Sunday, January 8, 2012

"ഒതുക്കച്ചായന്റെ" കളികള്‍ തീവ്രവാദി സംരക്ഷണം വരെ


ഇപ്പോള്‍, 500 കോടിയുടെ കാര്‍ കള്ളക്കടത്ത്‌ നടത്തിയ അലക്സ്‌ സി. ജോസഫിനെക്കാളും വലിയ കുറ്റവാളിയായി കേരള സമൂഹത്തിന്റെ മുന്‍പില്‍ നില്‍ക്കുകയാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫീസും. ഇത്‌ നാടിനാകെ അപത്ക്കരമായ ഒരു സൂചനയാണ്‌. കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനത്തിന്‌ പണം മുടക്കിയ അലക്സ്‌ സി.ജോസഫിനെ സംരക്ഷിക്കുന്നതിലൂടെ തീവ്രവാദികള്‍ക്ക്‌ കൂട്ടുനില്‍ക്കുകയാണ്‌ മുഖ്യമന്ത്രി . ടോമിന്‍ ജെ.തച്ചങ്കരി കേസിലും സമാന നിലപാടാണ്‌ മുഖ്യമന്ത്രി സ്വീകരിച്ചത്‌. അതായത്‌ സംസ്ഥാനത്തിന്റെ സുരക്ഷയ്ക്ക്‌ മുകളില്‍ തൂങ്ങുന്ന ഡമോക്ലീസിന്റെ വാളാകുകയാണ്‌ ഉമ്മന്‍ചാണ്ടി.ആതിരേ,കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തടിയന്റവിട നസീറുമായി സമീകരിച്ചാല്‍ പ്രതിപക്ഷത്തുള്ളവര്‍ പോലും യോജിച്ചെന്ന്‌ വരില്ല. അത്രയ്ക്ക്‌ ക്ലീന്‍ ഇമേജാണ്‌ അദ്ദേഹത്തില്‍ ചാര്‍ത്തിക്കൊടുത്തിട്ടുള്ളത്‌. എന്നാല്‍, അധികാര രാഷ്ട്രീയത്തിന്റെ കൗശലങ്ങളെല്ലാം സ്വായത്തമാക്കിയ ഈ ഉത്തരാധുനിക കൗടില്യന്‌, നിലനില്‍പ്പ്‌ രാഷ്ട്രീയത്തിന്റെ ഭീഷണമായ ഏത്‌ അറ്റം വരെ പോകാനും മടിയുമില്ല.
എല്ലായിപ്പോഴും ജനക്കൂട്ടത്തിന്റെ നടുവില്‍ കഴിയാന്‍ ആഗ്രഹിക്കുകയും അത്‌ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന ഉമ്മന്‍ചാണ്ടിക്ക്‌ മറ്റൊരു ദുഷ്ടമുഖമുണ്ട്‌ എന്ന്‌ തിരിച്ചറിഞ്ഞാണ്‌ പുതുപ്പള്ളിക്കാരും കോട്ടയത്തെ കോണ്‍ഗ്രസുകാരും "ഒതുക്കച്ചായന്‍" എന്ന പേര്‌ ചാര്‍ത്തിക്കൊടുത്തത്‌. ശുഭ്രഖദറിന്റെ മറവില്‍ ശ്യാമരാഷ്ട്രീയകേളികള്‍ നടത്താന്‍ ഒട്ടും ഉളുപ്പില്ലാത്ത കോണ്‍ഗ്രസ്‌ നേതാക്കളില്‍ ഒരാളാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സമൂഹവിരുദ്ധമായ ആ രാഷ്ട്രീയക്കളി, ആതിരേ, അതിന്റെ ഏറ്റവും അപത്ക്കരമായ ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണെന്ന്‌ പറയേണ്ടിയിരിക്കുന്നു.
500 കോടി രൂപയുടെ കാര്‍ ഇറക്കുമതി കേസിലെ പ്രതി അലക്സ്‌ സി.ജോസഫിന്റെ വ്യാജ പാസ്പോര്‍ട്ട്‌ നശിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതും അത്‌ നടപ്പിലാക്കിയതും ഉമ്മന്‍ചാണ്ടിയുടെ ഓഫീസാണെന്നറിയുമ്പോള്‍, 24 മണിക്കൂറും ഇന്റര്‍നെറ്റില്‍ സുതാര്യമാക്കിയിട്ടുള്ള ആ ഓഫീസിന്റെ പിന്നാമ്പുറങ്ങളില്‍ നടക്കുന്ന ബീഭത്സമായ രാഷ്ട്രവിരുദ്ധ നീക്കങ്ങളും രാഷ്ട്രീയ കള്ളക്കളികളും എത്രയാണെന്ന്‌ ഊഹിക്കുക.
പി.ജെ.കുര്യന്‍ അടക്കമുള്ള കോണ്‍ഗ്രസ്‌ നേതാക്കന്മാരുടെ സംരക്ഷണത്തോടെയായിരുന്നു അലക്സ്‌ സി.ജോസഫ്‌ കാര്‍ കള്ളക്കടത്ത്‌ നടത്തിയതെന്ന്‌ ഇപ്പോള്‍ പോലീസും സമ്മതിക്കുന്നുണ്ട്‌. ഈ അന്താരാഷ്ട്ര കള്ളക്കടത്ത്‌ വീരന്റെ നീക്കങ്ങളും അയാള്‍ക്കു പിന്നിലുള്ള അതിര്‍ത്തിക്കപ്പുറത്തെ ഭീകരവാദികളുടെ സാന്നിദ്ധ്യവും ക്രൈം വാരിക 2004-ല്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നതാണ്‌. കോഫെപോസ അനുസരിച്ച്‌ അറസ്റ്റുവാറണ്ട്‌ ഉണ്ടായിരുന്നിട്ടും ഒന്‍പതുവര്‍ഷത്തോളം പോലീസിനെയും സര്‍ക്കാരിനെയും കബളിപ്പിച്ച്‌ ഇന്ത്യയിലും വിദേശത്തുമായി കഴിയാന്‍ തിരുവല്ലക്കാരന്‍ അലക്സ്‌ സി.ജോസഫിന്‌ കഴിഞ്ഞെങ്കില്‍ അതിനു പിന്നിലെ രാഷ്ട്രീയ സംരക്ഷണ സമൂഹത്തെക്കുറിച്ച്‌ ഊഹിച്ചാല്‍ മതി. കേന്ദ്ര സര്‍ക്കാരില്‍ സ്വാധീനമുള്ള കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാക്കന്മാരെയും കസ്റ്റംസ്‌ ഇന്റലിജന്‍സ്‌ ഉദ്യോഗസ്ഥരെയും വിലയ്ക്കെടുത്തായിരുന്നു അലക്സ്‌ സി.ജോസഫിന്റെ കാര്‍ കള്ളക്കടത്ത്‌. വിദേശക്കാറുകള്‍ വ്യാജരേഖകള്‍ ഉണ്ടാക്കി ഇന്ത്യയിലും കേരളത്തിലും ഇറക്കുമതി ചെയ്ത്‌ വിറ്റു കിട്ടുന്ന ലാഭം ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കാണ്‌ ഉപയോഗിക്കുന്നതെന്നും ക്രൈം റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. അലക്സ്‌ സി.ജോസഫിന്റെ പിന്നില്‍ പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐയും ഉണ്ട്‌ .തെളിവുകള്‍ നിരത്തിയാണ്‌ അന്ന്‌ അലക്സ്‌ സി.ജോസഫിന്റെ അധോലോക പ്രവര്‍ത്തനങ്ങളെയും അയാളുമായി ബന്ധമുള്ള രാഷ്ട്രീയ സംവിധാനങ്ങളുടെയും വാണിജ്യ ഭീന്മാരുടെയും വിശദാംശങ്ങളും റിപ്പോര്‍ട്ട്‌ ചെയ്തത്‌. വ്യാജ പാസ്പോര്‍ട്ട്‌ ഉപയോഗിച്ച്‌ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന വിവരവും ആ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.
ഒന്‍പതുവര്‍ഷത്തിനുശേഷം ഹൈദ്രബാദില്‍ അറസ്റ്റിലായപ്പോള്‍ അലക്സ്‌ സി.ജോസഫിന്റെ കൈവശം നാല്‌ വ്യാജ പാസ്പോര്‍ട്ടുകളാണ്‌ ഉണ്ടായിരുന്നത്‌. ആ പാസ്പോര്‍ട്ടുകള്‍ ഇപ്പോള്‍ കാണാനില്ല എന്ന്‌ കേരള പോലീസ്‌ കൈമലര്‍ത്തുമ്പോള്‍,ആതിരേ, ഇപ്പോഴും അലക്സ്‌ സി.ജോസഫിന്‌ ആഭ്യന്തരവകുപ്പിലും പോലീസിലെ ഉന്നതന്മാരിലുമുളള സ്വാധീനമാണ്‌ വ്യക്തമാക്കുന്നത്‌.
ഹൈദ്രബാദിലെ ഷംസദാബാദ്‌ പോലീസ്‌ സ്റ്റേഷനില്‍ നിന്ന്‌ അലക്സ്‌ സി.ജോസഫിനെ കസ്റ്റഡിയില്‍ വാങ്ങിയപ്പോള്‍ അന്നത്തെ തിരുവല്ല എസ്‌ഐയായ വിനോദ്‌ കൃഷ്ണന്‍ പാസ്പോര്‍ട്ടും സ്വീകരിച്ചതായി ഹൈദ്രബാദ്‌ പോലീസിന്‌ നല്‍കിയ രേഖ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്‌. അലക്സ്‌ സി.ജോസഫിനെ ഹൈദ്രബാദില്‍ നിന്ന്‌ കേരളത്തിലേക്ക്‌ കൊണ്ടുവരുന്നതിന്‌ മുമ്പു തന്നെ തെളിവുകള്‍ നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനുമുള്ള ശ്രമം ഡിവൈഎസ്പി കെ.എന്‍.രാജീവിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു എന്നാണ്‌ ഇപ്പോള്‍ വ്യക്തമാകുന്നത്‌. സാമ്പത്തിക കുറ്റവാളിയായ അലക്സ്‌ സി.ജോസഫിനെ മധുരൈ, കോവില്‍പ്പെട്ടി, നാഗര്‍ക്കോവില്‍, തക്കല, നെയ്യാറ്റിന്‍കര വഴി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിക്കാനായിരുന്നു ഡയറക്ടറേറ്റ്‌ ഓഫ്‌ റവന്യൂ ഇന്റലിജന്‍സ്‌ (ഡിആര്‍ഐ) നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍, പാതി വഴി വച്ച്‌ തിരുവല്ല ഡിവൈഎസ്പി കെ.എന്‍.രാജീവ്‌, എസ്‌ഐ വിനോദ്‌ കൃഷ്ണയെ ഫോണില്‍ വിളിച്ച്‌ റൂട്ടു മാറ്റി പാലക്കാട്‌ വഴിയാണ്‌ കേരളത്തില്‍ കൊണ്ടു വന്നത്‌.അപ്പോള്‍ വ്യാജ പാസ്പോര്‍ട്ട്‌ നശിപ്പിക്കാനാണ്‌ ്‌ പാലക്കാട്‌ വഴി തിരുവല്ലയില്‍ കൊണ്ടു വന്നതെന്ന്‌വ്യക്തം.
എന്നു മാത്രമല്ല, പാസ്പോര്‍ട്ട്‌ അലക്സ്‌ സി.ജോസഫിന്‌ തിരികെ നല്‍കി എന്ന്‌ രേഖയുണ്ടാക്കാനും ഡിവൈഎസ്പി രാജീവ്‌ ഉപദേശിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ പാസ്പോര്‍ട്ട്‌ നശിപ്പിച്ച്‌ മാന്യനായിരിക്കുകയാണ്‌ അലക്സ്‌. എന്റെ കൈയ്യില്‍ വ്യാജ പാസ്പോര്‍ട്ടുണ്ടെങ്കില്‍ അത്‌ തെളിയിക്ക്‌ എന്ന്‌ ഡിആര്‍ഐഎയെ അലക്സ്‌ വെല്ലുവിളിച്ചത്‌ വെറുതെയായിരുന്നില്ല . കര്‍ണ്ണാടക പോലീസ്‌ കൈമാറിയത്‌ വ്യാജ പാസ്പോര്‍ട്ടാണ്‌ എന്നറിഞ്ഞിട്ടും, ഡിആര്‍ഐയുടെ നിര്‍ദദേശങ്ങള്‍ ലംഘിച്ച്‌ അലക്സിനെ കേരളത്തില്‍ കൊണ്ടുവരികയും പാസ്പോര്‍ട്ട്‌ അദ്ദേഹത്തിന്‌ തിരിച്ചു നല്‍കുകയും ചെയ്ത ഡിവൈഎസ്പി കെ.എന്‍.രാജീവിന്റെയും അദ്ദേഹത്തിന്റെ ആജ്ഞാനുവര്‍ത്തി എസ്‌ഐ വിനോദ്‌ കൃഷ്ണയുടെയും പ്രവര്‍ത്തികള്‍ ഇവിടെ അലക്സിന്റെ അധോലോക പ്രവര്‍ത്തനങ്ങളുമായി സമീകരിക്കപ്പെടുകയാണ്‌.
കേന്ദ്ര സര്‍ക്കാരും അന്വേഷണ ഏജന്‍സികളും നോട്ടമിട്ടിട്ടുള്ള അലക്സ്‌ സി.ജോസഫിന്റെ വ്യാജ പാസ്പോര്‍ട്ട്‌ നശിപ്പിച്ച്‌ അയാളെ സംരക്ഷിക്കാനുള്ള ബുദ്ധി രാജീവിന്റെയും വിനോദ്‌ കൃഷ്ണന്റേയും മാത്രം ബുദ്ധിയില്‍ ഉദിച്ചതല്ല. അലക്സുമായി അഭേദ്യബന്ധമുണ്ടായിരുന്ന പി.ജെ.കുര്യനെ സംരക്ഷിക്കാനാണ്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഈ വിഷയത്തില്‍ ഇടപെട്ടതും രാജീവിനെയും വിനോദ്‌ കൃഷ്ണയെയും കരുക്കളാക്കി തെളിവുകള്‍ നശിപ്പിച്ചതും.
ഇപ്പോള്‍ അലക്സ്‌ ജോസഫിനെക്കാളും വലിയ കുറ്റവാളിയായി കേരള സമൂഹത്തിന്റെ മുന്‍പില്‍ നില്‍ക്കുകയാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫീസും. ഇത്‌ നാടിനാകെ അപത്തായ ഒരു സൂചനയാണ്‌. കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനത്തിന്‌ പണം മുടക്കിയ അലക്സ്‌ സി.ജോസഫിനെ സംരക്ഷിക്കുന്നതിലൂടെ മുഖ്യമന്ത്രി തീവ്രവാദികള്‍ക്ക്‌ കൂട്ടുനില്‍ക്കുകയാണ്‌. ടോമിന്‍ ജെ.തച്ചങ്കരി കേസിലും സമാന നിലപാടാണ്‌ മുഖ്യമന്ത്രി സ്വീകരിച്ചത്‌. അതായത്‌, ആതിരേ, സംസ്ഥാനത്തിന്റെ സുരക്ഷയ്ക്ക്‌ മുകളില്‍ തൂങ്ങുന്ന ഡമോക്ലീസിന്റെ വാളാകുകയാണ്‌ ഉമ്മന്‍ചാണ്ടി.

No comments: