Monday, February 22, 2010

മൊബെയില്‍ ഫോണ്‍ കാമകേളികള്‍:കുറ്റക്കാര്‍ മാതാപിതാക്കളും അധ്യാപകരും സര്‍ക്കാരും; ഇവരെ ആര്‌ ശിക്ഷിക്കും


പ്രതികരണങ്ങളും ആരോപണങ്ങളും ഇവിടെ വിഷയമാകുന്നില്ല. കാരണം വിഷലിപ്തമായ മനസ്സിന്‌ അടിമകളായി കഴിഞ്ഞു കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹവും യുവതീയുവാക്കളും. ഈ ദുരവസ്ഥയിലേക്ക്‌ അവരെ നയിച്ചത്‌ മൊബെയില്‍ ഫോണുകള്‍ക്കുള്ള പങ്ക്‌ ആര്‍ക്കും നിഷേധിക്കാന്‍ കഴിയുകയില്ല. അതുകൊണ്ടാണ്‌ കേരളത്തിലെ വിദ്യാര്‍ത്ഥിസമൂഹത്തെ ലൈംഗീക വൈകൃതങ്ങളിലേക്ക്‌ നയിച്ചത്‌, അവര്‍ക്ക്‌ മൊബെയില്‍ ഫോണ്‍ വാങ്ങി നല്‍കിയ മാതാപിതാക്കളാണെന്ന്‌ ആദ്യമേ സൂചിപ്പിച്ചത്‌. ഈ വൈകൃതങ്ങള്‍ അരങ്ങേറിയിട്ടും വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാത്ത അധ്യാപകരാണ്‌ രണ്ടാമത്തെ പ്രതികള്‍. ഈ സംഭവങ്ങളെല്ലാം അറിഞ്ഞിട്ടും നിയമനിര്‍മ്മാണം നടത്താനോ നിലവിലുള്ള ഉത്തരവ്‌ കര്‍ശനമായി പാലിക്കാനോ തയ്യാറാകാത്ത വിദ്യാഭ്യാസ വകുപ്പും നിയമവകുപ്പും അടങ്ങുന്ന സര്‍ക്കാരാണ്‌ മൂന്നാമത്തെ പ്രതി.
ചോദ്യമിതാണ്‌ ഈ കുറ്റവാളികളെ ആര്‌ ശിക്ഷിക്കും.




മൊബൈല്‍ ഫോണുകളിലും ഇന്റര്‍നെറ്റുകളിലും തന്റേതെന്ന്‌ കരുതുന്ന ചിത്രം പ്രചരിച്ചതിനെ തുടര്‍ന്ന്‌ കണ്ണൂര്‍ തളിപ്പറമ്പ്‌ കുറ്റിക്കോല്‍ വായനശാലയ്ക്ക്‌ സമീപത്തെ പി.ടി പ്രേമരാജന്റെ മകളും ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയുമായ പ്രബിത (17) ആത്മഹത്യ ചെയ്ത വാര്‍ത്ത എത്ര നിസ്സാരമായിട്ടാണ്‌ ആതിരേ, കേരളത്തിലെ മാതാപിതാക്കളും അധ്യാപകരും മൊബൈല്‍ ഫോണുകളുപയോഗിക്കുന്ന വിദ്യാര്‍ത്ഥികളും യുവാക്കളും വായിച്ചു തള്ളിയത്‌.
കാലഘട്ടത്തിന്റെ ഏറ്റവും പുതിയ വാര്‍ത്താവിനിമയ ഉപകരണമായ മൊബൈല്‍ ഫോണ്‍ ( അതും ക്യാമറയും എംപി 3 യും ഉള്ളത്‌), ഇല്ലാത്ത വ്യക്തികളെ വിഡ്ഢികളായി കണക്കാക്കുന്ന ഒരു സമൂഹത്തിന്റെ കണ്‍മുന്നിലാണ്‌ പ്രബിതയെ പോലുള്ളവര്‍ തൂങ്ങിയാടുന്നത്‌. എന്നിട്ടും കുറ്റബോധമോ ലജ്ജയോ ഇല്ലാതെ മക്കളുടെ മൊബൈല്‍ ഫോണ്‍ കൗതുകങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്‌ വിദ്യാസമ്പന്നരെന്ന്‌ മേനി നടിക്കുന്ന കേരളത്തിലെ മാതാപിതാക്കളും; വിദ്യാര്‍ത്ഥികള്‍ക്ക്‌ നേര്‍വഴി കാട്ടിക്കൊടുക്കേണ്ട അധ്യാപകരും, സമൂഹത്തില്‍ വ്യക്തിയുടെ സ്വകാര്യത സംരക്ഷിക്കാന്‍ ബാധ്യതയുള്ള സര്‍ക്കാരും.
അശ്ലീല ദൃശ്യങ്ങള്‍ മലയാളിയുടെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നാക്കി മാറ്റി എന്നതാണ്‌ ആതിരെ മൊബൈല്‍ ഫോണ്‍ വിപ്ലവം കേരളത്തില്‍ വരുത്തിവെച്ചിട്ടുള്ള ഏറ്റവും വലിയ വിന. എവിടെയും ഏതിനും എന്തിനും അശ്ലീലം കണ്ടെത്താനുള്ള ത്വര വിദ്യാര്‍ത്ഥികളിലും യുവാക്കളിലും ഊട്ടിയുറപ്പിക്കാനാണ്‌ ഈ കൊച്ചുപകരണം ദുര്‍വിനിയോഗം ചെയ്യപ്പെട്ടിട്ടുള്ളത്‌ (ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥിനികളും യുവതികളും വിട്ടമ്മമാരും പിന്നിലല്ല).
ചുരിദാറിന്റെ ഷാള്‍ അല്‍പ്പമൊന്ന്‌ സ്ഥാനം തെറ്റിയാല്‍, സാരിത്തലപ്പ്‌ അങ്ങോട്ടോ ഇങ്ങോട്ടോ ഒന്ന്‌ മാറിയാല്‍, സ്കര്‍ട്ട്‌ അല്‍പ്പമൊന്ന്‌ ഉയര്‍ന്നാല്‍ അവിടേക്ക്‌ മൊബൈല്‍ ഫോണ്‍ ക്യാമറ തിരിക്കുന്ന അശ്ലീല മാനസികാവസ്ഥയിലേക്ക്‌ കേരളത്തിലെ യുവാക്കളും വിദ്യാര്‍ത്ഥികളും അധപതിച്ചു കഴിഞ്ഞിട്ട്‌ നാളുകളായി. യാത്രാ വേളയിലും ക്ലാസ്‌ മുറികളിലും കാണുന്ന ഇത്തരം ദൃശ്യങ്ങള്‍ പകര്‍ത്തി മൊബെയിലുകളില്‍ നിന്ന്‌ മൊബൈലുകളിലേക്ക്‌ വ്യാപിപ്പിച്ചും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചും ഒരുകൂട്ടം ലൈംഗീക അരാജകവാദികള്‍ സന്തോഷിക്കുമ്പോള്‍, ആതിരേ ബലിയാടാകുന്നത്‌ പ്രബിതയെ പോലെയുള്ള നിരപരാധികളാണ്‌.
ചികിത്സിച്ചാല്‍ മാറ്റാന്‍ കഴിയാത്ത മാനസിക അര്‍ബുധമായി മൊബൈല്‍-ഇന്റര്‍നെറ്റ്‌ അശ്ലീല ഭ്രമം പടര്‍ന്നുപിടിച്ചിരിക്കുകയാണ്‌. അതിന്റെ ഒടുവിലത്തെ ദുരന്തമാണ്‌ ശനിയാഴ്ച കണ്ണൂരില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്തത്‌. കണ്ണൂരിലെ സംഭവത്തിന്‌ കാരണമായ അശ്ലീല ചിത്രത്തില്‍ ആ കുട്ടിയുടെ സഹപാഠിയുമുണ്ടായിരുന്നു എന്നാണ്‌ പറയപ്പെടുന്നത്‌. ഒഴിവുവേളയില്‍ ക്ലാസിലെ നിര്‍ദോഷ സന്തോഷ പ്രകടനത്തെ അശ്ലീലം തലയ്ക്കുപിടിച്ച മറ്റൊരു സഹപാഠി തന്റെ മൊബെയില്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചതാണ്‌ പ്രബിതയുടെ മരണത്തിലേക്ക്‌ നയിച്ചത്‌. പ്രബിതയ്ക്കൊപ്പം കാമുകനായ മറ്റൊരു യുവാവും ആത്മഹത്യ ചെയ്തത്‌ സംഭവത്തിന്റെ ഗൗരവം അല്‍പ്പം കുറച്ചിട്ടുണ്ട്‌ എന്നത്‌ നേരാണ്‌. എങ്കിലും തന്റേതല്ലാത്ത കാരണത്താല്‍ വികൃതമായ അശ്ലീലത നിറഞ്ഞ മനസ്സിന്റെ ഉടമകള്‍ പകര്‍ത്തുന്ന മൊബെയില്‍ ചിത്രങ്ങള്‍ എങ്ങനെയൊക്കെയാണ്‌ കേരളത്തിലെ വിദ്യാര്‍ത്ഥിനികളെയും യുവതികളെയും വീട്ടമ്മമാരെയും പീഡിപ്പിക്കുന്നതെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ പ്രബിത.
ആതിരേ, മുമ്പ്‌ പലവട്ടം ഊന്നിപ്പറഞ്ഞ കാര്യം ആവര്‍ത്തിക്കുകയാണ്‌. വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക്‌ ഏറ്റവും പുതിയ സാങ്കേതിക സൗകര്യങ്ങളുള്ള മൊബെയില്‍ ഫോണ്‍ വാങ്ങി നല്‍കുന്ന മാതാപിതാക്കളാണ്‌ ഇത്തരം ദുരന്തങ്ങളുടെ പ്രഥമ സ്രഷ്ടാക്കള്‍. സ്നേഹവും സാഹോദര്യവും സഹകരണവും സാദാചാര ചിന്തയും കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ പ്രാഥമികമായി ബാധ്യതയുള്ള മാതാപിതാക്കളാണ്‌ മൊബെയില്‍ ഫോണ്‍ വാങ്ങിനല്‍കുന്നതിലൂടെ കൗമാരക്കാരായ തങ്ങളുടെ കുഞ്ഞുങ്ങളുടെ മനസ്സിലേക്ക്‌ അശ്ലീല ചിന്തകളുടെ വിത്ത്‌ പാകുന്നതെന്ന്‌ ഇനിയെങ്കിലും തിരിച്ചറിയുക. കൗമാരം കൗതുകങ്ങളുടെ കാലമാണ്‌. ലൈംഗീക താല്‍പ്പര്യങ്ങള്‍ എല്ലാ മനുഷ്യരിലും ഉണരുന്ന കാലം. വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളിലൂടെ തങ്ങളുടെ ശരീരത്തെ കുറിച്ചും മനസ്സിനെ കുറിച്ചും ഇത്‌ രണ്ടുമുള്‍ക്കൊള്ളുന്ന ലൈംഗീകതയെ കുറിച്ചും കുട്ടികള്‍ക്ക്‌ അവബോധം നല്‍കേണ്ട മാതാപിതാക്കള്‍, ആ ഉത്തരവാദിത്തം നിര്‍വ്വഹിക്കാതെ തങ്ങളുടെ സാമ്പത്തിക സൗകര്യവും അഹന്തയും പ്രകടിപ്പിക്കാന്‍ ഏറ്റവും പുതിയ ജനറേഷനില്‍ പെട്ട മൊബെയില്‍ ഫോണ്‍ വാങ്ങിനല്‍കുന്നതിലൂടെ കൗമാര മനസ്സുകളെ ദുഷിപ്പിക്കുകയാണ്‌. സ്വന്തം മകളുടെ അല്ലെങ്കില്‍ മകന്റെ ഇത്തരം ചിത്രങ്ങള്‍ മൊബെയിലുകളില്‍ വ്യാപിക്കുമ്പോള്‍ അല്ലെങ്കില്‍ പ്രബിതയെ പോലെ തങ്ങളുടെ മകനോ മകളോ ജീവിതം ഒടുക്കുമ്പൊള്‍ മാത്രം ദുഃഖിച്ചതുകൊണ്ട്‌ ഒന്നും ലഭിക്കാനില്ലെന്ന്‌ ഈ മാതാപിതാക്കള്‍ എന്നാണ്‌ ഇനി തിരിച്ചറിയുക.
വിഡ്ഢികളും പൊങ്ങച്ചക്കാരുമായ ഈ മാതാപിതാക്കള്‍ക്കൊപ്പം കൈകോര്‍ത്ത്‌ നില്‍ക്കുകയാണ്‌, ആതിരേ, കേരളത്തിലെ ഒട്ടുമിക്ക സ്കൂളുകളിലെയും അധ്യാപകരും അധ്യാപികമാരും. സ്കൂളുകളില്‍ മൊബെയില്‍ ഫോണ്‍ നിരോധിച്ചിട്ടുണ്ട്‌ എന്ന്‌ വിദ്യാഭ്യാസ വകുപ്പ്‌ പറയുന്നുണ്ടെങ്കിലും അത്‌ എത്ര സ്ഥാപനങ്ങളിള്‍ നടപ്പിലാക്കിയിട്ടുണ്ട്‌? അത്‌ എങ്ങനെ സാധിക്കും. അധ്യാപകനും അധ്യപികയ്ക്കും മൊബെയില്‍ ഫോണില്ലെങ്കില്‍ അതിലൂടെ ചിലരോടെല്ലാം സൊള്ളിയില്ലെങ്കില്‍ ചിലര്‍ക്കെല്ലാം ചൂടന്‍ മെസേജ്‌ അയച്ചില്ലെങ്കില്‍ ചിലരില്‍ നിന്നെല്ലാം അത്തരം മെസേജ്‌ ലഭിച്ചില്ലെങ്കില്‍ ഉറക്കം വരാത്ത അവസ്ഥയാണല്ലോ ഇന്നുള്ളത്‌. ഈ വൈകൃത മനസ്സുകളെ അധ്യാപകരെന്ന്‌ വിളിക്കേണ്ടിവരുന്നതില്‍ കടുത്ത ആത്മനിന്ദയുണ്ട്‌.
കണ്ണൂരിലെ സംഭവത്തില്‍ അധ്യാപകരുടെ ഭാഗത്തുനിന്ന്‌ ഒരുവലിയ വീഴ്ചയുണ്ടായിട്ടുണ്ട്‌. പ്രബിതയുടേതെന്ന്‌ പറയുന്ന ചിത്രങ്ങള്‍ മൊബെയിലിലും ഇന്റര്‍നെറ്റിലും പ്രചരിച്ചു എന്നുകേട്ടപ്പോള്‍ ആ കുട്ടിയെ ശാസിക്കാനും അതിന്റെ പേരില്‍ സ്കൂളില്‍ നിന്ന്‌ പുറത്താക്കാനുമാണ്‌ അധികൃതര്‍ ശ്രമിച്ചത്‌. മറിച്ച്‌ സംഭവത്തിന്റെ യാഥാര്‍ത്ഥ്യം അന്വേഷിക്കുകയും നിരപരാധിയായ ആ കുട്ടിക്ക്‌ മാനസിക പിന്‍ബലം നല്‍കുകയും ചെയ്തിരുന്നെങ്കില്‍ തനിക്കെതിരെ ഉണ്ടായ പീഡനത്തെ ധൈര്യപൂര്‍വ്വം നേരിടാനും കുറ്റവാളികളെ അറസ്റ്റ്‌ ചെയ്യിക്കാനും കഴിയുമായിരുന്നു. പക്ഷെ, അത്തരമൊരു തിരിച്ചറിവ്‌ പ്രബിതയുടെ അധ്യാപകര്‍ക്കില്ലാതെ പോയി. ഇത്‌ പ്രബിതയുടെ അധ്യാപകരുടെ മാത്രം കാര്യമല്ല കേരളത്തിലെ ഭൂരിപക്ഷം അധ്യാപകരുടെയും വീഴ്ചയാണ്‌.
ഇവിടെ ഞെട്ടിക്കുന്ന മറ്റൊരു വാസ്തവം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്‌ ആതിരേ...എന്തിനാണ്‌ ക്ലാസ്സില്‍ മൊബെയില്‍ ഫോണ്‍ കൊണ്ടുവരുന്നതെന്ന ചോദ്യത്തിന്‌, ടീച്ചര്‍മാര്‍ ക്ലാസ്സില്‍ വരാത്തപ്പോള്‍ പട്ടുകേള്‍ക്കാനും പിന്നെ ചുമ്മാ ചില രസങ്ങള്‍ക്കുമാണെന്നായിരുന്നു പ്രബിതയുടെ സ്കൂളിലെ ചില ആണ്‍കുട്ടികള്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞത്‌.ഒരു ടീച്ചര്‍ ക്ലാസ്സില്‍ വന്നില്ലെങ്കില്‍ ആ പിരീഡ്‌ മറ്റേതെങ്കിലും അദ്ധ്യാപകര്‍ എത്തി വരാതിരുന്ന ടീച്ചര്‍ പഠിപ്പിച്ചിരുന്ന വിഷയമോ അല്ലെങ്കില്‍ മറ്റേതെങ്കിലും വിഷയമോ പഠിപ്പിക്കുന്ന ഒരു രീതിയായിരുന്നു മുന്‍കാലങ്ങളില്‍ നടപ്പിലുണ്ടായിരുന്നത്‌.എന്നാല്‍ ഇന്ന്‌ ആ ആത്മാര്‍ത്ഥത അദ്ധ്യാപകര്‍ക്കില്ലാതായിരിക്കുന്നു.അതെങ്ങനെ ഉണ്ടാകും? തങ്ങളുടെ മൊബെയിലില്‍ വന്ന ചൂടന്‍ മെയിലുകള്‍ തിരയാനും മറുപടികൊടുക്കാനും അവ ഫോര്‍വേഡ്‌ ചെയ്യാനും പിന്നെ ഇഷ്ടക്കാരോട്‌ സൊള്ളാനും സമയം തികയത്ത അവസ്ഥയിലാണല്ലോ പാവം അദ്ധ്യാപകര്‍.കൂടാതെ ആ കുട്ടികള്‍ മറ്റൊരു സത്യം കൂടി വെളിപ്പെടുത്തി.മിസ്‌ കോളുകള്‍ അയച്ചു കളിക്കാനും ചൂടന്‍ വിഭവങ്ങള്‍ ഫോര്‍വേഡ്‌ ചെയ്യാനും പെണ്‍കുട്ടികളും മിടുക്കികളാണത്രേ..ഇതാണിപ്പോള്‍ കേരളത്തിലെ സ്കൂളുകളിലെ കലാപരിപാടികള്‍....
ആതിരേ, മൊബൈല്‍ ദുരന്തം കേരളത്തില്‍ ഇതാദ്യമല്ല. 2008 നവംബറില്‍ അമ്പലപ്പുഴയില്‍ സഹപാഠികളായ മൂന്നു പെണ്‍കുട്ടികള്‍ ഒരുമിച്ച്‌ ആത്മഹത്യ ചെയ്തത്‌ മലയാള മനസ്സാക്ഷിയെ ഞെട്ടിച്ചിരുന്നു. സഹപാഠിയായ ആണ്‍കുട്ടിയുടെ മൊബെയിലില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ നല്‍കുമെന്നുള്ള ബ്ലാക്ക്‌ മെയിലിങ്ങിലാണ്‌ ഈ പെണ്‍കുട്ടികളുടെ ജീവിതം പൊലിഞ്ഞത്‌.
2009 മാര്‍ച്ചില്‍ തൃശൂര്‍ എരുമപ്പെട്ടിയില്‍ കൃത്രിമമായി നിര്‍മ്മിച്ച അശ്ലീലചിത്രം പ്രചരിപ്പിക്കുമെന്ന ഭീഷണി ഭയന്ന്‌ പെണ്‍കുട്ടി ആത്മഹത്യയ്ക്ക്‌ ശ്രമിച്ചിരുന്നു. സ്കൂളില്‍ വെച്ചായിരുന്നു ഈ പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമം. ഇവിടെയും പ്രതിസ്ഥാനത്ത്‌ ചില സഹപാഠികളായിരുന്നു. മോര്‍ഫിങ്‌ നടത്തിയ ചിത്രം പ്രചരിപ്പിക്കുമെന്ന്‌ സഹപാഠികള്‍ ഭീഷണിപ്പെടുത്തിയതാണ്‌ കാരണം. മൊബെയില്‍ ഫോണില്‍ അശ്ലീലചിത്രം കണ്ടതായി ചിലര്‍ പറഞ്ഞതോടെയാണ്‌ പെണ്‍കുട്ടി ആത്മഹത്യയ്ക്ക്‌ ശ്രമിച്ചതത്രേ.
മൊബൈല്‍ ക്യാമറയിലും ഇന്റര്‍നെറ്റിലും ചിത്രം വരുത്തുമെന്ന്‌ പറഞ്ഞ്‌ കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയും ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. ഈ സംഭവത്തില്‍ സ്കൂളിനടുത്ത കടയിലെ ജീവനക്കാരിയുടെ പങ്കിനെക്കുറിച്ച്‌ അന്വേഷിക്കണമെന്നും വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഈ സ്ത്രീയായിരുന്നു അശ്ലീലചിത്രങ്ങള്‍ പ്രചരിക്കുന്നതായി കുട്ടിയോട്‌ പറഞ്ഞത്‌.
പ്രണയവും വിവാഹാഭ്യര്‍ത്ഥനയും നിഷേധിച്ചാല്‍ പെണ്‍കുട്ടിയുടെ അശ്ലീല വെബ്സൈറ്റ്‌ നിര്‍മ്മിക്കുന്ന മലയാളികളുമുണ്ട്‌. 2008 ആദ്യം ബാംഗ്ലൂരിലായിരുന്നു ഇത്തരത്തിലുള്ള കേസ്‌ ഉണ്ടായത്‌. സംസ്ഥാനത്തെ ആദ്യ സൈബര്‍ സ്റ്റാക്കിംഗ്‌ കേസായിരുന്നു ഇത്‌. സംഭവത്തില്‍ പ്രതിസ്ഥാനത്ത്‌ വന്നത്‌ എറണാകുളം സ്വദേശിയായിരുന്ന പ്രിന്‍സ്‌ ജോര്‍ജ്‌ ആണ്‌. 21 വയസ്സ്‌ മാത്രമുണ്ടായിരുന്ന ഇയാള്‍ ബാംഗ്ലൂര്‍ നിവാസിനിയായ വിദ്യാര്‍ഥിനിയോട്‌ വിവാഹാഭ്യര്‍ഥന നടത്തി പരാജയപ്പെട്ടതിനെ തുടര്‍ന്ന്‌ അശ്ലീല വെബ്സൈറ്റ്‌ നിര്‍മിച്ച്‌ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇന്റര്‍നെറ്റിലൂടെ വ്യാപകമായി കുട്ടിയുടെ അശ്ലീലചിത്രങ്ങള്‍ കൈമാറ്റം ചെയ്യുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന്‌ ഇയാളെ പൊലീസ്‌ അറസ്റ്റു ചെയ്തിരുന്നു.
പലപ്പോഴും പെണ്‍കുട്ടികളും ഇത്തരം കേസുകളുടെ പ്രതിസ്ഥാനത്ത്‌ പ്രത്യക്ഷപ്പെടുന്നുണ്ട്‌. ഹോസ്റ്റല്‍ മുറിയില്‍ ഡ്രസ്സ്‌ മാറുന്ന കൂട്ടുകാരിയുടെ രഹസ്യ ഭാഗങ്ങളും മറ്റും ചില തല്‍പര കക്ഷികള്‍ക്കായി(അതു കാമുകനാകാം ബോയ്‌ ഫ്രണ്ട്‌ ആകാം) ഇവര്‍ മൊബെയിലിലേക്ക്‌ പകര്‍ത്തുകയും കൈമാറുകയും ചെയ്യുന്നു. ഇപ്പോള്‍ തന്നെ ഡിലീറ്റ്‌ ചെയ്യാമെടീ എന്ന പ്രസ്താവനയുമായി കൂട്ടുകാരിയെ കെണിയില്‍പ്പെടുത്തുന്ന വമ്പത്തികളുമുണ്ട്‌.
ആണ്‍-പെണ്‍ വ്യത്യാസമില്ലാത്തെ വ്യാപകമായിട്ടുള്ള ഈ കാമവൈകൃതത്തിന്‌ സ്കൂളുകളിലെങ്കിലും തടയിടാന്‍ വിദ്യാഭ്യാസ വകുപ്പ്‌ അധികൃതര്‍ക്ക്‌ ഉത്തരവാദിത്തമില്ലേ..? മാതാപിതാക്കള്‍ക്ക്‌ ഉത്തരവാദിത്തമില്ലേ..? അദ്ധ്യാപകര്‍ക്ക്‌ ഉത്തരവാദിത്തമില്ലേ..?
സ്കൂളുകളില്‍ മൊബെയില്‍ ഫോണ്‍ നിരോധിക്കാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന്‌ നിയമമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും പലവട്ടം ആവര്‍ത്തിച്ചിട്ടുണ്ട്‌. ആലപ്പുഴയില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥിനികളായ മൂന്ന്‌ കൗമാരക്കാരികള്‍ ആത്മഹത്യ ചെയ്യാനുണ്ടായ സംഭവത്തെ തുടര്‍ന്നാണ്‌ ഹയര്‍ സെക്കന്‍ഡറി, കോളജ്‌ എന്നിവിടങ്ങളില്‍ ക്യാമറ ഫോണിന്റെ ദുരുപയോഗം തടയാന്‍ സ്കൂള്‍, കോളജ്‌ ക്യാമ്പസുകളില്‍ ഇവയുടെ നിരോധനം ഏര്‍പ്പെടുത്തി ഉത്തരവിട്ടത്‌. ഈ ഉത്തരവ്‌ വന്നതിന്‌ ശേഷവും സമാനസ്വഭാവമുള്ള നിരവധി ദുരന്തങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുകയുണ്ടായി. എന്നിട്ടും നടപടികള്‍ കര്‍ശനമാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന്‌ ഒരു നീക്കവും ഉണ്ടായില്ല. അതിനിടയിലാണ്‌ മുഖം രക്ഷിക്കാനെന്നോണം സ്കൂളുകളിലും കോളജുകളിലും മൊബെയില്‍ ഫോണ്‍ നിരോധനം ഏര്‍പ്പെടുത്തുന്ന നിയമനിര്‍മാണം കൊണ്ടുവരുമെന്ന്‌ വിജയകുമാറും എം.എ ബേബിയും പ്രഖ്യാപിച്ചത്‌. എന്നാല്‍, ഇവരുടെ ഉത്തരവിനോ നിയമനിര്‍മാണമെന്ന ഉറപ്പിനോ ഒന്നും മൊബെയില്‍ ഫോണ്‍ ദുരുപയോത്തെ തടയാന്‍ കഴിഞ്ഞില്ല എന്നതാണ്‌ നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്‌.
അതേസമയം ഇത്തരം ആത്മഹത്യകള്‍ക്ക്‌ പൊതുസമൂഹത്തിനും ഉത്തരവാദിത്തമുണ്ട്‌ എന്നാണ്‌ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ . സിപി ചിത്ര പ്രതികരിച്ചത്‌.
പ്രതികരണങ്ങളും ആരോപണങ്ങളും ഇവിടെ വിഷയമാകുന്നില്ല ആതിരേ. കാരണം വിഷലിപ്തമായ മനസ്സിന്‌ അടിമകളായി കഴിഞ്ഞു കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹവും യുവതീയുവാക്കളും. ഈ ദുരവസ്ഥയിലേക്ക്‌ അവരെ നയിച്ചതില്‍ മൊബെയില്‍ ഫോണുകള്‍ക്കുള്ള പങ്ക്‌ ആര്‍ക്കും നിഷേധിക്കാന്‍ കഴിയുകയില്ല. അതുകൊണ്ടാണ്‌ കേരളത്തിലെ വിദ്യാര്‍ത്ഥിസമൂഹത്തെ ലൈംഗീക വൈകൃതങ്ങളിലേക്ക്‌ നയിച്ചത്‌, അവര്‍ക്ക്‌ മൊബെയില്‍ ഫോണ്‍ വാങ്ങി നല്‍കിയ മാതാപിതാക്കളാണെന്ന്‌ ആദ്യമേ സൂചിപ്പിച്ചത്‌. ഈ വൈകൃതങ്ങള്‍ അരങ്ങേറിയിട്ടും വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാത്ത അധ്യാപകരാണ്‌ രണ്ടാമത്തെ പ്രതികള്‍. ഈ സംഭവങ്ങളെല്ലാം അറിഞ്ഞിട്ടും നിയമനിര്‍മ്മാണം നടത്താനോ നിലവിലുള്ള ഉത്തരവ്‌ കര്‍ശനമായി പാലിക്കാനോ തയ്യാറാകാത്ത വിദ്യാഭ്യാസ വകുപ്പും നിയമവകുപ്പും അടങ്ങുന്ന സര്‍ക്കാരാണ്‌ മൂന്നാമത്തെ പ്രതി.
അപ്പോള്‍ ചോദ്യമിതാണ്‌ ഈ കുറ്റവാളികളെ ആര്‌ ശിക്ഷിക്കും, ആതിരേ..?.

No comments: