Thursday, January 19, 2012

ഇ മെയില്‍ ഐഡി ചോര്‍ത്തല്‍;മുഖ്യമന്ത്രി ഒളിച്ചോടുന്നത്‌ എങ്ങോട്ട്‌..?


ഇക്കാര്യത്തില്‍ മുസ്ലീം ലീഗിന്റെ നിലപാട്‌ നിര്‍ണ്ണായകമാകേണ്ടതായിരുന്നു. എന്നാല്‍, ബാബ്‌റി മസ്ജിദ്‌ തകര്‍ത്ത കാലത്തെ സമുദായ വഞ്ചന തന്നെയാണ്‌ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ഇപ്പോഴും അനുവര്‍ത്തിച്ചിക്കുന്നത്‌. ' മാധ്യമം' വാരികയെ 'അത്തെ ജമാ അത്തെ ഇസ്ലാമിയുടെ പ്രതിനിധിയായി അപലപിക്കുമ്പോള്‍ ലീഗിന്റെ നിലപാട്‌ സംഘപരിവാറിന്റെ മുന്‍വിധികളുമായി സമരസപ്പെടുകയാണ്‌. ലീഗിന്റെ സമ്മര്‍ദ്ദം മൂലമാണ്‌ വിഡ്ഢിത്തം നിറഞ്ഞ പ്രസ്താവനകളിലൂടെ ഭരണകൂടത്തിന്റെ പൗരവിരുദ്ധ നടപടിയെ ലഘൂകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായത്‌.' മാധ്യമം' വാരികയ്ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്നാണ്‌ ഒടുവില്‍ പറഞ്ഞത്‌.എന്തിനാണ്‌ ഈ പിന്മാറ്റം? എങ്ങോട്ടേയ്ക്കാണ്‌ മുഖ്യമന്ത്രി ഒളിച്ചോടുന്നത്‌..? ഒന്നു സത്യം. യുഡിഎഫ്‌ ഭരണകാലത്ത്‌ രാഷ്ട്രീയമോ മേറ്റ്ന്തൊക്കെയോ ആയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി പൗരസ്വകാര്യത നിരന്തരം നിരീക്ഷണവിധേയമാക്കുകയാണ്‌. സംഭവിച്ചതിന്റെയെല്ലാം ദര്‍ശനം ഭീഷണമായ ഒരു ഭാവിയിലേക്കാണ്‌. അതാണ്‌, നമ്മെ ഭയപ്പെടുത്തുന്നതും.
ആതിരേ,ഒരു പ്രത്യേക പ്രദേശത്തെ, പ്രത്യേക സമുദായത്തില്‍പ്പെട്ട 258 പേരുടെ ഇ-മെയില്‍ ഐഡി ചോര്‍ത്താന്‍ ആഭ്യന്തരമന്ത്രാലയം ഗൂഢമായി കരുക്കള്‍നീക്കിയത്‌ പുറത്തു കൊണ്ടുവന്ന്‌ 'മാധ്യമം' വാരിക നടത്തിയ പൗരാവകാശ സംരക്ഷണദൗത്യത്തെ, സാമുദായികമായി വേര്‍തിരിച്ചാക്ഷേപിച്ച്‌ സാക്ഷര കേരളമനസ്സുകളില്‍ കുത്തിത്തിരിപ്പുകളുണ്ടാക്കാനും കുന്നായ്മനിറയ്ക്കാനുമുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും ഭരണകൂടകിങ്കരന്മാരുടേയും വിഷലിപ്തമോഹം പൂവണിയില്ല.കാരണം കേരളം പുതുപ്പള്ളിയല്ല,വേങ്ങരയല്ല;വെള്ളരിക്കാപ്പട്ടണവുമല്ല..
No.p3 2444/2011 SB എന്ന നമ്പറില്‍ വകുപ്പു തലത്തിലിറക്കിയ സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ്‌ ഉമ്മന്‍ചാണ്ടി ഭരണകൂടം മുസ്ലീം നാമധാരികളായ പൗരന്മാരെ ഇരകളാക്കി അവരുടെ സ്വകാര്യതയിലേയ്ക്ക്‌ നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്‌. ഈ അപായം പരിഷ്കൃത സമൂഹത്തിന്റെ പ്രതികരണഭൂമികയിലെത്തിച്ച്‌ പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും ജൈവപരിസരം സൃഷ്ടിക്കാന്‍ ശ്രമിച്ച മാധ്യമധര്‍മ്മത്തെ അതിജീവനരാഷ്ട്രീയത്തിന്റെയും അധികാരരാഷ്ട്രീയത്തിന്റെയും ശുഷ്കതയില്‍ വിലയിരുത്തിയാണ്‌ മുഖ്യമന്ത്രിയും സ്തുതിപാഠകരും മാധ്യമം വാരികയ്ക്കെതിരെ ചന്ദ്രഹാസം ഇളക്കുന്നത്‌.
സിമി ബന്ധം ആരോപിച്ചാണ്‌ 258 പേരുടെ ഇ-മെയില്‍ വിശദാംശങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ പോലീസ്‌ നിര്‍ദ്ദേശം നല്‍കിയത്‌. ഇതാണ്‌, ആതിരേ, പ്രശ്നത്തെ സങ്കീര്‍ണ്ണമാക്കിയതും വഷളാക്കിയതും. മുന്‍വിധിയോടെ മുസ്ലീം സമുദായത്തില്‍പ്പെട്ട പത്രപ്രവര്‍ത്തകരടക്കമുള്ള പൊതുപ്രവര്‍ത്തകരെയും സാധാരണ പൗരന്മാരെയും എതിര്‍പാളയത്തിലെത്തിക്കാനുള്ള ഗൂഢരാഷ്ട്രീയ നീക്കമാണ്‌ 'മാധ്യമം' പൊളിച്ചടുക്കിയത്‌. ജനാധിപത്യ ബോധവും പൗരസ്വാതന്ത്ര്യാവബോധവുമുള്ള പൊതുസമൂഹം പ്രതികരണവുമായി രംഗത്തെത്തിയതോടെ ചുവടുമാറ്റി ചവുട്ടി ദുരാരോപണങ്ങള്‍ ഉന്നയിക്കുകയുമാണ്‌ മുഖ്യമന്ത്രി. ഒരു സംസ്ഥാനത്തിന്റെ തലവന്‍ എന്ന നിലയ്ക്ക്‌ മുഖ്യമന്ത്രിയില്‍ നിന്നുണ്ടാകുന്ന പരാമര്‍ശങ്ങള്‍ക്ക്‌ ഏറെ ഗൗരവവും പ്രാധാന്യവുമുണ്ട്‌. അതുമറന്ന്‌ വൈരനിര്യാതനരാഷ്ട്രീയത്തിന്റെ വക്താവായി മാറുകയായിരുന്നു ഉമ്മന്‍ചാണ്ടി.
നിരോധിക്കപ്പെട്ടതും രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി ആരോപണവുമുള്ള സ്റ്റുഡന്റ്സ്‌ ഇസ്ലാമിക്‌ മൂവ്മെന്റ്‌ ഓഫ്‌ ഇന്ത്യ (സിമി )യുമായി ബന്ധപ്പെടുത്തി കുറെയധികം മുസ്ലീങ്ങളെ സമൂഹമധ്യേ ചോദ്യചിഹ്നങ്ങളാക്കുമ്പോള്‍ തീര്‍ച്ചയായും ഭരണകൂടത്തിന്‌ രഹസ്യമായ ചില അജണ്ടകളും രാഷ്ട്രീയമായ നീചലക്ഷ്യങ്ങളുമുണ്ടായിരിക്കും. അവയെല്ലാമാണ്‌ ഈ ദിവസങ്ങളില്‍ മറ നീക്കി പുറത്തു വന്നുകൊണ്ടിരിക്കുന്നത്‌.
ഇ-മെയില്‍ ഐഡി വിശദാംശങ്ങള്‍ അന്വേഷിക്കാന്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ സിമി ബന്ധം എന്ന പരാമര്‍ശം ഉണ്ടായത്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ നോട്ടപ്പിശകാണെന്ന്‌ പറഞ്ഞ്‌ പ്രശ്നം ലഘൂകരിക്കാനും ചര്‍ച്ചകളുടെ ഗതി തിരിച്ചു വിടാനുമാണ്‌ ബുധനാഴ്ച നടത്തിയ പത്രസമ്മേളനത്തിലൂടെ മുഖ്യമന്ത്രി ശ്രമിച്ചത്‌. അതീവ "രഹസ്യസ്വഭാവമുള്ളതും രാജ്യസുരക്ഷയെ ബാധിക്കുന്നതുമായ " വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണത്തിന്‌ ഉത്തരവിട്ട ഒരു മുതിര്‍ന്ന പോലീസ്‌ ഓഫീസര്‍ക്ക്‌ ക്ലറിക്കല്‍ മിസ്റ്റേക്ക്‌ ഉണ്ടായി എന്ന്‌ ഉമ്മന്‍ചാണ്ടിയെപ്പോലെയുള്ള ഒരാള്‍ പറയുമ്പോള്‍, ആതിരേ, അത്‌ രമേശ്‌ ചെന്നിത്തലപോലും വിശ്വസിക്കുകയില്ലെന്നുറപ്പ്‌. . എങ്കിലും കത്തിപ്പടരുന്ന പൊതുസമൂഹ വിവേകത്തില്‍ എരിഞ്ഞമരുന്ന ഭരണകൂടത്തിന്റെ ദുഷ്ടലാക്കുകള്‍ എരിഞ്ഞമരുന്നത്‌ കണ്ടപ്പോഴുണ്ടായ വിഭ്രാന്തിയില്‍ മുഖ്യമന്ത്രിയില്‍ നിന്നുണ്ടായ ആദ്യപ്രതികരണങ്ങളായിരുന്നു അത്‌. വേറൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിനുണ്ടായ അടിസ്ഥാനപരമായ സമീപനപാളിച്ചയെ ഒരു ഉദ്യോഗസ്ഥന്റെ നോട്ടക്കുറവാക്കി ചിത്രീകരിച്ച്‌ പ്രശ്നത്തിന്റെ പ്രഹരമേഖലയില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള മൂഢശ്രമമാണ്‌ മുഖ്യമന്ത്രിയില്‍ നിന്നുണ്ടായിട്ടുള്ളത്‌.
സാധാരണയായി നടക്കുന്ന പോലീസന്വേഷണമായി ഇ മെയില്‍ ചോര്‍ത്തലിനെ അവതരിപ്പിച്ചപ്പോള്‍ സ്തോഭജനകമായൊരു വാസ്തവമാണ്‌ തുറന്ന്‌ കാണിക്കപ്പെട്ടത്‌. യുഡിഎഫ്‌ അധികാരത്തിലേറിയതിനുശേഷം വ്യക്തികളുടെ സ്വകാര്യതയിലേയ്ക്ക്‌ ഒളിഞ്ഞു നോട്ടം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു എന്നാണ്‌ മുഖ്യമന്ത്രി സ്ഥാപിച്ചിരിക്കുന്നത്‌. ഒരു ജനാധിപത്യ ഭരണക്രമത്തില്‍, സാക്ഷര സമൂഹത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്‌ കേരളത്തില്‍ നടക്കുന്നത്‌ എന്നര്‍ത്ഥം. 1984 എന്ന നോവലില്‍ ജോര്‍ജ്‌ ഓര്‍വല്‍ പറഞ്ഞുവെച്ചത്‌ അക്ഷരം പ്രതി നടപ്പിലാക്കപ്പെടുകയാണിവിടെ. പൗരന്റെ ഓരോ ചലനവും ഉദീരണവും ഭരണകൂടം നിരന്തരനിരീക്ഷണത്തിന്‌ വിധേയമാക്കിക്കഴിഞ്ഞു എന്ന പേടിപ്പെടുത്തുന്ന അവസ്ഥയാണ്‌ കേരളത്തിലിപ്പോളുള്ളത്‌. ഭരണകൂടത്തിന്റെ അധികാരാധിനിവേശത്തിന്റെ കുടിലത നിറഞ്ഞ ഈ നീക്കം ജനാധിപത്യത്തില്‍ ആണയിടുന്ന, ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ വിശ്വസിക്കുന്ന ഉമ്മന്‍ചാണ്ടിയെപ്പോലെയുള്ള ഒരു ഭരണകര്‍ത്താവിന്‌ ഭൂഷണമാണോ, ആതിരേ?
ഈ 258 പേരുടെ പേരുവിവരം വെളിപ്പെടുത്തിക്കൊണ്ട്‌ 'മാധ്യമം ' വാരിക സാമുദായിക സ്പര്‍ധ സൃഷ്ടിക്കുകയാണെന്ന്‌ മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോള്‍, വാരികയിലെ റിപ്പോര്‍ട്ട്‌ ഏത്‌ സമുദായത്തെയാണ്‌ വെല്ലുവിളിക്കുന്നതും ചോദ്യം ചെയ്യുന്നതുമെന്ന്‌ വിശദീകരിക്കാന്‍ മുഖ്യമന്ത്രിക്ക്‌ ഉത്തരവാദിത്തമുണ്ട്‌. ഭരണകൂടവും പൗരന്മാരും തമ്മിലുള്ള പാരസ്പര്യത്തില്‍ വിവേകമുള്ള ഭരണകര്‍ത്താക്കള്‍ ഒരിക്കലും അനുവര്‍ത്തിക്കാന്‍ പാടില്ലാത്ത പൗരവിരുദ്ധതയാണ്‌ മാധ്യമം അതിന്റെ റിപ്പോര്‍ട്ടിലൂടെ പുറത്തു കൊണ്ടുവന്നത്‌. അതിനെ സമുദായ സ്പര്‍ധയാക്കി ചിത്രീകരിച്ച്‌ വെള്ളം കലക്കി മീന്‍ പിടിക്കാനാണ്‌ മുഖ്യമന്ത്രി ശ്രമിക്കുന്നത്‌.
ഇക്കാര്യത്തില്‍ മുസ്ലീം ലീഗിന്റെ നിലപാട്‌ നിര്‍ണ്ണായകമാകേണ്ടതായിരുന്നു. എന്നാല്‍, ബാബ്‌റി മസ്ജിദ്‌ തകര്‍ത്ത കാലത്തെ സമുദായ വഞ്ചന തന്നെയാണ്‌ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ഇപ്പോഴും അനുവര്‍ത്തിച്ചിക്കുന്നത്‌. ' മാധ്യമം' വാരികയെ 'അത്തെ ജമാ അത്തെ ഇസ്ലാമിയുടെ പ്രതിനിധിയായി അപലപിക്കുമ്പോള്‍ ലീഗിന്റെ നിലപാട്‌ സംഘപരിവാറിന്റെ മുന്‍വിധികളുമായി സമരസപ്പെടുകയാണ്‌. ലീഗിന്റെ സമ്മര്‍ദ്ദം മൂലമാണ്‌ വിഡ്ഢിത്തം നിറഞ്ഞ പ്രസ്താവനകളിലൂടെ ഭരണകൂടത്തിന്റെ പൗരവിരുദ്ധ നടപടിയെ ലഘൂകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായത്‌.' മാധ്യമം' വാരികയ്ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്നാണ്‌ ഒടുവില്‍ പറഞ്ഞത്‌.എന്തിനാണ്‌ ഈ പിന്മാറ്റം? എങ്ങോട്ടേയ്ക്കാണ്‌ മുഖ്യമന്ത്രി ഒളിച്ചോടുന്നത്‌..? ഒന്നു സത്യം. യുഡിഎഫ്‌ ഭരണകാലത്ത്‌ രാഷ്ട്രീയമോ മേറ്റ്ന്തൊക്കെയോ ആയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി പൗരസ്വകാര്യത നിരന്തരം നിരീക്ഷണവിധേയമാക്കുകയാണ്‌. സംഭവിച്ചതിന്റെയെല്ലാം ദര്‍ശനം ഭീഷണമായ ഒരു ഭാവിയിലേക്കാണ്‌. അതാണ്‌, ആതിരേ, നമ്മെ ഭയപ്പെടുത്തുന്നതും.

No comments: