Tuesday, January 24, 2012

അഴീക്കോട്‌ മാഷിന്റെ ഊഴം കഴിഞ്ഞു; ഇനിയാര്‌..?


കഴിഞ്ഞ അരനൂറ്റാണ്ടിനകം മലയാളി നെഞ്ചേറ്റിയ രണ്ടു സ്വരങ്ങളേയുള്ളൂ. ഒന്ന്‌ ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റേത്‌. രണ്ടാമത്തേത്‌ അഴീക്കോട്‌ മാഷിന്റേത്‌. മനുഷ്യ മനസ്സുകളെ ഭരിക്കുന്നതിന്റെ കലയാണ്‌ പ്രസംഗകല എന്ന പ്ലേറ്റോയുടെ നിരീക്ഷണത്തിന്റെ പര്യായമായ അഴീക്കോട്‌ മാഷിന്റെ അനശ്വര വചസ്സുകളുടെ ലഹരിയില്‍ ശ്രോതഹൃദയങ്ങള്‍ അരയാലിലപോലെ അവിരതസ്പന്ദം കൊണ്ട നിമിഷങ്ങള്‍ എത്രയെത്രയെത്രയാണ്‌..!
ഇനി ഇങ്ങനെ മലയാളിയെ പ്രകോപിപ്പിക്കാനും പ്രചോദിപ്പിക്കാനും സാമൂഹിക ബോധവും പ്രതിബദ്ധതയുമുള്ള ഒരു വ്യക്തിത്വം വര്‍ത്തമാനകാല കേരളത്തില്‍ ഇല്ല എന്നതാണ്‌ അഴീക്കോട്‌ മാഷിന്റെ വിയോഗതീവ്രത വര്‍ദ്ധിപ്പിക്കുന്നത്‌. ആ അര്‍ത്ഥത്തില്‍ ഇനി ആര്‌ എന്ന ചോദ്യം മലയാളി മനസ്സുകളെ പിടിച്ചുലച്ചുകൊണ്ടേയിരിക്കും.





ആതിരേ,കാന്‍സര്‍ ബാധിച്ച അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ സ്റ്റിവാര്‍ട്ട്‌ ജെഹോനോട്ട്‌ ഒലിവര്‍ അല്‍സോപ്‌ മരണത്തിന്‌ മുന്‍പ്‌ നടത്തിയ ഒരു നിരീക്ഷണം ഇങ്ങനെയാണ്‌: "ഉറക്കക്ഷീണമുള്ളവന്‌ ഉറക്കം അനിവാര്യമാണ്‌. അതുപോലെയാണ്‌ മരണാസന്നന്‌ മരണവും. അതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളെല്ലാം മൗഢ്യവും പ്രയോജനരഹിതവുമായിരിക്കും". അതേ മരണം ജൈവനൈരന്തര്യത്തിലെ അനിവാര്യതയാണ്‌. അത്‌ ഒന്നിന്റെയും അവസാനമല്ല. ജീവിതത്തിന്റെ കൊടിപ്പടം താഴ്ത്താന്‍ മൃത്യുവിന്‌ കഴിയുകയുമില്ല. അതുകൊണ്ട്‌ ഒരു മരണവും അപരിഹാര്യമായ നഷ്ടമാകാന്‍ പാടില്ലാത്തതാണ്‌.
പക്ഷേ, ചില ദേഹവിയോഗങ്ങള്‍ ജീവിച്ചിരിക്കുന്നവരില്‍ കടുത്ത പ്രക്ഷുബ്ധതകള്‍ സൃഷ്ടിക്കാറുണ്ട്‌. വ്യക്തിപരമായ നഷ്ടങ്ങള്‍ ഉണ്ടാക്കുന്ന വേദനയല്ല അത്‌. മറിച്ച്‌ സമൂഹത്തിന്റെ ജീവിതവ്യാപാര രംഗങ്ങളിലെല്ലാം സമര്‍ത്ഥവും സാര്‍ത്ഥകവുമായ ഇടപെടലുകളിലൂടെ അനീതിക്കും അക്രമത്തിനും എതിരായ പ്രതിരോധം ചമയ്ക്കുകയും പൊതുസമൂഹത്തെ ആ ദൗത്യത്തിലേക്ക്‌ വിളിച്ചുണര്‍ത്തുകയും ചെയ്യുന്ന ചില സാന്നിദ്ധ്യങ്ങളുടെ വിയോഗമാണ്‌ നേരത്തെ സൂചിപ്പിച്ചതുപോലുള്ള മാനസിക വിക്ഷോഭങ്ങള്‍ സൃഷ്ടിക്കുന്നത്‌.
ഡോ. സുകുമാര്‍ അഴീക്കോടിന്റെ ദേഹവിയോഗവും അത്തരത്തിലൊരു സംത്രാസമാണ്‌, ആതിരേ സൃഷ്ടിക്കുന്നത്‌. എങ്ങനെ മരിച്ചു എന്നതല്ല എങ്ങനെ ജീവിച്ചു എന്നതാണ്‌ ഒരു വ്യക്തിയുടെ മഹത്വമായി കണക്കാക്കേണ്ടത്‌.ആ ഭൂമികയില്‍ മഹത്വപൂര്‍ണ്ണമായി ജീവിച്ച്‌ സമകാലികര്‍ക്കും പിന്നാലെ വരുന്നവര്‍ക്കും ഒരു മാതൃക അവശേഷിപ്പിച്ചിട്ടാണ്‌ ഡോ. സുകുമാര്‍ അഴീക്കോട്‌ മണ്ണിലേക്ക്‌ മടങ്ങിയത്‌.
ആറര പതിറ്റാണ്ടുകാലം കേരളത്തിന്റെ പൊതുജീവിതത്തില്‍ സാരാംശം നിറഞ്ഞ സാന്നിദ്ധ്യമായി കലഹത്തിന്റെയും കലാപത്തിന്റെയും ക്ഷോഭത്തിന്റെയും പരമ്പരകള്‍ സൃഷ്ടിച്ച്‌ മലയാളിയെ സാമുഹികപ്രതിബദ്ധതയുള്ള ജൈവശക്തിയാക്കി മാറ്റാന്‍ ശ്രമിച്ച നിഷ്ഠാബദ്ധമായ സമര്‍പ്പണമായിരുന്നു അഴീക്കോട്‌ മാഷ്‌. എഴുത്തും പ്രഭാഷണകലയും ഈ ദൗത്യയാത്രയില്‍ അദ്ദേഹത്തിന്റെ പാദുകങ്ങളായിരുന്നു. അഴിമതിക്കും അക്രമത്തിനും അനീതിക്കും എതിരായി മാത്രമല്ല, ഇത്തരം സാമൂഹിക തിന്മകള്‍ക്കെതിരെ പ്രതികരിക്കാത്ത ഭീരുത്വത്തിനെതിരായുള്ള കലഹം കൂടിയായിരുന്നു അഴീക്കോട്‌ മാഷിന്റെ ജീവിതം.
ഖണ്ഡനവിമര്‍ശനത്തിലൂടെ സാഹിത്യത്തിലേക്ക്‌ കടന്നുവന്ന്‌ പിന്നീട്‌ പ്രഭാഷണകലയിലൂടെ വാക്കിന്റെ ചൂണ്ടുവിരല്‍ ചൂണ്ടി മലയാളി മനസ്സുകളെ പിടിച്ചുലച്ച അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സാമൂഹിക പ്രതിബദ്ധതയായിരുന്നു, ആതിരേ, അദ്ദേഹം. ഒരു കോണ്‍ഗ്രസുകാരനായി തുടങ്ങി കമ്യൂണിസ്റ്റ്‌ സഹയാത്രികനായി പരിണമിച്ച അദ്ദേഹത്തിന്റെ സാമൂഹിക സാഹിത്യ ജീവിതം എന്നും സുതാര്യമായിരുന്നു എന്നതാണ്‌ സവിശേഷമായ വസ്തുത. വാക്കായിരുന്നു അദ്ദേഹത്തിന്റെ ആയുധം. അറിവ്‌ അതിന്റെ മൂര്‍ച്ചയും എതിര്‍പ്പാളയത്തിന്റെ ശക്തി വര്‍ദ്ധിക്കും തോറും വാക്കിന്റെ കാഠിന്യവും വര്‍ദ്ധിക്കുമായിരുന്നു. പൊതുസമൂഹത്തിന്റെ ഭൗതികവും ബൗദ്ധികവുമായ ജീവിതത്തെ സ്വാധീനിക്കുന്നവരുടെ സ്വീകാര്യമല്ലാത്ത നിലപാടുകളെയും ആശയങ്ങളെയും കടന്നെതിര്‍ക്കാന്‍ ഒരിക്കലും അഴീക്കോട്‌ അറച്ചു നിന്നിരുന്നില്ല. അതുകൊണ്ടാണ്‌ മഹാകവി ശങ്കരക്കുറുപ്പു മുതല്‍ മോഹന്‍ലാല്‍ വരെയുള്ളവര്‍ അദ്ദേഹത്തിന്റെ നിശിത വിമര്‍ശനത്തിന്‌ വിധേയരായത്‌. കെ.കരുണാകരന്‍ മുതല്‍ കെഎസ്‌യുവിലെ പുതിയ തലമുറയെ വരെ ധാര്‍മ്മികതയുടെയും ഉത്തരവാദിത്തങ്ങളുടെയും സുതാര്യതയുടെയും സത്യസന്ധതയുടെയും തലത്തില്‍ കീറിമുറിച്ച്‌ സത്യങ്ങള്‍ വിളിച്ചു പറയാന്‍, ആതിരേ, അഴീക്കോട്‌ മാഷിന്റെ നാവിനു മാത്രമേ ശക്തിയും ധൈര്യവും ഉണ്ടായിരുന്നുള്ളൂ.
കാല്‍പ്പനിക സാഹിത്യകാരനായി ആശാന്റെ സീതാകാവ്യത്തെ പുനര്‍വായനയ്ക്ക്‌ വിധേയമാക്കി ആരംഭിച്ച സാഹിത്യ ജീവിതത്തില്‍ അക്കാലത്ത്‌ ഉച്ചസൂര്യനെപ്പോലെ ഉദിച്ചു നിന്ന മഹാകവി ജി.ശങ്കരക്കുറുപ്പിനെ വിമര്‍ശിച്ചുകൊണ്ട്‌ കടുത്ത നിലപാടുകളുടെയും സത്യപ്രഖ്യാപനങ്ങളുടെയും അടയാളമിട്ട തന്റേടമായിരുന്നു അഴീക്കോട്‌. ക്ലാസിക്‌ കൃതികളുമായുള്ള ബന്ധത്തില്‍ നിന്ന്‌ ആവാഹിച്ചെടുത്ത പാണ്ഡിത്യം രചനയിലും അദ്ധ്യാപനത്തിലും പ്രഭാഷണത്തിലും അദ്ദേഹത്തെ അനന്യമായ ഒരു സാന്നിദ്ധ്യമായി അടയാപ്പെടുത്തി. അതുകൊണ്ടാണ്‌, ആതിരേ, അദ്ദേഹത്തിന്റെ രചനകളിലും പ്രഭാഷണങ്ങളിലും ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും റസലിന്റെയും വാഗ്ഭടാനന്ദന്റെയും ശ്രീനാരായണ ഗുരുവിന്റെയും തുടങ്ങി സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക്‌ ഉത്തോലകങ്ങളായ ജീവിതങ്ങളുടെ നിറസാന്നിദ്ധ്യം അനുവാചകര്‍ക്കും ശ്രോതാക്കള്‍ക്കും അനുഭവവേദ്യമായത്‌.
അടിയന്തരാവസ്ഥ വരെ കടുത്ത കമ്യൂണിസ്റ്റ്‌ വിരുദ്ധനായിരുന്നു അഴീക്കോട്‌. മനുഷ്യന്‍ അധഃപതിച്ചാല്‍ മൃഗമാകുമെന്നും വീണ്ടും അധപതിച്ചാല്‍ കമ്യൂണിസ്റ്റാകുമെന്നും നിരീക്ഷിച്ച നിശിതമായ കമ്യൂണിസ്റ്റ്‌ വിരോധത്തില്‍ നിന്ന്‌ 70-കളുടെ ഒടുവില്‍ കമ്യൂണിസ്റ്റ്‌ സഹയാത്രികനായ കോണ്‍ഗ്രസുകാരനായി അഴീക്കോട്‌ മാഷ്‌ പരിണമിച്ചു. ഒരു കോണ്‍ഗ്രസുകാരനായി മരിക്കണം എന്നാണ്‌ തന്റെ ആഗ്രഹമെങ്കിലും തന്റെ മരണത്തിനു മുന്‍പ്‌ കോണ്‍ഗ്രസ്‌ മരിക്കുമെന്ന്‌ തുറന്നു പറയാനുള്ള തിരിച്ചറിവും ചങ്കൂറ്റവും അഴീക്കോട്‌ മാഷിന്‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സാഹിത്യവിമര്‍ശകനെന്ന നിലയില്‍ ക്ലാസിക്‌ പാരമ്പര്യമാണ്‌ അഴീക്കോട്‌ മാഷിനുണ്ടായിരുന്നത്‌. ആധുനിക-ഉത്തരാധുനിക സാഹിത്യമേഖലയോട്‌ അത്രയ്ക്കൊന്നും ചങ്ങാത്തവും ആഭിമുഖ്യവും ഇല്ലാതിരുന്നതുകൊണ്ടാവാം പില്‍ക്കാലത്ത്‌ പ്രഭാഷണകലയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും കേരളത്തിന്റെ മുക്കിലും മൂലയിലും തന്നിലെ പ്രക്ഷോഭകാരിയുടെ സാന്നിദ്ധ്യം അറിയിക്കുകയും ചെയ്തത്‌.ആതിരേ, കഴിഞ്ഞ അരനൂറ്റാണ്ടിനകം മലയാളി നെഞ്ചേറ്റിയ രണ്ടു സ്വരങ്ങളേയുള്ളൂ. ഒന്ന്‌ ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റേത്‌. രണ്ടാമത്തേത്‌ അഴീക്കോട്‌ മാഷിന്റേത്‌. മനുഷ്യ മനസ്സുകളെ ഭരിക്കുന്നതിന്റെ കലയാണ്‌ പ്രസംഗകല എന്ന പ്ലേറ്റോയുടെ നിരീക്ഷണത്തിന്റെ പര്യായമായ അഴീക്കോട്‌ മാഷിന്റെ അനശ്വര വചസ്സുകളുടെ ലഹരിയില്‍ ശ്രോതഹൃദയങ്ങള്‍ അരയാലിലപോലെ അവിരതസ്പന്ദം കൊണ്ട നിമിഷങ്ങള്‍ എത്രയെത്രയെത്രയാണ്‌..!
ആലസ്യത്തില്‍ ആണ്ട മലയാളി മനസ്സുകളെ ക്ഷോഭത്തിന്റെ വാക്കുകളിലൂടെ എന്നും വിളിച്ചുണര്‍ത്തുകയും മലയാളികള്‍ ഉറങ്ങിയപ്പോഴെല്ലാം ഉറങ്ങാതുണര്‍ന്നിരുന്ന്‌ തിന്മകള്‍ക്കെതിരെ പോരാടുകയും ചെയ്ത അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ സാമൂഹിക പ്രതിഭാസമായിരുന്നു സുകുമാര്‍ അഴീക്കോട്‌. കാര്‍ക്കശ്യവും കാല്‍പനീകതയും ഇക്കാര്യത്തില്‍ അദ്ദേഹത്തില്‍ സമഞ്ജസമായി സന്നിവേശിച്ചിരുന്നു. സുതാര്യമായ നിലപാടുകളിലൂടെ എന്നും സമൂഹത്തിലെയും രാഷ്ട്രീയത്തിലെയും സമുദായത്തിലെയും കള്ള നാണയങ്ങള്‍ക്കെതിരെ പൊരുതിയ ആ ധീരനാണ്‌ ഇപ്പോള്‍ ഓര്‍മ്മയായിരിക്കുന്നത്‌. ഇനി ഇങ്ങനെ മലയാളിയെ പ്രകോപിപ്പിക്കാനും പ്രചോദിപ്പിക്കാനും സാമൂഹിക ബോധവും പ്രതിബദ്ധതയുമുള്ള ഒരു വ്യക്തിത്വം വര്‍ത്തമാനകാല കേരളത്തില്‍ ഇല്ല എന്നതാണ്‌ അഴീക്കോട്‌ മാഷിന്റെ വിയോഗതീവ്രത വര്‍ദ്ധിപ്പിക്കുന്നത്‌. ആ അര്‍ത്ഥത്തില്‍ ഇനി ആര്‌ എന്ന ചോദ്യം മലയാളി മനസ്സുകളെ പിടിച്ചുലച്ചുകൊണ്ടേയിരിക്കും. ആ അര്‍ത്ഥത്തില്‍, ആതിരേ അപരിഹാര്യമാണ്‌ ഈ നഷ്ടം.
ആ ദീപ്തസ്മരണകള്‍ക്ക്‌ മുന്‍പില്‍ ഞാനും നമ്രശിരസ്കനാകുന്നു.

No comments: