Thursday, January 26, 2012

ശ്വസിക്കുന്ന വായുവിന്‌ നികുതി നല്‍കാന്‍ താങ്കള്‍ ഒരുക്കമാണോ..? അല്ലെങ്കില്‍


ജലമേഖലയിലെ സേവനദാതാവ്‌ എന്ന നിലയില്‍ നിന്ന്‌ സര്‍ക്കാര്‍ പിന്‍വാങ്ങി ജലവിതരണം, ജലവിഭവ പദ്ധതികളുടെ നിര്‍മ്മാണം, നടത്തിപ്പ്‌ എന്നിവയുടെ അവകാശം സ്വകാര്യ മേഖലയ്ക്ക്‌ കൈമാറന്‍ പോകുന്നു.ഭീകരവാദികളെ ഉന്മൂലനം ചെയ്യലാണ്‌ സര്‍ക്കാരിന്റെ അജണ്ടയെങ്കില്‍ ഭരണകൂടഭീകരതയെ അതിന്റെ പ്രഭവസ്ഥാനത്ത്‌ തന്നെ തകര്‍ക്കേണ്ടത്‌ പൗരന്റെ അവകാശവും ധര്‍മവും ഉത്തരവാദിത്തവുമാണ്‌.ആ പ്രതിജ്ഞയാവണം ഈ റിപ്പബ്ലിക്‌ ദിനത്തില്‍ ഓരോപൗരനും എടുക്കേണ്ടത്‌.അതിന്‌ തയ്യറല്ലാത്ത ഭീരുത്വമാണ്‌ നമ്മെ ഭരിക്കുന്നതെങ്കില്‍ ,ഓര്‍ത്തോളൂ ശ്വസിക്കുന്ന വായുവിനായിരിക്കും മന്‍മോഹന്‍ ഇനി നികുതിയേര്‍പ്പെടുത്തുക



ആതിരേ
ഇന്ന്‌ 63-ാ‍ം റിപ്പബ്ലിക്‌ ദിനം.
നീതി-ന്യായ വ്യവസ്ഥകളില്‍ ആരൂഢമുള്ള,
എഴുതപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയുള്ള
സ്വയംശീര്‍ഷത്വവും,പ്രായപൂര്‍ത്തി വോട്ടവകാശവുമുള്ള
ജനാധിപത്യ റിപ്പബ്ലിക്കാണ്‌ ഭാരതം.
ആ അര്‍ത്ഥത്തില്‍
ആ അര്‍ത്ഥത്തില്‍ മാത്രം മേരി ഭാരത്‌ മഹാന്‍ എന്നു നമുക്ക്‌ പറയാം
പക്ഷെ
സ്വാതന്ത്ര്യത്തിന്റെ 65 വര്‍ഷവും റിപ്പബ്ലിക്കായതിന്റെ 62 വര്‍ഷവും പിന്നിട്ടപ്പോള്‍, നികുതിദായകരും സമ്മതിദായകരുമായ ശതകോടി ഭാരതീയന്റെ അവസ്ഥയെന്താണ്‌..?
120 കോടി പൗരന്മാര്‍.ഇവരില്‍ ഗ്രാമങ്ങളില്‍ പ്രതിദിനം 14.3 രൂപയും നഗരങ്ങളില്‍ 21.6 രൂപയും വരുമാനമില്ലാത്തവര്‍ 41.6 %.ഇവരില്‍ 80.5% ഹിന്ദുക്കള്‍.13.4% മുസ്ലീങ്ങള്‍.2.3% ക്രിസ്ത്യാനികള്‍.1.9% സിഖുകാര്‍.1.8%മറ്റു മതസ്ഥര്‍.0.1% മതമില്ലാത്തവര്‍.
ആഫ്രിക്കയിലെ 26 രാഷ്ട്രങ്ങളിലെ പട്ടിണിക്കാരുടെ എണ്ണത്തെ ഇന്ത്യയിലെ 8 സംസ്ഥാനങ്ങളിലെ പട്ടിണിയനുഭവിക്കുന്നവര്‍ കവച്ചു വയക്കുന്നു..!പോഷകാഹരക്കുറവ്‌ അനുഭവിക്കുന്ന ലോകത്തില്‍ മൂന്നുകുട്ടികളില്‍ ഒരാള്‍ ഇന്ത്യയില്‍ നിന്ന്‌.അഞ്ച്‌ വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളില്‍ 42 ശതമാനവും ആവശ്യത്തിന്‌ ശരീരഭാരമില്ലാത്തവര്‍.58% കുഞ്ഞുങ്ങള്‍ വളര്‍ച്ച മുരടിച്ചവര്‍.ഒരു ലക്ഷം പ്രസവത്തില്‍ 480 മരണം.ജനിക്കുന്ന കുഞ്ഞുങ്ങളില്‍ 1000ത്തില്‍ 47.57 മരണം.15-24 വയസ്‌ പ്രായമുള്ളവരില്‍ 10.5 %വും തൊഴില്‍ രഹിതര്‍.ആകെ ജനസംഖ്യയില്‍ 10% തൊഴില്‍രഹിതര്‍.
ഇത്‌ പശ്ചാത്തല വിവരം
ഇനി നമുക്ക്‌ ന്യൂഡല്‍ഹിയിലേയ്ക്ക്‌ പോകാം
കുടിവെള്ളത്തിനും വൈദ്യുതിക്കും നിയന്ത്രണം ഏര്‍പ്പെടുത്തി മന്‍മോഹന്‍സിംഗ്‌ സര്‍ക്കാര്‍ അതിന്റെ ജനദ്രോഹ നയങ്ങള്‍ക്ക്‌ കൂടുതല്‍ രൗദ്രഭാവം നല്‍കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. നികുതി നല്‍കി സര്‍ക്കാരിനെ നിലനിര്‍ത്തുകയും വോട്ട്‌ ചെയ്ത്‌ ഇവരെയൊക്കെ അധികാരത്തിലേറ്റുകയും ചെയ്ത ഇന്ത്യയിലെ ശതകോടി സാധാരണക്കാരുടെ കുടിവെള്ളവും വെളിച്ചവും മുട്ടിച്ചുകൊണ്ട്‌ അമേരിക്ക ഉള്‍പ്പെടെയുള്ള ബഹുരാഷ്ട്ര മൂലധന ചൂഷകരുടെ അഞ്ചാമ്പത്തിയാകാനാണ്‌ മന്‍മോഹന്‍സിംഗും മാഡവും എ.കെ.ആന്റണി അടക്കമുള്ള ആദര്‍ശ ധീരന്മാരായ കേന്ദ്രമന്ത്രിമാരും മത്സരിക്കുന്നത്‌.
ഘട്ടം ഘട്ടമായി സേവന മേഖലയില്‍ നിന്ന്‌ ഒഴിവായി സാധാരണക്കാരന്റെ ജീവിതത്തെ സ്പര്‍ശിക്കുന്ന മേഖലകളെല്ലാം വന്‍കിട സ്വകാര്യ കുത്തകകള്‍ക്ക്‌ അടിയറ വച്ചുകൊണ്ട്‌ രാഷ്ട്രത്തിന്റെ സ്വയം ശീര്‍ഷത്വവും ആത്മാഭിമാനവും നിലനില്‍പ്പും വിറ്റു തുലയ്ക്കുകയാണ്‌ മന്‍മോഹന്‍സിംഗ്‌. ഇത്‌ പുതിയ സംഭവമോ അപ്രതീക്ഷിതമായ പരിണതിയോ അല്ല. ഫിനാന്‍സ്‌ മൂലധനത്തിന്റെ കങ്കാണിയായ മന്‍മോഹന്‍സിംഗ്‌ അധികാരത്തിലേറിയ നാളുകളില്‍ തന്നെ , ആതിരേ, വിവേകമുള്ളവര്‍ ഈ അപായാവസ്ഥ ചൂണ്ടിക്കാട്ടിയതാണ്‌. യുപിഎ സര്‍ക്കാരിന്റെ ആദ്യ ടേമില്‍ തന്നെ രാഷ്ട്രത്തെ എങ്ങനെ കുത്തകകള്‍ക്ക്‌ അടിയറ വച്ച്‌ സാധാരണ ജനങ്ങളുടെ ജീവിതം നരകതുല്യമാക്കി മാറ്റുമെന്നതിന്റെ സൂചനകള്‍ വേണ്ടുവോളം ലഭിച്ചതാണ്‌. സാമ്പത്തിക പരിഷ്കരണം എന്ന കേള്‍ക്കാന്‍ സുഖമുള്ള പദങ്ങളുടെ പിന്നില്‍ ഒളിച്ചിരിക്കുന്ന ബഹുരാഷ്ട്ര മൂലധനചൂഷണ താല്‍പര്യങ്ങളെ ത്രിവര്‍ണ്ണ പതാക വിരിച്ച്‌ വരവേല്‍ക്കുകയായിരുന്നു മന്‍മോഹന്‍സിംഗ്‌. എന്നിട്ടും, അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സാമ്പത്തിക മുതലെടുപ്പിന്റെ ഭീഷണമുഖങ്ങള്‍ തിരിച്ചറിഞ്ഞിട്ടും കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ 200 സീറ്റ്‌ നല്‍കി കോണ്‍ഗ്രസിനെ ഏറ്റവും വലിയ ഒറ്റകക്ഷിയാക്കി മാറ്റിയതിന്റെ തിരിച്ചടികളാണ്‌ ഇതെല്ലാം.
ഇനി കുടിവെള്ളം കിട്ടണമെങ്കില്‍ വന്‍ വില കൊടുക്കേണ്ട അവസ്ഥയാണ്‌, ആതിരേ, സംജാതമാകാന്‍ പോകുന്നത്‌. ആസൂത്രണ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച വി.കെ.ശുംഗ്ലു കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം ജലിവതരണ മേഖലയിലെ സകല സേവനങ്ങളും സ്വകാര്യവത്ക്കരിക്കാന്‍ ഒരുങ്ങുകയാണ്‌ മന്‍മോഹന്‍. ജലസേചന-കുടിവെള്ള പദ്ധതികളെല്ലാം ലാഭകരമാക്കണമെന്നും ഗാര്‍ഹിക - കാര്‍ഷിക ജലവിതരണ മേഖലയിലെ മുഴുവന്‍ സബ്സിഡിയും എടുത്തു കളയണമെന്നുമാണ്‌ ശുംഗ്ലു കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശ. ദേശീയ ജലനയത്തിന്റെ കരടു രൂപം എന്നു പറഞ്ഞ്‌ അവതരിപ്പിച്ചിട്ടുള്ള ഈ കരിനിയമം ഇന്ത്യയിലെ കോടാനുകോടി ജനങ്ങളുടെ കുടിവെള്ളമാണ്‌ മുട്ടിക്കാന്‍ പോകുന്നത്‌. തൊണ്ട വരണ്ടുണങ്ങി ദാരുണമായി കൊല്ലപ്പെടാനാണ്‌, ആതിരേ ഇന്ത്യയിലെ സാധാരണക്കാരന്റെ വിധിയെന്ന്‌ മന്‍മോഹന്‍സിംഗും കൂട്ടരും നിര്‍ണ്ണയിക്കുകയാണ്‌.
2005-ല്‍ ലോകബാങ്ക്‌ മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങളുടെ ചുവടുപിടിച്ചാണ്‌ കരടു രേഖ തയ്യാറാക്കിയിരിക്കുന്നത്‌. ആരോഗ്യ ശുചിത്വാവശ്യങ്ങള്‍ക്കുമായി കുറഞ്ഞ അളവില്‍ വെള്ളം എല്ലാ വീടുകളുടെയും സമീപം ലഭ്യമാക്കണമെന്ന്‌ പറയുന്ന കരടു രേഖയില്‍ പക്ഷേ, അത്‌ നിയമപരമായ അവകാശമായി അംഗീകരിച്ചിട്ടില്ല. അതേസമയം, ജലമേഖലയിലെ സേവനദാതാവ്‌ എന്ന നിലയില്‍ നിന്ന്‌ സര്‍ക്കാര്‍ പിന്‍വാങ്ങണം എന്നാണ്‌ നിഷ്കര്‍ഷ. സര്‍ക്കാര്‍ പിന്‍വാങ്ങി ജലവിതരണം, ജലവിഭവ പദ്ധതികളുടെ നിര്‍മ്മാണം, നടത്തിപ്പ്‌ എന്നിവയുടെ അവകാശം സ്വകാര്യ മേഖലയ്ക്ക്‌ കൈമാറണമെന്നാണ്‌ നിര്‍ദ്ദേശം. ഇത്‌ ഗ്രാമീണ - നഗരമേഖലകളില്‍ കുടിവെള്ളത്തിന്റെ വില വര്‍ദ്ധിപ്പിക്കുമെന്നറിഞ്ഞുകൊണ്ടു തന്നെയാണ്‌ ഇത്തരത്തിലൊരു നിര്‍ദ്ദേശം വച്ചിരിക്കുന്നത്‌. അപ്പോള്‍ ഈ നിയമം നടപ്പിലായാല്‍ ഇന്ത്യയിലെ സാധാരണക്കാരന്‍ കുടിവെള്ളത്തിനുവേണ്ടി നെട്ടോട്ടമോടുന്നത്‌ , ആതിരേ,ഭരണകര്‍ത്താക്കള്‍ക്ക്‌ വിഷയമേ അല്ല എന്നാണ്‌ വായിച്ചെടുക്കേണ്ടത്‌.
ഗാര്‍ഹിക കാര്‍ഷിക മേഖലയില്‍ വെള്ളത്തിനുള്ള സബ്സിഡി എടുത്തു കളയണം എന്നാവശ്യപ്പെടുന്ന ശുംഗ്ലു കമ്മിറ്റി മലിനജലം ശുദ്ധീകരിച്ച്‌ വീണ്ടും ഉപയോഗിക്കുന്ന സ്വകാര്യ വ്യവസായങ്ങള്‍ക്ക്‌ സബ്സിഡിയും പ്രോത്സാഹനവും നല്‍കണമെന്ന്‌ നിര്‍ദ്ദേശിക്കുന്നുണ്ട്‌. മലിനജലം ശുദ്ധീകരിച്ചെടുക്കാനുള്ള സാങ്കേതിക വൈദഗ്ധ്യവും സംവിധാനങ്ങളും ഇന്ന്‌ വന്‍കിട കുത്തകകള്‍ക്കാണുള്ളത്‌. അപ്പോള്‍ സാധാരണക്കാരന്റെ കുടിവെള്ളത്തിന്‌ നികുതി ഏര്‍പ്പെടുത്തി വന്‍കിട കുത്തകകളുടെ ജലവിനിയോഗ പദ്ധതികള്‍ക്കും പരിപാടികള്‍ക്കും പ്രോത്സാഹനം നല്‍കണം എന്ന്‌ ശഠിക്കുമ്പോള്‍ എന്താണ്‌ ഭരണകര്‍ത്താക്കളുടെ മനസ്സിലിരുപ്പെന്ന്‌ ആലോചിച്ചു നോക്കുക.
ഇതിലും ക്രൂരമായ നിര്‍ദ്ദേശങ്ങളും കരട്‌ രേഖയിലുണ്ട്‌. വന്‍കിട ജലപദ്ധതികള്‍ക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവരെ പദ്ധതികളുടെ നേട്ടങ്ങളില്‍ പങ്കാളികളാക്കണം എന്ന നിര്‍ദ്ദേശമാണത്‌. ശ്രദ്ധിക്കുക. ഇപ്പോള്‍ തന്നെ വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ പൗരന്‌ ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും കവര്‍ന്നെടുക്കപ്പെട്ട്‌ പാതയോരത്ത്‌ കഴിയേണ്ട ഗതികെട്ട അവസ്ഥയാണുള്ളത്‌. തുടര്‍ന്നും ആ അവസ്ഥ ബീഭത്സമാകുമെന്നല്ലാതെ ശമനമുണ്ടാകുമെന്ന്‌ ആരും പ്രതീക്ഷിക്കേണ്ട. അപ്പോള്‍ കുടിയിറക്കപ്പെടുന്നവരെ പദ്ധതിയുടെ നേട്ടങ്ങളില്‍ ഭാഗഭാക്കാക്കണമെന്ന്‌ പറയുന്നത്‌ തീര്‍ച്ചയായും സമ്പന്ന വിഭാഗത്തിന്‌ അനുകൂലമായ നിലപാടിന്റെ വഞ്ചന നിറഞ്ഞ പദാവലികളാണ്‌. എന്നു മാത്രമല്ല, ഇനി വന്‍കിട ജലപദ്ധതികളില്‍ നിന്ന്‌ കുടിവെള്ളം ലഭിക്കേണ്ടവരില്‍ നിന്ന്‌ അതിന്റെ ചെലവ്‌ വിഹിതം ഈടാക്കണം എന്നും ശുംഗ്ലു നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.
ഇന്ത്യന്‍ ഭരണഘടന അതിന്റെ പൗരന്മാരുടെ ജീവിതം സുരക്ഷിതമാക്കാനും പുരോഗതിയുടെ മുഖ്യധാരയിലേക്ക്‌ അവരെ കൊണ്ടു വരാനും ഏര്‍പ്പെടുത്തിയിരുന്ന ആനുകൂല്യങ്ങള്‍ ഒന്നൊന്നായി കൃപാരഹിതം വെട്ടിമാറ്റുകയാണ്‌ മന്‍മോഹന്‍സിംഗ്‌. ലോകബാങ്കിന്റെയും പാശ്ചാത്യ മൂലധന ശക്തികളുടെയും ദുശാഠ്യങ്ങള്‍ക്ക്‌ വഴങ്ങിയാണ്‌ ,തന്നെ പ്രധാനമന്ത്രിയാക്കിയ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശങ്ങള്‍ ഇത്ര ക്രൂരമായി അദ്ദഹവും കൂട്ടരും കവര്‍ന്നെടുത്തുകൊണ്ടിരിക്കുന്നത്‌. അലിബാബയും 40 കള്ളന്മാരും ഇവരെക്കാളൊക്കെ എത്രയോ മാന്യന്മാരും മാതൃകാ പുരുഷന്മാരും ആയിരുന്നു എന്ന്‌ പൊതുസമൂഹത്തെക്കൊണ്ട്‌ ചിന്തിപ്പിക്കുന്ന നിലയിലാണ്‌ അധികാരത്തിന്റെ മറവിലുള്ള ഭരണഘടനാ ലംഘനവും പൗരാവകാശ ധ്വംസനങ്ങളും. മന്‍മോഹന്‍സിംഗിനോട്‌ സേവന മേഖലയില്‍ നിന്ന്‌ പിന്‍മാറാന്‍ ആവശ്യപ്പെടുന്ന അമേരിക്കയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ അവരുടെ പൗരന്മാരുടെ ആരോഗ്യ സാമ്പത്തിക നില ഭദ്രമാക്കാന്‍ സബ്സിഡികള്‍ കൊണ്ട്‌ അനുഗ്രഹിക്കുമ്പോഴാണ്‌ കുടിവെള്ളം പോലും കവര്‍ന്നെടുത്ത്‌ അമേരിക്കയുടെ അഞ്ചാം പത്തിയാകാന്‍ മന്‍മോഹന്‍സിംഗ്‌ ഉളുപ്പില്ലാതെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. ഈ പോക്ക്‌ രാഷ്ട്രവിരുദ്ധമാണ്‌, ജനവിരുദ്ധമാണ്‌, സാമ്പത്തിക ഭീകരവാദവുമാണ്‌.
ഭീകരവാദികളെ ഉന്മൂലനം ചെയ്യലാണ്‌ സര്‍ക്കാരിന്റെ അജണ്ടയെങ്കില്‍ ഭരണകൂടഭീകരതയെ അതിന്റെ പ്രഭവസ്ഥാനത്ത്‌ തന്നെ തകര്‍ക്കേണ്ടത്‌ പൗരന്റെ അവകാശവും ധര്‍മവും ഉത്തരവാദിത്തവുമാണ്‌.ആ പ്രതിജ്ഞയാവണം ഈ റിപ്പബ്ലിക്‌ ദിനത്തില്‍ ഓരോപൗരനും എടുക്കേണ്ടത്‌.അതിന്‌ തയ്യറല്ലാത്ത ഭീരുത്വമാണ്‌ നമ്മെ ഭരിക്കുന്നതെങ്കില്‍ ,ഓര്‍ത്തോളൂ ശ്വസിക്കുന്ന വായുവിനായിരിക്കും മന്‍മോഹന്‍ ഇനി നികുതിയേര്‍പ്പെടുത്തുക

No comments: