Thursday, January 12, 2012

അച്യുതാനന്ദനും വീഴുമ്പോള്‍


സവിശേഷവും സുപ്രധാനവുമായ വസ്തുത കേരളത്തിലെ പതിനായിരക്കണക്കിന്‌ ആദിവാസികള്‍ തങ്ങളുടെ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കാനുള്ള സമരത്തിലാണ്‌. ചെങ്ങറപോലെ കേരളത്തിന്റെ മന:സാക്ഷിയെയും രാഷ്ട്രീയ സമവാക്യങ്ങളെയും പിടിച്ചുലച്ച സമരങ്ങള്‍ നടന്നതും ഭൂരഹിതന്‌ ഭൂമി ലഭിക്കാന്‍ വേണ്ടിയായിരുന്നു. കൃഷി ഭൂമി കര്‍ഷകന്‌ എന്ന അടിസ്ഥാന മുദ്രാവാക്യം ഉയര്‍ത്തി നിരവധി സമരങ്ങള്‍ നയിച്ചിട്ടുള്ള നേതാവാണ്‌ അച്യുതാനന്ദന്‍. എന്നിട്ടും അദ്ദേഹത്തിന്റെ ഭരണകാലത്തുപോലും ആദിവാസികള്‍ക്കോ ഭൂരഹിതരായ കര്‍ഷകര്‍ക്കോ ഒരു തുണ്ടു ഭൂമി നേടിക്കൊടുക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ്‌ 2.33 ഏക്കര്‍ സ്വന്തക്കാരന്‌ വിട്ടുകൊടുക്കാന്‍ മുഖ്യമന്ത്രി എന്ന നിലയ്ക്ക്‌ അച്യുതാനന്ദന്‍ നടപടികള്‍ സ്വീകരിച്ചത്‌. സംശയമില്ല ഇത്‌, കറ തീര്‍ന്ന അഴിമതിയാണ്‌.



ബന്ധുവിന്‌ വഴിവിട്ട്‌ സര്‍ക്കാര്‍ ഭൂമി അനുവദിച്ച കേസില്‍ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദനെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന വിജിലന്‍സ്‌ വകുപ്പിന്റെ ശിപാര്‍ശ, കഴിഞ്ഞ 70 വര്‍ഷമായി അച്യുതാനന്ദന്‍ സൃഷ്ടിച്ചെടുത്ത സുതാര്യവും അഴിമതി രഹിതവുമായ പൊതുജീവിതത്തിനേറ്റ കനത്ത ആഘാതമാണ്‌ എന്നതിലുപരി ഇനി അഴിമതിക്കെതിരെ പോരാടാന്‍ കേരളത്തില്‍ ആരുണ്ട്‌ എന്ന ആശങ്കയാണ്‌, ആതിരേ, പൊതുസമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്‌.
1938-ല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായി രാഷ്ട്രീയ രംഗത്തെത്തിയ വേലിക്കകത്ത്‌ ശങ്കരന്‍ മകന്‍ അച്യുതാനന്ദന്‍ 1940-ല്‍ അവിഭക്ത കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ അംഗമായതോടെയാണ്‌ സമരസന്നിഭവും സുതാര്യവുമായ പൊതുജീവിതത്തിനും രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കും തുടക്കമായത്‌. 1964-ല്‍ അന്നത്തെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതൃത്വത്തിന്റെ വലതുപക്ഷ നിലപാടുകളോട്‌ കലഹിച്ച്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ മാര്‍ക്സിസ്റ്റിന്‌ ബീജാവാപം ചെയ്ത ഒന്‍പതുപേരില്‍ ജീവിച്ചിരിക്കുന്ന ഒരാളാണ്‌ അച്യുതാനന്ദന്‍.
പുന്നപ്ര വയലാര്‍ പ്രക്ഷോഭകാലത്തും പിന്നീട്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി നിരോധിക്കപ്പെട്ട നാളുകളിലും ആര്‍ക്കും കീഴടങ്ങാത്ത സമരോജ്ജ്വലതയുടെ പ്രതീകമായി അധഃസ്ഥിതന്റെയും അദ്ധ്വാനിക്കുന്നവന്റെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദുര്‍ബല വിഭാഗത്തിന്റെയും മോചനത്തിനും ഉന്നമനത്തിനും വേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു, ആതിരേ, അച്യുതാനന്ദന്റേത്‌. ഒപ്പമുണ്ടായിരുന്ന സഖാക്കള്‍ പല ഘട്ടങ്ങളില്‍ വലതുപക്ഷ വ്യതിയാനങ്ങള്‍ക്ക്‌ ഇരയാവുകയും പിന്നീട്‌ നവലിബറല്‍ ആശയങ്ങളില്‍ ആകൃഷ്ടരായി പൊതുജീവിതത്തിലെ സുതാര്യതയും പ്രത്യയശാസ്ത്ര വിശുദ്ധിയും പണയം വച്ച്‌ സമ്പന്നരാവുകയും അങ്ങനെ ജനങ്ങളില്‍ നിന്നകലുകയും ചെയ്തപ്പോഴും തന്റെ നിലപാടുകളില്‍ അണുവിട അനുരഞ്ജനത്തിന്‌ തയ്യാറാകാതെ അഴിമതി വിരുദ്ധ സമരമാക്കി പൊതു പ്രവര്‍ത്തനത്തെ പരിവര്‍ത്തനം ചെയ്ത 'രാഷ്ട്രിയ പിതാമഹനാണ്‌ ', ആതിരേ, ഇപ്പോള്‍ അഴിമതിക്കേസില്‍ ഒന്നാം പ്രതിയായി വിജിലന്‍സ്‌ കോടതിയിലും ജനങ്ങളുടെ കോടതിയിലും വിചാരണ ചെയ്യപ്പെടാന്‍ പോകുന്നത്‌.
വര്‍ത്തമാനകാല രാഷ്ട്രീയ നേതാക്കളില്‍ , കേരളത്തിലെ പൊതുസമൂഹത്തിന്‌ രാഷ്ട്രീയാതീതമായ താല്‍പര്യം ആരോടെങ്കിലും ഉണ്ടെങ്കില്‍ അത്‌ അച്യുതാനന്ദനോട്‌ മാത്രമാണ്‌. അഴിമതിക്കും സ്ത്രീപീഡനത്തിനും അനീതിക്കും എതിരെ പ്രതിപക്ഷത്തായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്ന സമയത്തും അദ്ദേഹം സ്വീകരിച്ച നിലപാടുകളും അദ്ദേഹം നയിച്ച പ്രക്ഷോഭങ്ങളും രാഷ്ട്രീയത്തിന്‌ അതീതമായ ഒരു രക്ഷക സങ്കല്‍പ്പം, അദ്ദേഹത്തിന്‌ കേരള മനസ്സുകളില്‍ നേടിക്കൊടുത്തിരുന്നു. മതികെട്ടാനിലെ ചോലവനക്കൈയ്യേറ്റം, മൂന്നാര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ഹാരിസണ്‍ പ്ലാന്റേഷന്‍ സ്വന്തമാക്കി വച്ചിട്ടുള്ള റവന്യൂ ഭൂമി, ഐസ്ക്രീം പാര്‍ലര്‍ കേസ്‌, കിളിരൂര്‍-കവിയൂര്‍ കേസുകള്‍, ഇടമലയാര്‍ കേസ്‌, പാമോയില്‍ കേസ്‌, മൂന്നാര്‍ ഒഴിപ്പിക്കല്‍ ദൗത്യം, ലോട്ടറി മാഫിയക്കെതിരായുള്ള സമരങ്ങള്‍, സ്വാശ്രയ വിദ്യാഭ്യാസ വാണിക്കുകള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ തുടങ്ങി അക്കമിട്ട്‌ നിരത്താന്‍ അദ്ദേഹത്തിന്റെ പേരിന്‌ കീഴില്‍ മാത്രമേ ഇത്തരത്തിലുള്ള അഴിമതി വിരുദ്ധ, ജനപക്ഷ മുന്നേറ്റങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും നിര ഉണ്ടാവുകയുള്ളൂ. അല്ല ഉള്ളൂ.
മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുന്നണി ഭരണത്തിന്റെയും പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗത്തിന്റെയും സമ്മര്‍ദ്ദങ്ങളും കാലു വാരലുകളും കൊണ്ട്‌ ഏറ്റെടുത്ത ദൗത്യങ്ങളില്‍ നിന്ന്‌ ലജ്ജാപൂര്‍വ്വം പിന്നോട്ട്‌ പോകേണ്ടി വന്നെങ്കിലും പാര്‍ട്ടിക്കുള്ളിലും പൊതുസമൂഹത്തിലും അഴിമതിവിരുദ്ധന്‍ എന്ന ആര്‍ക്കും അവകാശപ്പെടാനില്ലാത്ത ഒരു വിശുദ്ധ ലേബല്‍ അച്യുതാനന്ദന്‌ നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ടാണ്‌ തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി സീറ്റ്‌ നിഷേധിച്ചപ്പോള്‍ അതിനെതിരെ പൊതുവായ ജനവികാരം ഉന്നിദ്രമായതും അച്യുതാനന്ദനുവേണ്ടി രാഷ്ട്രീയാതീത മേഖലകളില്‍ നിന്ന്‌ ആഹ്വാനങ്ങള്‍ ഉയര്‍ന്നതും.
ആ അച്യുതാനന്ദനാണ്‌, ആതിരേ, ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതിയായി വിചാരണ ചെയ്യപ്പെടാന്‍ പോകുന്നത്‌. മുഖ്യമന്ത്രിയായിരിക്കെ ബന്ധുവും വിമുക്തഭടനുമായ സോമന്‌, കാസര്‍കോഡ്‌ ജില്ലയില്‍ 2.33 ഏക്കര്‍ ഭൂമി വില്‍പ്പനാവകാശത്തോടെ നല്‍കാന്‍ അച്യുതാനന്ദന്‍ കൂട്ടു നിന്നു എന്നും അതിനായി മുഖ്യമന്ത്രി എന്ന പദവി ദുരുപയോഗം ചെയ്തു എന്നുമാണ്‌ കേസ്‌. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ലോട്ടറി ഇടപാടില്‍ മകളുടെ പേരും മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മകന്റെ പേരും അഴിമതി കേസുകളില്‍ വലിച്ചിഴക്കപ്പെട്ടിരുന്നെങ്കിലും അതിലൊന്നിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട അച്യുതാനന്ദനാണ്‌ ഇപ്പോള്‍ അഴിമതി ആരോപണങ്ങളുടെ വേലിക്കകത്തായിരിക്കുന്നത്‌.
വേണമെങ്കില്‍, സാങ്കേതിക ന്യായം പറഞ്ഞ്‌ അച്യുതാനന്ദനും കൂട്ടര്‍ക്കും പിടിച്ചു നില്‍ക്കാം.യുഡിഎഫ്‌ നേതാക്കളുമടങ്ങുന്ന ലാന്‍ഡ്‌ അക്വിസിഷന്‍ കമ്മിറ്റിയാണ്‌ സോമന്‌ ഭൂമി അനുവദിക്കാന്‍ തീരുമാനിച്ചത്‌.എന്നാല്‍ ആ തീരുമാനം ശരിയല്ലെന്ന്‌ ബോദ്ധ്യപ്പെട്ടപ്പോള്‍ അതേക്കുറിച്ച്‌ സമഗ്രമായിഅന്വേഷിക്കണം എന്ന്‌ ധനവകുപ്പിനോട്‌ ആവശ്യപ്പെട്ട ശേഷമാണ്‌ അച്യുതാനന്ദന്‍ മുഖ്യമന്ത്രി പദം ഒഴിഞ്ഞത്‌. അതായത്‌ ഇനിയും തീരുമാനം എടുക്കാത്ത ഒരു കേസിലാണ്‌ അച്യുതാനന്ദന്‍ പ്രതിയാക്കപ്പെട്ടതെന്ന്‌ ചൂണ്ടിക്കാണിക്കുവാന്‍ കഴിയുമെന്ന്‌ മാത്രം. എന്നാല്‍, സോമന്‌ ഈ ഭൂമി സ്വന്തമാകുകയും അതിന്‌ അവലംബിച്ച മാര്‍ഗ്ഗങ്ങള്‍ ചട്ടവിരുദ്ധമാകുകയും ചെയ്ത സ്ഥിതിക്ക്‌ അച്യുതാനന്ദന്‌ ഈ ആരോപണങ്ങളില്‍ നിന്ന്‌ മുഖം തിരിക്കാന്‍ കഴിയുകയില്ല.
ബന്ധുവായ സോമന്‌ ഭൂമി വിട്ടുകൊടുത്തതിന്‌, ആതിരേ, മുന്നോട്ടു വയ്ക്കുന്ന ഒരു ന്യായം അദ്ദേഹം വിമുക്ത ഭടനാണ്‌ എന്നതാണ്‌. എന്നാല്‍ വിമുക്ത ഭടന്മാര്‍ക്ക്‌ ഭൂമി പതിച്ചു നല്‍കുന്ന നടപടി അവസാനിച്ചിട്ട്‌ നാളുകളായി. ആ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി നേരിട്ട്‌ നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി ക്രമങ്ങള്‍ സ്വീകരിച്ചതെന്നാണ്‌ ആരോപണം. അത്‌ നിഷേധിക്കാനോ ആരോപണം അടിസ്ഥാന രഹിതമാണെന്ന്‌ തെളിയിക്കാനോ വിജിലന്‍സിന്‌ നല്‍കിയ മൊഴിയില്‍ കഴിയാതെ പോയതുകൊണ്ടാണ്‌ ഇപ്പോള്‍ അച്യുതാനന്ദന്‍ പ്രതിയാക്കപ്പെട്ടിരിക്കുന്നത്‌.
മറ്റൊരു സവിശേഷവും സുപ്രധാനവുമായ വസ്തുത കേരളത്തിലെ പതിനായിരക്കണക്കിന്‌ ആദിവാസികള്‍ തങ്ങളുടെ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കാനുള്ള സമരത്തിലാണ്‌. ചെങ്ങറപോലെ കേരളത്തിന്റെ മന:സാക്ഷിയെയും രാഷ്ട്രീയ സമവാക്യങ്ങളെയും പിടിച്ചുലച്ച സമരങ്ങള്‍ നടന്നതും ഭൂരഹിതന്‌ ഭൂമി ലഭിക്കാന്‍ വേണ്ടിയായിരുന്നു. കൃഷി ഭൂമി കര്‍ഷകന്‌ എന്ന അടിസ്ഥാന മുദ്രാവാക്യം ഉയര്‍ത്തി നിരവധി സമരങ്ങള്‍ നയിച്ചിട്ടുള്ള നേതാവാണ്‌ അച്യുതാനന്ദന്‍. എന്നിട്ടും അദ്ദേഹത്തിന്റെ ഭരണകാലത്തുപോലും ആദിവാസികള്‍ക്കോ ഭൂരഹിതരായ കര്‍ഷകര്‍ക്കോ ഒരു തുണ്ടു ഭൂമി നേടിക്കൊടുക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ്‌ 2.33 ഏക്കര്‍ സ്വന്തക്കാരന്‌ വിട്ടുകൊടുക്കാന്‍ മുഖ്യമന്ത്രി എന്ന നിലയ്ക്ക്‌ അച്യുതാനന്ദന്‍ നടപടികള്‍ സ്വീകരിച്ചത്‌. ഇത്‌, സംശയമില്ല കറ തീര്‍ന്ന അഴിമതിയാണ്‌.
അച്യുതാനന്ദനെതിരെ ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം പ്രതിപക്ഷ നേതാവ്‌ എന്ന സ്ഥാനം ഉപേക്ഷിക്കണമെന്ന എം.എം.ഹസനെപ്പോലെയുള്ളവരുടെ പ്രലപനങ്ങളൊന്നും പൊതുസമൂഹം ശ്രദ്ധിക്കാന്‍ പോകുന്നില്ല. ആറോളം മന്ത്രിമാരാണ്‌ വിജിലന്‍സ്‌ കേസില്‍ പ്രതികളായി ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലിലുള്ളത്‌. അച്യുതാനന്ദനെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ഉമ്മന്‍ചാണ്ടിയിലെ രാഷ്ട്രീയക്കാരന്‍ ആഗ്രഹിച്ചു എന്ന്‌ ആരോപിക്കുന്നതും ശരിയല്ല. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്‌ നടന്നിരിക്കുന്നത്‌. ഇത്‌ അച്യുതാനന്ദന്റെ രാഷ്ട്രീയ ഭാവിയെയും മൂല്യബോധങ്ങളെയും ബാധിക്കും എന്നതിലുപരി അഴിമതിക്കെതിരെ പോരാടാന്‍ ഇനി കേരളത്തില്‍ ആര്‌ എന്ന ചോദ്യം ഉന്നയിക്കപ്പെടുന്നു എന്നതാണ്‌ , ആതിരേ, പ്രശ്നത്തിന്റെ സങ്കീര്‍ണ്ണത; പൂരണം തേടുന്ന സമസ്യ.

No comments: