ഭരിക്കുന്നവരുടെ കാല് നക്കാനും അവരുടെ അടിവസ്ത്രം കഴുകാനും കുഞ്ഞുങ്ങളെ കുളിപ്പിക്കാനും വീട്ടുകാര്‍ക്ക് വേണ്ട എല്ലാ സേവനം ചെയ്യാനും ഒരിക്കലും മടിക്കാത്ത വൃത്തികെട്ട ഒരു വിഭാഗം പോലീസുകാര്‍ സേനയിലുണ്ട്. മാറി വരുന്ന ഭരണത്തിനനുസരിച്ച് നിറം മാറുന്ന ഇവരാണ് കാലാകാലങ്ങളില്‍ പൊതുസമൂഹത്തിന്റെ സമാധാന ജീവിതം ഹനിക്കുന്ന ഹാര്‍ഡന്റ് ക്രിമിനലുകളേക്കാള്‍ ക്രൂരന്മാര്‍. ഭരണകര്‍ത്താക്കളുടെ ഇംഗിതം അനുസരിച്ച് എന്ത് തോന്ന്യാസത്തിനും ഈ പോലീസുകാര്‍ മടിക്കുകയില്ല എന്നതിന് ഹിമാലയ കേസും ടോട്ടല്‍ ഫോര്‍ തട്ടിപ്പുകേസും മുത്തൂറ്റ് പോള്‍ വധക്കേസും മാത്രം പരിശോധിച്ചാല്‍ മതി. ഇവിടെ പ്രതികള്‍ക്കും അവരുടെ കൂട്ടാളികളായ ഗുണ്ടകള്‍ക്കും സംരക്ഷണം നല്‍കിയ പോലീസാണ് കേവല കൗതുകത്തിന്റെ പുറത്ത് മെയില്‍ ഫോര്‍വേഡ് ചെയ്തതിന്റെ പേരില്‍ രണ്ട് നിരപരാധികളെ കുടുക്കി വഷള ചിരി ചിരിക്കുന്നത്.
ഇ-മെയില്‍ ഉപയോഗിക്കുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും ഹോട്ടസ്റ്റായിട്ടുള്ള മെയിലായിരുന്നു ആതിരേ, പിണറായിവിജയന്റെ വീട് എന്ന പേരില്‍ പ്രചരിച്ചത്. ലക്ഷങ്ങള്‍ മുടക്കി വിദേശത്ത് നിന്ന് ടെയിലുകള്‍ വരെ ഇറക്കുമതി ചെയ്ത് ഏറ്റവും ആധുനീക സൗകര്യങ്ങളോടെയാണ് പിണറായി വിജയന്റെ വീട് പണിതിരിക്കുന്നതെന്ന വാര്‍ത്ത നേരത്തെ തന്നെ പരന്നിരുന്നു. എന്നാല്‍, ഈ വീടിന്റെ ചിത്രം കാണാനുള്ള ഭാഗ്യം കേരളീയര്‍ക്കില്ലായിരുന്നു.
വീടുപണി നടക്കുന്നതിനിടയില്‍, അതിന്റെ ഒരു ഫോട്ടോഗ്രാഫുമായി ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ വന്ന വാര്‍ത്തയാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഇന്നത്തെ നേതൃത്വം സാധാരണക്കാരായ പാര്‍ട്ടി അണികളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ഏറെ അകന്നു എന്നും സോഷ്യല്‍ ഡെമോക്രാറ്റുകളായി അധഃപതിച്ച അവര്‍ മൂലധന ചൂഷകരോടാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുള്ളതെന്നും പുതുമടിശീലക്കാര്‍ക്കിണങ്ങുന്ന ആഢംബര ജീവിതമാണ് അവര്‍ നടത്തുന്നതെന്നുമുളള ആരോപണം പാര്‍ട്ടിയില്‍ തന്നെ ശക്തമായിരുന്ന കാലത്താണ് ആതിരേ, ഇങ്ങനെ ഒരു വാര്‍ത്ത ഇന്ത്യന്‍ എക്സ്പ്രസ് പ്രസിദ്ദീകരിക്കുന്നത്. അതോടെ കൗതുകങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും പുതിയ മാനം ലഭിക്കുകയും പിണറായി വിജയന്റെ വീട് നിര്‍മാണം ചൂടുള്ള വാര്‍ത്തയായി പരിണമിക്കുകയും ചെയ്തു. ഈ വിവാദങ്ങള്‍ ആളിക്കത്തിക്കുന്നതായിരുന്നു ആയിടക്ക് പാര്‍ട്ടിയിലുണ്ടായ ഒരു നടപടി. കൗതുകം കൊണ്ട് പിണറായി വിജയന്റെ വീട് നിര്‍മാണം കാണാന്‍ പോയ, ഓഞ്ചിയത്തെ നാല് സഖാക്കളെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തു.( ഇവര്‍ അച്യുതാനന്ദന്‍പക്ഷക്കാരായിരുന്നത്രേ) ഇത്രയുമായതോടെ പിണറായി വിജയന്റെ വീട് ഒരു 'വലിയ സംഭവമായി ജനമനസ്സില്‍ സ്ഥാനം നേടി. വീടിന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചവരെല്ലാം പരാജയപ്പെട്ടതോടെ സംഭവം പര്‍വതീകരിക്കപ്പെടുകയും ചെയ്തു.
ഈ പശ്ചാത്തലത്തിലാണ് പിണറായി വിജയന്റേതെന്ന് പറഞ്ഞ് ഒരു കൂറ്റന്‍ മാളികയുടെ ചിത്രം ഇ-മെയിലുകളായി പറന്നതും പ്രചരിപ്പിക്കപ്പെട്ടതും.
എന്നാല്‍, തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വം ശ്രമമാണെന്ന പിണറായി വിജയന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ ഊര്‍ജിതമായി അന്വേഷിക്കുകയും രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന സൈബര്‍ കുറ്റമാണ് കസ്റ്റഡിയിലായ മനോജും കാര്‍ത്തിക്കും ചെയ്തതെന്നാണ് പോലീസിന്റെ വിശദീകരണം. ഓര്‍ക്കൂട്ടില്‍ നിന്ന് ലഭിച്ച ഒരു ആഢംബര ഭവനത്തിന്റെ ചിത്രം പിണറായിയുടേതാണെന്ന് മെയില്‍ ആദ്യം ഫോര്‍വേഡ് ചെയ്തത് ഖത്തറിലുള്ള മലയാളിയായ റിനി മാത്യൂസാണെന്നും പോലീസ് കണ്ടെത്തി. ഈ മെയില്‍ മനോജ് ഏഴ് പേര്‍ക്കും കാര്‍ത്തിക്ക് 156 പേര്‍ക്കും ഫോര്‍വേഡ് ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഭേദഗതി വരുത്തിയ ഐടി വകുപ്പിലെ 66(എ) പ്രകാരമുള്ള കുറ്റമാണ് മനോജിനും കാര്‍ത്തിക്കിലും ചുമത്തിയിരിക്കുന്നത്.
ആതിരേ,ഇലക്ട്രോണിക് സന്ദേശങ്ങളുപയോഗിച്ച് വ്യക്തിഹത്യ നടത്തുന്നവരെ ശിക്ഷിക്കാനുള്ള ഐടി വകുപ്പാണ് 66(എ). എന്നാല്‍, സ്വന്തം പാസ്‌വേഡ് ഉപയോഗിച്ച് സ്വകാര്യമായി ഉപയോഗിക്കുന്ന ഇ-മെയില്‍ ഈ വകുപ്പിന് കീഴില്‍ വരുന്നുണ്ടോ എന്നതാണ് ഉത്തരം കിട്ടേണ്ട ചോദ്യം. കത്തുകളിലൂടെ കൈമാറുന്ന വ്യക്തിഗത പരാമര്‍ശങ്ങള്‍ ഇന്ത്യന്‍ തെളിവ് നിയമമനുസരിച്ച് അപകീര്‍ത്തിക്കേസിന്റെ പരിധിയില്‍ വരുന്നതല്ല. സ്വന്തം പാസ് വേഡുപയോഗിച്ച് സ്വകാര്യമായി ഉപയോഗിക്കുന്ന ഇ-മെയിലുകള്‍ പഴയ കത്തുകളുടെ ഹൈടെക്ക് രൂപമാണ്. അപ്പോള്‍ മനോജിന്റെയും കാര്‍ത്തിക്കിന്റെയും പേരില്‍ ചുമത്തിയിട്ടുള്ള കുറ്റം വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് പറയേണ്ടിവരുന്നു.
40 ലക്ഷത്തോളം പേരില്‍ ഈ മെയില്‍ എത്തിയെന്നാണ് സൈബര്‍ സെല്‍ അവകാശപ്പെടുന്നത് അതിരേ. അതായത് കസ്റ്റഡിയിലായവര്‍ മാത്രമല്ല മറ്റ് ആയിരക്കണക്കിന് പേരും ഈ മെയില്‍ കൂട്ടുകാര്‍ക്കും അപരിചിതര്‍ക്കും ഫോര്‍വേഡ് ചെയ്തിട്ടുണ്ട്. മെയിലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഓണ്‍ലൈന്‍ ഫോറങ്ങളില്‍ ചര്‍ച്ചകളും നടന്നിട്ടുണ്ട്. അപകീര്‍ത്തികരമായ മെയില്‍ ഫോര്‍വേഡ് ചെയ്യുന്നത് കുറ്റകരമാണെങ്കില്‍ എന്തുകൊണ്ട് ഇത്രയും പേരെ അറസ്റ്റ് ചെയ്തില്ല എന്ന ചോദ്യത്തിനും ഉത്തരം കിട്ടേണ്ടതുണ്ട്.
ആതിരേ, ഉത്തരം മുട്ടുമ്പോള്‍ പച്ചത്തെറി പറയുകയോ കൊഞ്ഞനം കുത്തുകയോ ചെയ്യുന്ന കേരള പോലീസിന്റെ ഭാവം ഇതിന്റെ മറുപടിയിലുണ്ട്. വ്യാപകമായി മെയില്‍ പ്രചരിക്കാന്‍ കാരണക്കാരായ നൂറിലധികം പേരെ കണ്ടെത്തി കൂടുതല്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ രണ്ടുപേരെ അറസ്റ്റ് ചെയ്തു എന്നാണ് സൈബര്‍ സെല്ലിന്റെ വിശദീകരണം. ആഢംബര വീടിന് ഓണ്‍ലൈന്‍ പ്രചാരം നല്‍കിയ കേസില്‍ പിടിയിലായ മനോജും കാര്‍ത്തിക്കും ക്രിമിനലുകളല്ലെന്നും, ആഢംബരവീട് പ്രചാരണം തമാശയായിരുന്നു എന്ന് സമ്മതിക്കുമ്പോഴും ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് കടുത്ത വകുപ്പുകളാണ്.
രണ്ടുണ്ട് ഇതിന് കാരണം. ഒന്ന് ഇടതുപക്ഷം ഭരിക്കുമ്പോള്‍ പിണറായി വിജയനോട് പോലീസുകാര്‍ക്കുള്ള ദാസ്യഭാവം. രണ്ട് ഇന്ത്യയിലെ ഐടി ആക്ട് എന്ന കരിനിയമം.
ഭരിക്കുന്നവരുടെ കാല് നക്കാനും അവരുടെ അടിവസ്ത്രം കഴുകാനും കുഞ്ഞുങ്ങളെ കുളിപ്പിക്കാനും വീട്ടുകാര്‍ക്ക് വേണ്ട എല്ലാ സേവനം ചെയ്യാനും ഒരിക്കലും മടിക്കാത്ത വൃത്തികെട്ട ഒരു വിഭാഗം പോലീസുകാര്‍ സേനയിലുണ്ട് ആതിരേ. മാറി വരുന്ന ഭരണത്തിനനുസരിച്ച് നിറം മാറുന്ന ഇവരാണ് കാലാകാലങ്ങളില്‍ പൊതുസമൂഹത്തിന്റെ സമാധാന ജീവിതം ഹനിക്കുന്ന ഹാര്‍ഡന്റ് ക്രിമിനലുകളേക്കാള്‍ ക്രൂരന്മാര്‍. ഭരണകര്‍ത്താക്കളുടെ ഇംഗിതം അനുസരിച്ച് എന്ത് തോന്ന്യാസത്തിനും ഈ പോലീസുകാര്‍ മടിക്കുകയില്ല എന്നതിന് ഹിമാലയ കേസും ടോട്ടല്‍ ഫോര്‍ തട്ടിപ്പുകേസും മുത്തൂറ്റ് പോള്‍ വധക്കേസും മാത്രം പരിശോധിച്ചാല്‍ മതി. ഇവിടെ പ്രതികള്‍ക്കും അവരുടെ കൂട്ടാളികളായ ഗുണ്ടകള്‍ക്കും സംരക്ഷണം നല്‍കിയ പോലീസാണ് കേവല കൗതുകത്തിന്റെ പുറത്ത് മെയില്‍ ഫോര്‍വേഡ് ചെയ്തതിന്റെ പേരില്‍ രണ്ട് നിരപരാധികളെ കുടുക്കി വഷളച്ചിരി ചിരിക്കുന്നത്.
ഇവരുടെ ഈ വഷളത്തരത്തിന് തക്കവണ്ണം വ്യാഖ്യാനിക്കാവുന്നതും പൗരന്റെ സ്വകാര്യജീവിതത്തിലേക്ക് കടന്നുകയറുന്നതും അങ്ങനെ അവന്റെ മൗലീകാവകാശം ലംഘിക്കുന്നതുമാണ് ഐടി ആക്ട് 2000 എന്ന രാജ്യത്തെ സൈബര്‍ നിയമം. ഈ നിയമത്തിന് 2008 ഡിസംബര്‍ 23ന് ഇന്ത്യന്‍ പാര്‍ലമെന്റ് വരുത്തിയ ഭേദഗതികളാണ് പൗരാവകാശ ദ്വംസനത്തിനുള്ള മര്‍ദനോപകരണമായി ഇതിനെ പരിണമിപ്പിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 29നാണ് ഭേദഗതി ചെയ്യപ്പെട്ട ഐടി നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്. ഇ-മെയില്‍ ഫോര്‍വേഡുകള്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഈ ഭേദഗതി നിയമത്തിന്റെ പരിധിയില്‍ പെടുത്തിയിട്ടില്ല. ഐടി ആക്ടിലെ (ഭേദഗതി) 66-ാം സെക്ഷന്റെ വ്യാഖ്യാനത്തിലാണ് ഫോര്‍വേഡുകള്‍ പെടുന്നത്. നേരത്തെ കമ്പ്യൂട്ടര്‍ നുഴഞ്ഞുകയറ്റമെന്ന കുറ്റവും അതിനുള്ള ശിക്ഷയും നിര്‍വഹിച്ചിരുന്ന ഈ സെക്ഷനില്‍ എ,ബി,സി,ഡി,ഇ,എഫ് എന്നിങ്ങനെ ആറ് ഉപവകുപ്പുകള്‍ പുതുതായി ചേര്‍ത്തിട്ടുണ്ട്. "...........കമ്പ്യൂട്ടറോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ മറ്റൊരു വ്യക്തിക്ക് ഹാനികരമോ, വെറുപ്പുളവാക്കുന്നതോ അപകടമുണ്ടാക്കുന്നതോ, അപമാനമുണ്ടാക്കുന്നതോ ആയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതും സ്വീകര്‍ത്താവിനെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ സന്ദേശങ്ങള്‍ അയക്കുന്നതും........" കുറ്റകരമാണെന്നാണ് 66(എ) ഉപവകുപ്പ് പറയുന്നത്. ഈ നിയമമനുസരിച്ച് വിഷയത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ കേവല കൗതുകം മൂലം ഒരു വ്യക്തി ഫോര്‍വേഡ് ചെയ്യുന്ന സന്ദേശങ്ങള്‍ കുറ്റകരമാണെന്ന് വരുന്നു. മൂന്ന് വര്‍ഷം തടവോ, ഒരു ലക്ഷം രൂപയോ ആണ് ശിക്ഷ. 66(ബി) പറയുന്നത് "......ഒരു കമ്പ്യൂട്ടറില്‍ നിന്ന് സത്യസന്ധമായി ലഭിക്കാത്ത അല്ലെങ്കില്‍ കവര്‍ന്നെടുക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുന്നത് ....." മൂന്ന് വര്‍ഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ ഇതുരണ്ടും ഒന്നിച്ചോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
ഈ നിയമം കമ്പ്യൂട്ടര്‍ കടന്നുകയറ്റത്തെ തടയാനുള്ള നിര്‍ദേശമാണ് ആതിരേ. മെയില്‍ ഫോര്‍വേഡ് ചെയ്യുന്നത് കമ്പ്യൂട്ടര്‍ കടന്നുകയറ്റമല്ലാതിരിക്കെ മനോജിനും കാര്‍ത്തിക്കിനും മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം നിയമത്തിന്റെ നഗ്നമായ ലംഘനവും പിണറായിയോടുള്ള അശ്ലീലം നിറഞ്ഞ വിധേയത്വവുമാണ്. 66-ാം വകുപ്പില്‍ ഭേദഗതി ചെയ്ത് ചേര്‍ത്തിട്ടുള്ള ഉപവകുപ്പുകളനുസരിച്ച് നിയമത്തില്‍ പ്രതിപാതിച്ചിട്ടുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ പോലീസുകാര്‍ക്കോ സംശയം തോന്നുന്ന പക്ഷം ഒരു വ്യക്തിയുടെ സ്വകാര്യ ഇമെയിലോ എസ്‌എംഎസോ മറ്റ് കമ്പ്യൂട്ടര്‍ വിഭവങ്ങളോ മജിസ്ട്രേറ്റിന്റെ അനുവാദം കൂടാതെ തന്നെ പരിശോധിക്കാവുന്നതും തുടര്‍നടപടികളായി സര്‍ക്കാരിലേക്ക് ശിപാര്‍ശ ചെയ്യാവുന്നതുമാണ്.
വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഈ കരിനിയമത്തെ കുറിച്ച് ഇ-മെയില്‍ ഉപയോഗിക്കുന്ന ഒരു ശതമാനം പേര്‍ക്കുപോലും അറിവുണ്ടായിരിക്കുകയില്ല. കേവലം കൗതുകത്തിന് അവര്‍ ഫോര്‍വേഡ് ചെയ്യുന്ന മെയിലുകളെ നേതാവിന്റെ സല്‍പ്പേര് നിലനിര്‍ത്താനും ഭരണകൂടത്തിന്റെ ഭീകരതകള്‍ അടിച്ചേല്‍പ്പിക്കാനും വ്യാഖ്യാനിക്കാമെന്നിടത്താണ് അപായം കുടികൊള്ളുന്നത്. അതാണ് കാര്‍ത്തിക്കിനും മനോജിനും വിനയായത്.
അതുകൊണ്ട് ഈ നിയമങ്ങള്‍ പൊളിച്ചെഴുതേണ്ടതും ജനങ്ങളുടെ കൗതുകം ശമിപ്പിക്കാന്‍ പിണറായി വിജയന്റെ ഭവനത്തിന്റെ യഥാര്‍ത്ഥ ചിത്രം പുത്ത്രുവിടേണ്ടതുമാണ്, ആതിരേ
Subscribe to:
Post Comments (Atom)
No comments:
Post a Comment