
ഈ സംഭവം വലിയൊരു വാസ്തവത്തിലേയ്ക്കാണ് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ഉത്തരേന്ത്യയില്‍ നടമാടുന്ന ജാതി വിവേചനത്തിനെതിരായ രണ്ടാം സ്വാതന്ത്ര്യ സമരം ആരംഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അണ്ണാഹസാരേയെപ്പോലുള്ളവരുടെയും കിരണ്‍ ബേദിയെ പോലുള്ളവരുടേയും സത്വര ശ്രദ്ധ പതിയേണ്ട മേഖലയാണിത്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നോ വനിതാ പ്രസ്ഥാനങ്ങളില്‍ നിന്നോ ഈ നിലയ്ക്കുള്ള ഇടപെടല്‍ ഈ നൂറ്റാണ്ട് അവസാനിച്ചാലും ഉണ്ടാകുകയില്ല. അതുകൊണ്ട് സാമൂഹിക ബോധവും സഹജീവികളോട് അനുഭാവ പൂര്‍ണ്ണമായ പരിഗണനയുമുള്ള പൗരസമൂഹം തന്നെ ഈ വൃത്തികേടിനെതിരെ മുന്നോട്ട് വരേണ്ടതുണ്ട്. ഒപ്പം സ്ത്രീയെ പീഡിപ്പിക്കുന്ന അതിന് കൂട്ടുനില്‍ക്കുന്ന സ്ത്രൈണ ദുഷ്ടതകള്‍ക്ക് കഠിനമായ ശിക്ഷ നല്‍കാന്‍ നിയമപാലകരും ന്യായാസനങ്ങളും തയ്യാറാകുകയും വേണം . ഇനിയൊരു ദളിത് വിദ്യാര്‍ത്ഥിനിയും ഇതുപോലെ അപമാനിക്കപ്പെടാന്‍ പാടില്ല.
ആതിരേ,പത്താംക്ലാസ് പരീക്ഷ നടക്കുന്നതിനിടെ കോപ്പിയടിച്ചു എന്ന സംശയത്തിന്റെ പേരില്‍ രണ്ട് ദളിത് വിദ്യാര്‍ത്ഥിനികളുടെ വസ്ത്രം അഴിച്ച് പരിശോധിച്ച അധ്യാപികമാര്‍ ഇന്ത്യന്‍ വനിതകള്‍ക്കാകെ അപമാനമായി. നാല്‍പതോളം ആണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികളുടെ മുന്നില്‍വെച്ചാണ് രണ്ട് വനിതാ എക്സാം ഇന്‍വിജിലിറ്റേഴ്സ് വസ്ത്രം അഴിപ്പിച്ച് വിദ്യാര്‍ത്ഥിനികളെ പരിശോധനയുടെ പേരില്‍ അപമാനിച്ചത്.
മുമ്പും നിരവധി ദളിത് പീഡന സംഭവങ്ങളിലൂടെ കുപ്രസിദ്ധി നേടിയിട്ടുള്ള മധ്യപ്രദേശിലെ നരസിംഹബൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂളിലാണ് 15 വയസുള്ള രണ്ട് വിദ്യാര്‍ത്ഥിനികള്‍ അപമാനിക്കപ്പെട്ടത്. ബാരഹ്ബാര ഗ്രാമത്തിലെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന പരീക്ഷയ്ക്കിടയിലാണ് സംഭവം. കുട്ടികള്‍ കോപ്പിയടിച്ചു എന്ന പരിശോധന നടത്തുന്നതിനിടെ സംശയം തോന്നിയതിനെത്തുടര്‍ന്ന് ഇവരുടെ വസ്ത്രം അഴിച്ച് പരിശോധിക്കുകയായിരുന്നു.
മാര്‍ച്ച് 15 ന് നടന്ന മാത്തമാറ്റിക്സ് പരീക്ഷയ്ക്കിടയിലായിരുന്നു സംഭവം. കോപ്പിയടിക്കാന്‍ ഉപയോഗിച്ച തുണ്ടുകടലാസ് പരിശോധകരെ കണ്ടപ്പോള്‍ വിദ്യാര്‍ത്ഥിനികള്‍ വസ്ത്രത്തിനിടയില്‍ ഒളിപ്പിച്ചുവെന്ന് ശാഠ്യം പിടിച്ചാണ് അവരെ വിവസ്ത്രരാക്കിയത്. വിദ്യാര്‍ത്ഥിനികള്‍ വസ്ത്രമഴിക്കാന്‍ വിസമ്മതിച്ചപ്പോള്‍ ചൂരിദാറിന്റെ വള്ളിമുറിച്ച് നീക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ്, ആതിരേ, ആണ്‍കുട്ടികള്‍ അടക്കമുള്ള മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍വെച്ച് ഈ ദളിത് വിദ്യാര്‍ത്ഥിനികളെ സവര്‍ണ്ണ ജാതിയില്‍പ്പെട്ട അധ്യാപികമാര്‍ അപമാനിച്ചത്. പ്രീതി ശര്‍മ്മ, രേഷ്മ സിമായ എന്നീ രണ്ട് വനിതാ പരിശോധകരാണ് ഈ കൊടുംക്രൂരത കാണിച്ചത്.
സംഭവം നടന്ന് ദിവസങ്ങള്‍ക്കുശേഷമാണ് വിദ്യാര്‍ത്ഥിനികള്‍ സംഭവം വീട്ടില്‍ പറഞ്ഞത്. ഉടന്‍തന്നെ മാതാപിതാക്കള്‍ ഇരുവരെയുകൂട്ടി ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കളക്ടര്‍ സഞ്ചയ് സിംഗ് ഉത്തരവിട്ടിട്ടുണ്ട്.
തങ്ങളെ വിവസ്ത്രരാക്കിയ സമയത്ത് പരീക്ഷാഹാളിലെ ആണ്‍കുട്ടികള്‍ തങ്ങളെ നോക്കി പരിഹസിച്ച് ചിരിച്ചുവെന്നും വൃത്തികെട്ട കമന്റുകള്‍ പാസാക്കിയെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. ദീര്‍ഘനേരത്തേ പരിശോധനയ്ക്ക് ശേഷം ഒന്നും കണ്ടെത്താതിരുന്നതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളെ പരീക്ഷയെഴുതാന്‍ അനുവദിക്കുകയായിരുന്നു.
ആതിരേ,ദളിത് പീഡനം, സ്ത്രീ പീഡനം എന്നിവ നിത്യേന മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തകളാണ്. പിതാക്കന്മാരും സഹോദരന്മാരും ബന്ധുക്കളും സഹപ്രവര്‍ത്തകരും അപരിചിതരുമായ പുരുഷന്മാരാണ് വീട്ടിലും വഴിയിലും യാത്രാവേളയിലും തൊഴിലിടങ്ങളിലും സ്ത്രീകളെ പീഡിപ്പിക്കുന്നതെന്നും ഈ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ പുരുഷന്മാരെല്ലാം കണ്ണില്‍ ചോരയില്ലാത്ത സ്ത്രീ പീഡകരാണെന്നും തക്കംകിട്ടിയാല്‍ ലൈംഗീകമായി പീഡിപ്പിക്കാന്‍ അവസരം കാത്തിരിക്കുന്ന കാമപിശാചുക്കളാണെന്നുമുള്ള ധാരണയാണ് പൊതുവെ പരന്നിട്ടുള്ളത്. ഒരുപരിധിവരെ അത് ശരിയുമാണ്.
എന്നാല്‍ സ്ത്രീ പീഡനത്തിന് പുരുഷന്മാര്‍ക്ക് അവസരമൊരുക്കിക്കൊടുക്കുന്നതും പുരഷന്മാരുടെ കാമഭോഗത്തിനായി കൊച്ചു പെണ്‍കുട്ടികള്‍മുതല്‍ വീട്ടമ്മമാര്‍ വരെയുള്ളവരെ വശീകരിച്ച ് സമര്‍പ്പിക്കുന്നതും മുതിര്‍ന്ന സ്ത്രീകളാണെന്ന സത്യം, സ്ത്രീ പീഡനത്തെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോഴെല്ലാം നാം മറുന്നുപോകാറുണ്ട്. ഇന്ത്യയില്‍ സ്ത്രീയുടെ ശത്രു സ്ത്രീതന്നെയാണെന്ന് സ്ഥാപിക്കുന്ന നിരവധി സംഭവങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ നടക്കുന്ന കൊടു ക്രൂരതകള്‍ക്ക് ചുക്കാന്‍പിടിക്കുന്ന അമ്മായിയമ്മമാരും നാത്തൂന്മാരും സ്ത്രീകളാണെന്നതിനുപരി പെണ്‍മക്കളുടെ അമ്മമാരാണെന്നതും തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതകളാണ്. സ്ത്രീ പീഡനത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുമ്പോഴും സെമിനാറുകള്‍ നടത്തുമ്പോഴും ഈ വാസ്തവം തമസ്ക്കരിച്ച് പഴി മുഴുവന്‍ പുരുഷന്മാരുടെ തലയില്‍ കെട്ടിവെയ്ക്കാനാണ് വനിതാ സംഘടനകള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും എന്തിനധികം മാധ്യമങ്ങള്‍ക്കും താത്പര്യം.
വസ്തുതകള്‍ മറന്ന് സംഭവങ്ങളെ വൈകാരികമായി സമീപിക്കുന്നതുമൂലമാണ്, ആതിരേ, ഇത്തരത്തിലുള്ള വക്രീകരണം നടത്തുന്നത്. ഇത് പുരുഷന്മാരെ മുഴുവന്‍ ക്രൂരന്മാരും തെറ്റുകാരും കാമപിശാചുക്കളുമായി ചിത്രീകരിക്കാന്‍ ഇടം നല്‍കുന്നു എന്നതിനുപരി സ്ത്രീ പീഡകരായ സ്ത്രീകളെ സംരക്ഷിക്കുന്ന അനാശാസ്യമായ പ്രവണത വളര്‍ത്തിയെടുക്കുന്നു.
സാക്ഷരരെന്നും രാഷ്ട്രീയ പ്രബുദ്ധരെന്നും അവകാശപ്പെടുന്ന കേരളത്തില്‍പ്പോലും മറിച്ചല്ല അവസ്ഥ. സ്ത്രീധനത്തിന്റെ പേരില്‍ യുവതികള്‍ പീഡിപ്പിക്കപ്പെടുകയും ചുട്ടുകൊല്ലപ്പെടുകയും ആത്മഹത്യയിലേയ്ക്ക് നയിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ ക്രൂരതയുടെ പര്യായങ്ങളായി സ്ത്രീത്വത്തെ അപമാനിക്കുന്ന സ്ത്രൈണ സാന്നിദ്ധ്യങ്ങളെക്കുറിച്ച് അത്രയ്ക്കൊന്നും ഗൗരവമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയോ നിയമ നടപടികള്‍ ഉണ്ടാകുകയോ ചെയ്യുന്നില്ല. കേരളത്തെ നടുക്കിയിട്ടുള്ള എല്ലാ പെണ്‍വാണിഭങ്ങളുടേയും ഇടനിലക്കാര്‍ പ്രായപൂര്‍ത്തിയായ, പെണ്‍മക്കള്‍ ഉള്ളവരും വിവാഹിതരായ പെണ്‍മക്കള്‍ ഉള്ളവരുമായിരുന്നു. സൂര്യനെല്ലി മുതല്‍ വരാപ്പുഴ പെണ്‍വാണിഭംവരെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതും അല്ലാത്തതുമായ എല്ലാ സംഭവങ്ങളിലും ലാഭക്കൊതിമൂത്ത, കണ്ണില്‍ ചോരയില്ലാത്ത സ്ത്രൈണ സാന്നിദ്ധ്യങ്ങള്‍ ഉണ്ട്. ഇവര്‍ക്കെതിരെ പക്ഷേ നിയമ നടപടികള്‍പോലും കര്‍ശനമായി സ്വീകരിക്കപ്പെടുന്നില്ല, സൂര്യനെല്ലി പെണ്‍വാണിഭ കേസിലെ ഉഷയും വിതുര പെണ്‍വാണിഭ കേസിലെ ആരിഫയും മുതല്‍ കവിയൂര്‍ - കിളിരൂര്‍ കേസിലെ ലതാ നായരും വരാപ്പുഴയടക്കം നിരവധി പെണ്‍വാണിഭകേസിലെ മുഖ്യപ്രതിയായ ലതാനായരുമെല്ലാം നിസാരമായ കുറ്റങ്ങള്‍ക്ക് നിസാരമായ ശിക്ഷകള്‍ ഏറ്റുവാങ്ങി നിയമത്തെയും സ്ത്രീ വര്‍ഗത്തെത്തന്നെയും കബളിപ്പിക്കുന്നതും നാം കണ്ടുകൊണ്ടിരിക്കുകയാണ്.
കേരളത്തിലെ അവസ്ഥ ഇതാണെങ്കില്‍ ഉത്തരേന്ത്യയിലെ കാര്യം പറയാതിരിക്കുകയാണ് ഭേദം. സ്വാതന്ത്ര്യം പ്രാപിച്ച് ആറു പതിറ്റാണ്ട് കഴിഞ്ഞിട്ടും, ആതിരേ, അയിത്തവും സവര്‍ണ്ണ ജാതി മേധാവിത്തവും ഇന്നും ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ കൊടികുത്തി വാഴുകയാണ്. കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയും ചെറിയ കുറ്റത്തിന് പോലും തെരുവിലൂടെ നഗ്നരാക്കി നടത്തിയും ഉത്തരേന്ത്യയിലെ ദളിത് സ്ത്രീകളെ സവര്‍ണ്ണ മേധാവിത്വവും അവരുടെ പാദസേവകരായ ക്രമസമാധാന പാലകരും നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുകയാണ്. ആ ദുഷ്കൃത്യ പരമ്പരയിലെ അവസാനത്തെ സംഭവമാണ് നരസിംഹബൂരില്‍ അരങ്ങേറിയത്.മുന്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ ദളിത് വിദ്യാര്‍ത്ഥിനികളെ അപമാനിച്ച അധ്യാപികമാര്‍ ഒരുകാലത്തും ശിക്ഷിക്കപ്പെടാന്‍ പോകുന്നില്ല. മാധ്യമങ്ങള്‍ വിഷയമേറ്റെടുത്തതുകൊണ്ടുമാത്രമാണ് കളക്ടര്‍ അന്വേഷണ പ്രഹസനത്തിന് ഉത്തരവിട്ടത്.
ഈ സംഭവം വലിയൊരു വാസ്തവത്തിലേയ്ക്കാണ് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ഉത്തരേന്ത്യയില്‍ നടമാടുന്ന ജാതി വിവേചനത്തിനെതിരായ രണ്ടാം സ്വാതന്ത്ര്യ സമരം ആരംഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അണ്ണാഹസാരേയെപ്പോലുള്ളവരുടെയും കിരണ്‍ ബേദിയെ പോലുള്ളവരുടേയും സത്വര ശ്രദ്ധ പതിയേണ്ട മേഖലയാണിത്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നോ വനിതാ പ്രസ്ഥാനങ്ങളില്‍ നിന്നോ ഈ നിലയ്ക്കുള്ള ഇടപെടല്‍ ഈ നൂറ്റാണ്ട് അവസാനിച്ചാലും ഉണ്ടാകുകയില്ല. അതുകൊണ്ട് സാമൂഹിക ബോധവും സഹജീവികളോട് അനുഭാവ പൂര്‍ണ്ണമായ പരിഗണനയുമുള്ള പൗരസമൂഹം തന്നെ ഈ വൃത്തികേടിനെതിരെ മുന്നോട്ട് വരേണ്ടതുണ്ട്. ഒപ്പം സ്ത്രീയെ പീഡിപ്പിക്കുന്ന അതിന് കൂട്ടുനില്‍ക്കുന്ന സ്ത്രൈണ ദുഷ്ടതകള്‍ക്ക് കഠിനമായ ശിക്ഷ നല്‍കാന്‍ നിയമപാലകരും ന്യായാസനങ്ങളും തയ്യാറാകുകയും വേണം . ഇനിയൊരു ദളിത് വിദ്യാര്‍ത്ഥിനിയും, ആതിരേ ഇതുപോലെ അപമാനിക്കപ്പെടാന്‍ പാടില്ല.
No comments:
Post a Comment