Thursday, February 4, 2010

മൂന്നാറിന്റെ മറവില്‍ വൈക്കം വിശ്വന്‍ തമസ്കരിക്കുന്ന ഇടുക്കി

ഇവിടെയാണ്‌ വൈക്കം വിശ്വന്റെ കൗശലപത്രസമ്മേളനം വിശകലന വിഷയമാകുന്നത്‌. ഇടുക്കി ജില്ലയില്‍ ഭൂമി സംബന്ധമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനും പരിഹാരം നിര്‍ദേശിക്കുന്നതിനും സിപിഎം സംസ്ഥാന സമിതി വൈക്കം വിശ്വന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. ആ കമ്മിറ്റി, ജില്ലയുടെ ചരിത്രവുമായി ബന്ധപ്പെട്ട്‌ രാജഭരണ കാലം മുതല്‍ 2008 വരെയുള്ള കാലഘട്ടത്തിലെ മുഴുവന്‍ രേഖയും പഠിച്ച്‌ (?) 2008 മാര്‍ച്ചില്‍ സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നു. പതിനാറ്‌ നിര്‍ദേശങ്ങളായിരുന്നു അതിലുണ്ടായിരുന്നത്‌. ജില്ലയില്‍ ഇപ്പോഴുള്ള വനഭൂമിയും ഏലക്കാടുകളും മറ്റ്‌ തോട്ടങ്ങളും അതുപോലെ തന്നെ നില നിര്‍ത്തുന്നതിനും ഫലപ്രദമായി സംര്‍ക്ഷിക്കുന്നതിനും നടപടി സ്വീകരിക്കുക എന്നതായിരുന്നു അതില്‍ ഒന്നാമത്തേതും ഏറ്റവും പ്രധാനമായതും. എന്നാല്‍, ഈ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഒന്നും ഇതുവരെ നടപ്പിലായിട്ടില്ല. താന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ പോലും നടപ്പിലാക്കാത്ത ഒരു സര്‍ക്കാര്‍ വേണം മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടിയെടുക്കേണ്ടതെന്ന്‌ വൈക്കം വിശ്വം ആവശ്യപ്പെടുമ്പോള്‍ അദ്ദേഹം ഉള്‍പ്പെടെയുള്ളവര്‍ ഏറിയ നാളത്തെ ഗൃഹപാഠത്തിന്‌ ശേഷം നടപ്പിലാക്കിയ കൗശലങ്ങളുടെ വ്യാപ്തി എത്രയാണെന്ന്‌ ഊഹിക്കുക. എന്നിട്ട്‌ മൂന്നാര്‍ അടക്കമുള്ള ഇടുക്കി ജില്ലയിലെ അനധികൃത കയ്യേറ്റങ്ങള്‍ക്ക്‌ എന്ത്‌ സംഭവിക്കുമെന്ന്‌ വെറുതെ ഒന്ന്‌ ചിന്തിക്കുക.....
ചിരിച്ച്‌ മണ്ണുകപ്പാന്‍ സുരാജ്‌ വെഞ്ഞാറമൂടിന്റെ നമ്പറുകളൊന്നും വേണ്ടെന്ന്‌ ഇപ്പോള്‍ ബോധ്യമാകുന്നില്ലേ?






കൗശല ശാലിയായ രാഷ്ട്രീയക്കാരനാണ്‌ വൈക്കം വിശ്വനെന്ന്‌ പ്രത്യേകിച്ച്‌ പറയേണ്ടതില്ല, ആതിരേ.... പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജയരാജന്മാരും എം.എ ബേബിയും തോമസ്‌ ഐസക്കും പി.കെ ശ്രീമതിയും എ.കെ. ബാലനും പിന്നെ പി.കെ ഗുരുദാസനുമൊക്കെ അടങ്ങുന്ന സഖാക്കള്‍ക്കിടയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ കുറച്ചൊന്നും കൗശലം പോര, കൈവശം. അങ്ങനെ "കാറ്റുള്ളപ്പോള്‍ തൂറ്റാന്‍" മിടുക്കു കാണിച്ചതുകൊണ്ട്‌ സഖാവ്‌ ഇടതുമുന്നണി കണ്‍വീനറായി. കണ്‍വീനറായതോടെ രൂപത്തിലും ഭാവത്തിലും സംസാരത്തിലുമൊക്കെ ഒരുതരം "അണ്ണൈ" സ്വഭാവം കൈവന്നിട്ടുമുണ്ട്‌. സഗുണാരാധനയ്ക്ക്‌ ഇങ്ങനെയും ചില ഗുണങ്ങളുണ്ടെന്നാണ്‌ ഭാരതത്തിന്റെ ഋഷീവര്യന്മാര്‍ നേരത്തെ പറഞ്ഞുവെച്ചിട്ടുള്ളത്‌.
ആ 'അണ്ണൈ' സ്വഭാവം ഫെബ്രുവരി ഒന്നാം തീയതി മൂന്നാറില്‍ കേരളം കേട്ടു. അതിങ്ങനെയായിരുന്നു : "മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. ആദ്യ മൂന്നാര്‍ ദൗത്യത്തില്‍ കയ്യേറ്റം പൂര്‍ണമായി ഒഴിപ്പിക്കുന്നതിനുള്ള ശ്രമം നടന്നിരുന്നെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങളായി മൂന്നാറില്‍ താമസിക്കുന്ന ചെറുകിടക്കാര്‍ക്ക്‌ ദോഷകരമായ നടപടികള്‍ ഈ സര്‍ക്കാര്‍ സ്വീകരിക്കില്ല...വ്യാജ പട്ടയങ്ങളുടെ പേരില്‍ അര്‍ഹരായ കര്‍ഷകര്‍ക്കും മറ്റും പട്ടയം നല്‍കുന്നത്‌ തടസ്സപ്പെടുത്തുന്ന പ്രവണത ശരിയല്ല. 1971 ന്‌ മുമ്പുള്ള കൈവശഭൂമികള്‍ക്ക്‌ പട്ടയം കൊടുക്കുന്നത്‌ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ടാറ്റയുടെ തടയണകള്‍ അനധികൃതമായി നിര്‍മ്മിച്ചവ തന്നെയാണ്‌.... വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കണം. മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട്‌ എല്‍ഡിഎഫിലെ ഘടക കക്ഷികള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന പ്രചാരണങ്ങള്‍ ശരിയല്ല...."
ആതിരേ, ഒന്നാം മൂന്നാര്‍ ദൗത്യം പൊളിച്ച മുടി വളര്‍ത്തിയ സഖാവും മുടി കറുപ്പിച്ച മുന്‍ പട്ടാളക്കാരനും അന്ന്‌ ഇങ്ങനൊക്കെത്തന്നെയാണ്‌ പറഞ്ഞത്‌. ഇപ്പോള്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ഒഴിപ്പിക്കല്‍ നടപടി ശക്തമാക്കണമെന്ന്‌ വന്നപ്പോള്‍ മുന്‍ പട്ടാളക്കാരന്‍ കൈവെട്ടുമെന്ന ഭീഷണിയുമായി രംഗത്തെത്തി. മണി മാറ്റര്‍ ആണ്‌ എല്ലാ പ്രത്യയശാസ്ത്രങ്ങളുടെയും അടിസ്ഥാനമെന്ന്‌ അറിയാവുന്ന സിപിഎം ജില്ലാ സെക്രട്ടറിയും പിന്നാലെ മറ്റൊരു മണിമാറ്റര്‍ കാരനായ കെപിസിസി നിര്‍വാഹക സമിതി അംഗവും ടാറ്റയെ ന്യായീകരിച്ച്‌ കൂടിയാട്ടം നടത്തി. ഇത്തരം കൗശലങ്ങളിലൂടെ ജനശ്രദ്ധ തിരിച്ചുവിട്ട്‌ മൂന്നാറിലെ വന്‍കിട കയ്യേറ്റക്കാരെ സംരക്ഷിക്കാനാണ്‌ സഖാക്കളുടെ മുഴുവന്‍ നീക്കമെന്ന്‌ കഴിഞ്ഞ ഏതാനും ദിവസത്തിനുള്ളില്‍ വ്യക്തമായി. ആദ്യ മൂന്നാര്‍ ദൗത്യത്തിലെ മുഖ്യമന്ത്രിയുടെ പൂച്ചകള്‍ക്ക്‌ മണികെട്ടിയവരുടെ 'പൂച്ച്‌' അങ്ങനെ പുറത്തായിക്കൊണ്ടിരിക്കുമ്പോഴാണ്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ വഹ മേല്‍ ഉദ്ധരിച്ച പ്രഖ്യാപനം..!
മൂന്നാര്‍ വീണ്ടും വിവാദവും മാധ്യമശ്രദ്ധാകേന്ദ്രവും പൊതുസമൂഹത്തിന്റെ താല്‍പ്പര്യവുമുള്ള വിഷയവുമാകുമ്പോഴും, ഇതിന്റെയെല്ലാം മറവില്‍ ,വൈക്കം വിശ്വനടക്കമുള്ളവര്‍ തമസ്കരിക്കുന്ന വലിയൊരു സത്യമുണ്ട്‌, ആതിരേ. അത്‌ ഇടുക്കി ജില്ല ഒട്ടാകെ നടക്കുന്ന വന്‍കിട വനം-ഭൂമി കൈയ്യേറ്റമാണ്‌. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സത്യസന്ധമായി നടപടിയെടുത്താല്‍ മൂന്നാറില്‍ മാത്രമല്ല ചിന്നക്കനാലിലും കുമളിയിലും കല്ലാര്‍കുട്ടിയിലും വാഗമണ്ണിലുമൊക്കെ നടക്കുന്ന/നടന്ന അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കേണ്ടി വരും നിര്‍മ്മിച്ച/നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന റിസോര്‍ട്ടുകള്‍ ഇടിച്ചുനിരത്തേണ്ടിവരും. അതുകൊണ്ട്‌ ഈ ഭാഗത്തേക്ക്‌ മാധ്യമങ്ങളുടെയും പൊതസമൂഹത്തിന്റെയും കോടതിയുടെ പോലും ശ്രദ്ധ തിരിയാതിരിക്കാനുള്ള തരികിടയും ഉഡായ്പുകളുമാണ്‌ വൈക്കം വിശ്വന്‍ ഉള്‍പ്പെടെയുള്ളവര്‍ മൂന്നാര്‍ സന്ദര്‍ശനത്തിലൂടെയും പ്രസ്താവനകളിലൂടെയും തുടര്‍ന്നുപോരുന്നത്‌. നാം കണ്ടതാണ്‌, മൂന്നാറില്‍ ടാറ്റ അനധികൃതമായി നിര്‍മ്മിച്ച തടയണയുടെ ആഴം ഒരു കോലുകൊണ്ട്‌ ഇളക്കി നോക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ അടങ്ങിയ വിനോദസഞ്ചാര സംഘത്തിന്റെ മറ്റൊരു കൗശലം. മാധ്യമങ്ങള്‍ക്കുവേണ്ടി അച്ചടക്കത്തോടെ ഒരേ നിരയില്‍ മന്ത്രിമാര്‍ അടക്കമുള്ളവര്‍ നിരന്നു നില്‍ക്കുന്നതും നാം കണ്ടു. ഈ തടയണ അനധികൃതമാണെന്നും അതുകൊണ്ട്‌ പൊളിച്ച്‌ നീക്കാന്‍ ടാറ്റയോട്‌ ഉത്തരവിടണമെന്ന്‌ സര്‍ക്കാരിന്‌ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഉപസമിതി തലവനെന്ന ധാര്‍ഷ്ട്യത്തില്‍ കോടിയേരി പറഞ്ഞത്‌ നാം കേട്ടതുമാണ്‌. എന്നാല്‍, ഇന്നുവരെ അതനുസരിച്ചുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. മറിച്ച്‌ മൂന്നാറില്‍ ഒരിഞ്ച്‌ സ്ഥലം പോലും കൈയ്യേറിയിട്ടില്ലെന്നും മൂന്നാറിലെ ചിട്ടിവരയിലും കുണ്ടളയിലും നിര്‍മിച്ച തടയണകള്‍ പൊളിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ജില്ലാ കളക്ടറുടെ നോട്ടീസ്‌ ക്രമരഹിതമാണെന്ന്‌ ഹൈക്കോടതിയില്‍ ബോധിപ്പിക്കാനും ടാറ്റയ്ക്ക്‌ അവസരമൊരുക്കുകയായിരുന്നു ഈ കൗശലരാജക്കന്‍മാരെല്ലാം. ഇങ്ങനെ നിയമനടപടികളിലൂടെ ഹൈക്കോടതിയുടെ തന്നെ ഉത്തരവിന്‌ പാര പണിയാനാണ്‌ വൈക്കം വിശ്വനും ഇ.പി. ജയരാജനും കോടിയേരി ബാലകൃഷ്ണനുമൊക്കെ അടങ്ങുന്ന മുറ്റിയ സഖാക്കളുടെ ലക്ഷ്യം.ആതിരേ, ഇത്‌ ആദ്യം സൂചിപ്പിച്ച ഇടുക്കി ജില്ലയുടെ മറ്റു കൈയ്യേറ്റങ്ങള്‍ തമസ്കരിക്കാനുള്ള ബോധപൂര്‍വമുള്ള ജനവഞ്ചനയാണ്‌.
ഇടുക്കി ജില്ലാ ആസ്ഥാനത്ത്‌ ജില്ലാ ഭരണകൂടത്തിന്റെ കണ്‍മുന്നില്‍ തന്നെ നൂറ്‌ കണക്കിന്‌ ചെറുകിട കയ്യേറ്റങ്ങളാണ്‌ അധികാരം സ്ഥാപിച്ചിട്ടുള്ളത്‌. കുമളിയില്‍ ഫ്ലാറ്റ്‌ സമുച്ചയം നിര്‍മ്മിക്കുന്നത്‌ വനഭൂമി കൈവശപ്പെടുത്തിയാണ്‌. അടിമാലിയില്‍ കുമളി ഗാന്ധിപാര്‍ക്കിന്‌ സമീപം ഇരുപത്‌ സെന്റോളം വനം-റവന്യൂ ഭൂമി കയ്യേറിയാണ്‌ പത്തനംതിട്ട സ്വദേശികള്‍ കെട്ടിടസമുച്ചയം നിര്‍മ്മിക്കുന്നത്‌. പതിനൊന്ന്‌ നിലകളിലായി 113 ഫ്ലാറ്റുകളാണ്‌ ലക്ഷ്യമിട്ടിട്ടുള്ളത്‌.
കല്ലാര്‍കുട്ടിക്കും പനംകുട്ടിക്കുമിടയില്‍ വന്‍ മല ഇടിച്ചു നിരത്തിയാണ്‌ കരമണല്‍ ഖാനനം നടത്തുന്നത്‌. കല്ലാര്‍കുട്ടി ഡാമില്‍ നിന്ന്‌ നൂറ്‌ മീറ്റര്‍ അകലെയാണ്‌ രാത്രിയിലും അവധി ദിവസങ്ങളിലും കരമണല്‍ ഖാനനം തകൃതിയായി നടക്കുന്നത്‌. മലയിടിച്ചില്‍ സാധ്യതയുള്ള മേഖലയിലാണ്‌ ഈ കൊള്ള.
മൂന്ന്‌ വര്‍ഷം മുമ്പ്‌ മുഖ്യമന്ത്രി ചിന്നക്കനാല്‍ സന്ദര്‍ശിക്കുന്നതിനിടെ ഗ്യാപ്‌ റോഡില്‍ ദേശീയപാതയ്ക്ക്‌ സമീപം സര്‍ക്കാര്‍ ഭൂമി കയ്യേറി റോഡ്‌ വെട്ടിയത്‌ തടഞ്ഞതാണ്‌. എന്നാല്‍, കീഴ്ക്കാം തൂക്കായ മലയിടിച്ച്‌ ഇപ്പോള്‍ പണിപൂര്‍ത്തിയാക്കി, കയ്യേറ്റക്കാര്‍ പുതിയ ഷെഡ്ഢും പണിതു.
ചിന്നക്കനാലില്‍ പുതുതായി നിരവധി റിസോര്‍ട്ടുകളാണ്‌ ഉയര്‍ന്നുവന്നിട്ടുള്ളത്‌. പലയിടത്തും തകരഷീറ്റുകൊണ്ടും ഗ്രീന്‍ നെറ്റുകൊണ്ടും മറച്ചും വന്‍ മതിലുകളുടെ സംരക്ഷണത്തിലുമാണ്‌ നിര്‍മാണം. കഴിഞ്ഞ ദൗത്യസംഘം പോയശേഷം പോതമേട്ടിലും കണ്ണന്‍ദേവന്‍ ഹില്‍ റിര്‍വ്‌ ഭൂമിയിലും പുതിയ റിസോര്‍ട്ടുകളും തടയണകളും നിര്‍മ്മിച്ചിട്ടുണ്ട്‌. വാഗമണ്ണില്‍ മലനിരകള്‍ ഇടിച്ചുനിരത്തിക്കൊണ്ടുള്ള നിര്‍മാണം തകൃതിയാണ്‌. മൊട്ടക്കുന്നുകള്‍ തലങ്ങും വിലങ്ങും കീറിയാണ്‌ റോഡ്‌ നിര്‍മിച്ചിട്ടുള്ളത്‌. എറണാകുളം, കോട്ടയം, ചങ്ങനാശേരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വന്‍കിട ലോബികളാണ്‌ ഇതിന്‌ പിന്നിലുള്ളത്‌.
ഇതിനിടെ ചിന്നക്കനാല്‍ വില്ലേജില്‍ റവന്യൂ-സര്‍വേ വകുപ്പധികൃതര്‍ നടത്തിയ പരിശോധനയില്‍ നൂറ്‌ കണക്കിന്‌ ഏക്കര്‍ സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്‌. സൂര്യനെല്ലി, ചിന്നക്കനാല്‍ വിലക്ക്‌, ചെമ്പകത്തുഴു എന്നിവിടങ്ങളിലാണ്‌ ഈ കയ്യേറ്റം കണ്ടെത്തിയിട്ടുള്ളത്‌. ആദിവാസികള്‍ക്കായി അളന്നിട്ട സ്ഥലങ്ങളുള്‍പ്പെടെ വനഭൂമിയും ഇങ്ങനെ കയ്യടിക്കിയിട്ടുണ്ട്‌. ഇതെല്ലാം ഹിമാനിയുടെ മുകള്‍പരപ്പ്‌ മാത്രമാണ്‌. തേടിപ്പോയാല്‍ ഞെട്ടിപ്പോകുന്ന വനം കയ്യേറ്റ വാസ്തവങ്ങളാണ്‌ ഈ മലനിരകളില്‍ നിന്ന്‌ നമുക്ക്‌ നേരെ കുരച്ച്‌ ചാടുക.
ഇവിടെയാണ്‌ ആതിരേ, വൈക്കം വിശ്വന്റെ കൗശലപത്രസമ്മേളനം വിശകലന വിഷയമാകുന്നത്‌. ഇടുക്കി ജില്ലയില്‍ ഭൂമി സംബന്ധമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനും പരിഹാരം നിര്‍ദേശിക്കുന്നതിനും സിപിഎം സംസ്ഥാന സമിതി വൈക്കം വിശ്വന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. ആ കമ്മിറ്റി, ജില്ലയുടെ ചരിത്രവുമായി ബന്ധപ്പെട്ട്‌ രാജഭരണ കാലം മുതല്‍ 2008 വരെയുള്ള കാലഘട്ടത്തിലെ മുഴുവന്‍ രേഖയും പഠിച്ച്‌ (?) 2008 മാര്‍ച്ചില്‍ സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചതുമാണ്‌. പതിനാറ്‌ നിര്‍ദേശങ്ങളായിരുന്നു അതിലുണ്ടായിരുന്നത്‌. ജില്ലയില്‍ ഇപ്പോഴുള്ള വനഭൂമിയും ഏലക്കാടുകളും മറ്റ്‌ തോട്ടങ്ങളും അതുപോലെ തന്നെ നില നിര്‍ത്തുന്നതിനും ഫലപ്രദമായി സംരക്ഷിക്കുന്നതിനും നടപടി സ്വീകരിക്കുക എന്നതായിരുന്നു അതില്‍ ഒന്നാമത്തേതും ഏറ്റവും പ്രധാനമായതും. എന്നാല്‍, ഈ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഒന്നും ഇതുവരെ നടപ്പിലായിട്ടില്ല. താന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ പോലും നടപ്പിലാക്കാത്ത ഒരു സര്‍ക്കാര്‍ വേണം മൂന്നാറിലെ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടിയെടുക്കേണ്ടതെന്ന്‌ വൈക്കം വിശ്വം ആവശ്യപ്പെടുമ്പോള്‍ അദ്ദേഹം ഉള്‍പ്പെടെയുള്ളവര്‍ ഏറിയ നാളത്തെ ഗൃഹപാഠത്തിന്‌ ശേഷം നടപ്പിലാക്കിയ കൗശലങ്ങളുടെ വ്യാപ്തി എത്രയാണെന്ന്‌ ഊഹിക്കുക. എന്നിട്ട്‌ മൂന്നാര്‍ അടക്കമുള്ള ഇടുക്കി ജില്ലയിലെ അനധികൃത കൈയ്യേറ്റങ്ങള്‍ക്ക്‌ എന്ത്‌ സംഭവിക്കുമെന്ന്‌ വെറുതെ ഒന്ന്‌ ചിന്തിക്കുക.....
ചിരിച്ച്‌ മണ്ണുകപ്പാന്‍ സുരാജ്‌ വെഞ്ഞാറമൂടിന്റെ നമ്പറുകളൊന്നും വേണ്ടെന്ന്‌ ഇപ്പോള്‍ ബോധ്യമാകുന്നില്ലേ, ആതിരേ?

No comments: