Tuesday, January 31, 2012
ഇന്റര്‍നെറ്റ് ലോകത്തെ മനുവാദികള്‍
വിക്കിപീഡിയ പോലെയുള്ള വിജ്ഞാനകോശം ഉണ്ടായതും അതിന് ലോകഭാഷയില്‍ പതിപ്പുകള്‍ രൂപംകൊണ്ടതും വിജ്ഞാന വിതരണത്തിന്റെ ഇപ്പോഴുള്ള ജനാധിപത്യ സ്വഭാവം മൂലമാണ്. എന്നാല്‍, അമേരിക്ക നടപ്പിലാക്കാന്‍ പോകുന്ന സോപയും പിപയും ഈ സ്വാതന്ത്ര്യത്തെയാണ്‍ഉന്മൂലനം ചെയ്യാന്‍ പോകുന്നത്. അറിവിന്റെ സ്വതന്ത്രമായ ഇടങ്ങള്‍ വളച്ചുകെട്ടിയെടുത്ത് വരേണ്യവിഭാഗത്തിനത് സംവരണം ചെയ്യാനും അതിലൂടെ വിജ്ഞാനലോകം ബഹുരാഷ്ട്ര കുത്തകകള്‍ക്കും മൂലധനചൂഷകര്‍ക്കുമായി പിടിച്ചടക്കാനുമാണ് അമേരിക്കയുടെ നീക്കം.
ആതിരേ,വളഞ്ഞ വഴിയിലൂടെ ഇന്റര്‍നെറ്റിന്റെ വായ്മൂടിക്കെട്ടി കുത്തക സ്ഥാപനങ്ങളുടെ വ്യാപാര വാണിജ്യതന്ത്രങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട പാതയൊരുക്കാനുള്ള ജുഗുപ്സാവഹമായ നീക്കത്തിലാണ് അമേരിക്ക.
ലോക പോലീസ് ചമഞ്ഞ് വിശ്വമെമ്പാടുമുള്ള വ്യക്തികളുടെ സ്വകാര്യത മുതല്‍ രാഷ്ട്രങ്ങളുടെ സ്വയംശീര്‍ഷത്വം വരെ കഴുകന്റെ ആര്‍ത്തിയോടെ പറന്നിറങ്ങി സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് അങ്കിള്‍ സാം. തങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു വര്‍ഗ്ഗമാണെന്നും അതുകൊണ്ട് 'ഞങ്ങളാകട്ടെയെല്ലാം ഞങ്ങള്‍ക്കാകട്ടെ' എന്ന നീചലാക്കോടെയാണ് യാങ്കികളുടെ പ്രവര്‍ത്തനങ്ങളെല്ലാം. ശീതസമര കാലം അവസാനിക്കുകയും സോവിയറ്റ് യൂണിയന്‍ ഛിന്നഭിന്നമാകുകയും ചെയ്തതോടെ തങ്ങളുടെ അപ്രമാധിത്വവും അധികാരാധിനിവേശവും ലോകജനതയില്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ് അമേരിക്ക. വിവിധ വ്യാപാര കരാറുകളും സൈനിക കരാറുകളും അതിന്റെ കടിഞ്ഞാണുകളാണ്. രാഷ്ട്രങ്ങളുടെ സ്വയംപര്യാപ്തതയും ജനാധിപത്യ വളര്‍ച്ചയും തകര്‍ക്കാനായി അവിടങ്ങളിലെ വിഘടന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ച് ഭീകരവാദികളെ സൃഷ്ടിച്ച് അരാജകത്വം ഉണ്ടാക്കുന്നതും , ആതിരേ, അമേരിക്കയുടെ അധിനിവേശരീതികളുമായി ബന്ധപ്പെട്ട വൃത്തികെട്ട തന്ത്രങ്ങളാണ്.
ബൗദ്ധികസ്വത്തവകാശ നിയമത്തിലൂടെ വികസ്വര/ അവികസിത രാഷ്ട്രങ്ങളുടെ സാങ്കേതികവും ശാസ്ത്രീയവും ജനാധിപത്യപരവും വിദ്യാഭ്യാസപരവുമായ വളര്‍ച്ചയെ തടയാനും അവരുടെ സാംസ്കാരികവും പൈതൃകവുമായ ഈടുവയ്പുകള്‍ കവര്‍ന്നെടുക്കാനും നേരത്തെ തന്നെ ശ്രമം ആരംഭിച്ചതാണ്. ഇന്ത്യയുടെ സ്വന്തമെന്ന് നാം നൂറ്റാണ്ടുകളോളം അഭിമാനിച്ചിരുന്ന ആയുര്‍വ്വേദ ഔഷധങ്ങളുടെ നിര്‍മ്മാണത്തിലുള്ള പേറ്റന്റ് അമേരിക്കയിലെ വിവിധ ബഹുരാഷ്ട്ര കമ്പനികള്‍ സ്വന്തമാക്കിയത് അങ്ങനെയാണ്. തങ്ങളുടെ നീക്കങ്ങളോരോന്നിലൂടേയും ലോകജനതയെ നഗ്നമായി കൊള്ളയടിക്കുന്ന 'ഷൈലോക്കിസ'ത്തിന്റെ ഏറ്റവും അശ്ലീലത നിറഞ്ഞ പ്രദര്‍ശനമാണ് അമേരിക്ക ഇന്ന്.
ഇതൊന്നും മതിയാകാഞ്ഞിട്ടാണ്, ആതിരേ, സ്വതന്ത്ര വിജ്ഞാനവ്യാപനത്തിനും പങ്കുവയ്ക്കലിനും സ്വതന്ത്ര അഭിപ്രായപ്രകടനത്തിനും സഹയാകമായിട്ടുള്ള സാങ്കേതിക വിദ്യയായ ഇന്റര്‍നെറ്റിനെ വരുതിയിലാക്കാന്‍ പുതിയ നിയമനിര്‍മ്മാണവുമായി യാങ്കി ഭീകരത രംഗത്തെത്തിയിരിക്കുന്നത്.
സ്റ്റോപ്പ് ഓണ്‍ലൈന്‍ പൈറസി ആക്ട് (SOPA) പ്രൊട്ടക്ട് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ആക്ട് (PIPA) തുടങ്ങിയ നിയമങ്ങളിലൂടെയാണ് ഇന്റര്‍നെറ്റിന്റെ വായ്മൂടിക്കെട്ടാന്‍ അമേരിക്ക ശ്രമം ആരംഭിച്ചിട്ടുള്ളത്.
ഇവ നിയമമായാല്‍, ആതിരേ, ഇന്ന് ഉപയോഗിക്കുന്ന രീതിയില്‍ ഇന്റര്‍നെറ്റ് സ്വതന്ത്രമായി ഉപയോഗിക്കാന്‍ ലോകജനതയ്ക്കുള്ള അവസരവും അവകാശവും ഇല്ലാതാകും. എന്നു മാത്രമല്ല, പകര്‍പ്പവകാശ നിയമത്തിന്റെ പേരില്‍ ഇന്റര്‍നെറ്റില്‍ നിന്ന് വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി അവയ്ക്ക് നികുതി ചുമത്തി സാധാരണക്കാരുടെ പോക്കറ്റ് കൊള്ളയടിച്ച് ബഹുരാഷ്ട്ര കമ്പനികളും കുത്തകകളും തങ്ങളുടെ ഖജനാവ് വീര്‍പ്പിക്കുകയും ചെയ്യും. അറിവ് പകര്‍ന്നുകൊടുത്ത് പുതിയ തലമുറയെയും വ്യക്തികളെയും വിജ്ഞാനത്തിന്റെ ലോകത്ത് എത്തിക്കുകയും ചെയ്യേണ്ടത് ജീവിത ധര്‍മ്മമായി കരുതിയിരുന്ന ഒരു കാലഘട്ടമാണ് ഇതോടെ അവസാനിക്കുന്നത്. ശൂദ്രന് വേദാദ്ധ്യായനം നിരോധിച്ച മനുവിന്റെ കാലത്തെ വിജ്ഞാനകുത്തക നടപ്പിലാക്കാനാണ് അമേരിക്കയുടെ ഹിഡന്‍ അജണ്ട.
ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ്, ആതിരേ, ലോകമെമ്പാടും അലയടിക്കുന്നത്. വിക്കിപീഡിയ അതിന്റെ ആമുഖപേജില്‍ പ്രതിഷേധം രേഖപ്പെടുത്തി സേവനം ഒരു ദിവസത്തേക്ക് റദ്ദാക്കിയാണ് പ്രതികരിച്ചത്. വിക്കിപീഡിയ ഫൗണ്ടേഷനെ കൂടാതെ ക്രിയേറ്റീവ് കോമണ്‍സ്, ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍, മോസില തുടങ്ങിയ ആഗോള പ്രബലരും കേരളത്തില്‍ മലയാളം, നാലാമിടം, സൈബര്‍ ലോകം, ഡൂള്‍ ന്യൂസ് എന്നിവ അടക്കമുള്ള വെബ്സൈറ്റുകളും ഈ കടന്നുകയറ്റത്തെ അപലപിക്കുകയും അതിനെതിരെ പ്രതിഷേധിക്കുകയും ചെയ്തിട്ടുണ്ട്.
പകര്‍പ്പവകാശം (കോപ്പി റൈറ്റ്) അല്ല പകര്‍പ്പപേക്ഷ (കോപ്പി ലഫ്റ്റ്) ആണ് പുരോഗമനപരമായ ഒരു ഇന്റര്‍നെറ്റ് സമൂഹത്തിന് വേണ്ടത്. എങ്കില്‍ മാത്രമേ ഇന്റര്‍നെറ്റിന് ജനാധിപത്യപരമായ ഒരു ഉള്ളടക്കം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. ഇക്കാര്യത്തില്‍ മുന്നോട്ടു പോകേണ്ടതിന് പകരം പിന്നോട്ട് നടക്കാനാണ് അമേരിക്കയുടെ തീരുമാനം.
ഇന്റര്‍നെറ്റ് ജനകീയമാകുകയും ഡിജിറ്റല്‍ ഉപകരണങ്ങള്‍ സാര്‍വ്വത്രികമാകുകയും ചെയ്തതോടെ പകര്‍പ്പവകാശത്തില്‍ നിന്ന് വരുമാനം ലഭിച്ചിരുന്ന സംഗീത കമ്പനികള്‍ക്കും പ്രസാധകര്‍ക്കും പ്രഹരമേറ്റു എന്നത് ശരിയാണ്. പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന അറിവിന്റെ മേഖല പങ്കുവയ്ക്കലിന്റെയും കൂട്ടായ്മയുടേയും മാര്‍ഗങ്ങളിലൂടെ ലോകത്തിലെ സാധാരണ ജനങ്ങള്‍ക്ക് ഇപ്പോള്‍ പ്രാപ്യമാണ്. ഈ സാര്‍വ്വജനീനത്വം നശിപ്പിച്ച് കുത്തകകള്‍ക്ക് വീണ്ടും അധീശത്വം നല്‍കാനാണ് അമേരിക്കയുടെ 'സൊപ'യും 'പിപ'യും
അറിയണം വിക്കിപീഡിയ പോലെയുള്ള വിജ്ഞാനകോശം ഉണ്ടായതും അതിന് ലോകഭാഷയില്‍ പതിപ്പുകള്‍ രൂപംകൊണ്ടതും വിജ്ഞാന വിതരണത്തിന്റെ ഇപ്പോഴുള്ള ജനാധിപത്യ സ്വഭാവം മൂലമാണ്. എന്നാല്‍, അമേരിക്ക നടപ്പിലാക്കാന്‍ പോകുന്ന സോപയും പിപയും ഈ സ്വാതന്ത്ര്യത്തെയാണ്‍ഉന്മൂലനം ചെയ്യാന്‍ പോകുന്നത്. അറിവിന്റെ സ്വതന്ത്രമായ ഇടങ്ങള്‍ വളച്ചുകെട്ടിയെടുത്ത് വരേണ്യവിഭാഗത്തിനത് സംവരണം ചെയ്യാനും അതിലൂടെ വിജ്ഞാനലോകം ബഹുരാഷ്ട്ര കുത്തകകള്‍ക്കും മൂലധനചൂഷകര്‍ക്കുമായി പിടിച്ചടക്കാനുമാണ്, ആതിരേ, അമേരിക്കയുടെ നീക്കം.
ഇത്തരം കരിനിയമങ്ങള്‍ അമേരിക്കയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല എന്നതാണ് ഭീഷണമായ വസ്തുത. അമേരിക്കയുടെ സാമ്പത്തികവും സൈനികവുമായ സഹായങ്ങള്‍ സ്വീകരിക്കുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളെ, സമാനസ്വഭാവമുള്ള നിയമങ്ങള്‍ നടപ്പിലാക്കാന്‍ നിര്‍ബന്ധിച്ച് അറിവിന്റെ വ്യാപനം യാങ്കിച്ചെകുത്താന്‍ തടയും, അതിലൂടെ വിജ്ഞാനമുള്ള പൗരന്മാരെ വാര്‍ത്തെടുക്കാനുള്ള ശ്രമങ്ങളെ തളര്‍ത്തിത്തകര്‍ക്കും. വ്യാപാര കരാറുകളിലൂടെ ഇത്തരം അടിമത്തം ഇതിനകം തന്നെ അടിച്ചേല്‍പ്പിച്ചു കഴിഞ്ഞു. ഇനി വിജ്ഞാനവിതരണ മേഖലയെയും കീഴടക്കി അമേരിക്കക്ക് പുറത്തുള്ള ദേശീയതകളെ മുഴുവന്‍ അടിമകളാക്കി ലോകാധിപനാകാനുള്ള നീചമായ നീക്കമാണിത്. ഇതിനെതിരെ വിജ്ഞാനത്തിന്റെ ജനാധിപത്യ വിതരണം കാംക്ഷിക്കുന്ന വ്യക്തികളെല്ലാം പ്രതിഷേധവുമായി രംഗത്തെത്തിയേ മതിയാകൂ. ആതിരേ,ജീവശ്വാസംപോലെ അനിവാര്യമാണ് ഇനിവരുന്ന കാലത്തെ സാങ്കേതികവും നവീനവുമായ വിജ്ഞാനബോധം. അത് ഇല്ലാതാക്കാന്‍ അനുവദിച്ചുകൂടാ.
Subscribe to:
Post Comments (Atom)
No comments:
Post a Comment