

അതായത് പണമുള്ള മാതാപിതാക്കന്മാരുടെ പൊങ്ങച്ച പ്രകടനത്തിന്റെ വേദിയായി സ്കൂള്‍ യുവജനോത്സവം അധഃപതിച്ച് കഴിഞ്ഞിട്ട് വര്‍ഷങ്ങളായി. കോഴ വാങ്ങി ബാങ്ക് ബാലന്‍സ് കൂട്ടുന്ന രീതിയും കോഴ കൊടുത്ത് നേട്ടങ്ങള്‍ ഉണ്ടാക്കുന്ന സമ്പ്രദായവും ഇന്ന് യുകെജി തലം മുതല്‍ വ്യാപകമാണ്. സത്യം പറയണമെന്നും കള്ളം പറയരുതെന്നും നീതി പ്രവര്‍ത്തിക്കണമെന്നും ശിക്ഷകളിലൂടെ മക്കളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന മാതാപിതാക്കളാണ് പരസ്യമായും രഹസ്യമായും എല്ലാ കോഴക്കഥകളിലും നായകനും നായികയും ആവുന്നത്. അറസ്റ്റ് ചെയ്യപ്പെട്ട് അവരുടെ ചിത്രം മാധ്യമങ്ങളില്‍ വരുമ്പോഴാണ് അവരെല്ലാം കെട്ടിപ്പൊക്കിയ സുഖസാമ്രാജ്യം ആരുടെയെല്ലാം വിയര്‍പ്പിന്റെയും കണ്ണീരിന്റെയും അടിത്തറയിലാണെന്ന് ബോധ്യമാകുന്നത്.അത്തരം കള്ളപ്പണം ഒഴുക്കിയാണ് കഴിഞ്ഞ കുറേ കൊല്ലങ്ങളായി കുരുത്തം കെട്ട ചില മാതാപിതാക്കളും ഗുരുത്വം തൊട്ടുതെറിച്ചിട്ടില്ലാത്ത ചില പരിശീലകരും ഇവരുടെ ഇടനിലക്കാരായ കുറേ അദ്ധ്യാപകരും കലാപ്രതിഭകളെ 'സൃഷ്ടിച്ചെ'ടുത്തിരുന്നത്.
"കലാമത്സരങ്ങള്‍ വിലയിരുത്തുന്ന തനിക്ക് പലപ്പോഴും കോഴ വാഗ്ദാനം ചെയ്തു "എന്ന്, സബ്ജില്ല, ജില്ലാ കലോത്സവങ്ങളില്‍ പലതവണ വിധികര്‍ത്താവായിരുന്ന നൃത്താധ്യാപിക ഷീല സുധീര്‍ ലാല്‍. കോഴയും മറ്റു ജില്ലകളില്‍ വിധി നിര്‍ണയിക്കാന്‍ അവസരങ്ങളുമാണ് വാഗ്ദാനം ചെയ്തത്.... തങ്ങള്‍ പറയുന്ന മത്സരാര്‍ത്ഥിയെ കൂടുതല്‍ മാര്‍ക്ക് നല്‍കി വിജയിപ്പിക്കണമെന്നാണ് ആവശ്യമുന്നയിച്ചത്.... സ്വധീനിക്കാനായി പാതിരാത്രി വരെ വിളിച്ച് ശല്യം ചെയ്യുന്നവരുണ്ട്. തങ്ങളുടെ കുട്ടിക്ക് മാര്‍ക്കിട്ടാല്‍ മലപ്പുറം, എറണാകുളം ജില്ലകളിലേക്കുള്ള വിധികര്‍ത്താക്കളുടെ പാനലില്‍ ഉള്‍പ്പെടുത്താമെന്നായിരുന്നു ഒരാളുടെ വാഗ്ദാനം. ഇതില്‍ വീണുപോകുന്ന ഒട്ടേറെ പെരുണ്ട്. ഒപ്പമിരിക്കുന്ന ജഡ്ജിമാരില്‍ ചിലരിടുന്ന മാര്‍ക്കില്‍ കാര്യമായ വ്യത്യാസമുണ്ടാകാറുണ്ട്. അപ്പോഴൊക്കെ സംശയം തോന്നിയിട്ടുണ്ട്...." - 12 വര്‍ഷമായി മത്സരങ്ങള്‍ക്ക് വിധിയെഴുതുന്ന വ്യക്തിയാണ് ഷീല.
"ജില്ലയിലെ ജഡ്ജ്മെന്റ് ഒരാള്‍ ഏറ്റെടുക്കും. ആര്‍ക്ക് സമ്മാനം കൊടുക്കണമെന്ന് പറയുന്നത് അവരാണ്. ഞാന്‍ രണ്ടുജില്ലകളില്‍ ജഡ്ജ്മെന്റിന് പോയി. ഒരിടത്ത് അവരുടെ കളികണ്ട് ഇഷ്ടപ്പെടാതെ ഞങ്ങള്‍ മൂന്നുപേരും ഇറങ്ങിപ്പോന്നു. അടുത്ത ജില്ലയില്‍ ചെന്നപ്പോള്‍ ഇന്നയാള്‍ക്ക് കൊടുക്കണമെന്ന് പറഞ്ഞ് തര്‍ക്കമായി. ഇനി വിധി നിര്‍ണയത്തിനില്ല"- കലോത്സവ നൃത്തവേദിയിലെ സ്ഥിരം സാന്നിദ്ധ്യമാണ് ഈ നൃത്താധ്യാപകന്‍.
ആതിരേ,ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി കലോത്സവമാണ് കേരളത്തില്‍ നടക്കുന്നത്. അതിന്റെ 50-ാം വര്‍ഷമെത്തിയപ്പോഴുള്ള അണിയറ കഥകളുടെയും കള്ളക്കളികളുടെയും രണ്ട് സത്യവാങ്മൂലമാണ് മുകളില്‍ ഉദ്ദരിച്ചത്.
ജില്ലാതലത്തില്‍ എ ഗ്രേഡിന് 20,000 രൂപയും സംസ്ഥാനത്ത് അത് മതിപ്പ് അരലക്ഷം കവിയും എന്നാണ് കഴിഞ്ഞദിവസം മനോരമ ചാനല്‍ വെളിപ്പെടുത്തിയ ഞെട്ടിക്കുന്ന വാസ്തവം. മൂന്ന് ജില്ലകളുടെ കലോത്സവം ക്വട്ടേഷന്‍ പിടിച്ച ഇടനിലക്കാരന്റെ ഏജന്റ് ഒരു എ ഗ്രേഡിന് വിലയിട്ടത് 20,000 രൂപ. മൂന്നിനങ്ങളില്‍ സംസ്ഥാനത്ത് എത്തണമെങ്കില്‍ 60,000 രൂപ ബാങ്ക് അക്കൗണ്ടില്‍ ഇടണം. അവിടെ ജയിക്കണമെങ്കില്‍ തുക വേറെ. ഏജന്റും കലാമത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥിയുടെ അമ്മയുമായി നടന്ന ഫോണ്‍ സന്ദേശം റെക്കോര്‍ഡ് ചെയ്താണ് കഴിഞ്ഞദിവസം മനോരമ ന്യൂസ് ഈ കള്ളക്കളി പുറത്ത് കൊണ്ടുവന്നത്.
നടക്കുന്നത് ജൂബിലി കലോത്സവം. ജൂബിലി കലോത്സവ വിധി നിര്‍ണയത്തിന്റെ കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. എല്ലാ മുന്‍കരുതലുകളും വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. അനാവശ്യമായ ആശങ്കകള്‍ മത്സരാര്‍ത്ഥികള്‍ ഒഴിവാക്കണം" പറഞ്ഞത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ്.
എന്നാല്‍ ആതിരേ, വാസ്തവമിങ്ങനെ. ആദ്യം സൂചിപ്പിച്ച ഫോണ്‍ സംഭാഷണത്തിലെ പ്രതിയായ കോട്ടയം അതിരമ്പുഴ സെന്റ് അലോഷ്യസ് സ്കൂളിലെ അധ്യാപകന്‍ ബെന്നി പൊന്നാരത്തിനെ സ്കൂള്‍ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തു. ഇതിനിടയിലാണ് കഴിവുള്ള കുട്ടികളെ കലോത്സവത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ പരിശീലകര്‍ നടത്തുന്ന കളികളുടെ വാര്‍ത്ത പുറത്ത് വന്നത്. 75,000 രൂപവരെ ഇത്തരത്തില്‍ വാഗ്ദാനം ചെയ്തു എന്നാണ് ഒരു മത്സരാര്‍ത്ഥിയുടെ പിതാവ് വെളിപ്പെടുത്തിയത്.
കൗമാര സര്‍ഗാത്മകതയുടെ പീലി നിവര്‍ത്തിയാട്ടമായിട്ടാണ് സ്കൂള്‍ കലോത്സവത്തെ വിലയിരുത്തിപ്പോരുന്നത്. മുമ്പൊക്കെ സിദ്ധിയും സാധനയുമുള്ള കലാകാരന്മാരും കലാകാരികളുമാണ് സ്കൂള്‍ യുവജനോത്സവത്തില്‍ പുരസ്കാര ജേതാക്കളായിട്ടുള്ളത്. ആദ്യത്തെ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിലെ വിജയികളാണ് കേരളം നെഞ്ചോട് ചേര്‍ത്ത് അഭിമാനിക്കുന്ന കെ.ജെ യേശുദാസും പി. ജയചന്ദ്രനും. ലളിത ഗാനത്തിനാണ് അന്ന് യേശുദാസിന് ഒന്നാം സമ്മാനം കിട്ടിയത്. മൃദംഗവാദനത്തിനാണ് ജയചന്ദ്രന്‍ ഒന്നാമനായത്.
അവിടെ നിന്ന് 50 വര്‍ഷം കഴിയുമ്പോള്‍ മലയാളിയുടെ ജീവിതരീതിയും ഒത്തിരിയൊത്തിരി വ്യത്യസ്ഥമായി. എന്തുചെയ്തും പണം നേടണമെന്നും പണം കൊണ്ട് എന്തും നേടാമെന്നുമുള്ള അധോലോക ചിന്തയാണ് ഇന്ന് മലയാളിയെ ഭരിക്കുന്നത്. അതിന്റെ ഏറ്റവും വലിയ തെളിവാണ് സിദ്ധിയും സാധനയും മാറ്റുരയ്ക്കേണ്ട കലോത്സവവേദികളില്‍ കാണുന്ന പണക്കൊഴുപ്പിന്റെ പ്രദര്‍ശനവും അഴിമതികളും. ഇപ്പോള്‍ മത്സരം കുട്ടികള്‍ തമ്മിലല്ല. മറിച്ച് മാതാപിതാക്കളും പരിശീലകരും തമ്മിലാണ്. മൊബെയില്‍ ഫോണ്‍ സാധാരണമായതോടെ ആതിരേ, ഈ കള്ളക്കളിയുടെ കൗശലം എളുപ്പമായി.
അങ്ങനെയെല്ലാം ആയതുകൊണ്ട്. ഇന്ന് പണക്കാര്‍ക്ക് മാത്രമുള്ള കഴിവ് പ്രകാശന ചടങ്ങായി സ്കൂള്‍ യുവജനോത്സവ വേദികള്‍ മാറിക്കഴിഞ്ഞു. ഇക്കാര്യം പലവട്ടം വിവേകശാലികള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. പക്ഷെ, ആ വാസ്തവങ്ങള്‍ അംഗീകരിക്കാന്‍ ആരും തയ്യാറായിട്ടില്ല. ഏറ്റവും ദൃശ്യപൊലിമയുള്ള അഞ്ച് നൃത്ത രൂപങ്ങള്‍ക്ക് ജൂബിലി വര്‍ഷത്തില്‍ ചെലവായ തുക ഇങ്ങനെയാണ്.
1. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി- പുതിയ ഇനം പഠിക്കാന്‍ 10,000-50,000 രൂ. വേഷം : 6,000 - 25,000 രൂ. ആഭരണം : 7,000 - 15,000 രൂ. പാട്ടൊരുക്കല്‍ (റെക്കോര്‍ഡിംഗ്) : 8,000 - 20,000 രൂ. ആകെ ചെലവ് = 30,000 - 1 ലക്ഷം രൂപ.
2. മാര്‍ഗം കളി : വേഷം : 1000 രൂപ വീതം. പഠനം : 10000 - 20,000. ആകെ ചെലവ് = 35,000-40,000.
3. തിരുവാതിരകളി : വേഷം : 1500 - 2000 രൂപ വീതം. ആഭരണം : (വാടക 5000 രൂപ) ആകെ ചെലവ് = 40,000 രൂപ.
ചോദ്യമിതാണ് ഇങ്ങനെ ഒരു യുവജനോത്സവം ജില്ലാതലം മുതല്‍ സംസ്ഥാന തലം വരെ നടത്തേണ്ടതുണ്ടോ? യേശുദാസിനെയും പി. ജയചന്ദ്രനെയും, ജി.വേണുഗോപാലിനേയും, മജ്ഞു വാര്യരേയും, കാവ്യാ മാധവനേയും പോലെ വിരലിലെണ്ണാവുന്നവരെ ഒഴിച്ചു നിര്‍ത്തിയാള്‍ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ മികവ് തെളിയിച്ച എത്രപേര്‍ ഇന്ന് കലാരംഗത്തുണ്ട്.മേല്‍ സൂചിപ്പിച്ചവര്‍ സ്കൂള്‍ കലോത്സവങ്ങളില്‍ കള്ളക്കളി നടത്തി അംഗീകാരം നേടിയെടുത്ത മുക്കുപണ്ടങ്ങളല്ലെന്നു മാത്രമല്ല തങ്ങളിലെ സിദ്ധിയെ കടുത്തസാധനയിലൂടേയും കഠിനാദ്ധ്വാനത്തിലൂടേയും കലയുടെ അഭിമാന സ്തംഭങ്ങളായവരുമാണ്.
അതായത് പണമുള്ള മാതാപിതാക്കന്മാരുടെ പൊങ്ങച്ച പ്രകടനത്തിന്റെ വേദിയായി സ്കൂള്‍ യുവജനോത്സവം അധഃപതിച്ച് കഴിഞ്ഞിട്ട് വര്‍ഷങ്ങളായി. കോഴ വാങ്ങി ബാങ്ക് ബാലന്‍സ് കൂട്ടുന്ന രീതിയും കോഴ കൊടുത്ത് നേട്ടങ്ങള്‍ ഉണ്ടാക്കുന്ന സമ്പ്രദായവും ഇന്ന് യുകെജി തലം മുതല്‍ വ്യാപകമാണ്. സത്യം പറയണമെന്നും കള്ളം പറയരുതെന്നും നീതി പ്രവര്‍ത്തിക്കണമെന്നും ശിക്ഷകളിലൂടെ മക്കളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന മാതാപിതാക്കളാണ് പരസ്യമായും രഹസ്യമായും എല്ലാ കോഴക്കഥകളിലും നായകനും നായികയും ആവുന്നത്. അറസ്റ്റ് ചെയ്യപ്പെട്ട് അവരുടെ ചിത്രം മാധ്യമങ്ങളില്‍ വരുമ്പോഴാണ് അവരെല്ലാം കെട്ടിപ്പൊക്കിയ സുഖസാമ്രാജ്യം ആരുടെയെല്ലാം വിയര്‍പ്പിന്റെയും കണ്ണീരിന്റെയും അടിത്തറയിലാണെന്ന് ബോധ്യമാകുന്നത്.അത്തരം കള്ളപ്പണം ഒഴുക്കിയാണ് കഴിഞ്ഞ കുറേ കൊല്ലങ്ങളായി കുരുത്തം കെട്ട ചില മാതാപിതാക്കളും ഗുരുത്വം തൊട്ടുതെറിച്ചിട്ടില്ലാത്ത ചില പരിശീലകരും ഇവരുടെ ഇടനിലക്കാരായ കുറേ അദ്ധ്യാപകരും കലാപ്രതിഭകളെ 'സൃഷ്ടിച്ചെ'ടുത്തിരുന്നത്.
ഇവിടെയാണ് ആതിരേ പ്രസക്തമായ ഒരു ചോദ്യം ഉയരുന്നത്. ഇത്തരം അധോലോക ശക്തികളുടെ കൈകളില്‍ നിന്ന് സ്കൂള്‍ യുവജനോത്സവത്തെ മോചിപ്പിക്കാന്‍ കഴിയുകയില്ലേ? കഴിവുള്ള പ്രതിഭകള്‍ക്ക് പണമില്ലെങ്കില്‍ അംഗീകാരം ലഭിക്കില്ലേ ? ഇടനിലക്കാരായി പണിയെടുക്കുന്ന അധ്യാപകയൂണിയന്‍/ ഭരണകക്ഷി രാഷ്ട്രീയ വേതാളങ്ങളെ മാറ്റി നിര്‍ത്തി ഒരു യുവജനോത്സവം നടത്താന്‍ കഴിയില്ലേ?
കഴിയും എന്നു തന്നെയാണ് അതിന്റെ വലിയ ഉത്തരം.
അത് നമുക്ക് അടുത്ത ലക്കത്തില്‍ ചര്‍ച്ച ചെയ്യാം.
No comments:
Post a Comment