Friday, January 1, 2010

എന്നിട്ടും പിണറായിക്ക്‌ മുറുമുറുപ്പ്‌

. സമുന്നതവും സമര്‍പ്പണസമ്പന്നവുമായ ഒരു ഭൂതകാല രാഷ്ട്രീയ പ്രവര്‍ത്തന ശൈലി ഉണ്ടായിരുന്ന പിണറായി വിജയന്‍ ഇന്ന്‌ സ്വതന്ത്രനായി നടക്കുന്നത്‌ രണ്ടുലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിന്റെയും തുല്യ തുകയ്ക്കുള്ള മറ്റുരണ്ടുപേരുടെ ജാമ്യത്തിന്റെയും ബലത്തിലാണ്‌. ഇന്ത്യയില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ചരിത്രത്തില്‍ അതിന്റെ ഒരു സമുന്നത നേതാവിന്‌, അഴിമതിയുടെ പേരില്‍ ഇത്തരത്തില്‍ ആരോപിതനായും അവഹേളിതനായും ജീവിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. പരിണാമത്തിന്‌ വിധേയമായ പ്രത്യയശാസ്ത്ര നിലപാടുകളും മൂലധന സമാഹരണ ശക്തികളോട്‌ പുലര്‍ത്തുന്ന വഴിവിട്ട വിധേയത്വവും നവ ലിബറല്‍ ജീവിത രീതികളുടെ സ്വാധീനവുമൊക്കെയാണ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ വര്‍ത്തമാനകാല നേതൃത്വത്തെ നിയമത്തിന്റെ മുന്നിലും അണികളുടെ മുന്നിലും പൊതുസമൂഹത്തിലും ഇത്തരത്തില്‍ പരിഹാസപാത്രങ്ങളാക്കിയത്‌. ഇതിന്റെ ഉത്തരവാദിത്തം തീര്‍ച്ചയായും ഇടതുപക്ഷ മൂല്യങ്ങളില്‍ നിന്ന്‌ വ്യതിചലിച്ച നേതൃത്വത്തിനും നേതാക്കള്‍ക്കും അവരുടെ പാദസേവ നടത്തുന്ന സ്ഥുതിപാഠകര്‍ക്കും മാത്രമാണുള്ളത്‌.



എസ്‌എന്‍സി ലാവലിന്‍ അഴിമതി കേസില്‍ സിബിഐ പ്രതിയാക്കിയ സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയന്‍ കഴിഞ്ഞദിവസം കോടതിയില്‍ ഹാജരായി ജാമ്യമെടുത്തെങ്കിലും നിയമനടപടികളെ ധൈര്യപൂര്‍വം നേരിടുന്നതിന്‌ പകരം ആതിരേ, നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച്‌ കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ഗൂഢശ്രമമാണ്‌ നടത്തുന്നത്‌.
അനാവശ്യമായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ്‌ അദ്ദേഹം നിയമനടപടിയില്‍ നിന്ന്‌ തലയൂരാനുള്ള തന്ത്രം തുടര്‍ന്നുകൊണ്ടിരിക്കുന്നത്‌. എസ്‌എന്‍സി ലാവലിന്‍ അഴിമതി കേസില്‍ മുന്‍ വൈദ്യുതി മന്ത്രിയായ പിണറായി വിജയന്‍ പ്രതിയാകുമെന്ന്‌ ഉറപ്പായ നിമിഷം മുതല്‍ നീതി നിര്‍വഹണത്തിന്റെ നടപടിക്രമങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണ്‌ അദ്ദേഹത്തില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നുമുണ്ടായത്‌. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന്‌ ദേശീയ നേതൃത്വം വ്യക്തമാക്കിയതിന്‌ ശേഷവും കുറുക്കുവഴികളിലൂടെ നീതി നിര്‍വഹണപ്രക്രിയയുടെ താളം തെറ്റിക്കാനുള്ള ശ്രമങ്ങളാണ്‌ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തുടര്‍ന്നുപോന്നത്‌. അതിന്റെ ആവര്‍ത്തനമായിട്ടുവേണം ഇപ്പോള്‍ പിണറായി വിജയന്റെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളെ വിലയിരുത്തേണ്ടത്‌.
ശരിയാണ്‌. കോടതി പ്രതിയെന്ന്‌ വിധിക്കുന്നത്‌ വരെ ഒരാളും, ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച്‌ കുറ്റവാളിയാകുന്നില്ല. എന്നുമാത്രമല്ല തന്റെ ഭാഗം ന്യായീകരിക്കാന്‍ നിയമപരമായ ഏത്‌ മാര്‍ഗവും അവലംബിക്കാന്‍ കുറ്റവാളിയെന്ന്‌ ആരോപിതനായ വ്യക്തിക്ക്‌ അവകാശവുമുണ്ട്‌. എന്നാല്‍, നിയമം ഒരു പൗരന്‌ അനുവദിച്ചിട്ടുള്ള ഈ ആനുകൂല്യത്തിന്റെ കേവല നടത്തിപ്പാണോ പിണറായി വിജയനില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും ഉണ്ടായിട്ടുള്ളതും ഉണ്ടായിക്കൊണ്ടിരിക്കുന്നതും എന്ന്‌ ചോദിച്ചാല്‍, ആതിരേ, അല്ല എന്ന്‌ പറയാന്‍ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടതില്ല.
ഓര്‍ക്കണം അഴിമതിയെ രാജ്യദ്രോഹത്തോളം വെറുക്കുകയും അഴിമതിക്കാരെ ഭീകരവാദികളേക്കാള്‍ ക്രൂരന്മാരായി ചിത്രീകരിക്കുകയും ചെയ്ത കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സമുന്നതനായ നേതാവും പോളിറ്റ്ബ്യൂറോ അംഗവുമാണ്‌ ഇപ്പോള്‍ കേരളം കണ്ട ഏറ്റവും വലിയ അഴിമതി കേസിലെ പ്രതിസ്ഥാനത്ത്‌ നില്‍ക്കുന്നത്‌. സമുന്നതവും സമര്‍പ്പണസമ്പന്നവുമായ ഒരു ഭൂതകാല രാഷ്ട്രീയ പ്രവര്‍ത്തന ശൈലി ഉണ്ടായിരുന്ന പിണറായി വിജയന്‍ ഇന്ന്‌ സ്വതന്ത്രനായി നടക്കുന്നത്‌ രണ്ടുലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിന്റെയും തുല്യ തുകയ്ക്കുള്ള മറ്റുരണ്ടുപേരുടെ ജാമ്യത്തിന്റെയും ബലത്തിലാണ്‌. ഇന്ത്യയില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ചരിത്രത്തില്‍ അതിന്റെ ഒരു സമുന്നത നേതാവിന്‌, അഴിമതിയുടെ പേരില്‍ ഇത്തരത്തില്‍ ആരോപിതനായും അവഹേളിതനായും ജീവിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. പരിണാമത്തിന്‌ വിധേയമായ പ്രത്യയശാസ്ത്ര നിലപാടുകളും മൂലധന സമാഹരണ ശക്തികളോട്‌ പുലര്‍ത്തുന്ന വഴിവിട്ട വിധേയത്വവും നവ ലിബറല്‍ ജീവിത രീതികളുടെ സ്വാധീനവുമൊക്കെയാണ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ വര്‍ത്തമാനകാല നേതൃത്വത്തെ നിയമത്തിന്റെ മുന്നിലും അണികളുടെ മുന്നിലും പൊതുസമൂഹത്തിലും ഇത്തരത്തില്‍ പരിഹാസപാത്രങ്ങളാക്കിയത്‌. ഇതിന്റെ ഉത്തരവാദിത്തം തീര്‍ച്ചയായും ഇടതുപക്ഷ മൂല്യങ്ങളില്‍ നിന്ന്‌ വ്യതിചലിച്ച നേതൃത്വത്തിനും നേതാക്കള്‍ക്കും അവരുടെ പാദസേവ നടത്തുന്ന സ്ഥുതിപാഠകര്‍ക്കും മാത്രമാണുള്ളത്‌.
എസ്‌എന്‍സി ലാവലിന്‍ അഴിമതിക്കേസില്‍ ഗത്യന്തരമില്ലാതെ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തെങ്കിലും കാനഡ കമ്പനിയുമായുള്ള ഇടപാടുകളുടെ ഉത്തരവാദിത്തം മുഴുവന്‍ തനിക്കുമുമ്പ്‌ വിദ്യുച്ഛക്തി മന്ത്രിയായിരുന്ന ജി. കാര്‍ത്തികേയനാണെന്നും അന്നത്തെ നടപടിക്രമങ്ങളെ കുറിച്ച്‌ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിക്ക്‌ അറിവുണ്ടായിരുന്നു എന്നും വാദിച്ച്‌ ഇരുവരെയും ചോദ്യം ചെയ്യണമെന്നാണ്‌ പിണറായിയുടെ അഭിഭാഷകന്‍ പുതിയ ആവശ്യം ഉന്നയിച്ചിരിക്കുന്നത്‌. പുതിയൊരു കീഴ്‌വഴക്കത്തിന്‌ അടിത്തറയിടാനാണ്‌ ഈ ശ്രമമെന്ന കാര്യത്തില്‍, ആതിരേ സംശയമില്ല. ആരോപിതനായ വ്യക്തിക്ക്‌ തന്റെ ഭാഗം ന്യായീകരിക്കാനാവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ സ്വാതന്ത്ര്യവും അവകാശവും ഉണ്ട്‌ എന്ന കേവല ന്യായത്തിന്റെ അടിസ്ഥാനത്തില്‍ താന്‍ ചൂണ്ടിക്കാട്ടുന്നവരെയെല്ലാം തെളിവെടുപ്പിനും വിചാരണക്കും പാത്രമാക്കണമെന്ന വാദം ഏറ്റവും മാന്യമായ ഭാഷയില്‍ പറഞ്ഞാല്‍ കുറ്റബോധത്തില്‍ നിന്ന്‌ ഉയരുന്ന ചെറ്റത്തരമാണ്‌. നേരത്തെ ഈ കേസ്‌ സംബന്ധിച്ച വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടപ്പോള്‍ മടിയില്‍ ഘനമുള്ളവര്‍ക്കേ വഴിയില്‍ പേടിക്കേണ്ടതുള്ളു എന്ന ചൊല്ലിന്റെ അടിസ്ഥാനത്തില്‍ നിരപരാധിത്വം അവകാശപ്പെട്ട പിണറായി വിജയനാണ്‌ ഇപ്പോള്‍ നിയമനടപടികളില്‍ നിന്ന്‌ തലയൂരാന്‍ ഇത്തരത്തിലുള്ള കൗശലങ്ങള്‍ ഉപയോഗിക്കുന്നതെന്നോര്‍ക്കണം. ഈ രീതി മാത്രം മതി ആരോപിക്കപ്പെടുന്ന കുറ്റങ്ങളില്‍ അദ്ദേഹത്തിന്‌ പങ്കില്ലെ എന്ന്‌ പൊതു സമൂഹത്തിന്‌ സംശയിക്കാന്‍.
എന്നു മാത്രമല്ല ആതിരേ, ആന്റണിയുടെ ഭരണകാലത്ത്‌ എസ്‌എന്‍സി ലവലിന്‍ കമ്പനിയുമായുള്ള ഗൂഢാലോചന പൂര്‍ത്തിയായിരുന്നു എന്നാണ്‌ പിണറായി വദിക്കുന്നത്‌.മുഖം രക്ഷിക്കാന്‍ നടത്തിയിട്ടുള്ള ഈ പാഴ്ശ്രമം പക്ഷെ പിണറായിയുടെ മറ്റൊരു വലിയ പിഴവിലേയ്ക്കും കുറ്റത്തിലേയ്ക്കുമുള്ള ചൂണ്ടുപലകയാവുകയാണ്‌.അതായത്‌ എസ്‌എന്‍സി ലാവലിനുമായി ക്രമരഹിതമായി ഒരു കരാറില്‍ ആന്റണി സര്‍ക്കാര്‍ ഏര്‍പ്പെട്ടത്‌ കണ്ടെത്തിയിട്ടും എന്തു കൊണ്ട്‌ ആ കരാര്‍ റദ്ദാക്കിയില്ല എന്ന ചോദ്യത്തിന്‌ ആദ്യം ഉത്തരം ലഭിക്കണം.ക്രമക്കേടു നിറഞ്ഞ ഈ കരാറുമായി എന്തിനു മുന്നോട്ടുപോയി എന്നതിനും വിശദീകരണം ലഭിക്കണം.ഈ രണ്ടു ചോദ്യങ്ങള്‍ക്കും ഉക്തിഭദ്രമായ ഉത്തരം നല്‍കാന്‍ പിണറായിക്കു കഴിയത്ത കാലത്തോളം ലാവലിന്‍ അഴിമതിയുടെ മുഴുവന്‍ ഉത്തരവാദിത്തവും അദ്ദേഹത്തില്‍ തന്നെ ആയിരിക്കും.കാരണം മുന്‍ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിച്ചു ഒരു കരാര്‍ ഉണ്ടാക്കിയിട്ടും അതു റദ്ദാക്കാതെ മുന്നോട്ടുപോയതിനു പിന്നില്‍ പിണറായിക്കും പാര്‍ട്ടിക്കും ഇടനിലക്കാര്‍ക്കും വ്യക്തമായ അജണ്ട ഉണ്ടായിരുന്നു എന്നു തന്നെയാണ്‌ അര്‍ത്ഥം.അപ്പോള്‍ വെളുക്കാന്‍ തേച്ചത്‌ പാണ്ഡായി മാറിയോ എന്നു തിങ്കളാഴ്ച കോടതി വിധി വരുമ്പോള്‍ വ്യകതമാകും.
ഓര്‍മ്മയുണ്ടാകും, എസ്‌എന്‍സി ലാവലിന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട്‌ പിണറായി വിജയന്റെ പേര്‌ പുറത്തുവന്നപ്പോള്‍ മുതല്‍ നീതി നിര്‍വഹണപ്രക്രിയയെ അട്ടിമറിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ക്രൈം ചീഫ്‌ എഡിറ്റര്‍ ടി.പി നന്ദകുമാര്‍ സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ്‌ കേസന്വേഷണം സിബിഐയ്ക്ക്‌ വിടാന്‍ അന്ന്‌ കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ വി.കെ. ബാലിയും ജസ്റ്റിസ്‌ ജെ.ബി കോശിയും അടങ്ങിയ ഡിവിഷന്‍ ബഞ്ച്‌ ഉത്തവിട്ടത്‌. ഈ സ്വകാര്യ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയ്ക്ക്‌ എത്തിയപ്പോള്‍ കേസ്‌ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കരുത്‌ എന്ന നിലപാടാണ്‌ പിണറായി വിജയനും പാര്‍ട്ടിയും സ്വീകരിച്ചത്‌. ഈ വിഷയത്തില്‍ ഏത്‌ അന്വേഷണവും നേരിടാന്‍ തന്റേടമുണ്ടെന്ന്‌ വീമ്പിളക്കിയവര്‍ തന്നെയാണ്‌ സിബിഐ അന്വേഷണത്തെ എതിര്‍ത്തതെന്നോര്‍ക്കണം. കോഴി കട്ടവന്‍ തലയില്‍ പൂട തപ്പുന്നതിന്‌ തുല്യമായ നടപടിയായിരുന്നു ഇത്‌.
ഹര്‍ജിയുടെ വാദത്തിനിടയില്‍ കേരള ഹൈക്കോടതിയുടെ മുമ്പാകെ ഹാജരാക്കപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തില്‍ എസ്‌എന്‍സി ലാവലിന്‍ ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട വന്‍ തിമീംഗിലങ്ങളെ പുറത്തുകൊണ്ടുവരണമെങ്കില്‍ സിബിഐ അന്വേഷണം കൂടിയേ തീരു എന്നാണ്‌ ഹൈക്കോടതി വിധിച്ചത്‌. ഈ വിധി മാനിച്ച്‌ നിയമനടപടികള്‍ക്ക്‌ വിധേയനായിരുന്നെങ്കില്‍ പിണറായി വിജയനോ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയോ ഇന്ന്‌ എത്തി നില്‍ക്കുന്ന നാണം കെട്ട അവസ്ഥ ഒഴിവാക്കാന്‍ കഴിയുമായിരുന്നു. എന്നുമാത്രമല്ല പിണറായിയും പാര്‍ട്ടിയും മുന്നോട്ട്‌ വെയ്ക്കുന്ന വാദം അംഗീകരിക്കേണ്ടതാണെന്നും അടിസ്ഥാനമുള്ളതാണെന്നും പൊതുസമൂഹത്തിനും അണികള്‍ക്കും ബോധ്യമാവുകയും ചെയ്തേനെ. നിയമത്തെ മാനിക്കാനും രാജ്യത്ത്‌ നിലവിലിരിക്കുന്ന നീതിനിര്‍വഹണ പ്രക്രിയക്ക്‌ വിധേയനാകാനും തയ്യാറാകാതെ അതിനെ ധിക്കരിക്കുകയും നിയമത്തിന്റെ പഴുതുകള്‍ തേടി കൗശലങ്ങള്‍ ചമയ്ക്കുകയുമാണ്‌ ഉണ്ടായത്‌. ഡിവൈഎഫ്‌ഐയെ ഉപയോഗിച്ച്‌ ജസ്റ്റിസ്‌ ബാലിക്കെതിരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ച്‌ നീതിപീഠത്തെ വെല്ലുവിളിക്കുകയാണുണ്ടായത്‌. എന്നാല്‍, അപ്പീലുകള്‍ തള്ളപ്പെടുകയും പിണറായി വിജയന്‍ എസ്‌എന്‍സി ലാവലിന്‍ അഴിമതിക്കേസില്‍ പ്രതിയാവുകയും ചെയ്തപ്പോഴെങ്കിലും നിയമത്തിന്‌ കീഴടങ്ങാനുള്ള വിനയം കാണിക്കേണ്ടതായിരുന്നു.
അന്നും അതിന്‌ തയ്യാറാകാതെ ഭരണത്തിന്റെ മറവില്‍ മറ്റൊരു അട്ടിമറിക്കാണ്‌ ശ്രമിച്ചത്‌. അതും പരാജയപ്പെട്ടു. പ്രോസിക്യൂഷന്‌ ഗവര്‍ണര്‍ അനുമതി നല്‍കിയ നടപടിയെ അമാന്യമായ രീതിയിലാണ്‌ പിണറായിയുടെ സ്തുതി പാഠകര്‍ പൊതുവേദികളില്‍ വിമര്‍ശിച്ചത്‌."പോടാ പുല്ലേ, സിബിഐ" എന്ന്‌ ഇ.പി.ജയരാജന്‍ ആക്രോശിച്ചത്‌ ആരും മറന്നിട്ടില്ല. എന്നാല്‍, നിമയമം അതിന്റെ വഴിക്ക്‌ പോവുകയും പിണറായിക്ക്‌ കോടതിയില്‍ കീഴടങ്ങി ജാമ്യമെടുത്ത്‌ പുറത്തിറങ്ങേണ്ടിയും വന്നു. ഇത്രയും സംഭവിച്ചിട്ടും നീതിപീഠത്തെയും നാട്ടില്‍ നിലവിലുള്ള നീതി നിര്‍വ്വഹണ പ്രക്രിയയെയും അധിക്ഷേപിക്കുന്നതും അവഹേളിക്കുന്നതുമായ നയങ്ങളും നടപടികളുമാണ്‌ സമുന്നതനെന്ന്‌ അവകാശപ്പെടുന്ന പിണറായി വിജയന്‍ ഇപ്പോഴും തുടരുന്നത്‌. രാജാവ്‌ നഗ്നനാണെന്ന കാര്യം അദ്ദേഹമൊഴിച്ച്‌ രാജ്യവാസികളെല്ലാം തിരിച്ചറിയുന്ന അവസ്ഥയാണ്‌ ഇപ്പോഴുള്ളത്‌. എന്നിട്ടും അയുക്തികവും സാമാന്യ നീതിബോധത്തിന്‌ നിരക്കാത്തതുമായ വാദമുഖങ്ങളുന്നയിച്ച്‌ പിടിച്ച്‌ നില്‍ക്കാനുള്ള ശ്രമമാണ്‌ അദ്ദേഹവും പാര്‍ട്ടിയും നടത്തുന്നത്‌. സാമാന്യ ബോധവും വിവേചന ശക്തിയുമുള്ള ഏതൊരു വ്യക്തിക്കും മനസ്സിലാകും എന്തുകൊണ്ടാണ്‌ ഇങ്ങനെയൊക്കെ ചെയ്യാന്‍ പിണറായി വിജയനും പാര്‍ട്ടിയും നിര്‍ബന്ധിതമായതെന്ന്‌. തങ്ങളുടെ ചെയ്തികളിലൂടെ അനാശാസ്യമല്ലാത്ത സത്യങ്ങളെല്ലാം പുറത്തറിയിച്ച ശേഷം മാന്യത നടിക്കാന്‍ നടത്തുന്ന ഇത്തരം കുത്സിത ശ്രമങ്ങള്‍ പിണറായി വിജയനോടും പാര്‍ട്ടിയോടും അണികള്‍ക്കും പൊതുസമൂഹത്തിനുമുള്ള ബഹുമാനം കുറയ്ക്കാന്‍ മാത്രമേ ഉതകൂ എന്ന്‌ തിരിച്ചറിയാനുള്ള വിവേകം ആതിരേ, ഇനിയെങ്കിലും ഇവര്‍ക്കൊക്കെ ഉണ്ടായിരുന്നെങ്കില്‍.

No comments: