Saturday, February 13, 2010

വയനാട്‌ കൈയേറ്റവും അശ്ലീല രാഷ്ട്രീയവും



ചെങ്ങറയില്‍ ആദിവാസികള്‍ അടക്കമുള്ള പട്ടികജാതി പട്ടികവര്‍ഗ വിഭാഗം ഹാരിസണ്‍ കമ്പനിയുടെ റബ്ബര്‍ തോട്ടം കൈയേറിയപ്പോള്‍ അവരെ കള്ളന്മാരെന്ന്‌ വിശേഷിപ്പിക്കുകയും ആ സമരത്തെ ആളും അര്‍ത്ഥവും ഭീഷണിയും പോലീസിനെയും ഉപയോഗിച്ച്‌ തകര്‍ക്കുകയും ചെയ്ത ഇടതുപക്ഷ സര്‍ക്കാരാണ്‌ ഇപ്പോള്‍ വയനാട്ടിലെ ആദിവാസികളുടേത്‌ എന്നുപറയുന്ന ഭൂമി കൈയേറ്റ സമരത്തെ ന്യായീകരിക്കുന്നത്‌ എന്നറിയണം . എത്രമാത്രം തത്വദീക്ഷയില്ലാത്ത, രാഷ്ട്രീയ സത്യസന്ധത തൊട്ടുതീണ്ടിയിട്ടില്ലാത്ത നിലപാടാണിതെന്ന്‌ പ്രത്യേകിച്ച്‌ വിശദീകരിക്കേണ്ടതില്ല. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ വര്‍ഗ വഞ്ചനയുടെയും മൂലധന താല്‍പര്യങ്ങളുടെയും പുതിയ തെളിവുകളാണ്‌ ഈ താന്തോന്നിത്തങ്ങള്‍. ഇതില്‍ അഭിമാനിക്കുകയും വയനാട്‌ കളക്ടറേയും അവിടത്തെ പോലീസ്‌ നടപടിയെയും അധിക്ഷേപിക്കുകയും ചെയ്തപ്പോള്‍ അച്യുതാനന്ദന്‍ സ്വയം അപഹാസ്യനാവുകയായിരുന്നു എന്ന്‌ അദ്ദേഹം തിരിച്ചറിയേണ്ടതായിരുന്നു. ഈ അസംബന്ധ നാടകം, അതേസമയം, വളരെ ഗൗരവമുള്ള ഒരു സത്യം പുറത്തുകൊണ്ടുവന്നിട്ടുണ്ട്‌. കേരളത്തിലെ ആദിവാസികള്‍ അടക്കമുള്ള പട്ടിക വിഭാഗങ്ങള്‍ അവരുടെ ബന്ധുക്കള്‍ മരിച്ചാല്‍ അടുക്കള പൊളിച്ച്‌ ശവസംസ്കാരം നടത്താന്‍ നിര്‍ബന്ധിതമാകുന്ന കേരളത്തിലാണ്‌ ശ്രേയാംസ്‌ കുമാറിനെ പോലെയുള്ളവര്‍ക്ക്‌ വയനാട്ടില്‍ 46 ഏക്കര്‍ സ്ഥലം കൈവശം വെയ്ക്കാന്‍ കഴിയുന്നത്‌. ഇത്‌ ഒരു ശ്രയാംസ്കുമാറിന്റെ മാത്രം കാര്യമല്ല. ഇത്തരം നിരവധിപേര്‍ കേരളത്തിലെ എല്ലാ ജില്ലകളിലുമുണ്ട്‌. അവര്‍ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെയും അംഗങ്ങളും നേതാക്കളുമാണ്‌. അവിശുദ്ധ രാഷ്ട്രീയത്തിന്റെ കൂട്ടായ്മയിലാണ്‌ ഈ അനധികൃത കൈയേറ്റങ്ങളെല്ലാം നടക്കുന്നത്‌. ഇവരാണ്‌ ടാറ്റയുടെ കൈയേറ്റം മാത്രം ഫോക്കസ്‌ ചെയ്ത്‌ ഒഴിപ്പിക്കല്‍ നടപടികളും ഭൂമി വീണ്ടെടുക്കല്‍ നടപടികളുമൊക്കെയായി ഞെളിയാന്‍ ശ്രമിക്കുതെന്ന്‌. ഈ വഞ്ചനകള്‍ തുറന്നുകാട്ടാന്‍ ഇടയായി എന്നിടത്താണ്‌ മൂന്നാര്‍ - വയനാട്‌ വിവാദങ്ങള്‍ പ്രസക്തങ്ങളാകുന്നത്‌.
ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കബളിപ്പിക്കല്‍ കൂടിയുണ്ട്‌. യുഡിഎഫിലെത്തിയതു കൊണ്ട്‌ വീരേന്ദ്രകുമാറിന്റെ മകന്റെ ഭൂമി കൈയ്യേറിയ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെ ഒരു പാഠം പഠിപ്പിക്കാന്‍ വയനാട്‌ അടക്കമുള്ള സ്ഥലങ്ങളില്‍ മാര്‍ക്സിസ്റ്റ്‌ നേതാക്കള്‍ അനധികൃതമായി കൈവശം വച്ചിട്ടുള്ള ഭൂമി യുഡിഎഫ്‌ കൈയ്യേറണമെന്ന്‌ , കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ അതൊരിക്കലും ചെയ്യരുതെന്നാണ്‌ ചാണ്ടി-ചെന്നിത്തല-മാണി- കുഞ്ഞാലിക്കുട്ടിമാര്‍ നിഷ്കര്‍ഷിച്ചത്‌.മനസ്സിലായില്ലേ , കളികളുടെ പോക്ക്‌....





"അങ്ങാടിയില്‍ തോറ്റാല്‍ അമ്മയുടെ നെഞ്ചത്ത്‌" കുതിര കയറുന്ന അധാര്‍മികതയുടെയും മുഷ്കിന്റെയും പര്യായമാണ്‌ ആതിരേ, ഇപ്പോള്‍ വയനാട്ടില്‍ നടക്കുന്നത്‌. കൊട്ടിഘോടിച്ചാരംഭിച്ച മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ എല്ലാ അര്‍ത്ഥത്തിലും തിരിച്ചടിയും പരാജയവുമാവുകയും അതിനുപിന്നിലെ പാരകള്‍ സിപിഎമ്മിലെ ഔദ്യോഗിക വിഭാഗവും സിപിഐയിലെ മുടിവളര്‍ത്തിയനേതാവും മുടികറുപ്പിച്ച മുന്‍ പട്ടാളക്കാരനുമാണെന്ന്‌ പൊതുസമൂഹം തിരിച്ചറിയുകയും ചെയ്തപ്പോഴാണ്‌ ജനശ്രദ്ധ തിരിക്കാന്‍ വയനാട്ടില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പുതിയ കൈയേറ്റ നാടകം അരങ്ങേറിയത്‌.
