Monday, January 9, 2012

ലൗ ജിഹാദിന്റെ പേരിലെ കൊലവെറികള്‍


ചെയ്യാത്ത ഒരു കുറ്റത്തിന്‌, മുസ്ലിം സമുദായത്തെ മുഴുവന്‍ ഒറ്റപ്പെടുത്തി ഭീകരവാദികള്‍ എന്ന ലേബല്‍ ചാര്‍ത്തി വ്യക്തികളുടെ മനസ്സില്‍ ഭയാശങ്കകളും വൈരവും നിറച്ച ഈ മാധ്യമങ്ങള്‍ക്കെതിരെ എന്തു നടപടിയെടുക്കുമെന്ന്‌ വിശദീകരിക്കാന്‍, ക്രമസമാധാന പാലനത്തിന്റെ ചുമതലയുള്ള പോലീസിന്‌ ബാധ്യതയുണ്ട്‌. എല്ലാ കാലഘട്ടത്തിലും വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ മിശ്രവിവാഹം നടന്നിട്ടുണ്ട്‌. അത്തരം വിവാഹത്തിന്റെ കണക്കുകളാണ്‌ മാധ്യമങ്ങളും കെസിബിസി പോലെയുള്ള ഉത്തരവാദിത്തപ്പെട്ട സംഘടനയും ലൗജിഹാദ്‌ സംബന്ധിച്ചുള്ള തങ്ങളുടെ മുന്‍വിധിയും വാദങ്ങളും ന്യായീകരിക്കാന്‍ ഉയര്‍ത്തിക്കാട്ടിയത്‌ . വിദ്യാഭ്യാസവും സാമ്പത്തിക നിലയും ഇടപഴകാനുള്ള അവസരവും വര്‍ദ്ധിച്ചതോടെ മതങ്ങളുടെ പേരില്‍ വരച്ച അയുക്തികലക്ഷ്മണ രേഖകള്‍ ലംഘിച്ച്‌ വര്‍ത്തമാനകാല കേരളയുവത ജീവിതപങ്കാളികളെ കണ്ടെത്തിയതാണ്‌ ഭീകരവാദപ്രവര്‍ത്തനമായി ഉത്തരവാദിത്തരഹിതമായി മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്‌ആതിരേ,മുസ്ലീം സമുദായത്തെ രാജ്യവിരുദ്ധരെന്നും നിയമനിഷേധികളെന്നും 'ക്രുദ്ധനാം സര്‍പ്പത്തെക്കാള്‍ ഏറ്റവും പേടിക്കേണ്ട' ജന്തുക്കളെന്നും വരുത്തി തീര്‍ക്കാന്‍ സംഘടിതവും നിരന്തരവുമായ പ്രചാരണമാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌. ഭീകരവാദികളാണ്‌, രാഷ്ട്രവിരുദ്ധരാണ്‌, സമാധാനഭഞ്ജകരാണ്‌ തുടങ്ങിയുള്ള ലേബലുകള്‍ ചാര്‍ത്തി മാന്യമായി ജീവിക്കുന്ന മുസ്ലീം സഹോദരന്മാരെയും സഹോദരിമാരെയും സമൂഹമദ്ധ്യേ താറടിച്ച്‌ കാണിക്കാന്‍ സ്വീകരിച്ച തന്ത്രങ്ങളില്‍ ഏറ്റവും നൂതനവും ദൂഷണം നിറഞ്ഞതുമായിരുന്നു ലൗ ജിഹാദ്‌.
പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍ വീഴ്ത്തി മതം മാറ്റി അവരെ ഭീകരപ്രവര്‍ത്തനത്തിന്‌ ഉപയോഗിക്കുന്നു എന്നതാണ്‌ ലൗ ജിഹാദ്‌ എന്ന സംജ്ഞകൊണ്ട്‌ മാധ്യമങ്ങള്‍ അര്‍ത്ഥമാക്കിയത്‌. അച്ചടിച്ചു വരുന്ന വാര്‍ത്തകളെല്ലാം സത്യസന്ധമാണെന്ന പൊതുവിശ്വാസം മുതലെടുത്ത്‌ ലൗ ജിഹാദിന്റെ പേരില്‍ വിഷലിപ്തമായ ആശയപ്രചാരണങ്ങളാണ്‌ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ പ്രധാനപ്പെട്ട മലയാള മനോരമ, കേരള കൗമുദി, മംഗളം എന്നിവ എക്സ്ക്ലൊാസെവ്‌ വാര്‍ത്തകളെന്ന പേരില്‍ പ്രചരിപ്പിച്ചു കൊണ്ടിരുന്നത്‌. പരമ്പരകള്‍ വരെ ഈ വിഷയത്തെ ആസ്പദമാക്കി പ്രസിദ്ധീകരിക്കപ്പെട്ടു, ആതിരേ..!. ആദ്യ വായനയില്‍ തന്നെ ഭയന്നുപോകുന്ന രൂപകങ്ങളും ചമല്‍ക്കാരങ്ങളും നിറഞ്ഞതായിരുന്നു ഈ റിപ്പോര്‍ട്ടുകളും പരമ്പരകളും. വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികളുള്ള മാതാപിതാക്കളുടെ മനസ്സില്‍ ഈ റിപ്പോര്‍ട്ടുകളും പരമ്പരകളും സൃഷ്ടിച്ച പ്രക്ഷുബ്ധതകള്‍ വാക്കുകള്‍ക്കതീതമാണ്‌. ഇതിലൂടെ മുസ്ലീം സമുദായത്തോടും അതിലെ യുവാക്കളോടും സാക്ഷര കേരളം ഭയം കലര്‍ന്ന അകലം പാലിക്കുകയും വെറുപ്പു നിറഞ്ഞ പ്രചാരണങ്ങള്‍ വായ്മൊഴിയാല്‍ നടത്തുകയും ചെയ്തു.
മാധ്യമങ്ങളുടെ ഈ ഇല്ലാവചന ചര്‍വ്വണങ്ങള്‍ക്ക്‌ പോലീസ്‌, അവരുടെ കണ്ടെത്തലെന്ന നിലയ്ക്ക്‌ ചില കണക്കുകളുടെ ചുണ്ണാമ്പു കൂടി ചേര്‍ത്തപ്പോള്‍ സ്വന്തം ലേഖകന്മാര്‍ മുറിക്കി തുപ്പിയതെല്ലാം ലൗ ജിഹാദിനിരയായെന്നു പറയപ്പെടുന്ന കേരളത്തിലെ മറ്റു മതങ്ങളിലെ പെണ്‍കുട്ടികളുടെ ഹൃദയരക്തവും അവരുടെ മാതാപിതാക്കളുടെ ഭയാശങ്കകളുമായിരുന്നു. മത്സരിച്ചാണ്‌, ആതിരേ, ഈ മുഖ്യധാരാ മാധ്യമങ്ങള്‍ ലൗ ജിഹാദിനെക്കുറിച്ചുള്ള കള്ളക്കഥകള്‍ ചമച്ചു വിട്ടതും അവയ്ക്ക്‌ വായനക്കാരുടെ ഇടയില്‍ സ്വീകാര്യത നേടിക്കൊടുത്തതും. കേരളത്തെ പിടിച്ചുലച്ച ചാരക്കേസിന്റെ അണിയറക്കഥകള്‍ രചിച്ചതിലും കൗശലവും കള്ളത്തരവും കലര്‍ത്തിയാണ്‌ ലൗ ജിഹാദിന്റെ പേരില്‍ പരമ്പരകള്‍ പടച്ചു വിട്ടത്‌.
എന്നാല്‍, മാധ്യമങ്ങളും പോലീസും പേടിപ്പിച്ചതുപോലെ കേരളത്തില്‍ മുസ്ലീം സമുദായത്തിലെ തീവ്രാശയ വിഭാഗക്കാര്‍ പോലും ലൗ ജിഹാദിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയേയും മതം മാറ്റിയിട്ടില്ലെന്നും പെണ്‍കുട്ടികളെ ഉപയോഗിച്ച്‌ ഭീകരപ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും ഇപ്പോള്‍ പോലീസ്‌ കണ്ടെത്തിയിരിക്കുന്നു ! ലൗ ജിഹാദ്‌ എന്ന പേരില്‍ കേരളത്തില്‍ തീവ്രഭയാശങ്ക സൃഷ്ടിച്ച വിവാദങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും പിന്നില്‍ ഒരു മതസംഘടനയുടെ വെബ്സൈറ്റാണെന്ന്‌ ഇപ്പോള്‍ പോലീസ്‌ പറയുന്നു !! ഹിന്ദുജനജാഗ്രുതി എന്ന പേരില്‍ തീവ്രഹിന്ദുത്വ ചിന്താഗതിക്കാരനായ മാര്‍ഗ്ഷ്‌ കൃഷ്ണ എന്നയാളാണ്‌ വെബ്സൈറ്റ്‌ രജിസ്റ്റര്‍ ചെയ്തതെന്നും ആ വെബ്സൈറ്റിലൂടെ പ്രചരിപ്പിച്ച കള്ളക്കഥകളാണ്‌ ലൗ ജിഹാദിന്റെ പേരില്‍ കേരളത്തില്‍ പ്രചരിച്ചതെന്നുമാണ്‌ ഇന്റലിജന്‍സ്‌ മേധാവി ഹേമചന്ദ്രന്‍ ഡിജിപി ജേക്കബ്‌ പുന്നൂസിന്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.
കേരളത്തില്‍ ലൗ ജിഹാദ്‌ ഇല്ലെന്ന്‌ ഒരു വര്‍ഷം മുന്‍പു തന്നെ പോലീസ്‌ കണ്ടെത്തിയതാണെങ്കിലും ഇതുസംബന്ധിച്ച വ്യാജ പ്രചാരണം അനിയന്ത്രിതമായി തുടര്‍ന്നതുകൊണ്ടാണ്‌ വിശദമായി അന്വേഷണം നടത്താന്‍ ഇന്റലിജന്‍സ്‌ മേധാവി എ.ഹേമചന്ദ്രന്‍ നിര്‍ദ്ദേശം നല്‍കിയത്‌. അങ്ങനെയാണ്‌ ഹിന്ദു ജനജാഗ്രുതി എന്ന സവര്‍ണ്ണ തീവ്രഹിന്ദു ചിന്തയില്‍ ഉയിരിട്ട ന്യൂനപക്ഷ വിരോധത്തിന്റെ ബീഭത്സതയില്‍ നിന്നാണ്‌ ലൗ ജിഹാദ്‌ സംബന്ധിച്ച വിശദാംശങ്ങള്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്കും പോലീസിനും ലഭിച്ചതെന്ന്‌ ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. ഈ സൈറ്റില്‍ ഓരോ മതവിഭാഗത്തിലെയും പെണ്‍കുട്ടികളെ വശീകരിച്ച്‌ മതംമാറ്റി വിവാഹം കഴിപ്പിക്കുന്നതിനുള്ള സമ്മാനത്തുക (മൂന്നര ലക്ഷം മുതല്‍ എട്ടു ലക്ഷം രൂപ വരെ) രേഖപ്പെടുത്തിയിരുന്നു. കൂടാതെ, ലൗ ജിഹാദിന്റെ പേരില്‍ കേരളത്തിലും ഇന്ത്യയിലും മുസ്ലീം തീവ്രവാദി യുവാക്കള്‍ നടത്തുന്ന പ്രണയ പ്രലോഭനങ്ങളുടെ വിശദാംശങ്ങളും സൈറ്റില്‍ നല്‍കിയിരുന്നു.
ആതിരേ,പക്വമായ ചിന്തയും മതനിരപേക്ഷ നിലപാടും നിശിതമായ വിശകലന സ്വഭാവവും പ്രകടിപ്പിക്കേണ്ട മാധ്യമ പ്രവര്‍ത്തകര്‍ ഇത്തരം വ്യാജ പ്രചാരണത്തിന്റെ സാര്‍ത്ഥവാഹക സംഘങ്ങളായെങ്കില്‍ അതിനു പിന്നിലെ താല്‍പര്യങ്ങളും അവരെ നിയന്ത്രിച്ച സമ്മര്‍ദ്ദങ്ങളും എന്താണെന്ന്‌ കണ്ടെത്തേണ്ടിയിരിക്കുന്നു. ഒരു സമുദായത്തെ മുഴുവന്‍ അടച്ചാക്ഷേപിച്ച്‌ പരമ്പരകള്‍ സൃഷ്ടിക്കുമ്പോള്‍ അത്‌ സമൂഹത്തിലുണ്ടാക്കുന്ന വിഭജനവും അതുമൂലം വ്യക്തികളുടെ മനസ്സില്‍ രൂപം കൊള്ളുന്ന കലുഷ്യവും കാലാന്തരത്തില്‍ അതില്‍ നിന്ന്‌ ഉരുവം കൊള്ളുന്ന സാമുദായിക ശത്രുതയും എത്ര ഭീകരമായിരിക്കുമെന്ന്‌ അറിഞ്ഞുകൊണ്ടു തന്നെ മാധ്യമങ്ങള്‍ ഇത്തരം സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ നാം തിരിച്ചറിയേണ്ടത്‌ പണത്തിനു മീതെ പറക്കാത്ത പരുന്തുകള്‍ക്ക്‌ ഇങ്ങനെയും സമൂഹത്തെ ദ്രോഹിക്കാന്‍ കഴിയും; സാമുദായിക വൈര്യം വളര്‍ത്തി അരാജകത്വം സൃഷ്ടിക്കാന്‍ കഴിയും എന്നൊക്കെയാണ്‌.
ഹിന്ദുജനജാഗ്രുതിയുടെ സൈറ്റിലെ വിവരങ്ങള്‍ അപ്പാടെ പകര്‍ത്തി അവയ്ക്ക്‌ എരിവും പുളിയും ചാര്‍ത്തി മാധ്യമങ്ങള്‍ പരമ്പരകള്‍ പടച്ചപ്പോള്‍ മൂവായിരത്തിലധികം പെണ്‍കുട്ടികളാണ്‌ കേരളത്തില്‍ ലൗ ജിഹാദിന്റെ വലയില്‍ വീണ്‌ മതം മാറി ഭീകരപ്രവര്‍ത്തകരായി മാറിയത്‌. തീര്‍ച്ചയായും ഞെട്ടലും അശാന്തിയും ഉണ്ടാക്കുന്നതാണ്‌ ഈ കണക്കുകള്‍. കേരള കത്തോലിക്ക മെത്രാന്‍ സമിതി പോലും ഈ വ്യാജ പ്രചാരണത്തില്‍ കുടുങ്ങി മുസ്ലീം സമുദായത്തിനെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ചത്‌ നാം മറന്നു പോയിട്ടില്ല.
ചെയ്യാത്ത ഒരു കുറ്റത്തിന്‌, മുസ്ലിം സമുദായത്തെ മുഴുവന്‍ ഒറ്റപ്പെടുത്തി ഭീകരവാദികള്‍ എന്ന ലേബല്‍ ചാര്‍ത്തി വ്യക്തികളുടെ മനസ്സില്‍ ഭയാശങ്കകളും വൈരവും നിറച്ച ഈ മാധ്യമങ്ങള്‍ക്കെതിരെ എന്തു നടപടിയെടുക്കുമെന്ന്‌ വിശദീകരിക്കാന്‍, ക്രമസമാധാന പാലനത്തിന്റെ ചുമതലയുള്ള പോലീസിന്‌ ബാധ്യതയുണ്ട്‌. എല്ലാ കാലഘട്ടത്തിലും വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ മിശ്രവിവാഹം നടന്നിട്ടുണ്ട്‌. അത്തരം വിവാഹത്തിന്റെ കണക്കുകളാണ്‌ മാധ്യമങ്ങളും കെസിബിസി പോലെയുള്ള ഉത്തരവാദിത്തപ്പെട്ട സംഘടനയും ലൗജിഹാദ്‌ സംബന്ധിച്ചുള്ള തങ്ങളുടെ മുന്‍വിധിയും വാദങ്ങളും ന്യായീകരിക്കാന്‍ ഉയര്‍ത്തിക്കാട്ടിയത്‌ . വിദ്യാഭ്യാസവും സാമ്പത്തിക നിലയും ഇടപഴകാനുള്ള അവസരവും വര്‍ദ്ധിച്ചതോടെ മതങ്ങളുടെ പേരില്‍ വരച്ച അയുക്തികലക്ഷ്മണ രേഖകള്‍ ലംഘിച്ച്‌ വര്‍ത്തമാനകാല കേരളയുവത ജീവിതപങ്കാളികളെ കണ്ടെത്തിയതാണ്‌ ഭീകരവാദപ്രവര്‍ത്തനമായി ഉത്തരവാദിത്തരഹിതമായി മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്‌. ഇതുസംബന്ധിച്ച്‌ കേരള ഹൈക്കോടതിയില്‍ ജസ്റ്റിസ്‌ ശങ്കരന്റെ ശ്രദ്ധേയമായ വിധിയുണ്ടായിരുന്നു. ലൗ ജിഹാദിന്റെ കാര്യത്തില്‍ പോലീസ്‌ പോലും മുസ്ലീം സമുദായത്തിനെതിരായ മുന്‍വിധി നിറഞ്ഞ നിലപാടാണ്‌ സ്വീകരിച്ചതെന്ന്‌ അസന്ദിഗ്ധമായി ജസ്റ്റിസ്‌ ശങ്കരന്‍ തന്റെ വിധി ന്യായത്തില്‍ പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും, ആതിരേ, മുസ്ലീം സമുദായത്തിനെതിരെയുള്ള ദൂഷണം പരത്തുന്നതില്‍ മാധ്യമങ്ങള്‍ അന്യോന്യം മത്സരിക്കുകയായിരുന്നു. ഒരു സമൂഹത്തെ മുഴുവന്‍ കൊലയാളികളായി ചിത്രീകരിച്ച ഇവര്‍ക്കെതിരെ എന്തു ശിക്ഷണ നടപടി എടുക്കുമെന്ന്‌ വിശദീകരിക്കാന്‍ ഡിജിപി ജേക്കബ്‌ പുന്നൂസ്‌ ബാദ്ധ്യസ്ഥനാണ്‌

No comments: