Friday, January 8, 2010
കൃഷിയേയും കര്‍ഷകരേയും നാം അപമാനിക്കുമ്പോള്‍...!
പട്ടിണിയുടെയും പോഷകാഹാരക്കുറവിന്റെയും തോത് പകുതിയാക്കാന്‍ ലക്ഷ്യമിട്ടാണ് 'ഓപ്പറേഷന്‍ - 2015 ആരംഭിച്ചത്. എന്നാല്‍, തോത് കുറയുതിന് പകരം വര്‍ധിക്കുകയാണുണ്ടായിട്ടുള്ളത്. പോഷകാഹാരക്കുറവ് മൂലമുള്ള "ഒളിഞ്ഞിരിക്കുന്ന പട്ടിണി " രാജ്യത്ത് വ്യാപകമാണെന്ന് പ്രശ്സത ആരോഗ്യ പ്രവര്‍ത്തക ഡോ മാളവിക വിനോദ് കുമാറും ചൂണ്ടിക്കാട്ടുന്നു. പോഷകാഹാരക്കുറവ് മൂലം ഉത്പാദനക്ഷമതയില്‍ പതിനേഴ് ശതമാനത്തിന്റെ കുറവുണ്ട്. വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം താഴോട്ട് പോകുന്നു. രാജ്യത്തെ 56.2 ശതമാനം സൃതീകള്‍ക്ക് വിളര്‍ച്ച രോഗം ബാധിച്ചിരിക്കുന്നു. 30 ശതമാനം നവജാത ശിശുക്കളും ശരാശരി ശരീര ഭാരമായ രണ്ടര കിലോയ്ക്ക് താഴെയാണ്. 15-49 വയസ്സ് വരെയുള്ള സൃതീകളില്‍ 33 ശതമാനം പേരുടെ ബോഡി മാസ് ഇന്‍ഡക്സ് ശരാശരിക്ക് താഴെയാണ്. പുരുഷന്മാരില്‍ ഇത് 28.1 ശതമാനമാണ്. കുട്ടികളില്‍ 60 ശതമാനം പേര്‍ക്ക് വിറ്റാമിന്‍ എയുടെ കുറവ് അനുഭവപ്പെടുന്നു.
"ഇന്ത്യയിലെ കര്‍ഷകര്‍ ദുരന്തത്തിന്റെ വക്കിലാണ്. കേന്ദ്ര ബജറ്റ് തയ്യാറാക്കും മുമ്പ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്റസ്റ്ററിയുമായി ധനമന്ത്രി ചര്‍ച്ച നടത്താറുണ്ട്. ഏറ്റവും വലിയ സ്വകാര്യ സംരംഭം കൃഷിയാണെങ്കിലും അവരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്താറില്ല.... എല്ലാ ധനമന്ത്രിമാരും ബജറ്റില്‍ കര്‍ഷകരെ പ്രകീര്‍ത്തിക്കും. എന്നാല്‍, ബജറ്റില്‍ കര്‍ഷകരെ പാടെ അവഗണിക്കും. കൃഷിയേയും കര്‍ഷകരേയും നാം അപമാനിക്കുകയാണോ? ഭക്ഷണം കിട്ടാതാകുമ്പോഴേ ദുരന്തം ബോധ്യമാകൂ. ഭക്ഷ്യധാന്യം കൈവശമുള്ള രാജ്യങ്ങളാകും നിലനില്‍ക്കുക. അല്ലാതെ ആയുധങ്ങള്‍ കൈവശമുള്ളവയല്ല. പണമുണ്ടെങ്കില്‍ ആയുധങ്ങള്‍ വാങ്ങാം. എന്നാല്‍, ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ കിട്ടാത്ത സ്ഥിതി വന്നുകഴിഞ്ഞു...."
ആതിരേ,തിരുവനന്തപുരത്ത് കഴിഞ്ഞദിവസം നടന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ ഉയര്‍ന്ന് കേട്ട വിവേകത്തിന്റെ ശബ്ദമാണിത്. ലോക പ്രശസ്ത കൃഷി ശാസൃതജ്ഞന്‍ ഡോ. എം.എസ് സ്വാമിനാഥനാണ്, നമ്മുടെ വികസനത്തിന്റെ വികലമായ കാഴ്ചപ്പാടിലേക്ക്, ഇവ്വിധത്തില്‍ ഭയാശങ്കകളോടെ വിരല്‍ ചൂണ്ടിയത്.
വികസനമെന്നാല്‍ വ്യാവസായിക വളര്‍ച്ചയാണെന്ന വികല്‍പ്പത്തില്‍ കഴിയുന്ന ഇന്ത്യയിലെയും കേരളത്തിലെയും വിഡ്ഢിക്കുശ്മാണ്ഡങ്ങളായ ധനമന്ത്രിമാര്‍ക്കോ വ്യവസായ മന്ത്രിമാര്‍ക്കോ കൃഷിമന്ത്രിമാര്‍ക്കോ മനസ്സിലാക്കാന്‍ കഴിയാതെ പോയതോ അല്ലെങ്കില്‍ ബോധപൂര്‍വം അവര്‍ തമസ്കരിക്കുന്നതോ ആയ വലിയ സത്യത്തിലേക്കാണ് ഡോ. സ്വാമിനാഥന്‍ നമ്മുടെയെല്ലാം ശ്രദ്ധ ക്ഷണിക്കുന്നത്. തെങ്ങിന്റെ മണ്ടയില്‍ വ്യവസായം വരുമോ എന്ന ചോദ്യം ചോദിച്ച് പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലങ്ങള്‍ പോലും വ്യവസായ ഭീമമന്‍മാര്‍ക്ക് അടിയറവെയ്ക്കാന്‍ വെമ്പല്‍ കൊള്ളുന്ന എളമരം കരീമുമാര്‍ക്കോ കൃഷിഭൂമി ടാറ്റപോലുള്ള കാര്‍ നിര്‍മാണ വ്യവസായികള്‍ക്ക് തീറെഴുതാന്‍ കൊതിക്കുന്ന ബുദ്ധദേവുമാര്‍ക്കോ തിരിച്ചറിയാന്‍ കഴിയാതെ പോകുന്ന മാനവീകതയുടെ വേദനയാണ്, ആതിരേ, ഡോ. സ്വാമിനാഥന്റെ സ്വരത്തിലുള്ളത്. കൃഷിഭൂമി കര്‍ഷകനെന്ന വിപ്ലവകരമായ ആശയം ഉന്നയിക്കുകയും അതിന്റെ ആവിഷ്കാരത്തിനും സാക്ഷാത്കാരത്തിനുമായി അഭിമാന്വേജ്ജ്വലങ്ങളായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്ത മാര്‍ക്സിസ്റ്റ് പാര്‍ട്ടിയടക്കമുള്ളവര്‍ ഭരണം കൈയ്യാളി കഴിയുമ്പോള്‍ മൂലധന സംരംഭകരുടെയും ചൂഷകരുടെയും കങ്കാണിമാരായി കൃഷിയെയും കര്‍ഷകരെയും അപമാനിക്കുന്ന അപായകരമായ ഭരണരീതിക്ക് നേരെ ഉയരുന്ന പ്രതിഷേധത്തിന്റെ തീക്കനലുകള്‍ കൂടിയാകുന്നു ഡോ. സ്വാമിനാഥന്റെ ഈ ആശങ്കകള്‍. അദ്ദേഹം തുടരുന്നു;
"ചെറുകിട കര്‍ഷകരുടെ ഭൂമി നഷ്ടപ്പെടുത്തിക്കൊണ്ടുള്ള കോര്‍പ്പറേറ്റ് കൃഷി ഇന്ത്യയില്‍ പ്രായോഗികമല്ല. ഭൂമി ഏറ്റെടുക്കാന്‍ ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ നിയമം റദ്ദാക്കണം. കാലാവസ്ഥാ വ്യതിയാനം, ജൈവ വൈവിധ്യനഷ്ടം, ഭക്ഷ്യ വിളകളിലെ ജൈവ സാങ്കേതിക വിദ്യാ പ്രയോഗം, ഭക്ഷ്യ പ്രതിസന്ധി എന്നിവയാണ് ഈ നൂറ്റാണ്ടില്‍ ശാസൃതം നേരിടുന്ന വെല്ലുവിളികള്‍..... ബിടി വഴുതനങ്ങ പോലുള്ള വിളകള്‍ കൃഷി ചെയ്യാന്‍ അനുവദിക്കും മുമ്പ് പഠനങ്ങള്‍ ആവശ്യമാണ്. വിത്ത് കമ്പനികള്‍ നടത്തുന്ന പഠനങ്ങളേ അല്ലാ ആശ്രയിക്കേണ്ടത്. പാര്‍ലമെന്റിനോട് ഉത്തരവാദിത്തമുള്ള സമിതിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്...."
ആതിരേ, നാടിന്റെ തനത് കൃഷിരീതിയെയും അത് അവലംബിച്ച് ഇതുവരെ ജനങ്ങളുടെ വിശപ്പകറ്റുകയും ഖജനാവ് കാലിയാകാതെ സൂക്ഷിക്കുകയും ചെയ്ത കര്‍ഷകരെ വിഡ്ഢികളാക്കി കോര്‍പ്പറേറ്റ് കൃഷി രീതിക്ക് അനുമതി നല്‍കുന്ന ജനവിരുദ്ധന്മാര്‍ക്കെതിരായി പടപ്പുറപ്പാട് ആരംഭിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറയുകയാണ് ഡോ. സ്വാമിനാഥന്‍. ജനിതക വ്യതിയാനം വരുത്തിയ വിത്തിനിങ്ങളിലൂടെ ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളുടെ തനത് കൃഷിരീതിയും വിത്ത് സംരക്ഷണ രീതിയും നശിപ്പിച്ച് പുതിയൊരു ചൂഷണത്തിന്റെ വീഥി തുറക്കുന്ന കോര്‍പ്പറേറ്റ് കാര്‍ഷിക സംസ്കാരം മാരകമാണെന്ന മുന്നറിയിപ്പ് വിസ്മരിച്ചതിന്റെ തിരിച്ചടികള്‍ ഇന്ത്യയില്‍ വിദര്‍ഭയിലെ കര്‍ഷകരുടെ കൂട്ട ആത്മഹത്യയായി നമ്മുടെ മുന്നിലുണ്ട്. ബിടി പരുത്തി കൃഷിചെയ്യാന്‍ പ്രേരിപ്പിച്ച് കര്‍ഷകരെ കടക്കെണിയിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിട്ടശേഷം വിദര്‍ഭ പാക്കേജ് പോലുള്ള കൗശങ്ങളിലൂടെ പ്രത്യാഘാതങ്ങള്‍ മൂടിവെയ്ക്കാമെന്ന കരുതുന്ന ഭരണ-പ്ലാനിംഗ് മാരണങ്ങള്‍ക്ക് നേരെയുള്ള ആഗ്നേയാസൃതങ്ങള്‍ കൂടിയാകുന്നു ഡോ. സ്വാമിനാഥന്റെ ഈ തിരിച്ചറിവുകള്‍. വിദര്‍ഭ ദുരന്തം കണ്‍മുന്നിലുണ്ടായിട്ടും കേരളത്തിലെ വയനാട്ടിലും മറ്റും ബിടി പരുത്തി കൃഷിചെയ്യാന്‍ വെമ്പല്‍ കൊള്ളുന്ന കാര്‍ഷീക വകുപ്പ് ഉദ്യോഗസ്ഥരെന്ന, കോര്‍പ്പറേറ്റ് കൃഷി ഭൂതങ്ങളുടെ ഇടനിലക്കാര്‍ക്കെതിരായുള്ള മുന്നറിയിപ്പും കൂടിയാണ് ഡോ. സ്വാമിനാഥന്‍.
ലോകത്ത് ശോഷിച്ച് വരുന്ന ഭക്ഷ്യധാന്യത്തെ കുറിച്ച് ബോധമുള്ള വികസിത രാജ്യങ്ങള്‍ അവരുടെ നാടുകളില്‍ വന്‍ സബ്സിഡി നല്‍കി കൃഷിയെ പ്രോത്സാഹിപ്പിക്കുകയും വരും കാലങ്ങളില്‍ ലോകമെമ്പാടുമുള്ള കൃഷിയുടെ കുത്തക സ്വന്തമാക്കാന്‍ ഗവേഷണത്തിലൂടെ ജനിതക വ്യതിയാനം വരുത്തിയ വിത്തുകള്‍ കണ്ടെത്തി പ്രചരിപ്പിക്കുകയും ചെയ്യുമ്പോള്‍ അവരുടെ ഉദ്ദേശ്യവും ലക്ഷ്യവും തിരിച്ചറിഞ്ഞ്, ആ അധിനിവേശത്തെ പ്രതിരോധിച്ച് നാട്ടിലെ കര്‍ഷകരെയും അവരുടെ തനത് കൃഷി രീതികളെയും വിത്ത് സംരക്ഷണ രീതികളെയും കാത്തുസൂക്ഷിക്കേണ്ടവര്‍ കോര്‍പ്പറേറ്റ് കൃഷി മേലാളന്മാരുടെ റാന്‍മൂളികളായി മാറുന്ന ഭീതി ജനകമായ സാഹചര്യമാണ് ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങളിലുള്ളത്. അധിനിവേശക്കാരനേക്കാള്‍ ഭയക്കേണ്ടതാണ് അവര്‍ക്ക് കടന്നുകയറാനുള്ള അവസരൊമരുക്കി കൊടുക്കുന്ന തദ്ദേശിയരായ ഇത്തരം ചതിയന്മാരെ. ഇവരുടെ വഞ്ചനകളും കൗശലങ്ങളും തിരിച്ചയിഞ്ഞ് തനത് കൃഷി രീതിയിലേയ്ക്ക് മടങ്ങി ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കേണ്ടതിന്റെ പൊള്ളുന്ന ആവശ്യകതയണ് ഡോ. സ്വാമിനാഥന്‍ നമ്മുടെ മുന്നിലവതരിപ്പിക്കുന്നത്.
ഇതിന് സമാന്തരമായിട്ടുവേണം, ആതിരേ, ഭക്ഷധാന്യങ്ങളുടെ വിലക്കയറ്റം മൂലം സംജാതമായിട്ടുള്ള സവിശേഷ സാഹചര്യങ്ങളെ വിലയിരുത്തേണ്ടതെന്നും ഡോ. സ്വാമിനാഥന്‍ ആവശ്യപ്പെടുന്നുണ്ട്. കാരണം ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം രാജ്യത്ത് പട്ടിണിയും പോഷകാഹാരക്കുറവും വര്‍ധിപ്പിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഭക്ഷ്യവസ്തുക്കളുെ വിലവര്‍ധന, പട്ടിണിയും പോഷകാഹാരകുറവും പരിഹരിക്കുന്നതിനുള്ള 'ഓപ്പറേഷന്‍ - 2015' പദ്ധതിയേയും അവതാളത്തിലാക്കി എന്ന് അദ്ദേഹം ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്റെ ഭക്ഷ്യ സുരക്ഷയെ കുറിച്ചുന്ന സെമിനാറില്‍ ചൂണ്ടിക്കട്ടിയിരുന്നു. മറ്റേത് രാഷ്ട്രീയ വിഷയങ്ങളേക്കാളും പോഷകാഹാരക്കുറവാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം പറയുന്നു.
പട്ടിണിയുടെയും പോഷകാഹാരക്കുറവിന്റെയും തോത് പകുതിയാക്കാന്‍ ലക്ഷ്യമിട്ടാണ് 'ഓപ്പറേഷന്‍ - 2015 ആരംഭിച്ചത്. എന്നാല്‍, തോത് കുറയുതിന് പകരം വര്‍ധിക്കുകയാണുണ്ടായിട്ടുള്ളത്. പോഷകാഹാരക്കുറവ് മൂലമുള്ള "ഒളിഞ്ഞിരിക്കുന്ന പട്ടിണി " രാജ്യത്ത് വ്യാപകമാണെന്ന് പ്രശ്സത ആരോഗ്യ പ്രവര്‍ത്തക ഡോ മാളവിക വിനോദ് കുമാറും ചൂണ്ടിക്കാട്ടുന്നു. പോഷകാഹാരക്കുറവ് മൂലം ഉത്പാദനക്ഷമതയില്‍ 17 ശതമാനത്തിന്റെ കുറവുണ്ട്. വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം താഴോട്ട് പോകുന്നു. രാജ്യത്തെ 56.2 ശതമാനം സൃതീകള്‍ക്ക് വിളര്‍ച്ച രോഗം ബാധിച്ചിരിക്കുന്നു. 30 ശതമാനം നവജാത ശിശുക്കളും ശരാശരി ശരീരഭാരമായ രണ്ടര കിലോക്ക് താഴെയാണ്. 15-49 വയസ്സ് വരെയുള്ള സൃതീകളില്‍ 33 ശതമാനം പേരുടെ ബോഡി മാസ് ഇന്‍ഡക്സ് ശരാശരിക്ക് താഴെയാണ്. പുരുഷന്മാരില്‍ ഇത് 28.1 ശതമാനമാണ്. കുട്ടികളില്‍ 60 ശതമാനം പേര്‍ക്ക് വിറ്റാമിന്‍ എയുടെ കുറവ് അനുഭവപ്പെടുന്നു.
വിവേകത്തിന്റെ ഈ സ്വരങ്ങള്‍ ആര് ശ്രദ്ധിക്കും, ആതിരേ..? കൃഷി ഭൂമിയെയും കര്‍ഷകരെയും സംരക്ഷിച്ച് രാജ്യത്തെയും വരുംതലമുറയെയും നാശത്തില്‍ നിന്ന് രക്ഷിക്കാന്‍ ബാധ്യതയുള്ള ഭരണക്കാര്‍ പക്ഷെ വികസനത്തിന്റെ പേരില്‍ കൃഷി വിരുദ്ധവും കര്‍ഷകവിരുദ്ധവുമായ നയങ്ങളാണ് ഇപ്പോഴും തുടരുന്നത്. ഇനിയെങ്കിലും രാജ്യത്തെ കര്‍ഷകരേയും കൃഷിയേയും കുറിച്ച് ഗൗരവമായി ചിന്തിക്കാനും ഇരുവിഭാഗത്തിന്റെയും ഉന്നമനത്തിന് ഉതകുന്ന പദ്ധതികള്‍ ആവിഷ്കരിക്കാനും ഭരണത്തിലിരിക്കുന്നവര്‍ തയ്യാറാകേണ്ടിയിരിക്കുന്നു. ആതിരേ, വികസനമെന്നാല്‍ വ്യവസായം മാത്രമാണെന്നുള്ള വാദം സര്‍വ നാശത്തിലേക്കുള്ള വിശാലപാതയാണെന്ന് ഇനിയെങ്കിലും ഇവരെല്ലാം തിരിച്ചറിഞ്ഞിരുന്നെങ്കില്‍.
Subscribe to:
Post Comments (Atom)
No comments:
Post a Comment