ഭൂരഹിതരായ ആദിവാസികളുടെ പേരില്‍ ' രാഷ്ട്രീയ പകപോക്കല്‍ ' എന്ന അശ്ലീലം നിറഞ്ഞ അജണ്ടയും ആതിരേ, ഈ കൈയേറ്റങ്ങള്‍ക്ക്‌ പിന്നിലുണ്ട്‌ . മുന്‍ ജനതാദള്‍ നേതാവ്‌ എം.പി. വീരേന്ദ്ര കുമാറിന്റെ മകന്‍ ശ്രേയാംസ്‌ കുമാറിന്റെ കൈവശം ഉണ്ടായിരുന്ന കൃഷ്ണ ഗിരി എസ്റ്റേറ്റിലായിരുന്നു ആദ്യം ആദിവാസികളുടെ പേരില്‍, മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി കടന്നുകയറിയതും ചെങ്കൊടി നാട്ടിയതും. തുടര്‍ന്ന്‌ വയനാട്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റും ജനതാദള്‍ നേതാവുമായ ജോര്‍ജ്‌ പോത്തന്റെ ഭൂമിയിലും കൊടി നാട്ടി , അവകാശം സ്ഥാപിച്ചു. എന്നാല്‍, ഈ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന്‌ ജനം തിരിച്ചറിഞ്ഞപ്പോഴാണ്‌ ഹാരിസണ്‍ മലയാളം കമ്പനിയുടെയും മോഹന്‍ ജോര്‍ജ്‌ ജോണ്‍ അഞ്ചേരിലിന്റെയും ഭൂമിയില്‍ അവകാശം പ്രഖ്യാപിച്ച്‌ കൊടി പാറിച്ചത്‌. അനധികൃതമായ ഭൂമി കൈയേറ്റം എവിടെയുണ്ടെങ്കിലും അതൊഴിപ്പിക്കാനും അത്‌ കൈയ്യടക്കാനുമുള്ള ശക്തിയും ധൈര്യവും കെഎസ്കെടിയുവിനുണ്ട്‌ എന്ന്‌ പ്രഖ്യാപിച്ചായിരുന്നു മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഈ പുതിയ 'ഭൂസമരം'.
എന്നാല്‍, കൈയേറ്റങ്ങള്‍ക്കെതിരെ ഹാരിസണ്‍ മലയാളം കമ്പനിയും ശ്രേയാംസ്‌ കുമാറുമടക്കമുള്ളവര്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വാദം കേള്‍ക്കേ, വയനാട്ടിലെ കൈയേറ്റ നടപടികള്‍ സര്‍ക്കാരിന്‌ നാണക്കേടാണെന്നും അവിടെ ക്രമസമാധാന രംഗത്ത്‌ ഭരണസ്തംഭനമാണെന്നും ജസ്റ്റിസ്‌. കെ.എം. ജോസഫ്‌, ജസ്റ്റിസ്‌ എം.എല്‍ ജോസഫ്‌ ഫ്രാന്‍സിസ്‌ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച്‌ വിലയിരുത്തി. ഇത്‌ സര്‍ക്കാരിനേറ്റ മറ്റൊരു ഇരുട്ടടിയായിരുന്നു.
ശ്രേയാംസ്‌ കുമാറിന്റെ കൃഷ്ണഗിരി എസ്റ്റേറ്റ്‌ കൈയേറിയവരെ പോലീസിനെ ഉപയോഗിച്ച്‌ ഒഴിപ്പിച്ച വയനാട്‌ ജില്ല കളക്ടര്‍ക്കെതിരെ സിപിഎമ്മിന്റെ ജില്ല സെക്രട്ടറി ക്ഷോഭിച്ചതും കളക്ടറുടെ നടപടിയെ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ അധിക്ഷേപിച്ചതുമെല്ലാം കൂട്ടിവായിക്കുമ്പോള്‍ എന്തൊക്കെയോ പാകപ്പിഴകള്‍ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും ഇടതുപക്ഷ സര്‍ക്കാരും നേരിടുന്നുണ്ട്‌ എന്നാണ്‌ വ്യക്തമാകുന്നത്‌.
മൂന്നാറില്‍ ടാറ്റ കൈവശം വെച്ചിട്ടുള്ള അനധികൃത ഭൂമിയെ ചൊല്ലി ആരംഭിച്ച തര്‍ക്കവും വിവാദവും ഒഴിപ്പിലും , ആതിരേ, ഇപ്പോള്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം കുടത്തില്‍ നിന്ന്‌ തുറന്നുവിട്ട ഭൂതത്തിന്റെ അവസ്ഥയിലാണ്‌. മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ആരംഭിച്ച ആദ്യ നടപടികള്‍ അട്ടിമരിച്ചത്‌ സിപിഎമ്മിലെ ഔദ്യോഗിക വിഭാഗവും സിപിഐയിലെ മുതിര്‍ന്ന നേതാക്കളുമായിരുന്നു എന്നു സൂചിപ്പിച്ചു. അതുമൂലമുണ്ടായ പരാജയം എങ്ങനെ മറയ്ക്കണമെന്നറിയാതെ ഉഴലുന്നതിനിടയിലാണ്‌ വീണ്ടും മൂന്നാറിലെ ടാറ്റയുടെ കൈയേറ്റ ഭൂമി വിഷയം സജീവമായത്‌. എന്നാല്‍, മൂന്നാറില്‍ ടാറ്റ മാത്രമല്ലെന്നും മറ്റ്‌ വന്‍കിട ഭൂമാഫിയകളും അനധികൃതമായി റവന്യൂഭൂമി കൈയേറിയിട്ടുണ്ടെന്നും മുന്‍ റവന്യൂ മന്ത്രിമാരായ കെ.എം.മാണി, പി.ജെ ജോസഫ്‌, കെ.ഇ ഇസ്മയില്‍ എന്നിവരുമായി അടുത്ത ബന്ധമുള്ളവരും സൗഹൃദമുള്ളവരും റിസോര്‍ട്ടുകളടക്കം മൂന്നാറില്‍ സ്വന്തമാക്കിയിട്ടുണ്ടെന്നും ഇപ്പോള്‍ തെളിഞ്ഞിട്ടുണ്ട്‌. എന്നുമാത്രമല്ല മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെയും സിപിഐയുടെയും നേതാക്കളടക്കമുള്ളവര്‍ മൂന്നാറില്‍ ടാറ്റയുടെ ഔദാര്യം പറ്റിയാണ്‌ തൊഴിലാളി പ്രവര്‍ത്തനം നടത്തുന്നതെന്നും മാധ്യമങ്ങള്‍ തെളിയിച്ചു. ഈ സാഹചര്യത്തില്‍, ഭരണത്തില്‍ നിന്ന്‌ ഇറങ്ങിപ്പോകും മുന്‍പ്‌ മുഖം രക്ഷിക്കാനാരംഭിച്ച മൂന്നാര്‍ ഓപ്പറേഷന്‍ അമ്പേ പാളിയെന്ന്‌ വ്യക്തമായപ്പോഴാണ്‌ വയനാട്ടിലെ കൈയേറ്റനാടകത്തിന്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി രംഗഭാഷ്യം ചമച്ചത്‌. എന്നാല്‍, സിപിഐ ഭരിക്കുന്ന റവന്യൂ വകുപ്പ്‌ നടത്തിയ ഒരു അടിവലിയിലൂടെ ആ നീക്കം പാളുകയും കൂടുതല്‍ അപഹാസ്യമാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ്‌ കൈയ്യേറ്റക്കാരെ പോലീസിനെ ഉപയോഗിച്ച്‌ ഒഴിപ്പിക്കാന്‍ കളക്ടര്‍ നിര്‍ബന്ധിതനായത്‌.
ഇതെല്ലാം ചില കുബുദ്ധികളുടെ അപായകരമായ ഭൂതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഉഡായ്പുകളാണെന്ന്‌ ഹൈക്കോടതിക്കു തന്നെ ഇപ്പോള്‍ ബോധ്യമായിട്ടുണ്ട്‌. അറിയുക,ആതിരേ, ശ്രേയാംസ്കുമാറിന്റെ കൈവശമിരിക്കുന്ന കൃഷ്ണഗിരി എസ്റ്റേറ്റ്‌ സംബന്ധിച്ച ഒരു കേസില്‍ കോഴിക്കോട്‌ സബ്കോടതി ശ്രേയാംസ്കുമാറിന്‌ അനുകൂലമായാണ്‌ വിധി പ്രഖ്യാപിച്ചത്‌. അതാകട്ടെ നിലവിലിരിക്കുന്ന ഭൂപരിഷ്കരണ നിയമത്തിന്‌ എതിരുമായിരുന്നു. എന്നിട്ടും അതിനെതിരെ സ്റ്റേ സമ്പാദിക്കാന്‍ അച്യുതാനന്ദന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കാരണം അന്ന്‌ വീരേന്ദ്ര കുമാര്‍ ഇടതുപക്ഷത്തായിരുന്നു. ഇപ്പോള്‍ എല്‍ഡിഎഫ്‌ വിട്ട്‌ വീരേന്ദ്രകുമാര്‍ യുഡിഎഫില്‍ ചേക്കേറിയതിന്‌ പിന്നാലെയാണ്‌ പകപോക്കന്‍ കൃഷ്ണഗിരി എസ്റ്റേറ്റില്‍ ആദിവാസികളുടെ മറവില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ഭൂമി കൈയേറ്റം നടത്തിയത്‌.
അനധികൃത ഭൂമി കൈയേറ്റം സംബന്ധിച്ച പ്രശ്നത്തില്‍ തൊട്ടപ്പോഴെല്ലാം കൈപൊള്ളിയ അനുഭവമാണ്‌ അച്യുതാനന്ദന്‍ സര്‍ക്കാരിന്‌ ഉണ്ടായിട്ടുള്ളത്‌. നിലനില്‍പ്പിനുവേണ്ടി അവര്‍ കണ്ടെത്തുന്ന സമരമാര്‍ഗങ്ങള്‍ അവരുടെ പ്രത്യയശാസ്ത്ര പാപ്പരത്വത്തെയും ജനവഞ്ചനയെയും തെരഞ്ഞെടുപ്പ്‌ പ്രകടന പത്രികയിലെ വാഗ്ദാന ലംഘനങ്ങളുടെയും കഥകളാണ്‌ ആതിരേ, വെളിച്ചത്ത്‌ കൊണ്ടുവരുന്നത്‌. വയനാട്ടില്‍ ആദിവാസികളാണ്‌ ഭൂമി കൈയേറിയതെന്നാണ്‌ അച്യുതാനന്ദന്‍ പോലും പറയുന്നത്‌. ആദിവാസികളുടെ ഭൂമി കൈയേറ്റക്കാരില്‍ നിന്ന്‌ ഒഴിപ്പിച്ച്‌ അവര്‍ക്ക്‌ സ്വന്തമാക്കികൊടുക്കുമെന്ന്‌ വാഗ്ദാനം ചെയ്തവര്‍ അധികാരത്തിലേറി മൂന്നരവര്‍ഷം കഴിഞ്ഞിട്ടും ആദിവാസികള്‍ക്ക്‌ കിടപ്പാടം കിട്ടണമെങ്കില്‍ ഭൂമി കൈയേറ്റസമരം നടത്തേണ്ടിവരുന്നു എന്നുപറയുമ്പോള്‍ അതിന്റെ നാണക്കേട്‌ അച്യുതാനന്ദനും അദ്ദേഹത്തിന്റെ സര്‍ക്കാരിനുമാണ്‌. അച്യുതാനന്ദന്‍ ഭരിക്കുമ്പോള്‍ ഭൂമിക്കുവേണ്ടി ആദിവാസികള്‍ക്ക്‌ കൈയേറ്റ സമരം നടത്തേണ്ടിവരുന്നുവെങ്കില്‍ എന്തിനാണ്‌ ഇങ്ങനെയൊരു മുഖ്യമന്ത്രി എന്ന പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടിയുടെ മുന വെച്ച ചോദ്യം ഏറെ പ്രസക്തമാണ്‌. എന്നു മാത്രമല്ല മൂന്നാറില്‍ അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധരായവരാണ്‌ ആതിരേ വയനാട്ടില്‍ കൈയ്യേറ്റത്തിന്‌ ചുവന്ന കൊടി നല്‍കിയിട്ടുള്ളതും.അതാകട്ടെ പുലിവാല്‍ പിടിച്ച അവസ്ഥയില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയേയും ഇടതുമുന്നണിയേയും കൊണ്ടെത്തിക്കുകയും ചെയ്തു.സിപിഎമ്മിനു പിന്നാലെ സിപിഎംഎല്‍ കാരും കൈയേറ്റം തുടങ്ങി. വരും ദിവസങ്ങളില്‍ ജാനുവിന്റേയും ഗീതാനന്ദന്റേയും നേതൃത്വത്തിലുള്ള ഗോത്രമഹസഭ പുതിയ കൈയ്യേറ്റത്തിന്‌ കോപ്പുകൂട്ടുകയാണ്‌. മുത്തങ്ങ വെടി വയ്പ്പിന്റെ വാര്‍ഷീക ദിനമായ ഫെബ്രുരി 19 ന്‌ ഇതു സംബന്ധിച്ച തീരുമാനം എടുക്കും എന്നാണവര്‍ പറയുന്നത്‌.ചുമ്മാതിരുന്ന്‌ ശരീരത്തിന്റെ ഏതോഭാഗത്ത്‌ ചുണ്ണാമ്പ്‌ തേച്ചു പൊള്ളിക്കുകയായിരുന്നു വയനാട്ടിലെ കൈയ്യേറ്റത്തിലൂടെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി. ശ്രദ്ധിച്ചോ , വിഎസ്‌ അല്ലാതെ ഒരു നേതാവും വയനാട്‌ കൈയ്യെറ്റത്തെ കുറിച്ചു പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.മുത്തൂറ്റ്‌ പോള്‍ വധക്കേസില്‍ രണ്ടുവട്ടം പത്രസമ്മേളനം നടത്തിയ പിണറായിയോ അദ്ദേഹത്തിന്റെ ലെഫ്റ്റനന്റ്മാരായ ജയരാജന്മാരോ ആരും ഒരക്ഷരം മിണ്ടിയിട്ടില്ല.
ചെങ്ങറയില്‍ ആദിവാസികള്‍ അടക്കമുള്ള പട്ടികജാതി പട്ടികവര്‍ഗ വിഭാഗം ഹാരിസണ്‍ കമ്പനിയുടെ റബ്ബര്‍ തോട്ടം കൈയേറിയപ്പോള്‍ അവരെ കള്ളന്മാരെന്ന്‌ വിശേഷിപ്പിക്കുകയും ആ സമരത്തെ ആളും അര്‍ത്ഥവും ഭീഷണിയും പോലീസിനെയും ഉപയോഗിച്ച്‌ തകര്‍ക്കുകയും ചെയ്ത ഇടതുപക്ഷ സര്‍ക്കാരാണ്‌ ഇപ്പോള്‍ വയനാട്ടിലെ ആദിവാസികളുടേത്‌ എന്നുപറയുന്ന ഭൂമി കൈയേറ്റ സമരത്തെ ന്യായീകരിക്കുന്നത്‌ എന്നറിയണം , ആതിരേ. എത്രമാത്രം തത്വദീക്ഷയില്ലാത്ത, രാഷ്ട്രീയ സത്യസന്ധത തൊട്ടുതീണ്ടിയിട്ടില്ലാത്ത നിലപാടാണിതെന്ന്‌ പ്രത്യേകിച്ച്‌ വിശദീകരിക്കേണ്ടതില്ല. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ വര്‍ഗ വഞ്ചനയുടെയും മൂലധന താല്‍പര്യങ്ങളുടെയും പുതിയ തെളിവുകളാണ്‌ ഈ താന്തോന്നിത്തങ്ങള്‍. ഇതില്‍ അഭിമാനിക്കുകയും വയനാട്‌ കളക്ടറേയും അവിടത്തെ പോലീസ്‌ നടപടിയെയും അധിക്ഷേപിക്കുകയും ചെയ്തപ്പോള്‍ അച്യുതാനന്ദന്‍ സ്വയം അപഹാസ്യനാവുകയായിരുന്നു എന്ന്‌ അദ്ദേഹം തിരിച്ചറിയേണ്ടതായിരുന്നു. ഈ അസംബന്ധ നാടകം, അതേസമയം, വളരെ ഗൗരവമുള്ള ഒരു സത്യം പുറത്തുകൊണ്ടുവന്നിട്ടുണ്ട്‌. കേരളത്തിലെ ആദിവാസികള്‍ അടക്കമുള്ള പട്ടിക വിഭാഗങ്ങള്‍ അവരുടെ ബന്ധുക്കള്‍ മരിച്ചാല്‍ അടുക്കള പൊളിച്ച്‌ ശവസംസ്കാരം നടത്താന്‍ നിര്‍ബന്ധിതമാകുന്ന കേരളത്തിലാണ്‌ ശ്രേയാംസ്‌ കുമാറിനെ പോലെയുള്ളവര്‍ക്ക്‌ വയനാട്ടില്‍ 46 ഏക്കര്‍ സ്ഥലം കൈവശം വെയ്ക്കാന്‍ കഴിയുന്നത്‌. ഇത്‌ ഒരു ശ്രയാംസ്കുമാറിന്റെ മാത്രം കാര്യമല്ല. ഇത്തരം നിരവധിപേര്‍ കേരളത്തിലെ എല്ലാ ജില്ലകളിലുമുണ്ട്‌. അവര്‍ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെയും അംഗങ്ങളും നേതാക്കളുമാണ്‌. അവിശുദ്ധ രാഷ്ട്രീയത്തിന്റെ കൂട്ടായ്മയിലാണ്‌ ഈ അനധികൃത കൈയേറ്റങ്ങളെല്ലാം നടക്കുന്നത്‌. ഇവരാണ്‌ ടാറ്റയുടെ കൈയേറ്റം മാത്രം ഫോക്കസ്‌ ചെയ്ത്‌ ഒഴിപ്പിക്കല്‍ നടപടികളും ഭൂമി വീണ്ടെടുക്കല്‍ നടപടികളുമൊക്കെയായി ഞെളിയാന്‍ ശ്രമിക്കുതെന്ന്‌. ഈ വഞ്ചനകള്‍ തുറന്നുകാട്ടാന്‍ ഇടയായി എന്നിടത്താണ്‌ മൂന്നാര്‍ - വയനാട്‌ വിവാദങ്ങള്‍ പ്രസക്തങ്ങളാകുന്നത്‌.
ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കബളിപ്പിക്കല്‍ കൂടിയുണ്ട്‌. യുഡിഎഫിലെത്തിയതു കൊണ്ട്‌ വീരേന്ദ്രകുമാറിന്റെ മകന്റെ ഭൂമി കൈയ്യേറിയ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെ ഒരു പാഠം പഠിപ്പിക്കാന്‍ വയനാട്‌ അടക്കമുള്ള സ്ഥലങ്ങളില്‍ മാര്‍ക്സിസ്റ്റ്‌ നേതാക്കള്‍ അനധികൃതമായി കൈവശം വച്ചിട്ടുള്ള ഭൂമി യുഡിഎഫ്‌ കൈയ്യേറണമെന്ന്‌ , കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ അതൊരിക്കലും ചെയ്യരുതെന്നാണ്‌ ചാണ്ടി-ചെന്നിത്തല-മാണി- കുഞ്ഞാലിക്കുട്ടിമാര്‍ നിഷ്കര്‍ഷിച്ചത്‌.മനസ്സിലായില്ലേ , ആതിരേ, കളികളുടെ പോക്ക്‌....
വയനാട്‌ വിഷയത്തില്‍ കോടതിയുടെ വിധി വരാനിരിക്കുന്നതേയുള്ളു. അനധികൃതമായി ഭൂമി കൈയേറിയ മാഫിയകളെ ഒഴിവാക്കാനല്ല അവരെ സംരക്ഷിക്കാണ്‌ ഇടതുപക്ഷ സര്‍ക്കാരും കൊണ്ടുപിടിച്ച്‌ ശ്രമിക്കുന്നതെന്ന്‌ ഒരിക്കല്‍ കൂടി വെളിവാക്കി ഈ വിവാദങ്ങള്‍.വരുംകാലത്തിനുള്ള ഈടുവയ്പ്പണിത്‌.ബൈബിളിലെ വെളിപാട്‌ പുസ്തകത്തില്‍ പറയുന്നത്‌ പോലെ, ആതിരേ, " ചെവിയുള്ളവന്‍ കേള്‍ക്കട്ടെ"

No comments: