Wednesday, December 23, 2009

നീതി നിര്‍വഹണത്തിന്‌ പര്‍ദ അണിയിക്കുമ്പോള്‍

ആതിരേ, ലഷ്കര്‍ ഇ തയ്ബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ തടിന്റവിട നസീറില്‍ നിന്ന്‌ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍, കളമശേരി ബസ്‌ കത്തിക്കല്‍ കേസില്‍ പത്താം പ്രതിയായി സൂഫിയ മദനിയെ പോലീസ്‌ അറസ്റ്റ്‌ ചെയ്തതോടെ, അവരുടെ അവകാശ സംരക്ഷണത്തിന്‌ പിഡിപിയും ബുദ്ധിജീവികളില്‍ ചിലരും രംഗത്തെത്തിയത്‌ വളരെ വിചിത്രമായ ഒരു പരിണാമമാണ്‌. തന്റെ ഭാര്യ നിരപരാധിയാണെന്നും ചില പോലീസ്‌ ഓഫീസര്‍മാരും ഹിന്ദുത്വവാദികളായ രാഷ്ട്രീയ നേതാക്കന്മാരും നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ്‌ സൂഫിയ മദനിയെ അറസ്റ്റ്‌ ചെയ്തതെന്നും തന്നെയും കുടുംബത്തെയും തീവ്രവാദികളല്ല എന്ന്‌ പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ താനും മക്കളും സെക്രട്ടേറിയറ്റിന്‌ മുമ്പില്‍ നിരാഹാര സമരം ആരംഭിക്കുമെന്നും പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയും പ്രഖ്യാപിച്ചത്‌ അതിലും വിഭ്രമാത്മകമായ മറ്റൊരു പരിണതിയാണ്‌.
സൂഫിയ മദനിയെ അറസ്റ്റ്‌ ചെയ്തതോടെ തങ്ങളുടെ ഉത്തരവാദിത്തം തീര്‍ന്നു എന്ന മട്ടിലാണ്‌ കോടിയേരി (ന്റവിട) ബാലകൃഷ്ണനും പിണറായി (ന്റവിട) വിജയനുമൊക്കെ കൈകഴുകിയത്‌.
കളമശേരി ബസ്‌ കത്തിക്കല്‍ മുതല്‍ സൂഫിയ മദനിയുടെ അറസ്റ്റ്‌ വരെയുള്ള സംഭവങ്ങളില്‍ ഒട്ടനവധി കള്ളക്കളികള്‍ കോടിയേരി (ന്റവിട) ബാലകൃഷ്ണനില്‍ നിന്നും തച്ചങ്കരി (ന്റവിട) ടോമിനില്‍ നിന്നും ഇവരുടെയൊക്കെ ആജ്ഞാനുവര്‍ത്തികളായ, രാജ്യദ്രോഹികളായ പോലീസ്‌ ഉദ്യോഗസ്ഥന്മാരുടെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടുണ്ട്‌ എന്നുപറയാന്‍ രണ്ടാമെതൊന്ന്‌ ആലോചിക്കേണ്ടതില്ല. നായനാര്‍ ഭരണം ചീഞ്ഞുനാറി ജനങ്ങള്‍ക്ക്‌ അസഹ്യമായപ്പോള്‍ പൊതു സമൂഹത്തിന്റെ ശ്രദ്ധ തിരിക്കാന്‍ അബ്ദുള്‍ നാസര്‍ മദനിയെ അറസ്റ്റ്‌ ചെയ്തതിന്‌ സമാനമായ കാപട്യമാണ്‌ സൂഫിയ മദ്നിയുടെ അറസ്റ്റിലും കാണാന്‍ കഴിയുന്നത്‌.
എന്നാല്‍,ആതിരേ, സൂഫിയയുടെ അറസ്റ്റ്‌ മനുഷ്യാവകാശ - മത സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നതിനെയാണ്‌ ഭയാശങ്കകളോടെ വീക്ഷിക്കേണ്ടത്‌. സൂഫിയ മദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നടക്കുമ്പോള്‍ അവരുടെ അഭിഭാഷകരായ വി. ചിദംബരേഷ്‌ വാദിച്ചത്‌ "സൂഫിയ മദനി പര്‍ദ ധാരി ആയതിനാല്‍ അറസ്റ്റും തടങ്കലും പാടില്ല" എന്നായിരുന്നു. വളരെ ബോധപൂര്‍വം , സംഭവങ്ങളില്‍ വര്‍ഗീയത കുത്തിചെലുത്താനും മതത്തിന്റെ പേരില്‍ വികാരങ്ങള്‍ ആളിക്കത്തിക്കാനുമാണ്‌ ചിദംബരേഷ്‌ എന്ന അഭിഭാഷകന്‍ ശ്രമിച്ചത്‌. ഇത്‌ അദ്ദേഹത്തിന്റെ ബുദ്ധിയാണെന്ന്‌ വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളല്ല കേരളീയര്‍. തടിയന്റവിട നസീറില്‍ നിന്ന്‌ സത്യങ്ങള്‍ പുറത്തുവരരുതെന്ന്‌ ആഗ്രഹിക്കുന്ന ഭരണക്കാരും അതിന്‌ ചുക്കാന്‍ പിടിക്കുന്ന പോലീസ്‌ ഓഫീസര്‍മാരും ഒക്കെ ചേര്‍ന്ന്‌ നടത്തിയ ഗൂഢാലോചനയില്‍ നിന്നാണ്‌ ഇത്തരം ഒരു കുബുദ്ധി ഉരുത്തിരിഞ്ഞ്‌ വന്നത്‌. എന്നാല്‍, നീചമായ ഈ ലക്ഷ്യം അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല എന്നതാണ്‌ ആശ്വാസകരമായ വസ്തുത. "ജാതിയും മതവും പ്രസക്തമല്ല. ചെയ്ത കുറ്റമാണ്‌ നോക്കുന്നത്‌. നായരും ഈഴവരും ബ്രാഹ്മണരും ഒക്കെ ഉള്‍പ്പെട്ട ധാരാളം കേസുകള്‍ പരിഗണിച്ച്‌ തീര്‍പ്പാക്കുന്നതാണെന്നും അതൊന്നും ജാതി നോക്കിയല്ല" എന്നുമായിരുന്നു കോടതി തിരിച്ചടിച്ചത്‌.
കളമശേരി ബസ്‌ കത്തിക്കല്‍ കേസ്‌ അട്ടിമറിക്കാനുള്ള ശ്രമം വളരെ ബോധപൂര്‍വം ഈ സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നുണ്ടായിട്ടുണ്ട്‌ എന്ന്‌ പൊതു സമൂഹത്തിന്‌ വിശ്വസിക്കാന്‍ പറ്റുന്ന തെളിവുകള്‍ നിരവധിയുണ്ട്‌. 2009 ഒക്ടോബര്‍ 29ന്‌ കളമശേരി ബസ്‌ കത്തിക്കല്‍ സംഭവത്തില്‍ നിര്‍ണായക പങ്കുള്ള അഞ്ച്‌ പ്രതികളുടെ പേരുകള്‍ കുറ്റപത്രത്തില്‍ നിന്ന്‌ ഒഴിവാക്കിയതായി തമിഴ്‌നാട്‌ പോലീസ്‌ കണ്ടെത്തിയതാണ്‌. ഈ കണ്ടെത്തല്‍ രേഖാമൂലം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും നടപടിയെടുക്കാതെ കുറ്റവാളികളെ സംരക്ഷിച്ച്‌ കേസ്‌ അട്ടിമറിക്കുന്ന ഗൂഢാലോചനയിലായിരുന്നു ആഭ്യന്തരവകുപ്പും ഉന്നതരായ ചില പോലീസുകാരും. ഇതേ നയം തന്നെയാണ്‌ പാനായിക്കുളം സിമി യോഗത്തിന്റെ കാര്യത്തിലും വാഗമണ്ണിലെ ക്യാമ്പിന്റെ കാര്യത്തിലും ഇടതുപക്ഷ സര്‍ക്കാര്‍ പുലര്‍ത്തിയതെന്ന്‌ പറയുമ്പോള്‍ ആരും ക്ഷോഭിച്ചിട്ട്‌ കാര്യമില്ല. കോഴിക്കോട്‌ ഇരട്ട സ്ഫോടനത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തില്ലായിരുന്നുവെങ്കില്‍ സൂഫിയ ംദനി ഇപ്പോള്‍ അറസ്റ്റ്‌ ചെയ്യപ്പെടുകയില്ലായിരുന്നുവെന്ന്‌ കേരളത്തിലെ ഏതൊരു കൊച്ചുകുട്ടിക്കും ബോധ്യമുള്ള വാസ്തവമാണ്‌.
സൂഫിയ മദനി കളമശേരി ബസ്‌ കത്തിക്കല്‍ കേസില്‍ പത്താം പ്രതിയാണെന്ന്‌ പോലീസ്‌ ഒടുവില്‍ കണ്ടെത്തിയതിന്‌ ശേഷം ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനില്‍ നിന്നുണ്ടായ ഒരു പ്രതികരണം മാത്രം മതി ആതിരേ, സര്‍ക്കാര്‍ തലത്തില്‍ നടന്ന അട്ടിമറികള്‍ വ്യക്തമാകാന്‍. സൂഫിയ മദനിക്ക്‌ കളമശേരി ബസ്‌ കത്തിക്കല്‍ സംഭവത്തില്‍ പങ്കുണ്ടായിരുന്നു എന്ന്‌ യുഡിഎഫ്‌ സര്‍ക്കാരിന്‌ അറിയാമായിരുന്നു എന്നാണ്‌ അദ്ദേഹം ആക്ഷേപിച്ചത്‌. അത്‌ വാസ്തവമാണെങ്കില്‍ എന്തുകൊണ്ട്‌ കഴിഞ്ഞ 42 മാസക്കാലം സൂഫിയയ്ക്കെതിരെ ഇടതുപക്ഷ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല എന്ന ചോദ്യത്തിന്‌ അദ്ദേഹം ആദ്യം ഉത്തരം നല്‍കണം. സൂഫിയയ്ക്ക്‌ ഇത്തരം ഒരു കൃത്യത്തില്‍ പങ്കുണ്ടെന്ന്‌ വ്യക്തമായിട്ടും എന്തിനാണ്‌ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ പിഡിപിയുമായി സഖ്യമുണ്ടാക്കിയതെന്ന ചോദ്യത്തിന്‌ അദ്ദേഹവും പിണറായി വിജയനും പ്രകാശ്‌ കാരാട്ടും ഉത്തരം പറയണം.
അതായത്‌ തടിയന്റവിട നസീറുമായി ബന്ധപ്പെട്ട്‌ ആരോപിക്കപ്പെട്ടിട്ടുള്ള എല്ലാ തീവ്രവാദ - കൊലപാതക കേസുകളും അട്ടിമറിക്കാനുള്ള ഗൂഢാലോചന യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്തെന്നപോലെ ഈ സര്‍ക്കാരിന്റെ കാലത്തും കൗശലപൂര്‍വം നടന്നിരുന്നു എന്നുതന്നെയാണ്‌ അര്‍ത്ഥം. പെണ്‍വാണിഭകേസില്‍ പെട്ട്‌ പൊതുസമൂഹത്തിന്‌ മുമ്പിലും പാര്‍ട്ടിക്കുള്ളിലും ഒറ്റപ്പെട്ട കുഞ്ഞാലിക്കൂട്ടി തന്റെ നിലനില്‍പ്പ്‌ ശക്തമാക്കാനും പാര്‍ട്ടിക്കുള്ളിലെ വിലപേശല്‍ ശക്തി വര്‍ധിപ്പിക്കാനും എന്‍ഡിഎഫ്‌ അടക്കമുള്ള മുസ്ലീം തീവ്രവാദ വിഭാഗത്തെ സഹായിച്ചതായി അന്നുതന്നെ ആരോപണങ്ങളുണ്ടായിരുന്നു. അവയെ സാധൂകരിക്കുന്ന തെളിവുകള്‍ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതുമാണ്‌. അന്ന്‌ പ്രതിപക്ഷത്ത്‌ കോടിയേരി (ന്റവിട) ബാലകൃഷ്ണനും പിണറായി (ന്റവിട) വിജയനും ഉണ്ടായിരുന്നതാണ്‌. അന്ന്‌ ആ നേതാവിനെ രക്ഷിക്കാന്‍ കോഴിക്കോട്‌ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ്‌ അട്ടിമറിച്ചതില്‍ ആര്‍ക്കെല്ലാം പങ്കുണ്ടെന്നും കേരളത്തിലെ പൊതുസമൂഹത്തിനറിയാം. സൂഫിയ മദനിയുടെ ജാമ്യാപേക്ഷയില്‍ വാദം കേട്ട കോടതി നടത്തിയ ഒരു പരാമര്‍ശം ഇത്തരുണത്തില്‍ ഏറെ പ്രസക്തമാണ്‌. അതിങ്ങനെയായിരുന്നു : " കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വിലയിരുത്താന്‍ ജനങ്ങള്‍ക്കറിയാം. സാധാരണക്കാരന്റെ ചിന്താശക്തിക്ക്‌ വിലപറയരുത്‌..... ഇടുങ്ങിയ പ്രത്യയ ശാസ്ര്തങ്ങളുടെയും വിഭാഗീയതകളുടെയും മറവില്‍ പ്രാദേശിക വിഷയങ്ങളെ കുറിച്ച്‌ പ്രഭാഷണം നടത്തുന്നവര്‍ രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കുന്ന വലിയ പ്രശ്നങ്ങള്‍ കാണുന്നില്ല. സമൂഹത്തിന്‌ അത്‌ ഗുണം ചെയ്യില്ല.... സ്വാധീനങ്ങള്‍ക്കടിപ്പെടാതെ തീവ്രവാദത്തെ ചെറുക്കാന്‍ ഫലപ്രദമായി എന്തുചെയ്തുവെന്ന്‌ പോലീസ്‌ സ്വയം ചോദിക്കണം. ജനങ്ങളോട്‌ ചോദിച്ചാല്‍ അവര്‍ മറുപടി പറയും. അവര്‍ പറയട്ടെ".
കോടതിക്ക്‌ പോലും സംശയത്തിന്‌ ഇടയില്ലാത്തവിധം വിശ്വാസമുള്ള ഈ വാസ്തവങ്ങളെയാണ്‌ാതിരേ, പര്‍ദയണിച്ച്‌ തമസ്കരിക്കാനുള്ള ഗൂഢാലോചന നടന്നത്‌. ഇക്കാര്യത്തില്‍ ഇപ്പോള്‍ സൂഫിയ ംദനിയുടെ അവകാശങ്ങള്‍ക്ക്‌ വേണ്ടി മുന്നിട്ടിറങ്ങിയിട്ടുള്ള ബുദ്ധിജീവികളുടെ പങ്കും കോടതി നിരീക്ഷിച്ചിട്ടുണ്ട്‌. "ബുദ്ധി ജീവികള്‍ മൗനം പാലിച്ചപ്പോള്‍ സംസ്ഥാനത്ത്‌ നടക്കുന്ന തീവ്രവാദങ്ങള്‍ പുറത്ത്‌ കൊണ്ടുവരുന്നതില്‍ പത്രദൃശ്യമാധ്യമങ്ങള്‍ വലിയ പങ്കുവഹിച്ചു. തീവ്രവാദം ചെറുക്കാന്‍ ഫലപ്രദമായ നടപടി എടുക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയത്‌ മാധ്യമങ്ങളാണ്‌. എന്നാല്‍ ബുദ്ധിജീവികള്‍ ഇതേക്കുറിച്ച്‌ ഉരിയാടിയിട്ടില്ല. സമൂഹത്തില്‍ തെറ്റ്‌ ചെയ്യുന്നവര്‍ക്കെതിരെ ശബ്ദിക്കാനും ജനങ്ങളുടെ ചിന്താഗതിയില്‍ മാറ്റം വരുത്താനും അവര്‍ക്ക്‌ ബാധ്യതയുണ്ട്‌."
ഈ പശ്ചാത്തലത്തില്‍ വേണം സൂഫിയ ംദനിയുടെ മോചനത്തിനായി അബ്ദുള്‍ നാസര്‍ ംദനിയും മക്കളും അടുത്ത വെള്ളിയാഴ്ച മുതല്‍ ആരംഭിക്കാനിരിക്കുന്ന നിരാഹാര സമരത്തെയും സൂഫിയയുടെ മോചനത്തിനായി മനുഷ്യാവകാശ പ്രവര്‍ത്തകരെന്ന്‌ അവകാശപ്പെടുന്നവര്‍ ആരംഭിക്കാനിരിക്കുന്ന പ്രക്ഷോഭങ്ങളേയും വിലയിരുത്തേണ്ടത്‌. തടിയന്റവിട നസീര്‍ വെളിപ്പെടുത്തിയ മറ്റു കാര്യങ്ങള്‍ എല്ലാം സത്യമാണെന്ന്‌ വിശ്വസിക്കുകയും സൂഫിയയ്ക്കെതിരെ പറഞ്ഞതെല്ലാം കള്ളമാണെന്ന്‌ പ്രചരിപ്പിക്കുകയും ചെയ്യുന്നതിന്‌ പിന്നില്‍ ഈ ഭരണകൂടത്തിനും അതില്‍ ംദനിയുമായും പിഡിപിയുമായും ബന്ധം സ്ഥാപിച്ചവര്‍ക്കും പങ്കുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. തടിയന്റവിട നസീറിന്റെ ഭാര്യയും ബന്ധുക്കളും ഭയന്ന്‌ വിറച്ച്‌ കഴിയുമ്പോള്‍ അവരുടെ അവകാശങ്ങള്‍ക്ക്‌ വേണ്ടി വാദിക്കാന്‍ ഇവരാരും തയ്യാറാകാത്തിടത്താണ്‌ പര്‍ദയണിയിക്കപ്പെട്ട സത്യത്തിന്റെ ഭീകരരൂപം ഒളിപ്പിക്കപ്പെട്ടിട്ടുള്ളത്‌ ആതിരേ.(തുടരും)

No comments: