Thursday, February 23, 2012

ഒരു മുടിയാണോ മുസ്ലീങ്ങളുടെ ജീവല്‍പ്രശ്നം


തിരുകേശത്തിന്റെ മറവില്‍ കോടികള്‍ മുടക്കുള്ള നിര്‍മ്മാണ പദ്ധതികളുമായി മുന്നോട്ടു വന്നിട്ടുള്ള കാന്തപുരത്തെ മുസ്ലീം സമുദായം പോലും തള്ളിപ്പറയുമ്പോള്‍ തിരുകേശം സംബന്ധിച്ച അവകാശവാദവും അതിന്റെ പേരില്‍ അദ്ദേഹം ഉയര്‍ത്തുന്ന ഭീഷണികളും മറ്റു ചില ഭീതികളേയും ഭീഷണികളെയുമാണ്‌ ക്ഷണിച്ചിരുത്തുന്നത്‌.. ഒരു ജനാധിപത്യ ഭരണക്രമത്തില്‍ മതനേതാക്കന്മാര്‍ അനുവര്‍ത്തിക്കേണ്ട നിയന്ത്രണത്തിന്റെ സീമകളാണ്‌ കാന്തപുരം ലംഘിക്കുന്നത്‌. സിപിഎം പോലെയുള്ള ഒരു പാര്‍ട്ടിയെ വെല്ലുവിളിക്കാന്‍ തയ്യാറാകുക വഴി തങ്ങളുടെ മാര്‍ഗ്ഗത്തില്‍ തടസ്സം സൃഷ്ടിക്കുന്നവരെ കൈകാര്യം ചെയ്യുമെന്ന സന്ദേശമാണ്‌ അദ്ദേഹം നല്‍കുന്നത്‌. ഇത്‌ പൊതുസമൂഹത്തിനോ മുസ്ലീം സമുദായത്തിനോ അനുഗുണമല്ല മറിച്ച്‌, ഭീകരമായ പരിണതികളിലേക്കായിരിക്കും ഈ നിലപാടുകള്‍ കൊണ്ടെത്തിക്കുക. അതിന്റെ ആഘാതം മുഴുവന്‍ പേറേണ്ടിവരിക നിരപരാധികളായ മുസ്ലീം സഹോദന്മാരായിരിക്കും.


പ്രാദേശികവും ദേശീയവും സാര്‍വ്വദേശീയവുമായി മുസ്ലീങ്ങള്‍ അഭിമുഖീകരിക്കുന്ന സമസ്യകള്‍ ആതിരേ,അതീവ സങ്കീര്‍ണ്ണവും ബഹുമുഖങ്ങളുള്ളതുമാണ്‌.. സ്വാഭിമാനത്തോടെ, സ്വതന്ത്രരായ പൗരന്മാരായി ഒരു രാഷ്ട്രത്തിലും ജീവിക്കാനാവാത്ത വിധം നിരന്തരം നിരവധിയായ സംഘര്‍ഷങ്ങളാണ്‌ മുസ്ലീം സമുദായം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്‌. തങ്ങള്‍ ജീവിക്കുന്ന രാഷ്ട്രങ്ങളോട്‌ തങ്ങളുടെ ആത്മാര്‍ത്ഥതയും ഐക്യദാര്‍ഢ്യവും ആവര്‍ത്തിച്ചു പ്രഖ്യാപിച്ചാലും തീവ്രവാദിയെന്നും ഭീകരവാദിയെന്നുമുള്ള മുദ്ര കുത്തി അകറ്റി നിര്‍ത്തപ്പെടുന്ന വിവചനത്തിന്റേയും വിഭാഗീയതയുടേയും ഇരകളാണ്‌ ലോകമെമ്പാടുമുള്ള 130 കോടി മുസ്ലീങ്ങള്‍.
അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ വിദേശ ശക്തികളും അവരുടെ സില്‍ബന്ധികളായ രാഷ്ട്രങ്ങളും തീവ്രവാദ പ്രവര്‍ത്തനത്തിന്റെ പര്യായമായി കാണുന്നത്‌ മുസ്ലീം സമുദായത്തെയാണ്‌. ഭരണഘടനാ ദത്തമായ തങ്ങളുടെ അവകാശങ്ങള്‍ നിരന്തരം ലംഘിക്കപ്പെടുമ്പോള്‍ , എവിടെയെങ്കിലും ഭരണകൂടത്തിനോ നീതി നിര്‍വ്വഹണസംവിധാനത്തിനോ എതിരായി പ്രതികരിക്കാന്‍ തയ്യാറായാല്‍, അവരെ സമൂഹമായി തന്നെ രാഷ്ട്രവിരുദ്ധരെന്ന്‌ ബ്രാന്‍ഡ്‌ ചെയ്യുന്ന ഫാസിസ്റ്റ്‌-സാമ്രാജിത്വ-സയണിസ്റ്റ്‌ മുന്‍വിധികളുടെതാണ്‌, ആതിരേ ലോകം.
വിദ്യാഭ്യാസപരവും സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥ കൂടിയാകുമ്പോള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന അപരാധങ്ങളെപ്പോലും ചെറുക്കാനാവാതെ ഒറ്റപ്പെട്ടുപോകുന്ന ദയനീയതയിലാണ്‌ ഭൂരിപക്ഷം മുസ്ലീങ്ങളും.മറ്റ്‌ എല്ലാ സമുദായത്തിലുള്ളതു പോലുള്ള സമൂഹവിരുദ്ധരേ ഈ സമുദായത്തിലുമുള്ളു.എന്നിട്ടും കൂട്ടായ ഒറ്റപ്പെടുത്തലിന്റെ നോവും നീറ്റലും പേറാനാണ്‌ ഈ വിഭാഗത്തിന്റെ നിയോഗം.
മുസ്ലിങ്ങള്‍ ഉല്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ നേരിടുന്ന ജീവല്‍പ്രശ്നങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്‌.അവയ്ക്ക്‌ ഹ്രസ്വമായ പരിഹാരം പോലും കണ്ടെത്താന്‍ സമുദായ-രാഷ്ട്രീയ-ഭരണ സംവിധാനങ്ങള്‍ക്ക്‌ കഴിയാത്ത വിധം പരിതാപകരമാണ്‌ സ്ഥിതി.. ദുഃസ്സഹമായ ഈ അവസ്ഥയില്‍ നിന്നാണ്‌ ഭരണകൂടങ്ങളെയും അധികാര വാഴ്ചകളെയും ചിതറിക്കുന്ന മുസ്ലീം തീവ്രവാദി യുവത്വത്തിന്റെ ഉയര്‍ച്ചയും വളര്‍ച്ചയും ഉണ്ടായത്‌. ഇതുപക്ഷേ, ആ സമുദായത്തിനാകെ അപമാനത്തിനും അവഹേളനത്തിനും കാരണമായി എന്നതാണ്‌ സങ്കടകരമായ പരിണതി.
ഇങ്ങനെ സാര്‍വ്വദേശീയ തലത്തിലും പ്രാദേശിക തലത്തിലും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന ഒരു സമൂഹത്തിന്‌ അവരുടെ സ്വത്വം സ്ഥാപിച്ചെടുക്കേണ്ടത്‌ അനിവാര്യമായിരിക്കെ അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയെല്ലാം പിന്നില്‍ തള്ളി , അന്ധമായ വിശ്വാസത്തിലൂന്നിയ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതും വ്യാപിപ്പിക്കുന്നതും മുസ്ലീം സമുദായത്തിന്‌ ഗുണകരമാണോ., ആതിരേ..?
ഇന്ന്‌ കേരളത്തില്‍ അത്തരത്തിലൊരു വിവാദം ആളിക്കത്തിക്കുകയാണ്‌ പ്രവാചകനായ നബിയുടെ കേശം സ്വന്തമായുണ്ടെന്ന്‌ അവകാശപ്പെടുന്ന അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ മേധാവി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരുടെ ചൊല്ലും ചെയ്തികളും. കഴിഞ്ഞ 14 നൂറ്റാണ്ടായി ഒരിക്കല്‍ പോലും ഉണ്ടാകാത്ത വിവാദമാണ്‌, ആതിരേ, നബി കേശവുമായി ബന്ധപ്പെടുത്തി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. നബിയുടെ കേശം, നഖം തുടങ്ങിയ ശരീരഭാഗങ്ങള്‍ വിശ്വാസികള്‍ ലോകത്തിന്റെ പല ഭാഗത്തും വിശുദ്ധ വസ്തുക്കളായി കരുതി ആദരിക്കുന്നുണ്ട്‌. എന്നാല്‍, അവിടെയെങ്ങും ഇക്കാലമത്രയും അവയുടെ പേരില്‍ സമുദായത്തിനുള്ളിലോ സമുദായത്തിന്‌ പുറത്തോ ഒരു ചെറിയ തര്‍ക്കം പോലും ഉണ്ടായിട്ടില്ല.
ആ പശ്ചാത്തലത്തില്‍ വേണം കാന്തപുരം അവകാശപ്പെടുന്ന നബിയുടെ കേശവും അതുമായി ബന്ധപ്പെട്ട്‌ വ്യാപകമായിക്കൊണ്ടിരിക്കുന്ന വിവാദങ്ങളെയും വിലയിരുത്തേണ്ടത്‌. അന്ധവിശ്വാസവും അനാചാരവും ഒരു പരിഷ്കൃത സമൂഹത്തിന്‌ നിരക്കുന്നതല്ലെന്ന്‌ ചൂണ്ടിക്കാണിക്കാന്‍ ഉത്തരവാദിത്തബോധമുള്ള ഓരോ പൗരനും അവകാശവും ധാര്‍മികാധികാരവും ഉണ്ട്‌. ആ തലത്തില്‍ നിന്നുകൊണ്ടാണ്‌ സിപിഎം 20-ാ‍ം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട 'വാഗ്ഭടാനന്ദ ഗുരുവും കേരളീയ നവോത്ഥാനവും' എന്ന സെമിനാറില്‍ പ്രസംഗിക്കെ മത മേധാവികള്‍ രാഷ്ട്രീയത്തില്‍ ഇടപെടുകയാണെന്നും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തിരിച്ചു കൊണ്ടുവരികയാണെന്നും പിണറായി വിജയന്‍ തുറന്നടിച്ചത്‌. അക്കൂട്ടത്തിലാണ്‌ "മുടി കത്തുമെന്നും ഇല്ലെന്നുമുള്ള തര്‍ക്കമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. ഏത്‌ മുടിയും കത്തുമെന്ന കാര്യത്തില്‍ സംശയമില്ല" എന്ന പരാമര്‍ശം ഉണ്ടായതും.
ഇതിനോടുള്ള കാന്തപുരത്തിന്റെ പ്രതികരണം ആതിരേ,വിവേകപരമോ ഇസ്ലാമിക മര്യാദകള്‍ക്ക്‌ നിരക്കുന്നതോ ആയിരുന്നില്ല. മതപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ പിണറായി വിജയന്‌ അധികാരം ഇല്ലെന്നും തിരുകേശവുമായി ബന്ധപ്പെട്ട്‌ സിപിഎം സൃഷ്ടിക്കുന്ന വിവാദം കൈയ്യും കെട്ടി നോക്കി നില്‍ക്കുകയില്ലെന്നും ഒക്കെയായിരുന്നു കാന്തപുരത്തിന്റെ ഭീഷണി.
ഒരു സമുദായത്തിന്റെ സമുന്നത സ്ഥാനത്ത്‌ അവരോധിക്കപ്പെട്ടിരിക്കുന്ന വ്യക്തിയാണ്‌ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍. ആ സ്ഥാനത്തിരുന്നുകൊണ്ട്‌ കേരള രാഷ്ട്രീയത്തില്‍ ഒളിഞ്ഞും തെളിഞ്ഞും നിരവധി വട്ടം ഇടപെട്ടിട്ടുള്ള വ്യക്തിയാണ്‌ ഇദ്ദേഹം. ഏത്‌ മതത്തില്‍ വിശ്വസിക്കുന്ന വ്യക്തിക്കും രാഷ്ട്രീയ നിലപാടുകള്‍ ആകാമെന്നും അതിനനുസരിച്ച്‌ പ്രവര്‍ത്തിക്കാമെന്നുമുള്ള ഭരണഘടനാ ദത്തമായ സ്വാതന്ത്യമാണ്‌ ഈ അവസരങ്ങളില്‍ കാന്തപുരത്തിന്‌ തുണയായത്‌.ഇതേ സ്വാതന്ത്ര്യം സമൂഹവുമായി ബന്ധപ്പെട്ട വിശ്വാസ വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ രാഷ്ട്രീയ നേതാക്കള്‍ക്കും സാധാരണ പൗരന്മാര്‍ക്കുമുണ്ട്‌. എന്നാല്‍, അത്‌ അംഗീകരിക്കാനുള്ള സൗമനസ്യമില്ലാതെ വൈകാരിക പ്രതികരണങ്ങളുമായി ഇറങ്ങി തിരിച്ചിരിക്കുന്ന കാന്തപുരത്തിന്റെ ലക്ഷ്യം, സംശയമില്ല, സംഘട്ടത്തിന്റേതാണ്‌. അപായകരമാണ്‌ അതില്‍ നിന്നുയരുന്ന സൂചനകള്‍. തിരുകേശത്തിന്റെ മറവില്‍ കോടികള്‍ മുടക്കുള്ള നിര്‍മ്മാണ പദ്ധതികളുമായി മുന്നോട്ടു വന്നിട്ടുള്ള അദ്ദേഹത്തെ മുസ്ലീം സമുദായം പോലും തള്ളിപ്പറയുമ്പോള്‍ തിരുകേശം സംബന്ധിച്ച അവകാശവാദവും അതിന്റെ പേരില്‍ അദ്ദേഹം ഉയര്‍ത്തുന്ന ഭീഷണികളും മറ്റു ചില ഭീതികളേയും ഭീഷണികളെയുമാണ്‌ ആതിരേ, ക്ഷണിച്ചിരുത്തുന്നത്‌.. ഒരു ജനാധിപത്യ ഭരണക്രമത്തില്‍ മതനേതാക്കന്മാര്‍ അനുവര്‍ത്തിക്കേണ്ട നിയന്ത്രണത്തിന്റെ സീമകളാണ്‌ കാന്തപുരം ലംഘിക്കുന്നത്‌. സിപിഎം പോലെയുള്ള ഒരു പാര്‍ട്ടിയെ വെല്ലുവിളിക്കാന്‍ തയ്യാറാകുക വഴി തങ്ങളുടെ മാര്‍ഗ്ഗത്തില്‍ തടസ്സം സൃഷ്ടിക്കുന്നവരെ കൈകാര്യം ചെയ്യുമെന്ന സന്ദേശമാണ്‌ അദ്ദേഹം നല്‍കുന്നത്‌. ഇത്‌ പൊതുസമൂഹത്തിനോ മുസ്ലീം സമുദായത്തിനോ അനുഗുണമല്ല മറിച്ച്‌, ഭീകരമായ പരിണതികളിലേക്കായിരിക്കും ഈ നിലപാടുകള്‍ കൊണ്ടെത്തിക്കുക. അതിന്റെ ആഘാതം മുഴുവന്‍ പേറേണ്ടിവരിക നിരപരാധികളായ മുസ്ലീം സഹോദന്മാരായിരിക്കും.
അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന്‌ കാന്തപുരത്തിന്‌ ഒഴിഞ്ഞു മാറാനാവുകയില്ല.മുസ്ലീം തന്നെയാണ്‌ മുസ്ലീമിന്റെ ശത്രു എന്നൊരു അരുചികരമായ അവസ്ഥായാവും, ആതിരേ കാന്തപുരത്തിലൂടെ സൃഷ്ടിക്കപ്പെടുന്നതും
"ഞാന്‍ നിങ്ങളോട്‌ ചെയ്യാന്‍ കല്‍പ്പിച്ച കാര്യങ്ങളല്ലതെ നിങ്ങളെ സ്വര്‍ഗത്തോടടുപ്പിക്കുന്ന യാതൊന്നുമില്ല.ഞാന്‍ നിങ്ങളോട്‌ ചെയ്യത്രുതെന്ന്‌ വിലക്കിയ കാര്യങ്ങളല്ലാതെ നിങ്ങളെ നരകത്തിലെത്തിക്കുവാനും ഒന്നുമില്ല" -ഈ നബി സൂക്തം കാന്തപുരം എല്ലായിപ്പോഴും ഓര്‍ക്കുന്നത്‌ അദ്ദേഹത്തിനും മുസ്ലീം സമുദായത്തിനും പൊതുസമൂഹത്തിനും ഗുണകരമായിരിക്കും

No comments: