Thursday, January 5, 2012
ഉണ്ടിരുന്ന നായര്‍ക്കൊരു വിളിവന്നപ്പോള്‍
ന്യൂനപക്ഷ ജാതിരാഷ്ട്രീയവും ഭൂരിപക്ഷ ജാതി രാഷ്ട്രീയവും അധികാരം പങ്കിടാന്‍ നടത്തുന്ന അശ്ലീല നീക്കങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടിയെപ്പോലെയുള്ള ഒരു ഭരണാധികാരിയെ മൂന്നാനാക്കാനുള്ള ശ്രമമാണ് സുകുമാരന്‍ നായര്‍ നടത്തിയത്. നേരത്തെ സൂചിപ്പിച്ചതുപോലെ മതനിരപേക്ഷമല്ല മതനിബദ്ധമാണ് കേരള മോഡല്‍ ജനാധിപത്യമെന്ന് ഒരിക്കല്‍ കൂടി സ്ഥാപിച്ചെടുക്കുകയായിരുന്നു സുകുമാരന്‍ നായര്‍. അതിന് വഴങ്ങിയില്ലെങ്കില്‍ ചില ഒടി വിദ്യകളെല്ലാം പ്രയോഗിക്കാന്‍ കേരളത്തിലെ നായന്മാര്‍ക്ക് കഴിയും എന്ന ഭീഷണിയും പെരുന്ന പ്രഖ്യാപനത്തില്‍ സുകുമാരന്‍ നായര്‍ തിരികിയിട്ടുണ്ട്. അത് തിരിച്ചറിയാനുള്ള വിവേകവും പ്രതിരോധിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും ഉമ്മന്‍ചാണ്ടിക്കുണ്ടോ എന്നാണ് ഇനി അറിയാനുള്ളത്.
കുഞ്ചന്‍ നമ്പ്യാരെ സമ്മതിക്കണം, ആതിരേ. കേരള രാഷ്ട്രീയത്തില്‍ നായര്‍ കാര്‍ഡിറക്കി കളിക്കാന്‍ തയ്യാറാകുന്ന പി.കെ.നാരായണപ്പണിക്കരെയും ജി.സുകുമാരന്‍ നായരെയും ആ മനീഷ നൂറ്റാണ്ടുകള്‍ക്കു മുന്‍പെ ദീര്‍ഘദര്‍ശനം ചെയ്ത് കുറെയധികം നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്നൊഴിയാതെ അവയെല്ലാം സംഭവങ്ങളായി വിവര്‍ത്തനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത് രാഷ്ട്രീയ നിരീക്ഷകര്‍ കൗതുകത്തോടെയാണ് വിലയിരുത്തുന്നത്.
അതില്‍ ഒടുവിലത്തെതാണ് എന്‍എസ്‌എസിന്റെ 135-ാം വാര്‍ഷിക ദിനത്തില്‍ പെരുന്നയില്‍ എന്‍എസ്‌എസ് ആസ്ഥാനത്ത് ചേര്‍ന്ന അഖില കേരള നായര്‍ മഹാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയില്‍ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരില്‍ നിന്നുണ്ടായ നായര്‍ പരാമര്‍ശങ്ങളും അവയ്ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും നല്‍കിയ മറുപടികളും.
ജനാധിപത്യ ഭരണക്രമം മതനിരപേക്ഷമാണെന്ന വിശ്വാസത്തെയാണ് ,ആതിരേ, സുകുമാരന്‍ നായരും പിണറായിയും വെള്ളാപ്പള്ളിയുമെല്ലാം 'വട്ടു തട്ടുന്നത്'. നായന്മാരെന്നാല്‍ ഒരു മഹാസംഭവമാണെന്നും അവരെ കൂടാതെ കേരള രാഷ്ട്രീയത്തിന് നിലനില്‍പ്പില്ലെന്നും അവരെ വകവയ്ക്കാത്ത ഒരു ഭോഷനും രാഷ്ട്രീയ ഭാവിയില്ലെന്നുമുള്ള സമദൂരം ശരിദൂരം സിദ്ധാന്തമാണ് പെരുന്നയില്‍ ജി.സുകുമാരന്‍ നായര്‍ അഷ്ടബന്ധമിട്ട് ഉറപ്പിക്കാന്‍ ശ്രമിച്ചത്. നായന്മാരോട് ഇടതുപക്ഷ പാര്‍ട്ടികള്‍ പുലര്‍ത്തുന്ന എയ്ഡ്സ് സിന്‍ഡ്രോം സഹിക്കാന്‍ കഴിയാതെയാണ് സുകുമാരന്‍ നായര്‍ ചില വാസ്തവങ്ങള്‍ വെളിപ്പെടുത്തിയത്. കാള പെറ്റു എന്ന് കേട്ടപ്പോള്‍ കയറെടുത്ത വിഡ്ഢ്യാസുരന്റെ റോളില്‍ പിണറായി വിജയനും തന്റെ ജാതിബോധവും അതിലടങ്ങിയിരിക്കുന്ന രാഷ്ട്രീയ ലക്ഷ്യങ്ങളും വ്യക്തമാക്കിയപ്പോള്‍ സംഗതിയാകെ കുളമായി എന്നു പറഞ്ഞാല്‍ മതിയല്ലോ.
നായന്മാരുടെ ആവശ്യങ്ങളോടൊന്നും ഇടതുപക്ഷത്തിന് അനുഭാവപൂര്‍ണ്ണമായ നിലപാടല്ല ഉള്ളതെന്നും എന്‍എസ്‌എസ് ആസ്ഥാനത്തോ നായര്‍ മഹാ സമ്മേളനത്തിലോ അവരാരും പങ്കെടുക്കാറില്ലെന്നും നായര്‍ മഹാസമ്മേളനത്തെ എയ്ഡ്സിനെപ്പോലെ ആണ് ഇടതുപക്ഷ നേതാക്കള്‍ കാണുന്നതെന്നും എന്നാല്‍, കഴിഞ്ഞ അഞ്ചുമാസത്തെ യുഡിഎഫ് ഭരണത്തിനിടയില്‍ തങ്ങളുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കപ്പെട്ടു എന്നുമൊക്കെയായിരുന്നു സുകുമാരന്‍ നായരുടെ വിലാപവും ആശ്വാസവും.
ഇതിന് ഉരുളക്കുപ്പേരി എന്ന മട്ടില്‍ മറുപടി പറഞ്ഞുകൊണ്ടാണ് പിണറായി വിജയന്‍ നായര്‍ രാഷ്ട്രീയ കാര്‍ഡിറക്കുന്നതില്‍ താനും മിടുക്കനാണെന്ന് തെളിയിക്കാന്‍ ഭാവിച്ചത്. നായന്മാരുടെ അട്ടിപ്പേറവകാശം ഒരു സംഘടനയ്ക്കുമില്ലെന്നും മുന്നാക്ക വിഭാഗത്തിലെ നിശ്ചിത ശതമാനം പാവപ്പെട്ടവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്ന് ഇന്ത്യയില്‍ ആദ്യമായി ആവശ്യം ഉന്നയിച്ച പാര്‍ട്ടി സിപിഎം ആണെന്ന് യുഡിഎഫിനെ പുകഴ്ത്തുന്നവര്‍ മറക്കേണ്ടെന്നുമൊക്കെയായിരുന്നു പിണറായിയുടെ ഉപദേശം കലര്‍ന്ന ഭീഷണി.
ആചാര്യന്‍ മന്നത്തു പത്മനാഭന്‍ നായന്മാരുടെ മാത്രം സ്വത്തല്ലെന്നും അത് കേരളത്തിന്റെ മുഴുവന്‍ അഭിമാനമാണെന്നും പറഞ്ഞുകൊണ്ട് സുകുമാരന്‍ നായര്‍ക്കിട്ട്, ഈ ബഹളത്തിനിടയില്‍, വെള്ളാപ്പള്ളി നടേശന്‍ ഒരു കൊട്ടുകൊടുത്ത് ജാതിരാഷ്ട്രീയ കളിയില്‍ തന്നെ മാറ്റി നിര്‍ത്താനാര്‍ക്കും കഴിയുകയില്ല എന്ന് വ്യക്തമാക്കുകയും ചെയ്തു.
സുകുമാരന്‍ നായരുടെ സമദൂരം ശരിദൂരം, ആതിരേ, നേരെ ചൊവ്വേ വിശകലനം ചെയ്താല്‍ അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യത്തിന്റെ രൂപം മാറിയ ഭാവമാണെന്ന് പെരുന്നക്കാരല്ലാത്തവര്‍ക്കും മനസ്സിലാകും. മന്നം സമാധിസ്ഥാനത്ത് മുന്‍പ്രധാനമന്ത്രി പി.വി.നരസിംഹറാവു ചെരിപ്പിട്ടു കയറി എന്ന ഒറ്റ കാരണത്താല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് സ്ഥാനം അടക്കം അന്നത്തെ യുഡിഎഫ് സര്‍ക്കാരില്‍ നിന്ന് ലഭിച്ച അധികാരത്തിന്റെ പങ്കെല്ലാം ഉപേക്ഷിച്ച് യുഡിഎഫിനോടും കോണ്‍ഗ്രസിനോടും വിടപറഞ്ഞ എന്‍എസ്‌എസ് ഇപ്പോള്‍ കേരളത്തിലെ സമ്മതിദായകരില്‍ ഭൂരിപക്ഷവും വെറുപ്പോടെ വീക്ഷിക്കുന്ന ഉമ്മന്‍ചാണ്ടി ഭരണത്തെ പുകഴ്ത്തി പറയുമ്പോള്‍ അതിനുപിന്നിലെ നായര്‍ബുദ്ധി തിരിച്ചറിയാന്‍ അഖിലകേരള നായര്‍ മഹാസമ്മേളനത്തില്‍ പങ്കെടുക്കേണ്ട കാര്യമില്ല.
ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് ഭരിക്കുമ്പോള്‍ മാത്രമേ സുകുമാരന്‍ നായര്‍ പ്രതിനിധാനം ചെയ്യുന്ന നായര്‍ വിഭാഗത്തിന്റെ വാണിജ്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളൂ എന്നത്, ആതിരേ, സുകുമാരന്‍ നായരെപ്പോലെ തന്നെ കേരളത്തിലെ സാധാരണ നായന്മാര്‍ക്കും ഈഴവര്‍ക്കും മാര്‍ക്സിസ്റ്റുകാര്‍ക്കും ബോധ്യമുള്ളതാണ്. ആ സ്ലോട്ടിലേക്ക് കടക്കാനുള്ള നായര്‍ കൗശലമാണ് സുകുമാരന്‍ നായരുടെ പ്രസംഗത്തിലെ അന്തര്‍ധാര. ഒപ്പം തന്നെ കുഞ്ഞാലിക്കുട്ടയുടെ മുസ്ലീം ലീഗിന്റെ നെഞ്ചത്ത് മലപ്പുറം കത്തി കയറ്റാനുള്ള ശ്രമവുമായിരുന്നു സുകുമാരന്‍ നായരുടെ പെരുന്ന പ്രഖ്യാപനം. ഇപ്പോഴത്തെ യുഡിഎഫില്‍ രണ്ടാം സ്ഥാനക്കാര്‍ എന്ന് അഹങ്കരിച്ച് ഭരണത്തിലെ സുപ്രധാന വകുപ്പുകളായ വിദ്യാഭ്യാസം, പൊതുമരാമത്ത്, നഗരാസൂത്രണം എന്നിവ കൈവശം വച്ച് ഉമ്മന്‍ചാണ്ടിയെ ബ്ലാക്ക്മെയില്‍ ചെയ്ത് ലീഗും അതിലെ കൗശലബുദ്ധിക്കാരും നേട്ടങ്ങള്‍ കൊയ്യുന്നതിലെ അമര്‍ഷവും അസൂയയുമായിരുന്നു യഥാര്‍ത്ഥത്തില്‍ സുകുമാരന്‍ നായര്‍ പറഞ്ഞുവെച്ചത്.
വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന ലീഗ് സുകുമാരന്‍ നായര്‍ക്കും എന്‍എസ്‌എസിനും എന്നും ചതുര്‍ത്ഥിയാണ്. ലീഗിന് വിദ്യാഭ്യാസ വകുപ്പ് കൊടുക്കാതിരിക്കാന്‍ മന്ത്രിസഭാ രൂപീകരണ വേളയില്‍ രമേശ് ചെന്നിത്തലയുടെ ബലത്തില്‍ കുറെയധികം ചരടുവലിച്ചെങ്കിലും ഉമ്മന്‍ചാണ്ടി അതെല്ലാം പൊട്ടിച്ചു പുറത്തുവന്നാണ് കുഞ്ഞാലിക്കുട്ടിയുടെ പാര്‍ട്ടിക്ക് വിദ്യാഭ്യാസ വകുപ്പ് ഏല്‍പ്പിച്ചുകൊടുത്തത്. യുഡിഎഫ് ഭരിക്കുമ്പോഴെല്ലാം വിദ്യാഭ്യാസ വകുപ്പ് ലീഗിന് കൊടുക്കുന്നത് നീതിമത്കരിക്കാവുന്ന രാഷ്ട്രീയ തീരുമാനമല്ല എന്നാണ് ഇപ്പോഴും എന്‍എസ്‌എസിന്റെയും സുകുമാരന്‍ നായരുടെയും നിലപാട്. പത്തു കാശുണ്ടാക്കാന്‍ പറ്റിയ വകുപ്പായ വിദ്യാഭ്യാസവും പൊതുമരാമത്തും നഗരാസൂത്രണവും കൈക്കലാക്കി മാര്‍ഗ്ഗവാസികളായ ലീഗ് ഞെളിയുമ്പോള്‍ സവര്‍ണ്ണ നായന്മാര്‍ ചൊറിയുംകുട്ടി ഇരിക്കേണ്ടിവരുന്നത് സുകുമാരന്‍ നായര്‍ എങ്ങനെ സഹിക്കുമെന്നാണ്? ലീഗിന് മന്ത്രിസഭയിലും യുഡിഎഫിലുമുള്ള സ്വാധീനം തകര്‍ക്കാനാണ് സമദൂരത്തെ സുകുമാരന്‍ നായര്‍ ശരിദൂരമാക്കി പ്രഖ്യാപിച്ചിരിക്കുന്നത്. രാഷ്ട്രീയത്തിലെ ജാതി ചിന്തയുടെ മ്ലേച്ഛത എത്ര രൂക്ഷമാണെന്ന് ഈ നിലപാടുകള്‍ വ്യക്തമാക്കുന്നു. ന്യൂനപക്ഷ ജാതിരാഷ്ട്രീയവും ഭൂരിപക്ഷ ജാതി രാഷ്ട്രീയവും അധികാരം പങ്കിടാന്‍ നടത്തുന്ന അശ്ലീല നീക്കങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടിയെപ്പോലെയുള്ള ഒരു ഭരണാധികാരിയെ മൂന്നാനാക്കാനുള്ള ശ്രമമാണ് സുകുമാരന്‍ നായര്‍ നടത്തിയത്. നേരത്തെ സൂചിപ്പിച്ചതുപോലെ മതനിരപേക്ഷമല്ല മതനിബദ്ധമാണ് കേരള മോഡല്‍ ജനാധിപത്യമെന്ന് ഒരിക്കല്‍ കൂടി സ്ഥാപിച്ചെടുക്കുകയായിരുന്നു സുകുമാരന്‍ നായര്‍. അതിന് വഴങ്ങിയില്ലെങ്കില്‍ ചില ഒടി വിദ്യകളെല്ലാം പ്രയോഗിക്കാന്‍ കേരളത്തിലെ നായന്മാര്‍ക്ക് കഴിയും എന്ന ഭീഷണിയും പെരുന്ന പ്രഖ്യാപനത്തില്‍ സുകുമാരന്‍ നായര്‍ തിരികിയിട്ടുണ്ട്. അത് തിരിച്ചറിയാനുള്ള വിവേകവും പ്രതിരോധിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും ഉമ്മന്‍ചാണ്ടിക്കുണ്ടോ എന്നാണ്, ആതിരേ ഇനി അറിയാനുള്ളത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment