Friday, February 26, 2010

ആ പശുക്കള്‍ എവിടെപ്പോയി?


പശുവിനെ ആവശ്യമില്ലാത്തവരായിരുന്നു ഇവരില്‍ പലരും. എന്നിട്ടും ഇവര്‍ പശുക്കളെ വാങ്ങിയതായി രേഖയുണ്ടാക്കി. മൃഗസംരക്ഷണ വകുപ്പില്‍ നിന്ന്‌ ആനുകൂല്യ തുക കൈപ്പറ്റുകയായിരുന്നു. ഇതിന്‌ ഒത്താശ നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്ക്‌ ആവശ്യമായ പടിയും നല്‍കിയിരുന്നു. ഇത്‌ ഒരുകൂട്ടരുടെ രീതി. മറ്റൊരു കൂട്ടരാകട്ടെ പശുവിനെ വാങ്ങി ആനുകൂല്യങ്ങള്‍ കൈപ്പറ്റിയ ശേഷം ദിവസങ്ങള്‍ക്ക്‌ ശേഷം അതിനെ അറവുകാര്‍ക്ക്‌ വിറ്റ്‌ അതിന്റെ പണവും കൈക്കലാക്കും. ഈ തട്ടിപ്പാണ്‌ കഴിഞ്ഞ പതിമൂന്ന്‌ വര്‍ഷമായി ക്ഷീരവികസനത്തിന്റെ പേരില്‍ കേരളത്തില്‍ നടന്നത്‌; നടന്നുകൊണ്ടിരിക്കുന്നത്‌. അരിയില്ലെങ്കില്‍ രണ്ടു കോഴിമുട്ടയും ഒരുഗ്ലാസ്‌ പാലും കുടിച്ചാല്‍ പോരെ എന്നുചോദിച്ച സി. ദിവാകരന്‍ ഭരിക്കുന്ന വകുപ്പിന്റെ കീഴിലാണ്‌ ഈ വലിയ ജനകീയ അട്ടിമറി കഴിഞ്ഞ മൂന്നരവര്‍ഷത്തിലധികം കാലമായി തുടര്‍ന്നുപോന്നത്‌. അതേക്കുറിച്ച്‌ അന്വേഷിക്കാന്‍ പോലും ഭക്ഷ്യമന്ത്രി തയ്യാറായിട്ടില്ല എന്നുപറയുമ്പോള്‍ കബളിപ്പിക്കലും അട്ടിമറിയും മേല്‍ത്തട്ടില്‍ നിന്നുതന്നെ നടക്കുന്നു എന്നാണര്‍ത്ഥം. സംഘടിതമായ രീതയില്‍ ഈ തട്ടിപ്പ്‌ തുടരുമ്പോഴാണ്‌ അര്‍ഹതപ്പെട്ട ക്ഷീരകര്‍ഷകര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെ ബുദ്ധിമുട്ടുന്നത്‌. പശുവിതരണത്തിന്‌ പദ്ധതിയിട്ടപ്പോള്‍, പഞ്ചായത്തുകള്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തപ്പോള്‍ ഇത്‌ സംബന്ധിച്ച ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ട കൈകളിലാണ്‌ എത്തുന്നതെന്ന്‌ ഉറപ്പാക്കിയിരുന്നെങ്കില്‍ ഇപ്പോഴത്തെ ക്ഷീരക്ഷാമം ഉണ്ടാകുമായിരുന്നില്ല. ആസൂത്രണത്തിലെ പിഴവായിട്ടൊന്നും ഇതിനെ വിശേഷിപ്പിക്കാനാവുകയില്ല. മറിച്ച്‌ ആസൂത്രിതമായി നടത്തിയ വന്‍ അട്ടിമറിയും അഴിമതിയുമാണിത്‌. ഈ നാട്ടില്‍ പിന്നെങ്ങനെ പശുക്കള്‍ പാല്‌ ചുരത്തും.

ആതിരേ, അതിരൂക്ഷമായ ക്ഷീരക്ഷാമം നേരിടുകയാണ്‌ കേരളം. ഉപഭോക്താക്കള്‍ക്ക്‌ ആവശ്യത്തിനുള്ള പാല്‍ നല്‍കാനാവാതെ പ്രതിസന്ധിയിലായിരിക്കുകയാണ്‌ മില്‍മ.കേരളം കാണികണ്ടുണരുന്നത്‌ ഇപ്പോള്‍ നന്മയല്ല പാലുമായി ബന്ധപ്പെട്ട തിന്മയാണ്‌.അപ്പോഴും മഹാരാഷ്ട്രയില്‍ നിന്ന്‌ കൊണ്ടുവന്ന പാല്‍പ്പൊടി ഉപയോഗിച്ച്‌ പാല്‍ക്ഷാമത്തിന്‌ താല്‍ക്കാലിക പരിഹാരം കണ്ടെത്തിയെന്നാണ്‌ മില്‍മയുടേയും ദിവാകരന്‍ മന്ത്രിയുടേയും അവകാശവാദം
എന്തുകൊണ്ടാണ്‌ കേരളത്തില്‍ ഇത്രയ്ക്ക്‌ പാല്‍ക്ഷാമം ഉണ്ടായത്‌? ഉത്തരങ്ങള്‍ പലതാണ്‌ . കാലിവളര്‍ത്തലില്‍ നിന്ന്‌ കര്‍ഷകര്‍ പിന്മാറിയതാണ്‌ പ്രഥമ കാരണം. കാലിത്തീറ്റയുടെ വില താങ്ങാനാവാത്ത വിധം വര്‍ധിച്ചതും നെല്‍കൃഷി നശിച്ചതോടെ വൈക്കോല്‍ ലഭ്യത കുറഞ്ഞതും പച്ചപ്പുല്ല്‌ അടക്കമുള്ള കാലിത്തീറ്റയ്ക്ക്‌ ദൗര്‍ലഭ്യം നേരിട്ടതുമൊക്കെ കര്‍ഷകരെ കാലിവളര്‍ത്തലില്‍ നിന്ന്‌ പിന്തിരിപ്പിക്കുന്നതിന്‌ പ്രേരകമായ ഘടകങ്ങളാണ്‌.
എന്നാല്‍,ആതിരേ, കേരളത്തിലെ പാലുത്പാദനം വര്‍ധിപ്പിക്കാന്‍ 1996 - 1997 മുതല്‍ കേരളത്തിലെ പഞ്ചായത്തുകള്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം സൗജന്യമായി വിതരണം ചെയ്ത എണ്ണമറ്റ പശുക്കള്‍ പാല്‍ ചുരത്തിയിരുന്നെങ്കില്‍ ഇന്നത്തെ പാല്‍ക്ഷാമം ഉണ്ടാകുമായിരുന്നോ എന്ന്‌ ആരും ഗൗരവമായി ചിന്തിച്ചതായി തോന്നുന്നില്ല. ഈ പശുക്കള്‍ പാല്‍ ചുരത്തിയിരുന്നെങ്കില്‍ കേരളം ക്ഷീരസാഗരമായി മാറുമായിരുന്നല്ലൊ. അപ്പോള്‍ എന്തുപറ്റി ഈ പശുക്കള്‍ക്ക്‌?
ആ അന്വേഷണം നമ്മെ കൊണ്ടെത്തിക്കുന്നത്‌ ജനകീയാസൂത്രണത്തിന്റെ മറവില്‍ നടന്ന മറ്റൊരു വലിയ തീവെട്ടക്കൊള്ളയിലേക്കാണ്‌. സര്‍ക്കാര്‍ നല്‍കുന്ന ഏതൊരു ആനുകൂല്യവും അര്‍ഹരായവര്‍ക്ക്‌ നല്‍കാതെ അത്‌ അനര്‍ഹമായ കരങ്ങളിലെത്തിച്ച്‌ അതിന്റെ വിഹിതം പറ്റുന്ന ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പതിവ്‌ അഴിമതിയുടെ തൊഴുത്തിലാണ്‌ നാം എത്തിച്ചേരുക.
അറിയുക, ജനകീയാസൂത്രണപദ്ധതി ആരംഭിച്ച 1996 - 1997 മുതല്‍ 2010 വരെ കേരളത്തിലെ 999 പഞ്ചായത്തുകളും വാര്‍ഷിക പദ്ധതിയില്‍ ക്ഷീരകര്‍ഷകര്‍ക്ക്‌ പശുക്കളെ സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്‌. കൂടാതെ 'പശുവും തൊഴുത്തും' എന്ന പദ്ധതിയില്‍ കിടാരികളെ സൗജന്യമായി നല്‍കുന്ന പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്‌. ഒരു പഞ്ചായത്ത്‌ ശരാശരി അമ്പത്‌ പശുക്കളെ വിതരണം ചെയ്തിട്ടുണ്ടെന്നാണ്‌ കണക്ക്‌. അതായത്‌ ഒരുവര്‍ഷം കേരളത്തിലാകമാനം വിതരണം ചെയ്യപ്പെട്ടത്‌ 4995 പശുക്കളാണ്‌. ഓരോ വര്‍ഷവും ഇതാവര്‍ത്തിക്കുന്നു. അപ്പോള്‍, ജനകീയാസൂത്രണം ആരംഭിച്ച്‌ 13 വര്‍ഷം കഴിയുമ്പോള്‍ വിതരണം ചെയ്യപ്പെട്ടിട്ടുള്ള പശുക്കളുടെ എണ്ണം 64,935 ആണ്‌. ഇതുകൂടാതെയാണ്‌ പശുവും തൊഴുത്തും കിടാരിയും എന്നൊക്കെയുള്ള മറ്റ്‌ പദ്ധതികള്‍. എല്ലാം കൂടിച്ചേരുമ്പോള്‍ ഏറ്റവും കുറഞ്ഞത്‌ ഒരു ലക്ഷത്തിലധികം പശുക്കള്‍ ഈ കാലഘട്ടത്തിനിടയില്‍ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്‌. ആ പശുക്കളെല്ലാം പാല്‍ ചുരത്തിയിരുന്നെങ്കില്‍ കേരളം ഇന്ന്‌ അഭിമുഖീകരിക്കുന്ന പാല്‍ക്ഷാമം ഉണ്ടാകുമായിരുന്നില്ല എന്ന്‌ പ്രത്യേകം പറയേണ്ടതുണ്ടോ ആതിരേ..?. അതായത്‌ കഴിഞ്ഞ പതിമൂന്ന്‌ വര്‍ഷമായി കേരളത്തിന്റെ ക്ഷീരകര്‍ഷകര്‍ക്ക്‌ വിതരണം ചെയ്തു എന്നുപറയുന്ന പശുക്കളെല്ലാം ഏട്ടില്‍ ഒതുങ്ങുന്നു എന്ന്‌ സാരം.
രാഷ്ട്രപിതാവായ മഹാത്മജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ്‌ എന്ന സങ്കല്‍പ്പമാണ്‌ ജനകീയാസൂത്രണമായി കേരളത്തില്‍ പ്രത്യക്ഷപ്പെട്ടതും പ്രചരിപ്പിക്കപ്പെട്ടതും. 1996ല്‍ ഇ.കെ. നായനാല്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്‌ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ സംരംഭമായി ജനകീയാസൂത്രണം നിലവില്‍ വരുന്നത്‌. വികസനത്തില്‍ ജനപങ്കാളിത്തം, ഗ്രാമസഭകളെന്ന അധികാര കേന്ദ്രം എന്നിവയായിരുന്നു പദ്ധതിയുടെ പ്രമുഖ മുദ്രാവാക്യങ്ങള്‍. എന്നാല്‍, വിഭാവനം ചെയ്തത്‌ എന്താണോ അതൊന്നുമായിരുന്നില്ല പിന്നീട്‌ നടന്നത്‌. ക്ഷീരമുള്ള അകിടിന്‍ ചുവട്ടിലും ചോരമാത്രം കുടിക്കുന്ന കൊതുകിനെ ലജ്ജിപ്പിക്കുന്ന ലാഭമോഹികളായ രാഷ്ട്രീയക്കാര്‍ തങ്ങളുടെ തന്നിഷ്ടങ്ങള്‍ക്ക്‌ ഗ്രാമസഭകളെ വേദിയാക്കുകയായിരുന്നു എല്ലായിടത്തും. ഗ്രാമസഭകളായിരുന്നു ഓരോ സര്‍ക്കാര്‍ പദ്ധതിയിലേയും ഗുണഭോക്താക്കളെ കണ്ടെത്തിയിരുന്നത്‌. എന്നാല്‍, ഗുണഭോക്താക്കളെ കണ്ടെത്താന്‍ ഗ്രാമസഭകള്‍ എടുത്ത തീരുമാനങ്ങളെല്ലാം അട്ടിമറിക്കപ്പെടുകയായിരുന്നു. ഗ്രാമസ്വരാജ്‌ എന്തെന്നോ, സമഗ്രമായ വികസനം എന്താണെന്നോ അറിയാത്ത പഞ്ചായത്ത്‌ പ്രതിനിധികളാകട്ടെ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ആനുകൂല്യങ്ങള്‍ ഇഷ്ടക്കാര്‍ക്ക്‌ വീതിച്ചുനല്‍കി. അര്‍ഹരായവര്‍ തഴയപ്പെട്ടു. ക്ഷീരമേഖലയിലെയ്ക്ക്‌ ആതിരേ, വരള്‍ച്ച ഇറങ്ങിവന്നത്‌ അങ്ങനെയാണ്‌.
വിവിധ ഉദ്യേശ്യങ്ങളോടെയാണ്‌ കര്‍ഷകര്‍ക്ക്‌ സൗജന്യമായി പശുക്കളെ നല്‍കാന്‍ പദ്ധതി തയ്യാറാക്കിയത്‌. ക്ഷീരോത്പാദനം വര്‍ധിപ്പിക്കുക, അതുവഴി തൊഴില്‍ ലഭ്യമാക്കുക, കുടുംബത്തിന്റെ സുരക്ഷ ശക്തമാക്കുക, വളം ലഭ്യത വര്‍ധിപ്പിക്കുക തുടങ്ങിയവയെല്ലാം ലക്ഷ്യങ്ങളിലുണ്ടായിരുന്നു. ഇതൊന്നും നടപ്പിലായില്ല എന്നുമാത്രമല്ല, പൊതുഖജനാവിലെ പണം, ഇത്തരം ക്ഷീര വികസന പദ്ധതികളിലൂടെ ധൂര്‍ത്തടിക്കുകയും ചെയ്തു. അതുതന്നെയാണ്‌ സി. ദിവാകരന്‍ ഭരിക്കുമ്പോഴും അഭംഗുരമായി തുടര്‍ന്ന്‌ പോരുന്നത്‌. പശുവിതരണത്തില്‍ മാത്രമല്ല മറ്റ്‌ എല്ലാ ആനുകൂല്യങ്ങളുടെ പേരിലും തട്ടിപ്പ്‌ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്‌. സൗജന്യങ്ങള്‍ നേടാന്‍ വേണ്ടി മാത്രം ഒരുവിഭാഗത്തെ വളര്‍ത്തിയെടുത്തു എന്നതാണ്‌ ജനകീയാസൂത്രണം മൂലം ഉണ്ടായിട്ടുള്ള ഏകനേട്ടം.
പാല്‍ക്ഷാമം രൂക്ഷമായിട്ടും കേരളത്തില്‍ കഴിഞ്ഞ 13 വര്‍ഷമായി വിതരണം ചെയ്യപ്പെട്ട പശുക്കള്‍ക്ക്‌ എന്ത്‌ സംഭവിച്ചു എന്ന്‌ ബന്ധപ്പെട്ടവര്‍ അന്വേഷിക്കുന്നില്ല. ഈ ഇനത്തില്‍ കോടികള്‍ ഒഴുകിപ്പോയിട്ടുണ്ട്‌ എന്ന്‌ ബോധ്യപ്പെട്ടിട്ടും ഇപ്പോഴും ആനുകൂല്യ വിതരണം മുടക്കമില്ലാതെ തുടര്‍ന്ന്‌ പോരുന്നു. നടപ്പിലാക്കുന്ന പദ്ധതികള്‍ പ്രയോജനപ്പെട്ടിട്ടുണ്ടോ, ഫലപ്രദമായിട്ടുണ്ടോ എന്നൊക്കെ അന്വേഷിക്കാന്‍ സംവിധാനങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുള്ളത്‌. പശുവിതരണത്തിന്റെ പേരില്‍ നടത്തിയ അട്ടിമറിയുടെ വിഹിതം പറ്റിയവര്‍ തന്നെയാണ്‌ ഇതിനൊക്കെ മേല്‍നോട്ടം വഹിക്കുന്നത്‌. എന്നുമാത്രമല്ല, പാല്‍ അന്വേഷിച്ച്‌ അന്യസംസ്ഥാനങ്ങള്‍ കയറിയിറങ്ങുന്നതിന്‌ ഖജനാവില്‍ നിന്ന്‌ വന്‍തുക അടിച്ചുമാറ്റാന്‍ കഴിയുമെന്ന്‌ ഇവര്‍ക്ക്‌ ബോധ്യവുമുണ്ട്‌. ആ രീതയിലുള്ള പ്രവര്‍ത്തനങ്ങളും മുറതെറ്റാതെ നടന്നുപോരുന്നുണ്ട്‌. അന്യസംസ്ഥാനങ്ങളില്‍ നിന്ന്‌ കേരളത്തില്‍ പാല്‍ എത്തിക്കുമ്പോള്‍ ലഭിക്കുന്ന കമ്മീഷനും ഇവരുടെയൊക്കെ പോക്കറ്റില്‍ തന്നെയാണ്‌ എത്തുന്നത്‌. ഇത്തരത്തില്‍ ഏതൊരു ജനകീയ പദ്ധതിയും അട്ടിമറിച്ച്‌ പോക്കറ്റ്‌ വീര്‍പ്പിക്കുന്ന രാഷ്ട്രീയക്കാര്‍ എല്ലാ പാര്‍ട്ടിയിലുമുണ്ട്‌. മാറിമാറി വരുന്ന ഭരണം മൂലം ഈ കമ്മീഷനുകള്‍ അടിച്ചുമാറ്റാന്‍ എല്ലാ പാര്‍ട്ടിക്കര്‍ക്കും സൗകര്യമൊരുക്കുന്നു. അതുകൊണ്ടുതന്നെ അട്ടിമറിക്കപ്പെട്ട ഈ ക്ഷീര വികസന പദ്ധതിയുടെ വിശദാംശങ്ങള്‍ ഇവരെല്ലാം മറച്ചുപിടിക്കുകയും ചെയ്യുന്നു. ഈ കബളിപ്പിക്കലിന്റെ ബാക്കിപത്രമാണ്‌ കേരളം ഇപ്പോള്‍ അനുഭവിക്കുന്ന ക്ഷീരക്ഷാമം.
ഓരോ സാമ്പത്തിക വര്‍ഷവും പഞ്ചായത്തുകള്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ പരമാവധി ആനുകൂല്യങ്ങള്‍ സ്വന്തം രാഷ്ട്രീയക്കാര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും എത്തിച്ചുകൊടുക്കുന്ന ഇടനിലക്കാരായി പഞ്ചായത്ത്‌ അംഗങ്ങള്‍ തരംതാണിടത്തു നിന്നാണ്‌ ആതിരേ, ഈ കബളിപ്പിക്കലിന്റെ, വഞ്ചനയുടെ കൃത്രിമ ബീജസങ്കലനം ആരംഭിച്ചത്‌. വീടും കിണറും കക്കൂസും രാഷ്ട്രീയ ആനുകൂല്യങ്ങളും വിതരണം ചെയ്ത ശേഷവും അവശേഷിച്ച സ്വന്തക്കാരെ തൃപ്തിപ്പെടുത്താനാണ്‌ പശുക്കളെ നല്‍കിയത്‌. പശുവിനെ ആവശ്യമില്ലാത്തവരായിരുന്നു ഇവരില്‍ പലരും. എന്നിട്ടും ഇവര്‍ പശുക്കളെ വാങ്ങിയതായി രേഖയുണ്ടാക്കി. മൃഗസംരക്ഷണ വകുപ്പില്‍ നിന്ന്‌ ആനുകൂല്യം കൈപ്പറ്റുകയായിരുന്നു. ഇതിന്‌ ഒത്താശ നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്ക്‌ ആവശ്യമായ പടിയും നല്‍കിയിരുന്നു. ഇത്‌ ഒരുകൂട്ടരുടെ രീതി. മറ്റൊരു കൂട്ടരാകട്ടെ പശുവിനെ വാങ്ങി ആനുകൂല്യങ്ങള്‍ കൈപ്പറ്റിയ ശേഷം ദിവസങ്ങള്‍ക്ക്‌ ശേഷം അതിനെ അറവുകാര്‍ക്ക്‌ വിറ്റ്‌ അതിന്റെ പണവും കൈക്കലാക്കി. ഈ തട്ടിപ്പാണ്‌ കഴിഞ്ഞ പതിമൂന്ന്‌ വര്‍ഷമായി ക്ഷീരവികസനത്തിന്റെ പേരില്‍ കേരളത്തില്‍ നടന്നത്‌; നടന്നുകൊണ്ടിരിക്കുന്നത്‌. അരിയില്ലെങ്കില്‍ രണ്ടു കോഴിമുട്ടയും ഒരുഗ്ലാസ്‌ പാലും കുടിച്ചാല്‍ പോരെ എന്നുചോദിച്ച സി. ദിവാകരന്‍ ഭരിക്കുന്ന വകുപ്പിന്റെ കീഴിലാണ്‌ ഈ വലിയ ജനകീയ അട്ടിമറി കഴിഞ്ഞ മൂന്നരവര്‍ഷത്തിലധികം കാലമായി തുടര്‍ന്നുപോരുന്നതെന്നോര്‍ക്കണം. അതേക്കുറിച്ച്‌ അന്വേഷിക്കാന്‍ പോലും ഭക്ഷ്യമന്ത്രി തയ്യാറായിട്ടില്ല എന്നുപറയുമ്പോള്‍ കബളിപ്പിക്കലും അട്ടിമറിയും മേല്‍ത്തട്ടില്‍ നിന്നുതന്നെ നടക്കുന്നു എന്നാണര്‍ത്ഥം.
സംഘടിതമായ രീതയില്‍ ഈ തട്ടിപ്പ്‌ തുടരുമ്പോഴാണ്‌ അര്‍ഹതപ്പെട്ട ക്ഷീരകര്‍ഷകര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെ ബുദ്ധിമുട്ടുന്നത്‌. പശുവിതരണത്തിന്‌ പദ്ധതിയിട്ടപ്പോള്‍, പഞ്ചായത്തുകള്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തപ്പോള്‍ ഇത്‌ സംബന്ധിച്ച ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ട കൈകളിലാണ്‌ എത്തുന്നതെന്ന്‌ ഉറപ്പാക്കിയിരുന്നെങ്കില്‍ ഇപ്പോഴത്തെ ക്ഷീരക്ഷാമം ഉണ്ടാകുമായിരുന്നില്ല. ആസൂത്രണത്തിലെ പിഴവായിട്ടൊന്നും ഇതിനെ വിശേഷിപ്പിക്കാനാവുകയില്ല. മറിച്ച്‌ ആസൂത്രിതമായി നടത്തിയ വന്‍ അട്ടിമറിയും അഴിമതിയുമാണിത്‌.
ഈ നാട്ടില്‍, ആതിരേ, പിന്നെങ്ങനെ പശുക്കള്‍ പാല്‌ ചുരത്തും.

No comments: