Monday, March 19, 2012

പാലിയേക്കര: സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള രണ്ടാം സമരം


ദളിത്‌ - പിന്നാക്ക അധസ്ഥിത വിഭാഗത്തിന്‌ പൊതു വഴിയിലൂടെ സഞ്ചരിക്കാന്‍ 1893 ല്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സരമത്തോടെയാണ്‌ ആ പൊതുബോധം സൃഷ്ടിക്കപ്പെട്ടത്‌. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ രൂപംകൊണ്ട നവോത്ഥാന പ്രസ്ഥാനങ്ങളും ഇടതുപക്ഷ പുരോഗമന ശക്തികളും ചേര്‍ന്ന്‌ നേടിയെടുത്ത പൗരന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന്‌ മേലാണ്‌ ഇപ്പോള്‍ ചുങ്കം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ഇത്‌ ജനവിരുദ്ധമാണ്‌, ജനാധിപത്യ വിരുദ്ധമാണ്‌; ഭരണഘടന ഉറപ്പ്‌ നല്‍കുന്ന സഞ്ചാര സ്വാതന്ത്ര്യം എന്ന മൗലീകാവകാശത്തിന്റെ ലംഘനമാണ്‌. ഇതിനെതിരെ ഉയര്‍ന്ന ജനകീയ പ്രക്ഷോഭത്തെയാണ്‌ പാലിയേക്കര പ്രതിനിധാനം ചെയ്യുന്നത്‌
കേരളത്തിന്റെ രാഷ്ട്രീയ പോരാട്ട ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു ഏട്‌ രചിക്കുകയാണ്‌ ആതിരേ,പാലിയേക്കരയിലെ ടോള്‍ പിരിവ്‌ വിരുദ്ധ സമരം. വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പൗരന്റെ പോരാട്ടത്തിന്റെ രണ്ടാംഘട്ടമാണ്‌ ഇത്‌. അധസ്ഥിത ജനവിഭാഗങ്ങള്‍ക്ക്‌ പൊതുവഴിയിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിനായി ഒരു നൂറ്റാണ്ട്‌ മുമ്പ്‌ നടത്തിയ സമരത്തിന്റെ ചരിത്രപരമായ തുടര്‍ച്ച .
ദേശീയപാത 47 ല്‍ മണ്ണുത്തി - അങ്കമാലി റൂട്ടിലെ പാലിയേക്കരയില്‍ സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ ചുങ്കപ്പുരയ്ക്കെതിരായ ജനകീയ സമരം പൂര്‍വ മാതൃകകളില്ലാത്തതാണ്‌. വിളപ്പില്‍ശാലയിലെന്നപോലെ, പോരാടുന്ന നഴ്സുമാരുടെ കാര്യത്തിലെന്നപോലെ ഇവിടെയും മുഖ്യാധാരാ രാഷ്ട്രീയ പാര്‍ട്ടികളുടേയോ ട്രേഡ്‌ യൂണിയനുകളുടേയോ നേതൃത്വമില്ലാതെയുള്ള ജനകീയ സമരമാണ്‌ ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുന്നത്‌. തൃശൂര്‍ ജില്ലയിലെ ആമ്പല്ലൂരിലാരംഭിക്കുകയും പിന്നെ നെന്മണിക്കര പഞ്ചായത്തിലേയ്ക്ക്‌ കത്തിപ്പടരുകയും ചെയ്ത ടോള്‍വിരുദ്ധ സമരം, ദേശീയ പാതയുടെ സ്വകാര്യ വത്ക്കരണത്തിനും ചുങ്കപ്പിരിവ്‌ എന്ന പകല്‍ കൊള്ളയ്ക്കുമെതിരായ ജനകീയ മുന്നറിയിപ്പാണ്‌.
പാലിയേക്കര ടോള്‍ പ്ലാസയ്ക്കരികില്‍ ഒരുമാസം മുമ്പാരംഭിച്ച നിരാഹാര സമരത്തില്‍,ആതിരേ, വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത്‌ നിരവധിപ്പേര്‍ പങ്കെടുക്കുകയും അറസ്റ്റ്‌ വരിക്കുകയുമുണ്ടായി. ഈ ജനകീയ സമരത്തെ അട്ടിമറിക്കാന്‍ ഭരണവര്‍ഗ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ വൃന്ദവും കോര്‍പ്പറേറ്റ്‌ കുത്തകകളും കൈകോര്‍ത്തിട്ടുണ്ടെങ്കിലും കുത്തകകള്‍ക്ക്‌ കപ്പം നല്‍കി അടിമകളെപ്പോലെ പൊതുവഴിയിലൂടെ സഞ്ചരിക്കാന്‍ ആത്മാഭിമാനമുള്ള ജനത തയ്യാറല്ലെന്ന സന്ദേശം ശക്തവും വ്യാപകവുമായിക്കൊണ്ടിരിക്കുകയാണ്‌.
രാജ്യത്ത്‌ മികച്ച റോഡുകള്‍ വരുന്നതിനും കൂടുതല്‍ സഞ്ചാര സൗകര്യം ഉണ്ടാകുന്നതിനും വേണ്ടി സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ പുതിയ പാതകള്‍ പണിയുകയും അതില്‍ ചുങ്കം പിരിക്കുകയും ചെയ്യുക എന്ന കേന്ദ്രസര്‍ക്കാരിന്റെ ബി ഒ ടി നയം (ബില്‍ഡ്‌, ഓണ്‍ ആന്റ്‌ ട്രാന്‍സ്ഫര്‍) ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്‌. പൊതുമുതല്‍ കൊള്ളയടിക്കാനുള്ള ആഗോളീകരണ കാലത്തെ കൗശലമാണിത്‌. ഇപ്പോള്‍ തര്‍ക്കത്തിലുള്ള അങ്കമാലി - മണ്ണുത്തി പാതയുടെ നിര്‍മ്മാണത്തിന്റെ ടെണ്ടര്‍ എടുത്ത കമ്പനിയ്ക്ക്‌ ചെലവായത്‌ 60 കോടി രൂപയാണ്‌. 30 വര്‍ഷത്തേയ്ക്കാണ്‌ ഇവര്‍ക്ക്‌ ടോള്‍ പിരിക്കാനുള്ള അനുവാദം കൊടുത്തിട്ടുള്ളത്‌. ഇപ്പോഴത്തെ നിരക്ക്‌ വെച്ച്‌ നോക്കിയാല്‍ 30 വര്‍ഷംകൊണ്ട്‌ ഈ സ്വകാര്യകമ്പനിയ്ക്ക്‌ എഴുപതിനായിരത്തിലധികം കോടി രൂപ ലാഭം കിട്ടും. 42 കിലോമീറ്റര്‍ റോഡ്‌ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു എന്ന പേരിലാണ്‌ പൊതു സമൂഹത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം നിരോധിച്ച്‌ പകല്‍കൊള്ള നടത്താന്‍ ഇവര്‍ക്ക്‌ അനുമതി നല്‍കിയിട്ടുള്ളത്‌.
എന്‍ എച്ച്‌ 47, എന്‍ എച്ച്‌ 17 എന്നിങ്ങനെ 18 ദേശീയപാതകളാണ്‌ നമുക്കുള്ളത്‌. ഈ ദേശീയ പാതകളും സംസ്ഥാന പാതകളും അടക്കം 15,000 കിലോമീറ്റര്‍ റോഡ്‌ ബി ഒ ടി അടിസ്ഥാനത്തില്‍ വികസിപ്പിക്കുമെന്നാണ്‌ നിയമസഭയില്‍ സര്‍ക്കാരിനുവേണ്ടി ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപനം. അതായത്‌ അരൂര്‍ - ഇടപ്പള്ളി പാതപോലെ, മണ്ണുത്തി - അങ്കമാലി പാതപോലെ കേരളത്തിലെ റോഡുകളെല്ലാം ഇനി ചുങ്കം കൊടുത്ത്‌ സഞ്ചരിക്കേണ്ടവയായി മാറുമെന്നര്‍ത്ഥം.
കേരളത്തിലെ റോഡുകള്‍ വികസിപ്പിക്കാന്‍ സര്‍ക്കാരിന്റെ കൈവശം പണമില്ലാത്തതുകൊണ്ട്‌ സ്വകാര്യ കമ്പനികളെ ആശ്രയിക്കുന്നൂവെന്നാണ്‌ വിശദീകരണം. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍,ആതിരേ, പെട്രോളിയം ഉല്‍പന്നങ്ങളുടെ നികുതി, റോഡ്‌ ടാക്സ്‌, വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ചാര്‍ജ്‌, ലൈസന്‍സ്‌ ഫീസ്‌, വിവിധ ഗതാഗതകുറ്റങ്ങളുടെ പിഴ എന്നീ ഇനങ്ങളിലായി 28,000 കോടി രൂപ സര്‍ക്കാരിന്‌ പിരിഞ്ഞ്‌ കിട്ടിയിട്ടുള്ളതാണ്‌. ദേശീയപാതകളുടെ വികസനത്തിന്‌ ഈ പണം ധാരാളം മതിയാകുമായിരുന്നു. അത്‌ വകമാറ്റി ചെലവഴിച്ചശേഷം ദേശീയപാതാവികസനം സ്വകാര്യ കമ്പനികള്‍ക്ക്‌ തീറെഴുതി പൊതുമുതല്‍ സ്വകാര്യ ലാഭത്തിന്‌ ഉപയോഗപ്പെടുത്താനും അതിലൂടെ പൊതു സമൂഹത്തെ കൊള്ളയടിക്കാനും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയാനുമാണ്‌ ബി ഒ ടി ഇടപാടിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌.
ആതിരേ,ഈ ഭീകരതയ്ക്കെതിരായി ഉയരേണ്ട പൗരസമൂഹത്തിന്റെ കൂട്ടായ പ്രതിഷേധത്തിന്റെ തുടക്കമാണ്‌ പാലിയേക്കര. അതുകൊണ്ടുതന്നെ ഈ സമരം വിജയിപ്പിക്കാന്‍ ഓരോ പൗരനും ഉത്തരവാദിത്തമുണ്ട്‌. കാരണം സഞ്ചാര സ്വാതന്ത്ര്യത്തിന്‌ കപ്പം വാങ്ങുന്ന സര്‍ക്കാര്‍ നിലപാടിനെ പിന്‍തുണയ്ക്കാനാണ്‌ കോടതികളുടെ തീരുമാനംപോലും. മട്ടാഞ്ചേരി പാലത്തിലെ നീതി രഹിതമായ ടോള്‍ പിരിവിനെതിരെ കോടതിയെ സമീപിച്ചവരോട്‌ കോടതി പറഞ്ഞത്‌ ടോള്‍ പിരിക്കുന്നത്‌ തെറ്റല്ല. ടോള്‍ കൊടുക്കേണ്ടതുമാണ്‌ എന്നാണ്‌. അതായത്‌ പൗരന്റെ സഞ്ചാരസ്വാതന്ത്ര്യം വിറ്റ്‌ കാശാക്കുന്ന ഭരണകൂടത്തിന്റെ ഭീകരതയ്ക്കാണ്‌ കോടതിയുടെ സംരക്ഷണം.
ഗതാഗത സൗകര്യം ആധുനീക രീതിയില്‍ വര്‍ദ്ധിപ്പിച്ചതുകൊണ്ടാണ്‌ പാലിയേക്കരയില്‍ ടോള്‍പിരിവ്‌ ആരംഭിച്ചതെന്ന്‌ സര്‍ക്കാര്‍ പറയുമ്പോള്‍ വലിയൊരു കള്ളമാണ്‌ തമസ്ക്കരിക്കപ്പെടുന്നത്‌. ഇവിടെ ടോള്‍പിരിവ്‌ ആരംഭിച്ചതിനുശേഷം ഈ 40 കിലോമീറ്ററിനുള്ളില്‍ ഇതിനകം 13 പേര്‍ കൊല്ലപ്പെട്ടുകഴിഞ്ഞു. 27 ക്രോസിങ്ങുകളാണ്‌ ഇത്രയും ദൂരത്തിനിടയിലുള്ളത്‌. ഇവിടെയെങ്ങും സുരക്ഷാ ക്രമീകരണങ്ങളില്ല. വാഹനമോടിക്കുന്നവരും കാല്‍നടക്കാരും അവരവരുടെ സുരക്ഷ നോക്കിക്കൊള്ളണം. അപ്പോള്‍ ഈ പകല്‍ കൊള്ളയ്ക്ക്‌ എന്താണ്‌ യുക്തി.? എന്തിനാണ്‌ അത്‌ അനുവദിക്കുന്നത്‌?
ഇവിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വലിയൊരു കള്ളക്കളികൂടി ശ്രദ്ധിക്കേണ്ടതുണ്ട്‌. 2011 ഡിസംബറില്‍ വിളിച്ച്‌ ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകളെല്ലാം നഗ്നമായി ലംഘിക്കപ്പെട്ടിരിക്കുകയാണ്‌. ടോള്‍ ഇല്ലാതെ സഞ്ചരിക്കാവുന്ന സര്‍വ്വീസ്‌ റോഡ്‌, വഴിവിളക്കുകള്‍, ഡ്രെയിനേജ്‌ സംവിധാനം തുടങ്ങിയ കാര്യങ്ങള്‍ ഒരുക്കിയതിനിശേഷം മാത്രമേ ടോള്‍ പിരിവ്‌ ആരംഭിക്കൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്‌.എന്നാല്‍ വഴിവിളക്കുകളുടെ കാര്യത്തില്‍പ്പോലും ഉറപ്പ്‌ പാലിക്കാതെയുള്ള പകല്‍കൊള്ളയാണ്‌ നടക്കുന്നത്‌. 40 കിലോമീറ്ററിനുള്ളില്‍ ആകെയുള്ളത്‌ 50 വഴിവിളക്കുകള്‍ മാത്രമാണ്‌. ഇടപ്പള്ളി മുതല്‍ അങ്കമാലിവരെയുള്ള 26 കിലോമിറ്ററോളം റോഡ്‌ 20 വര്‍ഷം മുമ്പ്‌ കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മിച്ചതാണ്‌. 40 കിലോമീറ്ററിനൊപ്പം കേന്ദ്രസര്‍ക്കാര്‍ പണിത ഈ റോഡ്കൂടിച്ചേര്‍ത്താണ്‌ ഇപ്പോള്‍ ചുങ്കം പിരിക്കുന്നത്‌. ഇത്തരമൊരനുവാദം സ്വകാര്യ കമ്പനികള്‍ക്ക്‌ നല്‍ക്കുക വഴി പാര്‍ട്ടിക്കും ഭരണമുന്നണിയ്ക്കും എത്ര കോടികിട്ടിയെന്ന ചോദ്യം ഉന്നയിച്ചേ തിരൂ.
കേരളത്തില്‍ പൊതുനിരത്തുകള്‍ രൂപംകൊള്ളിന്നതിന്‌ പിന്നില്‍ പതിറ്റാണ്ടുകളുടെ സമരചരിത്രമുണ്ട്‌. ദളിത്‌ - പിന്നാക്ക അധസ്ഥിത വിഭാഗത്തിന്‌ പൊതു വഴിയിലൂടെ സഞ്ചരിക്കാന്‍ 1893 ല്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സരമത്തോടെയാണ്‌ ആ പൊതുബോധം സൃഷ്ടിക്കപ്പെട്ടത്‌. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ രൂപംകൊണ്ട നവോത്ഥാന പ്രസ്ഥാനങ്ങളും ഇടതുപക്ഷ പുരോഗമന ശക്തികളും ചേര്‍ന്ന്‌ നേടിയെടുത്ത പൗരന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന്‌ മേലാണ്‌ ഇപ്പോള്‍ ചുങ്കം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ഇത്‌ ജനവിരുദ്ധമാണ്‌, ജനാധിപത്യ വിരുദ്ധമാണ്‌; ഭരണഘടന ഉറപ്പ്‌ നല്‍കുന്ന സഞ്ചാര സ്വാതന്ത്ര്യം എന്ന മൗലീകാവകാശത്തിന്റെ ലംഘനമാണ്‌. ഇതിനെതിരെ ഉയര്‍ന്ന ജനകീയ പ്രക്ഷോഭത്തെയാണ്‌ പാലിയേക്കര പ്രതിനിധാനം ചെയ്യുന്നത്‌. റോഡുകള്‍ സമൂഹങ്ങളേയും വ്യക്തികളേയും ബന്ധിപ്പിക്കാനുള്ളതാണ്‌. പക്ഷേ ഇവിടെ അത്‌ വൃക്തികളെ തമ്മിലകറ്റാനും വരേണ്യവര്‍ഗ്ഗത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തിനും സംവരണം ചെയ്യപ്പെടുകയുമാണ്‌. അതുകൊണ്ട്‌ ഈ പ്രവണത മുളയിലേ നുള്ളണം, ചുങ്കപ്പുരകള്‍ പൊളിക്കണം, പകല്‍കൊള്ള അവസാനിപ്പിക്കണം. അതാണ്‌, ആതിരേ, പാലിയേക്കരയുടെ ആഹ്വാനം.

No comments: