Friday, March 5, 2010

ആരാണീ അഴീക്കോട്‌?


കേരളത്തിന്റെ സാംസ്കാരിക ജിഹ്വയായി സ്വയം പ്രഖ്യാപിച്ച്‌ ഏത്‌ വിഷയത്തിലും തന്റെ അഭിപ്രായം പ്രകടിപ്പിക്കുന്നത്‌ അഴീക്കോടിന്റെ രീതിയാണ്‌. ഒരു വ്യക്തിയെന്ന നിലയ്ക്ക്‌ അദ്ദേഹത്തിന്‌ ഏത്‌ വിഷയത്തെ കുറിച്ചും എത്ര ഹീനമായ അഭിപ്രായവും സ്വരൂപിക്കാവുന്നതാണ്‌. എന്നാല്‍, അത്തരം അഭിപ്രായങ്ങള്‍ പൊതുവേദിയില്‍ ഉന്നയിക്കുമ്പോള്‍ വിലയിടിയുന്നത്‌ സാംസ്കാരിക നായകനായും സാഹിത്യ വിമര്‍ശകനായും ജ്ഞാനിയായുമൊക്കെ സ്വയം അഹങ്കരിക്കുന്ന സുകുമാര്‍ അഴീക്കോടിനാണ്‌. ഞാന്‍ നാല്‍പത്‌ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ടെന്നും ആയിരക്കണക്കിന്‌ വേദികളില്‍ പ്രസംഗിച്ചിട്ടുണ്ടെന്നും ഒക്കെ അഹങ്കരിക്കുമ്പോള്‍ സുകുമാര്‍ അഴീക്കോടിന്റെ ചെറ്റത്തരമാണ്‌ വ്യക്തമാകുന്നത്‌. മോഹന്‍ലാലിനെതിരെ അദ്ദേഹം നടത്തിയ നീചമായ അഭിപ്രായ പ്രകടനങ്ങളെ പ്രതിരോധിക്കാന്‍ ലാലോ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരോ അഴീക്കോടിന്റെ വിലാസിനി ടീച്ചര്‍- നിമിഷ ടീച്ചര്‍ ബന്ധങ്ങളും മൂത്തകുന്നം ട്രെയിനിംഗ്‌ കോളെജ്‌ പ്രിന്‍സിപ്പാള്‍ ആയിരിക്കെ ഔദ്യോഗിക ലെറ്റര്‍ പാടില്‍ ഇരുവര്‍ക്കും എഴുതിയ കാമലേഖനങ്ങളും, വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്ത്‌ മുതലെടുത്തതും, പിന്നെ ഉപയോഗിച്ചു കഴിഞ്ഞ കോണ്‍ഡം പോലെ അവരെ ഉപേക്ഷിച്ചതുമൊക്കെ വലിച്ച്‌ തെരുവില്‍ ഇട്ടിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി? മാക്സ്‌ മുള്ളര്‍ പുരാണങ്ങള്‍ക്ക്‌ ആംഗലേയത്തില്‍ ഭാഷ്യം ചമച്ചില്ലായിരുന്നെങ്കില്‍ അഴീക്കോട്‌ ആകാശത്തോളം അഭിമാനിക്കുന്ന ' തത്ത്വമസി' എന്ന കൃതി, സംഭവിക്കുകില്ലായിരുന്നു എന്നു പറഞ്ഞിരുന്നെങ്കിലോ..?
ആതിരേ, കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളത്തിലെ വാര്‍ത്താമാധ്യമങ്ങളില്‍, ഒരിക്കല്‍ കൂടി വിവാദ നായകനായി നിറഞ്ഞുനില്‍ക്കുകയായിരുന്നു ഡോ. സുകുമാര്‍ അഴീക്കോട്‌. സിനിമ സംഘടനകളും നടന്‍ തിലകനും തമ്മില്‍ രൂപപ്പെട്ടു എന്നു പറയുന്ന ചില തര്‍ക്കവിഷയങ്ങളില്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ചുകൊണ്ട്‌ രംഗത്തെത്തിയ അഴീക്കോടാണ്‌ വിവാദത്തിന്റെ സ്വഭാവം മാറ്റിയതും അതിനെ അശ്ലീലമാക്കിയതും.
ഒരു സൂപ്പര്‍ താരത്തിന്റെ ചൊല്‍പ്പടിയ്ക്ക്‌ നില്‍ക്കുന്ന നിര്‍മാതാക്കള്‍ തനിക്ക്‌ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നു എന്ന പരസ്യ പ്രസ്ഥാവനയുമായി നടന്‍ തിലകന്‍ രംഗത്ത്‌ വന്നതോടെയാണ്‌ സിനിമാ - സാഹിത്യ രംഗത്തെ പ്രക്ഷുബ്ദമാക്കിയ വിവാദ പ്രസ്താവനകളുടെയും ആരോപണ പ്രത്യാരോപണങ്ങളുടെയും തുടക്കം. ഫെഫ്ക്കയും അമ്മയും തിലകന്റെ പരസ്യ പ്രസ്താവനകളോട്‌ വിയോജിച്ചും അദ്ദേഹം സംഘടനയുടെ അച്ചടക്കം ലംഘിച്ചും എന്നാരോപിച്ചുഅദ്ദേഹത്തോട്‌ വിശദീകരണം ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍, വിശദീകരണം നല്‍കാന്‍ താന്‍ തയ്യാറല്ല എന്നായിരുന്നു പതിവ്‌ ധിക്കാരത്തോടെ തിലകന്റെ മറുപടി. ഒരു നടനും അദ്ദേഹവുമായി ബന്ധപ്പെടുന്ന ചില സംഘടനകളും തമ്മിലുള്ള ലഘുവായ പ്രശ്നമായി അവസാനിക്കേണ്ടിയിരുന്ന ഈ തര്‍ക്കം സുകുമാര്‍ അഴീക്കോട്‌ ഏറ്റുപിടിച്ചതോടെയാണ്‌, ആതിരേ, ഏറ്റവും അശ്ലീലം നിറഞ്ഞ ആരോപണപ്രത്യാരോപണങ്ങളുടെ ചിറകള്‍ പൊട്ടി ദുര്‍ഗന്ധപൂരിതമായ മാലിന്യങ്ങള്‍ പൊതുസമൂഹത്തിലേക്ക്‌ ഒലിച്ചിറങ്ങിയത്‌.
തിലകനെ ന്യായീകരിച്ചും, തിലകനെതിരെ ഉപരോധമേര്‍പ്പെടുത്തി എന്ന്‌ ആരോപിക്കപ്പെടുന്ന സൂപ്പര്‍ താരങ്ങളെ അധിക്ഷേപിച്ചും സുകുമാര്‍ അഴീക്കോട്‌ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ തുറന്നുപറഞ്ഞാല്‍ അദ്ദേഹത്തിന്റെ പദവിക്ക്‌ നിരക്കുന്നതോ സാമാന്യ മര്യാദ ഉള്ളതോ ആയിരുന്നില്ല. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും യാതൊരു ആവശ്യവുമില്ലാതെയാണ്‌ ഈ വിഷയവുമായി ബന്ധപ്പെടുത്തി തിലകന്‍ വിമര്‍ശിച്ചത്‌. മമ്മൂട്ടി പഴശിരാജയിലെ അഭിനയത്തിന്‌ അഞ്ചുകോടി രൂപ വാങ്ങി എന്നതാണ്‌ അഴീക്കോടിനെ ചൊടിപ്പിച്ചത്‌. വ്യക്തിപരമായി അദ്ദേഹത്തിന്മമ്മൂട്ടിയോട്‌ രോഷം കൊള്ളാം.. അതിലാര്‍ക്കും എതിര്‍പ്പൊന്നുമില്ല. എന്നാല്‍, പരസ്യമായി ഇത്തരം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ അദ്ദേഹത്തെ പോലെ ജ്ഞാനവൃദ്ധനായ (?) ഒരു വ്യക്തി പുലര്‍ത്തേണ്ട മിതത്വമോ മാന്യതയോ അഴീക്കോട്‌ പാലിച്ചില്ല. പഴശിരാജ വീട്ടിലെത്തിയാല്‍ 'പഴം രാജ' ആണ്‌ എന്നൊക്കെ അഴീക്കോട്‌ വിമര്‍ശിക്കുമ്പോള്‍ തരം താണത്‌ അദ്ദേഹം തന്നെയായിരുന്നു. മോഹന്‍ലാലിനെതിരെയും ഇതുപോലെ അനാവശ്യമായ ചില ചൂണ്ടുവിരലുകളാണ്‌ അഴീക്കോട്‌ നീട്ടിയത്‌. മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നതിനെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. തിലകന്‍ പ്രശ്നവും മലബാര്‍ ഗോള്‍ഡിന്റെ പരസ്യവും തമ്മില്‍ എന്തുബന്ധമാണ്‌ ഉള്ളതെന്ന്‌ കേട്ടവരെല്ലാം മൂക്കത്ത്‌ വിരല്‍ വെച്ച്‌ ചോദിച്ചതാണ്‌.
മോഹന്‍ലാലിനെ ഇങ്ങനെ തരം താണ രീതിയില്‍ വിമര്‍ശിച്ച അഴീക്കോട്‌ തന്നെയാണ്‌ തിലകന്‍ പ്രശ്നത്തില്‍ അനുരഞ്ജന ചര്‍ച്ചയ്ക്ക്‌ മോഹന്‍ലാലും മമ്മൂട്ടിയും തയ്യാറാണ്‌ എന്ന്‌ ലാല്‍ തന്നോട്‌ ഫോണിലൂടെ അറിയിച്ചു എന്ന്‌ വെളിപ്പെടുത്തിയത്‌. ഇത്‌ വാര്‍ത്തയായപ്പോള്‍ മോഹന്‍ലാലും പരസ്യമായ അഭിപ്രായപ്രകടനത്തിന്‌ തയ്യാറായി. താന്‍ അഴീക്കോട്‌ മാഷിനെ വിളിച്ചു എന്നത്‌ ശരിയാണെങ്കിലും തിലകന്‍ പ്രശ്നത്തില്‍ ചര്‍ച്ചയ്ക്ക്‌ തയ്യാറാണ്‌ എന്ന്‌ പറഞ്ഞിട്ടില്ല എന്നും മറിച്ച്‌ തന്നെ അനാവശ്യമായി വിവാദങ്ങളിലേക്ക്‌ വലിച്ചിഴയ്ക്കരുതെന്നാണ്‌ പറഞ്ഞതെന്നും മോഹന്‍ലാല്‍ വെളിപ്പെടുത്തി. ഒപ്പം തന്നെക്കുറിച്ച്‌ അഴീക്കോട്‌ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ വയസായ തന്റെ ഒരു അമ്മാവന്റെ അഭിപ്രായപ്രകടനങ്ങളായെ കാണുന്നുള്ളു എന്നും മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തില്‍ താന്‍ അഭിനയിച്ചാല്‍ അയാള്‍ക്കെന്താണ്‌ കാരണമെന്നും മോഹന്‍ലാല്‍ ചോദിക്കുകയാണ്ടായി. ഒരു ചാനലിന്‌ നല്‍കിയ ഹ്രസ്വമായ മറുപടിയിലായിരുന്നു വയസ്സന്‍ അമ്മാവന്‍ എന്നും അയാള്‍ എന്നും മോഹന്‍ലാല്‍ അഴീക്കോടിനെ വിശേഷിപ്പിച്ചത്‌.
ഈ വാര്‍ത്ത പുറത്തുവന്നതോടെ അഴീക്കോട്‌ വീണ്ടും കോപാക്രാന്തനായി. വയസ്സന്‍ പ്രയോഗവും അയാളെന്ന സംബോധനയുമൊക്കെയാണ്‌ അഴീക്കോടിനെ പ്രകോപിപ്പിച്ചതെന്ന്‌ പിന്നീട്‌ അദ്ദേഹത്തില്‍ നിന്നുണ്ടായ അസഹിഷ്ണുത നിറഞ്ഞ അഭിപ്രായ പ്രകടനത്തില്‍ നിന്ന്‌ വ്യക്തമാണ്‌. തന്നെ അമ്മാവന്‍ എന്നുവിളിച്ച മോഹന്‍ലാലിന്റെ വിഗ്ഗും മേയ്ക്കപ്പും മാറ്റിയാല്‍ കൂടെ അഭിനയിക്കുന്ന മധുരപ്പതിനേഴുകാരികള്‍ ബോധം കെട്ടുവീഴും എന്നായിരുന്നു അഴീക്കോടിന്റെ മുനവെച്ച മറുപടി. ഇവിടെ തന്നെ വയസ്സന്‍ എന്ന്‌ വിളിച്ചതിലെ രോഷം മാത്രമാണ്‌ കേള്‍വിക്കാര്‍ക്ക്‌ ബോധ്യമായത്‌. അല്ലാതെ മലയാള സിനിമയ്ക്ക്‌ യുവനായകന്മാര്‍ മതി എന്ന 'യുവത്വം നിറഞ്ഞ' ആശയൊന്നുമായിരുന്നില്ല അഴീക്കോടിനുണ്ടായിരുന്നതെന്ന്‌ വ്യക്തം.
ഇത്രയുമായപ്പോഴാണ്‌ മോഹന്‍ലാലും മമ്മൂട്ടിയും അംഗങ്ങളായ അമ്മയുടെ പ്രസിഡന്റ്‌ ഇന്നസെന്റ്‌ കോഴിക്കോട്‌ വാര്‍ത്താസമ്മേളനം നടത്തി അവരെ ന്യായീകരിച്ചതും അഴീക്കോടിനെ തന്റെ സ്വതസിദ്ധമായ നര്‍മ്മരീതിയില്‍ അപഹസിച്ചതും. അഴീക്കോട്‌ ഏതെങ്കിലും ജ്വല്ലറിയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ ആ സ്വര്‍ണം വാങ്ങുന്ന വ്യക്തിക്ക്‌ അത്‌ കടയില്‍ തിരിച്ചു നല്‍കേണ്ടിവരുമെന്നും വയസ്സായ അഴീക്കോട്‌ രാമനാമം ജപിച്ചും നല്ല സിനിമകള്‍ കണ്ടും അടങ്ങിയൊതുങ്ങിയിരിക്കുന്നതാണ്‌ നല്ലതെന്നും ഇന്നസെന്റ്‌ അഭിപ്രായപ്പെട്ടു. താരങ്ങളുടെ പ്രശ്നം തങ്ങള്‍ പരിഹരിച്ചുകൊള്ളാം അതിന്‌ അഴീക്കോടിന്റെ മധ്യസ്ഥത ആവശ്യമില്ല. പ്രസിദ്ധരെ വിമര്‍ശിച്ച്‌ വാര്‍ത്താപ്രാധാന്യം നേടുന്നത്‌ അഴീക്കോടിന്റെ രീതിയാണ്‌. കഥാകൃത്ത്‌ ടി. പത്മനാഭനെ പോലെയുള്ളവരുമായി അഴീക്കോടിന്റെ പ്രശ്നങ്ങള്‍ തീര്‍ത്തശേഷം മതി താരങ്ങളുടെ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കുന്നത്‌.... എന്നിങ്ങനെ പോയി ഇന്നസെന്റിന്റെ വിമര്‍ശനം.
ഈ വിമര്‍ശനങ്ങളെ ക്ഷമയോടെ സ്വീകരിക്കാന്‍ അഴീക്കോട്‌ സന്നദ്ധനായില്ല. പകരം അപ്പോള്‍ തന്നെ പത്രസമ്മേളനം വിളിച്ചുകൂട്ടി ഇന്നസെന്റിനും മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊക്കെ തന്റെ ക്രുദ്ധമായ വാക്കുകളിലൂടെ മറുപടി നല്‍കാനാണ്‌ ഉദ്യമിച്ചത്‌.
ഇന്നസെന്റ്‌ എന്ന വാക്കിന്‌ വിവരമില്ലാത്തവന്‍ എന്ന അര്‍ത്ഥമുണ്ടെന്നും ഇന്നസെന്റിനെ പോലെ ഒരാള്‍ തനിക്ക്‌ എതിരാളിയാവാന്‍ യോഗ്യനല്ല എന്നും മോഹന്‍ലാല്‍ കുങ്കുമം ചുമക്കുന്ന കഴുതയാണ്‌ എന്നും മമ്മൂട്ടിയും മോഹന്‍ലാലും കരിഞ്ഞ വടവൃക്ഷങ്ങളാണെന്നും മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ ഹേമമാലിനിയുടെ നെഞ്ചത്ത്‌ നോക്കി 'കലക്കീട്ടുണ്ട്‌ കേട്ടോ' എന്നുപറയുന്നതിന്‌ അടികൊടുക്കണമെന്നും മോഹന്‍ലാല്‍ അന്തരിച്ച സഹോദരന്‍ പ്യാരിലാലിന്റെ സ്വത്ത്‌ കൈയേറിയെന്നുമൊക്കെ ഒട്ടും മാന്യത തൊട്ടുതെറിച്ചിട്ടില്ലാത്ത അഭിപ്രായ - ആരോപണ പ്രകടനങ്ങളായിരുന്നു അഴീക്കോടില്‍ നിന്നുണ്ടായത്‌. അഴീക്കോടിന്റെ ഈ തരംതാണ അഭിപ്രായപ്രകടനങ്ങള്‍ കേട്ട്‌ അന്തിച്ചിരിക്കുകയായിരുന്നു കേരളത്തിലെ സാധാരണക്കാര്‍. അഴീക്കോടിന്റെ പക്ഷം പിടിച്ച്‌ സാംസ്കാരിക നായകന്മാരില്‍ ചിലരും ചില സംഘടനകളും രംഗത്തെത്തി. ഇതിനെ പ്രതിരോധിക്കാന്‍ മോഹന്‍ലാല്‍ ഫാന്‍സ്‌ അസോസിയേഷനും കച്ചകെട്ടി രംഗത്തിറങ്ങി. അതോടെ സാംസ്കാരിക രംഗത്തെ സ്ഫോടനാത്മകമായ ഒരന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. ഇതിനെല്ലാം കാരണം അഴീക്കോടിന്റെ അനാവശ്യത്തിലുള്ള അഭിപ്രായ പ്രകനടങ്ങളാണ്‌.
കേള്‍വിപ്പുറങ്ങള്‍ അഴീക്കോട്‌ ഇങ്ങനെ മലീമസമാക്കിയപ്പോഴാണ്‌, ആതിരേ, റിട്ട.ജസ്റ്റിസ്‌ വി.ആര്‍.കൃഷ്ണയ്യര്‍ അഴിക്കോടും മോഹന്‍ലാലും അനാവശ്യ വിവാദങ്ങളില്‍ ഇന്ന്‌ ഒഴിഞ്ഞു നില്‍ക്കണമെന്ന്‌ അഭിപ്രായപ്പെട്ടത്‌. ഇതാകട്ടെ സംസ്കാരമുള്ള , സാക്ഷരരായ എല്ലാ മലയാളികളുടേയും മനസ്സും ആഗ്രഹവുമായിരുന്നു.ഇപ്പോഴിതാ കൃഷ്ണയ്യര്‍ക്കെതിരേയും അഴീക്കോട്‌ ചന്ദ്രഹാസമിളക്കി എത്തിയിരിക്കുന്നു.കൂട്ടിന്‌ കൃഷ്ണനേയും അര്‍ജുനനേയും ഒപ്പം കൂട്ടിയിട്ടുണ്ട്‌.യുദ്ധം ചെയ്യരുതെന്ന്‌ അര്‍ജുനനോട്‌ കൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും കൃഷ്ണയ്യര്‍ വൃദ്ധനായതു കൊണ്ടാണ്‌ തന്നോട്‌ ഈ വിഷയത്തില്‍ നിന്ന്‌ പിന്മാറാന്‍ ആവശ്യപ്പെട്ടതെന്നുമാണ്‌ അഴിക്കോടിന്റെ അതിരുകളില്ലാത്ത അഹന്ത. താന്‍ ചെറുപ്പമാണെന്നു പറഞ്ഞു വയ്ക്കനും അഴിക്കോട്‌ ശ്രമിച്ചിട്ടുമുണ്ട്‌. ഇപ്പോള്‍ ദൃശ്യ-പത്ര മാദ്ധ്യമങ്ങളില്‍ നിന്ന്‌ അഴിക്കോടിന്‌ , പഴയതുപോലുള്ള അംഗീകാരവും സ്വീകരണവും കിട്ടാത്തതു കൊണ്ടാണ്‌ പ്രഗത്ഭരെ വിമര്‍ശിച്ച്‌ അദ്ദേഹം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിക്കുന്നതെന്ന ഇന്നസന്റിന്റെ ആരോപണം സാര്‍ത്ഥകമാകുകയാണിവിടെ.
അതിന്റെ തെളിവാണ്‌, ആതിരേ, വീണ്ടും മോഹന്‍ലാലിനെതിരെ മറ്റൊരു ആരോപണവുമായി അഴീക്കോട്‌ രംഗത്തെത്തിയത്‌.മലബാര്‍ഗോള്‍ഡിന്റെ പരസ്യത്തില്‍ മൊഹന്‍ലാല്‍ പട്ടാളവേഷത്തില്‍ പ്രത്യക്ഷപ്പെട്ടതിനെയാണ്‌ (ആഗസ്റ്റ്‌ 15 ന്‌)വിമര്‍ശിക്കുന്നതെന്ന്‌ തോന്നുമെങ്കിലും പോത്തിനെ ചാരി എരുമയെ വെടിവയ്ക്കുന്ന
വെടക്ക്‌ പരിപാടിയാണ്‌ അഴീക്കോടിന്റേത്‌.മോഹന്‍ലാലിന്‌ ഓണററി ഡോക്ടറേറ്റ്‌ നല്‍കാനുള്ള കാലടി സംസ്‌കൃത സര്‍വകലാശാലയുടെ തീരുമാനം അദ്ദേഹത്തിന്‌ ദഹിക്കുന്നില്ല.വികലമായതും ഗര്‍ഹണീയമായതുമായ ന്യായങ്ങളാണ്‌ ഇതിനൊക്കെ അഴിക്കോട്‌ നിരത്തുന്നത്‌.അഴീക്കോടിനെപ്പോലെയുള്ള ഒരു 'സമ്മുന്നത വ്യക്തിത്വത്തില്‍ (?) നിന്ന്‌ മലയാളികള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത അസഹിഷ്ണുതയും അസൂയയുമൊക്കെയാണ്‌ പണ്ഡിതമെന്ന്‌ അദ്ദേഹം അഹങ്കരിക്കുന്ന വാക്കുകളിലുള്ളത്‌. വാര്‍ദ്ധക്യം അസഹിഷ്ണുതയുടേയും അസഹനീയമായ ഇടപെടലുകളുടേതുമാണെന്ന ധാരണയെ അടിവരയിട്ടുറപ്പിക്കുകയാണ്‌ അഴീക്കോട്‌.നീചമായ ആരോപണങ്ങളാണ്‌ ഇതിനൊപ്പം ' അമ്മ'യുടെ ഇപ്പോഴത്തെ നെതൃത്വത്തിനെതിരെ അദ്ദേഹം ഉയര്‍ത്തുന്നത്‌.' അമ്മ'യില്‍ അംഗത്വം ലഭിക്കാന്‍ ലൂഗീകചൂഷണം വരെ നടത്തുന്നു എന്നാണ്‌ അഴീക്കോടിന്റെ പുതിയ വെളിപാട്‌. മൂന്നാംകിട സിനിമാ ഗോസിപ്പുകളേയും ലജ്ജിപ്പിക്കുന്ന്താണ്‌ അഴീക്കോടിന്റെ ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകളും വെളിപാടുകളും... ആള്‍ക്കൂട്ടത്തിന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ " അന്നനാളത്തിന്റെ മറ്റേ അറ്റം കൊണ്ട്‌ " ( പ്രയോഗത്തിന്‌ കടപ്പാട്‌: പ്രഫ.എം.കൃഷ്ണന്‍ നായര്‍ ) ശബ്ദകോലാഹലം സൃഷ്ടിക്കുകയാണ്‌ അഴീക്കോട്‌ എന്ന കാര്യത്തില്‍ സംശയമില്ല
ആരാണീ അഴീക്കോട്‌?
കേരളത്തിന്റെ സാംസ്കാരിക ജിഹ്വയായി സ്വയം പ്രഖ്യാപിച്ച്‌ ഏത്‌ വിഷയത്തിലും തന്റെ അഭിപ്രായം പ്രകടിപ്പിക്കുന്നത്‌ അഴീക്കോടിന്റെ രീതിയാണ്‌. ഒരു വ്യക്തിയെന്ന നിലയ്ക്ക്‌ അദ്ദേഹത്തിന്‌ ഏത്‌ വിഷയത്തെ കുറിച്ചും എത്ര ഹീനമായ അഭിപ്രായവും സ്വരൂപിക്കാവുന്നതാണ്‌. എന്നാല്‍, അത്തരം അഭിപ്രായങ്ങള്‍ പൊതുവേദിയില്‍ ഉന്നയിക്കുമ്പോള്‍ വിലയിടിയുന്നത്‌ സാംസ്കാരിക നായകനായും സാഹിത്യ വിമര്‍ശകനായും ജ്ഞാനിയായുമൊക്കെ സ്വയം അഹങ്കരിക്കുന്ന സുകുമാര്‍ അഴീക്കോടിനാണ്‌. ഞാന്‍ നാല്‍പത്‌ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ടെന്നും ആയിരക്കണക്കിന്‌ വേദികളില്‍ പ്രസംഗിച്ചിട്ടുണ്ടെന്നും ഒക്കെ അഹങ്കരിക്കുമ്പോള്‍ സുകുമാര്‍ അഴീക്കോടിന്റെ ചെറ്റത്തരമാണ്‌ വ്യക്തമാകുന്നത്‌. മോഹന്‍ലാലിനെതിരെ അദ്ദേഹം നടത്തിയ നീചമായ അഭിപ്രായ പ്രകടനങ്ങളെ പ്രതിരോധിക്കാന്‍ ലാലോ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരോ അഴീക്കോടിന്റെ വിലാസിനി ടീച്ചര്‍- നിമിഷ ടീച്ചര്‍ ബന്ധങ്ങളും മൂത്തകുന്നം ട്രെയിനിംഗ്‌ കോളെജ്‌ പ്രിന്‍സിപ്പാള്‍ ആയിരിക്കെ ഔദ്യോഗിക ലെറ്റര്‍ പാടില്‍ ഇരുവര്‍ക്കും എഴുതിയ കാമലേഖനങ്ങളും, വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്ത്‌ മുതലെടുത്തതും, പിന്നെ ഉപയോഗിച്ചു കഴിഞ്ഞ കോണ്‍ഡം പോലെ അവരെ ഉപേക്ഷിച്ചതുമൊക്കെ വലിച്ച്‌ തെരുവില്‍ ഇട്ടിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി? മാക്സ്‌ മുള്ളര്‍ പുരാണങ്ങള്‍ക്ക്‌ ആംഗലേയത്തില്‍ ഭാഷ്യം ചമച്ചില്ലായിരുന്നെങ്കില്‍ അഴീക്കോട്‌ ആകാശത്തോളം അഭിമാനിക്കുന്ന ' തത്ത്വമസി' എന്ന കൃതി, സംഭവിക്കുകില്ലായിരുന്നു എന്നു പറഞ്ഞിരുന്നെങ്കിലോ..?
ഏതായാലും സുകുമാര്‍ അഴീക്കോടിനോളം സാംസ്കാരികമായി മോഹന്‍ലാല്‍ അധപതിക്കാതിരുന്നതുകൊണ്ട്‌ അത്തരം അശ്ലീലങ്ങളൊന്നും ജനം അറിഞ്ഞില്ല. സംസ്കാരം, സാഹിത്യം, രാഷ്ട്രീയം, ആദ്യാത്മികം, കല എന്നീ വിഷയങ്ങളിലെല്ലാം ആധികാരികമായി അഭിപ്രായം പ്രകടിപ്പിക്കാന്‍ കേരളത്തില്‍ താന്‍ മാത്രമേയുള്ളു എന്ന അഴീക്കോടിന്റെ അഹന്തയാണ്‌ ഇത്തരത്തിലുള്ള അസഹിഷ്ണുത നിറഞ്ഞതും അനവസരത്തിലുള്ളതും അതിനീചവുമായ അഭിപ്രായ പ്രകടനങ്ങളുടെ ആരൂഢം ഇനിയെങ്കിലും ആ വൈകല്യം തിരിച്ചറിഞ്ഞ്‌ മൗനം പുലര്‍ത്താന്‍ അഴീക്കോട്‌ മാന്യത കാണിച്ചാല്‍ അതായിരിക്കും അദ്ദേഹത്തിന്‌ പൊതുസമൂഹത്തോട്‌ ചെയ്യാവുന്ന ഏറ്റവും ലളിതവും നല്ലതുമായ കാര്യം. ഇത്‌ തിരിച്ചറിയാനുള്ള പക്വത അദ്ദേഹത്തിനുണ്ടാകട്ടെ എന്നല്ലെ വിനീതമായി ആഗ്രഹിക്കാന്‍ കഴിയൂ .ഒപ്പം തെറിക്കുത്തരം മുറിപ്പത്തല്‍ എന്നൊരു ചൊല്ല്‌ മലയാളത്തിലുണ്ട്‌ എന്ന്‌ അഴീക്കോടിനെ ഓര്‍മ്മിപ്പിക്കേണ്ടതുമില്ലേ, ആതിരേ..?