Wednesday, March 31, 2010

ചെന്നിത്തലയും വയലാര്‍ രവിയും ഭയപ്പെടുന്നത്‌ ആരെ


യുവജനശക്തിയെ ക്രിയത്മകമായി ദിശ തിരിച്ചുവിടേണ്ട ഡിവൈഎഫ്‌ഐയും യൂത്ത്‌ കോണ്‍ഗ്രസുമൊക്കെ ഇത്തരത്തില്‍ അധഃപതിക്കുമ്പോള്‍ മുതലെടുക്കാന്‍ എത്തുന്നത്‌ ന്യൂനപക്ഷ തീവ്രവാദത്തിന്റേ തടിയന്റവിടെ നസീര്‍മാരും ഭൂരിപക്ഷ തീവ്രവാദത്തിന്റെ കര്‍സേവകരുമാണ്‌. ജനാധിപത്യവും മതനിരപേക്ഷതയും നിലനിര്‍ത്താന്‍ ബാധ്യസ്ഥരായ യുവജനങ്ങള്‍ ഇങ്ങനെ ഭീകരവാദത്തിന്റെ ഇരകളായി മാറുന്നതിന്റെ ഉത്തരവാദിത്തം ഡിവൈഎഫ്‌ഐക്കും യൂത്ത്‌ കോണ്‍ഗ്രസിനും അവരെ നിയന്ത്രിക്കുന്ന ഇരുപാര്‍ട്ടികളിലെയും മുതിര്‍ന്ന നേതാക്കന്മാര്‍ക്കുമാണ്‌. ഈ സത്യം തിരിച്ചറിഞ്ഞ്‌ ലിജുവിന്റെ നേതൃത്വത്തില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പുതിയ തിരുത്തല്‍ ശക്തിയാകുമ്പോള്‍, ഇപ്പോള്‍ തങ്ങള്‍ തുടരുന്ന സ്ഥാനം നഷ്ടപ്പെടുമെന്ന ഭീതി ഉള്ളവരാണ്‌ അവരെ എതിര്‍ക്കുന്നതും അടിച്ചിരുത്താന്‍ നോക്കുന്നതും. ഈ ദുഷ്ടതയുടെ ദൃഷ്ടാന്തങ്ങളാകാന്‍ ചെന്നിത്തലയും രവിയും തയ്യാറായത്‌ തീര്‍ച്ചയായും ദാരുണമായ അവസ്ഥയാണ്‌, ഭീതിപ്പെടുത്തുന്ന പരിണാമവുമാണ്‌.

കെഎസ്‌യുവിലൂടെയും യൂത്ത്‌ കോണ്‍ഗ്രസിലൂടെയും പാര്‍ട്ടിയുടെ തലപ്പത്തെത്തിയ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയ്ക്കും കേന്ദ്ര പ്രവാസ കാര്യമന്ത്രി വയലാര്‍ രവിക്കും ഭീതിയുടെ സാന്നിധ്യമാവുകയാണ്‌ ആതിരേ, എം.ലിജു നേതൃത്വം നല്‍കുന്ന സംസ്ഥാന യൂത്ത്‌ കോണ്‍ഗ്രസ്‌.
ഇതുവരെ നേതാക്കളുടെ കാറിന്റെ ഡോര്‍ തുറന്നുകൊടുത്തും പെട്ടിയെടുത്തും കാലുനക്കിയും അവരുടെ ഗ്രൂപ്പുകളി എന്ന ചൂടു ചോറ്‌ വാരുന്ന കുട്ടിക്കുരങ്ങുകളായും അധഃപതിച്ചിരുന്ന യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കന്മാരില്‍ നിന്ന്‌ വ്യത്യസ്തനായി സംസ്ഥാന നേതാവുകയും ആ നേതൃത്വ പാടവത്തോടെ യൂത്ത്‌ കോണ്‍ഗ്രസിനെ കര്‍മ്മശക്തിയാക്കി മാറ്റുകയും ലിജു ചെയ്തപ്പോള്‍, 27 വര്‍ഷത്തിനുശേഷം യൂത്ത്‌ കോണ്‍ഗ്രസിന്റെ സംസ്ഥാന സമ്മേളനം കൊല്ലത്ത്‌ നടത്താന്‍ കഴിഞ്ഞു. വാടാ പോടാ വിളികളില്ലാതെയും ഗ്രൂപ്പ്‌ തിരിഞ്ഞ പോര്‍വിളികളില്ലാതെയും ഇപ്പോള്‍ യൂത്ത്‌ കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ചേരാന്‍ കഴിയുന്നതും സാമൂഹികവും പൊതു താല്‍പ്പര്യമുള്ളതുമായ വിഷയങ്ങള്‍ ഈ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാന്‍ കഴിയുന്നതും തീര്‍ച്ചയായും യൂത്ത്‌ കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാന്ദിയായി തന്നെ കാണേണ്ടതാണ്‌. ഇത്‌ കേരളത്തിലെ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ക്ക്‌ മാത്രമല്ല, രാഷ്ട്രീയ നിരീക്ഷകര്‍ക്കും താല്‍പ്പര്യമുള്ള വിഷയമാകുമ്പോഴാണ്‌, ആതിരേ, ചെന്നിത്തലയ്ക്കും വയലാര്‍ രവിക്കും അജയ്‌ തറയിലിനും പോലെയുള്ളവര്‍ക്ക്‌ അസഹിഷ്ണുത പെരുക്കുന്നത്‌.
ഒരേ സ്വരത്തില്‍ തങ്ങള്‍ക്കും പാര്‍ലമെന്ററി സ്ഥാനവും പാര്‍ട്ടി നേതൃത്വവും വേണമെന്ന്‌ അവകാശപ്പെട്ടതും യയാതിമാരായവര്‍ പുതിയ പുരുരുവസുകളില്‍ നിന്ന്‌ യൗവ്വനം കടംകൊണ്ട്‌ നേതൃസ്ഥാനത്ത്‌ അള്ളിപ്പിടിച്ചിരിക്കുന്നതിനെയും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി വിട്ടുവരുന്നവരെ സ്ഥാനമാനങ്ങള്‍ നല്‍കി സ്വീകരിക്കുന്നതിനെയും എതിര്‍ത്തതാണ്‌ ചെന്നിത്തലയ്ക്കും രവിക്കുമൊക്കെ രസിക്കാതെ പോകുന്നത്‌.
കൊല്ലം സമ്മേളനത്തില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പാസാക്കിയ പ്രമേയങ്ങളെ പൂര്‍ണമായി തള്ളിപ്പറയുന്നതായിരുന്നു ചെന്നിത്തലയുടെ പ്രതികരണമെങ്കില്‍ സ്ഥാനമാനങ്ങള്‍ക്ക്‌ വേണ്ടി വാശിപിടിക്കാതെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള കര്‍മ്മമേഖലയായി യൂത്ത്‌ കോണ്‍ഗ്രസ്‌ മാറണമെന്നതായിരുന്നു വയലാര്‍ രവിയുടെ ഉദ്ബോധനം. ഇതിലും തരംതാണ രീതിയിലാണ്‌ അജയ്‌ തറയില്‍ പ്രതികരിച്ചത്‌. ചോക്ലേറ്റ്‌ കുട്ടപ്പന്മാര്‍ക്ക്‌ പാര്‍ട്ടിയില്‍ സ്ഥാനം നല്‍കുന്ന പ്രശ്നമേയില്ല എന്നാണ്‌ തറയില്‍ തറപ്പിച്ച്‌ പറഞ്ഞത്‌.
കഴിഞ്ഞ 27 വര്‍ഷമായി നിര്‍ജീവിമായി നിന്നിരുന്ന ഒരു സംവിധാനത്തെ ശക്തിപ്പെടുത്തുമ്പോള്‍ അതിനെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും ബാധ്യസ്ഥരായവരാണ്‌ മേല്‍പ്പറഞ്ഞ രീതിയില്‍ അടച്ചാക്ഷേപിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസിന്റെ ശാക്തീകരണത്തെ ഗര്‍ഭഛിദ്രത്തിന്‌ വിധേയമാക്കുന്നത്‌. ഇത്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണെന്ന്‌ പറഞ്ഞ്‌ തള്ളിക്കളയാന്‍ കഴിയുകയില്ല, ആതിരേ... കാരണം ഭൂതകാലത്തിലെ അനുഭവങ്ങളും ഓര്‍മ്മകളും അത്തരത്തിലുള്ളതാണ്‌.
ഇന്ന്‌ കേന്ദ്രമന്ത്രിമാരായിരിക്കുന്ന എ.കെ. ആന്റണിയും വയലാര്‍ രവിയും അടക്കമുള്ള കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്‌ നേതാക്കന്മാര്‍ കെഎസ്‌യുവിലൂടെയും യൂത്ത്‌ കോണ്‍ഗ്രസിലൂടെയും നേതൃസ്ഥാനത്തെത്തിയവരാണ്‌. ഉമ്മന്‍ചാണ്ടി, വി.എം സുധീരന്‍, പി.സി ചാക്കോ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഇ. കാര്‍ത്തികേയന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.എം ഹസന്‍, കെ.സി വേണുഗോപാല്‍, എ.പി. അനില്‍കുമാര്‍, കൊടിക്കുന്നേല്‍ സുരേഷ്‌, എം.ഐ ഷാനവാസ്‌, ഇ.എം. അഗസ്റ്റി, പുനലൂര്‍ മധു, സതീശന്‍ പാച്ചേരി.... ചൂണ്ടിക്കാണിക്കാന്‍ നേതാക്കന്മാരുടെ നിരതന്നെയുണ്ട്‌.
എന്നാല്‍, ഇവരെല്ലാം പാര്‍ട്ടിയിലും പാര്‍ലമെന്ററി സ്ഥാനങ്ങളിലും തങ്ങളുടെ ഇടം സുരക്ഷിതമാക്കിയ ശേഷം കേരളത്തില്‍ യൂത്ത്‌ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുകയോ മന്ദീഭവിപ്പിക്കുകയോ ചെയ്തു എന്നതാണ്‌ വാസ്തവം. ഇടക്കാലത്ത്‌ മൂത്ത കോണ്‍ഗ്രസുകാരുടെ ഗ്രൂപ്പുകളിയുടെ യൂത്ത്‌ രൂപമായും യൂത്ത്‌ കോണ്‍ഗ്രസ്‌ സമൂഹമധ്യേ പരിഹാസപാത്രമായ ചരിത്രവും കേരളത്തിലെ രാഷ്ട്രീയ നിരീക്ഷകരുടെ മനസ്സിലുണ്ട്‌. ഈ ദുരവസ്ഥ പരിഹരിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി രാഹുലിന്റെ പ്രത്യേക താല്‍പ്പര്യപ്രകാരം നടത്തിയ ടാലന്റ്‌ ഹണ്ടിലൂടെയാണ്‌ ലിജുവിനെ കണ്ടെത്തിയതും യൂത്ത്‌ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാക്കിയതും. ഈ മാറ്റം ഫലം ചെയ്തു എന്നതാണ്‌ 27 വര്‍ഷത്തിനുശേഷം നടന്ന അടിപിടി ഇല്ലാത്ത സംസ്ഥാന സമ്മേളനവും അവിടെ പാസാക്കിയ പ്രമേയങ്ങളുടെ ഭാഷയും വികാരവും വ്യക്തമാക്കുന്നത്‌. അധികാരം കൈവിടാന്‍ തയ്യാറാകാതെ മുതിര്‍ന്ന നേതാക്കന്മാര്‍ പാര്‍ട്ടിയിലെ യുവജനങ്ങളെ വഞ്ചിക്കുകയാണെന്നും വാലാട്ടികളാക്കി മാറ്റുകയാണെന്നും ഇനിയത്‌ അനുവദിക്കുന്ന പ്രശ്നമില്ലെന്നും ഒരേ സ്വരത്തില്‍ പറഞ്ഞപ്പോഴാണ്‌ ചെന്നിത്തലക്കും രവിക്കും തറയിലിനുമൊക്കെ ഇരിപ്പുറക്കാതായത്‌.
എ.കെ. ആന്റണിയുടെയും വയലാര്‍ രവിയുടെയും കാലം മുതല്‍ കേരളത്തിലെ കെഎസ്‌യുവും യൂത്ത്‌ കോണ്‍ഗ്രസും ചുണയാര്‍ന്ന നിലപാടുകൊണ്ട്‌ ശ്രദ്ധേയമായിരുന്നു. പാര്‍ട്ടിയുടെ നിലപാടുകള്‍ക്ക്‌ വിരുദ്ധമായി നട്ടെല്ലുറപ്പോടെ നിന്ന്‌ കാര്യങ്ങള്‍ പറയാന്‍ കെല്‍പ്പുള്ള സാന്നിധ്യവുമായിരുന്നു രമേശ്‌ ചെന്നിത്തല വരെയുള്ള കെഎസ്‌യു യൂത്ത്‌ കോണ്‍ഗ്രസ്‌ നേതൃത്വങ്ങള്‍. ഒരണ സമരവും ഫീസ്‌ ഏകീകരണ സമരവുമെല്ലാം വിജയിച്ചത്‌ ഈ ദൃഢനിശ്ചയമാര്‍ന്ന നിലപാടുകള്‍ കൊണ്ടായിരുന്നു. അടിയന്തിരാവസ്ഥയെ, ഗുവാഹട്ടി സമ്മേളനത്തില്‍ എതിര്‍ക്കാന്‍ എ.കെ ആന്റണി കാണിച്ച ധൈര്യം ഇതിന്റെ തുടര്‍ച്ചയായിരുന്നു. ഇന്ദിരാഗാന്ധി ചിക്മഗ്നൂരില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ അതില്‍ പ്രതിഷേധിച്ച്‌ മുഖ്യമന്ത്രി സ്ഥാനം എ.കെ. ആന്റണി ഒഴിഞ്ഞതും ആര്‍ജ്ജവം നിറഞ്ഞതും ആദര്‍ശ സുരഭിലമായതുമായ ആ നിലപാടുകൊണ്ടായിരുന്നു. എന്നും പാര്‍ട്ടിയിലെ തിരുത്തല്‍ ശക്തിയായി നില്‍ക്കാന്‍ അന്ന്‌ കെഎസ്‌യുവിനും യൂത്ത്‌ കോണ്‍ഗ്രസിനും കഴിഞ്ഞിരുന്നു. യുവതുര്‍ക്കികളായി അത്തരം കുറേ ചെറുപ്പക്കാര്‍ ഉണ്ടായിരുന്നതാണ്‌ കേരളത്തിലെ കോണ്‍ഗ്രസിനെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസില്‍ നിന്ന്‌ വിഭിന്നമായ ഒരു കര്‍മഘടകമായി നിലനിര്‍ത്തിയത്‌.
എന്നാല്‍, ആതിരേ, രമേശ്‌ ചെന്നിത്തല യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റാവുകയും തുടര്‍ന്ന്‌ കരുണാകരന്റെ ആശ്രിതവത്സലനായി മന്ത്രിയാവുകയും ചെയ്തതോടെ യൂത്ത്‌ കോണ്‍ഗ്രസിന്റെ നട്ടെല്ല്‌ നഷ്ടപ്പെടുകയും പിന്നീട്‌ മൂത്ത കോണ്‍ഗ്രസിന്റെ ഗ്രൂപ്പുകളിയിലെ കരുക്കളായും മാറുകയും ചെയ്തു. പന്തളം സുധാകരന്റെയും കെ.സി വേണുഗോപാലിന്റെയും കെ.പി. അനില്‍കുമാറിന്റെയും ടി. സിദ്ദിഖിന്റെയും നേതൃത്വത്തിലുണ്ടായിരുന്ന യൂത്ത്‌ കോണ്‍ഗ്രസ്‌ ഇത്തരത്തില്‍ ഗ്രൂപ്പ്‌ കളിയുടെ അശ്ലീതയായി അധഃപതിക്കുകയായിരുന്നു. രാഷ്ട്രീയത്തെ കുറിച്ചോ സമൂഹത്തെ കുറിച്ചോ പൊതുവിഷയങ്ങളെ കുറിച്ചോ ചിന്തിക്കാതെ, വായനാശീലം പോലുമില്ലാത്ത ഉപജാപകരുടെയും ആശ്രിതന്മാരുടെയും കൂട്ടമായി യൂത്ത്‌ കോണ്‍ഗ്രസ്‌ അങ്ങനെ അധഃപതിക്കുകയും ചെയ്തു.
1967 മുതലുള്ള കണക്ക്‌ പരിശോധിച്ചാല്‍ പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും കേരളത്തിലെ കോണ്‍ഗ്രസ്‌ പാര്‍ട്ടി അവസരം നല്‍കിയത്‌ 97 പേര്‍ക്ക്‌ മാത്രമാണ്‌. ഈ കാലയളവില്‍ 250ന്‌ അടുത്ത്‌ പാര്‍ട്ടി അംഗങ്ങള്‍ക്ക്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അവസരം നല്‍കിയിരുന്നു. എന്നുമാത്രമല്ല, ഡിവൈഎഫ്‌ഐ എന്ന യുവജന സംഘടനയെ കെട്ടിപ്പടുത്ത്‌ ശക്തിപ്പെടുത്തി രാഷ്ട്രീയവും സാമൂഹികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങള്‍ ഏറ്റെടുത്ത്‌ പ്രക്ഷോഭങ്ങള്‍ നയിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്തു. ഈ സമയമത്രയും ഗ്രൂപ്പ്‌ കളിയിലും പാദസേവയിലും മുഴുകിയിരിക്കുകയായിരുന്നു യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കളും നേതാക്കള്‍ ആകാന്‍ ആഗ്രഹിച്ച മറ്റുള്ളവരും.
യുവാക്കളാണ്‌ സമൂഹത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന്റെ ഇന്ധനം. മാറ്റത്തിന്റെ ശക്തികള്‍. അത്‌ മനസ്സിലാക്കിയവരായിരുന്നു എ.കെ. ആന്റണി മുതലുള്ള നേതാക്കന്മാര്‍. അതിന്റെ അടിസ്ഥാനത്തിലുള്ള അവരുടെ പ്രവര്‍ത്തനമായിരുന്നു ഇന്ന്‌ അവര്‍ക്ക്‌ അഭിമാനിക്കാനുള്ളതും. എന്നാല്‍, ആ തലത്തിലേക്ക്‌ പിന്നീട്‌ യൂത്ത്‌ കോണ്‍ഗ്രസിനെ എത്തിക്കാന്‍ ഇവരാരും തയ്യാറായില്ല. തങ്ങളുടെ സ്ഥാനം നഷ്ടപ്പെടാതിരിക്കണമെങ്കില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ ക്ഷീണിതവും ശുഷ്കവുമായി തുടരണമെന്ന നിര്‍ബന്ധമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്‌. ഈ ധാരണയെ പൊളിച്ചെഴുതാന്‍ ലിജുവിന്റെ നേതൃത്വത്തില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ തയ്യാറായതുകൊണ്ടാണ്‌ ചെന്നിത്തലയടക്കമുള്ളവര്‍ക്ക്‌ അസഹിഷ്ണുത അനുഭവപ്പെട്ടത്‌.
ഇവിടെ ഒരു കാര്യം വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്‌. നേരത്തെ സൂചിപ്പിച്ചു രാഷ്ട്രീയത്തിനൊപ്പം സാമൂഹികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങളില്‍ ഇടപെട്ട്‌ പ്രതിരോധത്തിന്റെയും തിരുത്തലിന്റെയും ശക്തിയായി ഡിവൈഎഫ്‌ഐ നിന്നിരുന്നു എന്ന്‌. എന്നാല്‍, പാര്‍ലമെന്ററി വ്യാമോഹം ബാധിച്ച, സോഷ്യല്‍ ഡെമോക്രാറ്റുകളായി അധഃപതിച്ച മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഇപ്പോഴത്തെ നേതൃത്വം ഡിവൈഎഫ്‌ഐയെ പാദസേവകരാക്കി മാറ്റിയിരിക്കുകയാണ്‌. ഒരു ഘട്ടത്തില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ എങ്ങനെ നിഷ്ക്രിയമായിരുന്നോ അതിലും ദയനീയമായ അവസ്ഥയിലാണ്‌ ഡിവൈഎഫ്‌ഐ ഇന്ന്‌. സാമ്പത്തിക കുറ്റവാളികള്‍ക്കും മണല്‍ മാഫിയയുടെ ഏജന്റുമാര്‍ക്കും സ്പിരിറ്റു കള്ളക്കടത്തുകാരുടെ സംരക്ഷകര്‍ക്കും ഭൂമാഫിയയുടെ സഹായികള്‍ക്കുമൊക്കെ ചേക്കേറാനുള്ള ഇടമായിരിക്കുകയാണ്‌ ഡിവൈഎഫ്‌ഐ ഇന്ന്‌.
യുവജനശക്തിയെ ക്രിയത്മകമായി ദിശ തിരിച്ചുവിടേണ്ട ഡിവൈഎഫ്‌ഐയും യൂത്ത്‌ കോണ്‍ഗ്രസുമൊക്കെ ഇത്തരത്തില്‍ അധഃപതിക്കുമ്പോള്‍ മുതലെടുക്കാന്‍ എത്തുന്നത്‌ ന്യൂനപക്ഷ തീവ്രവാദത്തിന്റേ തടിയന്റവിടെ നസീര്‍മാരും ഭൂരിപക്ഷ തീവ്രവാദത്തിന്റെ കര്‍സേവകരുമാണ്‌. ജനാധിപത്യവും മതനിരപേക്ഷതയും നിലനിര്‍ത്താന്‍ ബാധ്യസ്ഥരായ യുവജനങ്ങള്‍ ഇങ്ങനെ ഭീകരവാദത്തിന്റെ ഇരകളായി മാറുന്നതിന്റെ ഉത്തരവാദിത്തം ഡിവൈഎഫ്‌ഐക്കും യൂത്ത്‌ കോണ്‍ഗ്രസിനും അവരെ നിയന്ത്രിക്കുന്ന ഇരുപാര്‍ട്ടികളിലെയും മുതിര്‍ന്ന നേതാക്കന്മാര്‍ക്കുമാണ്‌. ഈ സത്യം തിരിച്ചറിഞ്ഞ്‌ ലിജുവിന്റെ നേതൃത്വത്തില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പുതിയ തിരുത്തല്‍ ശക്തിയാകുമ്പോള്‍, ഇപ്പോള്‍ തങ്ങള്‍ തുടരുന്ന സ്ഥാനം നഷ്ടപ്പെടുമെന്ന ഭീതി ഉള്ളവരാണ്‌ അവരെ എതിര്‍ക്കുന്നതും അടിച്ചിരുത്താന്‍ നോക്കുന്നതും. ഈ ദുഷ്ടതയുടെ ദൃഷ്ടാന്തങ്ങളാകാന്‍ ചെന്നിത്തലയും രവിയും തയ്യാറായത്‌ തീര്‍ച്ചയായും ദാരുണമായ അവസ്ഥയാണ്‌, ഭീതിപ്പെടുത്തുന്ന പരിണാമവുമാണ്‌ ആതിരേ....

No comments: