Monday, March 26, 2012
ആര്‍മി ചീഫിന് 14 കോടി: ആന്റണിയുടെ കളിമണ്‍ പാദങ്ങള്‍ തകരുന്നു
ആന്റണിയെ മറയാക്കി പാര്‍ട്ടിയിലെ അത്യുന്നതരും മന്ത്രിസഭയിലെ താപ്പാനകളും ദശകോടികള്‍ പോക്കറ്റിലാക്കി എന്ന കാര്യത്തില്‍ ഇനി ആര്‍ക്കും സന്ദേഹത്തിന് അവസരമില്ല. പൊതുസമൂഹത്തേയും മാധ്യമങ്ങളേയും വിഢികളാക്കിക്കൊണ്ട് എ കെ ആന്റണി ഈ അഴിമതിപ്പണ്ടാരങ്ങള്‍ക്കുവേണ്ടി വിടുപണി ചെയ്യുകയായിരുന്നു. പ്രതിരോധ ഇടപാടില്‍ സോണിയയ്ക്കെതിരെ സുബ്രഹ്മണ്യന്‍ സ്വാമി ഉന്നയിച്ച പതിനായിരം കോടിയുടെ അഴിമതി ഇവിടെ കൂട്ടിവായിക്കുക. ഇന്ത്യയിലെ ഏറ്റവും വലിയ കള്ളപ്പണ സമ്പത്തിനുടമയാണ് സോണിയ എന്ന വെളിപ്പെടുത്തലും കൂടെ ഓര്‍മ്മിക്കുക. ഭരണത്തിന് പുറത്തുനിന്നുകൊണ്ട് ആന്റണി അടക്കമുള്ളവരെ നിയന്ത്രിക്കുന്ന സോണിയയെപ്പോലെയുള്ള അധികാര - അഴിമതി വേതാളങ്ങള്‍ക്ക് ശത കോടികള്‍ സമ്പാദിക്കാനും ഇന്ത്യയിലെ നികുതിദായകനെ കൊള്ളയടിക്കാനും ആന്റണി കൂട്ടു നില്‍ക്കുകയായിരുന്നു എന്ന വാസ്തവം ഇപ്പോള്‍ ആന്റണിയ്ക്ക് പോലും നിഷേധിക്കാന്‍ കഴിയുകയില്ല. ആദര്‍ശത്തിന്റെ സുതാര്യതയും അഴിമതിരഹിത നിലപാടുകളുടെ ശുഭ്രതയും വിടുപണിയെന്ന കളിമണ്‍പാദങ്ങള്‍ മറയ്ക്കാനുള്ള ഉപായമായിരുന്നു എന്നും അറിയുക.... വെറുതെ ഞെട്ടാതിരിക്കുക. കാരണം ആന്റണിയും കോണ്‍ഗ്രസുകാരനാണ്;വര്‍ത്തമാനകാല ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഭാഗമാണ്.
ആതിരേ,ധരിക്കുന്ന ഖദറിന്റെ ശുഭ്രതയും സുതാര്യതയും പൊതുജീവിതത്തില്‍ അവകാശപ്പെടാന്‍ ഇന്ത്യയില്‍ ഒരു കോണ്‍ഗ്രസ് നേതാവേയുള്ളൂ എന്നാണ് മാധ്യമങ്ങളുടെ സംഘഗാനം - അത് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിയല്ലാതെ മറ്റാരുമല്ലത്രേ.
അഴിമതിരഹിതമായ ഇച്ഛാശക്തിയുടേയും കളങ്കലേശമില്ലാത്ത പൊതുജീവിതത്തിന്റേയും ഉടമയാണ് ആന്റണിയെന്ന് രാഷ്ട്രീയ എതിരാളികളും സമ്മതിക്കുന്നു. അഴിമതിയുമായും അനീതികളുമായും ഒരിക്കലും അനുരഞ്ജനത്തിന് തയ്യാറല്ലാത്ത കോണ്‍ഗ്രസുകാരനാണ് ആന്റണിയെന്ന് അദ്ദേഹത്തിന്റെ ഭൂതകാല നിലപാടുകളുടെ അടിസ്ഥാനത്തില്‍ വാഴ്ത്തിപ്പാടുന്നത് അനുയായികള്‍ മാത്രമല്ല ദേശീയ മാധ്യമങ്ങളുമാണ്. ലോകമെമ്പാടുമുള്ള മലയാളികളുടെ സംശുദ്ധ രാഷ്ട്രീയ സങ്കല്‍പങ്ങളുടെ നിറവാര്‍ന്ന പൊതു പ്രവര്‍ത്തകനാണ് ആന്റണിയെന്നും വ്യാഖ്യാനങ്ങളുണ്ട്.
ഇന്ദിരാഗാന്ധി ചിക്കമഗലൂരില്‍നിന്ന് ലോക സഭയിലേയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ കേരള മുഖ്യമന്ത്രി പദവും കേന്ദ്ര വാണിജ്യമന്ത്രിയായിരിക്കെ പപഞ്ചസാര കുംഭകോണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ ആ സ്ഥാനവും 'പുല്ലുപോലെ വലിച്ചെറിഞ്ഞ് തന്റെ സങ്കല്‍പ്പ സുരഭിലമായ ആദര്‍ശ രാഷ്ട്രീയ നിലപാട് കാത്തുസൂക്ഷിച്ച വ്യക്തിയാണ് എ കെ ആന്റണി'. കേരളത്തില്‍ കരുണാകരന്‍ ജീവിച്ചിരുന്നപ്പോള്‍ പാര്‍ട്ടിയിലും ഭരണത്തിലും മേല്‍കൈ നേടാന്‍ നടത്തിയ ഗ്രൂപ്പ് രാഷ്ട്രീയം ഒഴിവാക്കിയാല്‍ വര്‍ത്തമാനകാല കോണ്‍ഗ്രസ് നേതാക്കന്മാരില്‍ ആദര്‍ശശുദ്ധിയും ഇച്ഛാശക്തിയും അഴിമതിയോട് സന്ധിയില്ലാത്ത നിലപാടുകളും സ്വീകരിക്കുന്ന നേതാവ് ആന്റണിയാണെന്ന് പറയണം.
അതുകൊണ്ടാണ് ആന്റണി കേന്ദ്രത്തില്‍ പ്രതിരോധ മന്ത്രിയായപ്പോള്‍, ആതിരേ, മലയാളികള്‍ ഒന്നടങ്കം ആനന്ദിച്ചത്. ലോകത്ത് ഏറ്റവുമധികം അഴിമതിയും സാമ്പത്തിക ക്രമക്കേടുകളും നടക്കുന്നത് ആയുധ വില്‍പനയിലാണ്. ആന്‍ണിയ്ക്ക് മുമ്പ് പ്രതിരോധമന്ത്രിയായ എല്ലാവരുംതന്നെ - വി കെ കൃഷ്ണമേനോന്‍ ഒഴിച്ച്- ആയുധ ഇടപാടിലെ കമ്മീഷന്‍ പറ്റിയിട്ടുള്ള രാജ്യദ്രോഹികളാണ്. ആന്റണി ചാര്‍ജെടുത്തതോടെ പ്രതിരോധ മന്ത്രാലയത്തിലെ അഴിമിതിയിടപാടുകള്‍ക്ക് അറുതിവന്നു എന്നായിരുന്നു പൊതുവെയുള്ള വിശ്വാസം. ഇതില്‍ അല്‍പം സത്യം ഇല്ലാതെയുമില്ല. തങ്ങളുടെ കമ്മീഷന്‍ പ്രലോഭനങ്ങളില്‍ വീഴാതിരുന്ന ആന്റണിയ്ക്കെതിരെ ആഗോള ആയുധവ്യാപാര കുത്തകകള്‍ എതിര്‍ നിക്കം നടത്തിയിരുന്നുവെന്നതും വാസ്തവമാണ്. ഇങ്ങനെ കോണ്‍ഗ്രസുകാര്‍ക്കും മലയാളികള്‍ക്കും ഒരുപോലെ അഭിമാനത്തിന്റെ ആള്‍രൂപമായി വാഴ്ത്തപ്പെട്ട ആന്റണിയുടെ പാദങ്ങള്‍ കളിമണ്‍ നിര്‍മ്മിതമായിരുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്നലെ ഇന്ത്യന്‍ കരസേന മേധാവി വി കെ സിംഗ് 'ദ് ഹിന്ദു ' പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയ, അക്ഷരാര്‍ത്ഥത്തില്‍തന്നെ ഞെട്ടിക്കുന്ന ചില വാസ്തവങ്ങളാണ് ഈ നിലയ്ക്ക് പൊതുസമൂഹത്തേയും ആന്റണിയുടെ കടുത്ത ആരാധകരെയും ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുള്ളത്.
ആതിരേ,സൈന്യത്തിന് ഗുണനിലവാരം കുറഞ്ഞ വാഹനങ്ങള്‍ വാങ്ങുനന്നതിന് അനുമിതി നല്‍കുന്നതിനായി 14 കോടി രൂപ തനിക്ക് വാഗ്ദാനം ചെയ്തു എന്നാണ് വി കെ സിംഗ് വെളിപ്പെടുത്തിയത്. ഇതിനുമുമ്പ് ഇത്തരം നിലവാരം കുറഞ്ഞ 7000 വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ടെന്നും അവ സൈന്യത്തില്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നും ഇതൊന്നും ആരും ചോദ്യംചെയ്തിട്ടില്ലെന്നും സിംഗ് വെളിപ്പെടുത്തി. ഇന്ത്യന്‍ സേനയിലെ എല്ലാ ഇടപാടുകളും വമ്പന്‍ അഴിമതിയുടെ കൂത്തരങ്ങാണെന്നും തനിക്ക് മുന്‍പുണ്ടായിരുന്നവര്‍ ഇതിന്റെ ഭാഗമാണെന്നും സിംഗ് വെളിപ്പെടുത്തി.
ലോക രാഷ്ട്രങ്ങളില്‍ സൈനീക ഇടപാടുകളില്‍ നടക്കുന്ന സാമ്പത്തിക അഴിമതികളെക്കുറിച്ച് ബോധ്യമുള്ളവര്‍ക്കൊന്നും ഈ വെളിപ്പെടുത്തല്‍ ഞെട്ടല്‍ ഉളവാക്കുകയില്ല. എന്നാല്‍ തനിക്ക് 14 കോടി രൂപ വാഗ്ദാനം ചെയ്ത വിവിരം പ്രതിരോധമന്ത്രി എ കെ ആന്റണിയെ അറിയിച്ചിട്ട് അദ്ദേഹം നടപടിയെടുത്തില്ലെന്ന് മാത്രമല്ല ഇക്കാര്യം അറിഞ്ഞതായി ഭാവിച്ചില്ല എന്ന സിംഗിന്റെ വെളിപ്പെടുത്തലാണ് വിവാദമാകുന്നതും ആന്റണിയുടെ ശുഭ്ര സുതാര്യ രാഷ്ട്രീയ ജീവിതത്തില്‍ കളങ്കം വീഴ്ത്തുന്നതും.
പ്രതിരോധ ബഡ്ജറ്റില്‍ ചാരപ്രവര്‍ത്തനം അടക്കമുള്ള തന്ത്രപ്രധാനമായ പല കാര്യങ്ങള്‍ ഉള്ളതുകൊണ്ട് കമ്പ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെപോലും ഇടപെടല്‍ സൈനീക വ്യയത്തില്‍ ഉണ്ടാകുകയില്ല എന്നുറപ്പുള്ളതുകൊണ്ടാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ഇടപാടുകളില്‍ കോടികളുടെ അഴിമതി നടക്കുന്നത്.
എന്നാല്‍ ആന്റണി പ്രതിരോധമന്ത്രിയായതോടെ ഈ അലമ്പ് പരിപാടികള്‍ക്ക് അറുതിവന്നുവെന്നും പ്രതിരോധ ഇടപാടുകള്‍ തീര്‍ത്തും സുതാര്യമായെന്നും വിശ്വസിച്ചവരെ വിഢ്ഢികളാക്കുന്നതാണ് വി കെ സിംഗിന്റെ വെളിപ്പെടുത്തല്‍. വ്യക്തിപരമായി ആന്റണി അഴിമതി കാണിക്കുമെന്ന് ഒരാളും വിശ്വസിക്കുകയില്ല. എന്നാല്‍ പ്രതിരോധ ഇടപാടിലെ അഴിമതിയുടെ ഗുണഭോക്താക്കളായ പാര്‍ട്ടിയിലേയും മന്ത്രിസഭയിലേയും ഉന്നതരെ സംരക്ഷിക്കാന്‍ ആന്റണി തന്ത്രപൂര്‍വ്വമായ മൗനം പാലിച്ചുവെന്നാണ് സിംഗിന്റെ വെളിപ്പെടുത്തലുകളില്‍ നിന്നും നാം വായിച്ചെടുക്കേണ്ടത്. ബോഫോഴ്സ് തോക്കിടപാടുമുതല്‍ ജാവന്മാര്‍ക്കുവേണ്ടി വാങ്ങിയ ശവപ്പെട്ടികളില്‍ വരെ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഇതിന്റെ ഗുണഭോക്താക്കള്‍ ആരൊക്കെയാണെന്നും ഇന്ത്യയിലെ പൊതുസമൂഹത്തിനറിയാം. ആ കളങ്കിതരില്‍ നിന്ന് എല്ലാ അര്‍ത്ഥത്തിലും മാന്യവും രാഷ്ട്രീയവിശുദ്ധവുമായ നിലപാടുകളിലൂടെ പ്രതിരോധ ഇടപാടുകള്‍ ആന്റണി കൈകാര്യം ചെയ്തിരുന്നു എന്ന ധാരണയ്ക്കാണ് , ആതിരേ, വി.കെ.സിംഗ് എന്ന കുഴിബോംബ് പൊട്ടി ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്.
സിംഗിന്റെ വെളിപ്പെടുത്തല്‍ വിവാദമായതോടെ ധൃതിപിടിച്ച് ആന്റണി സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സിംഗിന്റെ ആരോപണം ഗുരുതരമാണെന്നും സി ബി ഐ അന്വേഷിക്കുമെന്നുമാണ് ആന്റണി പ്രഖ്യാപിച്ചത്. എന്നാല്‍ സൈന്യത്തിന്റെ ഒരിടപാടും അന്വേഷിച്ച് കണ്ടെത്താന്‍ ഇന്ത്യയില്‍ സംവിധാനങ്ങള്‍ ഒന്നുമില്ല എന്നുള്ളതുകൊണ്ട് ഈ അന്വേഷണത്തിന്റെ ഫലശ്രുതി ഇപ്പോഴേ ഊഹിക്കാവുന്നതേയുള്ളൂ.എന്നു മാത്രമല്ല,വി.കെ. സിംഗ് കോഴയുടെ കാര്യം സൂചിപ്പിച്ചപ്പോള്‍ മൗനം പാലിച്ച ആന്റണി ഇപ്പോള്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിലും ഒരു കബളിപ്പിക്കലുണ്ട്. കരസേന മേധാവി ഈ വിവരം വെളിപ്പെടുത്തുമ്പോള്‍ അതൊരു അരമന രഹസ്യമായിരുന്നു.അതു കൊണ്ട് ആന്റണി കണ്ണടച്ചു.ഇപ്പോള്‍ വിഷയം പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ വന്നപ്പോള്‍,മുഖം രക്ഷിക്കാന്‍ മറ്റു മാര്‍ഗമില്ലാത്തത് കൊണ്ടാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്ന്ത്.ഈ നടപടിയാണ് യഥാര്‍ത്ഥത്തില്‍ ആന്റണിയിലെ വ്യാജനെ വെളിച്ചത്ത് കൊണ്ടുവന്നത്.
ആതിരേ,ആന്റണിയെ മറയാക്കി പാര്‍ട്ടിയിലെ അത്യുന്നതരും മന്ത്രിസഭയിലെ താപ്പാനകളും ദശകോടികള്‍ പോക്കറ്റിലാക്കി എന്ന കാര്യത്തില്‍ ഇനി ആര്‍ക്കും സന്ദേഹത്തിന് അവസരമില്ല. പൊതുസമൂഹത്തേയും മാധ്യമങ്ങളേയും വിഢികളാക്കിക്കൊണ്ട് എ കെ ആന്റണി ഈ അഴിമതിപ്പണ്ടാരങ്ങള്‍ക്കുവേണ്ടി വിടുപണി ചെയ്യുകയായിരുന്നു. പ്രതിരോധ ഇടപാടില്‍ സോണിയയ്ക്കെതിരെ സുബ്രഹ്മണ്യന്‍ സ്വാമി ഉന്നയിച്ച പതിനായിരം കോടിയുടെ അഴിമതി ഇവിടെ കൂട്ടിവായിക്കുക. ഇന്ത്യയിലെ ഏറ്റവും വലിയ കള്ളപ്പണ സമ്പത്തിനുടമയാണ് സോണിയ എന്ന വെളിപ്പെടുത്തലും കൂടെ ഓര്‍മ്മിക്കുക. ഭരണത്തിന് പുറത്തുനിന്നുകൊണ്ട് ആന്റണി അടക്കമുള്ളവരെ നിയന്ത്രിക്കുന്ന സോണിയയെപ്പോലെയുള്ള അധികാര - അഴിമതി വേതാളങ്ങള്‍ക്ക് ശത കോടികള്‍ സമ്പാദിക്കാനും ഇന്ത്യയിലെ നികുതിദായകനെ കൊള്ളയടിക്കാനും ആന്റണി കൂട്ടു നില്‍ക്കുകയായിരുന്നു എന്ന വാസ്തവം ഇപ്പോള്‍ ആന്റണിയ്ക്ക് പോലും നിഷേധിക്കാന്‍ കഴിയുകയില്ല. ആദര്‍ശത്തിന്റെ സുതാര്യതയും അഴിമതിരഹിത നിലപാടുകളുടെ ശുഭ്രതയും വിടുപണിയെന്ന കളിമണ്‍പാദങ്ങള്‍ മറയ്ക്കാനുള്ള ഉപായമായിരുന്നു എന്നും അറിയുക....ആതിരേ, വെറുതെ ഞെട്ടാതിരിക്കുക. കാരണം ആന്റണിയും കോണ്‍ഗ്രസുകാരനാണ്;വര്‍ത്തമാനകാല ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഭാഗമാണ്
Subscribe to:
Post Comments (Atom)
No comments:
Post a Comment