Sunday, December 13, 2009
കേരളത്തെ തീവ്രവാദികളുടെ ഈറ്റില്ലമാക്കിയതാരൊക്കെ..?
ഈ സാഹചര്യത്തില്‍ തടിന്റവിട നസീറിനെയോ അദ്ദേഹത്തെ പോലെ ലഷ്കര്‍ ബന്ധമുള്ള പ്രവര്‍ത്തകരെയോ അറസ്റ്റ് ചെയ്യുന്നതുകൊണ്ടോ ശിക്ഷിക്കുന്നതുകൊണ്ടോ കേരളത്തിലെ മണ്ണില്‍ നിന്ന് തീവ്രവാദം തുടച്ചുനീക്കാന്‍ കഴിയുകയില്ല. കാരണം അത്തരം രാജ്യദ്രോഹപ്രവത്തനങ്ങളുടെ തലതൊട്ടപ്പന്മാര്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും മാന്യന്മാരായി വിലസുകയാണ്. ഈ വേതാളങ്ങളെയാണ് ആദ്യമായി ഉന്മൂലനം ചെയ്യേണ്ടത്. എങ്കില്‍ മാത്രമേ കേരളീയര്‍ക്ക്
സമാധാനത്തോടെ, ഭീകരവാദ പ്രവര്‍ത്തനങ്ങളില്ലാത്ത ദിവസങ്ങളോടെ ജീവിക്കാന്‍ കഴിയുകയുള്ളു.
ആതിരേ,കഴിഞ്ഞ ഒന്നരവര്‍ഷം രാജ്യത്തെ നടുക്കിയ സ്ഫോടനപരമ്പരകളുടെ സൂത്രധാരനും ലഷ്കര്‍ ഇ തയ്ബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറുമായ മലയാളി തടിയന്റവിട നസീറില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഞെട്ടലോടെ മാത്രമേ ശ്രവിക്കാന്‍ കഴിയുകയുള്ളു. ലഷ്കറിന്റെ ദൗത്യമേറ്റെടുത്ത് ബംഗ്ലാദേശിലും പാക്കിസ്ഥാനിലും കഴിയുമ്പോഴും കേരളത്തിലെ തന്റെ തീവ്രവാദ ബന്ധങ്ങള്‍ സജീവമായി നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു എന്നതാണ് ഭയമിരട്ടിക്കുന്ന മറ്റൊരു വാസ്തവം.
എങ്ങനെ,എന്തുകൊണ്ടാണ് എല്ലാ അധോലോക പ്രവര്‍ത്തനങ്ങള്‍ക്കും വളക്കൂറുള്ള മണ്ണായി കേരളം മാറിയതെന്ന് വിശകലനം ചെയ്യുമ്പോഴാണ് ആതിരേ, പിടിക്കപ്പെട്ടവരല്ല ഭരണ-പ്രതിപക്ഷ മറയ്ക്കു പിന്നിലുള്ളവരാണ് യഥാര്‍ത്ഥ രാഷ്ട്രദ്രോഹികളെന്ന് മനസ്സിലാകുക. അഹമ്മദാബാദിലും ബാംഗ്ലൂരിലും സ്ഫോടനങ്ങള്‍ക്കുള്ള സ്ഫോടകവസ്തുക്കള്‍ എത്തിച്ചത് കേരളത്തില്‍ നിന്നാണെന്ന നസീറിന്റെ വെളിപ്പെടുത്തല്‍ ഈ മണ്ണില്‍ എത്ര ആഴത്തിലാണ് തീവ്രവാദി പ്രവര്‍ത്തനങ്ങളുടെ വേരോടിയിട്ടുള്ളതെന്ന് മാത്രമല്ല വ്യക്തമാക്കുന്നത് മറിച്ച് ഈ വിധ്വംസക ശക്തികള്‍ക്ക് ഉന്നതങ്ങളില്‍ നിന്നുള്ള സംരക്ഷണം എത്ര പിഴവുകളില്ലാതതാണെന്നുമാണ്.
,ജോര്‍ജ് ഡബ്ല്യു ബുഷ് ജൂണിയറിന്റെ മനസുമായി ഒരു മതന്യൂനപക്ഷത്തെ ഒറ്റപ്പെടുത്തുകയും അതേസമയം ഭരണത്തിന്റെയും സമ്പത്തിന്റെയും മറവില്‍ അവരെ ഉപയോഗിക്കന്ന വിഭാഗം രക്ഷപ്പെടുകയും ചെയ്യുന്ന അവസ്ഥയെയാണ് ആതിരേ, കേരളത്തെ സംബന്ധിച്ചിടത്തോളം തീവ്രവാദം എന്നുപറയേണ്ടത്. യഥാര്‍ത്ഥത്തില്‍ ഈ രാജ്യദ്രോഹികളാണ് കേരളത്തില്‍ തീവ്രവാദത്തിന്റെ വിത്ത്പാകിയതും മുളപ്പിച്ച് വളര്‍ത്തിയെടുത്തതും. ഇതില്‍ യുഡിഎഫിലെ കക്ഷികള്‍ക്കും എല്‍ഡിഎഫിലെ പ്രമുഖ പാര്‍ട്ടിയിലെ നേതാക്കള്‍ക്കുമൊക്കെ ഒരുപോലെ പങ്കുണ്ട്. ഇതാണ് സമാധാന കാംക്ഷികളായ കേരളത്തിലെ ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്. ഇവരുടെ സാന്നിധ്യമാണ് തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഈ മണ്ണില്‍ നിന്ന് തുടച്ച് നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമാവുന്നത്. മാന്യന്മാരായി ഈ രാജ്യദ്രോഹികള്‍ നാട്ടില്‍ വിലസുമ്പോള്‍ ഇവരാല്‍ ഉപയോഗിക്കപ്പെട്ട ചിലരൊക്കെയാണ് പിടിയിലാകുന്നതെന്നറിയണം.
ഇങ്ങനെ പിടിയിലാകുന്നവരില്‍ നിന്ന് സത്യം പുറത്തുവരാതിരിക്കാനുള്ള കൗശലം നിറഞ്ഞ നടപടികളും ഉണ്ടാകുന്നു , ആതിരേ, . തടിയന്റവിട നസീര്‍ ബംഗ്ലാദേശില്‍ പിടിയിലായി ഇന്ത്യയ്ക്ക് കൈമാറിയ ശേഷം അയാളെ ബാംഗ്ലൂരിലെത്തിച്ചപ്പോള്‍ ചോദ്യം ചെയ്യാനായി ഇവിടെ നിന്ന് പറഞ്ഞുവിട്ടത് ഉത്തരമേഖല ഐജി ടോമിന്‍ തച്ചങ്കരിയെയാണ്. കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘവും അതിന് ഒരു തലവനും അതില്‍ സത്യസന്ധരായ പോലീസ് ഓഫീസര്‍മാര്‍ അംഗങ്ങളായും ഉള്ളപ്പോഴാണ് തച്ചങ്കരിയെ ബാംഗ്ലൂരിലേക്കയച്ചത്. ഇത് സത്യം തെളിയിക്കാനല്ല മറിച്ച് നടുക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ തമസ്കരിക്കാനുള്ള തല്‍പരകക്ഷികളുടെ ശ്രമമാണെന്ന കാര്യത്തില്‍ ആര്‍ക്കാണ് സംശയം. തച്ചങ്കരിയെ ബാംഗ്ലൂരിലേക്ക് അയച്ചതിനു പറയുന്ന പ്രധാന കാരണം ഭീകര വിരുദ്ധ സ്കാഡ് ഡിഐജി വിനോദ് കുമാര്‍ സ്ഥലത്തില്ലെന്നതാണ്.എന്നാല്‍ ഭീകര വിരുദ്ധ സ്ക്വാഡിലെ എസ്പി ജയിംസിനെയും ഡിവൈഎസ്പി: വി.കെ. അക്ബറിനെയും തച്ചങ്കരിയുടെ സംഘത്തില്‍നിന്ന് ഒഴിവാക്കിയതിനു പ്രത്യേക ന്യായം ഒന്നും കോടിയേരിക്കോ ആഭ്യന്തരവകുപ്പിനോ പറയാനുമില്ല. നസീറുമായി ബന്ധപ്പെട്ട കേസുകള്‍ കൂടുതലും കണ്ണൂരുമായി ബന്ധപ്പെട്ടതുകൊണ്ടു തച്ചങ്കരിയെ അയച്ചു എന്നാണ് ആഭ്യന്തര വകുപ്പിന്റെ അടുത്ത ഭാഷ്യം. എന്നാല്‍, പ്രധാന കേസുകള്‍ ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നതെന്ന സത്യം തമസ്ക്കരിക്കുകയും ചെയ്യുന്നു..!.
ആതിരേ, കഴിഞ്ഞ സെപ്റ്റംബറില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി കേരളത്തെ പ്രത്യേകം പരാമര്‍ശിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. തീവ്രവാദികള്‍ക്ക് വളക്കൂറുള്ള മണ്ണാണ് കേരളമെന്നായിരുന്നു റിപ്പോര്‍ട്ടിലെ രത്നചുരുക്കം. എന്നാല്‍ ഈ മുന്നറിയിപ്പ് വകവെയ്ക്കാതെ റിപ്പോര്‍ട്ടില്‍ രാഷ്ട്രീയം കലര്‍ത്തി ഏറെ ഗൗരവമാര്‍ന്ന ആ മുന്നറിയിപ്പ് തള്ളിക്കളയാനായിരുന്നു എല്‍ഡിഎഫ് ഭരണം ഉത്സാഹിച്ചത്. ലോകസഭാ തെരഞ്ഞെടുപ്പില്‍ ഏത് വിധേനയും വിജയിക്കാന്‍, കളങ്കിത ചരിത്രമുള്ള പിഡിപിയുമായി രാഷ്ട്രീയ ബാന്ധവം സ്ഥാപിക്കാനുള്ള ശ്രമമാണ് ഈ റിപ്പോര്‍ട്ടിനെ ലഘൂകരിച്ച് കാണാന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചതെന്ന് അന്നേ വിവേകശാലികള്‍ തിരിച്ചറിഞ്ഞതാണ് .ആതിരേ, കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ " ഗുരുതരം " എന്നായിരുന്നു ഈ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിച്ചിരുന്നതെന്നോര്‍ക്കണം.
യുവാക്കളെ തീവ്രവാദ സംഘടനകളിലേക്ക് ആശയപരമായി സ്വാധീനിക്കാന്‍ കഴിയുന്ന സാഹചര്യമാണ് കേരളത്തില്‍ നിലവിലുള്ളതെന്നും, കാര്യങ്ങള്‍ നിയന്ത്രണാതീതമായി കഴിഞ്ഞു എന്നുമായിരുന്നു റിപ്പോര്‍ട്ടിലെ മറ്റുപരാമര്‍ശങ്ങള്‍. നിരോധിത സംഘടനയായ സിമി പോലെയുള്ളവ ഉയര്‍ത്തുന്ന ആശയങ്ങള്‍ക്ക് സംസ്ഥാനത്ത് അപകടകരമായ രീതിയില്‍ പിന്തുണ ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പ്രത്യേകം സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഈ വാസ്തവങ്ങള്‍ക്ക് രാഷ്ട്രീയ മാനം നല്‍കി തേയ്ച് മായ്ച്ച് കളയാനാണ് നമ്മുടെ കുറ്റാന്വേഷണ വിഭാഗവും അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയ വിഭാഗവും ശ്രമിച്ചത്. പാനായിക്കുളത്തും വാഗമണ്ണിലും നടന്ന സിമി ക്യാമ്പുകളെ കുറിച്ച് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടും പാനായിക്കുളം ക്യാമ്പില്‍ പങ്കെടുത്തവരെ പിടികിട്ടിയിട്ടും അവരെ വിട്ടയച്ച് തീവ്രവാദപ്രവര്‍ത്തനത്തിന് ഞാറ്റടിയൊരുക്കിയത് കേരളാ പോലീസിലെ ഒരു വിഭാഗം ഉയര്‍ന്ന ഉദ്യോഗസ്ഥരാണ്. ആഭ്യന്തരവകുപ്പിലെ ഉന്നതന്മാരുടെ അറിവോ, അനുഗ്രഹാശിസുക്കളോ ഇല്ലാതെ പോലീസ് ഡിപ്പാര്‍ട്ടുമെന്റിലെ ചില ഉദ്യോഗസ്ഥര്‍ക്ക് ഇങ്ങനെ പെരുമാറാന്‍ കഴിയുകയില്ലെന്ന് ആര്‍ക്കാണ് ആതിരേ, അറിഞ്ഞുകൂടാത്തത്.
സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ക്രമസമാധാന പാലനവിഭാഗവും ഇത്തരത്തില്‍ വസ്തുതകളെ ലഘൂകരിക്കുന്നതിനിടയിലാണ് കഴിഞ്ഞ ഒക്ടോബറില്‍ ജമ്മുവിലെ അതിര്‍ത്തി ജില്ലയായ കുപ്പുവാരയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മലയാളികളാണെന്ന് തിരിച്ചറിയുന്നത്. അന്നാണ് സംസ്ഥാനത്ത് തീവ്രവാദത്തിന്റെ കണ്ണികള്‍ എത്ര ദൃഢമായാണ് ചുറ്റപ്പെട്ടിരിക്കുന്നത് എന്ന് പൊതുസമൂഹത്തിന് ബോധ്യമായത്. മൂന്നൂറോളം യുവാക്കളെ ലഷ്കര്‍ ഇ തയ്ബയുടെ ക്യാമ്പിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ട് എന്നും പിന്നാലെ വാര്‍ത്തകളെത്തിയിരുന്നു. എന്നാല്‍, ഇതെല്ലാം പച്ചക്കള്ളവും സര്‍ക്കാരിനെതിരായുള്ള ആസൂത്രിത പ്രചാരണത്തിന്റെ ഭാഗവുമായിരുന്നു എന്നാണ് അന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനത്തിന്റെ മറവില്‍, അന്ന് പിടികൂടിയവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഗൗരതരമായ അന്വേഷണം നടത്തി ഇവരുടെ ബന്ധങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ഇന്റലിജന്‍സ് വിഭാഗമോ പോലീസ് സേനയോ ശ്രമിച്ചില്ല. പിന്നീട് എറണാകുളം കളക്ടട്രേറ്റില്‍ സ്ഫോടനം ഉണ്ടായപ്പോഴാണ് ഇവര്‍ അന്വേഷണ കാര്യത്തില്‍ ശുഷ്കാന്തി കാട്ടിയത്. അതിന്റെ അടിസ്ഥാനത്തിലാണ് ഹാലിം അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്. ഇത്രയൊക്കെയായിട്ടും കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം മനസ്സിലാക്കാനോ അവ തടയാനോ കേരളത്തിലെ രഹസ്യാന്വേഷണ വിഭാഗത്തിന് കഴിഞ്ഞില്ല എന്നതിന്റെ രാജ്യദ്രോഹം നിറഞ്ഞ ഉദാഹരണങ്ങളാണ് നസീറിന്റെ വെളിപ്പെടുത്തലിലൂടെ പുറത്ത് വന്നിരിക്കുന്നത്.
ഇവിടെ കൂട്ടിവായിക്കേണ്ടതാണ് ,ആതിരേ, ലഷ്കര്‍ ബന്ധമുള്ള, മുംബൈ ഭീകരാക്രമണത്തില്‍ പങ്കുള്ള താഹാവൂര്‍ റാണാ ഹുസൈനും മറ്റും കേരളത്തില്‍ വന്ന് സുരക്ഷിതരായി ദിവസങ്ങളോളം കഴിഞ്ഞു എന്ന വാര്‍ത്ത. എന്നുമാത്രമല്ല 2001 ഒക്ടോബറില്‍ തടിയന്റവിട നസീര്‍ കേരളാ പോലീസിന്റെ പിടിയിലായതാണ്. എന്നാല്‍, നസീര്‍ പോലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടു എന്നാണ് ഇപ്പോഴത്തെ വ്യാഖ്യാനം. നൂറോളം വരുന്ന പോലീസുകാര്‍ ചേര്‍ന്നാണ് നസീറിനെ സ്വന്തം വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. അത്തരം സാഹചര്യത്തില്‍ നസീര്‍ രക്ഷപ്പെട്ടു എന്നുപറയുന്നത് പച്ചക്കള്ളമാണെന്ന് ആര്‍ക്കാണ് ആതിരേ, ബോദ്ധ്യമാകാത്തത്...!!. അതായത് ഇന്ന് ഭരണത്തിലിരിക്കുന്ന ചില പ്രമുഖര്‍ക്കും പ്രതിപക്ഷത്തിരിക്കുന്ന ചില നേതാക്കന്മാര്‍ക്കും ഈ ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടായിരുന്നു എന്നുതന്നെയാണ് അര്‍ത്ഥം. ഇവരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സഹായത്താലാണ് തടിയന്റവിട നസീര്‍ അടക്കമുള്ള ലഷ്കര്‍ ഇ തയ്ബ പ്രവര്‍ത്തകര്‍ക്ക് കേരളത്തില്‍ സ്ഫോടനങ്ങള്‍ നടത്താനും ബസ് കത്തിക്കാനും മറ്റും അവസരങ്ങള്‍ ലഭിച്ചത്. തടിയന്റവിട നസീറുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ തെളഞ്ഞ അബ്ദുള്‍ നാസര്‍ മദനിയെയും ഭാര്യ സൂഫി മദനിയെയും ചോദ്യം ചെയ്യാന്‍ പോലും അനുവദിക്കാതെ സംരക്ഷിക്കുന്ന രാഷ്ട്രീയ വേതാളങ്ങള്‍ക്കും ഈ ഭീകരപ്രവര്‍ത്തനത്തിന്റെ രക്ഷകര്‍തൃത്വം ഉണ്ട് എന്നുതന്നെയാണ് ആതിരേ, സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ഈ സാഹചര്യത്തില്‍ തടിന്റവിട നസീറിനെയോ അദ്ദേഹത്തെ പോലെ ലഷ്കര്‍ ബന്ധമുള്ള പ്രവര്‍ത്തകരെയോ അറസ്റ്റ് ചെയ്യുന്നതുകൊണ്ടോ ശിക്ഷിക്കുന്നതുകൊണ്ടോ കേരളത്തിന്റെ മണ്ണില്‍ നിന്ന് തീവ്രവാദം തുടച്ചുനീക്കാന്‍ കഴിയുകയില്ല. കാരണം അത്തരം രാജ്യദ്രോഹപ്രവത്തനങ്ങളുടെ തലതൊട്ടപ്പന്മാര്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും മാന്യന്മാരായി വിലസുകയാണ്. ഈ രാഷ്ട്രദ്രോഹികളെയാണ് ആതിരേ, ആദ്യമായി ഉന്മൂലനം ചെയ്യേണ്ടത്. എങ്കില്‍ മാത്രമേ കേരളീയര്‍ക്ക് സമാധാനത്തോടെ, ഭീകരവാദ പ്രവര്‍ത്തനങ്ങളില്ലാത്ത ദിവസങ്ങളോടെ ജീവിക്കാന്‍ കഴിയുകയുള്ളു.
Subscribe to:
Post Comments (Atom)
No comments:
Post a Comment