Wednesday, March 24, 2010

ഭക്തിയുടെ 20-ട്വന്റി വിപണനം


ഈശ്വര വിശ്വാസം വ്യക്തിയാധിഷ്ഠിതമാണ്‌. ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കാനും അതിനിണങ്ങുന്ന ആചാരങ്ങള്‍ അനുവര്‍ത്തിക്കാനും വ്യക്തികള്‍ക്ക്‌ സ്വാതന്ത്ര്യമുണ്ട്‌. എന്നാല്‍, ഈ സ്വാതന്ത്ര്യത്തെ കമ്പോളവത്കരിക്കുന്നിടത്താണ്‌ വിശ്വാസം അന്യമാകുന്നതും സാമ്പത്തികനേട്ടം മുന്നിലെത്തുന്നതും. ഇത്‌ ഒരുവിഭാഗം വ്യക്തികളുടെ ക്ഷുദ്രമായ ലാഭക്കൊതിയില്‍ നിന്ന്‌ ഉളവാകുന്ന ചൂഷണമാണ്‌. വിശ്വാസത്തിന്റെ പേരില്‍ നടത്തുന്ന ചൂഷണങ്ങളെയെല്ലാം പ്രതിരോധിക്കേണ്ടതും എതിര്‍ത്ത്‌ തോല്‍പ്പിക്കേണ്ടതും മതനിരപേക്ഷതയുടെ നിലനില്‍പ്പിന്‌ അനിവാര്യമാണ്‌. ഇക്കാര്യത്തില്‍ വിശ്വാസികളും അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്‌. ദൈവവും വിശ്വാസവും വില്‍പ്പന ചരക്കുകളല്ല എന്ന്‌ ഇവര്‍ സമുദായ നേതാക്കളെ ബോധ്യപ്പെടുത്തേണ്ടതുമുണ്ട്‌.





കമ്പോളീകൃതമാണ്‌ ആധുനീക ജീവിതം.ജന്മദിനം മുതല്‍ ഷഷ്ടി പൂര്‍ത്തി ആഘോഷം വരേയും പ്രണയം മുതല്‍ വിവാഹം വരേയും രതിമുതല്‍ ഭക്തിവരേയും - അതേ, ജനനം മുതല്‍ മരണം വരെയുള്ള എല്ലാ ജീവിത വ്യാപാരങ്ങളും കമ്പോളനിലവാരമനുസരിച്ച്‌ ക്രമപ്പെടുത്തിയിരിക്കുന്ന ഒരു കെട്ടകാലത്തിലാണ്‌, പരസ്യത്തിലെ, ദൈവത്തിന്റെ സ്വന്തം നാട്‌ എത്തിനില്‍ക്കുന്നത്‌. ലാഭമാണ്‌ കമ്പോളത്തിന്റെ ലക്ഷ്യം. മത്സരം അതിന്റെ അനിവാര്യതയും. സ്വാര്‍ത്ഥത ഒഴിച്ചുകൂടാനാവാത്ത ഘടകവും. ഈ മൂന്ന്‌ തത്വങ്ങളിലൂന്നിയുള്ളതായി മാറിയിരിക്കുന്നു, ആതിരേ മലയാളിയുടെ നിത്യജീവിതം.
അതിന്റെ ഏറ്റവും ഹീനമായ മുഖമാണ്‌ ഭക്തിയുടെ പേരില്‍ നടക്കുന്ന കമ്പോളവത്കരണം. ഇന്ന്‌ ഏറ്റവും തന്ത്രപൂര്‍വം വിപണനം ചെയ്യുന്ന 20-ട്വന്റി ക്രിക്കറ്റിനെയും കടത്തിവെട്ടുന്ന രീതിശാസ്ത്രങ്ങളിലൂടെയാണ്‌ ഭക്തിയുടെ വിപണനം നടക്കുന്നത്‌. ഇക്കാര്യത്തില്‍ മതങ്ങളെല്ലാം അന്യോന്യം മത്സരിക്കുകയാണ്‌. ഹൈടെക്ക്‌ പ്രചാരണ തന്ത്രങ്ങളുപയോഗിച്ച്‌ നടത്തുന്ന ഈ ഭക്തിയുടെ വിപണനം അനാരോഗ്യകരവും അനാശാസ്യവുമാകുന്നു എന്നാണ്‌ നാടിന്റെ മുക്കിലും മൂലയിലും ഭക്തി വിപണനത്തിന്‌ സ്ഥാപിച്ചിട്ടുള്ള വിനൈയില്‍ ബാനറുകളും ഫ്ലക്സ്‌ ബോര്‍ഡുകളും തെളിയിക്കുന്നത്‌. സിനിമാ പോസ്റ്ററുകളെ പോലും ലജ്ജിപ്പിക്കുന്ന രീതിയിലാണ്‌ ഭക്തിവിപണനത്തിന്റെ പോസ്റ്റര്‍ ഡിസൈനുകള്‍ എന്നുപറയുമ്പോള്‍ ഈ രംഗത്തെ ലാഭക്കൊതിയും, ലാഭസാധ്യതയും ചൂഷണവും എത്രയെന്ന്‌ ഊഹിക്കാവുന്നതേയുള്ളു.
ഇതിനെതിരെ, ആതിരേ വിവേകത്തിന്റെ ഒരു സ്വരം അടുത്ത ദിവസം ഉയര്‍ന്നുകേട്ടു. കത്തോലിക്ക മാസികയായ 'സത്യദീപ'ത്തിന്റെ ഏറ്റവും പുതിയ ലക്കത്തിലെ മുഖലേഖനത്തിലാണ്‌ എറണാകുളം -അങ്കമാലി അതിരൂപത സഹായമെത്രാന്‍ ബിഷപ്പ്‌ തോമസ്‌ ചക്യാത്ത്‌ വിശ്വാസികള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന ഭക്തി വിപണനത്തിലെ പരസ്യഭ്രമത്തെ കുറിച്ചും ഊട്ടുനേര്‍ച്ചകളെ കുറിച്ചും ചര്‍ച്ച ചെയ്യുന്നത്‌. " പെരുന്നാളിന്റെ പ്രശസ്തി വര്‍ധിപ്പിക്കാനുള്ള വ്യഗ്രതയില്‍ സിനിമാ പോസ്റ്ററുകള്‍ക്കൊപ്പം മുക്കിലും മൂലയിലും വിശുദ്ധരുടെ ചിത്രങ്ങള്‍ പോസ്റ്ററുകളായും ഫ്ലക്സ്‌ ബോര്‍ഡുകളായും നിറയുന്നു. ഇത്തരത്തിലുള്ള അനാവശ്യ പ്രചാരണത്തിന്റെ വ്യഗ്രതയില്‍ പെരുന്നാളുകള്‍ അപഹാസ്യമായി തീരുന്നു " എന്നാണ്‌ ബിഷപ്പ്‌ ചക്യാത്തിന്റെ നിരീക്ഷണം.
തിരുനാള്‍, നൊവേന, ധ്യാനം എന്നിവയ്ക്ക്‌ നല്‍കുന്ന പരസ്യങ്ങള്‍ കച്ചവടത്തിന്റെ സ്വഭാവം കാണിക്കുന്നവയാണെന്ന്‌ ബിഷപ്പ്‌ പരിതപിക്കുന്നു. അടുത്ത കാലത്ത്‌ മാത്രമാണ്‌ ഊട്ട്‌ നേര്‍ച്ചയ്ക്ക്‌ പ്രാധാന്യം കൈവന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. " വിശുദ്ധ യൗസേപ്പിന്റെ മധ്യസ്ഥതയില്‍ ഉദ്ദിഷ്ടകാര്യ സാധിച്ചു എന്ന വിശ്വാസത്തില്‍ ഒരു ഇടവകയില്‍ ആരംഭിച്ച ഊട്ടുതിരുനാള്‍ ഇന്ന്‌ മിക്കവാറും ഇടവകകളിലും നടക്കുന്നു. നൊവേനയ്ക്ക്‌ ആളെ കൂട്ടാന്‍ ഊണും കഞ്ഞി നേര്‍ച്ചയും പതിവായിട്ടുണ്ട്‌. കുര്‍ബാനയേക്കാള്‍ വലുതാണ്‌ ഇത്തരത്തിലുള്ള ഭക്തിയെന്ന്‌ പ്രചരിപ്പിക്കുകയോ ജനം വിശ്വസിക്കുകയോ ചെയ്യുന്നു "- ബിഷപ്പ്‌ പറയുന്നു.
" കുര്‍ബാന സ്വീകരിച്ചില്ലെങ്കിലും കുഴപ്പമില്ല. നേര്‍ച്ചസദ്യയില്‍ പങ്കുചേര്‍ന്നിലെങ്കില്‍ വിശുദ്ധ യൂദാ തദേവൂസും വിശുദ്ധ അന്തോണീസും വിശുദ്ധ യൗസേപ്പ്‌ പിതാവും കോപിക്കുമെന്ന്‌ ജനം വിശ്വസിക്കുന്നു. ഒരു വിശുദ്ധന്റെ തിരുനാളിനോടനുബന്ധിച്ച്‌ തുലാഭാരം നടത്തുന്നു. ആ വിശുദ്ധന്റെ ജീവിതവും തുലാഭാരവും തമ്മില്‍ ഒരുബന്ധവുമില്ല. തുലാഭാര തിരുനാളിന്‌ നാട്‌ മുഴുക്കെ പരസ്യം വെയ്ക്കുന്നത്‌ മാര്‍ക്കറ്റിംഗ്‌ തന്ത്രമാണ്‌. ഇതുപോലെ വ്യാപകമായി കണ്ടുവരുന്ന മറ്റൊരു ആചാരമാണ്‌ കൊന്തയെഴുന്നിള്ളിപ്പ്‌. തിരുരൂപത്തില്‍ നിന്ന്‌ രക്തം, വെള്ളം, തേന്‍, എണ്ണ, കണ്ണീര്‍ തുടങ്ങിയവ വന്നുവെന്ന പേരില്‍ നടത്തുന്ന പ്രചാരണങ്ങള്‍ വിശ്വാസത്തേക്കാള്‍ വാണിജ്യതാല്‍പ്പര്യം മുന്‍ നിര്‍ത്തിയുള്ളതാ"ണെന്നും ബിഷപ്പ്‌ ചക്യാത്ത്‌ ലേഖനത്തില്‍ വിശദീകരിക്കുന്നു.
സത്യം പറയാന്‍ ബിഷപ്പ്‌ ചക്യാത്ത്‌ പ്രദര്‍ശിപ്പിച്ച ഈ ആര്‍ജ്ജവം, ആതിരേ, അഭിനന്ദനമര്‍ഹിക്കുന്നു. ക്രിസ്തുവിനെ വിസ്മരിച്ച്‌ വിശുദ്ധരെ പര്‍വതീകരിച്ച്‌ ഹൈടെക്ക്‌ പ്രചാരണങ്ങളിലൂടെയാണ്‌ ഇന്ന്‌ മിക്ക ഇടവകകളിലും പെരുന്നാളുകള്‍ കൊണ്ടാടുന്നത്‌. ഭക്തിയേക്കാള്‍ കച്ചവട താല്‍പ്പര്യങ്ങളാണ്‌ ഇത്തരം ആഘോഷങ്ങളില്‍ അള്‍ത്താര വരെ നിറയുന്നത്‌. ഇതില്‍നിന്നുള്ള വരുമാനം മാത്രമാണ്‌ ബന്ധപ്പെട്ട ഇടവകകള്‍ ലക്ഷ്യമാക്കുന്നതെന്ന്‌ പെരുന്നുളിനോടും തിരുനാളിനോടും അനുബന്ധിച്ചുള്ള കലാപരിപാടികളില്‍ നിന്ന്‌ വായിച്ചെടുക്കാന്‍ കഴിയും.
ഇതിലും ലജ്ജാകരമായ രീതിയിലാണ്‌ നൊവേനകളെ കുറിച്ചും ധ്യാനങ്ങളെ കുറിച്ചും ബന്ധപ്പെട്ടവര്‍ നടത്തുന്ന പ്രചാരണങ്ങള്‍. ഏത്‌ കാര്യവും നിര്‍ദിഷ്ട നൊവേനകളില്‍ പങ്കെടുത്താല്‍ സാധിച്ചുകിട്ടുമെന്ന പ്രചാരണം നേരത്തെ മുതല്‍ ഉണ്ടായിരുന്നതാണ്‌. ആഴ്ചയില്‍ പ്രത്യേക ദിവസങ്ങളില്‍ ഇത്തരം നൊവേനകള്‍ നടത്താന്‍ തുടങ്ങിയിട്ടും നാളുകളായി. എന്നാല്‍, വിശ്വാസിക്ക്‌ ലഭിക്കുന്ന അനുഗ്രഹത്തേക്കാള്‍ ഈ ആള്‍ക്കൂട്ടം സമൂഹവിരുദ്ധ ശക്തികള്‍ക്ക്‌ മറയായി മാറുന്നതാണ്‌ ഇപ്പോഴത്തെ അനുഭവം. ഇതിന്‌ സമാനമാണ്‌ ധ്യാനകേന്ദ്രങ്ങള്‍ നടത്തുന്ന പ്രചാരണങ്ങളും അവിടത്തെ ആള്‍ക്കദൂട്ടവും. തിരോവസ്തി മാംസമായി മാറിയെന്നും രക്തമായി പരിണമിച്ചുവെന്നും തിരുസ്വരൂപത്തില്‍ നിന്ന്‌ സുഗന്ധവും തേനും എണ്ണയും മറ്റും പ്രവഹിച്ചു എന്നും ശരീരത്തിലും വസ്ത്രങ്ങളിലും കുരിശിന്റെ രൂപം പ്രത്യക്ഷപ്പെട്ടുവെന്നുമൊക്കെ പറഞ്ഞുകൊണ്ടുള്ള പ്രചാരണം ആദ്യം സൂചിപ്പിച്ച കമ്പോള താല്‍പ്പര്യങ്ങളുടെ പ്രദര്‍ശനമായി അധഃപതിച്ചിരിക്കുകയാണ്‌. വിശ്വാസം ഒരുവഴിക്കും ആശ്വാസമാകുന്ന പണസമ്പാദനം മറുവഴിക്കും എന്നതാണ്‌ ഇത്തരം ആചാരങ്ങളുടേയും പ്രചാരണങ്ങളുടേയും ഏക ലക്ഷ്യം. ക്രിസ്തുവിലുള്ള വിശ്വാസതത്തെ നഗ്നമായി മുതലെടുക്കുകയാണ്‌ ഈ രീതികളിലൂടെ ചില തല്‍പ്പരകക്ഷികള്‍. യേശു ക്രിസ്തുവിന്റെ കാലത്ത്‌ യരുശലേം ദേവാലയം കച്ചവടക്കാരുടെ ആലയമാക്കിയതിലും നീചമായ വിപണന തന്ത്രങ്ങളും രീതികളുമൊക്കെയാണ്‌ ഇന്ന്‌ മിക്ക ഇടവക പെരുന്നാളുകളോടും വിശുദ്ധന്മാരുടെ തിരുനാളുകളോടും അനുബന്ധിച്ചു നടത്തുന്നത്‌. ചാട്ടവാറുമായി വരാന്‍ ഒരു യേശുക്രിസ്തുവില്ല എന്ന്‌ ഈ വാണുക്കുകള്‍ക്കറിയാം. അതുകൊണ്ടാണ്‌ പ്രാര്‍ത്ഥനാലയങ്ങളെ ഇങ്ങനെ ലഭകൊള്ളക്കാരുടെ ആലയങ്ങളാക്കി മാറ്റാനിവര്‍ക്കൊന്നും ഉളുപ്പില്ലാത്തത്‌, ആതിരേ......
" ആ മലയിലുമല്ല ഈ മലയിലുമല്ല രഹസ്യത്തിലുള്ള നിന്റെ പിതാവിനോട്‌ പ്രാര്‍ത്ഥിക്കാന്‍" ഉപദേശിച്ച ക്രിസ്തുവിനെ തമസ്ക്കരിച്ചുകൊണ്ടുള്ള ഇത്തരം കൊള്ളയ്ക്കെതിരെ ഇപ്പോഴെങ്കിലും പ്രതികരിക്കാന്‍ ബിഷപ്പ്‌ ചക്യാത്ത്‌ തയ്യാറായത്‌ നല്ല കാര്യം തന്നെ. എന്നാല്‍, "ആത്മാവ്‌ സഭയോട്പ റയുന്നത്‌ കേള്‍ക്കാന്‍ ചെവിയുള്ളവര്‍" വിരളമാണ്‌ എന്നതാണ്‌ ആതിരേ, വ്യസനകരമായ വാസ്തവം.
ഹൈന്ദവ വിശ്വാസങ്ങളെയും ഇതുപോലെയോ ഒരു വേള ഇതിലധികമായോ ചൂഷണം ചെയ്യുന്നുണ്ട്‌. അതിലേറ്റവും പ്രധാനമാണ്‌ പൊങ്കാല. ആറ്റുകാല്‍ ദേവി ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക്‌ ഒരടിസ്ഥാനമുണ്ടായിരുന്നു. വര്‍ഷങ്ങളായി തുടരുന്ന അവിടത്തെ പൊങ്കാലയ്ക്ക്‌ വിശ്വാസികളുടെ എണ്ണം കൂടുന്നത്‌ കണ്ടപ്പോഴാണ്‌ ചിലരുടെയെല്ലാം ലാഭക്കൊതി പൊങ്കാലയെ കമ്പോളവത്കരിക്കാമെന്ന്‌ കണ്ടെത്തിയത്‌. ആറ്റുകാലിന്‌ ശേഷം ചക്കുളത്ത്‌ കാവ്‌ പൊങ്കാല പ്രശസ്തമായി. ഇന്ന്‌ എല്ലാ ദേവീ ക്ഷേത്രങ്ങളിലും പൊങ്കാല ഭക്തിയുടെ ട്രേഡ്‌ മാര്‍ക്കായി മാറ്റിയെടുത്ത്‌ ലാഭം പോക്കറ്റിലാക്കുകയാണ്‌ ബന്ധപ്പെട്ട കമ്മറ്റിക്കാര്‍. മറ്റൊന്ന്‌ ആനകളുടെ പേരിലുള്ള പ്രചാരണമാണ്‌. ഇന്ന്‌ പല ക്ഷേത്രങ്ങളുടെ ഉത്സവ പോസ്റ്ററുകളിലും ബാനറുകളിലും നിറയുന്നത്‌ എഴുന്നള്ളിപ്പിന്‌ കൊണ്ടുവരുന്ന ആനകളുടെ ചിത്രവും പേരുമാണ്‌.ദേവനും ദേവിയും ചുറ്റമ്പലത്തിന്‌ പുറത്തും ആനയും അനയേക്കാള്‍ വലിയ ലാഭക്കൊതിയും ഗര്‍ഭഗൃഹത്തില്‍ എന്നായിരിക്കുന്നു, ആതിരേ, വര്‍ത്തമാനകാല അവസ്ഥ. സമാനരീതിയിലാണ്‌ ബലിതര്‍പ്പണത്തിന്‌ അവസരമൊരുക്കുന്നത്‌. മുമ്പ്‌ പിതൃബലിയിടാന്‍ നദീതീരത്തും കായല്‍ത്തീരത്തുമുള്ള ചില പ്രത്യേക ക്ഷേത്രങ്ങളില്‍ മാത്രമായിരുന്നു സംവിധാനമുണ്ടായിരുന്നതെങ്കില്‍ ഇന്ന്‌ കിലോമീറ്ററുകള്‍ക്ക്‌ അകലെ കൂടി പോലം നദിയൊഴുകാത്ത ക്ഷേത്രങ്ങളില്‍ വരെ പിതൃതര്‍പ്പണം നടത്തുന്നു. ഇതൊന്നും ഭക്തിയുടെ വിപുലീകരണമല്ല. മറിച്ച്‌ ഭക്തിയുടെ പേരിലുള്ള മുതലെടുപ്പും കമ്പോളവത്കരണവുമാണ്‌.
ഇക്കാര്യത്തില്‍ ഇപ്പോള്‍ അല്‍പ്പം പിന്നില്‍ നില്‍ക്കുന്നത്‌ മുസ്ലീം സമുദായമാണ്‌. എന്നാല്‍, അവിടെയും ഉറുസ്സുകളുടേയും ചന്ദനക്കുടങ്ങളുടേയും ഉറുക്കും നൂലും ജപിച്ച്‌ നല്‍കുന്നവരുടേയും പരസ്യങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്‌.
അറിയാം, ആതിരേ, ഈശ്വര വിശ്വാസം വ്യക്ത്യാധിഷ്ഠിതമാണ്‌. ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കാനും അതിനിണങ്ങുന്ന ആചാരങ്ങള്‍ അനുവര്‍ത്തിക്കാനും വ്യക്തികള്‍ക്ക്‌ സ്വാതന്ത്ര്യമുണ്ട്‌. എന്നാല്‍, ഈ സ്വാതന്ത്ര്യത്തെ കമ്പോളവത്കരിക്കുന്നിടത്താണ്‌ വിശ്വാസം അന്യമാകുന്നതും സാമ്പത്തികനേട്ടം മുന്നിലെത്തുന്നതും. ഇത്‌ ഒരുവിഭാഗം വ്യക്തികളുടെ ക്ഷുദ്രമായ ലാഭക്കൊതിയില്‍ നിന്ന്‌ ഉളവാകുന്ന ചൂഷണമാണ്‌. വിശ്വാസത്തിന്റെ പേരില്‍ നടത്തുന്ന ചൂഷണങ്ങളെയെല്ലാം പ്രതിരോധിക്കേണ്ടതും എതിര്‍ത്ത്‌ തോല്‍പ്പിക്കേണ്ടതും മതനിരപേക്ഷതയുടെ നിലനില്‍പ്പിന്‌ അനിവാര്യമാണ്‌. ഇക്കാര്യത്തില്‍ വിശ്വാസികളും അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്‌.എന്നുമാത്രമല്ല ദൈവവും വിശ്വാസവും വില്‍പ്പന ചരക്കുകളല്ല എന്ന്‌ ഇവര്‍ സമുദായ നേതാക്കളെ ബോധ്യപ്പെടുത്തേണ്ടതുമുണ്ട്‌.

No comments: