Wednesday, January 4, 2012

മഅ്ദനിയുടെ മോചനത്തിനായി അണിചേരുക


ഇന്ന്‌ മഅ്ദനി
നാളെ ഞാനോ നിങ്ങളോ ആകാം
ഡോ.ബിനായക്‌ സെന്നിന്റെ അനുഭവവും ഇസ്രത്‌ ജഹാന്റേയും പ്രാണേഷ്‌ കുമാറിന്റേയും ദുരന്തവും മാവോയിസ്റ്റുകള്‍ക്കെതിരെ എന്നപേരില്‍ നടക്കുന്ന സൈനീക ഉന്മൂലനങ്ങളും ഇംഫാലില്‍ ഇറോം ശര്‍മിളയുടെ ദശാബ്ദം ദീര്‍ഘിച്ച നിരാഹാരസമരവുമെല്ലാം ജനാധിപത്യ ഭാരതത്തിലെ അധികാരഭീകരതയുടെ കരാള ദംഷ്ട്രകളില്‍ നിന്നിറ്റുന്ന നിണത്തുള്ളികളാണ്‌;ഉദാസീനരാകരുതെന്ന ആഹ്വാനങ്ങളാണ്‌
അതുകൊണ്ട്‌ ഭരണകൂടത്തിന്റെ അധിനിവേശ പ്രവണതയ്ക്കെതിരെ പ്രതിരോധം ശക്തമാക്കേണ്ടത്‌ അനിവാര്യമാകുന്നു.അതിനു വേണ്ടി ജനാധിപത്യ ബോധമുള്ള, പൗരാവകാശ പ്രതിബദ്ധതയുള്ള എല്ലാ വ്യക്തികളും അബ്ദുള്‍ നാസര്‍ മഅ്ദനിക്ക്‌ ജാമ്യം ലഭിക്കാന്‍ ഒറ്റക്കെട്ടായ പ്രക്ഷോഭമാകേണ്ടത്‌ അനുപേക്ഷണീയവുമാണ്‌


ആതിരേ,പിഡിപി നേതാവ്‌ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ രാഷ്ട്രീയ നിലപാടുകള്‍ തല്‍ക്കാലം ഓരത്തേയ്ക്ക്‌ ഒതുക്കുക. എന്നിട്ട്‌ മഅ്ദനി എന്ന ഇന്ത്യന്‍ പൗരനെ സ്വീകരിക്കുക. ആ മനസ്സോടെ ഇന്ത്യയിലെ ഭരണകൂടങ്ങളും അന്വേഷണ സംവിധാനങ്ങളും കോടതികളും പരമോന്നത ന്യായപപീഠം പോലും പൗരന്റെ മൗലികാവകാശങ്ങള്‍ ചവുട്ടിമെതിക്കുന്നതിനെക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കുക.
2008 ജൂലൈ 25-ലെ ബംഗളൂരു സ്ഫോടനകേസിലെ പ്രതിയാക്കപ്പെട്ട്‌ മഅ്ദനി ലോക്കപ്പില്‍ അടയ്ക്കപ്പെട്ടിട്ട്‌ ഒരു വര്‍ഷവും നാലു മാസവും കഴിഞ്ഞു. കടുത്ത പ്രമേഹരോഗിയും വികലാംഗനുമായ മഅ്ദനി ജാമ്യത്തിനായി, ഒരു വര്‍ഷമായി വിവിധ കോടതികളിലും ബഞ്ചുകളിലും നിയമയുദ്ധം നടത്തുകയായിരുന്നു. പരമോന്നത നീതിപീഠത്തില്‍ നിന്നെങ്കിലും അനുകൂലമായ പ്രതികരണം ഉണ്ടാകുമെന്ന പ്രതീക്ഷ ചൊവ്വാഴ്ചത്തെ കോടതി വിധിയോടെ അണികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അസ്മതിച്ചിരിക്കുകയാണ്‌. ഇത്‌ ഒരു ദശാബ്ദത്തോളം ദീര്‍ഘിച്ച ഒരു വിചാരണ തടവിന്റെ കയ്പുംക്കുകയാണ്‌.
മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീംകോടതി ബഞ്ചിലെ ജസ്റ്റിസ്‌ സദാശിവം, സ്ഫോടന കേസില്‍ പ്രതിയായ വ്യക്തിക്ക്‌ ജാമ്യം നല്‍കാന്‍ ആവില്ല എന്ന്‌ ആദ്യമേ വ്യക്തമാക്കിയിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കാന്‍ കഴിയില്ലെന്ന നിലപാട്‌ മൂലം ഹര്‍ജിയുടെ മെറിറ്റിലേക്ക്‌ കടക്കാനോ മഅ്ദനിക്ക്‌ അര്‍ഹമായ ആനുകൂല്യം നേടിയെടുക്കാനോ അഭിഭാഷകന്‌ കഴിയാതെ പോയി.
ബംഗളൂരു സ്ഫോടന കേസുമായി മഅ്ദനിയെ ബന്ധിപ്പിക്കാന്‍ കര്‍ണാടക പോലീസ്‌ മെനഞ്ഞുണ്ടാക്കിയ കഥ, ആതിരേ, അതീവ ദുര്‍ബലമാണ്‌. കേസിലെ പ്രതികളായ തടിയന്റവിട നസീറിനും കൂട്ടര്‍ക്കും അന്‍വാര്‍ശേരിയില്‍ ഒളിയിടം നല്‍കി എന്നാണ്‌ പോലീസ്‌ കേസ്‌. ഇതിലൂടെ ബംഗളൂരു സ്ഫോടന കേസിന്റെ ഗൂഢാലോചനയില്‍ മഅ്ദനിക്കും പങ്കുണ്ട്‌ എന്ന്‌ സ്ഥാപിക്കാനാണ്‌ കര്‍ണാടക പോലീസും പ്രോസിക്യൂഷനും ചില മുഖ്യധാരാ മാധ്യമങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. പ്രഥമ ദര്‍ശനത്തില്‍ തന്നെ കര്‍ണാടക പോലീസിന്റെ കള്ളക്കളി വിവേകമുള്ളവര്‍ക്കെല്ലാം വ്യക്തമാകും. സ്ഫോടനത്തിനുശേഷമാണ്‌ തടിയന്റവിട നസീറിനും കൂട്ടര്‍ക്കും അബ്ദുള്‍ നാസര്‍ മഅ്ദനി സംരക്ഷണം നല്‍കിയതെന്നാണ്‌ പ്രോസിക്യൂഷന്‍ രേഖകളില്‍ ഉള്ളത്‌.അപ്പോള്‍ ഏതൊരു വിഡ്ഢിക്കും തിരിച്ചറിയാന്‍ കഴിയുന്ന ഗൂഢാലോചനയാണ്‌ മഅ്ദനിക്കെതിരെ പോലീസ്‌ ചമച്ചിട്ടുള്ളത്‌. അത്‌ വെള്ളം തൊടാതെ വിഴുങ്ങാന്‍ ഇന്ത്യയിലെ പരമോന്നത ന്യായപീഠം അലങ്കരിക്കുന്ന ന്യായാധിപന്മാര്‍ തയ്യാറാകുമ്പോള്‍ അട്ടിമറിക്കപ്പെടുന്നത്‌ ഇന്ത്യന്‍ ഭരണഘടന അതിന്റെ പൗരന്മാര്‍ക്ക്‌ ഉറപ്പാക്കിയിട്ടുള്ള മൗലികാവകാശ തത്വങ്ങളും പൗരവകാശ മൂല്യങ്ങളുമാണ്‌.
ചാര്‍ജ്‌ ചെയ്യപ്പെട്ട കേസ്‌ ജാമ്യം നിഷേധിക്കാന്‍ ശക്തമല്ലെന്നിരിക്കെ വികലാംഗനും രോഗിയുമായ അബ്ദുള്‍ നാസര്‍ മഅ്ദനിയെ വീണ്ടും ജയിലില്‍ അടച്ച്‌ പീഡിപ്പിക്കുന്നതിന്‌ പിന്നിലെ ക്രൂര മാനസങ്ങളുടെ രാഷ്ട്രീയവും വംശീയവുമായ ലക്ഷ്യങ്ങള്‍, ആതിരേ, നാം തിരിച്ചറിയേണ്ടതുണ്ട്‌. ഒരു മുസ്ലീമായി ജനിച്ചതുകൊണ്ടും മുസ്ലീമിന്റെ നാമം പേറുന്നതുകൊണ്ടും ഒരു ഘട്ടത്തില്‍ മുസ്ലീം ജനതയെ വഞ്ചിച്ച്‌ അവരുടെ സംരക്ഷകര്‍ എന്നവകാശപ്പെടുന്ന രാഷ്ട്രീയ സംവിധാനങ്ങള്‍ അധികാരത്തിന്റെ ശീതളതയില്‍ വിശ്രമിച്ചപ്പോള്‍ മുറിവേറ്റ മുസ്ലീമിന്റെ വികാരങ്ങള്‍ക്ക്‌ വാഗ്‌രൂപം നല്‍കുകയും അവന്റെ വിക്ഷോഭങ്ങള്‍ നാടാകെ ഏകോപിപ്പിക്കുകയും ചെയ്തത്‌. ഭീകരപ്രവര്‍ത്തനമാകുമെന്ന്‌ ഭരണകര്‍ത്താക്കള്‍ എങ്ങനെ അവകാശപ്പെടാന്‍ കഴിയും? പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ ആരോപിക്കാന്‍ കഴിയും? നമുക്കറിയാം ഓരോ അധികാര രൂപത്തിനും അതിന്റെ വൃത്തികേടുകളെയോ അമിതാധികാര പ്രവണതയെയോ അധിനിവേശ ത്വരയെയോ ചോദ്യം ചെയ്യന്നവരെല്ലാം ഭരണകൂടവിരുദ്ധരും ഭീകരവാദികളുമാണ്‌. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ഇന്നും ഇംഗ്ലണ്ടിന്‌ അവരുടെ സാമ്രാജ്യത്തിനെതിരെ ഇന്ത്യയിലെ ജനങ്ങളെ കലാപ കലുഷിതമായി സംഘടിപ്പിച്ച ഭരണവിരുദ്ധനാണ്‌. സ്വാതന്ത്ര്യാനന്തരം കമ്യൂണിസ്റ്റുകാരോടും പില്‍ക്കാല ഭരണകൂടങ്ങള്‍ നക്സലൈറ്റ്‌ പ്രസ്ഥാനങ്ങളോടും അനുവര്‍ത്തിച്ചത്‌ അതായിരുന്നു.ഇന്ന്‌ ഭരണവര്‍ഗ്ഗം മാവോയിസ്റ്റ്‌ സമീപനങ്ങളെയും മുസ്ലീം തീവ്ര ചിന്തകളെയും പാര്‍ശ്വവല്‍ക്കരിച്ച്‌ ലേബല്‍ ചാര്‍ത്തി കുറ്റവാളികളാക്കുന്നതിനു പിന്നില്‍ അധികാരത്തിന്റെ ക്രൂരതയുമ്യും ഭരണകൂടത്തിന്റെ ഭീകരമനോഭാവവുമാണ്‌ ഉള്ളത്‌. പൗരന്റെ അവകാശങ്ങളും മനുഷ്യനായി ജീവിക്കാനുള്ള സ്വാതന്ത്ര്യവും കവര്‍ന്നെടുക്കാന്‍ ഒരു ഭരണകൂടത്തിനും അധികാരമോ അവകാശമോ ഇല്ല. പൗരന്റെ സംരക്ഷണവും അവന്റെ അവകാശങ്ങളുടെ പരിരക്ഷയുമാണ്‌ ഭരണകൂടങ്ങളുടെയും ഭരണകര്‍ത്താക്കളുടെയും പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം. ഈ കര്‍ത്തവ്യത്തില്‍ നിന്ന്‌ പുറത്തു കടന്ന്‌ ശുഷ്കവും മുന്‍വിധി നിറഞ്ഞതുമായ രാഷ്ട്രീയ നിലപാടുകളോടെ പൗരനെയും അവന്റെ സംഘബോധത്തെയും രാഷ്ട്രീയ വിവേകത്തേയും അഭിമുഖീകരിക്കുമ്പോള്‍ നിലനില്‍പ്‌ അപകടത്തിലാണെന്ന്‌ മനസ്സിലാക്കിയാണ്‌, ആതിരേ, ഭരണകൂടം സമരസജ്ജതകള്‍ക്ക്‌ ഭീകരപ്രവര്‍ത്തകരെന്ന ലേബല്‍ ചാര്‍ത്തുന്നത്‌. ഒരിക്കല്‍ അങ്ങനെ ഒരു തലക്കെട്ട്‌ കൊടുത്തു കഴിഞ്ഞാല്‍ പിന്നീട്‌ എല്ലായ്പ്പോഴും ആ കൊള്ളരുതായ്മയുടെ അടിസ്ഥാനത്തില്‍ പൗരന്റെ അവകാശങ്ങളും ആനുകൂല്യങ്ങളും അട്ടിമറിച്ച്‌ അവനെ തടവിലാക്കി പീഡിപ്പിക്കാന്‍ കഴിയും.
അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ കാര്യത്തില്‍ തുടക്കം മുതല്‍ തന്നെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും കര്‍ണ്ണാടകത്തിലെയും ഭരണകൂടങ്ങള്‍, അത്‌ ഇടതുവലത്‌ ഭേദമില്ലാതെ ഈ നെറികേടാണ്‌ തുടര്‍ന്നുപോന്നത്‌. കര്‍ണ്ണാടക സര്‍ക്കാരും സുപ്രീംകോടതിയും അതാണ്‌ ആവര്‍ത്തിക്കുന്നത്‌. അഹമദബാദ്‌,സൂററ്റ്‌,ജയ്പൂര്‍ സ്ഫേടന കേസുകളുമായി ബന്ധപ്പെടുത്തി അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ പേര്‌ സൗകര്യപൂര്‍വ്വം ഭരണകൂടത്തിന്റെയും ക്രമസമധാനപാലനത്തിന്റേയും വക്താക്കള്‍ എടുത്തുപയോഗിക്കാറുണ്ട്‌. ഭാഗ്യം അമേരിക്കയുടെ അഹന്തയ്ക്ക്‌ കനത്ത പ്രഹരം ഏല്‍പ്പിച്ച വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തില്‍ മഅ്ദനി പ്രതിയാണെന്ന്‌ പറഞ്ഞില്ലല്ലോ.
ആതിരേ,നമുക്കറിയാം കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ ഈ മനുഷ്യനെ പത്തുവര്‍ഷത്തോളം തടവിലിട്ട്‌ പീഡിപ്പിച്ച ഭരണകൂടത്തിന്റെയും അന്വേഷണ സംവിധാനങ്ങളുടെയും ന്യായാസനങ്ങളുടെയും ഫാസിസ്റ്റ്‌-സാഡിസ്റ്റ്‌ മനോഭാവം. മനുഷ്യാവകാശ പ്രവര്‍ത്തകരും പൗരന്‌ മാന്യമായി ജീവിക്കാനുള്ള അവസരമുണ്ടാകണം എന്ന്‌ ആഗ്രഹിച്ചവരെല്ലാം അന്ന്‌ മഅ്ദനിക്കുവേണ്ടി ശബ്ദം ഉയര്‍ത്തിയതാണ്‌. അന്നും ഒരു ഭീകരവാദിക്കാണ്‌ ജാമ്യം നല്‍കാന്‍ ആവശ്യപ്പെടുന്നതെന്ന്‌ അധിക്ഷേപിച്ചായിരുന്നു മഅ്ദനിയുടെ പീഡനം തുടര്‍ന്നതും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ ധിക്കരിച്ചതും. പക്ഷേ, വിചാരണക്കോടതിയില്‍ നിരപരാധിത്വം തെളിയിക്കപ്പെട്ട്‌ അബ്ദുള്‍ നാസര്‍ മഅ്ദനി മോചിതനായപ്പോള്‍ ലോകം തിരിച്ചറിഞ്ഞതാണ്‌ ജനാധിപത്യ ഭാരതത്തിലെ ഭരണകര്‍ത്താക്കളുടെ ഭീകരതാവാദങ്ങള്‍. സമാന സ്വഭാവത്തിലുള്ള അധിക്ഷേപാര്‍ഹവും ഭരണഘടനാവിരുദ്ധവുമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടാണ്‌ സുപ്രീംകോടതി പോലും ഇപ്പോള്‍ അബ്ദുള്‍ നാസര്‍ മഅ്ദനിക്ക്‌ ജാമ്യം നിഷേധിച്ചിരിക്കുന്നത്‌. ആതിരേ,ഇത്‌ ഭരണ ഘടനവിരുദ്ധമാണ്‌, മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്‌ മാന്യമായി ജീവിക്കാനുള്ള പൗരന്റെ അധികാരത്തിന്മാലുള്ള കടന്നുകയറ്റമാണ്‌.
ഇന്ന്‌ മഅ്ദനി
നാളെ ഞാനോ നിങ്ങളോ ആകാം
ഡോ.ബിനായക്‌ സെന്നിന്റെ അനുഭവവും ഇസ്രത്‌ ജഹാന്റേയും പ്രാണേഷ്‌ കുമാറിന്റേയും ദുരന്തവും മാവോയിസ്റ്റുകള്‍ക്കെതിരെ എന്നപേരില്‍ നടക്കുന്ന സൈനീക ഉന്മൂലനങ്ങളും ഇംഫാലില്‍ ഇറോം ശര്‍മിളയുടെ ദശാബ്ദം ദീര്‍ഘിച്ച നിരാഹാരസമരവുമെല്ലാം ജനാധിപത്യ ഭാരതത്തിലെ അധികാരഭീകരതയുടെ കരാള ദംഷ്ട്രകളില്‍ നിന്നിറ്റുന്ന നിണത്തുള്ളികളാണ്‌;ഉദാസീനരാകരുതെന്ന ആഹ്വാനങ്ങളാണ്‌
അതുകൊണ്ട്‌ ഭരണകൂടത്തിന്റെ അധിനിവേശ പ്രവണതയ്ക്കെതിരെ പ്രതിരോധം ശക്തമാക്കേണ്ടത്‌ അനിവാര്യമാകുന്നു.അതിനു വേണ്ടി ജനാധിപത്യ ബോധമുള്ള, പൗരാവകാശ പ്രതിബദ്ധതയുള്ള എല്ലാ വ്യക്തികളും അബ്ദുള്‍ നാസര്‍ മഅ്ദനിക്ക്‌ ജാമ്യം ലഭിക്കാന്‍ ഒറ്റക്കെട്ടായ പ്രക്ഷോഭമാകേണ്ടത്‌ അനുപേക്ഷണീയവുമാണ്‌

No comments: