Tuesday, November 10, 2009

മൂലത്തറയില്‍ നിന്നും മുല്ലപ്പെരിയാറിലേക്കുള്ള ദൂരം

ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ ബാധ്യതയുള്ളത്‌ സര്‍ക്കാരിനാണ്‌. എന്നാല്‍, സമ്മതിദായകരും നികുതി ദായകരുമായ പൊതുസമൂഹത്തിന്‌ സുരക്ഷയോടെ കഴിയാന്‍ നിവൃത്തിയില്ലാത്ത സാഹചര്യമാണ്‌ ഇന്ന്‌ കേരളത്തിലുള്ളത്‌. അതുകൊണ്ട്‌ സുഖലോലുപരായി കഴിയാന്‍ ഭരണാധികാരികള്‍ക്ക്‌ അവകാശമില്ല. അതിനവരെ അനുവദിച്ചുകൂടാ.
മുല്ലപ്പെരിയാറിലേക്കുള്ള ഏറ്റവും അപായകരമായ സൂചനയാണ്‌ ആതിരേ, മൂലത്തറ റെഗുലേറ്ററിന്റെ തകര്‍ച്ച. പറമ്പിക്കുളം-ആളിയാര്‍ വെള്ളം സംഭരിക്കുന്ന മൂലത്തറ റെഗുലേറ്ററിന്റെ തകര്‍ച്ചയ്ക്ക്‌ കാരണം, ആളിയാര്‍ അണക്കെട്ടില്‍ നിന്ന്‌ തമിഴ്‌നാട്‌ വന്‍തോതില്‍ വെള്ളം തുറന്നു വിട്ടതാണ്‌. ഇതേ തുടര്‍ന്ന്‌ അപ്രതീക്ഷിതമായി ഉണ്ടായ വെള്ളം തള്ളിച്ചയാണ്‌ റെഗുലേറ്ററിന്റെ ഭാഗിക തകര്‍ച്ചയ്ക്ക്‌ കാരണമായത്‌. മുല്ലപ്പെരിയാറിന്റെ അത്രയും ദുര്‍ബലമല്ലാതിരുന്നിട്ടും വെള്ളം ഇരച്ചെത്തിയപ്പോള്‍ മൂലത്തറ റെഗുലേറ്ററിന്റെ ഒരു ഭാഗം തകര്‍ന്നത്‌ മുല്ലപ്പെരിയാറിനെ കുറിച്ചുള്ള കേരളത്തിന്റെ ഭീഷണിയുടെ ആഴം വര്‍ധിപ്പിക്കുന്നുണ്ട്‌.
ഡാമുകളുടെ നാട്ടുരാജ്യം എന്നറിയപ്പെടുന്ന പാലക്കാട്‌ ജില്ലയില്‍ പത്തിലധികം വലുതും ചെറുതുമായ ഡാമുകളുണ്ട്‌. ഇതില്‍ പലതിനും കാലപ്പഴക്കത്തിന്റെ 'പെരുമ'യുമുണ്ട്‌. എന്നിട്ടും ഇതില്‍ പലതിനും ഇനിയും ഏറെക്കാലം ആയുസ്സുണ്ടെന്നാണ്‌ വിദഗദ്ധരുടെ വിലയിരുത്തല്‍. എങ്കിലും തമിഴ്‌നാടിനോട്‌ ചേര്‍ന്ന്‌ കടക്കുന്ന ആളിയാര്‍ വെള്ളം തുറന്നുവിടാറുള്ള മൂലത്തറ ഡാമിന്റെ സുരക്ഷയെ കുറിച്ച്‌ അധികൃതര്‍ വേണ്ടത്ര ശ്രദ്ധാലുക്കളായിരുന്നില്ല എന്നാണ്‌ ഇപ്പോള്‍ വ്യക്തമാകുന്നത്‌. ഉദ്യോഗസ്ഥരുടെ പിടിപ്പുകേടും അനാസ്ഥയും ഈ സംഭവത്തിന്‌ പിന്നില്‍ ഉണ്ടെന്നുള്ളതും ഭയം ജനിപ്പിക്കുന്ന വാസ്തവമാണ്‌.
അപ്രതീക്ഷിതമായി ഉണ്ടാകുന്ന ജലദുരന്തം നേരിടാന്‍ കേരളസര്‍ക്കാര്‍ ഒട്ടും സന്നദ്ധമല്ല എന്നതിന്റെ ഭീഷണമായ സൂചനകൂടിയാകുന്നു ആതിരേ മൂലത്തറ ദുരന്തം. ഇത്‌ മൂന്നാം തവണയാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. എന്നിട്ടും കേരളം പാഠം പഠിച്ചില്ല എന്നുപറയുമ്പോള്‍ നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജനങ്ങളോടുള്ള ഉത്തരവാദിത്തം ഊഹിക്കാവുന്നതേയുള്ളൂ. 1969ലും 1992 ലും ആളിയാര്‍ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ മൂലത്തറ റെഗുലേറ്റര്‍ തകര്‍ന്നിട്ടുണ്ട്‌. അന്നെല്ലാം 'ഫ്ലെഡ്‌ വാട്ടര്‍' എന്ന പതിവ്‌ വിശദീകരണത്തില്‍ തങ്ങളുടെ ഉത്തരവാദിത്തം ഒഴുക്കി കളയാനാണ്‌ ഭരണകൂടവും ഉദ്യോഗസ്ഥരും ശ്രമിച്ചത്‌. അതുതന്നെയാണ്‌ ഇത്തവണയും സംഭവിച്ചിട്ടുള്ളത്‌. സ്ഥലം സന്ദര്‍ശിച്ച മന്ത്രി എം.കെ. പ്രേമചന്ദ്രന്‍ ഇനിയൊരു ദുരന്തം തടയാനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദഗദ്ധ സമിതിക്ക്‌ രൂപം നല്‍കുമെന്നാണ്‌ 'പ്രഖ്യാപിച്ചിട്ടുള്ളത്‌'. ഓരോ ദുരന്തം ഉണ്ടാകുമ്പോഴും ഒരു അന്വേഷണ കമ്മീഷനെ നിയമിച്ച്‌ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന പതിവു വഞ്ചനയ്ക്ക്‌ തന്നെയാണ്‌ എം.കെ. പ്രേമചന്ദ്രന്‍ ശ്രമിക്കുന്നത്‌ . കാരണം 1992ല്‍ മൂലത്തറ റെഗുലേറ്റര്‍ തകര്‍ന്നതിനെ കുറിച്ച്‌ അന്വേഷിക്കാന്‍ അന്നത്തെ സര്‍ക്കാര്‍ ജി. ഗോപാലകൃഷ്ണ പിള്ളയെ നിയോഗിച്ചിരുന്നു. അദ്ദേഹത്തിന്റെ പഠനവും ശിപാര്‍ശകളും എന്തൊക്കെയാണെന്ന്‌ കേരളത്തിലെ ഒരാള്‍ക്കും ഇന്നറിയില്ല. മന്ത്രി പ്രേമചന്ദ്രന്‍ ആ പഴയ ഫയലൊന്ന്‌ പൊടിതട്ടിയെടുത്തതിന്‌ ശേഷം മതി പുതിയ സമിതിയെ നിയോഗിക്കാനും അവരുടെ ശിപാര്‍ശകള്‍ റിപ്പോര്‍ട്ടായി സ്വീകരിക്കാനും. ചെയ്യേണ്ട ഉത്തരവാദിത്തങ്ങള്‍ കൃത്യമായി ചെയ്യാതെ പ്രസ്താവനകള്‍ കൊണ്ടും പ്രഖ്യാപനങ്ങള്‍ കൊണ്ടും ജനശ്രദ്ധ തിരിച്ചുവിടാം എന്നാണ്‌ വിപ്ലവപാര്‍ട്ടികളില്‍ പെട്ട മന്ത്രിമാര്‍ പോലും കരുതുന്നത്‌.എതൃ ക്രൂരന്മാരായ ജന വഞ്ചകരാണിവര്‍..!
അതിന്റെ തെളിവാണ്‌ സംഭവസ്ഥലം സന്ദര്‍ശിച്ച മന്ത്രിമാരായ എ.കെ. ബാലനില്‍ നിന്നും പ്രേമചന്ദ്രനില്‍ നിന്നുമുണ്ടായ പ്രതികരണങ്ങള്‍. ആളിയാറിലെ വെള്ളം തുറന്നുവിടുന്നത്‌ സംബന്ധിച്ച്‌ തമിഴ്‌നാട്‌ കേരളത്തിന്‌ മുന്നറിയിപ്പ്‌ നല്‍കിയില്ല എന്നാണ്‌ എ.കെ. ബാലന്‍ (ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം ) മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞത്‌. എന്നാല്‍ ഇത്‌ സംബന്ധിച്ച്‌ രാത്രി തന്നെ തമിഴ്‌നാട്ടില്‍ നിന്ന്‌ മുന്നറിയിപ്പ്‌ ലഭിച്ചിരുന്നു എന്നാണ്‌ പ്രേമചന്ദ്രന്‍ വെളിപ്പെടുത്തിയത്‌. മന്ത്രിമാര്‍ക്കിടയില്‍ തന്നെ ഇത്തരത്തില്‍ ആശയക്കുഴപ്പമുണ്ടാകുമ്പോള്‍ വര്‍ധിക്കുന്നത്‌ ജനങ്ങളുടെ ആശങ്കയാണ്‌.
ആതിരേ, വിവരക്കേടുകൊണ്ടാണ്‌ എ.കെ. ബാലന്‍ തമിഴ്‌നാട്‌ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയതെന്ന്‌ സമ്മതിക്കുമ്പോഴും എന്‍.കെ. പ്രേമചന്ദ്രന്റെ വെളിപ്പെടുത്തല്‍ ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌. തമിഴ്‌നാട്‌ സര്‍ക്കാരില്‍ നിന്ന്‌ ആളിയാര്‍ ഡാം തുറക്കുന്നത്‌ സംബന്ധിച്ച്‌ മുന്‍കൂട്ടി വിവരം ലഭിച്ചിട്ടും എന്തുകൊണ്ട്‌ ഇക്കാര്യം മൂലത്തറ റെഗുറേറ്ററുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചില്ല എന്നതാണ്‌ അതില്‍ പ്രധാനം. ആളിയാര്‍ ഡാം തുറന്നുവിട്ടപ്പോള്‍ രണ്ടുതവണ തകര്‍ന്ന ചരിത്രമുള്ള മൂലത്തറ റെഗുലേറ്റര്‍ വീണ്ടും തകരാനുള്ള സാധ്യത മനസ്സിലാക്കാനുള്ള കേവല ബുദ്ധിയും യുക്തിയും എന്‍.കെ. പ്രേമചന്ദ്രന്‌ ഇല്ലാതെ പോയോ? മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ എന്തുകൊണ്ട്‌ ജനങ്ങള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയില്ല...? ഈ ചോദ്യങ്ങള്‍ക്കൊന്നും എന്‍.കെ. പ്രേമചന്ദ്രനില്‍ നിന്നോ കേരള സര്‍ക്കാരില്‍ നിന്നോ ഉത്തരം ലഭിക്കില്ല .അത്രയ്ക്ക്‌ നിരുത്തരവാദപരമായാണ്‌ ഈ പ്രശ്നം കൈകാര്യം ചെയ്യപ്പെട്ടത്‌
ഇക്കാര്യത്തില്‍ ആതിരേ, തമിഴ്‌നാട്‌ സര്‍ക്കാരിന്റെ ഭാഗത്തും പ്രകടമായ വീഴ്ചയുണ്ട്‌. ആളിയാര്‍ ഡാമിലെ ജലനിരപ്പ്‌ പൂര്‍ണ തോതില്‍ എത്തുമ്പോള്‍ മാത്രമാണ്‌ തമിഴ്‌നാട്‌ ഇപ്രകാരം ഡാം തുറക്കാറുള്ളു എന്നാണ്‌ കേരളത്തിലെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്‌. സാധാരണ ഗതിയില്‍ ഡാമുകളില്‍ സംഭരണശേഷി പരമാവധി ജലനിരപ്പിനോട്‌ അടുക്കുമ്പോള്‍, ഡാം സുരക്ഷയെ കരുതി വെള്ളം തുറന്നുവിടാറുണ്ട്‌. എന്നാല്‍ ഈ പൊതു തത്വം തമിഴ്‌നാട്‌, (പറമ്പിക്കുളം - ആളിയാര്‍ പദ്ധതിയില്‍ ) പാലിക്കുന്നില്ല. ഡാം നിറഞ്ഞ്‌ തുളുമ്പുമെന്ന ഘട്ടത്തില്‍ മാത്രമാണ്‌ തമിഴ്‌നാട്‌ ജലം തുറന്നുവിടുക. 3.85 ടിഎംസി സംഭരണശേഷിയുള്ള ആളിയാര്‍ ഡാമില്‍ 1050 അടിയാണ്‌ പരമാവധി ജലനിരപ്പ്‌. ജലനിരപ്പ്‌ 1048 അടിയിലെത്തുമ്പോള്‍ സാധാരണഗതിയില്‍ ഡാം തുറക്കേണ്ടതാണെങ്കിലും 1050 അടി എത്തുന്നതുവരെയും തമിഴ്‌നാട്‌ ഡാമില്‍ വെള്ളം നിറയ്ക്കും. ഇതോടൊപ്പം മഴവെള്ളം കൂടി എത്തുമ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ പൊടുന്നനെ കേരളത്തിന്‌ അറിയിപ്പ്‌ നല്‍കി ഡാം ക്രമാതീതമായി തുറക്കുന്ന രീതിയാണ്‌ തമിഴ്‌നാട്‌ ഇതുവരെ തുടര്‍ന്നുപോന്നിരുന്നത്‌. വേനല്‍ക്കാലത്താണ്‌ ഇങ്ങനെ ചെയ്യുന്നതെങ്കില്‍ മൂലത്തറയ്ക്ക്‌ ഭീഷണിയുണ്ടാവുകയില്ല. അതേസമയം മഴക്കാലത്ത്‌ പുഴയില്‍ വെള്ളം ഉള്ളതിനാല്‍ ഡാം തുറന്നാല്‍ ഇരട്ടിവേഗത്തില്‍ അത്‌ മൂലത്തറയിലെത്തും.
മൂന്നാഴ്ച മുമ്പ്‌ കാടമ്പാറ ജലവൈദ്യുത നിലയത്തില്‍ കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാനായി വന്‍തോതില്‍ വെള്ളം തുറന്നുവിട്ടത്‌ മൂലത്തറ റെഗുലേറ്ററിന്‌ സുരക്ഷാ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. അന്ന്‌ അരകിലോമീറ്റര്‍ നീളത്തിലാണ്‌ മാലിന്യങ്ങള്‍ വന്നടിഞ്ഞത്‌. ഈ വിവരങ്ങളെല്ലാം അറിഞ്ഞിരുന്നിട്ടും തമിഴ്‌നാട്ടില്‍ നിന്ന്‌ മുന്നറിയിപ്പ്‌ ലഭിച്ചശേഷവും തിരുവനന്തപുരത്തെ മന്ത്രാലയവും ഉദ്യോഗസ്ഥരും ഉറക്കം തൂങ്ങുകയായിരുന്നു എന്നാണ്‌ ഇപ്പോഴത്തെ ദുരന്തം വ്യക്തമാക്കുന്നത്‌.
ആതിരേ, തമിഴ്‌നാടിന്റെ സ്വാര്‍ത്ഥതാപരമായ ഇതേ നിലപാടാണ്‌ മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തിലും അവര്‍ തുടരുന്നത്‌. പരമാവധി ജലം സംഭരിച്ച്‌ തമിഴ്‌നാട്ടിലേക്ക്‌ കൊണ്ടുപോകാനാണ്‌ അവര്‍ ശ്രമിക്കുന്നത്‌. ഈ പരമാവധി സംഭരണത്തിന്റെ തിരിച്ചടിയാണ്‌ മൂലത്തറയില്‍ ഉണ്ടായതെങ്കില്‍ സമാനമായ ദുരന്തം മുല്ലപ്പെരിയാറിലും സംഭവിക്കാം. മുല്ലപ്പെരിയാറില്‍ അങ്ങനെയെന്തെങ്കിലും ഉണ്ടായാല്‍ കൂടുതല്‍ ജീവനഷ്ടവും നാശനഷ്ടവുമാണ്‌ കേരളത്തില്‍ ഉണ്ടാവുക.
നദീജല തര്‍ക്കത്തില്‍ എന്നും തമിഴ്‌നാട്‌ രാഷ്ട്രീയത്തിനതീതമായി സംസ്ഥാനത്തിന്റെ താല്‍പര്യത്തിനുവേണ്ടിയാണ്‌ നിലകൊള്ളാറുള്ളത്‌. കര്‍ണാടകയുമായി കാവേരി നദിയിലെ ജലം പങ്കിടുന്ന പ്രശ്നം രൂക്ഷമായപ്പോള്‍ അന്ന്‌ മുഖ്യമന്ത്രിയായിരുന്ന ജയലളിത നിരാഹാരം അനുഷ്ഠിച്ചുകൊണ്ടാണ്‌ സംസ്ഥാനത്തിന്റെ പിടിവാശി നേടിയെടുത്തത്‌. പിന്നാലെ തമിഴ്‌നാട്ടിലെ സിനിമാതാരങ്ങളും പ്രത്യക്ഷ സമരത്തിനിറങ്ങി സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്ന കാഴ്ചയും നാം കണ്ടതാണ്‌.
ഈ പശ്ചാത്തലത്തില്‍ വേണം മുല്ലപ്പെരിയാറിന്റെ സുരക്ഷക്ക്‌ വേണ്ടിയുള്ള കേരളസര്‍ക്കാരിന്റെയും മന്ത്രിമാരുടെയും നടപടികളെ ഒരു പാരസ്പര്യത്തിന്‌ വിധേയമാക്കേണ്ടത്‌. നിയമസഭയില്‍ നടക്കുന്ന പ്രസ്താവനകളും പൊതുവേദിയില്‍ നടത്തുന്ന പ്രഖ്യാപനങ്ങളും ചില നിയമനടപടികളും കൊണ്ട്‌ ആശ്വസിക്കുകയാണ്‌ കേരളത്തിലെ ഭരണകൂടവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും. ആശാസ്യമല്ലാത്ത ഈ ആശ്വാസത്തിന്റെ ദുരന്തമായിരുന്നു മൂലത്തറയില്‍ സംഭവിച്ചതെങ്കില്‍ അതിനും ഭയാനകമായത്‌ മുല്ലപ്പെരിയാറിലുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.
ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ ബാധ്യതയുള്ളത്‌ സര്‍ക്കാരിനാണ്‌. എന്നാല്‍, സമ്മതിദായകരും നികുതി ദായകരുമായ പൊതുസമൂഹത്തിന്‌ സുരക്ഷയോടെ കഴിയാന്‍ നിവൃത്തിയില്ലാത്ത സാഹചര്യമാണ്‌ ഇന്ന്‌ കേരളത്തിലുള്ളത്‌. അതുകൊണ്ട്‌ സുഖലോലുപരായി കഴിയാന്‍ ഭരണാധികാരികള്‍ക്ക്‌ അവകാശമില്ല, ആതിരേ. അതിനവരെ അനുവദിച്ചുകൂടാ. അതിനനുഗുണമാകുന്ന രീതിയില്‍ സംഘം ചേരേണ്ടിയിരിക്കുന്നു. എല്ലാ വിപ്ലവങ്ങളും സ്വാതന്ത്ര്യ പോരാട്ടങ്ങളും നല്‍കുന്ന ചരിത്ര പാഠം വിസ്മരിച്ചുകൂടാ. ജനവിരുദ്ധമായി ഭരണം നടത്തുന്നവരെ ആ സ്ഥാനത്ത്‌ നിന്ന്‌ തൂത്തെറിഞ്ഞേ തീരു. അല്ലെങ്കില്‍ അത്‌ ജനങ്ങള്‍ക്ക്‌ ഒരിക്കലും പരിഹരിക്കാനാവാത്ത ദുരന്തമായിരിക്കും. അതുകൊണ്ട്‌ കേരളത്തിലെ മന്ത്രിമാരുടെ നിഷ്ക്രിയതയ്ക്കെതിരെ പ്രതിരോധം ചമയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മാന്യത നില്‍നിര്‍ത്താന്‍ മൗനം ഭജിച്ച്‌ അപമൃത്യു വരിക്കുന്നതിലും ഭേദം അമാന്യമായി അധികാരകേന്ദ്രങ്ങളോട്‌ സംസാരിച്ച്‌ പൊരുതി കുരുതിയാകുന്നതാണ്‌. അതിന്‌ തയ്യാറായില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ ദുരന്തത്തില്‍ ഇരകളോ അതിന്‌ കാഴ്ച്ചക്കാരോ ആകേണ്ട ഗതികേടായിരിക്കും നമ്മില്‍ പലര്‍ക്കുമുണ്ടാവുക.
അതെ ആതിരേ, മൂലത്തറ മുല്ലപ്പെരിയാറിലേക്കുള്ള അപായ സൂചന തന്നെയാണ്‌.

No comments: