Wednesday, February 3, 2010

ശിവരാമനും പാര്‍ട്ടി വിടുമ്പോള്‍

ഡോ. കെ.എസ്‌ മനോജും ശിവരാമനും പാര്‍ട്ടി വിടുമെന്ന്‌ മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയാത്ത വിധം ദുര്‍ബലമായിരിക്കുന്നു പാര്‍ട്ടിയുടെ ഇപ്പോഴത്തെ സംഘടനാ രൂപമെന്നും ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയും അവമതിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്ന സമൂഹത്തിന്റെയും ഉന്നമനം ലക്ഷ്യമാക്കി തൊഴിലാളിവര്‍ഗ സര്‍വാധിപത്യം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച്‌ പുതിയൊരു സമൂഹസൃഷ്ടിക്ക്‌ ഒരുങ്ങിയ മാര്‍ക്സിസ്റ്റ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ വര്‍ത്തമാനകാല ദരിദ്രാവസ്ഥയും നേതാക്കന്മാരുടെ ആഢംബരജീവിതരീതിയും പേര്‍ത്തും പേര്‍ത്തും ഓര്‍മ്മിപ്പിക്കുന്നതാണ്‌ ഈ രാജികള്‍. എന്നാലും തെറ്റ്‌ തിരുത്താനും അണികളോടുള്ള പ്രതിബദ്ധത പുതുക്കാനും ധാര്‍ഷ്ട്യത നിറഞ്ഞ സമീപനത്തില്‍ നിന്ന്‌ പിന്‍മാറാനും പിണറായി വിജയന്‍ സെക്രട്ടറിയായിരിക്കുന്ന മാര്‍ക്സിസ്റ്റ്‌ നേതൃത്വം തയ്യാറാവുകയില്ല എന്നതാണ്‌ അണികളെ വ്യസനത്തിലാഴ്ത്തുന്ന മറ്റൊരു വാസ്തവം. യെറ്റ്സിന്റെയും ഗൊര്‍ബച്ചേവിന്റെയും ചൗഷസ്ക്യൂവിന്റെയും പുതിയ പതിപ്പുകള്‍ കേരളത്തിലെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ അന്ത്യം കണ്ടേ അടങ്ങൂ എന്നതാണ്‌ ഈ പരിണാമങ്ങളെല്ലാം അടിവരയിട്ട്‌ സ്ഥാപിക്കുന്നത്‌.



ആതിരേ, ഒറ്റപ്പാലം മുന്‍ എംപി പി.എസ്‌ ശിവരാമനും സിപിഎമ്മില്‍ നിന്ന്‌ രാജിവെച്ചു. ഡോ. സെബാസ്റ്റ്യന്‍ പോള്‍, അബ്ദുള്ളക്കുട്ടി, ഡോ. കെ.എസ്‌ മനോജ്‌ എന്നിവരുടെ പട്ടികയില്‍ മറ്റൊരു മുന്‍ എംപികൂടി.
ലക്കിടി-പേരൂര്‍ ലോക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ശിവരാമന്‌, താന്‍ പഠിച്ച്‌ വളര്‍ന്ന തത്വശാസ്ത്രങ്ങളില്‍ നിന്ന്‌ പാര്‍ട്ടി പിന്നോട്ട്‌ പോകുന്നുവെന്ന തിരിച്ചറിവാണ്‌ രാജിക്ക്‌ പ്രേരണയായിട്ടുള്ളത്‌. മതവിശ്വാസപരമായ ഘടകങ്ങള്‍ തന്റെ രാജിയുടെ പിന്നിലില്ലെങ്കിലും നേതാക്കളുടെ ആര്‍ഭാടപൂര്‍വമായ ജീവിതരീതികളും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ ചേരാത്ത വിധത്തിലുള്ള ശൈലികളും അംഗീകരിക്കാന്‍ കഴിയില്ല എന്നാണ്‌ രാജി വിവരം വെളിപ്പെടുത്തിയ പത്രസമ്മേളനത്തില്‍ ശിവരാമന്‍ വിശദീകരിച്ചത്‌.
സിപിഎം നേതാക്കള്‍ റിയല്‍ എസ്റ്റേറ്റുകാരുടെ ദല്ലാള്‍മാരാണെന്നും ദളിതരില്‍ നിന്നും തൊഴിലാളികളില്‍ നിന്നും പാര്‍ട്ടി അകന്നുവെന്നും ഒരു ദളിത്‌ നേതാവിനെയും വളര്‍ന്നുവരാന്‍ പാര്‍ട്ടി ഇപ്പോള്‍ സമ്മതിക്കില്ലെന്നും ശിവരാമന്‍ കൂട്ടിച്ചേര്‍ക്കുന്നു. സിപിഎം നേതാക്കളുടെ വാക്കും പ്രവര്‍ത്തിയും രണ്ടാണ്‌. തെറ്റ്‌ തിരുത്തല്‍ പ്രാവര്‍ത്തികമാക്കാന്‍ നേതാക്കള്‍ തയ്യാറാകുന്നില്ല. പാര്‍ട്ടിയില്‍ പിണറായിയുടെയും വി.എസിന്റെയും നിലപാടുകള്‍ ഒരുപോലെയാണെന്നും ശിവരാമന്‍ ആരോപിക്കുന്നു.
ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക ട്രസ്റ്റ്‌ അംഗത്ത്വവും ഖാദിബോര്‍ഡ്‌ അംഗത്വവും ശിവരാമന്‍ രാജിവെച്ചു. ഭാര്യ ഒറ്റപ്പാലം അര്‍ബന്‍ ബാങ്കിലെ ജോലിയും രാജിവെച്ചു.
ആതിരേ, വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ നേതാവാണ്‌ ശിവരാമന്‍. 1993 മുതല്‍ 1996 വരെ ഒറ്റപ്പാലം മണ്ഡലത്തെ പാര്‍ലമെന്റില്‍ പ്രതിനിധീകരിച്ചു. കെ.ആര്‍. നാരായണന്‍ ഉപരാഷ്ട്രപതിയായതിനെ തുടര്‍ന്ന്‌ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ്‌ 1993ല്‍ ശിവരാമന്‍ ഒറ്റപ്പാലത്ത്‌ നിന്ന്‌ പാര്‍ലമെന്റിലെത്തിയത്‌. 1,32,674 വോട്ടിന്റെ ഭൂരിപക്ഷമാണ്‌ അന്ന്‌ ശിവരാമന്‌ ലഭിച്ചത്‌. എന്നാല്‍, ജനപ്രതിനിധി എന്ന നിലയില്‍ ശിവരാമന്റെ പ്രവര്‍ത്തനങ്ങള്‍ വിമര്‍ശിക്കപ്പെട്ടതോടെയാണ്‌ അദ്ദേഹത്തിന്‌ രണ്ടാമൂഴം നിഷേധിക്കപ്പെട്ടത്‌. പാര്‍ലമെന്റ്‌ അംഗമായ അഞ്ചുവര്‍ഷം തികയ്ക്കാനായില്ലെങ്കിലും ലക്കിടി - പേരൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റായും അഞ്ചുവര്‍ഷം ഭരിക്കാന്‍ ശിവരാമന്‌ കഴിഞ്ഞു. ആ ശിവരാമനെ തള്ളി എസ്‌. അജയകുമാറിനെ എംപിയാക്കിയ പാര്‍ട്ടിയെയാണ്‌ ശിവരാമന്‍ ഇപ്പോള്‍ തള്ളിപ്പറഞ്ഞിരിക്കുന്നത്‌.
ഒന്നരവര്‍ഷത്തിനിടയില്‍ മൂന്നാമത്തെ മുന്‍ എംപിയാണ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയോട്‌ വിടചൊല്ലിയിരിക്കുന്നത്‌. ഡോ. കെ.എസ്‌ മനോജും അബ്ദുള്ളക്കുട്ടിയും മതവിശ്വാസപരമായ കാരണങ്ങളാലാണ്‌ രാജിവെച്ചതെങ്കില്‍ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രപരമായ അപചയത്തിലും നേതാക്കന്മാരുടെ ആഢംബരജീവിതത്തിലും മനസ്സു നൊന്താണ്‌ ശിവരാമന്റെ രാജി.
പാര്‍ലമെന്ററി ജനാധിപത്യാധികാരം നിലനിര്‍ത്താന്‍ , ആതിരേ, പാര്‍ട്ടിയുടെ നയങ്ങളില്‍ നേതൃത്വം വെള്ളം ചേര്‍ക്കാന്‍ തുടങ്ങിയിട്ട്‌ നാളുകളായി. സോഷ്യല്‍ ഡെമോക്രാറ്റുകളായി പരിണമിച്ച്‌ പ്രത്യയശാസ്ത്ര പ്രതിബദ്ധതയും വര്‍ഗ ബോധവും ബലികഴിച്ച്‌ അഴിമതിയുടെയും ആഢംബരത്തിന്റെയും പ്രതീകങ്ങളായി മാര്‍ക്സിസ്റ്റ്‌ നേതൃത്വം അധഃപതിച്ചത്‌ പുതിയ വാര്‍ത്തയൊന്നുമല്ല. കഴിഞ്ഞ കുറേ നാളുകളായി പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഈ വാസ്തവങ്ങള്‍ക്ക്‌ അടിവരയിടുന്നതാണ്‌. എല്ലാ അധോലോക പ്രവര്‍ത്തനങ്ങള്‍ക്കും സംരക്ഷണം നല്‍കി അതിന്റെ കമ്മീഷന്‍ പറ്റി പഞ്ചനക്ഷത്ര പാര്‍ട്ടി ഓഫിസുകളും തീം പാര്‍ക്കുകളും നിര്‍മിക്കുന്നതാണ്‌ നേതൃത്വത്തിന്റെ കടമയെന്നാണ്‌ ഇപ്പോള്‍ അണികളേയും പൊതുസമൂഹത്തേയും ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത്‌. സാന്തിയാഗോ മാര്‍ട്ടിനും ഫാരിസ്‌ അബൂബക്കറും ലിസ്‌ ചാക്കോയുമൊക്കെയാണ്‌ നേതാക്കന്മാരുടെ അടുത്ത സുഹൃത്തുക്കള്‍. ഇവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലാണ്‌ നേതൃത്വവും പാര്‍ട്ടിയും ഇപ്പോള്‍ വ്യാപൃതരായിരിക്കുന്നത്‌. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ നേതാക്കളെല്ലാം ഭൂമാഫിയയുടെ ഏജന്റുമാരായി പരിണമിച്ചിരിക്കുന്നു എന്ന ശിവരാമന്റെ ആരോപണം കേരളത്തിലെ പൊതുസമൂഹം വളരെ മുമ്പുതന്നെ മനസ്സിലാക്കിയ മറ്റൊരു വാസ്തവമാണ്‌. മൂന്നാര്‍ അടക്കമുള്ള സ്ഥലങ്ങളിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാന്‍ കഴിയാത്തതും നേതാക്കന്മാരുടെ ഈ ബന്ധം കൊണ്ടാണെന്നും കേരളം തിരിച്ചറിഞ്ഞിട്ടുണ്ട്‌.
തെറ്റ്‌ തിരുത്തല്‍ രേഖ അവതരിപ്പിച്ചതിന്‌ ശേഷം പോളിറ്റ്‌ ബ്യൂറോ കൂടുന്ന സമയത്ത്‌ തന്നെ തെറ്റ്‌ തിരുത്താന്‍ നേതൃത്വം തയ്യാറല്ല എന്ന ആരോപണം ഉന്നയിച്ച്‌ ശിവരാമന്‍ രാജിവെച്ചതില്‍ ചില കാവ്യനീതിയൊക്കെയുണ്ട്‌ ആതിരേ!. നേതാക്കന്മാരുടെ പാര്‍ലമെന്ററി വ്യാമോഹം മൂലം പാര്‍ട്ടി രോഗാതുരമാണെന്ന പോളിറ്റ്‌ ബ്യൂറോയുടെ കണ്ടെത്തല്‍ നേരത്തെ തന്നെ പുറത്തുവന്നിട്ടുള്ളതാണ്‌. എന്നാല്‍, ഈ തെറ്റുകള്‍ തിരുത്താന്‍ എന്തുകൊണ്ട്‌ വൈകുന്നു എന്ന ചോദ്യത്തിന്‌ അണികള്‍ക്കൊരിക്കലും ഉത്തരം കിട്ടാന്‍ പോകുന്നില്ല. ഒന്നുകില്‍ നേതൃത്വത്തിന്റെ കമ്യൂണിസ്റ്റ്‌ വിരുദ്ധ നിലപാടുകള്‍ അംഗീകരിച്ച്‌ അടിമകളായി കഴിയുക. അല്ലെങ്കില്‍ ഡോ. സെബാസ്റ്റ്യന്‍ പോളിന്റെയും അബ്ദുള്ളക്കുട്ടിയുടെയും ഡോ. കെ.എസ്‌ മനോജിന്റെയും ശിവരാമന്റെയുമൊക്കെ പാത പിന്‍തുടര്‍ന്ന്‌ പാര്‍ട്ടി വിട്ടുപോകുക എന്ന രണ്ട്‌ സാധ്യതകള്‍ മാത്രമേ ഇപ്പോള്‍ അണികളടക്കമുള്ള്‌ നേതാക്കന്മാരുടെ മുന്നിലുള്ളു.
ആതിരേ, ആശയതലത്തില്‍ പാര്‍ട്ടി എത്രമാത്രം വിഘടിച്ചു എന്നും മുന്‍ എംപിമാരടക്കമുള്ളവരെ പാര്‍ട്ടിക്കൊപ്പം നിര്‍ത്തുന്നതില്‍ നേതൃത്വം എത്രപരാജയപ്പെട്ടു എന്നും ഉള്ളതിലെ സൂചികയാണ്‌ ഈ രാജികള്‍. ഒരുകാലത്ത്‌ പാര്‍ട്ടിക്ക്‌ സ്വാധീനമില്ലാത്ത മേഖലകളില്‍ അവിശ്വസനീയമായ തെരഞ്ഞെടുപ്പ്‌ വിജയം ഉണ്ടാക്കി കൊടുത്തവരാണ്‌ നേരത്തെ പേര്‌ സൂചിപ്പിച്ച മുന്‍ എംപിമാര്‍. കോണ്‍ഗ്രസ്‌ സീറ്റുകളായിരുന്ന കണ്ണൂരിലും ഒറ്റപ്പാലത്തും റെക്കോര്‍ഡ്‌ ഭൂരിപക്ഷത്തോടെയാണ്‌ അബ്ദുള്ളക്കുട്ടിയും ശിവരാമനും വിജയിച്ച്‌ കയറിയത്‌. എറണാകുളത്തും ആലപ്പുഴയിലും യഥാക്രമം ഡോ. സെബാസ്റ്റ്യന്‍ പോളും ഡോ. കെഎസ്‌ മനോജും ഇതേ ദൗത്യം തന്നെയാണ്‌ നിര്‍വഹിച്ചത്‌. എന്നാല്‍, ഒരുഘട്ടം കഴിഞ്ഞപ്പോള്‍ ഇവരെ ഒപ്പം നിര്‍ത്താനാവാത്ത വിധം ആശയതലത്തില്‍ പാര്‍ട്ടി അമ്പേ പാപ്പരായി എന്നാണ്‌ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിണാമങ്ങള്‍ വ്യക്തമാക്കുന്നത്‌.
രാജിവെച്ച ശിവരാമനെ, ഡോ. കെ.എസ്‌ മനോജിനെ എന്നപോലെ പുറത്താക്കിക്കൊണ്ട്‌ പാര്‍ട്ടി മുഖം രക്ഷിക്കാനുള്ള കൗശലം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. മനോജിനെതിരെ പ്രത്യക്ഷത്തില്‍ അഴിമതി ആരോപണം ഒന്നുമുന്നയിക്കാതിരുന്ന പാര്‍ട്ടി ശിവരാമനെതിരെ വലിയൊരു സാമ്പത്തിക ക്രമക്കേടാണ്‌ ആരോപിച്ചിട്ടുള്ളത്‌. ഒറ്റപ്പാലം അര്‍ബന്‍ ബാങ്ക്‌ ജീവനക്കാരിയായ ശിവരാമന്റെ ഭാര്യ 60,000 രൂപയുടെ സാമ്പത്തിക ക്രമക്കേട്‌ നടത്തിയത്‌ കണ്ടെത്തിയതാണ്‌ ശിവരാമനെ ചൊടിപ്പിച്ചത്‌ എന്നാണ്‌ പാലക്കാട്‌ ജില്ല കമ്മിറ്റിയുടെ വിശദീകരണം. രാജിവെക്കാന്‍ ശിവരാമന്‍ മുന്നോട്ടുവെയ്ക്കുന്ന നേതൃത്വത്തിന്റെ അപചയവും ശിവരാമനും ഭാര്യയ്ക്കുമെതിരെ പാലക്കാട്‌ ജില്ലാ കമ്മിറ്റി ഉന്നയിക്കുന്ന ആരോപണവും വെള്ളം തൊടാതെ വിഴുങ്ങാന്‍ കേരളത്തിലെ പൊതുസമൂഹം തയ്യാറല്ല. ലാന്റ്മാഫിയയുടെ ഏജന്റുമാരാണ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതൃത്വം എന്നത്‌ പുതിയ അറിവൊന്നുമല്ല. അപ്പോള്‍ അക്കാര്യം ചൂണ്ടിക്കാട്ടിയുള്ള ശിവരാമന്റെ രാജിക്ക്‌ പിന്നില്‍ മറ്റുചില താല്‍പ്പര്യങ്ങള്‍ ഉണ്ടായേ തീരു. ശിവരാമന്റെ ഭാര്യയ്ക്കെതിരെ ഇപ്പോള്‍ നേതൃത്വം ഉന്നയിക്കുന്ന ആരോപണം ശിവരാമന്റെ രാജി സൃഷ്ടിച്ച നാണക്കേട്‌ മറയ്ക്കാനാണെന്നും അണികള്‍ക്കുമറിയാം.
ഡോ. കെ.എസ്‌ മനോജും ശിവരാമനും പാര്‍ട്ടി വിടുമെന്ന്‌ മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയാത്ത വിധം ദുര്‍ബലമായിരിക്കുന്നു പാര്‍ട്ടിയുടെ ഇപ്പോഴത്തെ സംഘടനാ രൂപമെന്നും ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയും അവമതിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്ന സമൂഹത്തിന്റെയും ഉന്നമനം ലക്ഷ്യമാക്കി തൊഴിലാളിവര്‍ഗ സര്‍വാധിപത്യം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച്‌ പുതിയൊരു സമൂഹസൃഷ്ടിക്ക്‌ ഒരുങ്ങിയ മാര്‍ക്സിസ്റ്റ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ വര്‍ത്തമാനകാല ദരിദ്രാവസ്ഥയും നേതാക്കന്മാരുടെ ആഢംബരജീവിതരീതിയും പേര്‍ത്തും പേര്‍ത്തും ഓര്‍മ്മിപ്പിക്കുന്നതാണ്‌ ഈ രാജികള്‍. എന്നാലും തെറ്റ്‌ തിരുത്താനും അണികളോടുള്ള പ്രതിബദ്ധത പുതുക്കാനും ധാര്‍ഷ്ട്യത നിറഞ്ഞ സമീപനത്തില്‍ നിന്ന്‌ പിന്‍മാറാനും പിണറായി വിജയന്‍ സെക്രട്ടറിയായിരിക്കുന്ന മാര്‍ക്സിസ്റ്റ്‌ നേതൃത്വം തയ്യാറാവുകയില്ല എന്നതാണ്‌ അണികളെ വ്യസനത്തിലാഴ്ത്തുന്ന മറ്റൊരു വാസ്തവം. യെറ്റ്സിന്റെയും ഗൊര്‍ബച്ചേവിന്റെയും ചൗഷസ്ക്യൂവിന്റെയും പുതിയ പതിപ്പുകള്‍ കേരളത്തിലെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ അന്ത്യം കണ്ടേ അടങ്ങൂ എന്നതാണ്‌ ഈ പരിണാമങ്ങളെല്ലാം, ആതിരേ അടിവരയിട്ട്‌ സ്ഥാപിക്കുന്നത്‌.

No comments: