Wednesday, January 18, 2012

ഇ-മെയില്‍ ഐഡി:ഉമ്മന്‍ ചാണ്ടി ‘ ബിഗ് ബ്രദര്‍ ‘ ചമയുമ്പോള്‍....


കറതീര്‍ന്ന വര്‍ഗ്ഗീയ മുന്‍വിധിയാണ്‌ ആഭ്യന്തരവകുപ്പിനുള്ളതെന്ന്‌ വ്യക്തം.എന്നിട്ടും പ്രതികരിക്കാന്‍ മുസ്ലീം ലീഗിനോ കുഞ്ഞാലിക്കുട്ടിക്കോ മനസ്സില്ല. ഈ സാഹചര്യത്തിലാണ്‌ ഇത്തരമൊരിടപെടലിന്റെ സാഹചര്യവും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധികേന്ദ്രങ്ങളും അന്വേഷണ വിധേയമാകുന്നത്‌. ആരുടെ താല്‍പര്യ പ്രകാരം, ആരുടെ നിര്‍ദ്ദേശമനുസരിച്ചാണ്‌ ഇങ്ങനെ ഒരു ലിസ്റ്റ്‌ തയ്യാറാക്കിയതെന്ന്‌ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം കുഞ്ഞാലിക്കുട്ടിക്കും ബാധ്യതയുണ്ട്‌. ശ്രദ്ധിക്കണം പെണ്‍വാണിഭം, മണലൂറ്റ്‌, ഭൂമാഫിയ, വിദ്യാഭ്യാസ മാഫിയ, ലോട്ടറി മാഫിയ തുടങ്ങി വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ഒരാളെ പോലും കര്‍ശനനിരീക്ഷണത്തിന്‌ വിധേയമാക്കാത്തപ്പോഴാണ്‌ മുസ്ലീം സമുദായത്തില്‍പ്പെട്ടവരെ മാത്രം 'ഇയര്‍മാര്‍ക്ക്‌' ചെയ്തിരിക്കുന്നത്‌.


ആതിരേ,അതീവ ഗുരുതരവും അപായകരവുമായ ഭൂമികയിലാണ്‌ ഉമ്മന്‍ചാണ്ടിയുടെ ഇപ്പോഴത്തെ സ്ഥാനം. ജനാധിപത്യ മര്യാദകളെല്ലാം ലംഘിച്ചും പൗരന്റെ വ്യക്തി സ്വാതന്ത്ര്യം തച്ചുതകര്‍ത്തും വര്‍ഗ്ഗീയതമുറ്റിയ ഭരണകൂടഭീകരതയ്ക്കാണ്‌ ഉമ്മന്‍ചാണ്ടി ചുക്കാന്‍ പിടിക്കുന്നത്‌.
പാര്‍ലമെന്റ്‌ അംഗവും ലീഗ്‌ നേതാക്കളും പത്രപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും പ്രഫഷണലുകളും എഴുത്തുകാരും സാധാരണക്കാരും അടങ്ങുന്ന 258 മുസ്ലീങ്ങളുടെ ഇ-മെയിലില്‍ ചോര്‍ത്തി നടത്തുന്ന ഭരണകൂട ഇടപെടല്‍, നരേന്ദ്രമോഡി പ്രതിനിധാനം ചെയ്യുന്ന വര്‍ഗ്ഗീയ വിപത്തിനെയും സവര്‍ണഫാസിസ്റ്റ്‌ വേതാളങ്ങളുടെ ന്യൂനപക്ഷ ഉന്മൂലനതന്ത്രങ്ങളെയും നാണംകെടുത്തുന്നതാണ്‌. കേരള ചരിത്രത്തില്‍ ആദ്യമായിട്ടാണ്‌ ഒരു ഭരണകൂടം പൗരന്മാരെ വിഭജിച്ച്‌ അവരുടെ സ്വകാര്യതയിലേയ്ക്ക്‌ അധികാരത്തിന്റെ ഗര്‍വ്വിലിങ്ങനെ ഒളിഞ്ഞു നോക്കുന്നത്‌; നുഴഞ്ഞു കയറുന്നത്‌.
കഴിഞ്ഞ നവംബര്‍ മൂന്നിന്‌ അന്നത്തെ ഇന്റലിജന്‍സ്‌ അഡീഷണല്‍ ഡിജിപി ഹേമചന്ദ്രനുവേണ്ടി സ്പെഷ്യല്‍ ബ്രാഞ്ച്‌ ആസ്ഥാനത്തെ പോലീസ്‌ സൂപ്രണ്ട്‌ കെ.കെ.ജയമോഹന്‍, പോലീസ്‌ ഹൈടെക്ക്‌ ക്രൈം എന്‍ക്വയറി സെല്ലിന്റെ അസിസ്റ്റന്റ്‌ കമാന്‍ഡിന്‌ അയച്ച ഔദ്യോഗിക കത്തിലാണ്‌ 268 പേരുടെ ഇ-മെയില്‍ രജിസ്ട്രേഷനും ലോഗിന്‍ വിശദാംശങ്ങളും ബന്ധപ്പെട്ട സര്‍വ്വീസ്‌ പ്രൊവൈഡര്‍മാരില്‍ നിന്ന്‌ ശേഖരിക്കാന്‍ കര്‍ശനമായി നിര്‍ദ്ദേശിച്ചത്‌. ജിമെയില്‍, യാഹു, റീഡിഫ്‌, ഹോട്ട്മെയില്‍ അടക്കം ഏഷ്യാനെറ്റ്‌ ഇന്‍ഡ്യമെയില്‍ വരെ ആകെ 23 ഇലക്ട്രോണിക്‌ തപാല്‍ കമ്പനികളുടെ ഉപഭോക്താക്കളുടെ സ്വകാര്യ മെയില്‍ തുറന്നു പരിശോധിക്കാനുള്ള അതിനീചവും വര്‍ഗ്ഗീയത നിറഞ്ഞതുമായ ഇടപെടലാണുണ്ടായിട്ടുള്ളത്‌. പോലീസിന്റെ ആവശ്യപ്രകാരം മേല്‍പ്പറഞ്ഞ കമ്പനികള്‍ വിവരം കൈമാറിയിട്ടുണ്ട്‌ എന്നാണ്‌ അറിയുന്നത്‌. ഇതോടെ, പട്ടികയില്‍ ഉള്ളവരെല്ലാം നിരീക്ഷണത്തിന്‌ വിധേയരാകുന്നു എന്നു മാത്രമല്ല, ഭരണകൂടഗൂഢാലോചനയുടെ ബലിയാടുകളാകാനും പോകുന്നു. ഇന്റലിജന്‍സ്‌ വിഭാഗത്തിനുവേണ്ടി ആവശ്യപ്പെട്ട ലിസ്റ്റിലെ 268 പേരില്‍ 258 പേരും മുസ്ലീങ്ങളാണെന്നത്‌ വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
എല്ലായിപ്പോഴും മുസ്ലീം സമുദായത്തെ എതിര്‍പക്ഷത്ത്‌ നിര്‍ത്തുന്ന സംഘപരിവാര്‍ ദുഷ്ടതയാണ്‌, ആതിരേ, ഉമ്മന്‍ചാണ്ടിയുടെ ആഭ്യന്തരവകുപ്പില്‍ നിന്ന്‌ ഈ വിഷയത്തില്‍ പ്രകടമാകുന്നത്‌. ഇത്‌ കേവലം മെയില്‍ നിരീക്ഷണത്തില്‍ ഒതുങ്ങുന്നതല്ല എന്നതാണ്‌ സ്തോഭജനകമായ വസ്തുത. ലക്ഷ്യമിടുന്ന വ്യക്തിയെയോ വ്യക്തികളെയോ കുടുക്കാന്‍ അവരുടെ അക്കൗണ്ടില്‍ നിന്ന്‌ നിന്ന്‌ ഒരു മെയിലയച്ചുകൊണ്ട്‌ അവനെ/അവരെ ഭീകരവാദിയാക്കി ഭരണകൂടത്തിന്‌ ഉന്മൂലനം ചെയ്യാന്‍ കഴിയും. മുസ്ലീം ഭീകരവാദികളെന്നും മാവോയിസ്റ്റുകളെന്നും മുദ്ര ചാര്‍ത്തി ഭരണകൂടവും പോലീസും പൗരന്മാരെ ചുട്ടുകൊല്ലുന്ന നൃശംസതയുടെ ഹൈടെക്‌ ഭീകരതയാണ്‌ ഈ ഗൂഢാലോചനയിലൂടെ ഉരുത്തിരിഞ്ഞുറയുന്നത്‌.
ഒരു പ്രത്യേക പ്രദേശത്തെ, ഒരു പ്രത്യേക സമുദായത്തെ ടാര്‍ഗറ്റ്‌ ചെയ്തുകൊണ്ടുള്ള ഈ നീക്കം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല, ആതിരെ. പാര്‍ലമെന്റ്‌ പാസാക്കിയ ഒരു നിയമത്തിന്റെ മറ പിടിച്ചാണ്‌ ഉമ്മന്‍ചാണ്ടിയും ഹേമചന്ദ്രനും അപായകരമായ ഈ കളി കളിക്കുന്നത്‌. മൂന്നു കൊല്ലം മുന്‍പ്‌ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഭേദഗതി) ചട്ടം-2008 എന്ന ലേബലില്‍ ചര്‍ച്ച പോലും ഇല്ലാതെ ഇന്ത്യന്‍ പാര്‍ലമെന്റ്‌ പാസാക്കിയെടുത്ത കരിനിയമമാണ്‌ ചാണ്ടിക്കും പ്രഭൃതികള്‍ക്കും മുസ്ലീം സമുദായത്തില്‍ ടാര്‍ഗറ്റ്‌ ചെയ്യപ്പെട്ടവരുടെ സ്വകാര്യതയിലേയ്ക്ക്‌ നുഴഞ്ഞു കയറാന്‍ അധികാരം നല്‍കുന്നത്‌.ആ നിയമത്തിന്റെ 69-ാ‍ം വകുപ്പു പ്രകാരം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കോ അവര്‍ ചുമതലപ്പെടുത്തുന്ന ഏജന്‍സികള്‍ക്കോ ഏതു പൗരന്റെയും മൊബെയില്‍, ഇലക്ട്രോണിക്‌ വിനിമയങ്ങള്‍ തൊട്ട്‌ പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ വരെ വാറണ്ടും നോട്ടീസുമില്ലാതെ തുറക്കാനും അടച്ചു പൂട്ടാന്‍ കഴിയും. ദേശസുരക്ഷയുടെയും സാമൂഹിക ഭദ്രതയുടെയും പേരില്‍ ഇത്തരം കടന്നുകയറ്റം അനുവദിക്കുന്ന ആ കരിനിയമത്തിനെതിരെ വിവേകമുള്ളവരെല്ലാം അന്നേ ശബ്ദം ഉയര്‍ത്തിയതാണ്‌. അന്ന്‌ അതിന്റെ ഗൗരവം ഉള്‍ക്കൊള്ളാതെ മൗനം പാലിച്ചവര്‍ക്ക്ചാണ്ടിയുടെയും കൂട്ടരുടെയും ഇന്നത്തെ നീക്കത്തില്‍ നിന്ന്‌, വൈകിയാണെങ്കിലും അപായം മനസ്സിലായിട്ടുണ്ടാകണം .
മുസ്ലീം ലീഗിലേയും വിവിധ മുസ്ലീം സംഘടനകളിലേയും നേതാക്കളും പ്രവര്‍ത്തകരും മാത്രമല്ല മാതൃഭൂമി, മാധ്യമം, തേജസ്‌, ചന്ദ്രിക തുടങ്ങിയ പത്രങ്ങളിലെ മുസ്ലിം ജേര്‍ണലിസ്റ്റുകള്‍ വരെ ചാണ്ടിഭരണകൂടത്തിന്റെ നോട്ടപ്പുള്ളികളാണ്‌. രാഷ്ട്രീയമല്ല ജുഗുപ്സനിറഞ്ഞ മേറ്റ്ന്തോ പ്രേരണയാണ്‌ പിന്നിലെന്ന്‌ സാരം
അപ്പോള്‍, കറതീര്‍ന്ന വര്‍ഗ്ഗീയ മുന്‍വിധിയാണ്‌ ആഭ്യന്തരവകുപ്പിനുള്ളതെന്ന്‌ വ്യക്തം.എന്നിട്ടും പ്രതികരിക്കാന്‍ മുസ്ലീം ലീഗിനോ കുഞ്ഞാലിക്കുട്ടിക്കോ മനസ്സില്ല. ഈ സാഹചര്യത്തിലാണ്‌ ഇത്തരമൊരിടപെടലിന്റെ സാഹചര്യവും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധികേന്ദ്രങ്ങളും അന്വേഷണ വിധേയമാകുന്നത്‌. ആരുടെ താല്‍പര്യ പ്രകാരം, ആരുടെ നിര്‍ദ്ദേശമനുസരിച്ചാണ്‌ ഇങ്ങനെ ഒരു ലിസ്റ്റ്‌ തയ്യാറാക്കിയതെന്ന്‌ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം കുഞ്ഞാലിക്കുട്ടിക്കും ബാധ്യതയുണ്ട്‌. ശ്രദ്ധിക്കണം പെണ്‍വാണിഭം, മണലൂറ്റ്‌, ഭൂമാഫിയ, വിദ്യാഭ്യാസ മാഫിയ, ലോട്ടറി മാഫിയ തുടങ്ങി വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ഒരാളെ പോലും കര്‍ശനനിരീക്ഷണത്തിന്‌ വിധേയമാക്കാത്തപ്പോഴാണ്‌ മുസ്ലീം സമുദായത്തില്‍പ്പെട്ടവരെ മാത്രം 'ഇയര്‍മാര്‍ക്ക്‌' ചെയ്തിരിക്കുന്നത്‌.ആതിരേ, ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെയും ഭരണകൂടത്തിന്റെയും വിധ്വംസക നിലപാടുകളാണ്‌ ന്യൂനപക്ഷ വര്‍ഗ്ഗീയതയ്ക്ക്‌ ഉത്തോലകമാകുന്നതും സ്ഫോടനാത്മകത പകരുന്നതും.. പുതിയ തടിയന്റവിട നസീര്‍ മാരെ സൃഷ്ടിക്കാനുള്ള ചാണ്ടിയുടെയും ഹേമചന്ദ്രന്റെയും ഈ നീക്കം നാടിന്‌ ആപത്താണ്‌,മതനിരപേക്ഷതയ്ക്ക്‌ ആഘാതമാണ്‌. ഇതിന്റെ പ്രത്യാഘാതങ്ങള്‍ അപ്രതിരോധ്യവുമാണ്‌.

No comments: