Thursday, January 21, 2010

ജ്യോതിബസു ഒരു ആഹ്വാനമാകുമ്പോള്‍


സമൂഹം തനിക്ക്‌ എന്ത്‌ നല്‍കുന്നു എന്നതിനുപരി സമൂഹത്തിന്‌ എന്ത്‌ നല്‍കാന്‍ തനിക്കാവും എന്ന്‌ ചിന്തിക്കുന്നിടത്താണ്‌ ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരന്റെ ഉദയം. ആ അര്‍ത്ഥത്തില്‍ പൂര്‍ണമായും കമ്യൂണിസ്റ്റ്‌ മൂല്യങ്ങള്‍ മരണത്തിലും മുറുകെ പിടിച്ച വ്യക്തിയാണ്‌ ജ്യോതിബസു. തന്റെ ശരീരം മെഡിക്കല്‍ കോളജിന്‌ വിട്ടുകൊടുത്തുകൊണ്ട്‌ അദ്ദേഹം കാണിച്ച മാതൃക കണ്ട്‌ ഇന്ത്യയിലെ മറ്റ്‌ കമ്യൂണിസ്റ്റ്‌ നേതാക്കന്മാര്‍ തീര്‍ച്ചയായും ലജ്ജിക്കും. പാര്‍ട്ടിയെ നവീകരിക്കാനും ഇന്ന്‌ പതിച്ചിട്ടുള്ള ചെളിക്കുണ്ടില്‍ നിന്ന്‌ ഉയര്‍ത്താനും തിരുത്തല്‍ നടപടികളുമായി വന്നിട്ടുള്ളവര്‍ പോലും ജീവിതകാലത്ത്‌ അവരുടെ ഏറ്റവും അടുത്തവരുടെ മതപരമായ ചടങ്ങുകള്‍ക്ക്‌ കൂട്ട്‌ നില്‍ക്കുകയും മരണാനന്തരം ബന്ധുക്കളുടെ ആഗ്രഹപ്രകാരമുള്ള മതപരമായ ചടങ്ങുകള്‍ക്ക്‌ വിധേയരാകുകയും ചെയ്യുന്ന വഞ്ചന നിലനില്‍ക്കുന്ന കമ്യൂണിസ്റ്റ്‌ ലോകത്താണ്‌ സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധത ബസു അസാധരണമല്ലെങ്കിലും അനുപമമായ നിലയിലൂടെ പ്രകടിപ്പിച്ചത്‌. അതെ, കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രത്തിന്റെയും സുതാര്യമായ അതിന്റെ വിവര്‍ത്തനത്തിന്റെയും കലര്‍പ്പില്ലാത്ത മൂല്യബോധത്തിന്റെയും ആ സാന്നിധ്യം ഇനി ഓര്‍മ്മയാകുമ്പോഴും ആഹ്വാനമായി നിലനില്‍ക്കുന്നു എന്നതാണ്‌ ബസുവിന്റെ മഹത്വം.




ബംഗാളിന്റെ ചുവന്ന സൂര്യന്‍ ഭൗതികമായി അസ്തമിച്ചു. എന്നാല്‍, ആ സൂര്യജ്യോതിസ്‌ ഇനിയും ദശാബ്ദങ്ങളോളം ബംഗാളിലെ സാധാരണക്കരുടെ മനസ്സിലും ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരുടെ ആവേശങ്ങളിലും ചൂടുപടര്‍ത്തി നിലകൊള്ളും , ആതിരേ.
ലോകത്തിന്‌ ഇന്ത്യ സമ്മാനിച്ച വിവേകിയായ കമ്യൂണിസ്റ്റ്‌ നേതാവായിരുന്നു ജ്യോതിബസു. ആഢ്യകുടുംബത്തില്‍ നിന്നുള്ള വിചിത്രമായ വിപ്ലവോദമായിരുന്നു ആ ജീവിതം. അതൊരു ചരിത്രത്തിന്റെ, കാലത്തിന്റെ, ഇന്ത്യയിലെ അധഃസ്ഥിത വിഭാഗത്തിന്റെ ആവശ്യവുമായിരുന്നു. ബംഗാള്‍ ഇന്ന്‌ ചിന്തിക്കുന്നത്‌ നാളെ ഇന്ത്യ ചിന്തിക്കും എന്ന്‌ രാജീവ്ഗാന്ധിയെക്കൊണ്ട്‌ സമ്മതിപ്പിച്ച ഭരണതന്ത്രജ്ഞനായിരുന്നു ജ്യോതിബസു.
മാര്‍ക്സിസ്റ്റ്‌ കമ്യൂണിസ്റ്റു പാര്‍ട്ടിയിലെ ആദ്യത്തെ പോളിറ്റ്ബ്യൂറോയിലെ, അവസാനമായി കാലയവനികക്കുള്ളില്‍ മറഞ്ഞ കമ്യൂണിസ്റ്റ്‌ സത്യസന്ധതയായിരുന്നു ബംഗാളികള്‍ സ്നേഹബഹുമാനത്തോടെ ജ്യോതിദ എന്നുവിളിച്ചിരുന്ന ജ്യോതിബസു.
മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ആദ്യകാല സമുന്നത വ്യക്തിത്തങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ആതിരേ, ആശയതലത്തിലോ പാര്‍ട്ടി കെട്ടിപ്പടുക്കുന്ന പ്രവര്‍ത്തനത്തിലോ പറയത്തക്ക സ്ഥാനമൊന്നും ജ്യോതിബസുവിന്‌ ഉണ്ടെന്ന്‌ തോന്നുന്നില്ല. ഇഎംഎസിന്റെയും വി.ടി. രണദിപയുടെയും ബാസവ പുന്നയ്യയുടെയും ആശയപരമായ ഔന്നിത്യമോ പി. സുന്ദരയ്യയേയോ പ്രമോദ്‌ ദാസ്‌ ഗുപ്തയെയോ എ.കെ.ജിയെയോ ഹര്‍ക്കിഷന്‍ സിംഗ്‌ സുര്‍ജിത്തിനെയോ പോലെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ പങ്കാളിത്തവും ജ്യോതിബസുവിനില്ലായിരുന്നു. ഈ ഇല്ലായ്മകള്‍ക്കിടയിലും മറ്റൊരു കാര്യത്തില്‍ അതി സമ്പന്നനായിരുന്നു ജ്യോതിബസു. സമൂഹത്തിലെ താഴെ തട്ടിലുള്ളവരുമായി സംവദിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ജ്യോതിബസുവിനെ പോലെ മറ്റൊരു കമ്യൂണിസ്റ്റ്‌ നേതാവോ ഭരണാധികാരിയോ ഉണ്ടായിട്ടില്ല. ഈ രണ്ട്‌ അടിസ്ഥാന തലങ്ങളില്‍ പാര്‍ട്ടിയുടെ ആശയവും രാഷ്ട്രീയവും സംഘടനാ തത്വങ്ങളും ഒരുപോലെ സമന്വയിപ്പിക്കാന്‍ കഴിഞ്ഞ അസാധ്യ ക്രാന്തദര്‍ശിയായിരുന്നു അദ്ദേഹം.
വായില്‍ വെള്ളിക്കരണ്ടിയുമായി ജനിക്കുക, വിദേശ വിദ്യാഭ്യാസം നേടുക, അന്നത്തെ കാലത്ത്‌ ഏറ്റവും അഭികാമ്യമായ ബാരിസ്റ്റര്‍ പദവിയില്‍ പ്രശോഭിക്കാനുള്ള എല്ലാ അവസരവും ഉണ്ടായിരിക്കുക - ഇന്ത്യയിലെ സമ്പന്നവിഭാഗത്തിന്‌ മാത്രം അന്ന്‌ 'സംവരണം ചെയ്യപ്പെട്ട' ഭൗതിക ആനുകൂല്യമായിരുന്നു ഇത്‌. എന്നാല്‍, ഈ സുഖം ത്യജിച്ച്‌ ബംഗാളിലെ ഗ്രാമങ്ങളിലും തെരുവോരങ്ങളിലുമുള്ള നിസ്വവര്‍ഗത്തോടൊപ്പം നില്‍ക്കാനും അവരോടൊപ്പം അധ്വാനിക്കാനുമുള്ള സമര്‍പ്പണമായിരുന്നു ജ്യോതിബസുവിന്റെ ജീവിതം. അന്ത്യം വരെ ഈ നിലപാട്‌ തുടരാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞ എന്നതാണ്‌ ഇന്ന്‌ ഇന്ത്യയിലും കേരളത്തിലും ജീവിച്ചിരിക്കുന്ന മാര്‍ക്സിസ്റ്റ്‌ നേതാക്കന്മാരെ ലജ്ജിപ്പിക്കുന്ന വാസ്തവം. ബസുവിന്റെ പേരില്‍ കണ്ണീരൊഴുക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന ഈ നേതാക്കന്മാരില്‍ എത്രപേര്‍ക്ക്‌ അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രപരമായ ദൃഢതയോടും വര്‍ഗ്ഗ സമീപനത്തോടും ഭരണപരമായ സത്യസന്ധതയോടും ഒപ്പം നില്‍ക്കാന്‍ കഴിയും. ഇല്ല. വിരലിലെണ്ണാന്‍ പോലും നേതാക്കന്മാര്‍ ഉണ്ടാവുകയില്ല, ആതിരേ.
ഇന്ത്യന്‍ രാഷ്ട്രീയത്തിന്‌ കേരളവും പശ്ചിമബംഗാളും നല്‍കിയ സംഭാവനയാണ്‌ കൂട്ടുകക്ഷി ഭരണം. ആ സമ്പ്രദായം ഏറ്റവുമധികം കാലം പിഴവ്‌ കൂടാതെ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ കഴിഞ്ഞ ഭരണ തന്ത്രജ്ഞത കൂടിയായിരുന്നു ജ്യോതിബസു. ബംഗാളില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ ഒറ്റക്ക്‌ ഭരിക്കാനുള്ള മൃഗീയ ഭൂരിപക്ഷം ഉണ്ടായിരുന്നപ്പോഴും ഘടകക്ഷികളെ ആദരിക്കാനും അംഗീകരിക്കാനും അവര്‍ക്ക്‌ അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കി കൂടെ നിര്‍ത്താനും ജ്യോതിബസുവിന്‌ മനസ്സുണ്ടായിരുന്നു. ഇവിടെയാണ്‌ വര്‍ഗീയ പാര്‍ട്ടിയെ ഒപ്പം നിര്‍ത്താന്‍ സഹജീവികളെയും മുന്നണിയിലെ ഘടകക്ഷികളെയും ചവിട്ടിപ്പുറത്താക്കുന്ന ആഢംബരത്തിന്റെ വിപ്ലവ വൈകൃതങ്ങളെ നാം തിരിച്ചറിയേണ്ടത്‌.
കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രത്തിന്‌ പ്രായോഗിക രാഷ്ട്രീയത്തിന്റെ പുതിയ മുഖം നല്‍കിയത്‌ ജ്യോതിബസുവായിരുന്നു. അതുകൊണ്ടാണ്‌ ഒന്നിലേറെ തവണ ബിജെപിക്ക്‌ വിരുദ്ധമായ ഭരണം കേന്ദ്രത്തില്‍ സാധിതമാക്കുവാന്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ പോലും ജ്യോതിബസുവിന്റെ പേര്‌ ശിപാര്‍ശ ചെയ്തത്‌. എന്നാല്‍, പാര്‍ട്ടിയിലെ ചില ശാഠ്യങ്ങള്‍ മൂലം അത്തരമൊരവസരം സൃഷ്ടിക്കപ്പെട്ടില്ല എന്നത്‌ ചരിത്രപരമായ മണ്ടത്തരമായി ഇന്ത്യന്‍ രാഷ്ട്രീയം എന്നും സ്മരിക്കും. 1977 ജൂണ്‍ 21 മുതല്‍ 2000 നവംബര്‍ 6 വരെ ഇരുപത്തിമൂന്ന്‌ വര്‍ഷവും നാല്‌ മാസവും ഇരുപത്‌ ദിവസവും ബംഗാള്‍ ഭരിച്ച്‌ ചരിത്രമിട്ട ജ്യോതിബസു ബംഗാളിന്റെ വികസനം മുന്നില്‍ കണ്ട്‌ നടപ്പിലാക്കിയ സാമ്പത്തിക നയങ്ങളെക്കുറിച്ച്‌ തര്‍ക്കങ്ങളുണ്ടാവാം. എന്നാല്‍, തന്റെ നാടിന്റെ, താന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച അവിടത്തെ അടിസ്ഥാനവര്‍ഗങ്ങളുടെ സമഗ്രമായ പുരോഗതിക്ക്‌ വേണ്ടി കാലാനുസൃതമായ നയങ്ങളാണ്‌ അദ്ദേഹം നടപ്പിലാക്കിയത്‌. ബസുവിനെ പോലെ ജാഗ്രത്തും ശ്രദ്ധാലുവും ക്രാന്തദര്‍ശിയുമായ ഒരു ഭരണാധികാരിക്ക്‌ മാത്രം സാധിക്കുന്നതാണ്‌ ഈ നയങ്ങളുടെ വിവര്‍ത്തനവും അതിനോട്‌ ഘടകക്ഷികളുടെ സമീപനം കൂട്ടിയോജിപ്പിക്കാനുള്ള കഴിവ്‌. ബസുവിന്‌ ശേഷം ബംഗാളില്‍ അധികാരത്തിലേറിയ ബുദ്ധദേവ്‌ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികളും സമസ്യകളും അതാണ്‌ വ്യക്തമാക്കുന്നത്‌.
അധികാരം ഒരിക്കലും ആഢംബര ജീവിതത്തിനോ ഉല്ലാസത്തിനോ വേണ്ടിയുള്ളതല്ലെന്നും അത്‌ മാര്‍ക്സിസ്റ്റ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പ്രഖ്യാപിത നയമായ ജനകീയ ജനാധിപത്യത്തിന്റെ സംസ്ഥാപനത്തിലൂടെ അടിസ്ഥാന വര്‍ഗങ്ങളുടെ പുരോഗതിക്കും മോചനത്തിനും വികസനത്തിനുമുള്ള രഥ്യയാണെന്നും തിരിച്ചറിഞ്ഞാണ്‌ ബസു കാലാനുസൃതമായ നയങ്ങള്‍ ഭരണത്തില്‍ കൊണ്ടുവന്നത്‌. എന്നാല്‍, ബസുവിനെ നേതാവായി അംഗീകരിക്കുന്ന മറ്റു മാര്‍ക്സിസ്റ്റ്‌ കമ്യൂണിസ്റ്റ്‌ നേതാക്കളുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ ഇതുമായി തട്ടിച്ച്‌ നോക്കുമ്പോഴാണ്‌ എത്രമാത്രം വര്‍ഗവഞ്ചനയും ജനവഞ്ചനയും സ്വര്‍ത്ഥതയുമാണ്‌ അവരുടെ ഉള്ളിലും പ്രവര്‍ത്തനങ്ങളിലും നയങ്ങളിലുമുള്ളതെന്ന്‌ വ്യക്തമാകുന്നത്‌. അടിസ്ഥാന വര്‍ഗം വിവിധ ആവശ്യനിഷേധങ്ങളില്‍ വീര്‍പ്പുമുട്ടുമ്പോള്‍ കേന്ദ്രീകൃതമായി ശീതികരിച്ച പാര്‍ട്ടി ഓഫീസുകളും പഞ്ചനക്ഷത്ര ഹോട്ടലുകളും സൗകര്യങ്ങളും തീംപാര്‍ക്കുകളും കള്ളുകുടിയും യോഗയുമൊക്കെയാണ്‌ കമ്യൂണിസത്തിന്റെ പ്രായോഗിക ശാസ്ത്രമെന്ന്‌ പ്രചരിപ്പിക്കുന്ന കള്ളനാണയങ്ങളുടെ ലോകത്താണ്‌ ആത്മാര്‍ത്ഥതയും സമര്‍പ്പണവും സത്യസന്ധതയും തൊഴിലാളിവര്‍ഗ പ്രതിബദ്ധതയും മുറുകെ പിടിച്ച്‌ ജ്യോതിബസു ബംഗാളില്‍ ഭരണം നടത്തിയത്‌ ഇന്ത്യക്കാകെ മാതൃകയാണ്‌.
ആതിരേ, സമൂഹം തനിക്ക്‌ എന്ത്‌ നല്‍കുന്നു എന്നതിനുപരി സമൂഹത്തിന്‌ എന്ത്‌ നല്‍കാന്‍ തനിക്കാവും എന്ന്‌ ചിന്തിക്കുന്നിടത്താണ്‌ ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരന്റെ ഉദയം. ആ അര്‍ത്ഥത്തില്‍ പൂര്‍ണമായും കമ്യൂണിസ്റ്റ്‌ മൂല്യങ്ങള്‍ മരണത്തിലും മുറുകെ പിടിച്ച വ്യക്തിയാണ്‌ ജ്യോതിബസു. തന്റെ ശരീരം മെഡിക്കല്‍ കോളജിന്‌ വിട്ടുകൊടുത്തുകൊണ്ട്‌ അദ്ദേഹം കാണിച്ച മാതൃക കണ്ട്‌ ഇന്ത്യയിലെ മറ്റ്‌ കമ്യൂണിസ്റ്റ്‌ നേതാക്കന്മാര്‍ തീര്‍ച്ചയായും ലജ്ജിക്കും. പാര്‍ട്ടിയെ നവീകരിക്കാനും ഇന്ന്‌ പതിച്ചിട്ടുള്ള ചെളിക്കുണ്ടില്‍ നിന്ന്‌ ഉയര്‍ത്താനും തിരുത്തല്‍ നടപടികളുമായി വന്നിട്ടുള്ളവര്‍ പോലും ജീവിതകാലത്ത്‌ അവരുടെ ഏറ്റവും അടുത്തവരുടെ മതപരമായ ചടങ്ങുകള്‍ക്ക്‌ കൂട്ട്‌ നില്‍ക്കുകയും മരണാനന്തരം ബന്ധുക്കളുടെ ആഗ്രഹപ്രകാരമുള്ള മതപരമായ ചടങ്ങുകള്‍ക്ക്‌ വിധേയരാകുകയും ചെയ്യുന്ന വഞ്ചന നിലനില്‍ക്കുന്ന കമ്യൂണിസ്റ്റ്‌ ലോകത്താണ്‌ സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധത ബസു അസാധരണമല്ലെങ്കിലും അനുപമമായ നിലയിലൂടെ പ്രകടിപ്പിച്ചത്‌.
അതെ, കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രത്തിന്റെയും സുതാര്യമായ അതിന്റെ വിവര്‍ത്തനത്തിന്റെയും കലര്‍പ്പില്ലാത്ത മൂല്യബോധത്തിന്റെയും ആ സാന്നിധ്യം ഇനി ഓര്‍മ്മയാകുമ്പോഴും ആഹ്വാനമായി നിലനില്‍ക്കുന്നു എന്നതാണ്‌ ബസുവിന്റെ മഹത്വം.
ആതിരേ, ഈ മഹതവ്ത്തിനു മുന്നില്‍ നില്‍ക്കുമ്പോള്‍ കോടിയേരിയെ പോലെയുള്ളവര്‍ ദേഹാസ്വസ്ഥ്യത്താല്‍ കുഴഞ്ഞു വീഴും, തീര്‍ച്ച

No comments: