Thursday, February 2, 2012
ആകശം ചവിട്ടടിയിലാക്കാന്‍ സ്കൈ മാഫിയ
വെട്ടിപ്പിടിച്ച് വിറ്റ് പോക്കറ്റ് വീര്‍പ്പിക്കാന്‍ കൊച്ചിയില്‍ ഇനി ഭൂമിയില്ല ആകാശമേ ഉള്ളൂ എന്ന് തിരിച്ചറിഞ്ഞ് യശോറാം ഇന്‍ഫ്ര ഡവലപ്പേഴ്സ് ഒരു മുഴം മുന്നില്‍ എറിയുകയായിരുന്നു. ഉന്മൂലനത്തിന്റെ ഈ വികസന രീതിശാസ്ത്രത്തിന് മുന്‍പിന്‍ നോക്കാതെ വ്യവസായ വകുപ്പ് അനുമതി നല്‍കിയപ്പോള്‍ ദുരമൂത്ത പ്രകൃതിചൂഷണത്തിന്റെ ദൂഷിത വൃത്തം പൂര്‍ത്തിയാകുകയായിരുന്നു. കൊച്ചിയിലെ ചെലവന്നൂര്‍ കായലിന് മുകളില്‍ നാലു കിലോമീറ്റര്‍ നീളത്തിലും 60 മീറ്റര്‍ വീതിയിലും പാലം പണിത് ഷോപ്പിങ്ങ് മാളുകളും അപ്പാര്‍ട്ടുമെന്റുകളും നിര്‍മിക്കാനുള്ള യശോറാം ഇന്‍ഫ്ര ഡവലപ്പേഴ്സിന്റെ സ്കൈ സിറ്റി പദ്ധതിക്ക്, 'ഉപാധികളോടെ' കഴിഞ്ഞ ദിവസം വ്യവസായ വകുപ്പ് നല്‍കിയ അനുമതി സ്കൈ മാഫിയക്ക് ഈ സര്‍ക്കാര്‍ നല്‍കിയ ആദ്യ ലൈസന്‍സാണ്.
ആകാശത്തെ ആവാസമേഖലയാക്കാന്‍ നിര്‍ബന്ധിക്കുന്നതാണ് ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ജനപ്പെരുപ്പവും അതിന് ആനുപാതികമായി രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഭൂമിയുടെ ദൗര്‍ലഭ്യവും. നഗരകേന്ദ്രീകൃത ജീവിതത്തിന് വരുംകാലങ്ങളില്‍ ഭൂമി വിട്ട് ആകാശത്ത് പാര്‍പ്പിട-വ്യാപാര സമുച്ചയങ്ങളും സഞ്ചാരപഥങ്ങളും സൃഷ്ടിക്കേണ്ടി വരുമെന്നത് തീര്‍ച്ചയാണ്. ആ നിലയ്ക്ക് ഭൂമിയില്‍ നിന്നുയര്‍ന്ന ജീവിതമേഖലകള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണ്. പക്ഷേ,ആതിരേ, കൊച്ചിയുടെ ആകാശത്തില്‍ യശോറാം ഇന്‍ഫ്ര ഡവലപ്പേഴ്സ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്കൈ സിറ്റി മറ്റൊരു വെട്ടിപ്പിടുത്തത്തിന്റെ മാഫിയാ മുഖമാണ് പ്രദര്‍ശിപ്പിക്കുന്നത്.
കൊച്ചിയിലെ ചെലവന്നൂര്‍ കായലിന് മുകളില്‍ നാലു കിലോമീറ്റര്‍ നീളത്തിലും 60 മീറ്റര്‍ വീതിയിലും പാലം പണിത് ഷോപ്പിങ്ങ് മാളുകളും അപ്പാര്‍ട്ടുമെന്റുകളും നിര്‍മിക്കാനുള്ള യശോറാം ഇന്‍ഫ്ര ഡവലപ്പേഴ്സിന്റെ സ്കൈ സിറ്റി പദ്ധതിക്ക്, 'ഉപാധികളോടെ' കഴിഞ്ഞ ദിവസം വ്യവസായ വകുപ്പ് നല്‍കിയ അനുമതി സ്കൈ മാഫിയക്ക് ഈ സര്‍ക്കാര്‍ നല്‍കിയ ആദ്യ ലൈസന്‍സാണ്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുമതി നിഷേധിച്ച ഈ പദ്ധതിക്ക് ധൃതിയില്‍, ചില ഉപാധികളോടെ അനുമതി നല്‍കിയതില്‍ വന്‍ അഴിമതിയും അട്ടിമറിയുമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.അഴിമതിയുടെ ഘനസാന്ദ്രത എത്രയെന്ന് ഇപ്പോള്‍ അറിയില്ലെന്ന് മാത്രം.. മുഖ്യമന്ത്രിയും മന്ത്രിസഭയും അറിയാതെ വ്യവസായ വകുപ്പിലെ ചിലരുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഇങ്ങനെ ഒരു അനുമതി നല്‍കിയിരിക്കുന്നത്.തട്ടിപ്പിന്റേയും വെട്ടിപ്പിന്റേയും അക്കൗണ്ട് തുറന്നു കഴിഞ്ഞെന്ന് സാരം.സ്കൈ സിറ്റിയെക്കുറിച്ച് ഒന്നുമറിയില്ല എന്നാണ് ബുധനാഴ്ച മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയതെന്നോര്‍ക്കുക. അതായത്, വ്യവസായ വകുപ്പിലെ അഴിമതി വേതാളങ്ങള്‍ മുഖ്യമന്ത്രിയെപ്പോലും തമസ്കരിച്ചാണ് പരിസ്ഥിതിക്ക് ഏറെ ആഘാതം സൃഷ്ടിക്കുന്ന ഈ പദ്ധതിക്ക് അനുമതി നല്‍കിയതെന്ന് സാരം.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തന്നെ ഈ അടിവലി നടന്നതാണ്,ആതിരേ. അന്ന് വ്യവസായ വകുപ്പ് സെക്രട്ടറി ടി.ബാലകൃഷ്ണനായിരുന്നു. ടി.ബാലകൃഷ്ണന് കേരളത്തിന്റെ പ്രകൃതിയും പരിസ്ഥിതിയും ആവാസവ്യവസ്ഥയുമെല്ലാം തകര്‍ക്കുന്ന വികസന പദ്ധതികളോടാണ് എന്നും താല്‍പര്യം. ജനങ്ങള്‍ നശിച്ചാലും പ്രകൃതിക്ക് പ്രഹരമേറ്റാലും തനിക്കത് പ്രശ്നമല്ല എന്ന ഗര്‍വാണ് ആ ഐഎഎസ് ഓഫീസറെ ഭരിക്കുന്നതെന്ന് നേരത്തെ വ്യക്തമായിട്ടുള്ളതാണ്. മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദനടക്കമുള്ളവര്‍ സ്കൈ സിറ്റി പദ്ധതിയെ എതിര്‍ത്തപ്പോഴും മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ ബന്ധപ്പെട്ട വകുപ്പുകളോ അറിയാതെ പദ്ധതിക്ക് അനുമതി ആവശ്യപ്പെട്ട് ടി.ബാലകൃഷ്ണന്‍ രണ്ടുതവണ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കത്തെഴുതിയതാണ്. അന്ന് നടക്കാതെ പോയ ഗൂഢപദ്ധതിക്കാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്.
പരിസ്ഥിതി പഠന റിപ്പോര്‍ട്ടുകളെല്ലാം തമസ്കരിച്ചും സ്വകാര്യ റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിയുമാണ്, ആതിരേ വ്യവസായവകുപ്പ് ഇപ്പോള്‍ സ്കൈ സിറ്റി പദ്ധതിക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്. തീരദേശ പരിപാലന അതോരിറ്റി നടത്തിയ പഠനത്തില്‍ തെളിഞ്ഞത് സ്കൈ സിറ്റി കൊച്ചിയുടെ പരിസ്ഥിതിക്ക് വന്‍ പ്രഹരമേല്‍പ്പിക്കും എന്നാണ് . അതുകൊണ്ട് നിര്‍ദ്ദിഷ്ട പദ്ധതി ഒരു വിധത്തിലും അനുവദിക്കാനാവില്ല എന്ന് വ്യക്തമാക്കി 2011 ഫെബ്രുവരി മൂന്നിന് അതോരിറ്റി ചെയര്‍മാന്‍ യശോറാം കമ്പനി മാനേജിംഗ് ഡയറക്ടര്‍ക്ക് കത്തു നല്‍കിയതുമാണ്. ഈ കത്ത് മറച്ചുവച്ചുകൊണ്ടാണ് വ്യവസായ വകുപ്പില്‍ നിന്ന് സ്കൈ സിറ്റി പദ്ധതിക്ക് ബന്ധപ്പെട്ടവര്‍ അനുമതി നേടിയിരിക്കുന്നത്. വെട്ടിപ്പിടിച്ച് വിറ്റ് പോക്കറ്റ് വീര്‍പ്പിക്കാന്‍ കൊച്ചിയില്‍ ഇനി ഭൂമിയില്ല ആകാശമേ ഉള്ളൂ എന്ന് തിരിച്ചറിഞ്ഞ് യശോറാം ഇന്‍ഫ്ര ഡവലപ്പേഴ്സ് ഒരു മുഴം മുന്നില്‍ എറിയുകയായിരുന്നു. ഉന്മൂലനത്തിന്റെ ഈ വികസന രീതിശാസ്ത്രത്തിന് മുന്‍പിന്‍ നോക്കാതെ വ്യവസായ വകുപ്പ് അനുമതി നല്‍കിയപ്പോള്‍ ദുരമൂത്ത പ്രകൃതിചൂഷണത്തിന്റെ ദൂഷിത വൃത്തം പൂര്‍ത്തിയാകുകയായിരുന്നു.
ആതിരേ,നിര്‍ദ്ദിഷ്ട സ്കൈ സിറ്റി പദ്ധതിപ്രദേശം സിആര്‍സെഡ് (തീരദേശ നിയന്ത്രണ മേഖല) ഒന്നില്‍ വരുന്നതാണ്. 1991-ലെ തീരദേശ പരിപാലന നിയമപ്രകാരം, ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലാത്തതാണ്. ചതുപ്പു നിലങ്ങള്‍ മണ്ണിട്ടു നികത്തുന്നതും അനുവദനീയമല്ല. കൂടാതെ, 2011-ലെ സിആര്‍സെഡ് വിജ്ഞാപനം അനുസരിച്ച് കായല്‍ വെള്ളക്കെട്ട് പ്രദേശം പരിസ്ഥിതി ദുര്‍ബല മേഖലയായിട്ടാണ് കണക്കാക്കിയിട്ടുള്ളത്. വേമ്പനാട്ട് കായലിന്റെ ഭാഗമായ ചെലവന്നൂര്‍ കായലില്‍ അതുകൊണ്ടു തന്നെ ഹോട്ടലുകള്‍, കെട്ടിടസമുച്ചയങ്ങള്‍, ഷോപ്പിങ്ങ് മാളുകള്‍ എന്നിവയുടെ നിര്‍മ്മാണം ഒരു തരത്തിലും അനുവദിക്കാന്‍ പാടില്ലാത്തതാണ്. നിര്‍ദ്ദിഷ്ട പദ്ധതിയുടെ ഫ്ലൈ ഓവര്‍ തീരത്തോടു ചേരുന്ന, കണ്ടല്‍ കാടുകളും ചതുപ്പു നിലവും ഉള്‍പ്പെടുന്ന പ്രദേശം 'റംസാര്‍' ചതുപ്പു നിലമായി പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. അതിപ്രാധാന്യത്തോടെ സംരക്ഷിക്കപ്പെടേണ്ട ചതുപ്പു നിലങ്ങളായി അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ച നീര്‍ത്തടങ്ങളാണ് റംസാര്‍.
പദ്ധതി നടപ്പാക്കുന്ന കായല്‍ മേഖലയ്ക്ക് ചില സ്ഥലങ്ങളില്‍ 40 മീറ്റര്‍ വീതിയില്ല. ഇവിടെ 40 മീറ്റര്‍ വീതിയില്‍ ഫ്ലൈ ഓവര്‍ വന്നാല്‍ കായല്‍ ചുരുങ്ങി ഇല്ലാതാകും. എന്നുമാത്രമല്ല, കായല്‍ മേഖലയിലെ ജൈവ വ്യവസ്ഥ തകരുമെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതമയമാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്വാഭാവികമായി തകര്‍ച്ച നേരിടുന്ന ഇവിടത്തെ പരിസ്ഥിതി പ്രദേശത്തിന്റെ നാശം പദ്ധതി പൂര്‍ത്തിയാകുന്നതോടെ വേഗത്തിലാകുമെന്നും സമിതി കണ്ടെത്തിയതാണ്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലായിരുന്നു സ്കൈ സിറ്റി പ്രോജക്ടിന് ഒരു തരത്തിലും അംഗീകാരം നല്‍കുകയില്ല എന്ന് കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനമെടുത്തത്..
പരിസ്ഥിതി സംരക്ഷണത്തിനും പരമ്പരാഗത തൊഴിലാളികളുടെ അതിജീവനത്തിനും അതീവ പ്രാധാന്യമുണ്ടെന്നും അവ കൊള്ളലാഭച്ചതികളുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അടിയറ വയ്ക്കരുതെന്നുമുള്ള കര്‍ശന നിലപാടാണ് വി.എസ്.അച്യുതാനന്ദനും എല്‍ഡിഎഫ് സര്‍ക്കാരും സ്വീകരിച്ചത്. ആ നയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പോലും അറിയാതെ തിരുത്തി, തീരദേശ മാനേജ്മെന്റ് അതോറിറ്റിയുടെ ശിപാര്‍ശകള്‍ അട്ടിമറിച്ച് പുതുതായി രൂപം കൊള്ളുന്ന സ്കൈ മാഫിയയ്ക്ക് കൊച്ചിയുടെ ആകാശം തീറെഴുതാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ വ്യവസായ വകുപ്പ് തീരുമാനിച്ചത്.
നാടിന്റെ വികസനമോഹമല്ല ഇതില്‍ പ്രതിഫലിക്കുന്നത്. പ്രകൃതി സംരക്ഷണമല്ല ഇവരുടെയൊക്കെ ലക്ഷ്യം. പ്രകൃതിയേയും ആവാസ വ്യവസ്ഥയേയും സാധാരണ മനുഷ്യന്റെ ജീവനോപാധികളെയും തകര്‍ത്ത് മൂലധന ചൂഷകര്‍ക്ക് വേണ്ടി വിടുപണി ചെയ്യാനാണ് ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ചില കീടങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നേരിയ ഭൂരിപക്ഷത്തിന്റെ ഗതികേട് മുതലെടുത്താണ് ഈ അതിക്രമം വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട സമൂഹവിരുദ്ധര്‍ നടത്തുന്നത്. ജാഗ്രതയോടെ ഇതിനെതിരായ ജനകീയ പ്രതിരോധ മുന്നണി രൂപീകരിച്ചില്ലെങ്കില്‍ ,ആതിരേ,യുഡിഎഫിന്റെ അഞ്ചുവര്‍ഷത്തെ ഭരണത്തിനിടയില്‍ കൊച്ചിയുടെ മാത്രമല്ല, കേരളത്തിന്റെ തന്നെ ആകാശവും വായുവും സ്കൈ മാഫിയയുടെ ചവിട്ടടിയിലാകും; സംശയിക്കേണ്ട.
Subscribe to:
Post Comments (Atom)
No comments:
Post a Comment