്നു എന്നുമാത്രമല്ല ഇതിലൂടെ എതിര്‍പക്ഷത്തിന്‌ വിജയത്തിലേക്കുള്ള പാത സുഗമമാക്കുകയുമായിരുന്നു.
ഇവിടെ ഒരു ഓര്‍മ കടന്നുവന്നേ തീരു ആതിരേ. ലാവലിന്‍ അഴിമതി കേസില്‍ മുന്‍ വിദ്യുച്ഛക്തി മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായി പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ കേരളാ ഗവര്‍ണര്‍ ആര്‍.എസ്‌ ഗവായി അനുമതി നല്‍കിയപ്പോള്‍ അതിനെതിരെ പാര്‍ട്ടി പിടഞ്ഞ്‌ പ്രതികരിക്കുകയുമുണ്ടായി. അത്‌ സ്വാഭാവികം. എന്നാല്‍ പ്രോസിക്യൂഷന്‌ അനുമതി നല്‍കരുതെന്ന മന്ത്രിസഭാ തീരുമാനം കൈമാറിയിട്ടും ഗവര്‍ണര്‍ സ്വീകരിച്ച ആ നടപടിയ്ക്കെതിരെ വി.എസ്‌ അച്യുതാനന്ദന്റെ പ്രതികരണം എന്താണെന്നറിയാനായിരുന്നു കേരളം കാതോര്‍ത്തത്‌. ഇതിന്‌ ഒരു പാര്‍ട്ടിപരമായ വശം കൂടിയുണ്ടായിരുന്നു. പാര്‍ട്ടിയില്‍ മേല്‍ക്കൈ നേടാന്‍ പിണറായി വിജയനും വി.എസ്‌ അച്യുതാനന്ദനും തുടര്‍ന്നുപോരുന്ന വിഭാഗീയ നടപടികള്‍ അതിന്റെ തിരിച്ചടികളുമായിരുന്നു അത്‌.
എന്നാല്‍,ആതിരേ, പാര്‍ട്ടി അണികളെയും കേന്ദ്ര നേതൃത്വത്തെയും അമ്പരിപ്പിച്ചുകൊണ്ട്‌ ഗവര്‍ണറുടെ നടപടിയെ അംഗീകരിക്കുകയായിരുന്നു വി.എസ്‌ അച്യുതാനന്ദന്‍. അതിന്‌ അദ്ദേഹം ചൂണ്ടിക്കാട്ടിയത്‌ ഭരണഘടനാപരമായ സാങ്കേതികത്വം ആയിരുന്നു. എന്നാല്‍, മുമ്പ്‌ ഗവര്‍ണറുടെ നടപടികളെ വി.എസ്‌ വിമര്‍ശിച്ച അവസരങ്ങള്‍ ചൂണ്ടിക്കാട്ടി ഔദ്യോഗിക പക്ഷവും നിഷ്പക്ഷരായ ജനങ്ങളെയും ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോഴും മൗനവ്രതം ഭഞ്ജിക്കാന്‍ അച്യുതാനന്ദന്‍ തയ്യാറായില്ല.
ആ അച്യുതാനന്ദനാണ്‌ ഇപ്പോള്‍ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്റെ നടപടിയെ യുക്തിരഹിതമായി ചോദ്യം ചെയ്തിട്ടുള്ളത്‌. എന്നാല്‍, ആദ്യ പ്രഖ്യാപനത്തിലെ വിവരക്കേട്‌ മനസ്സിലായ ശേഷം പട്ടാളം വന്നോട്ടെ ആരുടെയും കൈപിടിച്ച്‌ നോക്കാന്‍ അനുവാദമില്ല എന്ന്‌ ആദ്യത്തെ പ്രഖ്യാപനത്തിന്റെ രൂക്ഷത കുറയ്ക്കാന്‍ അച്യുതാനന്ദന്‍ ശ്രമിക്കുന്നതും കേരളം കണ്ടു.
പൊതുസമൂഹത്തിന്റെ ചോദ്യം ഇതാണ്‌ ആതിരേ-. മൂന്ന്‌ നിയമസഭാ നിയോജകമണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ്‌ നടക്കുമ്പോള്‍ എന്തുകൊണ്ട്‌ കണ്ണൂരില്‍ മാത്രം കേന്ദ്രസേനയെ വിന്യസിക്കുന്നു? ആരാണ്‌ അതിനുത്തരവാദികള്‍?
ഈ രണ്ട്‌ ചോദ്യങ്ങള്‍ക്കും കണ്ണൂരിലെ ഇടതുപക്ഷ വോട്ടര്‍മാര്‍ക്കും സഹയാത്രികര്‍ക്കും വ്യക്തമായ ഉത്തരമുണ്ട്‌. കണ്ണൂരില്‍ ഇല്ലാത്ത കെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടെയും പേരില്‍ വ്യാജ വോട്ടര്‍മാരെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇറക്കുമതി ചെയ്ത്‌ തെരഞ്ഞെടുപ്പ്‌ പ്രക്രിയ അട്ടിമറിക്കാനുള്ള ഗൂഢശ്രമം നടന്നുവെന്ന്‌ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ്‌ തെരഞ്ഞെടുപ്പിന്റെ സുതാര്യമായ നടപടികള്‍ ഉറപ്പ്‌ വരുത്താന്‍ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുള്ളത്‌. വോട്ടേഴ്സ്‌ ലിസ്റ്റിലെ ക്രമക്കേടുകളെ കുറിച്ച്‌ യുഡിഎഫ്‌ ഉന്നയിച്ച ആക്ഷേപങ്ങള്‍ അടിസ്ഥാനപരമായിരുന്നു എന്നതിന്റെ തെളിവാണ്‌ കണ്ണൂരിലെ കളക്ടറെ മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്‌. അതിന്‌ ശേഷവും വ്യാപകമായ വ്യാജ വോട്ട്‌ ഇറക്കുമതി നടന്നു എന്ന്‌ സംസ്ഥാന ഇലക്ഷന്‍ കമ്മീഷനും കേന്ദ്ര ഇലക്ഷന്‍ കമ്മീഷനും ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌ പ്രക്രിയ സംഘര്‍ഷരഹിതമായി നടത്താന്‍ കേന്ദ്രസേനയെ അയച്ചത്‌.
ഇതിനുത്തരവാദികള്‍ കണ്ണൂരിലെ സമ്മതിദായകരോ കണ്ണൂരില്‍ ജനവിധി തേടുന്ന യുഡിഎഫ്‌ ബിജെപി സ്ഥാനാര്‍ത്ഥികളോ അല്ല. മറിച്ച്‌ സിപിഎമ്മും ഇടതുപക്ഷ മുന്നണിയുമാണ്‌. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ അഖിലേന്ത്യാ തലത്തിലും സംസ്ഥാന തലത്തിലും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കുണ്ടായ അവഹേളനത്തിന്‌ മറുപടി പറയാന്‍ ലഭിച്ച അവസരമാണ്‌ ഈ ഉപതെരഞ്ഞെടുപ്പ്‌. എന്നാല്‍, ലോകസഭാ തെരഞ്ഞെടുപ്പിലെ പരാജയകാരണം അതിന്റെ യഥാര്‍ത്ഥ ഭൂമികയില്‍ പ്രതിഷ്ഠിക്കാനൊ മനസ്സിലാക്കാനോ ശ്രമിക്കാതെ ഭരണം തുടര്‍ന്നതിന്റെ തിരിച്ചടിയായിരിക്കും ഈ ജനവിധിയില്‍ വ്യക്തമാവുക എന്ന ആശങ്കയാണ്‌ അച്യുതാനന്ദന്‍ മുതല്‍ പിണറായി വരെയുള്ള നേതാക്കളെയും മാര്‍ക്സിസ്റ്റ്‌ അണികളെയും ഇടതുപക്ഷ പാര്‍ട്ടികളെയും ഭരിക്കുന്നത്‌. ഈ ഭയത്തില്‍ നിന്നുള്ള മോചനത്തിനായാണ്‌ ജനാധിപത്യ വിരുധമായ വോട്ടര്‍ ഇറക്കുമതിക്ക്‌ പാര്‍ട്ടിയും പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരം കളക്ടറും ഉദ്യോഗസ്ഥരും ശ്രമിച്ചത്‌. ഈ കള്ളക്കളി അങ്ങാടിപ്പാട്ടാകുകയും അതിന്‌ തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തതോടെയാണ്‌ കേരളത്തിലെ മാര്‍ക്സിസ്റ്റ്‌ നേതാക്കള്‍ക്ക്‌ ഇരിക്കപ്പൊറുതി ഇല്ലാതായത്‌.
മടിയില്‍ ഘനം തൂങ്ങുന്നത്‌ കൊണ്ടാണ്‌ ഈ വെപ്രാളമെന്നാണ്‌ കണ്ണൂരിലെയും ആലപ്പുഴയിലെയും എറണാകുളത്തെയും സമ്മതിദായകര്‍ മാത്രമല്ല കേരളത്തിലെ സാധാരണ ജനങ്ങളും വിലയിരുത്തുന്നത്‌. ഇതിനവര്‍ക്ക്‌ മുന്‍കാല പ്രാബല്യത്തോടെ ചില നടപടികളുടെ ഓര്‍മ്മയുമുണ്ട്‌. ഏത്‌ അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന്‌ വീമ്പിളക്കിയിട്ടും എസ്‌എന്‍സി ലാവലിന്‍ കേസ്‌ സിബിഐ അന്വേഷിക്കണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ അതിനെ നഖശിഖാന്തം എതിര്‍ത്തവരാണ്‌ ഈ സഖാക്കളെല്ലാം. നികുതിദായകരുടെ പണം മുടക്കിയാണ്‌ സുപ്രീം കോടതിയില്‍ നിന്ന്‌ ജഡ്ജിമാരെ ഇറക്കുമതി ചെയ്ത്‌ ഇതിനായി വാദിച്ചത്‌. പക്ഷെ, സത്യം അംഗീകരിക്കാന്‍ കോടതി തയ്യാറായപ്പോള്‍ അന്വേഷണം സിബിഐയ്ക്ക്‌ കൈമാറാനാണ്‌ വിധി വന്നത്‌.
ആതിരേ, സമാന സ്വഭാവമായ വെട്ടിലാണ്‌ പോള്‍ ജോര്‍ജ്ജ്‌ മുത്തൂറ്റ്‌ വധകേസില്‍ സംസ്ഥാന സര്‍ക്കാര്‍ അകപ്പെട്ടിരിക്കുന്നത്‌. ഒരു മന്ത്രിപുത്രന്റെയും സുഹൃത്തുക്കളായ ഗുണ്ടാത്തലവന്റെയും അധോലോക രാജാക്കന്മാരുടെയും താല്‍പര്യ പ്രകാരം പോള്‍ വധകേസ്‌ അന്വേഷണം തുടക്കം മുതല്‍ അട്ടിമറിക്കുകയായിരുന്നു ജേക്കബ്‌ പുന്നൂസിന്റെ പോലീസ്‌. അന്വേഷണത്തിലെ അനൗചിത്യങ്ങളും അട്ടിമറികളും ഒന്നൊന്നായി മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നപ്പോള്‍ അവയ്ക്ക്‌ കൂച്ചുവിലങ്ങിടാനാണ്‌ കോടിയേരിയും പാര്‍ട്ടിയും ആദ്യം തീരുമാനിച്ചത്‌. പക്ഷെ അത്‌ നടപ്പിലായില്ല. ഇപ്പോള്‍ പോള്‍ ജോര്‍ജ്ജിന്റെ പിതാവ്‌ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കേസന്വേഷണം സിബിഐയ്ക്ക്‌ വിടണമോ എന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ചോദ്യത്തിന്‌ പാടില്ല എന്നാണ്‌ സര്‍ക്കാര്‍ മറുപടി നല്‍കിയത്‌. ഇതും മടിയില്‍ ഘനമുള്ളതുകൊണ്ടാണെന്ന്‌ വായിച്ചെടുക്കാന്‍ കെല്‍പ്പുള്ളവരാണ്‌ കേരളത്തിലെ ജനങ്ങള്‍. ഈ ജനങ്ങളെ വീണ്ടുമൊരു തെരഞ്ഞെടുപ്പിലൂടെ വഞ്ചിക്കാമെന്ന വികൃത ചിന്തകള്‍ക്കാണ്‌ കേന്ദ്രസേനാ വിന്യാസത്തിലൂടെ വിലങ്ങ്‌ വീണിരിക്കുന്നത്‌.
ഇത്‌ തമസ്കരിച്ച്‌ അച്യുതാനന്ദനും കോടിയേരിയും പിണറായിയും ജയരാജന്മാരും വൈക്കം വിശ്വനും വെളിയം ഭാര്‍ഗവനുമൊക്കെ വെളിവുകേട്‌ പറയുമ്പോള്‍ കേരളം ഉറപ്പിക്കുകയാണ്‌ ഈ തെരഞ്ഞെടുപ്പ്‌ കാര്യത്തിലും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെയും ഇടതുപക്ഷത്തിന്റെയും മടിയില്‍ താങ്ങാനാവാത്ത ഘനമാണുള്ളതെന്ന്‌.
അതുകൊണ്ടാണ്‌ ഇവരുടെ വെപ്രാളങ്ങള്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ അപഹാസ്യമായി തീരുന്നത്‌.ആതിരേ, അച്യുതാനന്ദനെങ്കിലും ഇത്‌ മനസ്സിലാക്കേണ്ടതായിരുന്നു.

No comments: