Monday, January 18, 2010
വേണോ നമുക്ക് ഇത്തരം ഒരു സ്കൂള്‍ യുവജനോത്സവം
ഡാന്‍സ് മത്സരങ്ങള്‍ക്ക് വേഷമൊഴിവാക്കിയും എല്ലാ മത്സരാര്‍ത്ഥികള്‍ക്കും ഒരേ കൃതി തന്നെ മത്സരത്തിന് നല്‍കിയും പ്രതിഭയളക്കാനുള്ള സംവിധാനം ഉണ്ടാകുമെങ്കില്‍ കലാമേളയിലെ പണാധിപത്യത്തിന്റെ സ്വാധീനം കുറക്കാന്‍ കഴിയും. ചുരിദാര്‍ ധരിച്ചുകൊണ്ടാണല്ലോ നൃത്തരൂപങ്ങള്‍ അഭ്യസിപ്പിക്കുന്നത്. അതേ വേഷത്തോടെ മത്സരവേദിയിലും നൃത്തരൂപങ്ങള്‍ അവതരിപ്പിക്കണമെന്ന് വന്നാല്‍ എല്ലാ കുട്ടികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം തെളിഞ്ഞുവരും. മത്സരത്തിന് മൂന്ന് മണിക്കൂര്‍ മുമ്പ് അവതരിപ്പിക്കാനുള്ള കൃതി പരിചയപ്പെടുത്തി മത്സരിക്കാന്‍ മത്സരാര്‍ത്ഥികളെ നിര്‍ബന്ധിച്ചാല്‍ പല കള്ളക്കളികളും ഒഴിവാക്കാം. പല കള്ളനാണയങ്ങളെയും വേദിയില്‍ നിന്ന് പുറത്താക്കാം. ഐഎഎസ് പരീക്ഷക്കും ഉന്നത വിദ്യാഭ്യാസ കോഴ്സുകള്‍ക്കുമുള്ള പ്രവേശന പരീക്ഷക്കും യുവജനോത്സവത്തിലെ കഥ, കവിത, പെയിന്റിംഗ്, ക്ലേ മോഡലിംഗ് എന്നിവക്കും ഒരേ മാനദണ്ഡത്തിലാണല്ലോ മത്സരവും പരീക്ഷയും നടത്തുന്നത്. അതേ രീതിയില്‍ വേഷപ്പകിട്ട് ഏറെ വേണ്ട മത്സര ഇനങ്ങള്‍ക്കും ഒരേ രീതി തന്നെ നിര്‍ണയിച്ചാല്‍ യഥാര്‍ത്ഥ കലാകാരന്മാരെയും കലാകാരികളെയും കണ്ടെത്താന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.
ആതിരേ, ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി കലാമേളയായ സംസ്ഥാന സ്കൂള്‍ യുവജനോത്സവം അതിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുമ്പോള്‍, വേണോ ഇത്തരം യുവജനോത്സവം എന്ന ചിന്ത വ്യാപകമാകുന്നുണ്ടെങ്കില്‍ കലോത്സവത്തിന്റെ നടത്തിപ്പിലും അതില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളുടെ മാനസീകാവസ്ഥയിലും അവരുടെ രക്ഷകര്‍ത്താക്കളുടെയും പരിശീലകരുടെയും നിലപാടിലുമെല്ലാം വ്യാപകമായ അനാശാസ്യ സമീപനമുണ്ടെന്ന് വ്യക്തം.
സംസ്ഥാന യുവജനോത്സവത്തില്‍ എ ഗ്രേഡ് കിട്ടാന്‍ നടത്തുന്ന ക്വട്ടേഷന്‍ കളികളെ കുറിച്ച് കഴിഞ്ഞദിവസം ഈ പംക്തിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിധികര്‍ത്താക്കളും അധ്യാപകരും അധ്യാപകസംഘടനാ പ്രതിനിധികളും പരിശീലകരുമടങ്ങുന്ന ഒരു റാക്കറ്റ് തന്നെ യുവജനോത്സവ വേദിക്ക് പുറത്ത് ശക്തമാണെന്നും ഇവരുടെ ഇടപെടലിലൂടെയാണ് പലര്‍ക്കും മത്സരത്തില്‍ എ ഗ്രേഡ് കിട്ടുന്നതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. 20,000 രൂപ മുതല്‍ 60,000 രൂപ വരെ കോഴ കൊടുത്താണ് ചില മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ വിജയതിലകമണിയിക്കുന്നതെന്നും കണ്ടു. ഈ കള്ളക്കളിക്ക് ചുക്കാന്‍ പിടിക്കുന്നത് അധ്യാപകരാണെന്ന ഞെട്ടിക്കുന്ന സത്യവും ഇത്തവണത്തെ കലോത്സവം വ്യക്തമാക്കി.
വിദ്യാര്‍ത്ഥികളില്‍ അന്തര്‍ലീനമായിട്ടുള്ള കലാവാസന പരിപോഷിപ്പിക്കാനും കലാസാഹിത്യരംഗത്ത് മികവ് പുലര്‍ത്തുന്നവരെ കണ്ടെത്തി ആദരിക്കാനും അവര്‍ക്ക് ഉന്നത പഠനത്തിന് ഗുണകരമാകുന്ന ഗ്രേസ് മാര്‍ക്ക് നല്‍കാനുമാണ് കലോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന വിദ്യാഭ്യാസ വകുപ്പിന്റെ വാദം പൊള്ളയാണെന്ന് ഇത്തവണത്തെ കലോത്സവത്തിന്റെ പിന്നാമ്പുറ കളികള്‍ വ്യക്തമാക്കിയതാണ്. മുമ്പൊക്കെ വേദിക്ക് മുന്നിലായിരുന്നു പണക്കൊഴുപ്പുള്ള മാതാപിതാക്കളുടെയും അവര്‍ വിലക്കെടുത്ത പരിശീലകരുടെയും കയ്യാങ്കളിയെങ്കില്‍ ഇപ്പോഴത് വേദിക്ക് പുറത്ത്, എസ്‌എംഎസിലൂടെയും മൊബെയില്‍ഫോണിലൂടെയും ക്വട്ടേഷന്‍ പരിപാടിയായി പരിണമിച്ചിരിക്കുകയാണ്.
വസ്തുത ഇതാണെങ്കിലും, ആതിരേ, സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിലെ മത്സരാര്‍ത്ഥികളെയും അവരുടെ പരിശീലകരെയും അധ്യാപകരെയും മാതാപിതാക്കളെയും അനുമോദിക്കേണ്ടതായ സവിശേഷമായ ഒരു ഘടകമുണ്ട്. മറവിത്തിരശീലക്ക് പിറകിലേയ്ക്ക് പോകാമായിരുന്ന കുറേയധികം കലാരൂപങ്ങളെ തേച്ച് മിനുക്കിയെടുത്ത് സജീവമായി നിലനിര്‍ത്തുന്നതില്‍ ഇവര്‍ വഹിക്കുന്ന പങ്ക് മഹനീയമാണ്. നടനവേദിയുടെ മലയാളിത്തം മുഴുവന്‍ നിറഞ്ഞ് നില്‍ക്കുന്നതും കഥകളിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഗുരു ഗോപിനാഥ് രൂപം നല്‍കിയ മലയാളനടനം, വടക്കിന്റെ പൂരക്കളി, വള്ളുവനാടിന്റെ പരിചമുട്ട് കളി, അറേബ്യയില്‍ നിന്നെത്തിയ ദഫ്മുട്ട്, അറബനമുട്ട്, മധ്യതിരുവിതാംകൂറിലെ പള്ളിപ്പെരുന്നാളുകളിലും ക്രിസ്തീയ വിവാഹത്തലേന്നുകളിലും നിറഞ്ഞാടിയിരുന്ന മാര്‍ഗം കളി, കര്‍ണാടകയില്‍ പ്രചാരമുള്ള യക്ഷഗാനം, യുനസ്കോ അംഗീകരിച്ച ഏക ഭാരതീയ കലയായ കൂടിയാട്ടം, യൂറോപ്യന്‍ ഓപ്പറയുടെ മലയാളം പകര്‍പ്പെന്ന് പറയാവുന്ന ചവിട്ട് നാടകം തുടങ്ങിയ കലാരൂപങ്ങള്‍ സ്കൂള്‍ - കോളജ് കലോത്സവങ്ങളില്‍ മാത്രമാണ് ഇന്ന് കാണാന്‍ കഴിയുന്നത്.
ഈ ഒരു നേട്ടം മാറ്റിനിര്‍ത്തിയാല്‍ ഇന്നത്തെ സ്കൂള്‍ - കോളജ് കലോത്സവങ്ങള്‍ പണപ്പകിട്ടിന്റെയും സ്വാധീനത്തിന്റെയും ഏറ്റവും പുതിയ നിലപാടായ ക്വട്ടേഷന്‍ പരിപാടിയുടെയും അനാശാസ്യതയായി അധഃപതിച്ച് കഴിഞ്ഞു, ആതിരേ. . ഇപ്പോള്‍ മത്സരാര്‍ത്ഥികള്‍ക്ക് എ ഗ്രേഡ് നല്‍കാനുള്ള ക്വട്ടേഷന്‍ കളിയെ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും പ്രഖ്യാപനങ്ങള്‍ സ്വാഗതാര്‍ഹമാണെങ്കില്‍ പോലും അതിന് മാതൃകാപരമായ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കാനാവില്ല. കാരണം ഭരണകക്ഷിയുമായി ബന്ധമുള്ള അധ്യാപക സംഘടനാ പ്രവര്‍ത്തകനും കലാരംഗത്തെ ഉന്നതന്മാരും അവരുടെ ഇടനിലക്കാരും അടങ്ങിയതാണ് ഈ ക്വട്ടേഷന്‍ സംഘം. അതുകൊണ്ടുതന്നെ അന്വേഷണം അട്ടിമറിക്കപ്പെടാനും സത്യം തമസ്കരിക്കപ്പെടാനുമാണ് സാധ്യതയേറെ. അപ്പോള്‍ പോലും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എ ഗ്രേഡും ഒന്നാം സമ്മാനവും നേടിയവരില്‍ പലരും ഇത്തരം കള്ളനാണയങ്ങളായിരുന്നുവെന്ന് തിരിച്ചറിയാനുള്ള അവസരം ലഭിച്ചുവെന്നത് ആശാവഹമായ വസ്തുതയാണ്. സ്കൂള്‍ - കലാലയ കലോത്സവങ്ങള്‍ കഴിയുമ്പോള്‍ കൊഴിഞ്ഞുപോകുന്ന പ്രതിഭകളെ ഓര്‍ത്ത് നാം ദുഃഖിക്കാറുണ്ടെങ്കിലും ആ കൊഴിഞ്ഞുപോക്കിന്റെ അടിസ്ഥാനം ഇത്തരത്തിലുള്ള ചരടുവലികളായിരുന്നുവെന്നും അവരാരും യഥാര്‍ത്ഥ പ്രതിഭകളായിരുന്നില്ലായെന്നും തിരിച്ചറിയാന്‍ ഇത്തവണത്തെ യുവജനോത്സവം വേദിയായി.
കായിക രംഗത്തെന്നപോലെ, ആതിരേ, കലാരംഗത്തും ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള പ്രതിഭകളാണ് കലാകേരളത്തിന്റെ വാഗ്ദാനവും ന്യൂനമില്ലാത്ത പ്രതിഭകളും. എന്നാല്‍, അവര്‍ക്ക് മാറ്റുരയ്ക്കാന്‍ പറ്റാത്ത വിധം പണക്കളിയുടെയും ചരടുവലികളുടെയും കൂത്തരങ്ങായി സ്കൂള്‍ യുവജനോത്സവ വേദി മാറിക്കഴിഞ്ഞു. ഇത്തവണപോലും സമ്മാനം കിട്ടാന്‍ സാധ്യതയുണ്ടായിരുന്ന ഒരു സാധു കലാകാരിയോട് പിന്‍വാങ്ങണമെന്നാവശ്യപ്പെട്ട് ക്വട്ടേഷന്‍ സംഘം വാഗ്ദനാം ചെയ്തത് 75,000 രൂപയായിരുന്നു എന്നോര്‍ക്കണം. ഇത്തരത്തില്‍ എത്രയോ പ്രതിഭകളെ ചവിട്ടിയരച്ച ശേഷമാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ രംഗത്ത് കള്ളനാണയങ്ങള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി കലാകേരളത്തിന്റെ കയ്യടി വാങ്ങിയതെന്നോര്‍ക്കണം.ഇനി തീരുമാനിക്കാം, ലജ്ജിക്കണോ അതോ അഭിമാനിക്കണോ എന്ന്..!
അപ്പീലുകളാണ് മറ്റൊരു വൃത്തികെട്ട പ്രവണത. കലോത്സവം നടക്കുന്ന ജില്ലക്ക് കൂടുതല്‍ പോയിന്റ് നേടാന്‍ ജില്ലാ മത്സരത്തിന് ശേഷം അപ്പീലുകളുടെ എണ്ണം കൂട്ടണമെന്ന് നിര്‍ബന്ധിക്കുന്ന വിദ്യാഭ്യാസ വകുപ്പ് ഉന്നതന്മാര്‍ പോലുമുണ്ടെന്ന അറിവ് നമ്മെ വീണ്ടും ഞെട്ടിക്കുന്നതാണ്. അപ്പീലിനുള്ള ഫീസ് 5,000 രൂപയായി വര്‍ധിപ്പിച്ചിട്ടും അപ്പീലുകളുടെ എണ്ണം കുറയുന്നില്ല എന്നത് വ്യക്തമാക്കുന്നത് ഈ രംഗത്ത് പണാധിപത്യത്തിനുള്ള സ്വാധീനം തന്നെയാണ്. ഇത്തവണ അപ്പീലുകള്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. ഇത്തവണ 540 അപ്പീലുകളാണ് ആകെയുണ്ടായത്.ലോകായുക്ത-76,ഉപലോകായുക്ത-12, ഡിഡിഇ-229,ഹൈക്കോടതി-5, കീഴ്ക്കോടതികള്‍-218 എന്നീ വഴികളിലൂടെയാണ് അപ്പീലുകളെത്തിയത് . കോടതികളും ലോകായുക്തയും അനുവദിച്ചതിന്റെ മൂന്നിരട്ടി അപ്പീലുകള്‍ക്കാണ് ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ പച്ചക്കൊടി കാട്ടിയത്. അപ്പീല്‍ എണ്ണത്തില്‍ ഇത്തവണ ഏറ്റവും മുന്നിലുള്ളത് കോഴിക്കോട് ജില്ലയാണ്. 64 അപ്പീലുകള്‍ക്കാണ് ഡിഡിഇ അംഗീകാരം നല്‍കിയത്. ഇത് വിദ്യാഭ്യഅസ വകുപ്പ് ഉന്നതരില്‍ തന്നെ അമ്പരപ്പുളവാക്കിയിട്ടുണ്ട്. കോഴിക്കോടും (114), തിരുവനന്തപുരവും (66) അപ്പീല്‍ സമര്‍പ്പണത്തില്‍ മുന്നില്‍ നിന്നത്.
ഇത്തരത്തില്‍ വിവിധ സമ്മര്‍ദ്ദ തന്ത്രം പയറ്റി എ ഗ്രേഡും ഒന്നാംസ്ഥാനവും നേടുന്ന രീതി നിയന്ത്രിക്കാന്‍ കഴിയുകയില്ലേ? കഴിയും. പക്ഷെ അതിന് ഭാവനയും ഇഛ ശക്തിയും വേണം. ഡാന്‍സ് മത്സരങ്ങള്‍ക്ക് വേഷമൊഴിവാക്കിയും എല്ലാ മത്സരാര്‍ത്ഥികള്‍ക്കും ഒരേ കൃതി തന്നെ മത്സരത്തിന് നല്‍കിയും പ്രതിഭയളക്കാനുള്ള സംവിധാനം ഉണ്ടാകുമെങ്കില്‍ കലാമേളയിലെ പണാധിപത്യത്തിന്റെ സ്വാധീനം കുറയ്ക്കാന്‍ കഴിയും. ചുരിദാര്‍ ധരിച്ചുകൊണ്ടാണല്ലോ നൃത്തരൂപങ്ങള്‍ അഭ്യസിപ്പിക്കുന്നത്. അതേ വേഷത്തോടെ മത്സരവേദിയിലും നൃത്തരൂപങ്ങള്‍ അവതരിപ്പിക്കണമെന്ന് വന്നാല്‍ എല്ലാ കുട്ടികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം തെളിഞ്ഞുവരും. മത്സരത്തിന് മൂന്ന് മണിക്കൂര്‍ മുമ്പ് അവതരിപ്പിക്കാനുള്ള കൃതി പരിചയപ്പെടുത്തി മത്സരിക്കാന്‍ മത്സരാര്‍ത്ഥികളെ നിര്‍ബന്ധിച്ചാല്‍ പല കള്ളക്കളികളും ഒഴിവാക്കാം. പല കള്ളനാണയങ്ങളെയും വേദിയില്‍ നിന്ന് പുറത്താക്കാം. ഐഎഎസ് പരീക്ഷക്കും ഉന്നത വിദ്യാഭ്യാസ കോഴ്സുകള്‍ക്കുള്ള പ്രവേശന പരീക്ഷക്കും യുവജനോത്സവത്തിലെ കഥ, കവിത, പെയിന്റിംഗ്, ക്ലേ മോഡലിംഗ് എന്നിവക്കും ഒരേ മാനദണ്ഡത്തിലാണല്ലോ മത്സരവും പരീക്ഷയും നടത്തുന്നത്. അതേ രീതിയില്‍ വേഷപ്പകിട്ട് ഏറെ വേണ്ട മത്സര ഇനങ്ങള്‍ക്കും ഒരേ രീതി തന്നെ നിര്‍ണയിച്ചാല്‍ യഥാര്‍ത്ഥ കലാകാരന്മാരെയും കലാകാരികളെയും കണ്ടെത്താന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. ആരോപണ വിധേയരായ, ആര്‍ത്തിപ്പണ്ടാരങ്ങളായ വിധികര്‍ത്താക്കളെ മാറ്റി നിര്‍ത്തി സത്യസന്ധരും സമര്‍പ്പണ മനസ്സുമുള്ളവരെ കണ്ടെത്തി വിധി നിര്‍ണയത്തിന്റെ രീതിയും പരിഷ്കരിക്കേണ്ടതുണ്ട്. ഇപ്പോഴും ആരോപണവിടേയരായവരാണ് പലയിടത്തും വിധിനിര്‍ണയം നടത്തുന്നത്. ഇത്തവണ വിധിനിര്‍ണയത്തെ സ്വാധീനിക്കാതിരിക്കാന്‍ വിധി കര്‍ത്താക്കള്‍ മൊബെയില്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കിയിരുന്നെങ്കിലും യക്ഷഗാനമത്സരത്തിന്റെ ഇടയില്‍ മൊബെയില്‍ ഫോണില്‍ സംസാരിക്കുന്ന വിധികര്‍ത്താവിന്റെ ചിത്രം കേരളത്തിലെ പത്രങ്ങളെല്ലാം പ്രസിദ്ധീകരിച്ചതാണ്.
ഈ അപാകങ്ങള്‍ പരിഹരിച്ചെങ്കില്‍ മാത്രമേ യുവജനോത്സവ വേദിയുടെ ലക്ഷ്യം സാര്‍ത്ഥകമാവുകയുള്ളു. അപ്പോഴും, ആതിരേ കള്ളത്തരം കാണിക്കാന്‍ രക്ഷകര്‍ത്താക്കളും അധ്യാപകരും പലിശീകരും അവരുടെ ഇടനിലക്കാരും ഉണ്ടാകും.സംശയമില്ല. ഈ സാമദ്രോഹികളെ കൂടി ഒതുക്കിയെങ്കില്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ യഥാര്‍ത്ഥ സര്‍ഗശക്തി പ്രദര്‍ശിപ്പിക്കാന്‍ കഴിയുകയുള്ളു. അത്തരത്തിലൊരു സാഹചര്യം സൃഷ്ടിക്കാന്‍ കഴിയില്ലെങ്കില്‍ എന്തിനാണ് ഇത്തരത്തിലുള്ള കപട യുവജനോത്സവങ്ങളെന്ന് ഉറക്കെ ചോദിച്ചേ മതിയാകു.
Subscribe to:
Post Comments (Atom)
No comments:
Post a Comment