Thursday, November 19, 2009

ഏകജാലക' പ്രിയരുടെ കൊടും പാരകള്‍

ജിസിഡിഎയെ ഇത്തരത്തില്‍ ആലസ്യത്തിലാഴ്ത്തിയതില്‍ ജോസഫൈനും അവരുടെ പാര്‍ട്ടിക്കുമുള്ള പങ്ക്‌ വളരെ വലുതാണ്‌. ജനങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ മൂലധന നിക്ഷേപകരുടെയും സമാഹര്‍ത്താക്കളുടെയും പ്രശ്നങ്ങള്‍ക്കാണ്‌ പാര്‍ട്ടി നേതൃത്വം പ്രാമുഖ്യം നല്‍കുന്നതെന്ന ആരോപണം ശക്തമാക്കുന്നതാണ്‌
കൊച്ചിയോടും ജിസിഡിഎയോടും ഇടതുപക്ഷ സര്‍ക്കാര്‍ പുലര്‍ത്തുന്ന ഈ അവഗണന.





തെങ്ങിന്റെ മണ്ടയിലല്ല, പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലങ്ങളിലാണ്‌ വ്യവസായം ആരംഭിക്കേണ്ടതെന്ന്‌ എളമരം കരീമിന്‌ അറിയാം. ശീതികരിച്ച പാര്‍ട്ടി ഓഫീസുകളും പഞ്ചനക്ഷത്ര ഹോട്ടലുകളും തീംപാര്‍ക്കുകളുമാണ്‌ വിപ്ലവപാര്‍ട്ടികളുടെ പുതിയ ഈടു വെയ്പുകളെന്ന്‌ പിണറായി വിജയനും ബോധ്യമുണ്ട്‌. ഈ ബോധ്യങ്ങളില്‍ നിന്നുകൊണ്ടാണ്‌ ആതിരേ, ഇവര്‍ വിപ്ലവത്തിന്റെ പുതിയ മാനിഫെസ്റ്റോകള്‍ രചിക്കുന്നതും വിപ്ലവ വിരുദ്ധരെ കണ്ടെത്തുന്നതും. സ്വകാര്യ പങ്കാളിത്തത്തോടെ മാത്രമേ വികസനം വരൂ എന്ന ഇവരുടെ പിടിവാശിക്കെതിരെ നിന്നാല്‍ അച്യുതാനന്ദന്‍ അടക്കമുള്ളവരെല്ലാം വികസന വിരുദ്ധരും വിപ്ലവ വായാടികളുമാണ്‌. പശ്ചിമബംഗാളില്‍ ജ്യോതിബസുവും ബുദ്ധദേവും നടത്തിയ വികസനമുന്നേറ്റമാണ്‌ കേരളത്തിലെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതാക്കളുടെ റോള്‍ മോഡല്‍. ആ റോള്‍ മോഡലിനെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി അണികള്‍ പോലും വലിച്ചു കഴിഞ്ഞ ബീഡിക്കുറ്റിപോലെ വലിച്ചെറിഞ്ഞത്‌ കണ്ടിട്ടും സ്വകാര്യ പങ്കാളിത്തത്തോടെ, നാടിന്റെ ഈടു വെയ്പുകള്‍ മൂലധന ചൂഷകര്‍ക്ക്‌ അടിയറ വെക്കാനാണ്‌ എളമരം കരീമും അദ്ദേഹം ഉള്‍പ്പെടുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗവും ജാഗ്രതാ പൂര്‍വം ശ്രമിക്കുന്നത്‌.
കൊച്ചിക്ക്‌ ജീവശ്വാസമേകുന്ന കണ്ടല്‍ കാടുകള്‍ നിറഞ്ഞ വളന്തക്കാട്‌ ദ്വീപ്‌ ശോഭ ഡവലപ്പേഴ്സിന്‌ അടിയറ വെച്ചിലെങ്കില്‍ എളമരം കരീമിനും പാര്‍ട്ടിയിലെ ലാന്‍ഡ്‌ മാഫിയയ്ക്കും അവരെ പിന്തുണയ്ക്കുന്ന ഉന്നത നേതൃത്വത്തിനും ഉറക്കം വരികയില്ല എന്നതാണ്‌ ഇന്നത്തെ അവസ്ഥ.
അതേസമയം, കൊച്ചി നഗരം, ചെയ്യാമായിരുന്ന പല വികസന പദ്ധതികളും നടപ്പിലാക്കാത്തതുകൊണ്ട്‌ ശ്വാസം മുട്ടുന്നതൊന്നും ഇവര്‍ക്ക്‌ പ്രശ്നമേയല്ല. ജിസിഡിഎ എന്ന വിശാല കൊച്ചി വികസന അതോറിട്ടിയോട്‌ ഇവരെല്ലാം പുലര്‍ത്തുന്ന അവഗണനയും ജിസിഡിഎ മുന്നോട്ടുവെച്ച ക്രിയാത്മക പദ്ധതികള്‍ക്ക്‌ അനുമതി നല്‍കാത്തതും മറ്റൊന്നുമല്ല വ്യക്തമാക്കുന്നത്‌.
കൊച്ചി നഗരസഭയുടെയും ആറ്‌ മുന്‍സിപ്പാലിറ്റികളുടെയും 25 പഞ്ചായത്തുകളുടെയും ആസൂത്രിത വികസനം ലക്ഷ്യമിട്ട്‌ 33 വര്‍ഷം മുമ്പ്‌ രൂപികരിച്ച വിശാല കൊച്ചി അതോറിട്ടി ഇന്ന്‌ ഈ നാടിന്‌ ഒരു ശാപമായി പരിണമിച്ചിരിക്കുകയാണ്‌ ആതിരേ. ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ പങ്കിട്ടെടുക്കാവുന്ന ഒരു പദവി മാത്രമായി ജിസിഡിഎ ചെയര്‍മാന്‍ സ്ഥാനം മാറിക്കഴിഞ്ഞു. മെയ്യനങ്ങാതെ സുഖമായി ശമ്പളം പറ്റി കഴിയാനുള്ള ലാവണമാണ്‌ അവര്‍ക്കിപ്പോഴിത്‌. ആയ കാലത്ത്‌ പണിത ഷോപ്പിംഗ്‌ കോംപ്ലക്സുകളില്‍ നിന്നുള്ള വാടക പിരിച്ച്‌ ജീവനക്കാര്‍ക്ക്‌ ശമ്പളം നല്‍കി ചെയര്‍മാനാവശ്യമുള്ളത്‌ എഴുതിയെടുത്ത്‌ ഇങ്ങനെ കാലയാപനം ചെയ്യുമ്പോള്‍ കൊച്ചിയും പരിസരവും വികസനമില്ലാതെ വീര്‍പ്പു മുട്ടുകയാണ്‌.
ആതിരേ, നാടിന്‌ ശാപമായി മാറിയ ജിസിഡിഎയ്ക്ക്‌ പക്ഷെ, അഭിമാനിക്കാവുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു. അത്‌ കൊച്ചിയുടെ ലാന്‍ഡ്‌ മാര്‍ക്കുകള്‍ പണിതുയര്‍ത്തിയ കാലമാണ്‌. കേരളത്തിലെ ഏക മറൈന്‍ഡ്രൈവ്‌ ജിസിഡിഎ നിര്‍മ്മിച്ചതാണ്‌. കായല്‍ ചെളികുത്തി ഉയര്‍ത്തിയെടുത്ത സ്ഥലത്താണ്‌ ഇന്ന്‌ കാണുന്ന ആഡംബര വാണിജ്യ കേന്ദ്രങ്ങള്‍ പണിതത്‌. കേരളത്തിലെ ഏറ്റവും വിലയേറിയ സ്ഥലവും ഇതുതന്നെ. എസ്‌. കൃഷ്ണകുമാറായിരുന്നു അന്നത്തെ ചെയര്‍മാന്‍.
കെ. ബാലചന്ദ്രന്‍ ചെയര്‍മാനായിരിക്കുമ്പോഴാണ്‌ കേരളത്തില്‍ ആദ്യമായി ഒരു ബിഒടി പദ്ധതി പൂര്‍ത്തിയാക്കിയത്‌. മട്ടാഞ്ചേരി പുതിയപാലം.
ആതിരേ, ജിസിഡിഎ തന്നെയാണ്‌ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സ്റ്റേഡിയം പണിതത്‌. ജോസഫ്‌ തോമസായിരുന്നു അന്ന്‌ ചെയര്‍മാന്‍. പനമ്പിളി നഗര്‍, ഗാന്ധി നഗര്‍, എടത്തല ഹൗസിംഗ്‌ പ്രോജക്ട്‌, കത്രിക്കടവ്‌ പാലം, കലൂര്‍-കടവന്ത്ര റോഡ്‌, ബണ്ട്‌ റോഡ്‌ പാലം എന്നിങ്ങനെ പോകുന്നു ആ ലാന്‍ഡ്‌ മാര്‍ക്കുകള്‍. എന്നാല്‍, ജിസിഡിഎയുടെ ഏറ്റവും ഒടുവിലത്തെ മൂന്ന്‌ വര്‍ഷത്തെ പദ്ധതികള്‍ നോക്കിയാല്‍ എന്തിനാണ്‌ കൊച്ചിക്ക്‌ ഇങ്ങനെ ഒരു അതോറിറ്റി എന്ന്‌ ചോദിച്ചുപോകും. വികസന പദ്ധതികളില്ലാതെ, ആസൂത്രണമില്ലാതെ ആലസ്യത്തിലാണ്ട്‌ കിടക്കുകയാണ്‌ ജിസിഡിഎ. ഇത്‌ പൊറുക്കാവുന്നതല്ല. കോഴിക്കോട്‌, തിരുവനന്തപുരം വികസന അതോറിറ്റികള്‍ക്ക്‌ സര്‍ക്കാര്‍ തിരശീലയിട്ടപ്പോഴും ജിസിഡിഎയ്ക്ക്‌ ആയുസ്‌ നീട്ടിക്കിട്ടിയത്‌ ആദ്യകാലത്ത്‌ കുറെ ക്രിയാത്മക പദ്ധതികള്‍ കൊച്ചിയില്‍ പൂര്‍ത്തിയാക്കിയതുകൊണ്ടാണ്‌. എന്നാല്‍, കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി സംസ്ഥാന സര്‍ക്കാരും ജിസിഡിഎയെ കയ്യൊഴിഞ്ഞ മട്ടാണ്‌. കഴിഞ്ഞ മൂന്ന്‌ ബജറ്റിലും ജിസിഡിഎയ്ക്ക്‌ തുക വക കൊള്ളിച്ചിരുന്നില്ല. മൂന്ന്‌ വര്‍ഷം മുമ്പ്‌ വരെ ഒരു കോടി രൂപ വീതമായിരുന്നു ബജറ്റ്‌ വിഹിതം. നേരത്തെ സൂചിപ്പിച്ചതുപോലെ പണ്ടുപണിത ഷോപ്പിംഗ്‌ കോംപ്ലക്സുകളില്‍ നിന്ന്‌ വാടക ലഭിക്കുന്നതുകൊണ്ട്‌ ജിസിഡിഎ നടന്നുപോകുന്നു എന്നുമാത്രം.
സര്‍ക്കാരിന്റെ ഈ അവഗണന മൂലം, ജിസിഡിഎ സമര്‍പ്പിച്ച പല പദ്ധതികള്‍ക്കും അംഗീകാരം ലഭിച്ചിട്ടില്ല. രാജ്യത്തെ മറ്റു വികസന ഏജന്‍സിയേക്കാള്‍ ഭാവി മുന്നില്‍ കണ്ടുകൊണ്ടുള്ള പദ്ധതികള്‍ക്കാണ്‌ അതോറിറ്റിയിലെ മിടുക്കരായ ആസൂത്രകര്‍ രൂപം നല്‍കിയത്‌. അതിനൊന്നും അനുമതി നല്‍കാന്‍ സര്‍ക്കാരോ അനുമതി നേടിയെടുക്കാന്‍ ജിസിഡിഎ അധിപരോ മനസ്സു കാണിച്ചില്ല എന്നാണ്‌ കൊച്ചി ഇന്ന്‌ അനുഭവിക്കുന്ന വികസന വീര്‍പ്പുമുട്ടല്‍ വ്യക്തമാക്കുന്നത്‌.
ആതിരേ, നോക്കുക, അങ്കമാലിയില്‍ പാര്‍പ്പിട വാണിജ്യ ആവശ്യങ്ങള്‍ക്ക്‌ വേണ്ടിയുള്ള അങ്കമാലി നൈബര്‍ഹുഡ്‌ പ്രോജക്ട്‌, മറൈന്‍ ഡ്രൈവില്‍ നിലവിലുള്ള മൈതാനം നിലനിര്‍ത്തി അതിനടിയില്‍ രണ്ടുനിലകളിലായി ആയിരത്തോളം വാഹനങ്ങള്‍ക്ക്‌ പാര്‍ക്ക്‌ ചെയ്യാനും വിശാലമായ അണ്ടര്‍ ഗ്രൗണ്ട്‌ ഷോപ്പിംഗ്‌ കോംപ്ലക്സിനുമുള്ള അണ്ടര്‍ഗ്രൗണ്ട്‌ പാര്‍ക്കിംഗ്‌ പ്രോജക്ട്‌, ജിഡ ഭൂമിയില്‍ നിന്ന്‌ തുടങ്ങി മൂന്ന്‌ ദേശീയ പാതകള്‍ കുറുകെ കടന്ന്‌ വരാപ്പുഴ, ആലുവ, പെരുമ്പാവൂര്‍, കോലഞ്ചേരി പട്ടണങ്ങളുടെ സമീപപ്രദേശങ്ങളിലൂടെ കടന്ന്‌ കുണ്ടന്നൂരില്‍ അവസാനിക്കുന്ന നാലുവരിപാതയായ റിംഗ്‌ റോഡ്‌ പ്രോജക്ട്‌ ചിലവന്നൂര്‍ ബണ്ട്‌ റോഡ്‌, മണപ്പാട്ടിപ്പറമ്പ്‌ ഷോപ്പിംഗ്‌ മാള്‍, ആലങ്ങാട്‌, കുരീക്കാട്‌, നെടുമ്പാശേരി, പട്ടിമറ്റം എന്നിവിടങ്ങളില്‍ സാറ്റലൈറ്റ്‌ ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കാനുള്ള പ്രോജക്ട്‌ വെണ്ണലയില്‍ അവികസിതമായ നൂറേക്കര്‍ സ്ഥലം ഏറ്റെടുത്ത്‌ വാണിജ്യ പാര്‍പ്പിട ആവശ്യങ്ങള്‍ക്ക്‌ വികസിപ്പിക്കാനുള്ള വെണ്ണല സ്കീം ഉടമകളില്‍ നിന്ന്‌ ഒരു നിശ്ചിത കാലത്തേക്ക്‌ ഭൂരി പാട്ടത്തിനെടുത്ത്‌ ഒറ്റ പ്ലോട്ടാക്കി വികസിപ്പിച്ച്‌ മൂല്യവര്‍ധിത ഭൂമിയായി വില്‍ക്കാനുള്ള ലാന്‍ഡ്‌ ബാങ്ക്‌ പ്രോജക്ട്‌ എന്നിങ്ങനെ എട്ടോളം പദ്ധതികളാണ്‌ കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനിടയില്‍ ജിസിഡിഎ സര്‍ക്കാരിന്‌ സമര്‍പ്പിച്ചത്‌. ഇതില്‍ പലതും സര്‍ക്കാരിന്റെ മുതല്‍ മുടക്ക്‌ കൂടാതെ തന്നെ നടപ്പാക്കാവുന്നതുമായിരുന്നു. എന്നാല്‍, എളമരം കരീമിനോ ഡോ. തോമസ്‌ ഐസക്കിനോ ഈ പദ്ധതികളുടെ പ്രാധാന്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അതല്ലെങ്കില്‍ ഈ പദ്ധതികള്‍ക്ക്‌ തുരങ്കം വെച്ച്‌ മറ്റു ചില സ്വകാര്യ താല്‍പര്യങ്ങള്‍ക്ക്‌ അവര്‍ വളം വെയ്ക്കുകയായിരുന്നു. വളന്തക്കാട്‌ ശോഭാ ഡവലപ്പേഴ്സിന്‌ അടിയറ വെയ്ക്കാനുള്ള തത്രപ്പാട്‌ വ്യക്തമാക്കുന്നത്‌ ഈ വന്‍ ചതിയാണ്‌ ആതിരേ.
സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി പദ്ധതികള്‍ക്ക്‌ അനുമതി വാങ്ങേണ്ടിയിരുന്നത്‌ ചെയര്‍പേഴ്സണായ എം.സി ജോസഫൈനായിരുന്നു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യ നേതാവുമായ ജോസഫൈന്‌ പാര്‍ട്ടിയില്‍ തന്നെ പിടിപ്പത്‌ പണിയുണ്ടായിരുന്നു. അവര്‍ക്ക്‌ അപ്പോള്‍ എങ്ങനെ, എപ്പോഴാണ്‌ കൊച്ചിയുടെ വികസനത്തെ കുറിച്ചും അതിനായി ജിസിഡിഎ ആസൂത്രണം ചെയ്ത പദ്ധതികളെ കുറിച്ചും അത്‌ നേടിയെടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ചിന്തിക്കാന്‍ സമയം കിട്ടുക. കൃഷ്ണകുമാറും ജി. ബാലചന്ദ്രനും ജോസഫ്‌ തോമസും അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിച്ച്‌ അഭിമാനകരമായ നേട്ടങ്ങളുണ്ടാക്കിയ ജിസിഡിഎയെ ഇത്തരത്തില്‍ ആലസ്യത്തിലാഴ്ത്തിയതില്‍ ജോസഫൈനും അവരുടെ പാര്‍ട്ടിക്കുമുള്ള പങ്ക്‌ വളരെ വലുതാണ്‌. ജനങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ മൂലധന നിക്ഷേപകരുടെയും സമാഹര്‍ത്താക്കളുടെയും പ്രശ്നങ്ങള്‍ക്കാണ്‌ പാര്‍ട്ടി നേതൃത്വം പ്രാമുഖ്യം നല്‍കുന്നതെന്ന ആരോപണം ശക്തമാക്കുന്നതാണ്‌ കൊച്ചിയോടും ജിസിഡിഎയോടും ഇടതുപക്ഷ സര്‍ക്കാര്‍ പുലര്‍ത്തുന്ന ഈ അവഗണന. ഇതില്‍ നിന്നൊരു മോചനം പ്രതീക്ഷിക്കുന്നവര്‍ വിഡ്ഢികളാവുകയേയുള്ളു. കാരണം വ്യവസായ വകുപ്പ്‌ ഭരിക്കുന്നത്‌ എളമരം കരീമും ധനവകുപ്പ്‌ കൈകാര്യം ചെയ്യുന്നത്‌ തോമസ്‌ ഐസക്കുമാണ്‌. നേതൃത്വത്തിന്റെ നവ ലിബറല്‍ നയങ്ങളില്‍ നിന്ന്‌ വ്യതിചലിച്ച്‌ പൊതുസമൂഹത്തിന്‌ ഗുണമുണ്ടാകുന്ന ഒരു നടപടി പോലും ഇവരില്‍ നിന്ന്‌ ഉണ്ടാകാന്‍ പോകുന്നില്ല. വീര്‍പ്പുമുട്ടി വീര്‍പ്പുമുട്ടി മുടിയാനാണ്‌ ആതിരേ ഇവരുടെ ഭരണകാലത്ത്‌ കൊച്ചി നിവാസികളുടെ വിധി.

No comments: