Thursday, March 22, 2012

ഓര്‍മ്മയായത്‌ ആര്‍ദ്രതയും കമ്മ്യൂണിസ്റ്റ്‌ നന്മകളും



കമ്മ്യൂണിസ്റ്റായി ജനിച്ച്‌ കമ്മ്യൂണിസ്റ്റായി ജീവിച്ച കമ്മ്യൂണിസ്റ്റായി മരിച്ച അനന്തമായ നന്മകളുടേയും രാഷ്ട്രിയ ആര്‍ജവത്തത്തിന്റേയും പ്രത്യയശാസ്ത്ര സ്ഥൈര്യത്തിന്റേയും പര്യായമായിരുന്നു, സഖാവ്‌ സി കെ. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ കേരളം സംഭാവന ചെയ്ത സമാനതകളില്ലാത്ത സത്യസന്ധതയുടേയും ലാളിത്യത്തിന്റേയും സൗമനസ്യത്തിന്റേയും നന്മകള്‍ മാത്രമായിരുന്നു സഖാവ്‌ സി.കെ. തനിക്ക്‌ ശരിയെന്ന്‌ തോന്നുന്ന അഭിപ്രായങ്ങള്‍ തുറന്ന്‌ പറയുന്നതില്‍ ആരെയും ഭയക്കാതിരുന്ന നേരിന്റെ രാഷ്ട്രീയ നിലപാടുകള്‍ മാത്രമേ സി കെക്ക്‌ ഉണ്ടായിരുന്നുള്ളൂ.പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഭാഗമാകാന്‍ പ്രത്യയശാസ്ത്രനിലപാടുകളിലും ആശയ മേഖലയിലും അനുരഞ്ജനത്തിന്റെ പാത പലരും സ്വീകരിച്ചപ്പോഴും ഏകനായി താന്‍ തിരഞ്ഞെടുത്ത പോരാട്ട മാര്‍ഗത്തിലൂടെ നെഞ്ച്‌ വിരിച്ച്‌ നടന്ന കമ്മ്യൂണിസ്റ്റ്‌ സത്യസന്ധതയായിരുന്നു ഓര്‍മ്മയായിരിക്കുന്നത്‌

അതിരേ,വയലാറിന്റെ പോരാട്ട ഭൂമിയില്‍ ജനിച്ചുവളര്‍ത്തപ്പെട്ട്‌ പോര്‍ച്ചുഗീസ്‌ അധിനിവേശത്തിനെതിരെ പോരാടി ഉറച്ച്‌ ആര്‍ജ്ജവത്തിന്റേയും ആര്‍ദ്രതയുടേയും ആള്‍രൂപമായി ജീവിച്ച്‌, സമകാലിക കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും കൊതിപ്പിക്കുന്ന മാതൃകയായി സഖാവ്‌ സി കെ ചന്ദ്രപ്പന്‍ നടന്നുമറഞ്ഞു.
കമ്മ്യൂണിസ്റ്റായി ജനിച്ച്‌ കമ്മ്യൂണിസ്റ്റായി ജീവിച്ച കമ്മ്യൂണിസ്റ്റായി മരിച്ച അനന്തമായ നന്മകളുടേയും രാഷ്ട്രിയ ആര്‍ജവത്തത്തിന്റേയും പ്രത്യയശാസ്ത്ര സ്ഥൈര്യത്തിന്റേയും പര്യായമായിരുന്നു, ആതിരേ സഖാവ്‌ സി കെ.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ കേരളം സംഭാവന ചെയ്ത സമാനതകളില്ലാത്ത സത്യസന്ധതയുടേയും ലാളിത്യത്തിന്റേയും സൗമനസ്യത്തിന്റേയും നന്മകള്‍ മാത്രമായിരുന്നു സഖാവ്‌ സി.കെ.
പക്വമായ പ്രത്യശാസ്ത്ര നിലപാടുകളില്‍ ഉറച്ച്‌ നിന്ന്‌ ദേശീയ-പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങളെ അഭിസംബോധനചെയ്ത്‌ ഒരു കമ്മ്യൂണിസ്റ്റിന്‌ മാത്രം ചേരുന്ന ആശയപരവും പ്രായോഗികവുമായ തലത്തില്‍ വ്യവഹരിച്ച്‌ സമകാലിക കമ്മ്യൂണിസ്റ്റ്‌ പ്രവര്‍ത്തകര്‍ക്കെല്ലാം സുസമ്മതനും സ്വീകാര്യനുമായിത്തീര്‍ന്ന അപൂര്‍വ്വ വ്യക്തിത്വമായിരുന്നു സഖാവ്‌ സി കീയുടേത്‌. സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ അഭിപ്രായങ്ങളും നിലപാടുകളും തിരുത്തി അധികാരത്തിന്റെ ഭാഗമായി മാറാന്‍ വെമ്പല്‍കൊണ്ടിരുന്ന ഇടതു വലത്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ നേതാക്കന്മാരില്‍ നിന്നെല്ലാം വേറിട്ട്‌ വര്‍ഗ്ഗ രാഷ്ട്രീയ താത്പര്യം മാത്രം ആഗ്രഹിക്കുകയും അത്‌ പ്രവൃത്തിയായി വിവര്‍ത്തനം ചെയ്യുകയും ചെയ്ത അപൂര്‍വ്വമായൊരു സമര്‍പ്പണം കൂടിയായിരുന്നു സഖാവ്‌ സി കീയുടെ പൊതുപ്രവര്‍ത്തനം.
ആതിരേ,തനിക്ക്‌ ശരിയെന്ന്‌ തോന്നുന്ന അഭിപ്രായങ്ങള്‍ തുറന്ന്‌ പറയുന്നതില്‍ ആരെയും ഭയക്കാതിരുന്ന നേരിന്റെ രാഷ്ട്രീയ നിലപാടുകള്‍ മാത്രമേ സി കെക്ക്‌ ഉണ്ടായിരുന്നുള്ളൂ. പരമ്പരാഗത കമ്മ്യൂണിസ്റ്റ്‌ കുടുംബത്തില്‍ ജനിച്ച്‌ പ്രത്യയശാസ്ത്രപരമായി സ്ഫുടംചെയ്തെടുത്ത വീക്ഷണത്തോടെ പൊതുപ്രവര്‍ത്തന മേഖലയിലേയ്ക്ക്‌ കടന്നുവന്നതുകൊണ്ടാണ്‌ വേറിട്ട ഈ ആര്‍ജവം മരണംവരെ കാത്തുസൂക്ഷിക്കാന്‍ സഖാവ്‌ സി കെക്ക്‌ കഴിഞ്ഞത്‌. വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ സംഘടനാപ്രവര്‍ത്തനത്തിന്റെ വിവിധതലങ്ങള്‍ താണ്ടി ദേശീയ രാഷ്ട്രീയത്തില്‍ തന്റേതുമാത്രമായ സ്ഥാനം അടയാളപ്പെടുത്തിയപ്പോഴും പാര്‍ലമെന്ററി ജനാധിപത്യ ഭരണപ്രക്രിയയുടെ ഭാഗമായി മൂന്ന്‌ വട്ടം പാര്‍ലമെന്റിലേയ്ക്കും ഒരുതവണ സംസ്ഥാന നിയമസഭയിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടപ്പോഴും മാര്‍ക്സിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍നിന്ന്‌ വ്യതിചലിക്കാതെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നിലപാട്‌ തറകളില്‍ നിന്ന്‌ വഴുതിമാറാതെയും അവസാന ശ്വാസംവരെ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റായി പ്രവര്‍ത്തി മണ്ഡലത്തിലും സാമൂഹിക ജീവിതത്തിലും വ്യക്തിബന്ധങ്ങളിലും നിറഞ്ഞ്‌ നില്‍ക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നു.
പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കിയ ആശയപരമായ വൈരുദ്ധ്യമേഖലകളില്‍ വ്യാപരിക്കുമ്പോഴും സൗമനസ്യത്തിന്റെ സുസ്മിതം എന്നും സൂക്ഷിക്കാന്‍ സഖാവിന്‌ കഴിഞ്ഞിരുന്നു. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുമായി ആശയതലത്തിലും പ്രായോഗികതലത്തിലും കൊമ്പുകോര്‍ക്കേണ്ടി വന്നപ്പോഴെല്ലാം ഒരു കമ്മ്യൂണിസ്റ്റ്കാരന്‍ അനുവര്‍ത്തിക്കേണ്ട മാന്യതയും പെരുമാറ്റത്തിലെ അന്തസും അദ്ദേഹം കൈവിട്ടില്ല.. ഡാങ്കേയിസ്റ്റ്‌ എന്നും കോണ്‍ഗ്രസ്‌ അനുഭാവിയെന്നും അദ്ദേഹത്തെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അധിക്ഷേപിച്ചപ്പോള്‍ പോലും ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളുടെ നിര്‍ബന്ധങ്ങള്‍ ഉള്‍ക്കൊണ്ട്‌ ജനാധിപത്യ മൂല്യങ്ങളും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കാന്‍ സഖാവ്‌ സി കെക്ക്‌ കഴിഞ്ഞിരുന്നു. സംഘടനാ തലത്തിലും പ്രായോഗിക മേഖലയിലും സി കീയെ കവച്ചുവെയ്ക്കുന്ന കമ്മ്യൂണിസ്റ്റ്‌ സാന്നിദ്ധ്യങ്ങള്‍ നിരവധിയുണ്ടായിരുന്നു. എന്നാല്‍ അവര്‍ക്കാര്‍ക്കും ഇല്ലാതിരുന്ന പെരുമാറ്റത്തിലെ സൗമ്യതയും ആശയദൃഢതയും സഖാവിന്‌ മാത്രം അവകാശപ്പെട്ടതാണ്‌.
പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഭാഗമാകാന്‍ പ്രത്യയശാസ്ത്രനിലപാടുകളിലും ആശയ മേഖലയിലും അനുരഞ്ജനത്തിന്റെ പാത പലരും സ്വീകരിച്ചപ്പോഴും ഏകനായി താന്‍ തിരഞ്ഞെടുത്ത പോരാട്ട മാര്‍ഗത്തിലൂടെ നെഞ്ച്‌ വിരിച്ച്‌ നടന്ന കമ്മ്യൂണിസ്റ്റ്‌ സത്യസന്ധതയായിരുന്നു ഓര്‍മ്മയായിരിക്കുന്നത്‌. പാര്‍ലമെന്റില്‍ ഏറ്റവുമധികം സ്വകാര്യബില്ലുകള്‍ അവതരിപ്പിച്ച അംഗം സി കെ ചന്ദ്രപ്പനാണ്‌. പാര്‍ലമെന്റിലെ വെള്ളിയാഴ്ചകളില്‍ സി കെക്കുവേണ്ടി സംവരണം ചെയ്തതാണോ എന്ന്‌ സംശയിക്കവുന്ന തരത്തില്‍ ജനങ്ങളുടെ വിവിധങ്ങളായ പ്രശ്നങ്ങള്‍ സ്വകാര്യ ബില്ലുകളിലൂടെ ഭരണവര്‍ഗത്തിന്റെ ശ്രദ്ധയില്‍കൊണ്ടുവരാനും അവയ്ക്ക്‌ പൗരന്‍ അര്‍ഹിക്കുന്നതും ആഗ്രഹിക്കുന്നതുമായ പരിഹാരങ്ങള്‍ കണ്ടെത്താനും സി കീയോളം അത്യധ്വാനം ചെതയ്ത ഒരാള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ നിന്നും പാര്‍ലമെന്റില്‍ എത്തിയിട്ടില്ല. ഇന്നിയൊട്ടു ഉണ്ടാകുകയുമില്ല. ഉച്ചവിശപ്പിനെ ചായയിലൊതുക്കി പാര്‍ലമെന്റ്‌ ലൈബ്രറിയില്‍ മണിക്കൂറുകള്‍ ചിലവിട്ടിരുന്ന സികെയെയാണ്‌ അദ്ദേഹത്തോടൊപ്പം ലോകസഭയില്‍ ഉണ്ടായിരുന്നവര്‍ക്ക്‌ പരിചയമുള്ളത്‌. ദേശീയ തലത്തിലായിരുന്നു സഖാവ്‌ സി കീയുടെ പ്രവര്‍ത്തനങ്ങള്‍ അധികവും. അപ്രതീക്ഷിതമായിട്ടാണ്‌ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള അവസരം അദ്ദേഹത്തിന്‌ ലഭിച്ചത്‌. അനാരോഗ്യംമൂലം വെളിയം ഭാര്‍ഗവന്‍ സ്ഥാനമൊഴിഞ്ഞപ്പോഴാണ്‌ വേറിട്ടൊരു നിയോഗവും വ്യതസ്ഥമായ ദൗത്യവുമായി സഖാവ്‌ സി കെ കേരളത്തിലെത്തുന്നത്‌.
അതുവരെ നിര്‍ജീവാവസ്ഥയിലായിരുന്ന സി പി ഐയ്ക്ക്‌ പുതുജീവന്‍ ലഭിച്ചതിന്‌ കേരളം സാക്ഷി. ആളില്ലാപാര്‍ട്ടിയെന്ന്‌ മാര്‍ക്സിസ്റ്റുകാര്‍ അപലപിച്ചിരുന്ന സി പി ഐയുടെ അടിത്തറ ശക്തിപ്പെടുത്താനും അണികളെ പൊതുരംഗത്ത്‌ അണിനിരത്താനും സൗമ്യനായ ഈ നേതാവിന്‌ കഴിഞ്ഞതിന്റെ തെളിവായിരുന്നു കൊല്ലത്ത്‌ നടന്ന സംസ്ഥാന പാര്‍ട്ടി സമ്മേളനത്തിലെ പങ്കാളിത്തം.
കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ ഐക്യം സ്വപ്നം കണ്ടപ്പോഴും അനീതിയ്ക്കും അഴിമതിയ്ക്കുമെതിരെ സന്ധിയില്ലാത്ത നിലപാടാണ്‌, ആതിരേ, അദ്ദേഹം സ്വീകരിച്ചത്‌. ലാവ്ലിന്‍ കേസിന്റെ കാര്യത്തിലും ക്രിസ്തുവിന്റെ വിപ്ലവവും മാര്‍ക്സിന്റെ വിപ്ലവവും സംബന്ധിച്ച വിഷയത്തിലുമെല്ലാം മാര്‍ക്സിസ്റ്റ്പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തോട്‌ ഏറ്റുമുട്ടാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞത്‌ അതുവരെയുള്ള പൊതുജീവിതത്തിലെ കറപുരളാത്ത നിലപാടുകള്‍ കൊണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ സി പി എമ്മുമായി ഈവന്റ്‌ മാനേജ്മെന്റ്‌ പ്രശ്നത്തില്‍ ഏറ്റുമുട്ടിയപ്പോഴും മാന്യവും സൗമ്യവുമായ വാക്കുകളിലൂടെ തന്റേയും പാര്‍ട്ടിയുടേയും നിലപാട്‌ വ്യക്തമാക്കി സഖാവ്‌ സി കെ വ്യക്തിത്വം സൂക്ഷിച്ചു. മറുപുറത്ത്‌ നടന്ന കൊലവെറികളും തെറിവിളികളും സമീപ ഭൂതകാല സംഭവങ്ങളായതുകൊണ്ട്‌ ഇവിടെ പരാമര്‍ശിക്കുന്നില്ല.
അങ്ങനെ തുടക്കംമുതല്‍ ഒടുക്കംവരെ മാന്യതയും മനുഷ്യസ്നേഹവും ആര്‍ദ്രതയാര്‍ന്ന ഉള്‍ക്കാഴ്ചയും പ്രത്യശാസ്ത്ര സത്യസന്ധതയും ആശയ ദൃഢതയും കാത്തുസൂക്ഷിച്ച്‌ മാന്യനായ കമ്മ്യൂണിസ്റ്റായി കാലത്തിനപ്പുറത്തേയ്ക്ക്‌ മറഞ്ഞ സഖാവ്‌ സി കീയുടെ ത്യാഗോജ്ജ്വലവും ധീരോദത്തവുമായ സ്മരണകള്‍ക്ക്‌ മുമ്പില്‍, ആതിരേ, ഞാനും നമ്രശിരസ്ക്കനാകുന്നു.

No comments: