Thursday, December 31, 2009

സൂഫിയക്കുവേണ്ടി വാദിച്ചവര്‍ ഈ സാധുക്കളെ കാണാതെ പോയതെന്തുകൊണ്ട്‌

ഇത്തരത്തില്‍ , ദാരിദ്ര്യം കൊണ്ട്‌ തങ്ങളുടേതല്ലാത്ത കുറ്റത്തിനും ആരോപണങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും വിധേയരായി, ഇടിഞ്ഞുവീഴാറായ ഒരു വീട്ടിനുള്ളില്‍ കഴിയുന്ന ഈ നിസ്വ സ്ത്രീകളുടെ അവസ്ഥകളിലേക്ക്‌ കണ്ണോടിക്കാന്‍ മനസ്സില്ലാതെയാണ്‌ സാക്ഷര കേരളത്തിലെ സാംസ്കാരിക പ്രവര്‍ത്തകരും ബുദ്ധിജീവികളും എഴുത്തുകാരില്‍ ചിലരുമൊക്കെ സൂഫിയ ംദനിയുടെ പൗരാവകാശം സംരക്ഷിക്കാന്‍ കച്ചകെട്ടയിറങ്ങിയതെന്നോര്‍ക്കണം. തന്റെ ഭര്‍ത്താവിന്റെ തീവ്രവാദ നിലപാടുകളെ കുറിച്ച്‌ പൂര്‍ണ ബോധ്യമുള്ള യുവതിയും സ്ത്രീയുമാണ്‌ സൂഫിയ ംദനി. എന്നാല്‍, തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ ഒന്നുമറിയാത്ത സാധുക്കളാണ്‌ കണ്ണൂരിലെ കാടാച്ചിറ കരിപ്പായി പള്ളിക്കു മുമ്പിലുള്ള വീട്ടില്‍ കഴിയുന്നവര്‍. ഇവര്‍ക്കും മനുഷ്യാവകാശങ്ങളില്ലേ? ഇവര്‍ക്കും പൗരാവകാശങ്ങളില്ലേ? ഇവരും സൂഫിയയെ പോലെ സ്ത്രീകളല്ലേ? എന്നിട്ടെന്തുകൊണ്ടാണ്‌ മുഖ്യധാരാ മാധ്യമങ്ങളുടെയോ ബുദ്ധിജീവികളുടേയോ ശ്രദ്ധ ഇവരിലേക്ക്‌ പതിയാതെ പോയത്‌.....? എന്തുകൊണ്ടാണ്‌ ഇവിടത്തെ വനിതാ സംഘടനകള്‍ ഇവരെ കാണാതെ പോയത്‌.....?
അതായത്‌ ഹിഡന്‍ അജണ്ടകള്‍ക്ക്‌ കൂട്ട്‌ നിന്ന്‌ സമ്പത്തും വാര്‍ത്താ പ്രാധാന്യവും നേടുകയെന്ന നീചവും ശുഷ്കവുമായ താല്‍പര്യമുള്ളവരായിരുന്നു സൂഫിയ ംദനിക്കുവേണ്ടി രംഗത്തെത്തിയതെന്ന്‌ സാരം. ഫാത്തിമ ഉമ്മയുടെയും പെണ്‍മക്കളുടെയും അവരുടെ നിരപരാധികളായ കുഞ്ഞുങ്ങളുടെയും വിശപ്പും വേവലാതിയും സാംസ്കാരിക കേരളം, സാക്ഷര കേരളം തിരിച്ചറിയാന്‍ , ഇനിയെത്ര ദുരിതാനുഭവങ്ങളിലൂടെ ഇവര്‍ കടന്നുപോകണമെന്നാണ്‌.....?



സൂഫിയ മ്ദനിക്ക്‌ സോപാധിക ജാമ്യം ലഭിച്ചതോടെ, ആതിരേ, അവരെ മുന്നില്‍ നിര്‍ത്തി ചില ഹിഡന്‍ അജണ്ടകള്‍ അവതരിപ്പിക്കാനാഗ്രഹിച്ച പൗരാവകാശ പ്രവര്‍ത്തകരെ മഷിയിട്ടു നോക്കിയാല്‍ പോലും കാണാന്‍ കിട്ടാത്ത അവസ്ഥയാണിപ്പോള്‍. സൂഫിയയെ അറസ്റ്റ്‌ ചെയ്യുമെന്ന്‌ തീര്‍ച്ചയായപ്പോള്‍ അവരുടെ അവകാശ സംരക്ഷകരായി അവതരിച്ച സാംസ്കാരിക പ്രവര്‍ത്തകരെയും ബുദ്ധിജീവികളെയും ഇനിയെവിടെ തിരയണമെന്ന്‌ അറിയില്ല. പര്‍ദയണിയുന്നതുകൊണ്ടുമാത്രം ഇന്ത്യന്‍ നിയമത്തിന്‌ അതീതയായിരിക്കണം സൂഫിയ എന്ന്‌ സ്ഥാപിച്ചെടുക്കാന്‍ കച്ചകെട്ടിയിറങ്ങിയ അഭിഭാഷക കുറുക്കന്മാരും എങ്ങോ പോയി ഒളിച്ചു.
ആവര്‍ത്തിക്കട്ടെ കോയമ്പത്തൂര്‍ ജയിലിലായിരുന്ന അബ്ദുള്‍ നാസര്‍ മ്ദനിയുടെ മോചനത്തിനായി, ഇപ്പോള്‍ പിടിയിലായിട്ടുള്ള, ലഷ്കര്‍ ഇ തയ്ബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ തടിയന്റവിട നസീര്‍ അടക്കമുള്ളവര്‍ നടത്തിയ ബസ്‌ കത്തിക്കല്‍ സംഭവത്തെക്കുറിച്ച്‌ സൂഫിയ ംദനിക്ക്‌ തുടക്കം മുതല്‍ തന്നെ അറിവുണ്ടായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കിച്ചിട്ട്‌ കാര്യമില്ല. ഒരുവേള തടിയന്റവിട നസീര്‍ അടക്കമുള്ള തീവ്രവാദികള്‍ നടപ്പിലാക്കാന്‍ ആഗ്രഹിച്ച വിധ്വംസക പ്രവര്‍ത്തനങ്ങളുടെ രൂപരേഖ സൂഫിയയ്ക്ക്‌ പൂര്‍ണമായി ബോധ്യമുണ്ടായിരുന്നില്ലായിരിക്കാം. എങ്കില്‍ പോലും തടിയന്റവിട നസീര്‍ അടക്കമുള്ളവര്‍ നടത്താന്‍ പ്ലാനിട്ട ബസ്‌ കത്തിക്കല്‍ സംഭവത്തിന്റെ പൂര്‍ണ രൂപം അവര്‍ക്കറിയാമായിരുന്നു. ഈ സംഭവം മ്ദനിയെ മോചിപ്പിക്കുക എന്ന കേവല ഉദ്ദേശ്യത്തോടെ ആയിരുന്നില്ലെന്നും കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആഴത്തില്‍ വേരോട്ടമുണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ഗൂഢ പദ്ധതിയായിരുന്നു എന്നും ഇപ്പോള്‍ വ്യക്തമായ സ്ഥിതിക്കാണ്‌ ആ സംഭവവുമായി ബന്ധമുള്ള സൂഫിയയുടെ തീവ്രവാദ ഇടപാടുകളെ കുറിച്ച്‌ സംശയം ഉണര്‍ന്നിട്ടുള്ളതും അന്വേഷണം ആരംഭിച്ചതും അത്‌ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുടെ പേരില്‍ അട്ടിമറിക്കപ്പെട്ടതും.
എന്നാല്‍,ആതിരേ, തടിയന്റവിട നസീറും ഷഫാസും മജീദ്‌ പറമ്പായിയും അടക്കമുള്ള തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ അവരുടെ ഭാര്യമാര്‍ക്കോ മറ്റു ബന്ധുക്കള്‍ക്കോ ഒരു സൂചനപോലും ലഭിച്ചിരുന്നില്ല. ഇവരൊക്കെ അറസ്റ്റിലായ ശേഷമാണ്‌ എന്തൊക്കെയായിരുന്നു ഇവരുടെ നടപടികളെന്ന്‌ അവരും പൊതുസമൂഹവും തിരിച്ചറിഞ്ഞത്‌.
തികഞ്ഞ ദാരിദ്ര്യത്തിലാണ്‌ തടിയന്റവിട നസീറിന്റെയും ഷഫാസിന്റെയും മജീദ്‌ പറമ്പായിയുടെയും മറ്റും ഭാര്യവീട്ടുകാര്‍ അന്നും ഇന്നും .ഭീകരവാദത്തിന്റെ ഇരകളായി മാറേണ്ടിവന്ന ദരിദ്ര ജീവിതങ്ങളാണ്‌ ഇവരെല്ലാം. കണ്ണൂരിലെ കാടാച്ചിറയിലെ കരിപ്പായി പള്ളിക്ക്‌ സമീപമുള്ള ഓടുമേഞ്ഞ, മേല്‍ക്കൂരയ്ക്ക്‌ മേല്‍ പ്ലാസ്റ്റിക്‌ ഷീറ്റ്‌ വലിച്ചുകെട്ടിയിരിക്കുന്ന ഈ വീടിന്റെ കഴുക്കോലുകള്‍ ചിതല്‍ തിന്ന്‌ തീര്‍ത്തിരിക്കുന്നു. ഏത്‌ സമയവും അവ താഴെ വീഴാവുന്ന അവസ്ഥയിലാണ്‌. സിമന്റ്‌ പാളികള്‍ അടര്‍ന്നുപോയ വരാന്തയും ഭിത്തികളും.... ഈ വീടാണ്‌ ആതിരേ, ഇന്ന്‌ നാടാകെ, ഏത്‌ കോണിലുമുയരുന്ന ഭീകരവാദ ചര്‍ച്ചയുടെ കേന്ദ്ര ബിന്ദു. മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കന്മാരും ഊഹാപോഹങ്ങളുടെയും നിര്‍മിത കഥകളുടെയും ലോകത്ത്‌ വിലസുമ്പോള്‍ ഈ വീട്ടിലെ ജീവിതങ്ങള്‍ പട്ടിണിയെ മുഖാമുഖം കണ്ട്‌, ഭീകരവാദികളുടെ ബന്ധുക്കളെന്ന പഴിയേറ്റുവാങ്ങി സ്വയം ശപിച്ച്‌ ഒതുങ്ങി കൂടി കഴിയുകയാണ്‌. ഇവരുടെ നൊമ്പരങ്ങളോ ഗദ്ഗദങ്ങളോ കാതോര്‍ക്കാന്‍, ആതിരേ, കേരളത്തിലെ ഒരു സാംസ്കാരിക നായകനും സമയമില്ല; സംഘടനകള്‍ക്ക്‌ നേരമില്ല, വനിതാ പ്രവര്‍ത്തകര്‍ക്ക്‌ മനസുമില്ല; ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും ദാരിദ്ര്യത്തിന്റെയും ഇരകളായി മാറിയ ഇവരെ കുറിച്ച്‌ ബുദ്ധി ജീവികള്‍ക്ക്‌ ജിജ്ഞാസ ഒട്ടുമില്ല.
അഞ്ചുമാസം പ്രായമുള്ള കുഞ്ഞുമുതല്‍ പത്ത്‌ വയസുവരെ പത്ത്‌ കുട്ടികളും മുത്തശി ഫാത്തിമ ഉള്‍പ്പടെ ഒമ്പത്‌ സ്ത്രീകളുമാണ്‌ സമൂഹത്തെ ഭയന്ന്‌ ഈ വീട്ടില്‍ കഴിയുന്നത്‌. ബാങ്കില്‍ നിന്ന്‌ കടം വാങ്ങിയ തുക തിരിച്ചടക്കാനാകാതെ ഏത്‌ നിമിഷവും കുടിയിറക്കപ്പെടും എന്ന യാഥാര്‍ത്ഥ്യത്തിന്‌ മുമ്പില്‍ പകച്ച്‌ നില്‍ക്കുകയാണ്‌ ഈ ദാരുണ ജന്മങ്ങള്‍. തങ്ങളുടെ ഉറ്റവര്‍ നാടിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭീകരവാദികളാണെന്ന അധികൃതരുടെ വെളിപ്പെടുത്തലിന്‌ മുമ്പില്‍ ആകെ തകര്‍ന്ന്‌ ജീവിക്കുകയാണിവര്‍.
ആതിരേ,ആസൂത്രിതമായ കബിളിപ്പിക്കലിന്‌ ഇരയായവരാണ്‌ ഈ വീട്ടിലുള്ളവര്‍. ദാരിദ്ര്യമാണ്‌ ഇവരെ ഈ ദയനീയാവസ്ഥയിലെത്തിച്ചതും. പൊന്നും പണവും സ്ത്രീധനമായി നല്‍കാതെ പെണ്‍മക്കളെ പടിയിറക്കിവിടുന്നതെങ്ങനെയെന്ന ആധിയുമായി ദിവസങ്ങള്‍ തള്ളിനീക്കുന്നതിന്റെ ഇടയിലാണ്‌ മുത്തശി ഫാത്തിമയുടെ മൂന്നാമത്തെ മകള്‍ സാബിടയുടെ ഭര്‍ത്താവ്‌ മജീദ്‌ പറമ്പായി ആശ്വാസവചനങ്ങളുമായി എത്തിയത്‌. സ്ത്രീധനം വാങ്ങാതെ സാധു പെണ്‍കുട്ടികളെ കല്ല്യാണം കഴിക്കാനുള്ള നീതിബോധവും ദീനിബോധവുമുള്ള ചെറുപ്പക്കാര്‍ നമ്മുടെ സമുദായത്തിലുണ്ടെന്നും അവര്‍ ഈ പെണ്‍കുട്ടികള്‍ക്ക്‌ പുതിയ ജീവിതം നല്‍കുമെന്നും മജീദ്‌ പറമ്പായി ഉറപ്പ്‌ കൊടുത്തപ്പോള്‍ മുത്തശി ഫാത്തിമക്ക്‌ തന്റെ മുന്നില്‍ അള്ളാഹു അവതരിച്ചതായിട്ടാണ്‌ തോന്നിയത്‌. എന്നാല്‍,...
മജീദ്‌ പറമ്പായിയുടെ ആ വാക്ക്‌ വിശ്വസിച്ച്‌ പെണ്‍മക്കളെ തടിയന്റവിട നസീറിനും ഷഫാസിനും കല്ല്യാണം കഴിച്ചുകൊടുത്തതില്‍ സ്വയം ശപിച്ച്‌ ജീവിക്കുകയാണ്‌ ആ വന്ദ്യവയോധിക. ഒന്നും രണ്ടും പേരല്ല അഞ്ചുപേരാണ്‌ ഈ വീട്ടില്‍ നിന്ന്‌ തീവ്രവാദ കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്‌. മുത്തശി ഫാത്തിമയുടെ മകന്‍ അബ്ദുള്‍ ജലീല്‍, ഫാത്തിമയുടെ മകള്‍ ഫൗസിയയുടെ രണ്ട്‌ പെണ്‍മക്കളുടെയും ഭര്‍ത്താക്കന്മാര്‍ (തടിയന്റവിട നസീര്‍, ഷഫാസ്‌), ഫാത്തിമയുടെ മൂന്നാമത്തെ മകള്‍ സാബിതയുടെ ഭര്‍ത്താവ്‌ മജീദ്‌ പറമ്പായി മറ്റൊരു മകള്‍ ജസീലയുടെ ഭര്‍ത്താവ്‌ ഫിറോസ്‌. എന്നിങ്ങണനെ നീളുന്നു തീവ്രവാദികളുടെ നിര. അന്ന്‌ മജീദ്‌ പറമ്പായിയുടെ വാക്ക്‌ വിശ്വസിച്ചത്‌ ഈ വിധം ദുരിതത്തിലാകുമെന്ന്‌ ഫാത്തിമ കരുതിയിരുന്നില്ല. "കെട്ടിച്ചയച്ചില്ലായിരുന്നെങ്കിലും പെണ്‍മക്കള്‍ ഇവിടെ നിന്നാല്‍ മതിയായിരുന്നു. എങ്കില്‍ ഇത്രയധികം ദുരിതം പേറേണ്ടി വരുമായിരുന്നില്ല" എന്നാണ്‌ ആ അമ്മയുടെ ഇപ്പോഴത്തെ തളര്‍ന്ന വിലാപം.
ഫൗസിയയുടെ മകള്‍ ഫെമിത പ്ലസ്‌ ടുവിന്‌ പഠിക്കുമ്പോഴാണ്‌ തടിയന്റവിട നസീര്‍ വിവാഹം കഴിക്കുന്നത്‌. ഫെമിതയുടെ സഹോദരി ഫെമിനയെ നസീറിന്റെ സുഹൃത്ത്‌ ഷഫാസും ഭാര്യയാക്കി. അതിന്റെ ദുരിതവും ദുരന്തവുമാണ്‌ ഈ ചെറുപ്രായത്തില്‍ ഈ പെണ്‍കുട്ടികള്‍ ഇപ്പോള്‍ പേറുന്നത്‌. മജീദും നസീറും ഷഫാസുമൊക്കെ ഭീകരപ്രവര്‍ത്തനം നടത്തിയിട്ടുണ്ടോയെന്ന്‌ ഇവര്‍ക്കാര്‍ക്കും അറിയില്ല. ഭീകരവാദ പ്രവര്‍ത്തനത്തിന്‌ ലക്ഷങ്ങളാണ്‌ ഇവരിലൂടെ ഒഴുകിയെത്തിയതെന്ന വാര്‍ത്തകള്‍ വിശ്വസിക്കാനും ഇവര്‍ക്ക്‌ കഴിയുന്നില്ല. ഇത്രയധികം പണം ഇവരുടെ കൈവശമുണ്ടായിരുന്നെങ്കില്‍ ഇടിഞ്ഞു വീഴാറായ കൊച്ചു വീട്ടില്‍ ബാങ്കു കടവുമായി കഴിയേണ്ടതുണ്ടായിരുന്നോ എന്നാണ്‌ അവരുടെ സ്വകാര്യ സംശയങ്ങള്‍. "തീവ്രവാദത്തിന്റെ ആളുകള്‍ക്ക്‌ ലക്ഷങ്ങള്‍ കിട്ടുന്നുണ്ടെന്ന്‌ എല്ലാവരും പറയുന്നു. അങ്ങനെയെങ്കില്‍ ഈ കേറി കിടക്കുന്നിടമെങ്കിലും രക്ഷിക്കാനാവില്ലെ? നിങ്ങള്‍ നോക്ക്‌ വീടിന്റെ മറപ്പുരയ്ക്ക്‌ വാതില്‍ പോലുമില്ല. ഒരു തുണി തൂക്കിയിരിക്കുകയാണ്‌. അടുക്കളയുടെ ഒരു ഭാഗം പൊളിഞ്ഞു ഇതിനിടയിലാണ്‌ ബാങ്കിന്റെ ജപ്തി നോട്ടീസ്‌. വയസ്‌ കാലത്ത്‌ ഈ ഉമ്മയെയും കൊണ്ട്‌ ഞങ്ങള്‍ എവിടെ പോകും". ചോദിക്കുന്നത്‌ മജീദ്‌ പറമ്പായിയുടെ ഭാര്യ സഹോദരി ജസീലയാണ്‌.
ഇത്തരത്തില്‍ , ആതിരേ, ദാരിദ്ര്യം കൊണ്ട്‌ തങ്ങളുടേതല്ലാത്ത കുറ്റത്തിനും ആരോപണങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും വിധേയരായി, ഇടിഞ്ഞുവീഴാറായ ഒരു വീട്ടിനുള്ളില്‍ കഴിയുന്ന ഈ നിസ്വ സ്ത്രീകളുടെ അവസ്ഥകളിലേക്ക്‌ കണ്ണോടിക്കാന്‍ മനസ്സില്ലാതെയാണ്‌ സാക്ഷര കേരളത്തിലെ സാംസ്കാരിക പ്രവര്‍ത്തകരും ബുദ്ധിജീവികളും എഴുത്തുകാരില്‍ ചിലരുമൊക്കെ സൂഫിയ ംദനിയുടെ പൗരാവകാശം സംരക്ഷിക്കാന്‍ കച്ചകെട്ടയിറങ്ങിയതെന്നോര്‍ക്കണം. തന്റെ ഭര്‍ത്താവിന്റെ തീവ്രവാദ നിലപാടുകളെ കുറിച്ച്‌ പൂര്‍ണ ബോധ്യമുള്ള യുവതിയും സ്ത്രീയുമാണ്‌ സൂഫിയ ംദനി. എന്നാല്‍, തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ ഒന്നുമറിയാത്ത സാധുക്കളാണ്‌ കണ്ണൂരിലെ കാടാച്ചിറ കരിപ്പായി പള്ളിക്കു മുമ്പിലുള്ള വീട്ടില്‍ കഴിയുന്നവര്‍. ഇവര്‍ക്കും മനുഷ്യാവകാശങ്ങളില്ലേ? ഇവര്‍ക്കും പൗരാവകാശങ്ങളില്ലേ? ഇവരും സൂഫിയയെ പോലെ സ്ത്രീകളല്ലേ? എന്നിട്ടെന്തുകൊണ്ടാണ്‌ മുഖ്യധാരാ മാധ്യമങ്ങളുടെയോ ബുദ്ധിജീവികളുടേയോ ശ്രദ്ധ ഇവരിലേക്ക്‌ പതിയാതെ പോയത്‌.....? എന്തുകൊണ്ടാണ്‌ ഇവിടത്തെ വനിതാ സംഘടനകള്‍ ഇവരെ കാണാതെ പോയത്‌.....?
അതായത്‌ ഹിഡന്‍ അജണ്ടകള്‍ക്ക്‌ കൂട്ട്‌ നിന്ന്‌ സമ്പത്തും വാര്‍ത്താ പ്രാധാന്യവും നേടുകയെന്ന നീചവും ശുഷ്കവുമായ താല്‍പര്യമുള്ളവരായിരുന്നു സൂഫിയ ംദനിക്കുവേണ്ടി രംഗത്തെത്തിയതെന്ന്‌ സാരം. ഫാത്തിമ ഉമ്മയുടെയും പെണ്‍മക്കളുടെയും അവരുടെ നിരപരാധികളായ കുഞ്ഞുങ്ങളുടെയും വിശപ്പും വേവലാതിയും സാംസ്കാരിക കേരളം, സാക്ഷര കേരളം തിരിച്ചറിയാന്‍ ,ആതിരേ ഇനിയെത്ര ദുരിതാനുഭവങ്ങളിലൂടെ ഇവര്‍ കടന്നുപോകണമെന്നാണ്‌.....?

No comments: