Tuesday, January 26, 2010

മൂന്നാര്‍ വീണ്ടും ഊരകല്ലാകുമ്പോള്‍

അതേ മൂന്നാര്‍ വീണ്ടും ഇടതുപക്ഷ പാര്‍ട്ടികളുടെയും എല്‍ഡിഎഫ്‌ ഭരണത്തിന്റെയും സത്യസന്ധതയുടെ ഊരകല്ലാവുകയാണ്‌. അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമ്പോള്‍ സാധാരണ കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കോ പ്രതികൂലമാവുകയില്ല എന്നാണ്‌ സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍, സാധാരണക്കാരെ വരെ ഇടിച്ചുനിരത്തി ഇറക്കിവിടും എന്ന മട്ടിലുള്ള പ്രചാരണമാണ്‌ സിപിഎം ഔദ്യോഗിക പക്ഷവും ചില മത നേതാക്കളും സംഘടനകളും ഇപ്പോള്‍ നടത്തുന്നത്‌. ആദ്യ ഒഴിപ്പിക്കല്‍ നടപടി അട്ടിമറിച്ചത്‌ റിസോര്‍ട്ട്‌-ഭൂമി മാഫിയ ആയിരുന്നെങ്കില്‍ ഇത്തവണ സാധാരണ കുടിയേറ്റക്കാരെ മുന്നില്‍ നിര്‍ത്തി കളിക്കാനാണ്‌ ഈ സമൂഹവിരുദ്ധരുടെ സഹായികളായ വിപ്ലവാചാരിമാര്‍ പോലും ശ്രമിക്കുന്നത്‌. ഇവിടെ, ഇത്തവണ ആരു ജയിക്കും എന്ന കാര്യത്തില്‍ അത്രയൊന്നും കൗതുകം പൊതുസമൂഹത്തിനില്ലെങ്കിലും റിസോര്‍ട്ട്‌ മാഫിയയ്ക്കും ഭൂമാഫിയയ്ക്കും വനം കയ്യേറ്റക്കാര്‍ക്കും കൂച്ചുവിലങ്ങിടാന്‍ ഈ നടപടികൊണ്ട്‌ സര്‍ക്കാരിന്‌ കഴിയുമോ എന്നറിയാന്‍ ജനങ്ങള്‍ക്ക്‌ താല്‍പര്യമുണ്ട്‌. ഒന്നാം ദൗത്യത്തിലെന്നപോലെ അച്യുതാനന്ദന്‍ കേവലം പ്രഖ്യാപനങ്ങളിലൊതുങ്ങി കേരളീയരെ വഞ്ചിക്കുമോ എന്നറിയാനും പൊതുസമൂഹം മൂന്നാറിലേക്ക്‌ ഉറ്റുനോക്കുകയാണ്‌.

"ഒരുകൂട്ടം കാമാര്‍ത്ഥരുടെ ഇരയായ നിസ്സഹായയ്ക്ക്‌ തുല്ല്യമാണ്‌" മൂന്നാര്‍ എന്ന പരാമര്‍ശത്തോടെ, മൂന്നാറിലെ എല്ലാ അനധികൃത കയ്യേറ്റങ്ങളും ഒഴിവാക്കണമെന്ന കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി വന്നതോടെ, ആതിരേ കേരള രാഷ്ട്രീയത്തില്‍ മറ്റൊരു വിവാദം ഉരുവം കൊണ്ടിരിക്കുകയാണ്‌.
ഇടതുപക്ഷ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്‌ മുമ്പ്‌, മുഖ്യമന്ത്രി അച്യുതാനന്ദന്റെ പ്രത്യേക താല്‍പര്യപ്രകാരം ആരംഭിച്ച മൂന്നാര്‍ ഒഴിപ്പിക്കല്‍ കേരളത്തിലാകെ ഒരു ചലനം സൃഷ്ടിച്ചിരുന്നതു ഓര്‍മ്മയുണ്ടാകണം.. സര്‍ക്കാര്‍ വനഭൂമിയും റവന്യൂഭൂമിയും കയ്യേറി താന്തോന്നിത്തം നടത്തുന്ന റിസോര്‍ട്ട്‌ മാഫിയയ്ക്കും ഭൂമാഫിയ്ക്കുമെതിരായുള്ള ആ പോരാട്ടത്തിന്‌ കേരളത്തിലെ പൊതുസമൂഹത്തില്‍ നിന്ന്‌ രാഷ്ട്രീയത്തിന്‌ അതീതമായ പിന്തുണയാണ്‌ സര്‍ക്കാരിന്‌ ലഭിച്ചത്‌. മൂന്നാറില്‍ പ്രത്യേക ദൗത്യസംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന ആ ഒഴിപ്പിക്കല്‍ നടപടിയുടെ അനുരണനങ്ങള്‍ കേരളത്തിലെമ്പാടും ദൃശ്യമായിരുന്നു. അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത്‌ കാണാന്‍ ജോലിയും സിനിമയും ഉപേക്ഷിച്ച്‌ ജനങ്ങള്‍ കാത്തുനിന്നത്‌ മറക്കാനാവാത്ത ദൃശ്യമാണ്‌.
എന്നാല്‍,ആതിരേ, മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗവും റവന്യൂ വകുപ്പ്‌ ഭരിക്കുന്ന സിപിഐയുടെ ഉന്നത നേതാക്കളുമടങ്ങിയ ഇടതുമുന്നണി നേതൃത്വത്തിലെ ഒരു വിഭാഗം തന്നെ ഈ നടപടിക്ക്‌ തുരങ്കം വെയ്ക്കുന്ന കാഴ്ചയാണ്‌ പിന്നീട്‌ കണ്ടത്‌. പിണറായി വിജയനും പന്ന്യന്‍ രവീന്ദ്രനുമൊക്കെ ഈ പാരപണിക്ക്‌ കൂട്ടുനില്‍ക്കുന്നത്‌ കണ്ട്‌ കേരളം ഞെട്ടുകയും ചെയ്തു. റിസോര്‍ട്ട്‌ മാഫിയയ്ക്കും ഭൂമാഫിയ്ക്കും കുടിയേറ്റ തെമ്മാടിത്തത്തിനും വിപ്ലവ പാര്‍ട്ടികളുടെ നേതാക്കളുടെ തന്നെ ആശീര്‍വാദമുണ്ടെന്ന്‌ അങ്ങനെ കേരളവും മുഖ്യമന്ത്രി അച്യുതാനന്ദനും അദ്ദേഹത്തിന്റെ പൂച്ചകളും തിരിച്ചറിഞ്ഞു. അപ്പോഴേക്കും പിന്നീട്‌ ഒരടിപോലും മുന്നോട്ട്‌ വെക്കാനാവാത്ത വിധം ഒഴിപ്പിക്കല്‍ നടപടി അട്ടിമറിക്കപ്പെടുകയും ചെയ്തു. മൂന്നാറില്‍ അനധികൃതമായി സ്വന്തമാക്കിയ സ്ഥലത്താണ്‌ സിപിഐയുടെയും സിപിഎമ്മിന്റെയും പാര്‍ട്ടി ഓഫീസുകള്‍ സ്ഥിതി ചെയ്യുന്നതെന്നും അതുകൊണ്ട്‌ അത്‌ ഒഴിയേണ്ടിവരും എന്ന്‌ ബോധ്യമായപ്പോഴാണ്‌ സര്‍ക്കാര്‍ നടപടിക്കെതിരെ ഈ രണ്ട്‌ പാര്‍ട്ടികളുടെ നേതാക്കന്മാരും വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്‌. മൂന്നാര്‍ ഒഴിപ്പിക്കലിന്റെ ക്രെഡിറ്റ്‌ അച്യുതാനന്ദന്‍ തനിയെ പോക്കറ്റിലാക്കുന്നു അത്‌ തടയണം എന്ന മട്ടിലാണ്‌ പിണറായി വിജയന്‍ പ്രഖ്യാപനങ്ങളും പ്രസ്താവനകളുമായി രംഗത്തെത്തിയതെങ്കില്‍ മൂന്നാറിലെ സിപിഐ ഓഫീസിന്റെ ഒരുഭാഗം ദൗത്യസംഘത്തിന്റെ ജെസിബികള്‍ തകര്‍ത്തതോടെയാണ്‌ പന്ന്യന്‍ രവീന്ദ്രന്‍ അടക്കമുള്ളവര്‍ രോഷാകുലരായി, മുഖ്യമന്ത്രിയെ ഭര്‍ത്സിച്ച്‌ രംഗത്തെത്തിയത്‌.ആതിരേ, രണ്ടുകൂട്ടരുടെയും ഉദ്ദേശ്യം ഒന്നുതന്നെയായിരുന്നു. അനധികൃതമായി സമ്പാദിച്ച സ്ഥലത്തെ പാര്‍ട്ടിഓഫീസുകള്‍ സുരക്ഷിതമാക്കുക, മൂന്നാറില്‍ അനധികൃതമായി ഭൂമി സമ്പാദിച്ച പാര്‍ട്ടി നേതാക്കളെയും അണികളെയും രക്ഷിക്കുക. ഇക്കാര്യത്തില്‍ സിപിഎമ്മും സിപിഐയും വിജയിക്കുക തന്നെ ചെയ്തു.
ഒരു സംസ്ഥാന മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം അനധികൃത കയ്യേറ്റം ഒഴിപ്പിക്കാന്‍ തയ്യാറായ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കേരള ജനതയെയും ആയിരുന്നു , ആതിരേ, ഇവര്‍ ഈ നടപടികളിലൂടെ വിഡ്ഢികളാക്കിയത്‌. മൂന്നാറില്‍ നിയമപ്രാബല്യമില്ലാത്ത രവീന്ദ്രന്‍ പട്ടയത്തിലൂടെയായിരുന്നു അനീതിക്കെതിരെ പോരാടുന്നു എന്ന്‌ അവകാശപ്പെടുന്ന ഈ രണ്ട്‌ വിപ്ലവ പാര്‍ട്ടികളും അവിടെ പാര്‍ട്ടി ഓഫീസുകള്‍ക്ക്‌ സ്ഥലം കണ്ടെത്തിയത്‌. സമുന്നതനായ പി.കെ. വാസുദേവന്‍ നായരെ കര്‍ഷകനാക്കിയാണ്‌ സിപിഐ പാര്‍ട്ടി ഓഫീസിന്‌ അവിടെ സ്ഥലം സ്വന്തമാക്കിയത്‌. ഈ വാസ്തവങ്ങളെല്ലാം പുറത്തുവന്നിട്ടും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗത്തിനോ സിപിഐയില്‍ മുടി വളര്‍ത്തിയ നേതാവിനൊ മുടി കറുപ്പിച്ച മന്ത്രിക്കോ അല്‍പ്പം പോലും ഉളുപ്പുണ്ടായില്ല എന്നതാണ്‌ മലയാളികളെ ഞെട്ടിച്ച മറ്റൊരു വസ്തുത. താന്‍ വിതരണം ചെയ്ത പട്ടയങ്ങള്‍ നിയമപ്രാബല്യം ഉള്ളവയല്ല എന്നും അവ റദ്ദാക്കണമെന്നും രവീന്ദ്രന്‍ തന്നെ ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാനാവാത്ത വിധം റിസോര്‍ട്ട്‌ മാഫിയയുടെയും ഭൂമാഫിയയുടെയും വെട്ടിലാവുകയായിരുന്നു അച്യുതാനന്ദന്‍ സര്‍ക്കാര്‍. ഈ നാണക്കേട്‌ ഒഴിവാക്കാന്‍ പിന്നെയും ജുഗുപ്സാവഹങ്ങളായ നടപടികളാണ്‌ സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നുണ്ടായത്‌. പുതിയ ദൗത്യസംഘത്തെ നിയോഗിക്കുകയും അനധികൃത കയ്യേറ്റം ഒഴിപ്പിക്കല്‍ എന്നത്‌ ആദിവാസികള്‍ക്കുള്ള ഭൂമി വിതരണമാക്കി മാറ്റുകയും ചെയ്ത്‌ കേരള ജനങ്ങളെ മുഴുവന്‍ ഈ സര്‍ക്കാര്‍ വിഡ്ഢികളാക്കി.
അതിന്‌ സമാനമായ നടപടികളാണ്‌ റവന്യൂവകുപ്പ്‌ പിന്നീടും തുടര്‍ന്നുപോന്നത്‌. എന്നാല്‍, കേരള ഹൈക്കോടതിയെ കുരങ്ങ്‌ കളിപ്പിക്കാന്‍ ഇതുകൊണ്ടൊന്നും കഴിയാതെ പോയപ്പോഴാണ്‌ കഴിഞ്ഞ ആതിരേ, ആഴ്ച, പോള്‍ ജോര്‍ജ്‌ വധക്കേസ്‌ സിബിഐയ്ക്ക്‌ വിട്ടുകൊണ്ട്‌ വിധി പ്രഖ്യാപിച്ച ദിവസം തന്നെ, മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ഉത്തരവ്‌ ചീഫ്‌ ജസ്റ്റിസ്‌ എസ്‌. ആര്‍. ബന്നൂര്‍ മഠ്‌, ജസ്റ്റിസ്‌ തോട്ടത്തില്‍ ബി. രാജശേഖരന്‍ എന്നിവരങ്ങിയ ഡിവിഷന്‍ ബഞ്ചില്‍ നിന്നുണ്ടായത്‌.
ഈ ഉത്തരവ്‌ മുഖ്യമന്ത്രി അച്യുതാനന്ദന്‌ പുതിയ ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്‌ എന്നാണ്‌ കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ അദ്ദേഹം നടത്തിയ പ്രസ്താവന വ്യക്തമാക്കുന്നത്‌. ഒരു കയ്യേറ്റക്കാരനെയും വെറുതെ വിടുകയില്ല എന്നുമാത്രമല്ല കയ്യേറ്റക്കാര്‍ക്ക്‌ തുണ നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും എന്നാണ്‌ അദ്ദേഹം പ്രഖ്യാപിച്ചത്‌. ഇതാകട്ടെ പാര്‍ട്ടിയുടെ നയത്തില്‍ നിന്നുള്ള വ്യതിയാനമാണ്‌. ഔദ്യോഗിക പക്ഷം മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന കാര്യത്തില്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ള നയം റിസോര്‍ട്ട്‌ മാഫിയയ്ക്കും ഭൂമാഫിയയ്ക്കും അനുകൂലമായതാണ്‌. ഈ നയം തന്നെയാണ്‌ പാര്‍ട്ടിയും സ്വീകരിച്ചിരിക്കുന്നത്‌. അതുകൊണ്ട്‌ മുഖ്യമന്ത്രിയുടെ തീരുമാനവും പ്രഖ്യാപനവും പാര്‍ട്ടി വിരുദ്ധമാണെന്ന്‌ വ്യാഖ്യാനിച്ച്‌ അദ്ദേഹത്തിനെതിരായുള്ള പടയൊരുക്കത്തിനുള്ള ഗൂഢശ്രമം ആരംഭിച്ചിരക്കുകയാണ്‌. പാര്‍ട്ടിയുടെ ഇടുക്കി ജില്ല സെക്രട്ടറി എംഎം മണിയെ രംഗത്തിറക്കിക്കൊണ്ടാണ്‌ ഔദ്യോഗിക വിഭാഗം മുഖ്യമന്ത്രിക്കെതിരായുള്ള തുറന്ന യുദ്ധത്തിന്‌ പോര്‍മുഖം തുറന്നിരിക്കുന്നത്‌. കയ്യേറ്റമൊഴിപ്പിക്കാന്‍ മൂന്നറിലേക്കിനി വന്നാല്‍ വിവരമറിയുമെന്നാണ്‌ എം.എം മണിയുടെ ഭീഷണി. ഇത്‌ ഔദ്യോഗിക നേതൃത്വത്തിന്റെ അറിവോടുകൂടിയല്ലാതെ ഉണ്ടാകാന്‍ ഇടയില്ല.
എന്നാല്‍,ആതിരേ, മണിയെ രംഗത്തിറക്കുന്നതിന്‌ മുമ്പുതന്നെ സിപിഎമ്മിന്റെ നേതൃത്വത്തിനുള്ള പടയൊരുക്കം ആരംഭിച്ചിരുന്നു. മൂന്നാറിലെയും പരിസരപ്രദേശങ്ങളിലെയും ലോക്കല്‍ കമ്മിറ്റികളുടെ യോഗം അടിയന്തിരമായി വിളിച്ചുചേര്‍ത്താണ്‌, വീണ്ടും മൂന്നാറിലേക്ക്‌ ദൗത്യസംഘത്തെ നിയോഗിച്ചാല്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്തതത്‌. ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന്‌ മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്ന എന്ന സൂചന ലഭിച്ചതോടെയാണ്‌ ഈ രഹസ്യയോഗം വിളിച്ചു കൂട്ടിയത്‌. മുതിര്‍ന്ന നേതാക്കളാണ്‌ യോഗത്തില്‍ പങ്കെടുത്തത്‌.
ഇനിയൊരു ദൗത്യസംഘം മൂന്നാറിലെത്തിയാല്‍ അവരുടെ ഇടപെടല്‍ മൂലം ദുരിതത്തിലാകാന്‍ ഇടയുള്ള സാധാരണക്കാരെ മുന്നില്‍ നിര്‍ത്തി ദൗത്യസംഘത്തിന്റെ നടപടികളെ പ്രതിരോധിക്കാനാണ്‌ ഈ യോഗത്തില്‍ തീരുമാനമായത്‌. ഇതിന്റെ അടിസ്ഥാനത്തില്‍, അനധികൃത ഭൂമി ഇടപാടുകളുടെയും നിര്‍മാണപ്രവര്‍ത്തനങ്ങളുടെയും പേരില്‍ റവന്യൂ വകുപ്പില്‍ നിന്ന്‌ കാരണം കാണിക്കല്‍ നോട്ടീസ്‌ ലഭിച്ച സാധാരണക്കാരുടെ ഒട്ടേറെ സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്‌. എന്നുമാത്രമല്ല, സിപിഎം പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം വിളിച്ച്‌ പുതിയ ദൗത്യസംഘത്തിനെതിരെ പരസ്യനിലപാടെടുപ്പിക്കാനും ഈ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്‌.
പരിസ്ഥിതി പ്രശ്നങ്ങളോ സര്‍ക്കാരിന്റെ ജനക്ഷേമ നടപടികളോ കോടതിയുടെ പ്രകൃതി സംരക്ഷണത്തിനുള്ള ഇടപെടലുകളോ അനുവദിക്കുകയില്ല എന്ന ശാഠ്യത്തിലാണ്‌ സിപിഎമ്മിലെ ഔദ്യോഗിക വിഭാഗമെന്ന്‌ മേല്‍ സൂചിപ്പിച്ച സംഭവങ്ങള്‍ വ്യക്തമാക്കുന്നു. ഒരു പാര്‍ട്ടിക്കുള്ളിലും ഒരു സര്‍ക്കാരിനുള്ളിലും നിന്നുകൊണ്ട്‌ പാരപണിയുന്ന ഈ വിപ്ലവ വഞ്ചനയ്ക്കാണ്‌ പിണറായി വിജയനടക്കമുള്ളവര്‍ പിന്തുണ നല്‍കുന്നതെന്ന സത്യമറിഞ്ഞ്‌ ലജ്ജിക്കാനെ നമുക്ക്‌ കഴിയുകയുള്ളു.
എന്നാല്‍, ഇവിടെ ഒന്നാം മൂന്നാര്‍ ഒഴിപ്പിക്കല്‍ കാലഘട്ടത്തില്‍ നിന്ന്‌ വ്യത്യസ്ഥമായ നിലപാടാണ്‌ ഇപ്പോള്‍ സിപിഐ സ്വീകരിച്ചിട്ടുള്ളത്‌. ഇത്‌ ശുഭോദര്‍ക്കമായ ലക്ഷണമാണ്‌. മൂന്നാറില്‍ സര്‍ക്കാരില്‍ നിക്ഷിപ്തമായിട്ടുള്ള ഭൂമി മുഴുവന്‍ ഏറ്റെടുക്കാന്‍ വനം വകുപ്പ്‌ തീരുമാനിച്ചിട്ടുണ്ട്‌ എന്നാണ്‌ കഴിഞ്ഞദിവസം വനം മന്ത്രി ബിനോയ്‌ വിശ്വം വിശദീകരിച്ചത്‌. അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക്‌ വകുപ്പ്‌ തല നിര്‍ദേശവും ലഭിച്ചിട്ടുണ്ട്‌. മൂന്നാറിലെ ഒരു അനധികൃത കയ്യേറ്റവും അംഗീകരിക്കുന്ന പ്രശ്നമില്ലെന്നും ഒഴിപ്പിക്കല്‍ ശക്തമായിതന്നെ തുടരുമെന്നുമാണ്‌ സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ ഇന്നലെ പ്രസ്താവിച്ചത്‌. എന്തുവന്നാലും ഈ നടപടിയില്‍ നിന്ന്‌ പിന്നോട്ട്‌ പോകുന്ന പ്രശ്നമില്ല എന്ന്‌ അദ്ദേഹം അടിവരയിട്ട്‌ പറയുകയും ചെയ്തു.
അതേ മൂന്നാര്‍ വീണ്ടും ഇടതുപക്ഷ പാര്‍ട്ടികളുടെയും എല്‍ഡിഎഫ്‌ ഭരണത്തിന്റെയും സത്യസന്ധതയുടെ ഊരകല്ലാവുകയാണ്‌ ആതിരേ. അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമ്പോള്‍ സാധാരണ കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കോ പ്രതികൂലമാവുകയില്ല എന്നാണ്‌ സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍, സാധാരണക്കാരെ വരെ ഇടിച്ചുനിരത്തി ഇറക്കിവിടും എന്ന മട്ടിലുള്ള പ്രചാരണമാണ്‌ സിപിഎം ഔദ്യോഗിക പക്ഷവും ചില മത നേതാക്കളും സംഘടനകളും ഇപ്പോള്‍ നടത്തുന്നത്‌. ആദ്യ ഒഴിപ്പിക്കല്‍ നടപടി അട്ടിമറിച്ചത്‌ റിസോര്‍ട്ട്‌-ഭൂമി മാഫിയ ആയിരുന്നെങ്കില്‍ ഇത്തവണ സാധാരണ കുടിയേറ്റക്കാരെ മുന്നില്‍ നിര്‍ത്തി കളിക്കാനാണ്‌ ഈ സമൂഹവിരുദ്ധരുടെ സഹായികളായ വിപ്ലവാചാരിമാര്‍ പോലും ശ്രമിക്കുന്നത്‌. ഇവിടെ, ഇത്തവണ ആരു ജയിക്കും എന്ന കാര്യത്തില്‍ അത്രയൊന്നും കൗതുകം പൊതുസമൂഹത്തിനില്ലെങ്കിലും റിസോര്‍ട്ട്‌ മാഫിയയ്ക്കും ഭൂമാഫിയയ്ക്കും വനം കയ്യേറ്റക്കാര്‍ക്കും കൂച്ചുവിലങ്ങിടാന്‍ ഈ നടപടികൊണ്ട്‌ സര്‍ക്കാരിന്‌ കഴിയുമോ എന്നറിയാന്‍ ജനങ്ങള്‍ക്ക്‌ താല്‍പര്യമുണ്ട്‌. ഒന്നാം ദൗത്യത്തിലെന്നപോലെ അച്യുതാനന്ദന്‍ കേവലം പ്രഖ്യാപനങ്ങളിലൊതുങ്ങി കേരളീയരെ വഞ്ചിക്കുമോ എന്നറിയാനും പൊതുസമൂഹം മൂന്നാറിലേക്ക്‌ ഉറ്റുനോക്കുകയാണ്‌.

No comments: