Monday, March 22, 2010

അമിതാബ്‌ ബച്ചന്‍ ബ്രാന്റ്‌ അംബാസഡര്‍ ആകരുതെന്ന്‌ പറയാന്‍ ഇവര്‍ക്കെന്ത്‌ അര്‍ഹത


ഏതോ ഒരുയുവതിയുമായി വരദരാജന്‍ നടത്തിയ എസ്‌എംഎസ്‌ ഇടപാടാണ്‌ ഭാര്യ ചൂണ്ടിക്കാട്ടിയത്‌. എന്നാല്‍, ഭാര്യ ഉള്‍പ്പെടെയുള്ളവരുടെ ആരോപണങ്ങള്‍ തെറ്റാണെന്ന്‌ തെളിഞ്ഞിട്ടും വരദരാജനെ ബലിയാടുക്കുകയായിരുന്നു. ദാമ്പത്യ ബാഹ്യ ബന്ധവും വ്യഭിചാരവും തെറ്റാണെങ്കില്‍ കേരളത്തിലെ മുതിര്‍ന്ന മാര്‍ക്സിസ്റ്റ്‌ നേതാക്കന്മാരാടക്കം എത്രപേരുടെ തലകള്‍ ഉരുളേണ്ടതാണ്‌. കപ്പലില്‍ റഷ്യന്‍ സുന്ദരിമാരോടൊപ്പം കൂത്താടിയ നേതാവും സിന്‍ഡിക്കേറ്റ്‌ അംഗമായ വീട്ടമ്മയെ ഇന്നും കൊണ്ടുനടക്കുന്ന മന്ത്രിയും മാന്യന്മാരായിട്ടാണ്‌ വിലസുന്നത്‌. ചൂണ്ടിക്കാണിക്കാന്‍ കെട്ടുനാറുന്ന വൃത്തികെട്ട വ്യഭിചാര കഥകള്‍ നിരവധിയാണ്‌. അതിനെതിരെ സഖാവ്‌ കാരാട്ടിന്റെയോ സഖാവ്‌ യെച്ചൂരിയുടേയോ ധാര്‍മ്മിക രോഷം ഇതുവരെ ഉയര്‍ന്ന്‌ കേട്ടിട്ടില്ല. സാന്തിയാഗോ മാര്‍ട്ടിനുമായും ഫാരിസ്‌ അബൂബക്കറുമായും ലിസ്‌ കുര്യാക്കോസുമായും സാമ്പത്തിക ബന്ധം സ്ഥാപിച്ച സഖാവിനെതിരെയും നടപടിയുണ്ടായില്ല.


ഒടുവില്‍ വല്ല്യേട്ടന്റെ തീട്ടൂരം വന്നൂ, ആതിരേ : "അമിതാബ്‌ ബച്ചന്‍ കേരളത്തിന്റെ ടൂറിസം ബ്രാന്റ്‌ അംബാസഡര്‍ ആകണ്ട." സീതാറാം യെച്ചൂരി ന്യൂഡല്‍ഹിയില്‍ ഇത്‌ പ്രഖ്യാപിച്ചപ്പോള്‍ ഇവിടെ വൈക്കം വിശ്വന്‍ തത്തമ്മേ പൂച്ച പൂച്ചയായി.
അമിതാബ്‌ ബച്ചന്‍ ആവശ്യപ്പെട്ടതായിരുന്നില്ല ഈ സ്ഥാനം. ഒരു സ്വകാര്യ വാര്‍ത്താചാനലിനു നല്‍കിയ മുഖാമുഖത്തിനിടയില്‍ വന്ന ചോദ്യത്തിന്‌ മറുപടിയായാണ്‌ "കേരളത്തിന്റെ ടൂറിസം ബ്രാന്റ്‌ അംബാസഡര്‍ ആകാന്‍ തനിക്ക്‌ താല്‍പ്പര്യമുണ്ട്‌" എന്ന്‌ അദ്ദേഹം വെളിപ്പെടുത്തിയത്‌. കാള പെറ്റെന്ന്‌ കേട്ടപ്പോള്‍ കോടിയേരി കയറെടുത്തു. കേരളത്തിലെ ടൂറിസം മന്ത്രിയായ കോടിയേരി ബച്ചനെ ഈ സ്ഥാനത്തേക്ക്‌ ക്ഷണിച്ചുകൊണ്ട്‌ ഔദ്യോഗികമായി കത്തെഴുതി. വിവരം മാധ്യമങ്ങള്‍ക്ക്‌ നേരിട്ട്‌ ചോര്‍ത്തി നല്‍കി വാര്‍ത്താ പ്രാധാന്യവും കൈയടിയും നേടി. അങ്ങനെ കേരള ടൂറിസത്തിന്‌ ബിഗ്ബിയിലൂടെ പുതിയ ബൂസ്റ്റ്‌ ലഭിക്കുമെന്ന്‌ എല്ലാവരും പ്രതീക്ഷിച്ചിരിക്കേയാണ്‌ വെള്ളിടിപോലെ, ആതിരേ, ഡല്‍ഹിയില്‍ നിന്ന്‌ യെച്ചൂരിയുടെ പ്രഖ്യാപനം വന്നത്‌.
ഇതിന്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ ചൂണ്ടിക്കാട്ടാന്‍ ന്യായമുണ്ട്‌. ഗുജറാത്തിന്റെ ബ്രാന്റ്‌ അംബാസഡര്‍ കൂടിയാണ്‌ അമിതാബ്‌ ബച്ചന്‍. കറതീര്‍ന്ന വര്‍ഗീയ വാദിയായ നരേന്ദ്രമോഡി മുഖ്യമന്ത്രിയായിരിക്കുന്ന ഒരു സംസ്ഥാനത്തിന്റെ ബ്രാന്റ്‌ അംബാസഡറെ വര്‍ഗീയ വാദത്തിനും തീവ്രവാദത്തിനും ഏകാധിപത്യ ഭരണത്തിനുമെതിരെ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എം.എ. ബേബിയും പികെ. ശ്രീമതിയും എളമരം കരീമും പിന്നെ ജയരാജന്മാരും വിപ്ലവ ശലാഖകളായി എരിയുന്ന സംസ്ഥാനത്തിന്റെ ബ്രാന്റ്‌ അംബാസഡറാക്കാന്‍, ആതിരേ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ധാര്‍മ്മിക ബോധം അനുവദിക്കുന്നില്ല.
മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ധാര്‍മ്മിക ബോധം എന്നുപറയുമ്പോള്‍ പൊട്ടിച്ചിരിക്കാത്ത ഒരു കല്ലുപോലും കേരളത്തിലുണ്ടാവില്ല. അത്രയ്ക്ക്‌ സുതാര്യവും അങ്ങാടിപ്പാട്ടുമാണ്‌ ഈ വിപ്ലവ നേതാക്കന്മാരുടെ ധാര്‍മ്മികതയും സദാചാരബോധവും അഴിമതി വിരുദ്ധ നിലപാടും ......അങ്ങനെ പലതും.
അതിജീവനത്തിന്‌ വേണ്ടി എന്ത്‌ തോന്ന്യാസവും കാണിക്കാമെന്ന അഹങ്കാരമാണ്‌ മേല്‍ സൂചിപ്പിച്ച നേതാക്കന്മാര്‍ നയിക്കുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി കഴിഞ്ഞ കുറേ നാളായി കേരളത്തില്‍ അനുവര്‍ത്തിച്ച്‌ പോരുന്ന നയം. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയും അധഃസ്ഥിത വര്‍ഗത്തിന്റെയും ദുര്‍ബല ജനതയുടെയും ഐക്യദാര്‍ഢ്യത്തിനും അവരുടെ മോചനത്തിനും അതിലൂടെ ചൂഷണമില്ലാത്ത ഒരു സമുദായം കെട്ടിപ്പടുത്ത്‌ തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യം സ്ഥാപിക്കാനുമാണ്‌ പിണറായി വിജയന്‍ സ്കോഡ കാറില്‍ അഴിമതികേസ്‌ വിചാരണയ്ക്ക്‌ കോടതിയിലെത്തുന്നത്‌. കോടിയേരി ബാലകൃഷ്ണന്‍, ദിവസം തോറും ചെറുപ്പക്കാരനായി ഔദ്യോഗിക വാഹനത്തില്‍ കേരളത്തില്‍ ചുറ്റിയടിക്കുന്നത്‌. അതിനാണ്‌ ഇ.പി ജയരാജന്റെ നേതൃത്വത്തില്‍ കള്ള്‌ ഭക്ഷ്യപദാര്‍ത്ഥമാക്കാന്‍ ശ്രമം നടക്കുന്നത്‌. ഡിവൈഎഫ്‌ഐയിലേക്ക്‌ യുവതികളെ ആകര്‍ഷിക്കാന്‍ യോഗ പരിശീലനം അനിവാര്യമാണെന്ന്‌ സ്ഥാപിച്ചെടുക്കുന്നത്‌ വിസ്മയ പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നത്‌. നായനാരുടെ സ്മരണാര്‍ത്ഥം ഫുട്ബോള്‍ മത്സരം സംഘടിപ്പിക്കുന്നത്‌. വയനാട്ടില്‍ ഹൈക്കോടതി വിധി ധിക്കരിച്ച്‌ കൈയേറ്റസമരം നടത്തുന്നത്‌. ഇത്തരത്തില്‍ ജനങ്ങളുമായി അടുത്തിടപഴകുകയും അവരുടെ പ്രശ്നങ്ങളില്‍ പ്രത്യയശാസ്ത്ര സത്യസന്ധതയോടെ ഇടപെടുകയും ചെയ്ത്‌ പരിഹാരം കണ്ടെത്തുന്ന കേരളത്തിലെ മാര്‍ക്സ്സിറ്റ്‌ പാര്‍ട്ടിക്ക്‌ ജീവന്‍ പോയാലും മോഡിയെ ന്യായീകരിക്കുന്ന അമിതാബ്‌ ബച്ചനെ ബ്രാന്റ്‌ അംബാസഡറാക്കാന്‍ കഴിയുകയില്ല, ആതിരേ...!!
ഈ നിലപാടിന്റെ കാര്‍ക്കശ്യം നാം അബ്ദുള്ളക്കുട്ടി വിഷയത്തില്‍ കണ്ടതാണ്‌. ഗുജറാത്ത്‌ സംസ്ഥാനത്തിന്റെ വ്യാവസായ പുരോഗതിക്ക്‌ നരേന്ദ്രേമോഡി സ്വകീകരിച്ച നയങ്ങളാണ്‌ പ്രത്യുത്പാദനപരവും പ്രതീക്ഷാ ഭരിതവും ക്രിയാത്മകവും എന്ന്‌ ഗള്‍ഫില്‍ ഒരു സ്വകാര്യ കൂട്ടായ്മയില്‍ പ്രസംഗിച്ചതാണ്‌ അബ്ദുള്ളുക്കുട്ടിക്ക്‌ പാര്‍ട്ടിയുടെ പുറത്തേക്ക്‌ ചുവന്ന പരവതാനി വിരിക്കാന്‍ കാരണമായത്‌. ഇങ്ങനെ പ്രത്യയശാസ്ത്രപരവും വിശ്വാസപരവുമായ കാര്യത്തില്‍ അണുവിട വിട്ടുവീഴ്ചയ്ക്ക്‌ തയ്യാറാകാത്ത അദര്‍ശ ശുദ്ധരാണ്‌ കേരളത്തിലെ മാര്‍ക്സിസ്റ്റ്‌ നേതാക്കള്‍. അതുകൊണ്ട്‌ അവര്‍ക്ക്‌ മോഡിയെ അംഗീകരിക്കുന്ന അമിതാബ്‌ ബച്ചനെ സ്വീകരിക്കാന്‍ കഴിയുകയില്ല.
ചിരിവരുന്നില്ലേ സഖാവെ ഇതെല്ലാം കേട്ടിട്ട്‌.....
പാര്‍ട്ടിയുടെ അച്ചടക്കം ലംഘിക്കുന്ന വ്യക്തി ആരായാലും ദാക്ഷണ്യമില്ലാത്ത ശിക്ഷണനടപടിയാണ്‌ അവര്‍ക്കെതിരെ സ്വകരിച്ചിട്ടുള്ളത്‌. ഇഎംഎസും നൃപനുമൊക്കെ ഇത്തരം ശിക്ഷകള്‍ അനുഭവിച്ചിട്ടുള്ളതാണ്‌. അവരെ ഇങ്ങനെ ശിക്ഷിച്ചതിന്റെ പേരില്‍ അഭിമാനം കൊള്ളുന്ന പിണറായിയെയും വി.എസിനെയും ഒരു ഘട്ടത്തില്‍ പോളിറ്റ്‌ ബ്യൂറോയില്‍ നിന്ന്‌ തരം താഴ്ത്തുക പോലും ചെയ്ത പാരമ്പര്യമാണ്‌ പാര്‍ട്ടിക്കുള്ളത്‌. അതായത്‌ പ്രത്യയശാസ്ത്രപരമായ കാര്യങ്ങളില്‍ ഒരു അനുരഞ്ജനത്തിനും പാര്‍ട്ടി തയ്യാറല്ല. അത്‌ നേതാക്കന്മാരുടെ വ്യക്തിജീവിത കാര്യത്തിലായാലും മാറ്റമില്ല. തമിഴ്‌നാട്ടിലെ ഡബ്ല്യു ആര്‍ വരദരാജന്‍ ആത്മഹത്യ ചെയ്യാന്‍ കാരണമായതും പാര്‍ട്ടിയുടെ വെള്ളം ചേര്‍ക്കാത്ത ഇത്തരം ധാര്‍മ്മിക നിലപാടുകളാണ്‌.
പൊട്ടിച്ചിരിക്കാന്‍ തോന്നുന്നില്ലേ സഖാവെ ഇതെല്ലാം കേട്ടിട്ട്‌.......
നരേന്ദ്ര മോഡി അദ്ദേഹം വിശ്വസിക്കുന്ന പാര്‍ട്ടിയുടെ നയങ്ങളില്‍ അണുവിട ചലിക്കാതെ ഒട്ടിച്ചേര്‍ന്ന്‌ നില്‍ക്കുന്ന മുഖ്യമന്ത്രിയാണ്‌. അതുകൊണ്ട്‌ അദ്ദേഹം കോണ്‍ഗ്രസിന്റെയും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെയും മറ്റ്‌ രാഷ്ട്രീയ പാര്‍ട്ടികളുടെയും കണ്ണില്‍ ഹൈന്ദവ തീവ്രവാദിയാണ്‌. തീര്‍ച്ചയായും അത്തരം നിലപാട്‌ സ്വീകരിക്കുന്ന ഒരു വ്യക്തിയുമായും ജനാധിപത്യ-മതനിരപേക്ഷ നിലപാട്‌ സ്വീകരിക്കുന്ന ആര്‍ക്കും കൈകോര്‍ക്കാന്‍ കഴിയുകയില്ല.
മോഡി ഭൂരിപക്ഷ തീവ്രവാദത്തിന്റെ വക്താവാണെങ്കില്‍ ആതിരേ, ന്യൂനപക്ഷ തീവ്രവാദത്തിന്റെ വക്താവായിട്ടായിരുന്നു അബ്ദുള്‍ നാസര്‍ മ്‌ദനിയെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അടക്കമുള്ളവര്‍ വിശേഷിപ്പിച്ചിരുന്നത്‌. ഇപ്പോള്‍ പിടിയിലായ തടിയന്റവിട നസീര്‍ അടക്കമുള്ളവരില്‍ നിന്ന്‌ പോലീസിനും ദേശീയ അന്വേഷണ ഏജന്‍സിക്കും ലഭിച്ചിട്ടുള്ള മൊഴികള്‍ അനുസരിച്ച്‌ കേരളത്തില്‍ തീവ്രവാദം പ്രചരിപ്പിക്കുന്നതിനും തീവ്രവാദികളെ സംരക്ഷുക്കുന്നതിലും മ്‌ദനിക്കും ഭാര്യ സൂഫി മ്‌ദനിക്കുമുള്ള പങ്ക്‌ സംശയങ്ങള്‍ക്കെല്ലാം അതീതമായിട്ടുളള്‍താണ്‌. ആ മ്‌ദനിയുമായി പൊന്നാനി തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ സഖ്യം ഉണ്ടാക്കുകയും മ്‌ദനിയുമായി വേദി പങ്കിടുകയും ചെയ്ത വിപ്ലവ പൂര്‍ണതയാണ്‌, ആതിരേ, സഖാവ്‌ പിണറായി വിജയന്‍. കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ പിഡിപിയുമായും അബ്ദുള്‍നാസര്‍ മ്‌ദനിയുമായും ഇടതുമുന്നണി സ്വീകരിച്ച രാഷ്ട്രീയ ബാന്ധവം തെറ്റായിരുന്നു എന്നും അത്‌ പാര്‍ട്ടിയുടെ പ്ര്യാപിത നയങ്ങളെ അട്ടിമറിക്കുന്നതായിരുന്നു എന്നും പോളിറ്റ്‌ ബ്യൂറോ അടക്കമുള്ള എല്ലാ സംവിധാനങ്ങളും കണ്ടെത്തിയതാണ്‌. എന്നിട്ടും പിണറായിക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ സഖാവ്‌ കാരാട്ടിനോ സഖാവ്‌ യെച്ചൂരിക്കോ നട്ടെല്ലുറപ്പുണ്ടായില്ല. പിണറായിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെടാന്‍ വി.എസ്‌ ഒഴിച്ച്‌ ഒരു നേതാവും ഉണ്ടായില്ല. പിണറായിയുമായി തട്ടിച്ചുനോക്കുമ്പോള്‍ അമിതാബ്‌ ബച്ചന്റെ തെറ്റ്‌ എത്രയോ നിസാരമാണ്‌.
നമുക്ക്‌ വരദരാജനിലേക്ക്‌ വരാം. ഭാര്യ നല്‍കിയ ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ്‌ അദ്ദേഹത്തിനെതിരെ കടുത്ത ശിക്ഷണ നടപടി പാര്‍ട്ടി നേതൃത്വം കൈക്കൊണ്ടത്‌. ഏതോ ഒരുയുവതിയുമായി വരദരാജന്‍ നടത്തിയ എസ്‌എംഎസ്‌ ഇടപാടാണ്‌ ഭാര്യ ചൂണ്ടിക്കാട്ടിയത്‌. എന്നാല്‍, ഭാര്യ ഉള്‍പ്പെടെയുള്ളവരുടെ ആരോപണങ്ങള്‍ തെറ്റാണെന്ന്‌ തെളിഞ്ഞിട്ടും വരദരാജനെ ബലിയാടുക്കുകയായിരുന്നു പാര്‍ട്ടി നേതൃത്വം. ദാമ്പത്യ ബാഹ്യ ബന്ധവും വ്യഭിചാരവും തെറ്റാണെങ്കില്‍ കേരളത്തിലെ മുതിര്‍ന്ന മാര്‍ക്സിസ്റ്റ്‌ നേതാക്കന്മാരാടക്കം എത്രപേരുടെ തലകള്‍ ഉരുളേണ്ടതാണ്‌. കപ്പലില്‍ റഷ്യന്‍ സുന്ദരിമാരോടൊപ്പം കൂത്താടിയ നേതാവും സിന്‍ഡിക്കേറ്റ്‌ അംഗമായ വീട്ടമ്മയെ ഇന്നും കൊണ്ടുനടക്കുന്ന മന്ത്രിയും മാന്യന്മാരായിട്ടാണ്‌ വിലസുന്നത്‌. ചൂണ്ടിക്കാണിക്കാന്‍ കെട്ടുനാറുന്ന വൃത്തികെട്ട വ്യഭിചാര കഥകള്‍ നിരവധിയുണ്ട്‌ ആതിരേ..! ഇതിനൊന്നിനുമെതിരെ സഖാവ്‌ കാരാട്ടിന്റെയോ സഖാവ്‌ യെച്ചൂരിയുടേയോ ധാര്‍മ്മിക രോഷം ഇതുവരെ ഉയര്‍ന്ന്‌ കേട്ടിട്ടില്ല. സാന്തിയാഗോ മാര്‍ട്ടിനുമായും ഫാരിസ്‌ അബൂബക്കറുമായും ലിസ്‌ കുര്യാക്കോസുമായും സാമ്പത്തിക ബന്ധം സ്ഥാപിച്ച സഖാവിനെതിരേയും നടപടിയുണ്ടായില്ല. കിങ്ങ്ഫിഷര്‍ കമ്പനി വിമാനസര്‍വീസും നടത്തുന്നതുകൊണ്ട്‌ അവരുമായി സഹകരിച്ച്‌ നായനാരുടെ പേരില്‍ ഫുട്‌ ബോള്‍ നടത്തുന്നതില്‍ തെറ്റില്ലെന്ന്‌ വാദിച്ച സഖാവും ആദരണീയനാണ്‌. ഇത്തരത്തില്‍ ആദരണീയരായ സഖാക്കള്‍ മാത്രമാണ്‌ കേരളത്തിലുള്ളത്‌. ഇവരുടെ ജനവിരുദ്ധവും വര്‍ഗവിരുദ്ധവും ജനാധിപത്യ വിരുദ്ധവും വര്‍ഗീയവാദപരവുമായ നിലപാടുകളുമായുള്ള പാരസ്പര്യത്തില്‍ അമിതാബ്‌ ബച്ചന്‍ തീര്‍ത്തും നിഷ്കളങ്കനും മാന്യനുമാന്‌ ആതിരെ. എന്നിട്ടും അമിതാബ്‌ ബച്ചനെ ബ്രാന്‍ഡ്‌ അംബാസഡര്‍ ആക്കണ്ട എന്നാണ്‌ സഖാക്കളുടെ തീരുമാനം.
ആവര്‍ത്തിക്കട്ടെ സഖാവെ,
അമിതാബ്‌ ബച്ചന്‍ ഇത്തരമൊരു സ്ഥാനം ആവശ്യപ്പെട്ടതല്ല. പോളിറ്റ്‌ ബ്യൂറോ അംഗവും ടൂറിസം മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്‌ അമിതാബ്‌ ബച്ചന്‍ തന്റെ സമ്മതം അറിയിച്ചത്‌. ഇങ്ങനെ ഒരു കത്തെഴുതും മുമ്പ്‌ അമിതാബ്‌ ബച്ചന്‍ ഗുജറാത്തിന്റെ ബ്രാന്റ്‌ അംബാസഡറായിരുന്നു എന്ന വാസ്തവം കോടിയേരിക്ക്‌ അറിയില്ലായിരുന്നോ...? ഇത്തരം വിവരക്കേടുകളെയാണോ പോളിറ്റ്‌ ബ്യൂറോ മെംബറാക്കേണ്ടതും മന്ത്രിയാക്കേണ്ടതും....? കഴിഞ്ഞ യുഡിഎഫ്‌ ഭരണത്തില്‍ രോഷാകുലരായി ജനം മറിച്ചു വോട്ട്‌ ചെയ്തത്‌ ഇത്തരം തോന്ന്യാസങ്ങള്‍ നടത്താനായിരുന്നോ....?
ഒരു വാസ്തവം ആര്‍ക്കും നിഷേധിക്കാനാവില്ല. അമിതാബ്‌ ബച്ചന്റെ മാന്യതയ്ക്കും രാഷ്ട്രീയ സത്യസന്ധതയ്ക്കും മുന്നില്‍ വെറും കൃമികളാണ്‌ ഇന്ന്‌ അദ്ദേഹത്തെ തള്ളിപ്പറഞ്ഞിട്ടുളള കേരളത്തിലെ വിപ്ലവാചാര്യന്മാരായ നേതാക്കന്മാര്‍. അതുകൊണ്ടുതന്നെ ജനങ്ങളുടെ മുമ്പില്‍ വിഡ്ഢിവേഷം കെട്ടേണ്ടി വന്നത്‌ ആതിരേ, അമിതാബ്‌ ബച്ചനല്ല മറിച്ച്‌ ഈ ജനവഞ്ചകര്‍ക്കാണ്‌.

No comments: